ആരാധികേ: ഭാഗം 50

aradhika abhirami

രചന: അഭിരാമി ആമി

" സോജാ..... " വരുൺ കുഞ്ഞിനെയെടുത്തോണ്ട് പോയതിന് ശേഷം അവളെയും നെഞ്ചോട് ചേർത്ത് മുകളിലെ വരാന്തയിലെ സോപാനത്തിൽ ചാരിയിരിക്കുമ്പോൾ ദേവ് പതിയെ വിളിച്ചു. " മ്മ്ഹ്...... " " ഇങ്ങനെയൊക്കെ ആകുമെന്നോ നമ്മൾ വീണ്ടും ഇതുപോലെ ഒന്നാകുമെന്നോ നീ വിചാരിച്ചിരുന്നോ....??? " " മോഹിച്ചിരുന്നു.... പക്ഷേ ആരിൽ നിന്നും ഒന്നും തട്ടിപ്പറിക്കാൻ എനിക്ക് വയ്യായിരുന്നു. അതുകൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ഇനിയും അപ്പക്കും അമ്മയ്ക്കും വേണ്ടി മാത്രമുള്ളൊരു ജീവിതം മതിയെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു വേവുന്ന നെഞ്ചിലൊരു കുളിർ മഴ പോലെ ആ കാര്യമറിഞ്ഞത്..... " അത്രമേൽ ആർദ്രമായി അതിലേറെ ആനന്ദത്തോടെ പറഞ്ഞവളെ ദേവ് വെറുതേ നോക്കിയിരുന്നു. ആ കണ്ണുകളിലെ തിളക്കവും അധരങ്ങളിലെ നിർവൃതിയുടെ പുഞ്ചിരിയും നോക്കിയിരിക്കെ മാതൃത്വമെന്ന വികാരം അവളെയെത്രത്തോളം ആനന്ദിപ്പിക്കുന്നെന്ന് അവൻ അത്ഭുതത്തോടെയോർത്തു. " ഒരുദിവസം അത്താഴസമയത്ത് ഞാനൊന്ന് ശർദിച്ചു.

പിറ്റേദിവസം അപ്പയുടെ നിർബന്ധം കൊണ്ട് ഹോസ്പിറ്റലിൽ ചെന്നപ്പോഴാണ് നമ്മുടെ മോളെന്റെ വയറ്റിലുണ്ടെന്നറിഞ്ഞത്. പിന്നീട് അവളിൽ മാത്രമായിരുന്നു എന്റെ ലോകം. എല്ലാം നഷ്ടപ്പെട്ട് കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോയ എനിക്ക് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു എന്റെ കുഞ്ഞ്. അവളെന്നിലുണ്ടെന്നറിഞ്ഞത് മുതൽ ഞാനെന്റെ ദുഃഖങ്ങളും വേദനകളുമെല്ലാം മറന്നു. എന്റെ പൊന്നുമോൾക്കൊപ്പം തന്നെ എന്നിലെ അമ്മയും വളർന്നുകൊണ്ടിരുന്നു. മോൾക്ക് മൂന്ന് മാസമായപ്പോൾ എന്നിലെ മാറ്റങ്ങളേറി വന്നു. ഇടയ്ക്കിടെ ഛർദിച്ച് കുഴഞ്ഞുവീണു. ഒരുവിധപ്പെട്ട സ്മെല്ലുകളൊന്നും എനിക്ക് പിടിക്കാതെ വന്നു. അതിനനുസരിച്ച് ഛർദിയും കൂടിവന്നു. ഒപ്പം തന്നെ എന്റെ വയറും വളർന്നുവന്നു. അതോടെ ഇനിയും നാട്ടിൽ നിൽക്കുന്നത് ശെരിയാവില്ല എന്ന് അപ്പയ്ക്ക് തോന്നി. വിവാഹം കഴിക്കാത്ത മകൾ അച്ഛനില്ലാത്ത ഒരു കുഞ്ഞിന് ജന്മം നൽകുമ്പോഴുണ്ടാകാൻ പോകുന്ന അപമാനവും വേദനകളും ആ പാവങ്ങളെ ഭയപ്പെടുത്തി.

അങ്ങനെയായിരുന്നു ഞങ്ങൾ അപ്പാവുടെ ഒരു ഫ്രണ്ടിന്റെ സഹായത്തോടെ തിരുന്നൽ വേലിയിലേക്ക് താമസം മാറിയത്. അവിടെ വച്ചായിരുന്നു മോള് ജനിച്ചത്. മോൾ ജനിച്ചുകഴിഞ്ഞപ്പോൾ ഒരാൺതുണയില്ലാതെ ഒറ്റയ്ക്കൊരു പെൺ കുഞ്ഞിനേയും കൊണ്ട് മകൾ ജീവിക്കുന്നത് കാണും തോറും അപ്പയുടെയേയും അമ്മയുടെയും ആധി ഏറിവന്നു. എങ്കിലും മോൾടെ കളിയിലും ചിരിയിലും ഞങ്ങൾ പലതും മറന്ന് ജീവിച്ചു. ഒന്നരവർഷങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി. മോൾടെ നൂലുകെട്ടും പേരിടലും ചോറുകൊടുപ്പുമെല്ലാം മുറപോലെ നടന്നു. ഞാനൊരു ഐറ്റി കമ്പനിയിൽ ജോലിക്ക് ജോയിൻ ചെയ്തു. ജീവിതം ഒരുവിധത്തിൽ കരക്കടുത്ത് തുടങ്ങിയപ്പോഴായിരുന്നു ഈശ്വരന് വീണ്ടുമെന്നേ പരീക്ഷിക്കാൻ തോന്നിയത്. അന്ന് വില്ലേജ് ഓഫീസറായിട്ടുള്ള അപ്പയുടെ അവസാനദിനമായിരുന്നു. റിട്ടയറായ അപ്പക്ക് ഓഫീസിൽ ഒരു സെന്റ് ഓഫ്‌ പാർട്ടിയുണ്ടായിരുന്നു. അതിന് അമ്മയും അപ്പയ്ക്കൊപ്പം പോയിരുന്നു.

പാർട്ടിയൊക്കെ കഴിഞ്ഞ് തിരികെ വരുമ്പോൾ അവർ സഞ്ചരിച്ച കാറ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. സീറ്റ് ബെൽറ്റ്‌ ഇട്ടിട്ടില്ലായിരുന്ന അമ്മ റോഡിലേക്ക് തെറിച്ച് വീണതും എതിരേ വന്നൊരു വണ്ടി..... അപ്പ സീറ്റ് ബെൽറ്റ്‌ ഇട്ടിരുന്നത് കൊണ്ട് പുറത്തേക്ക് വീണില്ല. പക്ഷേ തല ശക്തമായെവിടെയോ ചെന്നിടിച്ച് ഹോസ്പിറ്റലിൽ എത്തിക്കും മുൻപ് അപ്പയും പോയി. ആരോ വിളിച്ചുപറഞ്ഞറിഞ്ഞ് മോളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തിയ ഞാൻ ഒറ്റയ്ക്ക് തന്നെയായിരുന്നു അവിടുത്തെ കാര്യങ്ങളെല്ലാം നോക്കിയത്. അന്നവിടെ ഡോക്ടറായിരുന്ന വരുൺ എന്റെ അവസ്ഥ കണ്ട് ഒരുപാട് സഹായിച്ചിരുന്നെങ്കിലും ഒരു കൈക്കുഞ്ഞിനേയും കൊണ്ട് ഭൂമിയിൽ ആകെയുണ്ടായിരുന്ന തണലും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ എന്നെപോലൊരു പെണ്ണിന് എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയും. അങ്ങനെ തളർന്ന് നിൽക്കുമ്പോഴായിരുന്നു ഹോസ്പിറ്റലിൽ പൊതിച്ചോറുമായി എന്നും വരുമായിരുന്ന വരുണിന്റെ മുത്തശ്ശിയെ കണ്ടത്.

എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന സംശയത്തിൽ കുരുങ്ങി എന്റെ മുന്നിൽ നിന്ന അവരേയോർത്തെടുക്കാൻ എനിക്ക് പക്ഷേ അധികനേരമൊന്നും വേണ്ടി വന്നില്ല. നമ്മൾ ഒരുമിച്ച് ജീവിച്ച ആ രാത്രിക്ക് ശേഷം ദേവിൽ നിന്നുമൊളിച്ചോടി ഞാൻ പാലക്കാട്ടേക്ക് പോയ ദിവസം ട്രെയിനിൽ വച്ച് പരിചയപ്പെട്ട എന്നേ സ്വന്തം കൊച്ചുമോളെപ്പോലെ ചേർത്ത് പിടിച്ച വാത്സല്യനിധിയായ എന്റെ പാട്ടിയായിരിന്നു അത്. പരസ്പരം തിരിച്ചറിഞ്ഞതും നിയന്ത്രണം വിട്ട് ആ മാറിലേക്ക് വീണൊരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞ എന്നെ പാട്ടി വീണ്ടും നെഞ്ചോട് ചേർത്ത് പിടിച്ചു. പാട്ടിയുടെയുടെയും കുടുംബത്തിന്റെയും സഹായത്തോടെ അപ്പേടേം അമ്മേടേം ചടങ്ങുകളെല്ലാം കഴിഞ്ഞു. തിരുന്നൽവേലിയിലേക്ക് തിരികെ പോകാൻ തുടങ്ങിയ എന്നേ പാട്ടി നിർബന്ധപൂർവ്വം ഇവിടേക്ക് കൂട്ടിക്കൊണ്ട്‌ വന്നു. ഇവിടെ പാട്ടിയും വരുണും മീനമ്മേം വൈത്തിഅപ്പായും എല്ലാം എന്നേ ഈ വീട്ടിലെ മകളായും ആലിയെ അവരുടെ പേരക്കുട്ടിയായും ഹൃദയത്തിൽ തന്നെ സ്വീകരിച്ചു.

പതിയെപ്പതിയെ ഇവിടവും ഇവിടുത്തെ ആളുകളും ഞങ്ങളുടേതുമായി. ആറുമാസം മുൻപ് എനിക്ക് ബാംഗ്ലൂർക്ക് ട്രാൻസ്ഫറായി. ഞാൻ മോളെയും കൊണ്ട് അവിടേക്ക് പോയെങ്കിലും തിരികെ വരാൻ എനിക്കിവിടെ എന്നെയും കാത്തൊരു കുടുംബമുണ്ടായിരുന്നു. പാട്ടിയും മീനാമ്മയും കൂടെ ഉണ്ടാക്കി കൊടുത്തുവിടുന്ന അച്ചാറും മോൾക്കുള്ള പലഹാരങ്ങളുമായി എന്റെ സ്വന്തം ചോരയുടെ സ്ഥാനത്ത് വരുൺ ഇടയ്ക്കിടെ എന്നേ കാണാൻ ബാംഗ്ലൂർ വരുമായിരുന്നു. അതിനിടയിൽ ദേവും വൈദേഹിയും വേർപിരിഞ്ഞതും വൈദേഹി വേറെ വിവാഹം കഴിച്ചതും കുഞ്ഞുണ്ടായതുമൊക്കെ മാധ്യമങ്ങൾ വഴിയറിഞ്ഞു. പക്ഷേ ദേവ് മറ്റൊരു ജീവിതത്തിലേക്ക് കടന്നില്ലെന്ന് അറിഞ്ഞിട്ടും തിരികെ വരാൻ എനിക്ക് ഭയമായിരുന്നു. എല്ലാം ഉപേക്ഷിച്ച് ഒരുദിവസം ഒളിച്ചോടിയിട്ടിപ്പോ ഒരു കുഞ്ഞുമായി വരുമ്പോൾ ദേവ് എന്നേ സംശയത്തോടൊന്ന് നോക്കുവെങ്കിലും ചെയ്താൽ അതെനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.

അതുകൊണ്ട് തന്നെ ഒരുപാട് തവണ ഓടിവരാൻ നെഞ്ച് പിടച്ചിട്ടും എല്ലാം ഉള്ളിലൊതുക്കി എന്റെ കുഞ്ഞിലേക്ക് മാത്രമൊതുങ്ങി ജീവിക്കുവായിരുന്നു ഞാൻ. പക്ഷേ ഇന്നലെ വീണ്ടുമെന്നെ തേടി വന്നപ്പോ , ആ കണ്ണുകളിലേ വേദന കണ്ടപ്പോ ഇനിയും അകറ്റി നിർത്താൻ കഴിയില്ലെന്ന് എനിക്ക് മനസിലായി....... " അവന്റെ മാറിൽ മുഖം പൂഴ്ത്തി അവൾ പതിയെ ഏങ്ങി. ദേവ് മറുപടിയൊന്നും പറയാതെ അവളെ ചേർത്ത് പിടിച്ച് നെറുകയിൽ മുകർന്നു. രണ്ടുദിവസത്തെ അവിടുത്തെ താമസത്തിലൂടെ ആലിമോൾ പതിയെപ്പതിയെ അവനോട് അടുത്ത് തുടങ്ങിയിരുന്നു. അത് ദേവിനെയും സോജയേയും ഒരുപോലെ സന്തോഷിപ്പിച്ചു. മൂന്നാം ദിവസം ദേവ് വിളിച്ച് വിവരങ്ങളറിയിച്ചത് പ്രകാരം നിഷയും അമലയും ജെറിയും കൂടെ മഠത്തിലേക്ക് വന്നു. പേരക്കുട്ടിയേയും മരുമകളെയും തിരികെ കിട്ടിയതിൽ നിഷയും ഒരുപാട് സന്തോഷത്തിലായിരുന്നു. " അല്ല പിള്ളേരെ ഇങ്ങനെ നിർത്തിയാ മതിയോ ഇനിയും....??? " ഒരു വൈകുന്നേരം മുതിർന്നവരെല്ലാം കൂടി ഉമ്മറത്തിരുന്ന് സംസാരിച്ചിരിക്കുമ്പോൾ വൈദ്യനാഥൻ എല്ലാവരോടുമായി ചോദിച്ചു.

": ഞാനും ഈ കാര്യം തന്നെയാ ഓർത്തോണ്ട് നിന്നത്. എത്ര ദിവസമായി ഇവിടിങ്ങനെ. അല്ലേ തന്നെ ഇനിയുമിങ്ങനെ സ്വന്തം വീട്ടിൽ നിന്നാൽ പോരല്ലോ സോജയും കുഞ്ഞും. അവർ ജീവിക്കേണ്ടത് അവിടല്ലേ..... പക്ഷേ ഇനിയും പണ്ടെങ്ങോ ദേവ് ആരുമറിയാതെ കെട്ടിയ താലിയുടെ പേരും പറഞ്ഞ് ചുമ്മാ കൈ പിടിച്ചങ്ങ് കൊണ്ടുപോയാൽ പോരാ സോജയെ. ചടങ്ങുകളെല്ലാം ചെയ്ത് വിവാഹം നടത്തിത്തന്നെ ദേവിനൊപ്പം സോജയാ വീടിന്റെ പടി ചവിട്ടണം. " നിഷ പറഞ്ഞത് കേട്ട് എല്ലാവരും പുഞ്ചിരിച്ചു. " ജാനി എങ്ക വീട്ട് പൊണ്ണ് താ..... ആലി എങ്കളുക്ക് പേരയും. നമ്മ വീട്ട് പൊണ്ണ് മറ്റൊരു വീട്ട്ക്ക് പോണത് മുറപോലെ താ വേണം... കോവിലിൽ വച്ച് പുടവ കൊടുത്ത് താലി കട്ടി താ ജാനി മോളെ നാ ഉങ്ക വീട്ടുക്ക് അനപ്പറേ.... " പാട്ടിയും തന്റെ തീരുമാനമറിയിച്ചു. " അപ്പൊ ഏറ്റവും നല്ലൊരു മുഹൂർത്തം നോക്കി അവരുടെ വേളിയങ്ങ് നടത്താം. " വൈത്തിയും ആനന്ദത്തോടെ പറഞ്ഞു. " അത്ര ദൃതിയൊന്നും വേണ്ട.... നടക്കപ്പോറത് എന്റെ ഒരേയൊരു മകളുടെ വേളി താ. അത് ചുമ്മാ വെപ്രാളപ്പെട്ട് നടത്തിയാ പോരാ. എല്ലാം ചടങ്ങ് പോലെ തന്നെ നടത്തണം. അത് ഞങ്ങൾ പെണ്ണ് വീട്ടുകാരുടെ അവകാശമാ. അതുകൊണ്ട് അത്ര പെട്ടന്നൊന്നും ഞങ്ങടെ മോളെയും പേരക്കുട്ടിയേയും കൊണ്ടുപൊക്കളയാമെന്ന് വിചാരിക്കണ്ട. അ..... അത്ര ദിവസമെങ്കിലും എന്റെ കുഞ്ഞുങ്ങളെ ഞാൻ..... ഞാൻ കണ്ടോട്ടെ..... " പറഞ്ഞതും കണ്ണുകൾ നിറഞ്ഞ് വിതുമ്പികരഞ്ഞ് പോയ മീനാക്ഷി എണീറ്റകത്തേക്ക് പോയി. അവരിൽ നിന്നും ആ വേദന വൈത്തിയിലേക്കും പാട്ടിയിലേക്കും പടരുന്നത് നിഷ സന്തോഷത്തോടെ നോക്കിയിരുന്നു.......തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story