ആരാധികേ: ഭാഗം 54 || അവസാനിച്ചു

aradhika abhirami

രചന: അഭിരാമി ആമി

രാത്രി സോജയും ദേവും ഉമ്മറത്തു തന്നെ ഇരിക്കുകയായിരുന്നു.. അവളുടെ മുഖമാണെങ്കിൽ കാർമേഘം മൂടിയത് പോലെ ആയിരുന്നു അപ്പോഴും. " ഡീ പെണ്ണെ...... " " മ്മ്ഹ്....... " തന്റെ നെഞ്ചോട് ചേർന്നിരുന്ന് മൂളിയവളുടെ അഴിഞ്ഞുലഞ്ഞ മുടിയിഴകളിലൂടെ അവൻ വാത്സല്യത്തോടെ തലോടി. " പോട്ടെടീ...... ഒരാൾക്ക് ഒരേസമയം രണ്ട് താലി ഇടാൻ പറ്റുമോ.... ഇന്ന് ഒരു രാത്രിയിലത്തെ കാര്യമല്ലേ ഉള്ളു.. അല്ലെങ്കിൽ തന്നെ ഒരു താലിയിലൊക്കെ എന്തിരിക്കുന്നു. താലിയുണ്ടെങ്കിലും ഇല്ലെങ്കിലും നീ എപ്പോഴും എന്റേത് തന്നെയല്ലേ.....'' " അതിന്റെ വില നിങ്ങൾക്കൊന്നുമറിയില്ല ദേവ്. ചിലപ്പോൾ പറഞ്ഞാലും മനസിലാവില്ല. ദേവിൽ നിന്നും അകന്ന് കഴിഞ്ഞ നാളുകളൊക്കെയും എന്റെ ബലം മുഴുവൻ ആ ഇച്ചിരി പൊന്നായിരുന്നു. ദേവിനറിയോ ചില നേരത്തൊക്കെ നമ്മുടെ ആലി മോൾടെ മുഖത്തേക്ക് നോക്കുമ്പോൾ എനിക്ക് തോന്നുമായിരുന്നു ഇരുളിന്റെ മറവ് പറ്റി ശരീരം വിൽക്കുന്ന വേശ്യകളും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന്. ആ നേരത്തെ നെഞ്ചിലെ നീറ്റൽ ദേവിന് ചിന്തിക്കാൻ കഴിയുമോ.....????

പിഴച്ചുപോയെന്ന തോന്നലിൽ ശരീരം മുഴുവൻ പുഴു ഞവിക്കും പോലെ തോന്നും. ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞിട്ടും ഒരാണിന് സ്വയം സമർപ്പിച്ച എന്നെ നശിപ്പിച്ച് കളയാൻ തോന്നിയിട്ടുണ്ട് പലപ്പോഴുമെനിക്ക്. അപ്പോഴൊക്കെയും ഞാൻ...... ഞാൻ വെറുമൊരു..... ഞാനൊരു പിഴച്ച പെണ്ണല്ലെന്ന് ഞാനെന്നെ തന്നെ ബോധ്യപ്പെടുത്തിയിരുന്നത് ആ താലി ഹൃദയത്തിൽ ചേർത്തു വച്ചിട്ടായിരുന്നു. പക്ഷേ..... ഇപ്പൊ...... ഇപ്പൊ അതെന്നിൽ ഇല്ലെന്ന് ഓർക്കുമ്പോ ഒരു നൊമ്പരം..... " " പോട്ടെടീ....... ഇത് എന്റെ പെണ്ണിന്റെ ജീവിതത്തിലേ അവസാനത്തെ വേദനയാണ്. നാളത്തോടെ നമ്മുടെ ജീവിതത്തിൽ വേദനകളും ദുഃഖങ്ങളുമൊന്നും ഉണ്ടാവില്ല..... ഇത് ഞാനെന്റെ പെണ്ണിന് തരുന്ന വാക്കാണ്..... " അവനവളെ നെഞ്ചോട് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. " ആഹ് പിന്നേ..... ഈ ഉമ്മറത്തിങ്ങനെയിരുന്നുള്ള നിലാവ് നോക്കിയുള്ള സ്വപ്നം കാണലൊക്കെ ഇന്നൂടെയുള്ളൂ കേട്ടോ..... നാളെ ഈ നേരത്തങ്ങ് തിരുവനന്തപുരത്താ..... " കുറേ നേരത്തെ മൗനത്തിന് ശേഷം ദേവ് പതിയെ അവളുടെ കാതോരം പറഞ്ഞു.

" എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാ ദേവ്..... ഒരിക്കലും ഇങ്ങനെയുള്ള നിമിഷങ്ങളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല. പക്ഷേ ഇപ്പൊ അതൊക്കെയാണ് സംഭവിച്ചോണ്ടിരിക്കുന്നത്. പക്ഷേ..... പക്ഷേ ഇപ്പൊ എവിടെയൊ ഒരു വേദന...... എന്റെ ആലി ജനിച്ചു വളർന്ന മണ്ണാണിത്. കടപുഴുകി വീണുപോയ എന്റെ വേരുകൾ വീണ്ടുമുറച്ച , ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ മണ്ണ്..... ഇപ്പൊ ഓർക്കുമ്പോ ഒന്നും വേണ്ടിയിരുന്നില്ല , ഇവിടെ തന്നെ ഇങ്ങനെ കഴിഞ്ഞാൽ മതിയായിരുന്നുന്ന് തോന്നുവാ..... നാളെ മുതൽ ഞാനിവിടൊരു വിരുന്നുകാരി മാത്രമാകുമല്ലോ എന്നോർക്കുമ്പോൾ നെഞ്ച് പിടയുവാ......" അവൾ ദീർഘമായൊന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു. " നീയെന്തൊക്കെയാടി പൊട്ടീ ഈ ആലോചിച്ച് കൂട്ടുന്നത്. രണ്ടും നിന്റെ വീടല്ലേ.... ഇവിടെ വരണമെന്നോ നിൽക്കണമെന്നോ തോന്നിയാൽ ഓടി വന്നൂടെ നിനക്ക്.....??? അതിനെന്തിനാ ഇങ്ങനെ വിഷമിക്കുന്നെ.....??? ചുമ്മാ ഇരുന്ന് ഉറക്കമൊഴിഞ്ഞ് മുഖമൊക്കെ കുളമാക്കാതെ പോയിക്കിടന്നുറങ്ങ് പെണ്ണെ..... ഉറക്കമൊഴിയുന്നതൊക്കെ നമുക്ക് നാളെയാവാം...... അതുകൊണ്ട് ഇന്ന് മോള് പോയികിടന്നുറങ്ങ്. ഇവിടിങ്ങനിരുന്നെന്റെ കണ്ട്രോള് കളയാതെ....... "

" അയ്യടാ...... ഏത് നേരോം ഇത് മാത്രമുള്ളു ചിന്ത...... " അവനിൽ നിന്നും അല്പം അകന്നിരുന്ന് ആ കവിളിൽ വേദനിക്കും വിധമൊന്ന് നുള്ളി സോജ പറഞ്ഞു. " ഓഹ് പിന്നേ..... നിന്നേ ഞാൻ കൊണ്ട് രൂപക്കൂട്ടിൽ ഇരുത്താഡീ..... മൂന്ന് കൊല്ലം ചുമ്മാ വരണ്ട മണ്ണ് പോലെ കിടന്നവനാ ഞാൻ. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളെല്ലാം എനിക്ക് ആഘോഷമായി തന്നെ വേണം..... " അവളെ ഒന്നുകൂടി മുറുകെ പുണർന്നുകൊണ്ട് പറഞ്ഞവനെ അവൾ മിഴി ചിമ്മാതെ നോക്കിയിരുന്നു. " എന്താടി ഉണ്ടക്കണ്ണീ നീ സമ്മതിക്കില്ലേ.....??? " മീശ പിരിച്ചുവച്ച് ചോദിക്കുന്നവനെ നോക്കി അവൾ പുഞ്ചിരിച്ചു. " അതൊക്കെ നാളത്തെ ചടങ്ങുകൾ കഴിഞ്ഞ് തീരുമാനിക്കാട്ടോ.... ഇപ്പൊ തല്ക്കാലം പൊന്നുമോൻ വിട്ടേ.... ഇനിയിവിടിരുന്നാ ശെരിയാവൂല..... " അവന്റെ മൂക്കിൽ പിടിച്ചു വലിച്ചൊരു കുസൃതി ചിരിയോടെ പറഞ്ഞിട്ട് സോജ എണീറ്റകത്തേക്ക് നടന്നു. " ഇന്ന് നീ പൊക്കോടീ നാളെ നീ എങ്ങോട്ടോടി പോകും.....???? "

അവന്റെ ചോദ്യം കേട്ടെങ്കിലും അതിന് മറുപടിയൊന്നും നൽകാതെ വശ്യമായൊരു പുഞ്ചിരിയോടെ അവളകത്തേക്ക് തന്നെ പോയി. പിറ്റേദിവസം അതിരാവിലെ തന്നെ എല്ലാവരും ഉണർന്നു. നാല് മണിക്ക് വന്ന ബ്യൂട്ടിഷൻ എട്ടുമണിയോടെ സോജയെ മനോഹരമായി ഒരുക്കിക്കഴിഞ്ഞിരുന്നു. വയലറ്റ് നിറമുള്ള സാരിയും അതിന് യോജിച്ച ആഭരണങ്ങളുമണിഞ്ഞ് സോജയാ വേഷത്തിൽ അതീവ സുന്ദരിയായി തോന്നിച്ചു. മുല്ലപ്പൂക്കൾക്കിടയിൽ വാടാമല്ലി പൂക്കൾ കൂടി ചേർത്തായിരുന്നു അവൾ മുടിയിൽ അണിഞ്ഞിരുന്നത്. കസവുമുണ്ടിലും ഷർട്ടിലും ദേവും സുന്ദരനായിരുന്നു. തറവാട്ടിൽ വച്ച് തന്നെ ദേവും സോജയും മുതിർന്നവർക്കെല്ലാം ദക്ഷിണ കൊടുത്ത് ഒൻപത് മണിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ശങ്കരനും വരുണും ജെറിയും എല്ലാം ചേർന്ന് അവിടുത്തെ കാര്യങ്ങളും ഭംഗിയാക്കിയിരുന്നു. ക്ഷേത്രത്തിലെത്തി തൊഴുതിറങ്ങുമ്പോഴേക്കും മുഹൂർത്ത സമയമായിരുന്നതിനാൽ നേരെ മണ്ഡപത്തിലേക്കായിരുന്നു പോയത്. ഈ സമയമെല്ലാം ആലിമോൾ അവളുടെ അപ്പയുടെ നെഞ്ചിൽ സന്തോഷത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. വരുണാണെങ്കിൽ മറ്റൊരു കൊച്ചു കുഞ്ഞിനെപ്പോലെ കൊഞ്ചി അവൾക്കെല്ലാം ചൂണ്ടികാണിച്ച് കൊടുക്കുന്നുണ്ടായിരുന്നു.

" മുഹൂർത്തമായി താലി എടുത്ത് കൊടുക്കാം...... " ശ്രീകോവിലിൽ നിന്നും പൂജിച്ച താലിയും സിന്ദൂരവുമൊക്കെ വച്ച താലവുമായി വന്ന തിരുമേനി പറഞ്ഞതും എല്ലാവരും ആ ചടങ്ങ് കാണാൻ ദേവിനും സോജയ്ക്കും ചുറ്റിനും നിരന്നു. ഒരിക്കൽ കൂടി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിച്ച് ശങ്കരൻ എടുത്തു കൊടുത്ത താലി ദേവ് സോജയുടെ കഴുത്തിൽ അണിയിക്കുമ്പോൾ ചുറ്റും നിന്നിരുന്നവർ ആനന്ദത്തോടെ അവർക്ക് മേൽ പുഷ്പവൃഷ്ടി നടത്തി. ഒന്നും മനസിലായില്ലെങ്കിലും ഈശ്വരന്റെ അനുഗ്രഹം പോലെ ആലി മോളും തന്റെ കുഞ്ഞിക്കൈകൾ കൊണ്ട് അച്ഛനമ്മമാരുടെ മേലെ പൂക്കൾ എറിഞ്ഞു.. താലി കെട്ടിയ ശേഷം ഒരു നുള്ള് കുങ്കുമം കൊണ്ട് ദേവ് അവളുടെ സീമന്തരേഖ ചുവപ്പിച്ചു. ആ ചടങ്ങുകളൊക്കെ കഴിഞ്ഞതും അച്ഛന്റെ സ്ഥാനത്ത് നിന്ന് സോജയെ ദേവിന്റെ കയ്യിലേക്ക് ഏൽപ്പിക്കാൻ വൈത്തി മുന്നോട്ട് വന്നു. " എന്റെ മോളൊരുപാട് കരഞ്ഞതാ..... ഇനിയും അവളെ കരയിക്കരുത്..... പൊന്ന് പോലെ നോക്കിക്കോണം..... ഞങ്ങൾ കുറേ മനുഷ്യരുടെ ആത്മാവാണ് നിങ്ങൾ കൊണ്ടുപോകുന്നതെന്ന ഓർമ്മ വേണം..... "

ആ പെണ്ണിന്റെ കയ്യവന്റെ ഉള്ളം കൈയിലേക്ക് വച്ച് കൊടുത്തിട്ട് പറയുമ്പോൾ എത്രയൊക്കെ തടഞ്ഞു വെക്കാൻ ശ്രമിച്ചിട്ടും വൈത്തിയുടെ കണ്ണുകളൊന്ന് നിറഞ്ഞു.... സ്വരമിടറി. " എനിക്കറിയാം അപ്പാ..... പൊന്ന് പോലെ നോക്കും..... " ദേവ് പുഞ്ചിരിയോടെ ആ പെണ്ണിനെ ചേർത്ത് പിടിച്ചു. പരസ്പരം ഒരു ബന്ധവുമില്ലാതെ ഇരുന്നിട്ട് കൂടിയും തന്റെ പെണ്ണിനേം കുഞ്ഞിനേം ഇത്രത്തോളം നെഞ്ചിൽ പേറുന്ന ആ മനുഷ്യരെപ്പറ്റിയോർക്കുമ്പോൾ മനുഷ്യർക്ക് ഇത്രമേൽ പരസ്പരം സ്നേഹിക്കാൻ കഴിയുമോ എന്ന് അത്ഭുതത്തോടെ ഓർക്കുക കൂടിയായിരുന്നു അവനപ്പോൾ. ചടങ്ങുകളൊക്കെ പൂർത്തിയാക്കി സദ്യയും കഴിഞ്ഞ് പോകാൻ തുടങ്ങുമ്പോൾ സോജ വീണ്ടും പാട്ടിയുടെയും മറ്റുള്ളവരുടെയും അരികിലേക്ക് വന്നു. ഒന്നും മിണ്ടാതെ വിതുമ്പി നിന്നിരുന്ന പാട്ടിയെ കെട്ടിപ്പിടിച്ചു. " അഴാതെ പോയിട്ട് വാമ്മാ..... ഉനക്കാഹ ഉങ്ക കുടുംബം ഇനിയും കാത്തിട്ടേയിരുപ്പേ..... " പതിഞ്ഞ സ്വരത്തിൽ ആ വൃദ്ധ പറഞ്ഞത് കേൾക്കെ നെഞ്ചിലൊരു വിങ്ങൽ തോന്നിയെങ്കിലും സോജ മിണ്ടിയില്ല. അവരുടെ നെഞ്ചിലെ പിടപ്പ് ശ്രദ്ധിച്ചുകൊണ്ടങ്ങനെ നിന്നു.

എന്ത് ചെയ്തിട്ടാണ് ഈ മനുഷ്യർ തനിക്കും കുഞ്ഞിനും വേണ്ടി ഇങ്ങനെയൊക്കെയെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലാക്കാനെ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഒന്ന് മാത്രമുറപ്പായിരുന്നു. അവരേ വിട്ട് പോകുമ്പോൾ അമ്മയുടെ പിടിവിട്ട് ആൾക്കൂട്ടത്തിന്റെ നടുവിൽ ഒറ്റയ്ക്കായ കുഞ്ഞിന്റെ മനസാണ് തനിക്കെന്ന് മാത്രം. പാട്ടിയോട് യാത്ര പറഞ്ഞ ശേഷം വൈത്തി അപ്പായോടും മീനമ്മാവോടും വരുന്നിനോടുമെല്ലാം യാത്ര പറഞ്ഞു തീരുമ്പോൾ സോജയുടെ കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു. തൊണ്ടയിൽ പൊട്ടിത്തെറിക്കാൻ കൊതിച്ച് ഒരു കരച്ചിൽ ചീള് തങ്ങി നിന്നിരുന്നു. അപ്പോഴെല്ലാം പദ്മയുടെ കരുതലോടെ നിഷയവളെ ചേർത്ത് പിടിച്ചിരുന്നു. യാത്ര പറച്ചിലൊക്കെ കഴിഞ്ഞ് വണ്ടിയിൽ കയറാൻ നേരം വരുണിൽ നിന്നും ആലി മോളെ തിരികെ വാങ്ങുക എന്നത് ഒരു കടമ്പ തന്നെയായിരുന്നു.

അതുവരെ സന്തോഷമായിരുന്ന അവൾ തങ്ങൾ അപ്പയും പാട്ടിയുമൊന്നുമില്ലാതെ എവിടേക്കോ പോകുവാണെന്ന് മനസ്സിലായതോടെ അപ്പാ എന്ന് വിളിച്ചലറിക്കരഞ്ഞുകൊണ്ട് വരുണിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു. അതോടെ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി. " പൊന്ന് ചെല്ല്.... അപ്പ..... അപ്പ വരാം..... " എന്നൊക്കെ മോളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നുവെങ്കിലും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു. നെഞ്ചിൽ ഏതോ ഭാരമിരിക്കും പോലെ അവൻ വിമ്മിഷ്ടപ്പെട്ടു. എന്റെ കുഞ്ഞിനെ തരില്ലെന്ന് വിളിച്ചു പറയാൻ അവന്റെ ഹൃദയം മോഹിച്ചു....

പക്ഷേ ജന്മം കൊടുത്ത അച്ഛനമ്മമാർക്ക് മുന്നിൽ താൻ ആരുമല്ലെന്ന തിരിച്ചറിവിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ പറിച്ചെടുക്കും പോലെ കുഞ്ഞിനെ തന്റെ നെഞ്ചിൽ നിന്നും അടർത്തിയെടുത്തുകൊണ്ട് പോകുന്നത് നോക്കി നിശ്ചലമായി നിൽക്കാനേ അവന് കഴിഞ്ഞുള്ളു. എല്ലാവരും കയറി കാർ മുന്നോട്ട് നീങ്ങുമ്പോഴും സോജയുടെ ഏങ്ങളുകളെ കവച്ചുവച്ച ആലിമോളുടെ നിലവിളിയിൽ പാട്ടിയും കുടുംബവുമൊന്നാകെ കണ്ണീർ പൊഴിച്ചു. പക്ഷേ ഇത് താൽക്കാലികമായൊരു ഇടവേളയാണെന്നും സോജയുടെ സ്വർഗത്തിലേക്കാണ് അവൾ പോകുന്നതെന്നും സ്വന്തം മനസുകളെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അകന്നുപോകുന്ന കാറിനെ നോക്കി നിന്ന് അവരെല്ലാം കൈവീശിയവരെ അനുഗ്രഹിച്ചു. അവസാനിച്ചു.

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story