ആരാധികേ: ഭാഗം 46

രചന: അഭിരാമി ആമി
സോജ മുറിയിലെത്തുമ്പോൾ കുറേ നാളായി ഉപയോഗിക്കാതെ കിടന്നതാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അവിടെയൊന്നുമുണ്ടായിരുന്നില്ല. പാട്ടിയും മീനാക്ഷിയമ്മയും ചേർന്ന് എല്ലാം ഭംഗിയായി വച്ചിരുന്നു. ചുവരിലെ ഫോട്ടോകൾ വൃത്തിയാക്കി പുതിയ മാല ചാർത്തിയിരുന്നു. സോജയൊരുനിമിഷം ആ ചിത്രങ്ങളിലേക്ക് നോക്കി നിന്നു. ജീവിതം മുഴുവൻ തനിക്കായ് മാറ്റി വച്ചവർ..... മരണത്തിൽ പോലും മകളെന്ന ചിന്തയിൽ നീറിപ്പിടഞ്ഞവർ.... " അപ്പാ.... അമ്മാ..... " അവളുടെ ആത്മാവ് തേങ്ങി. " ജാനി അങ്കെ എന്ന പണ്റേ നീ..... സീക്രമാ കുളിച്ച് കീഴെ വാമ്മാ..... പാട്ടി കാപ്പി പോട്ടിര്ക്ക്..... " താഴെ നിന്നും കേട്ട മീനാക്ഷിയമ്മയുടെ സ്വരം അവളുടെ ഓർമ്മകൾക്ക് കടിഞ്ഞാണിട്ടു. വേഗം കുളിച്ച് താഴേക്ക് പോയി. 💞................................ 💞 അന്ന് ദേവിന്റെ പുതിയ സിനിമയുടെ പൂജയായിരുന്നു. ജെറിയും ദേവും അമലയും വൈദേഹിയും കുടുംബവും എല്ലാം ഉണ്ടായിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി അവരെല്ലാം കൂടി ഒരു ടേബിളിന് ചുറ്റും ഇരിക്കുകയായിരുന്നു.
" എടാ മാധു..... ഞങ്ങൾക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. " ഫോണിലെന്തോ തിരഞ്ഞുകൊണ്ട് ഗൗരവത്തിൽ ഇരിക്കുകയായിരുന്ന ദേവിനോടായി ജെറി പറഞ്ഞു. " എന്താ..... " ഫോണിൽ നിന്നും മുഖം മാറ്റാതെ തന്നെ അവൻ ചോദിച്ചു. " നിനക്കൊട്ടും താല്പര്യമില്ലാത്ത വിഷയമാ ഞങ്ങൾക്ക് പറയാനുള്ളത്. പക്ഷേ ഇനിയും നിന്നെയിങ്ങനെ വിടാൻ പറ്റില്ല. നിഷാമ്മേടെ സങ്കടം കാണാനുള്ള കണ്ണ് നിനക്കൊ ഇല്ല. ഞങ്ങൾക്കെങ്കിലും വേണ്ടേ..... " വൈദേഹിയുടെ വാക്കുകൾ കേട്ടപ്പോഴേ കാര്യം പിടികിട്ടിയ ദേവ് താല്പര്യമില്ലാത്തത് പോലെ ഇരുന്നു. " നീയെന്താ ഒന്നും പറയാത്തത്.....???? " " ഞാനെന്ത് പറയാനാ എനിക്കൊരു താല്പര്യവുമില്ലാത്ത ഒരു വിഷയത്തേപ്പറ്റി....??? " " അങ്ങനെ പറഞ്ഞൊഴിയല്ലേ ദേവേട്ടാ ഇനിയും..... വർഷമിത്രയും ആയില്ലേ... ഇനിയും ഇങ്ങനെ കാത്തിരിക്കണോ.....??? " അമല ചോദിച്ചു.
ദേവ് പെട്ടന്ന് എന്തോ മറയ്ക്കാനുള്ള വെപ്രാളത്തിൽ തന്റെ കൂളിംഗ് ഗ്ലാസ് എടുത്ത് മുഖത്ത് വച്ചു. " ഞാനാരേം കാത്തിരിക്കുവല്ല. എന്റെ മനസ്സിൽ വിവാഹമെന്നോ കുടുംബമെന്നോ ഒരു ചിന്ത ഇപ്പോഴില്ല. ബന്ധങ്ങൾ എന്നേ കുറച്ചൊന്നുമല്ല നോവിച്ചിട്ടുള്ളത്. അതുകൊണ്ട് ഇനിയും അതിലേക്ക് പോകാൻ എനിക്ക് താല്പര്യമില്ല. അത്രേയുള്ളൂ. " അവൻ പറഞ്ഞത് കേട്ട് എല്ലാവരും പരസ്പരം നോക്കി. " അങ്ങനെയല്ല ദേവ്..... ഒരിക്കൽ തോറ്റുപോയെന്ന് കരുതി ഇനിയും അത് തന്നെ സംഭവിക്കണമെന്നുണ്ടോ. ഇപ്പോഴത്തെ ഈ സമയമൊക്കെ കടന്നുപോകും. അന്ന് ചിലപ്പോൾ ഒറ്റയ്ക്കാകും. ആ നേരം പിന്നെ ഒരു കൂട്ട് വേണമെന്ന് തോന്നിയിട്ട് കാര്യമില്ല..... " വൈദേഹിയുടെ ഭർത്താവ് നീരജ് പറഞ്ഞു. " എനിക്കാവക തോന്നലൊന്നും ഉണ്ടാകാൻ പോണില്ല നീരജ്.... ഞാൻ ഒന്നല്ല രണ്ട് വട്ടം തോറ്റുപോയവനാ.... ഇനിയും ഒന്നും ആവർത്തിക്കപ്പെടാൻ എനിക്ക് താല്പര്യമില്ല. " മതിയെടാ നിന്റെ കോപ്പിലെ ഡയലോഗ്...... ഈ അഭിനയമൊക്കെ അങ്ങ് ക്യാമറയ്ക്ക് മുന്നിൽ മതി. അവിടെ നീ ജയിക്കും.
പക്ഷേ ഇവിടെ ഞങ്ങടെ മുന്നിൽ നീയെത്ര അഭിനയിച്ചിട്ടും കാര്യമൊന്നുമില്ല. നിനക്ക് സോജയെ മാത്രമേ സ്നേഹിക്കാൻ കഴിയൂ നീയിപ്പോഴും അവൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ജീവിക്കുന്നത് . എന്ന് ഞങ്ങളോരോരുത്തർക്കും വ്യക്തമായറിയാം. പക്ഷേ..... പക്ഷേ അവളിനി വരില്ല...... അതറിഞ്ഞോണ്ടാ ഞങ്ങളിങ്ങനെ നിന്റെ കാല് പിടിക്കുന്നെ.....???? " ക്ഷമ നശിച്ചവനെപ്പോലെ ജെറി പറഞ്ഞതും ദേവ് ഒന്ന് ഞെട്ടിയെന്ന് തോന്നി. അവൻ പെട്ടന്ന് മുഖത്തെ ഗ്ലാസ് മാറ്റി ജെറിയെ നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു വേദന നിഴലിക്കുന്ന പോലെ അവർക്ക് തോന്നി. പക്ഷേ അവനെയിനിയും സോജയുടെ പേരും പറഞ്ഞ് വേദനിക്കാൻ വിടാൻ കഴിയില്ലെന്ന ഉറച്ച തീരുമാനം അവരേവരിലും ഉണ്ടായിരുന്നു. " നീ....... നീയെന്താ അങ്ങനെ പറഞ്ഞത്....??? സോജക്കെന്തെങ്കിലും.....???? " അവന്റെ സ്വരത്തിലേ വിറയലിൽ തന്നെയുണ്ടായിരുന്നു ആ ഉള്ളമെത്ര പിടയുന്നുണ്ടെന്ന്. " അവൾക്കൊന്നും സംഭവിച്ചിട്ടില്ല..... അവൾ ഹാപ്പിയായി കഴിയുവാ ഇപ്പൊ.... പിന്നെ.... ഒറ്റയ്ക്കല്ല..... "
" പിന്നേ......???? " " അവൾ..... അവളിന്ന് മറ്റൊരാളുടെ ഭാര്യയാണ്. അയാളുടെ കുഞ്ഞിന്റെ അമ്മയും. ആ അവളെയാ നീയിവിടെബ് കാത്തിരിക്കുന്നത്...... " ജെറിയവന്റെ മുഖത്ത് നോക്കാതെ പറയുമ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ മുഴുവനും ദേവിൽ തന്നെയായിരുന്നു. അവന്റെ ഓരോ ഭാവങ്ങളും അവരേ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ഇവനിപ്പോ പൊട്ടിത്തെറിക്കുമോ എന്ന് പോലും അവരോരുത്തരും സംശയിച്ചു പോയി. " നീ വെറുതേ ഇല്ലാത്ത കാര്യം പറയരുത് ജെറി..... " കേട്ടതൊന്നും സത്യമല്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കും പോലെ അവൻ പറഞ്ഞു. " ഇല്ലാത്ത കാര്യമല്ല..... സംശയമുണ്ടെങ്കിൽ നോക്ക്..... " ജെറി കാണിച്ച ഫോൺ സ്ക്രീനിലേക്ക് നോക്കുമ്പോൾ ചങ്ക് പിടയുന്നുണ്ടായിരുന്നു ദേവിന്. പക്ഷേ അവനതൊന്നും പുറത്ത് കാണാതിരിക്കാൻ വെറുതേ ശ്രമിച്ചുകൊണ്ടിരുന്നു.
അതിൽ നിറയെ റെയിൽവേ സ്റ്റേഷനിൽ വച്ചെടുത്ത സോജയുടെയും കുഞ്ഞിന്റെയും വരുണിന്റെയും ചിത്രങ്ങളായിരുന്നു. അവനോടൊപ്പം അവളെത്രമേൽ സന്തോഷവതിയാണെന്ന് ഓർമ്മിക്കവേ അവന്റെ നെഞ്ച് വെറുതേയൊന്ന് നൊന്തു. പക്ഷേ അവൻ ചിരിക്കാൻ ശ്രമിച്ചു. " അവൾ വിവാഹിതയാണ് . ആ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ അവൾ പ്രസവിച്ചതുമാണ്. പിന്നെ ഇപ്പോ അവൾ ബാംഗ്ലൂരിൽ ഒരു ഐ റ്റി കമ്പനിയിൽ വർക്ക് ചെയ്യുവാ. വിവാഹം കഴിച്ചിരിക്കുന്നത് പാലക്കാട് തന്നെയുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലേക്കാണ്. ഇന്നലെയാണ് നാട്ടിലേക്ക് വന്നത്. പിന്നെ.... ഇപ്പൊ അവളുടെ അച്ഛനമ്മമാർ ജീവിച്ചിരിപ്പില്ല. ഒന്നര വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ രണ്ടുപേരും മരിച്ചു. നാളെ അവരുടെ ഓർമ്മ ദിവസമാണ്. അതിന് വേണ്ടിയാണ് അവൾ ഇപ്പൊ നാട്ടിൽ വന്നേക്കുന്നത്. പിന്നെ ഇതൊക്കെ ഞാനെങ്ങനെ അറിഞ്ഞുവെന്ന് ചോദിക്കണ്ട. നിനക്ക് വേണ്ടി കുറച്ചു കഷ്ടപ്പെട്ടെന്ന് കൂട്ടിയാമതി.... "
ജെറി പറഞ്ഞതൊക്കെയും ഒരു പ്രതികരണവുമില്ലാതെ കേട്ടിരിക്കുകയായിരുന്നു ദേവ്. ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. " ദേവ്..... " വൈദേഹിയെന്തോ പറയാൻ വേണ്ടി അവന്റെ കയ്യിൽ തൊട്ടു. പക്ഷേ പെട്ടന്ന് ആരോടുമൊന്നും പറയാതെ അവനെണീറ്റ് തന്റെ കാറിനരികിലേക്ക് നടന്നു. 💞............................................. 💞 വീട്ടിലെത്തുമ്പോൾ പതിവുകൾ തെറ്റിക്കാതെ അമ്മ പൂമുഖത്ത് തന്നെയുണ്ടായിരുന്നു. ഒന്നും മിണ്ടാൻ തോന്നിയില്ല. ഇങ്ങോട്ടൊന്നും ചോദിച്ചുമില്ല. നേരെ അകത്തേക്ക് കയറി റൂമിലേക്ക് നടക്കുമ്പോൾ കേട്ടു മുൻവാതിലടയുന്ന ശബ്ദം. റൂമിലെത്തിയതും നേരെ ചെന്നത് ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആ കുപ്പിക്കരികിലേക്കായിരുന്നു. അതും റൂമിലേ മിനി ഫ്രിഡ്ജിൽ നിന്നും സോഡയുമെടുത്ത് ബെഡിൽ ചാരി നിലത്തേക്കിരുന്നു.
തുടരെത്തുടരെ നാല് പെഗ്ഗ് ഒഴിച്ച് കുടിച്ചു. കുടിക്കുമ്പോൾ സങ്കടം മറക്കുമെന്നൊക്കെ വെറുതേ പറയുവാ..... കുടിക്കും തോറും നെഞ്ചിലാരോ നെരിപ്പോട് കൂട്ടിയത് പോലെ. വല്ലാതെ നീറിപ്പുകയുന്നു..... വീണ്ടും വീണ്ടും ഗ്ലാസുകൾ നിറഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു. അപ്പോഴെല്ലാം മനസ്സിൽ നിറയെ ജെറി കാണിച്ച ആ ചിത്രങ്ങളായിരുന്നു.... മറ്റൊരുവനോട് ചേർന്ന് പുഞ്ചിരിച്ചു നിൽക്കുന്ന ആ പെണ്ണിന്റെ മുഖം മുറിവിൽ പുരട്ടിയ മുളക് പോലെ ഉള്ള് നീറ്റുന്നു..... എത്ര പെഗ്ഗ് കഴിച്ചെന്നോർമയില്ല. പക്ഷേ ബോധമണ്ഡലത്തിൽ നിന്നും അവൾ മാത്രം പറിഞ്ഞു പോകുന്നില്ല. " എന്നേയിങ്ങനെ കൊല്ലാതെ കൊല്ലല്ലേ സോജാ..... നിന്റെ ഓർമ്മകൾക്ക് പോലും ഈ മദ്യത്തിലും വീര്യമാണ്. അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു..... " കട്ടിലിലേക്ക് തല ചായ്ച്ച് വച്ച് കണ്ണുകളടച്ച് കിടന്നവൻ പുലമ്പി......തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.