ആരാധികേ: ഭാഗം 53

aradhika abhirami

രചന: അഭിരാമി ആമി

ചുടുകട്ടകൊണ്ട് കെട്ടിയ മതിലകം കടന്ന് കരിയില മൂടിക്കിടന്ന വഴിയിലൂടെ കാർ മുന്നോട്ട് നീങ്ങുമ്പോൾ നെഞ്ചിലെന്തോ ഒരു ഭാരമിരുന്ന് നിരങ്ങുന്നത് പോലെ തോന്നി. അരികിലിരിക്കുന്നവളും മൗനത്തെ വിഴുങ്ങിയിരുന്നു. എന്തൊ അവളൊന്നും സംസാരിക്കുന്നേയുണ്ടായിരുന്നില്ല. ആലിയുടെ മുഖം മാറിലേക്ക് അമർത്തിപ്പിടിച്ച് അവൾ ഒരു പ്രതിമ കണക്കിരിക്കുന്നു. എന്തായിരിക്കും അവളുടെ മനസ്സിൽ നിറഞ്ഞിരിക്കുന്നത്..... അറിയില്ല..... പക്ഷേ ഇപ്പൊ അവളുടെ ലോകത്ത് അവളും അവളുടെ അപ്പയും അമ്മയും മാത്രമേയുള്ളുവെന്ന് ആ കണ്ണുകളിലെ നീർതിളക്കം വിളിച്ചു പറയുന്നുണ്ട്. കാർ കുറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയിട്ടാണ് നിർത്തിയത്. അവിടമാകെ വല്ലാതെ മാറിപോയിരിക്കുന്നു. ആ തുളസിത്തറ കാട് കയറി നശിച്ചിരിക്കുന്നു. ചെറിയ കൽവിളക്ക് പൂഴിയിൽ കമിഴ്ന്നു കിടക്കുന്നു. ഉമ്മറം വരെയും കരിയിലകൾ മൂടിയിട്ടുണ്ട്. " വാ ദേവ്...... " അവളുടെ ക്ഷണമായിരുന്നു ചിന്തകളേ ഭേദിച്ചത്. അവൾ കാറിൽ നിന്നുമിറങ്ങിക്കഴിഞ്ഞു. മോളുറങ്ങിയെന്ന് തോന്നുന്നു.....

അവളുടെ മാറിൽ പറ്റിചേർന്ന് കിടക്കുന്നുണ്ട്. സോജയുടെ ഇടം കൈത്തലം ആ കുഞ്ഞിത്തലയെ തന്റെ മാറിലേക്ക് ചേർത്തു വച്ചിട്ടുണ്ട്. കാറിൽ നിന്നിറങ്ങി അവൾക്കൊപ്പം തെക്കേത്തൊടിയിലേക്ക് പതിയെ നടന്നു. കാലുകൾക്ക് വല്ലാത്തൊരു ഭാരം പോലെ....അവിടേക്ക് പോകാൻ വയ്യ.... അവർ ജീവിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ആ മുൻപിൽ ചെന്ന് നിൽക്കാൻ ഇത്രത്തോളം വിഷമം കാണില്ലായിരുന്നു. ചീത്ത പറഞ്ഞാലും തല്ലിയാലും ഒന്നും തോന്നില്ലായിരുന്നു. പക്ഷേ ഇപ്പൊ...... ഒന്ന് മിണ്ടാൻ പോലും വയ്യാത്ത ആ ആത്മാക്കളുടെ മുന്നിൽ നിന്നാൽ ഒരു മെഴുകുതിരി പോലെ ഉരുകിയൊലിച്ച് പോകുമോ എന്ന് പോലും തോന്നുവാ..... ചുടലക്കരികിൽ വലിയ തോതിൽ കാടുണ്ടായിരുന്നില്ല. ദിവസങ്ങൾക്ക് മുൻപ് അവരുടെ ഓർമ ദിവസം ചടങ്ങുകൾക്കായി വരുൺ അവിടെല്ലാം വൃത്തിയാക്കിയിട്ടിരുന്നു. പിന്നെ ചില്ലറ കരിയിലകളും ചെറു ചുള്ളികളുമെല്ലാം വീണു കിടന്നിരുന്നു. സോജയ്ക്കും മോൾക്കുമൊപ്പം ആ കല്ലറകൾക്ക് മുന്നിൽ നിൽക്കുമ്പോൾ ഉള്ളിലെന്തോ തിളച്ചു മറിയുന്നത് പോലെ തോന്നി.

അരികിൽ നിന്നിരുന്നവളിൽ നിന്നും തേങ്ങൽ ചീളുകൾ കർണപടത്തിലേക്ക് തെറിച്ചു വീണുകൊണ്ടിരുന്നിട്ടും അവളെയൊന്ന് നോക്കാനോ ചേർത്തു പിടിച്ചൊന്ന് ആശ്വസിപ്പിക്കാനോ തോന്നിയില്ല. കണ്ണും മനസും മുഴുവൻ ആ രണ്ട് ആത്മാക്കളിൽ മാത്രം അർപ്പിച്ചിരുന്നു. താനവരിൽ നോവ് വർഷിക്കും മുൻപ് വരെ എപ്പോഴും ചിരിച്ചു മാത്രം കണ്ടിരുന്ന പദ്മയുടെയും പുറത്തുകാണിക്കാതെ ഒളിപ്പിച്ച സ്നേഹം കണ്ണുകളിൽ മാത്രം പ്രദർശിപ്പിച്ചിരുന്ന വെങ്കിടിയുടെയും മുഖം മനസ്സിലേക്ക് വന്നതും കണ്ണൊന്നു നിറഞ്ഞു. " അപ്പാ...... അമ്മാ.... മാപ്പ്...... " അത്ര മാത്രം പറഞ്ഞുള്ളു. പിന്നെ സോജയേയും മോളെയും ചേർത്തു പിടിച്ചവരെ നോക്കി. അവളും മൗനമായി തേങ്ങുക തന്നെയായിരുന്നു. നിമിഷങ്ങൾ കഴിഞ്ഞു. പോകാമെന്ന അർഥത്തിൽ അവളുടെ മുഖത്തേക്കൊന്ന് നോക്കി. പൊടുന്നനെയായിരുന്നു എങ്ങോ മറഞ്ഞുനിന്നിട്ടോടി വരുന്ന കൊച്ചു കുഞ്ഞിനെപ്പോലെ ഒരിളം കാറ്റ് വീശിയടിച്ചു. അതിന്റെ പിന്നാലെ തന്നെ തൊട്ടരികിൽ നിന്ന ഇലഞ്ഞിമരത്തിൽ നിന്നും ഒരു പിടി ഇലഞ്ഞിപ്പൂക്കൾ അവർ മൂവരിലേക്കുമായി ചൊരിഞ്ഞു വീണു.

" അമ്മാ..... " സോജ പെട്ടന്നൊരു തേങ്ങലോടെ വിളിച്ചു. " അമ്മ പണ്ട് നട്ടതായിരുന്നു ഈ ഇലഞ്ഞി. അമ്മക്ക് ഇലഞ്ഞിപ്പൂക്കളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. പക്ഷേ...... പക്ഷേ ഇത് പൂവിട്ട് കാണാൻ , ഒരുപിടി പൂക്കൾ കൈക്കുമ്പിളിലെടുക്കാൻ അമ്മയ്ക്ക് ആയുസുണ്ടായില്ല. പക്ഷേ ഇപ്പൊ ഇലഞ്ഞിപ്പൂമണമേറ്റ് എന്റെ അമ്മേം അപ്പേം ...... ഈ പൂക്കൾ....... ഇതവരുടെ അനുഗ്രഹമാണ് ദേവ്...... " കണ്ണീരിനിടയിലും പുഞ്ചിരിച്ചവളെ ചേർത്തു തന്നെ പിടിച്ചു. ഒപ്പം മനസുകൊണ്ട് ആ ആത്മാക്കൾക്ക് വാക്ക് കൊടുക്കുകയായിരുന്നു ഈ പെണ്ണിനെയിനി ആത്മാവിൽ നിന്നുപോലും അടർത്തി മാറ്റില്ലെന്ന്. 💞 .........,................................. ദിവസങ്ങൾ അതിവേഗം കൊഴിഞ്ഞു തീർന്നുകൊണ്ടിരുന്നു. അതിനിടയിൽ വിവാഹത്തിന്റെ ഒരുക്കങ്ങളും നടന്നു കൊണ്ടിരുന്നു. വീട്ട് മുറ്റത്ത് വലിയ പന്തൽ ഉയർന്നു.

ഒരുക്കങ്ങൾ പൊടിപൊടിച്ചു. ഇതിനിടയിൽ ജെറിയും വൈദേഹിയുമെല്ലാം കുടുംബ സമേതം പാലക്കാട്ടേക്ക് എത്തിയിരുന്നു.. മകൻ എല്ലാ ദുരിതക്കയങ്ങളും നീന്തിക്കടന്ന് ആഗ്രഹിച്ച പെണ്ണിനെ ജീവിതത്തിൽ ചേർത്തു വയ്ക്കുന്നതിനൊപ്പം ഇരട്ടി മധുരമായി പേരക്കുഞ്ഞിനേയും കയ്യിൽ കിട്ടുന്നതിന്റെ അത്യാഹ്ലാദത്തിലായിരുന്നു നിഷ. പക്ഷേ പാട്ടിയും മറ്റുമൊക്കെ സന്തോഷമുണ്ടായിരുന്നു എങ്കിലും ഇതുവരെ അവരുടെ മാത്രമായിരുന്ന ജാനിയും ആലി മോളും ഇനിയാ വീട്ടിൽ വെറുമൊരു വിരുന്നുകാരി മാത്രമാണല്ലോ എന്ന ചിന്തയിൽ ആകെ വിഷമത്തിലുമായിരുന്നു. വിവാഹത്തലേന്ന് ദേവും സോജയും കൂടി ആലിമോളെയും കൊണ്ട് ക്ഷേത്രത്തിൽ പോയി വഴിപാടുകളൊക്കെ നടത്തി വന്നിരുന്നു. അപ്പോഴേക്കും തറവാട്ടിൽ നാളത്തേ ദിവസത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞിരുന്നു. സന്ധ്യക്ക്‌ സോജ അടുക്കളയിൽ നിന്ന് മോൾക്ക് ആഹാരം കൊടുത്തോണ്ട് നിന്നപ്പോഴായിരുന്നു മീനാക്ഷി അങ്ങോട്ട് വന്നത്. " കഴിച്ചോ മോളെ.....???? "

" മ്മ്ഹ് കുറച്ചൊക്കെ...... അതെങ്ങനാ കളി കഴിഞ്ഞിട്ട് ഒന്നും കഴിക്കാൻ പോലും നേരമില്ലല്ലോ കുരുപ്പിന്..... എല്ലാരും കൂടി കൊഞ്ചിച്ച് വഷളാക്കി വച്ചേക്കുവാ..... " " കേട്ടോ കണ്ണാ നീ..... ഉങ്കമ്മാ പാട്ടിയെ തൊല്ല പണ്ട്രത്.... " സ്ലാബിൽ ഇരിക്കുകയായിരുന്ന കുഞ്ഞിനെ ഒക്കത്തെടുത്ത് അവളുടെ മുഖത്തേക്ക് നോക്കി ചുണ്ട് പിളർത്തി കരയും പോലെ മീനാക്ഷി പറഞ്ഞു. " ആ ഞാൻ പറഞ്ഞതാ കുറ്റം..... ഇപ്പൊ ഡാഡീം മുത്തശ്ശിയും കൂടി ചേർന്നിട്ടുണ്ട് കൊഞ്ചിക്കാൻ..... " ദേവിനെക്കുറിച്ച് പറയുമ്പോൾ അവളുടെ മുഖത്ത് വരുന്ന തിളക്കം ശ്രദ്ധിച്ചു കൊണ്ട് മീനാക്ഷി വെറുതേയൊന്ന് ചിരിച്ചു. പിന്നെ കുഞ്ഞിന്റെ വീർത്ത വയറിൽ മുഖം അമർത്തി അവളെ ഇക്കിളിയാക്കി ചിരിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും സോജ കയ്യൊക്കെ കഴുകി വന്നു. " ആഹ് മോളെ നീ കുഞ്ഞിനെ ദേവിന്റെ കയ്യിൽ കൊടുത്തിട്ട് മോളിലോട്ട് വാ..... " " എന്നമ്മാ..... " " പാട്ടി ആഭരണമൊക്കെ എടുക്കുവാ അതൊക്കെ ഇപ്പൊ തന്നെ നാളെ പാർലറിൽ കൊണ്ടുപോകാനുള്ള ബാഗിൽ വെക്കണമെന്ന് പറഞ്ഞു. അതിനാ.... ദാ കുഞ്ഞിനെ കൊടുത്തിട്ട് വാ..... "

അവർ വീണ്ടും മോളെ അവളുടെ കയ്യിലേക്ക് തന്നെ കൊടുത്തു. സോജ മോളേം കൊണ്ട് പുറത്തേക്ക് ചെല്ലുമ്പോൾ ദേവ് ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. അതിനിടയിൽ തന്നെ അവൾ മോളെക്കൊണ്ട്‌ അവന്റെ കയ്യിലേക്ക് കൊടുത്തിട്ട് മുകളിൽ കാണുമെന്ന് ആംഗ്യഭാഷയിൽ പറഞ്ഞിട്ട് അകത്തേക്ക് നടന്നു. അവൾ മുകളിൽ ചെല്ലുമ്പോൾ റൂമിൽ പാട്ടിയും നിഷയും മീനാക്ഷിയും അമലയും വൈദുവും എല്ലാം ഉണ്ടായിരുന്നു.. അവർ ബെഡിൽ നിരത്തി വച്ച വിവാഹ ആഭരണങ്ങളും സാരിയും ഒക്കെ കാണുവായിരുന്നു. " പാട്ടി...... " " ആഹ് വാങ്കേ ജാനീ..... ഇതൊക്കെ ഇപ്പടിയെ എടുത്ത് ഉങ്ക ബാഗിൽ പോട്ടിട്. കാലയിലെ ഒന്നിനും ടൈം കിടയ്ക്ക മാട്ടെ...... " അവളെ കണ്ടതും പാട്ടി പറഞ്ഞു. സോജയത് തല കുലുക്കി സമ്മതിച്ചിട്ട് അവർക്കരികിലേക്ക് ചെന്നിരുന്നു. " മോളെ..... " നിഷയായിരുന്നു .

" അത് ഈ താലി ഇന്ന് തന്നെ അഴിച്ച് വെക്കണം.. നാളെ മുഹൂർത്ത സമയത്ത് ഇതിനൊന്നും നേരം കിട്ടില്ല. അതുകൊണ്ട് മോളത് ഇപ്പൊ തന്നെ അഴിച്ച് പൂജാമുറിയിൽ കൊണ്ടുവച്ചേക്ക്. " തന്റെ കഴുത്തിൽ കിടന്ന ആ ഇത്തിരി പൊന്നിലേക്ക് നോക്കിയാണ് നിഷ പറഞ്ഞതെന്ന് കണ്ടതും അവളുടെ മുഖം മാറി. കൈകൾ അതിനേ പൊതിഞ്ഞു പിടിച്ചു. " അമ്മേ അത്..... " " അമ്മക്കറിയാം ഇന്ന് ഈ നിമിഷം വരെ ഇതായിരുന്നു മോൾടെ ശക്തിയെന്ന്. പക്ഷേ ഇനിയും ഇത് പോരാ മോളെ.... നാലാളറിഞ്ഞ് ഈശ്വരാനുഗ്രഹത്തോടെ ദേവ് അണിയിക്കുന്ന താലി വേണം ഇനിയെന്റെ മോളണിയാൻ. നാളെ ആ നേരത്ത് മോൾടെ കഴുത്തിൽ മറ്റൊരു താലി പാടില്ല. അതുകൊണ്ടല്ലേ പറയുന്നേ..... " നിഷ സമാധാനത്തോടെ പറഞ്ഞു. പക്ഷേ എന്നിട്ടും ആ താലി കഴുത്തിൽ നിന്നുമഴിക്കാൻ മനസ്സനുവധിക്കാതിരുന്ന ആ പെണ്ണിന്റെ മിഴികൾ ചെറുതായൊന്ന് നിറഞ്ഞു. പക്ഷേ അത് കാര്യമാക്കാതെ അമല അവളുടെ കഴുത്തിൽ കിടന്ന താലിയും മാലയും കൂടി അഴിച്ചു മാറ്റി.....തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story