ആരാധികേ: ഭാഗം 48

aradhika abhirami

രചന: അഭിരാമി ആമി

" മറ്റൊരുവന്റെ ഭാര്യയെ എന്തർത്ഥത്തിൽ ഒപ്പം വിളിക്കും സോജാ.....??? " അവന്റെ ചോദ്യം കേട്ടതും അവൾ പൊള്ളിയിട്ടെന്നപോൽ ഞെട്ടി മുഖമുയർത്തി. ആ കണ്ണുകളിലേക്ക് ഒരു കൊച്ചുകുട്ടിയുടെ പകപ്പോടെ നോക്കി. " വ്..... വരുൺ..... എന്താ പറഞ്ഞത്.....??? " " അതേ സോജാ ദേവ് കരുതിയിരിക്കുന്നത് നീ എന്റെ ഭാര്യയാണെന്നാണ്. ആലിമോൾ എന്റെ കുഞ്ഞാണെന്നാ......'' ആ വാക്കുകൾ കേട്ടതും പൊള്ളിപ്പിടഞ്ഞുപോയ ആ പെണ്ണ് ഞെട്ടി പിന്നിലേക്ക് മാറി. " ദേവ്..... ദേവിനോട് ആരാ.... ഇത്.... " " ഞാൻ തന്നെയാ സോജാ.... ഇന്നലെ നിന്നേ ഇവിടെ കൊണ്ടാക്കിയിട്ട് ഞാൻ അച്ചാറ് കമ്പനിയിലോട്ട് പോകും വഴി എന്നേ കാണാൻ ഒരാൾ വന്നിരുന്നു. " " ആരാ.... ദേവാണോ വന്നേ....??? " ആകാംഷ കൊണ്ട് ഇപ്പൊ പൊട്ടിത്തെറിക്കുമെന്ന അവസ്ഥയിൽ സോജ ചോദിച്ചു. " അല്ല സോജാ.... ദേവിന്റെ ഫ്രണ്ടായ ഡയറക്ടർ ജെറി എബ്രഹാമായിരുന്നു വന്നത്. ഞങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി നമ്മൾ ഭാര്യാഭർത്താക്കന്മാർ ആണെന്നും ആലിമോൾ നമ്മുടെ കുഞ്ഞാണെന്നുമുള്ള മുൻ ധാരണയോടെയാണ് ജെറി വന്നിരിക്കുന്നതെന്ന്.

എന്തുകൊണ്ടോ അത് തിരുത്താൻ ഞാനും ശ്രമിച്ചില്ല. ആ രീതിയിൽ തന്നെ ഞാനും സംസാരിച്ചു. അപ്പോൾ എന്റെ ശെരി അത് മാത്രമായിരുന്നു. കാരണം നിന്നേ ഇത്രയൊക്കെ നോവിച്ച ദേവിനെ അവസാനമായൊരിക്കൽ കൂടിയൊന്ന് നോവിക്കണമെന്ന് എനിക്ക് തോന്നി. പക്ഷേ എനിക്കുറപ്പുണ്ടായിരുന്നു നീ പറഞ്ഞറിഞ്ഞ ദേവ് മാധവിന് ഏതവസ്ഥയിലാണെങ്കിൽ പോലും സോജയെ മറക്കാൻ കഴിയില്ലെന്നും നീ നാട്ടിലെത്തിയെന്നറിഞ്ഞാൽ കേട്ട വാർത്തയൊന്നുറപ്പിക്കാൻ വേണ്ടിയെങ്കിലും അയാൾ നിന്നേ തേടി വരുമെന്നും. എന്റെ ആ പ്രതീക്ഷയും തെറ്റിയില്ല. ദേവ് വന്നു. നീ എന്റെ കൂടെ സന്തോഷമായി ജീവിക്കുന്നെന്ന തെറ്റിദ്ധാരണയിൽ മടങ്ങിപോവുകയും ചെയ്തു.....'" " നീ.... നീയെന്തിനാ വരുൺ..... ഇങ്ങനെ.... ഇങ്ങനൊക്കെ ചെയ്തെ....??? എനിക്ക്..... എനിക്കെന്റെ കുഞ്ഞിന്റെ അച്ഛനെ വേണം..... ഇനിയും ദേവില്ലാതെ ജീവിക്കാൻ വയ്യെനിക്ക്.... ഒന്നും രണ്ടുമല്ല മൂന്ന് വർഷങ്ങൾ ഞാൻ എന്റെ മോളേം കൊണ്ട് ഉരുകി തീരുവായിരുന്നു ഞാൻ.... ഇനിയും വയ്യെനിക്ക്.....

തേടി വന്നപ്പോഴൊക്കെ ആട്ടിയോടിച്ചിട്ടേയുള്ളൂ. ഇനിയും വയ്യ.... ഇനിയെങ്കിലും എനിക്കാ മനുഷ്യനെ ചേർത്തു പിടിക്കണം. ആ ചോരയിൽ പിറന്ന എന്റെ കുഞ്ഞിനെ കയ്യിൽ വച്ചു കൊടുക്കണം. എനിക്ക്..... എനിക്ക് ദേവിനെ വേണം വരുൺ..... എനിക്ക് വേണം.... കൊണ്ടുത്താ..... കൊണ്ടുവാ വരുൺ.... " " കൊണ്ടുവരാം..... കൊണ്ടുവരാം സോജാ..... കരയല്ലേ..... " വരുൺ അവളെ ചേർത്ത് പിടിച്ച് മുടിയിൽ തഴുകി. 💞..............💞 " നാളെയെന്താ വിപി പരുപാടി....?? " " നാളെ സാറിനില്ല സാർ..... ഇനി വെള്ളിയാഴ്ചയെ ഉള്ളു. " " മ്മ്ഹ്.... ഓക്കേ. എന്നാപ്പിന്നെ ഞാനിറങ്ങുവാ. " അന്നത്തെ ഷൂട്ട് പൂർത്തിയാക്കി ദേവ് പുറത്തേക്ക് വരുമ്പോഴായിരുന്നു തന്റെ കാറിനരികിൽ പതിവില്ലാത്ത ഒരാളേ കണ്ടത്. അത് വരുണായിരുന്നു. അവനെ കണ്ടതും ഒന്ന് വല്ലാതായെങ്കിലും ദേവ് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവനരികിലേക്ക് നടന്നു. " വരുണെന്താ ഇവിടെ.....??? "

" ഞാൻ ദേവിനെ ഒന്ന് കാണാൻ വേണ്ടിയാ ഇവിടെ കാത്തുനിന്നത്. " " എന്നെയോ.... എന്താ കാര്യം....??? " " നമുക്കിവിടുന്നൊന്ന്...... വിഷയം അല്പം പേഴ്സണലാണ്. " ചുറ്റുപാടുമൊന്ന് കണ്ണോടിച്ച് വരുൺ പറഞ്ഞു. " മ്മ്ഹ് വരൂ..... " അവിടെ നിന്നും ദേവിന്റെ കാറിലായിരുന്നു അവർ ബീച്ചിലെത്തിയത്. " പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പറയാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ലല്ലേ ദേവ്.... " ദേവതിന് മറുപടിയൊന്നും പറഞ്ഞില്ല.l അവൻ വെറുതെ കടലലകളിലേക്ക് തന്നെ നോക്കി നിന്നു. " സോജയും ദേവും തമ്മിൽ ഒരു ആരാധികയും നടനും തമ്മിലുള്ള അടുപ്പത്തിനുമപ്പുറമൊരു ഇഷ്ടമുണ്ടായിരുന്നുവല്ലേ.....??? " വരുണിന്റെ പെട്ടന്നുള്ള ചോദ്യം ദേവിനെയാകെയൊന്നുലച്ചു. സോജയിന്ന് അയാളുടെ ഭാര്യയാണ്.... അയാളുടെ കുഞ്ഞിന്റെ അമ്മയാണ്. എന്നോ ഒരിക്കൽ ഉണ്ടായിരുന്ന തന്റെ സ്നേഹം അവളുടെ കുടുംബജീവിതത്തിൽ ഒരു കല്ലുകടിയായിക്കൂടാ. അല്ലെങ്കിൽ തന്നെ അതിതിലിത്ര എടുത്തു പറയാനെന്തുണ്ട്....????

അവൾക്ക് മുറിവുകൾ മാത്രം സമ്മാനിച്ച ഒരു ദുരന്തകാലമെന്നതിനപ്പുറം ആ ബന്ധത്തിനെന്തർഥമാണുള്ളത്. സോജയിന്ന് വരുണിൽ സന്തോഷവതിയാണ്. അതിനിടയിലേക്കൊരിക്കലും ദേവ് മാധവെന്ന ചീഞ്ഞളിഞ്ഞ അധ്യായം വലിച്ചിഴക്കപ്പെടരുത്. " ദേവൊന്നും പറഞ്ഞില്ല..... " അവനിൽ നിന്നും മറുപടിയൊന്നും ഇല്ലെന്ന് കണ്ട് വരുൺ വീണ്ടും ചോദിച്ചു. " തമ്മിലുള്ള ബന്ധം എന്നൊന്നും പറയാനില്ല വരുൺ. ഞാൻ..... എനിക്കവളെ ഇഷ്ടമായിരുന്നു. അതിൽ സോജയ്ക്ക് പങ്കൊന്നുമില്ല. " അത് കേട്ടതും വരുൺ പതിയെ ഒന്ന് ചിരിച്ചു. " സോജാ വെങ്കിടാചെലമെന്ന പെണ്ണിനെ പൂർണമായും മനസ്സിലാക്കാതെ പോലുമാണോ ദേവ് മാധവ് അവളെ സ്നേഹിച്ചത്.... നിങ്ങളേ മറന്നവളൊരു ജീവിതത്തിലേക്ക് കടന്നാൽ തന്നെയും ആ ബന്ധമവൾ മറച്ചുവയ്ക്കുമെന്ന് ദേവ് കരുതുന്നുണ്ടൊ....??? "

വരുണിന്റെ ചോദ്യത്തിന് മുന്നിൽ ദേവിന്റെ ശിരസ് കുനിഞ്ഞ് പോയി. " അത് ഞാൻ..... " " വേണ്ട ദേവ്.... എനിക്ക് മനസ്സിലാകും... " " സോജ..... അവൾ..... അവളൊരു പാവാ.... ഞാൻ.... ഒത്തിരി നോവിച്ചിട്ടുണ്ട്. ഇനി നിങ്ങളും കൂടി വേദനിപ്പിക്കരുത്. ഇപ്പൊ അവൾക്കുള്ള സന്തോഷം ഇനിയുമുണ്ടാകണം. ഞാൻ.... ഞാൻ നിങ്ങൾക്കിടയിലേക്ക് ഒരിക്കലും വരില്ല." ഒരപേക്ഷ പോലെ പറഞ്ഞവനെ നോക്കി നിൽക്കുമ്പോൾ വരുണറിയുകയായിരുന്നു ദേവിനും സോജയ്ക്കുമിടയിലെ അദൃശ്യമായ ആ ബന്ധനത്തെ. " നിങ്ങൾക്ക് തെറ്റിപ്പോയി ദേവ്..... അവൾക്ക് കൊടുക്കാൻ എന്റെ കയ്യിലൊന്നുമില്ല. നിങ്ങൾ കരുതും പോലെ വരുൺ ഒപ്പമുണ്ടെന്ന് കരുതി സന്തോഷമായിരിക്കില്ല. ഇപ്പോഴും അങ്ങനെയല്ല അവളുടെ ജീവിതം. ദേവ് മാധവിനും അപ്പുറം അവൾക്കൊരു സന്തോഷവുമില്ല. നിങ്ങളിൽ മാത്രമേ അവൾക്ക് സന്തോഷിക്കാൻ കഴിയൂ ദേവ്.... "

വരുണത് പറഞ്ഞതും കടലിലേക്ക് നോക്കി നിൽക്കുകയായിരുന്ന ദേവിന്റെ നെഞ്ചിലൊരായിരം അഗ്നിപർവതങ്ങൾ ഒരുമിച്ച് പൊട്ടിത്തെറിച്ചു. അതിൽ നിന്നുരുകിയൊലിച്ച ലാവയിൽ അവന്റെ നെഞ്ച് പൊള്ളിയടർന്നു. " എനിക്ക്..... എനിക്കൊന്നും..... " " മനസിലാവില്ല ദേവ്..... സോജയെന്ന പെണ്ണിനെ മനസ്സിലാക്കാൻ നിങ്ങൾ ഇനിയും വളരേണ്ടിയിരിക്കുന്നു. ദേവ് മാധവിനുമപ്പുറം സോജയ്ക്കൊരു ജീവിതമില്ല. അവൾ..... അവളിന്നും നിങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്.... നിങ്ങളേയാണ് കാത്തിരിക്കുന്നത്. " " സ്റ്റോപ്പ്‌ ഇറ്റ്...... " കടലിരമ്പത്തിനെയും കവച്ചുവയ്ക്കുന്ന അവന്റെയലർച്ചയിൽ വരുൺ ഒന്ന് പകച്ചു പോയി.

" എന്താ നീ തെളിയിക്കാൻ നോക്കുന്നത്.....??? സ്വന്തം ഭാര്യയും ദേവ് മാധവും തമ്മിലുണ്ടായിരുന്ന അവിശുദ്ധ ബന്ധത്തിന്റെ കുഴിച്ചു മൂടപ്പെട്ട അധ്യായങ്ങളോ....??? അതോ....." " എനിക്ക് തെളിയിക്കാൻ ഒന്നുമില്ല ദേവ്..... പറയാൻ മാത്രമേയുള്ളു. കഴുത്തിൽ താലി ചാർത്തിയിട്ടും , ശരീരം പകുത്ത് നൽകിയിട്ടും സ്വന്തം ഭർത്താവിനെ മറ്റൊരു മവൾക്ക് വിട്ടു നൽകേണ്ടി വന്ന ഗതികെട്ട ഒരു പെണ്ണിന്റെ കഥ.... അവന് വേണ്ടി ഈ നിമിഷം വരെയും ഉരുകിതീർന്നുകൊണ്ടിരിക്കുന്ന , വർഷമിത്രയുമായിട്ടും അവന് വേണ്ടി മാത്രം കാത്തിരിക്കുന്ന അവളുടെ കണ്ണീരിന്റെ കഥ....." ഒന്ന് ഞെട്ടാൻ പോലുമുള്ള കഴിവില്ലാതെ വല്ലാത്തൊരു തളർച്ചയോടെ തന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന ദേവിന്റെ കൈകളെ വരുൺ ചേർത്ത് പിടിച്ചു. " സോജയിന്നും ദേവ് മാധവിന്റെ പെണ്ണാണ്..... അവളുടെ കഴുത്തിൽ കിടക്കുന്നത് അന്ന് നിങ്ങളണിയിച്ച അതേ താലി തന്നെയാണ്......".....തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story