ആരാധികേ: ഭാഗം 47

aradhika abhirami

രചന: അഭിരാമി ആമി

സോജയുടെയാ പഴയ വീട്ടിലേക്ക് കാർ കയറി ചെല്ലുമ്പോൾ തന്നെ കണ്ടു മുറ്റത്തവിടവിടായി നിൽക്കുന്ന കുറച്ചാളുകളെ. പുറത്തു നിന്നുമാരും ഉണ്ടായിരുന്നില്ല വരുണും ഫാമിലിയും പിന്നൊരു കർമ്മിയുമേ ഉണ്ടായിരുന്നുള്ളു. വെങ്കിടിയും പദ്മയും മരിച്ച ദിവസമായിരുന്നത് കൊണ്ട് അവർക്ക് വേണ്ടിയുള്ള ആണ്ട് ബലിയും കർമങ്ങളുമായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്. കൊളുത്തി വച്ച നിലവിളക്കിന് മുന്നിലിരുന്ന് കർമ്മിയുടെ നിർദേശങ്ങൾക്കനുസരിച്ച് കർമങ്ങൾ ഓരോന്നായി ചെയ്യുകയായിരുന്നു വരുൺ. അവൻ കുളിച്ച് ഈറനയി പവിത്രം ധരിച്ചിരുന്നു. അവർക്കരികിൽ തന്നെ പാട്ടിക്കും വരുന്നിന്റെ അച്ഛനമ്മമാരായ ശിവനും മീനാക്ഷിക്കും ഒപ്പം മോളെയും ഒക്കത്തെടുത്ത് നിന്നിരുന്ന സോജയുടെ മിഴികൾ നിറഞ്ഞിരുന്നു. ചൊടികൾ വിറ പൂണ്ടിരുന്നു. ആ ചടങ്ങ് കഴിയും വരെ കാത്തുനിൽക്കാമെന്ന് തന്നെ കരുതിയ ദേവ് അതെല്ലാം നോക്കി കാറിൽ തന്നെയിരുന്നു.

ആ ഇരുപ്പിൽ അവൻ തന്റെ പ്രാണനെ നോക്കിക്കണ്ടു. വലിയ മാറ്റങ്ങളൊന്നും അവളിൽ വന്നിരുന്നില്ല. ഒരു കുഞ്ഞിന്റെ അമ്മയായതോടെ അല്പം വണ്ണം വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സെറ്റ് സാരി ഞൊറിഞ്ഞുടുത്തതിന് വല്ലാത്തൊരു ഭംഗി തോന്നിച്ചു. അപ്പോഴും വെള്ളം തോർന്നിട്ടില്ലാത്ത തലമുടിയിൽ നിന്നും ജലകണങ്ങൾ ഇറ്റ് വീഴുന്നുണ്ട്. കരിയെഴുതാത്ത മിഴികളും ചുവന്ന മിഴികളുമെല്ലാം പഴയത് പോലെ തന്നെ. മൂക്കിലെ ആ കുഞ്ഞി മൂക്കുത്തി വെയിലേറ്റ് തിളങ്ങി. സീമന്തരേഖയിൽ ചുവപ്പ് രാശി പടർന്നിരുന്നു. ആത്മനിന്ദയോടെയുള്ളൊരു ചിരിയോടെ അവൻ അവന്റെ നോട്ടം അവളുടെ കയ്യിലിരുന്ന കുഞ്ഞിക്കുറുമ്പിയിലേക്ക് നീണ്ടു. സോജയെപ്പോലെ മനോഹരമായ കണ്ണുകളും ഓമനത്തം തുളുമ്പുന്ന മുഖവുമൊക്കെയായി ഒരു സുന്ദരിക്കുട്ടി. തന്റെ ചുറ്റും നടക്കുന്നതൊക്കെ കൗതുകത്തോടെ നോക്കിക്കാണുകയായിരുന്നു അവളുടെ കുഞ്ഞിക്കണ്ണുകൾ.

ഇടയ്ക്കിടെ കർമം ചെയ്തു കൊണ്ടിരുന്ന വരുന്നിന് നേരെ കൈ നീട്ടി അപ്പാ അപ്പന്ന് കൊഞ്ചുന്നുമുണ്ടായിരുന്നു അവൾ. ആ കാഴ്ചകളൊക്കെയും ഹൃദയം പിളരുന്നതായിരുന്നുവെങ്കിലും എന്തോ ദേവിന് വല്ലാത്തൊരു സന്തോഷം തോന്നി. കാരണം മറ്റൊന്നുമല്ല തനിക്ക് കൊടുക്കാൻ കഴിയാതെ പോയ സന്തോഷമുള്ളൊരു ജീവിതം വരുണിൽ നിന്നും അവൾക്ക് കിട്ടി എന്നത് അവനെ സന്തോഷിപ്പിച്ചു. " ഇനി പിണ്ഡം സമർപ്പിച്ച് കുളത്തിൽ മുങ്ങി വന്നോളൂ....." കർമി പറഞ്ഞതും വരുൺ വാഴയിലയിൽ വച്ച പിണ്ഡച്ചോറെടുത്ത് തെക്കേപ്പുറത്തേക്ക് കുറച്ച് മാറ്റിവച്ച് മുകളിലേക്ക് നോക്കി നനഞ്ഞ കൈ കൊട്ടി. ദൂരെയെവിടെ നിന്നൊ കാക്കകളുടെ കരച്ചിൽ കേട്ടതും അതവിടെ വച്ചിട്ട് അവൻ കുളത്തിലേക്ക് നടന്നു. അതോടെ ചടങ്ങുകൾ പൂർത്തിയായെന്ന് മനസിലായ ദേവ് പതിയെ കാറിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് കയറി ചെന്നു.

എന്തോ ആ മണ്ണിൽ കാല് കുത്തിയതും വെങ്കിടിയുടെയും പദ്മയുടെയും ഓർമ്മകൾ അവന്റെ മനസിലേക്ക് ഓടിയെത്തി. വർഷങ്ങൾക്ക് ശേഷം ആ മണ്ണിൽ കാല് കുത്തിയത് ഇങ്ങനെയൊരു അവസ്ഥയിൽ ആണല്ലോ എന്നോർത്തുകൊണ്ട് അവൻ മുന്നോട്ട് നടന്നു. പെട്ടന്നായിരുന്നു ആരോടോ എന്തോ പറഞ്ഞുകൊണ്ട് തിരിഞ്ഞ സോജ ആ കാഴ്ച കണ്ടത്. പൊടുന്നനെ ഒരു ഇടി ഏശിയത് പോലെ അവളുടെ മനസും ശരീരവുമൊന്ന് നിശ്ചലമായി. കയ്യിലിരുന്ന കുഞ്ഞിനെപ്പോലും മറന്ന് അരികിലേക്ക് നടന്നു വരുന്നവനെ തന്നെ നോക്കി നിന്നവൾ. ആ രൂപം ഒരുപാട് മാറിയിരിക്കുന്നു. കട്ടത്താടിയും കാറ്റിലിളകുന്ന മുടിയിഴകളും എല്ലാം അവൾ വീണ്ടും നോക്കി നിന്നു. ചൊടികളിലിന്നും ആ വശ്യമായ പുഞ്ചിരി തളം കെട്ടിയിരിക്കുന്നു. അവൻ തൊട്ടടുത്തെത്തിയതും ഒരിക്കൽ തന്റെ പ്രാണനിൽ അലിഞ്ഞിരുന്ന ആ ഗന്ധം തന്നേ വന്നു പൊതിയുന്നത് സോജയറിഞ്ഞു. ഉള്ള് പിടയും പോലെ തോന്നിയ അവൾ ചൊടികൾ കടിച്ചമർത്തി അങ്ങനെ നിന്നു. " അച്ഛനും അമ്മയും പോയതൊന്നും അറിഞ്ഞില്ല..... "

അവളുടെ അരികിലേക്ക് വന്നതും എന്ത് പറയണമെന്നറിയാതെ അവൻ പറഞ്ഞത് കേട്ട് അവൾ വെറുതേയൊന്ന് പുഞ്ചിരിച്ചു. " എന്താ മോൾടെ പേര്.....??? " " ആയില്യ ദേവ്.... " നിർവികാരമായ് പറഞ്ഞവളെ നോക്കാതെ ആ കുഞ്ഞിപ്പെണ്ണിന്റെ കവിളിൽ വെറുതേയൊന്ന് തൊട്ടവളെ ചിരിച്ച് കാണിച്ചു അവൻ. അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ് ഈറൻ മാറ്റി വരുണും അങ്ങോട്ട് വന്നിരുന്നു. മറ്റുള്ളവർ അവർ സംസാരിക്കുന്നത് കണ്ട് അകത്തേക്ക് പോയിരുന്നു. " ഹായ്...... ഞാൻ വരുൺ ശിവൻ.... " " ദേവ് മാധവ്..... " പരസ്പരം ഹസ്ത ദാനം നൽകി സംസാരിക്കുന്നവരെ നോക്കി സോജ വെറുതേയങ്ങനെ നിന്നു. " എന്താ ഇവിടെ....??? " " അത്..... ഞാൻ പിന്നെ.... എനിക്കിവിടെ അടുത്തൊരു പ്ലോട്ട് വാങ്ങാൻ പ്ലാനുണ്ടായിരുന്നു. അത് നോക്കാൻ വന്നതാ. തിരിച്ചു പോകും വഴിയാ ഇവിടെ ആളനക്കം കണ്ടത്.

അതാ പിന്നെ.... സോജ..... എന്റെ പഴയൊരു ആരാധികയാണ്. നല്ലൊരു ഫ്രണ്ട്ഷിപ്പും ഉണ്ടായിരുന്നു.... " ദേവ് പറഞ്ഞത് കേട്ട് വരുൺ വെറുതേയൊന്ന് ചിരിച്ചു. " കയറിയാൽ കാപ്പി കുടിച്ചിട്ട് പോകാം..." " ഏയ് വേണ്ട... എനിക്കിത്തിരി തിരക്കുണ്ട്..... " വീണ്ടും ഒരിക്കൽ കൂടി പരസ്പരം ഷേക് ഹാൻഡ് നൽകി വരുണിനോട് യാത്ര പറഞ്ഞ് തന്റെ നേർക്കൊരു നോക്ക് പോലും നൽകാതെ തിരികെ പോകുന്നവനെ നോക്കി നിൽക്കുമ്പോൾ സോജയ്ക്ക് തന്റെ ഹൃദയം വിങ്ങും പോലെ തോന്നി. ഇനിയും അവനകന്ന് പോകുന്നത് നോക്കി നിന്നാൽ ഹൃദയം വീർപ്പുമുട്ടി പൊട്ടിച്ചിതറിയാലോ എന്ന് ഭയന്ന് പോയ സോജ പെട്ടന്ന് കുഞ്ഞിനെ വരുന്നിന്റെ കയ്യിലേക്ക് വച്ചുകൊടുത്തിട്ട് അകത്തേക്ക് കയറിപ്പോയി. വരുൺ അവളെ തടയാനും ശ്രമിച്ചില്ല. തിരികെയുള്ള യാത്രയിൽ ദേവിന്റെ മനസ് തിരയടങ്ങിയ തീരം പോലെ ശാന്തമായിരുന്നു. ഈ നിമിഷം വരെ കാത്തിരുന്നവളെ ഇനിയും കാക്കേണ്ടതില്ലെന്ന തിരിച്ചറിവിൽ അവന്റെ മനസ് വല്ലാതെ തണുത്ത് മരവിച്ച് പോയിരുന്നു.

ചടങ്ങുകളൊക്കെ കഴിഞ്ഞ് തിരികെയെത്തിയ പാടെ മുറിയിൽ കയറി കതകടച്ച സോജ പിന്നീട് പുറത്തിറങ്ങിയതേയില്ല. വർഷങ്ങളായി സ്വയം തീർത്ത ആ ഇടുങ്ങിയ ലോകത്തിലേക്ക് ചേക്കേറിയ അവളവിടെത്തന്നെ തളക്കപ്പെട്ടിരുന്നു. അതിനുള്ളിൽ അവളും അന്നുമിന്നും അവളുടെ പ്രാണനായവനും മാത്രമേ ഉണ്ടായിരുന്നുള്ളു. ദേവ് എന്ന ഭ്രാന്തിനെ സിരകളിലേക്കാവാഹിച്ച് അവളൊരു ഭ്രാന്തിയെപ്പോലെ പൊട്ടിക്കരഞ്ഞു. ആദ്യമായും അവസാനമായും അവന്റേതായി മാറിയ ആ രാത്രി ധരിച്ചിരുന്ന , അന്ന് അവന്റെ ഗന്ധത്താൽ മത്ത് പിടിപ്പിച്ചിരുന്ന , എന്നാലിന്ന് വെറുമൊരു തുണി മാത്രമായിരുന്ന ആ വസ്ത്രത്തിൽ മുഖം പൂഴ്ത്തിക്കിടന്ന് അവന്റെയാ ഗന്ധത്തിനായി പരതിക്കൊണ്ടിരുന്നു. " വീണ്ടും..... വീണ്ടും ഒരു മനസാക്ഷിക്കുത്തുമില്ലാതെ എന്നേ വലിച്ചെറിഞ്ഞു കളഞ്ഞു പോകാൻ കഴിഞ്ഞോ ദേവ്.....

നമ്മുടെ...... നമ്മുടെ കുഞ്ഞിനെപ്പോലും ഒന്ന് കയ്യിലെടുക്കാൻ തോന്നിയില്ലേ.....????? " സ്വയം മറന്നൊരു ഭ്രാന്തിയെപ്പോലെ അവളലറിക്കരഞ്ഞു. പെട്ടന്നായിരുന്നു വാതിലിൽ മുട്ട് കേട്ടത്. പൊടുന്നനെ ആരോ പിടിച്ചു നിർത്തിയത് പോലെ അവളുടെ കരച്ചിൽ നിന്നു. കണ്ണും മുഖവും അമർത്തിത്തുടച്ച് അവൾ ചെന്ന് വാതിൽ തുറന്നു. വരുണായിരുന്നു മുന്നിൽ. അവനെ കണ്ടതും വീണ്ടും ഞെട്ടറ്റ് വീണൊരു വാടിയ പൂവ് പോലവളവന്റെ മാറിലേക്ക് വീണു. " മോളെ..... " " എനിക്ക് പോണം വരുൺ..... പോയെ പറ്റു..... ഇനിയും വയ്യ.... എനിക്ക് ചോദിക്കണം വീണ്ടും വീണ്ടും എന്നെയിങ്ങനെ ഉപേക്ഷിക്കാൻ എങ്ങനെ കഴിയുന്നുവെന്ന്..... " അവളവന്റെ മാറിൽ തലയൂരുട്ടിക്കരഞു. " മറ്റൊരുവന്റെ ഭാര്യയെ എന്തർത്ഥത്തിൽ ഒപ്പം വിളിക്കും സോജാ.....??? " അവന്റെ ചോദ്യം കേട്ടതും അവൾ പൊള്ളിയിട്ടെന്നപോൽ ഞെട്ടി മുഖമുയർത്തി.....തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story