ആരാധികേ: ഭാഗം 49

aradhika abhirami

രചന: അഭിരാമി ആമി

വൈകുന്നേരം വരുൺ തിരികെ വരുന്നത് നോക്കി ഉമ്മറത്ത് തന്നെയിരിക്കുകയായിരുന്നു സോജ. അതുവരെയില്ലാത്ത ഒരു ആകാംഷ അവളിൽ നിറഞ്ഞ് നിന്നിരുന്നു. അവൾ വരുണിനുമപ്പുറം മാറ്റാരെയോ പ്രതീക്ഷിക്കുന്നുണ്ടെന്ന് ആ തിളങ്ങുന്ന കണ്ണുകൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. " എന്നാ ജാനി റൊമ്പ നേരമാ നീ ഇങ്കെ തന്നെ വെയിറ്റ് പണ്ണിട്ടിരുക്ക്..... എന്നാച്ച്മാ.....???? " കുറേ നേരമായി അവളെ ശ്രദ്ധിക്കുകയായിരുന്ന പാട്ടി അവൾക്കരികിലേക്ക് വന്നിരുന്നുകൊണ്ട് ചോദിച്ചു. " അതൊന്നുല്ല പാട്ടി..... ഞാൻ വരുണിനെ നോക്കിയിരുന്നതാ. ഞാനവങ്കിട്ടെ ഒരു പ്രധാനപ്പെട്ട കാര്യം ഏൽപ്പിച്ച് വിട്ടിരുന്നു. അതെന്തായിന്നറിയാൻ കാത്തിരിക്കുവാ.... " അവൾ പറഞ്ഞത് കേട്ട് പാട്ടി വെറുതേയൊന്ന് പുഞ്ചിരിച്ചു. " നീ ഏതാവത് സാപ്പിട്ടിയാ ജാനി.....???"

" ഉവ്വുവ്വ്..... കാലയിലേ രണ്ട് ഇഡ്ഡലി താ ഇന്നത്തെ ആഹാരം. ഉച്ചക്കും ഊണ് കഴിച്ചില്ല. " മീനാക്ഷിയമ്മയായിരുന്നു അത്. അവരും വന്നവൾടെ മറുവശത്തിരുന്നു. " അതെന്നമ്മാ ഇപ്പടി സാപ്പിടാമേ നീ എന്ന പണ്ണപ്പോറെ....???? " " അത് പാട്ടി..... " അവളെന്തോ പറഞ്ഞ് പാട്ടിയേയും മീനാക്ഷിയമ്മയെയും സോപ്പിടാൻ തുടങ്ങുമ്പോഴായിരുന്നു വരുണിന്റെ കാറിന്റെ ഹോണടി കേട്ടത്. സോജയൊരു പിടച്ചിലോടെ അങ്ങോട്ട് നോക്കുമ്പോഴേക്കും കാർ പടിപ്പുര കടന്ന് മുറ്റത്തേക്ക് കയറിയിരുന്നു. അവളുടെ കണ്ണുകൾ ആകാംഷയോടെ അതിനുള്ളിലേക്ക് പാറി വീണു. ഇരുന്നിടത്ത് നിന്നും ചാടിയെണീറ്റ സോജ ഓടി മുറ്റത്തേക്കിറങ്ങിച്ചെല്ലുന്നത് കണ്ട് പാട്ടിയും മീനാക്ഷിയും അന്തം വിട്ട് പരസ്പരം നോക്കി. " വരുൺ..... കണ്ടോ..... ദേവിനെ കണ്ടോ...... പറഞ്ഞൊ..... ദേവ്..... ദേവെന്ത് പറഞ്ഞു. ഉടനെ വരുമായിരിക്കുമല്ലേ.....??? "

ആകാംഷയിൽ ചോദിക്കുമ്പോൾ വീർത്തു പൊട്ടാറായ ഒരു ബലൂണിനെപ്പോലെയായിരിക്കും ഇപ്പൊഴവളുടെ ഹൃദയമെന്ന് തോന്നിപ്പോകുമായിരുന്നു. അത്രമേൽ വെപ്രാളം നിറഞ്ഞിരുന്നു അവളുടെ മിഴികളിൽ പോലും. " നീ വാ സോജാ.... " അവളെയകത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുകൊണ്ട് വരുൺ പറഞ്ഞു. " വരുൺ...... " അവളുടെ മുഖം ചെറുതായി മങ്ങിതുടങ്ങിയിരുന്നു. മിഴികളിൽ നനവൂറി. " വന്നില്ല..... വരില്ല. ഒരിക്കൽ മുറിഞ്ഞ ബന്ധത്തെ വീണ്ടും കൂട്ടി ചേർക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞു. " വരുണത് പറഞ്ഞതും അവന്റെ കൈയിൽ അമർന്നിരുന്ന സോജയുടെ കൈകൾ അയഞ്ഞു. പെയ്യാൻ വെമ്പി നിന്ന മിഴികളിൽ നിന്നും ആശ്രയമറ്റത് പോലെ ഒരു നുള്ളി മിഴിനീർ നിലത്തേക്കിറ്റ് വീണു. " ശ്..... ശെരിയാ.... ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും. പോ..... പോട്ടെ.... സാരമില്ല..... എന്.... എന്റെ ആലിയെവിടെ മീനാമ്മേ.... എന്റെ മോൾക്ക് വിശക്കുന്നുണ്ടാവും. "

തനിക്ക് നോവുന്നില്ലെന്ന് ചുറ്റും നിൽക്കുന്നവരെ ബോധിപ്പിക്കാൻ ഒരു പാഴ്ചിരിയുടെ കൂട്ടുപിടിച്ചുകൊണ്ടവൾ പതറിപ്പതറി അകത്തേക്ക് നടക്കാൻ തുടങ്ങി. " സോജാ..... " പെട്ടന്ന് വരുൺ വിളിച്ചു. വിളി കേട്ടില്ലെങ്കിലും അവളുടെ കാലുകൾ നിശ്ചലമായി. " ഇതാരാണെന്ന് നോക്കിയേ..... " അവനത് പറഞ്ഞതും പ്രതീക്ഷകൾക്ക് മരണമില്ലാത്തത് കൊണ്ടാകാം അവൾ വെപ്രാളത്തിൽ ഞെട്ടിത്തിരിഞ്ഞത്. വരുൺ ചൂണ്ടിയിടത്തേക്ക് നോക്കുമ്പോൾ കാറിൽ നിന്നിറങ്ങിയവനെ കാണാൻ പോലും കഴിയാത്ത വിധം കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചിരുന്നു. ചുവടുകൾക്കപ്പുറം നിൽക്കുന്ന പ്രാണനെ നോക്കി നിൽക്കവേ നെഞ്ച് പൊട്ടിപ്പോകുമോ എന്ന് പോലും അവൾ ഭയന്നുപോയി. അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇത്രയും നാൾ തനിക്ക് വേണ്ടി കത്തിച്ച കേടാവിളക്ക് പോലെയെരിഞ്ഞുകൊണ്ടിരുന്ന ആ പെണ്ണിനെയവൻ അലിവോടെ നോക്കി.

ആ കണ്ണുകളും ഒന്ന് പെയ്യാൻ കൊതിച്ച് നീറിപ്പുകയുന്നുണ്ടായിരുന്നു. " ദേവ്..... " സോജയുടെ അധരങ്ങളൊന്ന് വിങ്ങി. ഇനിയും അവിടെ നിന്നാൽ ചങ്ക് പൊട്ടിപ്പോകുമെന്ന് ഭയന്നിട്ടെന്നത് പോലെ അവളൊരു ഏങ്ങലോടെ അകത്തേക്ക് ഓടി. " സോജാ.... " വരുൺ വിളിച്ചെങ്കിലും അവളത് ശ്രദ്ധിക്കാതെ തന്റെ മുറിയിലേക്ക് തന്നെ പോയി. " കയറി വാ ദേവ്.... " അവളുടെ പ്രവർത്തിയിൽ എന്ത് ചെയ്യണമെന്നറിയാതെ മുറ്റത്ത് തന്നെ നിന്നിരുന്ന ദേവിനെ നോക്കി വരുൺ ക്ഷണിച്ചു. കണ്ണുകൾ വിരൽ കൊണ്ടൊപ്പി അവൻ അകത്തേക്ക് കയറി വന്നു. " മുകളിൽ ആദ്യം കാണുന്നതാ സോജയുടെ റൂം.... ചെല്ല്..... പറയാനും കേൾക്കാനുമുള്ളതെല്ലാം പറഞ്ഞും കേട്ടും തീർക്ക്. " ദേവിന്റെ തോളിലൊന്ന് തട്ടി വരുൺ പറഞ്ഞതും അരികിൽ നിന്നിരുന്ന പാട്ടിയേയും മീനമ്മേം നോക്കിയൊരു വാടിയ പുഞ്ചിരി സമ്മാനിച്ചിട്ട് അവൻ അകത്തേക്ക് നടന്നു.

സോജയുടെ മുറിയുടെ വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളു. വാതിൽ തള്ളിത്തുറന്നകത്തേക്ക് കടന്നതും കണ്ടു കട്ടിലിന്റെ ചുവട്ടിൽ മുട്ടിൽ മുഖം പൂഴ്ത്തിയിരുന്ന് ഏങ്ങുന്നവളെ. വാതിലടച്ച് അരികിലെത്തിയിട്ടും അവളൊന്ന് ചലിച്ചത് കൂടിയില്ല. അതേയിരുപ്പ് തുടർന്നു. " സോജാ..... " മുട്ടുകുത്തിയവൾക്കരികിലേക്കിരുന്നതും ശക്തമായൊരേങ്ങലോടെ അവളവനെ വാരിപ്പുണർന്നു. " ദേവ്....." നെഞ്ചുരുകി കരഞ്ഞവളെ നെഞ്ചോട് ചേർക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ആ കൈകൾ വല്ലാതെ മുറുകിയിരുന്നു. " ഞാൻ..... ഞാനോർത്തു വീണ്ടും.... ഇനിയും വയ്യ..... ഇങ്ങനെ..... ഇങ്ങനെ ചങ്ക് പൊട്ടി..... ഇനിയും..... എന്നെ വിട്ടിട്ട് പോവല്ലേ ദേവ്..... " ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പതറിക്കരഞ്ഞവളെ മാറിലേക്കമർത്തിപ്പിടിച്ച് ആ മുഖം കൈക്കുമ്പിളിലെടുത്ത് തുരു തുരെ ചുംബിക്കുമ്പോൾ ഇനിയും വിട്ടുകളയില്ലെന്ന് പറയാതെ പറയുകയായിരുന്നു ദേവ്.

" നീയല്ലേ പെണ്ണേ എന്നും എന്നിൽ നിന്നുമോടിയൊളിച്ചത്..... എന്നേ നീയല്ലേ വെറുത്തത്..... " പറഞ്ഞു തീരും മുൻപ് തന്നെ അവളന്റെ വായ പൊത്തിയിരുന്നു. " പറയല്ലേ ദേവ്.... വെറുപ്പാണെന്ന് മാത്രം പറയല്ലേ..... ദേവിനെ വെറുത്തിട്ട് സോജയ്ക്കൊരു ജീവിതമുണ്ടെന്ന് തോന്നുന്നുണ്ടോ.....???" '' പിന്നെന്തിനായിരുന്നു ഇതൊക്കെ.....??? കാല് പിടിച്ച് പറഞ്ഞിട്ടും എന്നേ വിട്ട് പോയതെന്തിനായിരുന്നു.....???? " " അറിയില്ല ദേവ്.... എനിക്കൊന്നുമറിയില്ല. ഞാൻ കാരണം ദേവിനുള്ളതൊന്നും നഷ്ടമാകരുതെന്ന് മാത്രമേ ഞാനപ്പോ ഓർത്തുള്ളു. അതിനുമപ്പുറമൊന്നുമുണ്ടായിരുന്നില്ല എന്റെ മനസ്സിൽ.... പക്ഷേ.... പക്ഷേ .... " വാക്കുകളെ മുഴുമിപ്പിക്കാൻ കഴിയാതെ അവന്റെ മാറിൽ മുഖം പൂഴ്ത്തി ആ പെണ്ണ് വിങ്ങിക്കരഞ്ഞു. " ..... മ്മ്മ.....ഹ്ഹ.... അമ്മ.... "

പെട്ടന്നായിരുന്നു മുറിയുടെ മൂലയിലെ തൊട്ടിലിൽ നിന്നും ഒരു കുരുന്നിന്റെ കൊഞ്ചൽ കേട്ടത്. ദേവും സോജയും ഒരുപോലെ അവിടേക്ക് നോക്കി. അപ്പോഴേക്കും ആലി തൊട്ടിലിൽ എണീറ്റ് മുട്ടുകുത്തി നിന്ന് പുറത്തേക്ക് ചാടാൻ വെമ്പൽ കൊള്ളുകയായിരുന്നു. അത് നോക്കിയിരുന്ന കണ്ണീരിനിടയിലും ഒരു പുഞ്ചിരിയോടെ സോജ ദേവിന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി. പക്ഷേ ആ മുഖത്തെ ഭാവമാറ്റം അവളെയൊന്ന് ഭയപ്പെടുത്താതെയിരുന്നില്ല. അവന്റെ മുഖമൊന്ന് വാടിയിരുന്നു അപ്പോൾ. പിന്നെ സോജക്ക് പിടികിട്ടാത്ത ഏതോ ഭാവത്തിൽ അവളെയൊന്ന് നോക്കി. അതിലുണ്ടായിരുന്നു അവന്റെയുള്ളിലെ ചോദ്യങ്ങളെല്ലാം. അത് മനസ്സിലാക്കിയ സോജ വേഗമെണീറ്റ് ചെന്ന് കുഞ്ഞിനെയെടുത്തുകൊണ്ട് അവന്റെയരികിലേക്ക് തന്നെ വന്നു. പിന്നെ ആലിയെ അവന്റെ കയ്യിലേക്ക് നീട്ടിയെങ്കിലും ദേവെന്തോ മോളെ വാങ്ങാതെ അവളെ തന്നെ നോക്കി നിന്നു.

" നമ്മുടെ..... നമ്മുടെ കുഞ്ഞാ..... അന്ന്..... അന്നാ രാത്രി എനിക്ക് കിട്ടിയ പുണ്യം..... ഒരുപക്ഷേ ഇവളില്ലായിരുന്നെങ്കിൽ ഞാനും...... ഒരിക്കലും അറിയിക്കരുതെന്നായിരുന്നു ഇവൾ വയറ്റിൽ കുരുത്തെന്നറിഞ്ഞ ആദ്യ നാളുകളിലൊക്കെ മനസിലെ ചിന്ത. പക്ഷേ..... പക്ഷേ..... എപ്പോഴോ മനസിന്റെ പിടി വിട്ട് പോയി..... " പറഞ്ഞുകൊണ്ടവൾ വിതുമ്പിക്കരയുമ്പോഴും ദേവിന്റെ കണ്ണുകൾ മുഴുവൻ തിളങ്ങുന്ന കണ്ണുകളോടെ തന്നേ നോക്കിയിരിക്കുന്ന ആ കുരുന്നിൽ തന്നെയായിരുന്നു. കുഞ്ഞികണ്ണുകളും കുരുന്ന് ചുണ്ടുകളുമുള്ള തന്റെ പൊന്നുംകുടത്തിനെ അവൻ കൺനിറയെ കാണുകയായിരുന്നു. " എന്റെ..... എന്റെ കയ്യിലൊന്ന് തരുവോടീ .....??? " അതുവരെ അനുഭവിച്ചിട്ടില്ലാത്ത അച്ഛനെന്ന വികാരം സിരകളിൽ വിറയൽ പടർത്തിയപ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൻ ചോദിച്ചു. പിന്നെ പിടിച്ചുപറിക്കും പോലെ അവളിൽ നിന്നും ആലിയെ പിടിച്ചു വാങ്ങി.

ആ കുഞ്ഞിമുഖത്തും തലയിലുമെല്ലാം ഹൃദയം നിറഞ്ഞ വാത്സല്യത്തോടെ , അത്രമേൽ ആനന്ദത്തോടെ ചുംബിച്ചു. പരിചയമില്ലാത്ത ആളുടെ ചൂടിൽ എത്തിയതിനാലാവാം ആലി മോൾ പെട്ടന്ന് ചിണുങ്ങിക്കരയാൻ തുടങ്ങി. പിന്നെ അവനിൽ നിന്നും ഊർന്നിറങ്ങാൻ ശ്രമിച്ചുകൊണ്ട് സോജയ്ക്ക് നേരെ കൈകൾ നീട്ടി അലറിക്കരഞ്ഞു. " പൊന്നൂന്റെ അപ്പയാടാ.... അമ്മേടെ മുത്തിന്റെ മാത്രം അപ്പ.... " കുഞ്ഞിനെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് സോജ പറഞ്ഞെങ്കിലും കുഞ്ഞ് കരച്ചിൽ നിർത്തുന്നെയുണ്ടായിരുന്നില്ല. അതോടെ അവൾ മോളെ തിരികെ വാങ്ങുമ്പോൾ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു ദേവിന്.. അതേസമയം തന്നെയായിരുന്നു വാതിലിൽ മുട്ട് കേട്ടത്. ദൃതിയിൽ കണ്ണുകൾ തുടച്ചിട്ട് സോജ ചെന്ന് ഡോറ് തുറക്കുമ്പോൾ വരുണായിരുന്നു പുറത്ത്. " ഇപ്പൊ ഇവിടെ നിങ്ങൾ മാത്രം മതി..... മോളെയിങ്ങ് തന്നേക്ക്.... "

സോജയിൽ നിന്നും ആലിയെ വാങ്ങിക്കൊണ്ട് അവൻ പറഞ്ഞു. " അപ്പ..... അപ്പ..... " " ഓഹ്..... ഒന്നുല്ലടാ അപ്പ വന്നില്ലേ.... " കുഞ്ഞിനെ ചേർത്ത് പിടിച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചുകൊണ്ട് വരുൺ പറഞ്ഞു. അതോടെ കരച്ചിലടങ്ങിയ ആലി അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ച് ഏങ്ങി. അവനെ അപ്പാന്ന് വിളിച്ച് അവന്റെ നെഞ്ചോട് ഒട്ടിയിരുന്ന് ഏങ്ങുന്ന കുഞ്ഞിനേയും അവളെ വാത്സല്യത്തോടെ ആശ്വസിപ്പിക്കുകയും ചുംബിക്കുകയും ചെയ്യുന്ന വരുണിനേയും കൂടി നോക്കി നിൽക്കുമ്പോൾ ദേവിന്റെ നെഞ്ചൊന്ന് പിടഞ്ഞു. എന്റേതെന്ന് ഹൃദയം ആർത്തുവിളിക്കുന്നതറിഞ്ഞിട്ടും അവൻ മോളെയും കൊണ്ട് നടന്നുപോകുന്നത് കണ്ടിട്ട് അവൻ നിസഹായനായി നിന്നു. വാതിലടച്ച് തിരിഞ്ഞതും ആ കണ്ണുകളിൽ നിന്നുതന്നെ അവന്റെ ഹൃദയം വായിച്ചറിഞ്ഞ സോജയോടിവന്നവനെ കെട്ടിപ്പിടിച്ചു.

" അവള് കുഞ്ഞല്ലേ ദേവ്..... അവൾക്കെന്തറിയാം.... ജനിച്ച നാൾ മുതൽ വരുണിനെയല്ലേ കാണുന്നത്. മനഃപൂർവമല്ല പക്ഷേ എത്രയൊക്കെ തിരുത്താൻ ശ്രമിച്ചിട്ടും നാവ് വഴങ്ങിത്തുടങ്ങിയ നാള് മുതൽ അവൾ വരുണിനെ അപ്പാന്ന് തന്നെയാണ് വിളിക്കുന്നത്..... പോട്ടെ നമുക്ക് പറഞ്ഞു മനസിലാക്കാം.... ഇനിയെന്നും അവൾക്കൊപ്പമുണ്ടല്ലോ അവളുടെയീ അപ്പ..... പതിയെ അവളും മനസിലാക്കും.... ദേവിലേക്ക് വരും.... അതുവരെ ക്ഷമയോടിരിക്കണം എന്റെ ദേവ്.... " അവളവന്റെ നെഞ്ചിൽ അമർത്തി ചുംബിക്കുമ്പോൾ നെഞ്ചിലെ നീറ്റലടങ്ങിയില്ലെങ്കിലും അവനൊന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവളെ ഇറുക്കെ പുണർന്നു........തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story