ആരാധികേ: ഭാഗം 44

aradhika abhirami

രചന: അഭിരാമി ആമി

" മോളെ..... " പദ്മ വന്നു വിളിച്ചപ്പോഴായിരുന്നു കരഞ്ഞു തളർന്ന് കിടന്നിരുന്ന സോജ ഒന്നെണീറ്റത് പോലും. അവൾ കട്ടിലിൽ എണീറ്റിരുന്ന് മുഖം അമർത്തിത്തുടച്ചു. പക്ഷേ അതുവരെയൊഴുക്കിയ കണ്ണീരിന്റെ തെളിവായി അവളുടെ കണ്ണും മുഖവും നീര് വച്ച് തന്നെയിരുന്നു. " മോളൊന്ന് താഴോട്ട് വാ.... " മകളുടെ പടുതിയിൽ നെഞ്ച് പിടഞ്ഞെങ്കിലും പദ്മ പറഞ്ഞു. " എന്നമ്മാ....??? " " അങ്കെ ഒരാൾ മോളെ കാത്തിരിക്കുന്നു. പോകാൻ പറഞ്ഞിട്ടും കേൾക്കുന്നില്ല. മോളെ കണ്ടേ പോകുന്നുള്ളുവെന്ന് പറഞ്ഞിരിക്കുവാ..... " " യാര്മ്മാ....??? " " മോള് വാ..... പോയി പാര്..... " അവരവളെ പിടിച്ചെണീപ്പിച്ചു. ഒരിക്കൽ കൂടി മുഖം അമർത്തി തുടച്ച് താഴേക്ക് വരുമ്പോൾ അതാരായിരിക്കുമെന്ന ചോദ്യം സോജയെ വരിഞ്ഞുമുറുക്കിയിരുന്നു. ദേവ് ഉൾപ്പെടെ പല മുഖങ്ങളും മനസിലൂടെ കടന്നുപോയെങ്കിലും ഉമ്മറത്ത് കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളായിരുന്നു.

" മോളെ..... അമ്മയോട്..... " മുന്നിലേക്ക് വന്ന ആ പെണ്ണിന്റെ രൂപം കണ്ടതും നിഷയെന്തോ പറയാനാഞ്ഞു. പക്ഷേ അത് പൂർത്തിയാക്കും മുന്നേ സോജയുടെ അധരങ്ങൾ വിതുമ്പി. അവളിൽ നിന്നും മിഴിനീർ പെയ്തിറങ്ങി. " മോളെ..... അമ്മയോട് പൊറുക്കാൻ പറയാനുള്ള അർഹത പോലും ഈ പാപിയായ അമ്മയ്ക്കില്ല. അമ്മ..... അമ്മയൊന്നും അറിഞ്ഞില്ലല്ലോ..... ഒന്നും..... പറഞ്ഞില്ലല്ലോ മോളെ.... മനഃപൂർവമല്ലായിരുന്നു ഒന്നും. അമ്മയ്ക്ക്....... വേറെ വഴിയില്ലായിരുന്നു. പക്ഷേ..... പക്ഷേ ഇപ്പൊ ഒന്നും വയ്യാതെ ആയല്ലോ മോളെ ഈ അമ്മയ്ക്ക്...... പൊറുത്തേക്കണെ മോളെ അമ്മയോട്....." പറഞ്ഞതും നിഷവളുടെ കാൽക്കലേക്ക് വീണ് ആ പാദങ്ങളിൽ തൊട്ടു. ഹൃദയം തകരുന്ന ആ കാഴ്ച കണ്ട് നിൽക്കാൻ കഴിയാതെ പദ്മ വിതുമ്പിക്കൊണ്ട്‌ അകത്തേക്ക് പോയി. തീപ്പൊള്ളലേറ്റത് പോലെ പിടഞ്ഞുപോയ സോജ വെപ്രാളപ്പെട്ട് പിന്നിലേക്ക് മാറി.

" അമ്മേ.... " അവളുടെ അധരങ്ങൾ വിതുമ്പി. " ആ മഹേന്ദ്രൻ എന്റെ മാധുന്റെ ജീവൻ വച്ച് വില പേശിയപ്പോ അമ്മ വേറൊന്നുമോർത്തില്ല മോളെ.... " നിഷയവളെ ചേർത്തു പിടിച്ച് നെറ്റിയിലും കവിളിലും ചുംബിച്ചു. പിന്നെ അവളുടെ ഉള്ളിൽ കിടക്കുന്ന ജീവനായ് ആ വയറിലും ചുണ്ടമർത്തി. " സോജയുടെ ആരുണ്ട്.....??? " ലേബർ റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്ന നേഴ്‌സ് വിളിച്ചു ചോദിച്ചതും വേവലാതിയോടെ നിന്നിരുന്ന ദേവിനേയും നിഷയേയും ഒരു നോക്ക് കൊണ്ട് വിലക്കി അവരെ കവർന്ന് വെങ്കിടി മുന്നോട്ടു ചെന്നു. നേഴ്സിൽ നിന്നും ഇളം റോസ് നിറമുള്ള ടവ്വലിൽ പൊതിഞ്ഞ കുരുന്നിനെ കൈയിൽ വാങ്ങി അതിന്റെ നെറുകയിൽ ചുണ്ടമർത്തി. " മോളാട്ടോ..... " അവരുടെ വാക്കുകൾ ഏവരിലും ആനന്ദം നിറച്ചു. " സിസ്റ്ററെ എന്റെ മോള് സുഖായിരിക്കുന്നോ.....??? "

" അത്..... സോറി.... അച്ഛൻ ധൈര്യമായി നിക്കണം. സോജ..... സോജ പോയി..... കോംപ്ലിക്കേഷനുണ്ടെന്ന് നേരത്തെ പറഞ്ഞതല്ലേ.... രക്ഷിക്കാൻ കഴിഞ്ഞില്ല..... " " എന്റെ പൊന്നുമോളെ...... " നിഷയും പദ്മയും ഒരുപോലെ നിലവിളിച്ചു. പദ്മ വെട്ടിയിട്ടത് പോലെ നിലത്തേക്ക് വീണു. വെങ്കിടി ചലനമറ്റ് നിന്നു. കയ്യിലിരുന്ന പൊന്നോമനയെ നോക്കി അയാൾ വിതുമ്പി. ആ കൈകൾ വിറച്ചു. തന്റെ ചുറ്റുമുള്ള ലോകം നിലച്ചത് പോലെ ദേവിന്റെ നോട്ടം വെങ്കിടിയുടെ കയ്യിലിരിക്കുന്ന ആ കുഞ്ഞിലേക്ക് മാത്രം തങ്ങി നിന്നു. കണ്ണീരും വേദനകളും മാത്രം നിറഞ്ഞ തന്റെ പ്രണയബന്ധനങ്ങളെല്ലാം ഭേദിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും ലോകത്തിലേക്ക് അവൾ തനിയെ പോയെന്ന ചിന്തയിൽ അവനലറിക്കരഞ്ഞു. ഒരാമ്പുലൻസിന്റെ സൈറൻ മുഴങ്ങുന്നത് കേട്ടുകൊണ്ടായിരുന്നു വൈദേഹി വന്ന് മുൻവാതിൽ തുറന്നത്.

അപ്പോഴേക്കും ഗേറ്റ് കടന്ന് ആ വാഹനം ഉള്ളിലേക്ക് വരുന്നത് കണ്ട് അവളുടെ ചങ്കൊന്ന് പിടച്ചു. കാര്യമോ കാരണമോ അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു. പൂമുഖത്തേക്ക് കയറി വന്ന നിഷയെ അവൾ അമ്പരന്ന് നോക്കി. " സോജ..... സോജമോള് പോയി..... എന്റെ മോന്റെ കുഞ്ഞിനെ ഈ ഭൂമി കാണിച്ചിട്ട് വേദനകളില്ലാത്ത ലോകത്തേക്ക് അവൾ പോയി.... ഈ വീട്ടിലേക്ക് ജീവനോടവളെ കൈപിടിച്ച് കയറ്റാനുള്ള യോഗം ഈ അമ്മക്കില്ലാതെ പോയി. ഇനിയവൾക്കായ് ആറടി മണ്ണെങ്കിലും കൊടുതെനിക്ക് പ്രായശ്ചിതം ചെയ്യണം. എതിർക്കരുത്..... ഇനിയും മോൾടെ ജീവിതത്തിലൊരു വിലങ്ങുതടിയായി അവളില്ല. അവസാനമായി ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ ആത്മാവിനു പോലും ശാന്തി കിട്ടില്ല. എന്റെ മോന്റെ കുഞ്ഞിന്റെ അമ്മയാണ് അവൾ..... അവളീ മണ്ണിൽ തന്നെ ഉറങ്ങണം...... "

തന്റെ ഇരുകരങ്ങളും ചേർത്തു പിടിച്ച് യാചിക്കും പോലെ പറയുന്ന നിഷയെ നോക്കി കണ്ണീരിനിടയിലും വൈദേഹിയൊന്ന് പുഞ്ചിരിച്ചു. ആത്മനിന്ദയോടെയുള്ളൊരു പുഞ്ചിരി. അമ്പാട്ടെ പൂമുഖത്ത് എരിയുന്ന നാളികേര ദീപത്തിന് മുന്നിലായി വെള്ള പുതപ്പിച്ച് കിടത്തിയ സോജയുടെ ചേതനയറ്റ ശരീരം കണ്ട് നിൽക്കവേ ചങ്ക് പൊടിയും പോലെ നിഷയ്ക്ക് തോന്നി. ഹൃദയം പിളർന്നുള്ള ആരുടെയൊക്കെയൊ നിലവിളികൾ കാതിനെ തുളച്ചു. ഈ നിമിഷത്തിൽ തന്നെ ഈ പാഴ് ജന്മമൊന്നവസാനിച്ചെങ്കിലെന്ന പ്രാർഥനയോടെ നിൽക്കവേ ബോഡിയെടുക്കാറായെന്ന് ആരോ പറഞ്ഞതും വേച്ചുവേച്ച് ഉള്ളിലേക്ക് നടന്നു. " അവൻ..... എന്റെ മോനൊന്ന് കണ്ടോട്ടെ..... ഇനി..... ഇനിയവന് കാണാൻ പറ്റില്ലല്ലോ..... അവനൊന്ന് കണ്ടോട്ടെ.... പിന്നെ.... പിന്നവള് പൊക്കോട്ടെ.... " പിറുപിറുത്തുകൊണ്ട് ഉള്ളിലേക്ക് നടക്കുമ്പോഴും നെഞ്ച് വിതുമ്പിയിരുന്നു. മുകളിലത്തെ മുറിയിലേ കട്ടിലിൽ ആ ചോരകുഞ്ഞിനേയും മാറിൽ കിടത്തിക്കൊണ്ട് കണ്ണുകളടച്ച് കിടക്കുന്നവനെ അല്പനേരം നോക്കി നിന്നു.

" മതി കിടന്നത്..... അവളെ ഇപ്പൊ കൊണ്ടുപോകും. വന്നൊന്ന് കാണ്.... ആ കുഞ്ഞിനെ അവളൊന്ന് കൂടി കണ്ടോട്ടെ.... എണീറ്റ് വാ. ഇത് കഴിഞ്ഞാപ്പിന്നെ കിടക്കാലോ.... " അവനിൽ നിന്നും പ്രതികരണമേതുമുണ്ടായില്ല. പിണക്കം മാറിയിട്ടില്ല ഇതുവരെ. " എന്നോട് നീ പിണങ്ങിയിരുന്നോ.... പക്ഷേ ഇപ്പൊ നീയവളെ കാണണം. നിങ്ങളെ അവസാനമായൊന്ന് കാണണോന്ന് അവൾക്കും മോഹമില്ലേ..... " കുഞ്ഞിനെ വലയം ചെയ്തിരുന്ന മകന്റെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് പറഞ്ഞതും നെഞ്ചമൊന്നാളിപ്പോയി. വല്ലാത്തൊരു തണു പടർന്ന് കഴിഞ്ഞിരിക്കുന്നു അവനിൽ. പിടി വിട്ടതും ആ കൈ കുഞ്ഞിനെപ്പോലും മറന്ന് നിലത്തേക്ക് തൂങ്ങിയാടി.

" ആഹ്..... നീ..... നീയും പോയൊ മാധു.... നീ.... പോയൊ.... എന്റെ... മോൻ.... ശങ്കരേട്ടാ.... ദേ അവനും പോയി എന്നോട് പിണങ്ങി.... എന്നോടൊന്നും പറഞ്ഞില്ല... പോകുമെന്നെനിക്ക് അറിയാരുന്നു.... അവളില്ലാതെ അവന് പറ്റില്ല.... പക്ഷേ.... പക്ഷേ ഇപ്പൊ തന്നെ പോണമാരുന്നോ..... " നിഷയൊരു ഭ്രാന്തിയെപ്പോലെ പോലെ പുലമ്പി. അവന്റെ നെഞ്ചിൽ കിടന്ന് ചിണുങ്ങിയ കുഞ്ഞിനെ എങ്ങനെയൊക്കെയൊ വാരിയെടുത്ത് മാറോടണച്ചു. " ഓഹ്.... ഓഹ്.... ഓഹ്.... പോട്ടെടാ കണ്ണാ.... രണ്ടും പോട്ടെ.... നമുക്കവരൊന്നും വേണ്ട.... അച്ഛമ്മയുണ്ട് പൊന്നിന്......" മാറിൽ പരതി അലറിക്കരയുന്ന കുരുന്നിനെ മാറോടടുക്കിപ്പിടിച്ച് അവർ പിറുപിറുത്തു. തെക്കേപ്പറമ്പിൽ രണ്ട് കല്ലറകൾ ഉയർന്നു. ദേവ് മാധവ് & സോജാ ദേവ് മാധവ് എന്നപേരുകൾ നൊമ്പരകാഴ്ചയായി. അതിലെ കറുത്ത മാർബിളിൽ സുവർണ അക്ഷരങ്ങളാൽ ഇങ്ങനെ എഴുതി... " ജീവിതത്തിനും മരണത്തിനും ഇടയിൽ അവർ ഇവിടെയൊരുമിക്കുന്നു... ".........തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story