ആരാധികേ: ഭാഗം 52

രചന: അഭിരാമി ആമി
" നോക്കരുത് കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും...... " അവന്റെ കള്ളച്ചിരി നോക്കിനിന്ന് കെറുവിച്ചത് പോലെ പറഞ്ഞിട്ട് അവൾ പിന്തിരിഞ്ഞു താഴേക്ക് പോകാൻ തുടങ്ങി. " അങ്ങനങ്ങ് പോകല്ലേ പെണ്ണെ...... " ദേവ് ഒരു വലിക്കവളെ വലിച്ച് തന്റെ ദേഹത്തേക്ക് ഇട്ടു. എന്നിട്ട് അവളുടെ എതിർപ്പുകളെ മറികടന്ന് ഇരു കൈകൾ കൊണ്ടും അവളെ ചുറ്റി വരിഞ്ഞ് പിടിച്ച് വീണ്ടുമാ കഴുത്തിടുക്കിലേക്ക് അധരങ്ങൾ ചേർത്തു. " ആഹ് ദേവ്...... വിട്...... " " ഇല്ല...... " " പാട്ടി വിളിക്കുന്നു....... " " വിളിക്കട്ടെ...... " " ദേവ്..... " " മ്മ്ഹ്..... " " വിട്....... " " ഇറങ്ങി ചെന്നില്ലേ പാട്ടി ഇങ്ങോട്ട് വരും. അതുകൊണ്ട് മര്യാദക്ക് വിടെന്നെ..... " പറഞ്ഞതും അവൾ കുതറി മാറിയെണീറ്റിരുന്നു. " ടീ..... " " ഒന്ന് പോ ദേവ്..... " " ടീ നീ പോയിട്ടെപ്പോ വരും.....???? " " പോയിട്ട് വരുന്നില്ല. കല്യാണമിതുവരെ കഴിഞ്ഞിട്ടില്ല അതിന് മുൻപ് ഈ ആവേശമൊന്നും ആരും കാണണ്ട..... " അവൾ കുസൃതിയോടെ ചിരിച്ചു. " ഓഹ് പിന്നേ അവൾടെയൊരു കല്യാണം...... താഴെക്കൂടൊരു ട്രോഫി ഓടി നടക്കുന്നില്ലെടീ.....
അതിനേം കണ്ടിട്ട് വന്നെന്നോട് ഇമ്മാതിരി വർത്താനം പറയാൻ നിനക്കെങ്ങനെ തോന്നുന്നെടി.....??? " സോജയതിന് മറുപടിയൊന്നും നൽകിയില്ലെങ്കിലും അവളുടെ നീണ്ട മിഴികളൊന്ന് പിടഞ്ഞു. അവയിലെ നീർത്തിളക്കം ദേവ് വ്യക്തമായും കണ്ടു. അവൻ പെട്ടന്നൊരു വല്ലായ്മയോടെ എണീറ്റുവന്നവളെ തന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു. " ഞാനൊരു തമാശ പറഞ്ഞതല്ലേ മോളെ...... ഇനിയും ഇങ്ങനെ കണ്ണ് നിറയ്ക്കല്ലേ നീ.... " അവനവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. " എനിക്ക് കുഴപ്പമൊന്നുമില്ല ദേവ്..... ഞാൻ പെട്ടന്ന്...... വെറുതേ..... ഞാൻ താഴോട്ട് ചെല്ലട്ടെ..... " അവന്റെ പിടി വിടുവിച്ച് താഴേക്ക് പോകാൻ തുടങ്ങിയവളെ അവൻ വീണ്ടും തന്നോട് ചേർത്ത് പിടിച്ചു. " നിനക്കെന്താ സോജാ..... ഞാനൊരു തമാശ പറഞ്ഞതിന് ഇങ്ങനെ മുഖം വീർപ്പിക്കണോ.... ???
നമ്മുടെ കുഞ്ഞെന്താ നമ്മുടെ അവിഹിതബന്ധത്തിൽ പിറന്നതാണെന്നാണോ ഇപ്പോഴും നീ വിശ്വസിക്കുന്നത്. ???? എങ്കിൽ ഇനിയൊരിക്കലും നീയങ്ങനെ ചിന്തിക്കുക പോലുമരുത്. അവളുടെ ജനനത്തിലേക്കുള്ള വഴി നമ്മൾ ഇരുവരും ചേർന്ന് ചെയ്തൊരു തെറ്റ് തന്നെയാണ്. പക്ഷേ..... നമ്മുടെ മോൾ നിന്നിലൂറും മുൻപ് തന്നെ അവളുടെ അച്ഛൻ അവളുടമ്മയുടെ കഴുത്തിൽ താലി ചാർത്തി ആ തെറ്റ് തിരുത്തിയിരുന്നു. അതിപ്പോഴും നിന്റെ കഴുത്തിലീ നെഞ്ചോട് ചേർന്നിങ്ങനെ കിടന്നിട്ടും നീയെന്തിനാ സോജാ ഇങ്ങനെ...... ഈ താലിയുടെ ബലം നമുക്കുണ്ടായിരുന്നിട്ടും ബന്ധങ്ങളാൽ കാലുകൾ ബന്ധിക്കപ്പെട്ടപ്പോൾ നമ്മൾ അകന്നിരുന്നെന്നുള്ളതും ഒഴുക്കിനനുസരിച്ച് നീന്തിയെന്നുള്ളതും സത്യം തന്നെയാണ്. പക്ഷേ..... പക്ഷേ ഇപ്പൊ എല്ലാം കലങ്ങിത്തെളിഞ്ഞില്ലേ മോളെ.....
കാലത്തിന്റെ പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ച് നമ്മളിരുവരും ഒരേ കരയ്ക്ക് തന്നെ അടുത്തില്ലേ..... അതുകൊണ്ട് ഇനിയും ഈ കണ്ണുകൾ നിറയരുത്..... " തന്റെ കണ്ണിലേക്കു തന്നെ നോക്കി നിൽക്കുകയായിരുന്നവളുടെ നിറമിഴികൾ ഒപ്പിയെടുത്ത് അവൻ പറഞ്ഞതും സോജയവന്റെ മാറിലേക്ക് വീണവനെ മുറുകെ പുണർന്നു. .......................................... സോജ താഴേക്ക് വരുമ്പോൾ അവളെ കാത്തെന്നപോലെ പാട്ടിയും ഒപ്പം നിഷയും ഉണ്ടായിരുന്നു. " എന്താ പാട്ടി..... ??? " അവരുടെ അരികിലേക്ക് വന്നുകൊണ്ട് അവൾ ചോദിച്ചു. " മോളെ നീ ദേവിനേം കുഞ്ഞിനേം കൊണ്ട് നിന്റെ തറവാട്ടിൽ പോണം....നിന്റെ അച്ഛനമ്മമാരുടെ ഏറ്റവും വലിയ മോഹമായിരുന്നില്ലേ നിന്റെ വിവാഹം. മരിക്കുമ്പോൾ ആ മോഹം നടന്നില്ലല്ലോ എന്ന വേദനയായിരിക്കും അവരേ കൂടുതൽ തളർത്തിയത്. ഇപ്പൊ എല്ലാം നേരെയായി നിങ്ങൾ ഒന്നിക്കാൻ പോകുമ്പോ രണ്ടാളും ചേർന്ന് ചെന്ന് മോൾടെ അച്ഛന്റേം അമ്മേടേം അനുഗ്രഹം വാങ്ങണം..... "
" ആമാ ജാനി..... അത് റൊമ്പ പെരിയ കാര്യം. ജന്മം തന്ന അമ്മ അപ്പാന്നാൽ കടവുൾക്കും മേല് താ ഇറുപ്പേ...... അതിനാലെ നീങ്ക നാളെ കാലയിലെ താ നീ പൊറന്ത വീട്ടുക്ക് പോണം. അപ്പാ അമ്മക്കിട്ടെ അൻപ് കേക്കണം..... " നിഷയെ പിൻതാങ്ങി പാട്ടിയും പറഞ്ഞപ്പോൾ അച്ഛനമ്മമാരുടെ മുഖം ഓർമ്മയിലേക്ക് ഓടിയെത്തിയ സോജയ്ക്ക് നെഞ്ചിലൊരു പിടച്ചിൽ പോലെ തോന്നി. അവൾ വെറുതേയൊന്ന് മൂളി. " ഞാൻ കൂടി വരണോ മോളെ.....??? " " വേണ്ടമ്മേ ഞങ്ങൾ പൊക്കോളാം..... ഞാൻ ദേവിനോടൊന്ന് പറയട്ടെ....." അധികനേരം അവിടെ നിൽക്കാതെ അവൾ മുകളിലേക്ക് തന്നെ കയറിപ്പോന്നു. അവൾ തിരികെ വരുമ്പോഴും ദേവ് പഴയ സ്ഥാനത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അവൾ പതിയെ വന്നവന്റെ അരികിലേക്ക് ഇരുന്നു. പിന്നെ പതിയെ ആ മടിയിലേക്ക് ചാഞ്ഞു കിടന്നു ദേവ് വാത്സല്യത്തോടവളുടെ മുടിയിലൂടെ വിരലുകളോടിച്ചു..
" എന്താഡാ...... ???? " കുറേ സമയം കഴിഞ്ഞിട്ടും അവളൊന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ ദേവ് ചോദിച്ചു. " പാട്ടിയും അമ്മയും കൂടി പറഞ്ഞു നാളെത്തന്നെ എന്റെ വീട്ടിലേക്ക് പോണമെന്ന്. കല്യാണത്തിനുമുൻപ് നമ്മളൊരുമിച്ച് മോളേം കൊണ്ട് അവിടെ ചെന്ന് അവരുടെ അനുഗ്രഹം വാങ്ങണം..... " " ....................... " " എന്താ ദേവ് എന്റെ കൂടെ വരില്ലേ..... ??? " കാര്യമറിഞ്ഞിട്ടും അവനൊന്നും മിണ്ടാതിരുന്നപ്പോൾ ആ മുഖത്തേക്ക് ആകുലമായി നോക്കിക്കിടന്നുകൊണ്ട് അവൾ ചോദിച്ചു. " വരാനും വരാതിരിക്കാനും വയ്യല്ലോ മോളെയെനിക്ക്..... " ദീർഘമായൊന്ന് നിശ്വസിച്ചുകൊണ്ട് അവൻ പറഞ്ഞതും കാര്യം പിടികിട്ടാതെ സോജ പതിയെ എണീറ്റിരുന്നു.
" എന്താ ദേവ്..... ??? " " ജീവിച്ചിരുന്നപ്പോൾ അവർക്ക് ഞാൻ കാരണം വേദനയെ ഉണ്ടായിട്ടുള്ളൂ. അവസാനനിമിഷവും അച്ഛനില്ലാത്ത കുഞ്ഞുമായി ഒറ്റപ്പെട്ട് പോയ നിന്നേ തനിച്ചാക്കി പോകുമ്പോൾ അവർ നെഞ്ച് പൊട്ടി ശപിച്ചു കാണില്ലേ എന്നേ..... എന്നിട്ടിപ്പോ ജീവിച്ചിരിക്കുമ്പോൾ കൊടുക്കാൻ കഴിയാത്ത സന്തോഷവും കൊണ്ട് അവരുടെ മുന്നിലേക്ക് ഞാനെങ്ങനെ..... എന്നേ..... എന്നേ അനുഗ്രഹിക്കാൻ അവരുടെ ആത്മാകൾക്ക് പോലും മനസ് വരുമെന്ന് എനിക്ക് തോന്നുന്നില്ല. " അവൻ പറഞ്ഞത് കേട്ടിരിക്കുകയായിരുന്ന സോജയും ദീർഘമായൊന്ന് നിശ്വസിച്ചു. കാരണം അവൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവൾക്കുമറിയാമായിരുന്നു. പക്ഷേ അതിനേ എതിർക്കാനോ അനുകൂലിക്കാനോ പോലും അവൾ ശ്രമിച്ചതേയില്ല.......തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.