ആരാധികേ: ഭാഗം 43

രചന: അഭിരാമി ആമി
" സോജയുടെ അച്ഛൻ വിളിച്ചിരുന്നു. ഒന്ന് തിരിച്ചു വിളിച്ചേക്ക്. " ബാൽക്കണിയിലെ കസേരയിൽ പിന്നിലേക്ക് ചാരി കണ്ണുകൾ പൂട്ടി കിടക്കുകയായിരുന്ന ദേവിന്റെ അരികിലേക്ക് ചെന്ന് ഫോൺ നീട്ടിപ്പിടിച്ചുകൊണ്ട് ഉറച്ച സ്വരത്തിൽ വൈദേഹി പറഞ്ഞു. സോജയുടെ പേര് കേട്ടതും അവൻ പെട്ടന്ന് ഞെട്ടിയുണർന്ന് അവളുടെ മുഖത്തേക്ക് നോക്കി. എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചിട്ടും വാശിയോടവൾ തുടച്ച് മാറ്റിയ കണ്ണീർ പാട ആ കവിൾത്തടങ്ങളിൽ അള്ളിപ്പിടിച്ചിരുന്നു. കണ്ണുകൾ അനുസരണയില്ലാതെ പെയ്യാൻ വെമ്പൽ പൂണ്ട് നിൽക്കുന്നു. അധരങ്ങൾ ചെറുതായ് വിറയ്ക്കുന്നുണ്ട്.... കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ച് അവൻ ഫോൺ വാങ്ങിയതും വൈദേഹി തിരികെ നടന്നു. വാതിൽ കടക്കും മുൻപ് ആ പെണ്ണിന്റെ നിറഞ്ഞ മിഴികൾ ഒരിക്കൽ കൂടി തന്നേത്തേടി വന്നത് ധൃതിയിൽ ഫോണിൽ പരതുന്നതിനിടയ്ക്ക് ദേവ് കണ്ടില്ല. കുറച്ചു സമയം കഴിഞ്ഞതും നിഷയ്ക്കൊപ്പം ഹാളിൽ ഇരിക്കുമ്പോൾ അവൻ വേഷം മാറ്റി വെപ്രാളത്തിൽ പുറത്തേക്ക് പോകാനായി വരുന്നത് കണ്ട് നിഷ എന്തൊക്കെയോ ചോദിച്ചുവെങ്കിലും പതിവ് മൗനം മാത്രമായിരുന്നു അവനിൽ നിന്നുമുണ്ടായ പ്രതികരണം.
" എങ്ങോട്ടാ മോളെ അവനിത്ര വെപ്രാളപ്പെട്ട്.....???? " അതൊന്നും ശ്രദ്ധിക്കാതെ ഒന്ന് നെഞ്ച് പൊട്ടിക്കരയാനുള്ള വെമ്പലിൽ മുകളിലേക്ക് പോകാൻ തുടങ്ങുമ്പോഴായിരുന്നു നിഷയുടെ ചോദ്യം. തിരിഞ്ഞ് നിൽക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. " അത്...... സോജയുടെ അച്ഛൻ വിളിച്ചിരുന്നു. സോജ ഹോസ്പിറ്റലിലാണെന്ന് പറയാൻ.... അവൾ..... അവൾ പ്രെഗ്നന്റാണ്..... " അത്രയുമേ പറഞ്ഞുള്ളു. പിന്നീടവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല. ഒന്നുകിൽ പൊട്ടിക്കരഞ്ഞു പോകും..... അല്ലെങ്കിൽ തന്റെ വിധിക്ക് കാരണമായവരെ നെഞ്ച് പൊട്ടി ശപിച്ചു പോകും. ആ ശാപം ചിലപ്പോൾ ഫലിച്ചുപോയാലോ.....അത് വേണ്ടെന്ന് കരുതി ധൃതിയിൽ മുറിയിലേക്ക് നടന്നു. ഉള്ളിലേക്ക് കയറി വാതിലടച്ചതും ഒരു പെരുമഴ പെയ്ത്ത് പോലെ അവളലറി കരഞ്ഞു. ദേവിന്റെ കാർ ആ പഴയ വീടിന്റെ മുറ്റത്തേക്ക് ചെന്ന് നിൽക്കുമ്പോഴേ കണ്ടു ഉമ്മറത്ത് പഴന്തുണിക്കെട്ട് പോലെ സർവ്വവും നശിച്ചത് പോലെ തളർന്നിരിക്കുന്ന രണ്ട് മനുഷ്യജന്മങ്ങളെ. " അച്ഛാ..... "
" ഛീ ആരാടാ നിന്റച്ഛൻ...... വിളിച്ചു പോകരുതങ്ങനെ. ഈ പടി പോലും നീ ചവിട്ടുകയൂമരുത്..... " പാഞ്ഞുവന്നവനെ ഒതുക്കിൽ നിന്നും മുറ്റത്തേക്ക് തള്ളിയിട്ടുകൊണ്ട് വെങ്കിടി അലറി. മുറ്റത്തെ പൂഴിയിലേക്ക് മലർന്ന് വീണ ദേവ് ഒരക്ഷരം പോലും പറയാതെ അവിടെ നിന്നും എണീറ്റ് ദേഹത്തെ മണ്ണ് തട്ടി കളഞ്ഞുകൊണ്ട് വീണ്ടും ഉമ്മറത്തേക്ക് കയറി. " ഇന്നച്ഛനെന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ചെയ്താലും സോജയെ കാണാതെ ഞാനിവിടുന്ന് പോവില്ല. എന്റെ കുഞ്ഞാ അവൾടെ വയറ്റിൽ കിടക്കുന്നത്. എനിക്കവളിലുള്ള ആ അവകാശം നിഷേധിക്കാൻ അവൾക്ക് പോലും കഴിയില്ല....." " അവകാശം സ്ഥാപിക്കാനല്ലെടാ നിന്നെ ഞാൻ വിളിച്ചു വരുത്തിയത്..... നിന്റെ കൈ കൊണ്ട് തന്നെ നീയവളെ കൊല്ലണം. കൂട്ടത്തിൽ ഞങ്ങളേം..... അതിന് വേണ്ടി മാത്രമാ..... " " അച്ഛനെന്തൊക്കെയാ ഈ പറയുന്നേ.... എന്റെ കുഞ്ഞവളുടെ വയറ്റിൽ ഉരുവായെന്ന് കരുതി ആരും കൊല്ലുവേം ചാകുവേം ഒന്നും വേണ്ട..... എന്റെ കുഞ്ഞിനും സോജയ്ക്കും ഞാനുണ്ട്....... " " തൂഫ്ഫ്ഫ്ഫ്....... "
അവനത് പറഞ്ഞതും വെങ്കിടി കാർക്കിച്ച് തുപ്പി. " നിനക്കുളുപ്പുണ്ടോ എന്നോടിത് പറയാൻ..... എന്റെ മോളേം അവളുടെ വയറ്റിലുള്ള കുഞ്ഞിനേം നോക്കും പോലും..... നിയമപരമായി ഒരു ഭാര്യയുള്ള നീ ഏത് വകയിലാടാ എന്റെ മോളെ നോക്കുന്നേ.....??? കണ്ട പെണ്ണുങ്ങൾക്കെല്ലാം വയറ്റിലുണ്ടാക്കി നടക്കുന്ന നിന്നേപ്പോലൊരുത്തന്റെ വെപ്പാട്ടിയായിട്ട് ജീവിക്കാനല്ല ഞാൻ എന്റെ മോളെ വളർത്തിയത്. ഇറങ്ങിക്കോണം ഈ നിമിഷം..... " ആക്രോശിച്ചുകൊണ്ട് അയാളവളുടെ കോളറിൽ കുത്തിപ്പിടിച്ചലറി. ആ ബഹളങ്ങളൊക്കെ കേട്ടുകൊണ്ടായിരുന്നു സോജ താഴേക്ക് വന്നത്. " ഒന്ന് നിർത്തപ്പാ..... " ഉമ്മറത്തെ രംഗങ്ങൾ കണ്ട് ഇരുകൈകൾ കൊണ്ടും ചെവി പൊത്തി കണ്ണീരോടെ അവൾ പറഞ്ഞു. പൊടുന്നനെ സോജയെ കണ്ട ദേവ് വെങ്കിടിയുടെ കൈകൾ തട്ടിമാറ്റി ഓടിചെന്ന് അവളെ വരിഞ്ഞുമുറുക്കി. ഏറ്റവും കൂടുതൽ മോഹിച്ച ആ സ്പർശത്തിൽ ഒരു നിമിഷം കൊണ്ട് തളർന്നു വാടിയൊരു താമരത്തണ്ട് പോലെയായി ആ പെണ്ണ്.
തന്റെ പ്രാണന്റെ മാറോട് ചേർന്ന് നിൽക്കുന്ന ഈ നിമിഷമവസാനിക്കും മുൻപ് ഈ വേദനകളിൽ നിന്നൊക്കെ തന്നേ രക്ഷിക്കുന്ന മരണം വന്നീ ഉയിരങ്ങ് കവർന്നിരുന്നെങ്കിലെന്ന് പോലും അവളാ നിമിഷം മോഹിച്ചു പോയി. ഗർഭാവസ്ഥയിൽ സ്വന്തം കുഞ്ഞിന്റെ അച്ഛനിൽ നിന്നും ഏറ്റവും കൊതിക്കുന്ന നിമിഷങ്ങളിലൂടെയൊക്കെയാണ് ഇപ്പൊ കടന്നുപൊയ്ക്കോണ്ടിരിക്കുന്നത്. തന്റെയും ദേവിന്റെയും പ്രണയത്തിൽ വിരിഞ്ഞ നിധിയാണ് തന്റെയുള്ളിൽ. അതിനേ അവന്റെ കയ്യിൽ വച്ചു കൊടുക്കേണ്ടതാണ്..... നമ്മുടെ പൊന്നെന്ന് പറയുമ്പോൾ അവന്റെ ചുംബനങ്ങളാൽ കോരിത്തരിക്കേണ്ടവളാണ്. പക്ഷേ..... പക്ഷേ ഒന്നിനും യോഗമില്ലല്ലോ തനിക്ക്.... അവൻ...... അവൻ വൈദേഹിയുടേതല്ലേ.....ആ തിരിച്ചറിവിൽ അവനെയൊന്ന് തിരികെ പുണരാൻ പോലും അശക്തമായ കൈകൾ വെറുതേ തൂക്കിയിട്ട് മിഴികൾ ഇറുകെയടച്ച് അധരങ്ങൾ പല്ലുകൾ കൊണ്ടമർത്തി ആ ബലിഷ്ടമായ കൈകൾക്കുള്ളിലൊതുങ്ങി അവളെങ്ങനെ തളർന്ന് നിന്നു.
" സോജാ...... മോളെ..... എന്നോട്... എന്നോട് പൊറുക്കെടി..... നിന്നേ ഈ അവസ്ഥയിൽ എത്തിച്ചത് ഞാനാ..... എന്നോട്.... സ്വയമിങ്ങനെ വേദനിച്ച് മതിയായില്ലേ നിനക്ക്..... ഇനിയെങ്കിലും വാ സോജാ എന്റെ കൂടെ.... നമ്മുടെ കുഞ്ഞിനെയോർത്തെങ്കിലും വാ മോളെ..... " അവളെ വീണ്ടും വീണ്ടും മുറുകെ പുണർന്നുകൊണ്ട് അവൻ പറഞ്ഞു. പെട്ടന്ന് എവിടെ നിന്നൊ സംഭരിച്ച ഒരു ശക്തിയിൽ അവളവനെ തട്ടിമാറ്റി. " എങ്ങോട്ടാ ദേവ് ഞാൻ വരേണ്ടത്.....??? ഏത് സ്ഥാനത്താ ഞാൻ വരേണ്ടത്....??? നിങ്ങളുടെ കൂടെ വന്നാൽ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ സ്ഥാനമെന്താ......???? " പൊട്ടിക്കരഞ്ഞുകൊണ്ടവനെ പിടിച്ചുലച്ചുകൊണ്ടുള്ള ആ പെണ്ണിന്റെ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെ അവന്റെ ശിരസ് കുനിഞ്ഞു പോയി. ആ കണ്ണുകൾ ഈറനണിഞ്ഞു. ഒടുവിൽ കരഞ്ഞുതളർന്ന് അവന്റെ മാറിലേക്ക് തന്നെ വീണവനെ അള്ളിപ്പിടിച്ച് കരയുന്ന മകളേ ഒരു ചെറു വിരൽ കൊണ്ട് പോലും തടയാൻ ശ്രമിക്കാതെ വെങ്കിടിയും പദ്മയും അകത്തേക്ക് പോയി.
" പൊക്കോ ദേവ്..... ഞാൻ.... ഞാൻ കൊന്ന് കളയില്ല.... എന്റെ പ്രാണന്റെ ഉയിരിനെ കൊന്ന് കളയില്ല ഞാൻ..... എനിക്ക് പറ്റില്ലതിന്..... ഇനിയുള്ള സോജയുടെ ജീവിതത്തിലെ വിളിച്ചമാ എന്റെ കുഞ്ഞ്.... അതിനേ ഞാൻ വളർത്തും..... ഒന്നിനും.... ഒന്നിനും ഞാനിനി വരില്ല.... പോയി ജീവിക്ക്.....ഒന്നിക്കാൻ വിധിയില്ലെങ്കിലും ഒത്തിരി ഓർമ്മകൾ നീയെനിക്ക് തന്നിട്ടുണ്ട്..... ഇപ്പൊ..... ഇപ്പൊ നിന്റെ ചോരയിൽ ഈ പൊന്നിനെയും..... ഇത്.... ഇത് മതി എനിക്കിനി ജീവിക്കാൻ..... ശപിക്കില്ല ഞാൻ..... വെറുക്കില്ല..... ഭൂമിയിൽ ഒന്നിക്കാൻ വിധിയില്ല നമുക്ക്..... ആ ലോകത്ത് ഒന്നിക്കാമെന്ന് വെറുതേ സ്വപ്നം കണ്ട് ജീവിച്ചോളാം..... ഇനി..... ഇനിയും തേടി വരല്ലേ ദേവ്.... ക്..... കണ്ടാ ഞാൻ പിന്നെ വിടില്ല..... അകന്ന് പോയാൽ ഞാൻ ചങ്ക് പൊട്ടി ചത്തുപോകും..... അതുകൊണ്ട്..... അതുകൊണ്ടിനി വരല്ലേ ദേവ്...." അവനെ ഉറുമ്പടക്കമൊരിക്കൽ കൂടി കെട്ടിപ്പിടിച്ചവൾ. എന്നിട്ട് പെരുവിരലിൽ പൊങ്ങി നിന്ന് ആ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ച് ആ മുഖം നിറയെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.........തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.