ആരോടും പറയാതെ: ഭാഗം 6

Arodum parayathe copy

എഴുത്തുകാരി: രേഷ്ജ അഖിലേഷ്‌

വിഷമത്തോടെ ഫോൺ ആവണിയ്ക്കു നേരെ പിടിച്ചുകൊണ്ട് സ്‌നേഹ പറഞ്ഞു. ആവണി അത് കണ്ടു ഞെട്ടി.അവളുടെ മുഖം വിളറി. "ഞങ്ങളുടെ പ്രിയ കൂട്ടുകാരി അർപ്പിതയ്ക്ക് ആദരാഞ്ജലികൾ " അർപ്പിതയുടെ ചിരിക്കുന്ന ഫോട്ടോയ്ക്ക് അടിയിലായി എഴുതിയ വാചകങ്ങൾ. ആവണി സ്നേഹയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കി. കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അർപ്പിതയുടെ ക്ലാസ്സിൽ നിന്നും ഉള്ള ഒരു വിദ്യാർത്ഥി ആയിരുന്നു ആ മെസ്സേജ് ഇട്ടത്. പുറകെ മരണ കാരണം അന്വേഷിച്ചുള്ളതും ആദരാഞ്ജലികൾ അർപ്പിക്കുന്നതും ആയിട്ടുള്ള അനേകം മെസ്സേജുകൾ വന്നു കൊണ്ടേയിരുന്നു. "ഉച്ചയ്ക്ക് ശേഷം കോളേജ് അവധിയാണെന്ന് മിസ്സുന്മാർ പറയുന്നത് കേട്ടു. കോളേജിലെ ഒരു കുട്ടിയല്ലേ മരിച്ചത്... ആത്മഹത്യ ആയിരുന്നു എന്നാ അറിഞ്ഞത് . അടുത്ത മാസം എൻഗേജ്മെന്റ് നടത്താൻ ഇരിക്കയിരുന്നുത്രെ...സ്റ്റാഫ്സും പിജി സ്റ്റുഡന്റസും കൂടെ പോകുന്നുണ്ടത്രേ കാണാൻ... പോസ്റ്റ്‌മോർട്ടം കഴിഞ്ഞു വൈകിട്ടു ബോഡി വീട്ടിൽ എത്തും എന്നാ പറയണേ " "ഈശ്വരാ... എന്തിനാ ആ ചേച്ചി ഈ കടുംകൈ ചെയ്തേ..."

"പാവം... ആർക്കറിയാം... ഇനി പറഞ്ഞിട്ടും കാര്യല്ല... പോയ ജീവൻ തിരിച്ചു കിട്ടില്ലല്ലോ... പെട്ടന്നുള്ള വിഷമത്തിൽ ഓരോ പൊട്ടബുദ്ധി തോന്നും. ആ ചേച്ചിയ്ക്ക് എന്തൊക്കെയോ പേർസണൽ പ്രോബ്ലംസ് ഉണ്ടായിരുന്നൂന്ന കേട്ടത്... ആരോ ബ്ലാക്ക്മെയിൽ ചെയ്തിരുന്നു. സെക്ഷ്വലി അബ്യുസ്ഡ് ആണെന്നും പറയുന്നു... ഓൺലൈൻ ന്യൂസുകൾ ഇപ്പൊ തന്നെ ഒരുപാട് വന്നിട്ടുണ്ട്... ബോയ്ഫ്രണ്ട് ഉണ്ടെന്നോ ബോയ്ഫ്രണ്ട്നോട്‌ പിണങ്ങിയിട്ടാണെന്നോ... അങ്ങനെ പല തരത്തിൽ... ഏതാ വിശ്വസിക്കാ..." "വലിയ പരിചയം ഒന്നും ഇല്ലെങ്കിലും കേട്ടപ്പോൾ ഒരു നീറ്റൽ... നമ്മുടെ കോളേജിൽ ഇത്രയും കാലം ഉണ്ടായിരുന്നു... ഇനി ഇല്ലാ എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം." "അതെ... അന്ന് അയാളുടെ കാര്യോം ചോദിച്ചിട്ട് ഞാൻ അവസാനം ആയിട്ട് സംസാരിച്ചതാ എനിക്ക് ഓർമ്മ വരുന്നത്... എനിക്ക് തോന്നുന്നത് അയാൾക്കും ഇതിൽ എന്തെങ്കിലും പങ്ക് ഉണ്ടാവുംന്ന... എല്ലാവരും ഒരു കാമുകന്റെ കാര്യം തന്നെയാ പറയുന്നത്... പക്ഷേ പേരും അഡ്രസ്സും ഇല്ലാ... അപ്പോൾ ഉറപ്പിക്കാലോ എന്തെങ്കിലും കൊമ്പത്തെ ആൺ പിറപ്പ് തന്നെ ആവും..."

"ഏയ്യ്... നീ ആയിട്ട് ഒന്നും ഊഹിക്കാൻ പോവണ്ട... പോലീസും കോടതിയും എല്ലാം ഉണ്ടല്ലോ... ആ ചേച്ചീടെ വീട്ടുകാർ അടങ്ങി ഇരിക്കോ... ആരായാലും ശിക്ഷ കിട്ടണം..." "ഹും... പോയത് ഒരു പെൺകുട്ടിയുടെ ജീവനാ... അതിനി എന്ത് ചെയ്തിട്ടും തിരിച്ചു കിട്ടാൻ പോണില്ല... പിന്നെ ശിക്ഷ... അത് പെൺകുട്ടിയുടെ ജീവിച്ചിരിക്കുന്ന അച്ഛനും അമ്മയും ആണ് അനുഭവിക്കാൻ പോകുന്നത്... ഉത്തരവാദികൾ നാട്ടിൽ അന്തസ്സായി നടക്കും. മകളെ നല്ലത് പോലെ വളർത്തിയില്ല എന്ന് പറഞ്ഞു സമൂഹം മാതാപിതാക്കളെ ഒളിഞ്ഞും തെളിഞ്ഞും ക്രൂശിക്കും... മകളുടെ കൂടെ പരലോകത്തേയ്ക്ക് എത്തിപ്പെട്ടാൽ മതിയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ബാക്കിയുള്ള ജീവിതം അനുഭവിക്കാനാകും അവരുടെ വിധി..." "ശരിയാ... " അന്ന് കോളേജ് അവധി ആയതു കൊണ്ട് ഇരുവരും ഉച്ചയ്ക്ക് മുൻപ് വീട്ടിൽ തിരിച്ചെത്തി. 🍁🌼🍁🌼🍁🌼🍁🌼🍁🌼🍁🌼🍁🌼 ദിവസങ്ങൾ ഏറെ പൊഴിഞ്ഞു പോയി. ഇടയ്ക്ക് ഒരു ദിവസം അർപ്പിതയുടെ മരണത്തിനു കാരണക്കാരൻ എന്ന് ആവണിയും സ്നേഹയും സംശയിച്ച അയാൾ ആവണിയെ ഫോണിൽ വിളിച്ചു. നമ്പർ എങ്ങനെ കിട്ടിയെന്ന് അവൾക്കു അതിശയമായിരുന്നു. "ഹെല്ലോ..." "ആവണി അല്ലേ " "അതെ... ഇതാരാ..." "ശബ്ദം കേട്ടിട്ട് മനസ്സിലായില്ലേ..." "ഇല്ല... എനിക്ക് അറിയില്ല... ആരാ? "

"നമ്മൾ തമ്മിൽ അവസാനം കണ്ടത് തന്റെ വീടിനടുത്തു വെച്ചാ... ലേശം ഉടക്കിയിട്ടാ പിരിഞ്ഞത്... ഇപ്പോൾ ഓർക്കുന്നുണ്ടോ..." "ഓ ഇപ്പൊ ഓർമ്മ വന്നു... താനെന്തിനാ എന്നെ വിളിച്ചത്... എങ്ങനെ എന്റെ നമ്പർ കിട്ടി?" "തന്റെ നമ്പർ കിട്ടാനൊന്നും എനിക്ക് വലിയ പ്രയാസം ഇല്ല കുട്ടീ... ഞാൻ ഒരു കാര്യം ചോദിക്കാൻ വേണ്ടിയാ വിളിച്ചത്... നേരിട്ട് കാണാം എന്ന് വെച്ചാൽ തന്റെ ആ മുൻകോപക്കാരി കൂട്ടുകാരി ഉണ്ടാവൂലോ ഏതു നേരവും. " സ്‌നേഹയെ പറഞ്ഞതിലും അർപ്പിതയുടെ വിഷയം മനസ്സിൽ കിടക്കുന്നത് കൊണ്ടും ആവണി അയാളോട് ദേഷ്യപ്പെട്ടു. "അതെനിക്കറിയാം പെൺകുട്ടികളുടെ നമ്പർ കിട്ടാൻ തന്നെപ്പോലെ ഉള്ളവർക്ക് ഒരു വിഷമവുമില്ലെന്ന്... എന്നോട് എന്തു കാര്യമാ തനിക്കു പറയാൻ ഉള്ളത്... അത് കേൾക്കാൻ എനിക്ക് താല്പര്യം ഉണ്ടായിട്ടല്ല... പക്ഷെ പറയാൻ ഉണ്ട്‌ ചോദിക്കാൻ ഉണ്ട്‌ എന്നെല്ലാം പറഞ്ഞു ഇനിയും എന്നെ ശല്ല്യപ്പെടുത്താതിരിക്കാൻ വേണ്ടി മാത്രം... പറയു... എന്താ കാര്യം?" "ഓക്കേയ്... താൻ ഇങ്ങനെ ക്ഷോഭിക്കാൻ നിൽക്കണ്ട... ഞാൻ വലിയ ഇൻട്രോഡക്ഷൻ ഒന്നും ഇല്ലാതെ പറഞ്ഞേക്കാം... എനിക്ക് തന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ട്." അയാളുടെ വാക്കുകളിൽ വലിയ അതിശയം ഒന്നും ആവണിയ്ക്കു തോന്നിയില്ല.

ഇങ്ങനെ തന്നെ ആവുമല്ലോ അർപ്പിതയെന്ന പെൺകുട്ടിയെയും മോഹിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളി വിട്ടതെന്ന് അവൾ ചിന്തിച്ചു. "കഴിഞ്ഞോ... എന്നാൽ കേട്ടോളു... തനിക്കു താല്പര്യം ഉണ്ടായിട്ട് മാത്രം കാര്യം ഇല്ലാലോ... എനിക്ക് താല്പര്യം ഇല്ല." "തനിക്കു വേറെ റിലേഷൻ വല്ലതും?" "തനിയ്ക്കു എന്തൊക്കെ അറിയണം?. എനിക്ക് പ്രേമിച്ചു നടക്കാനൊന്നും തീരെ താൽപ്പര്യം ഇല്ല. എനിക്ക് ആരുമായിട്ടും ഒരു റിലേഷനും ഇല്ല. എന്റെ വിവാഹം തീരുമാനിക്കുന്നത് എന്റെ വീട്ടുകാരാണ്. അവർ കണ്ടു പിടിച്ചു തരുന്നത് ആരെയാണെങ്കിലും അയാളെ സ്വീകരിക്കും." "അപ്പോൾ തന്റെ വീട്ടിലേയ്ക്ക് വന്നു നേരിട്ട് പെണ്ണ് ചോദിച്ചാലോ..." "തനിക്കു പറഞ്ഞാൽ മനസ്സിലാകില്ല എന്നുണ്ടോ... ഇത്രയും ദേഷ്യത്തോടെ എന്റെ ജീവിതത്തിൽ ഒരാളോട് ഞാൻ സംസാരിച്ചിട്ടില്ല. എന്നിട്ടും എനിക്ക് താല്പര്യം ഇല്ലാ എന്ന് തനിക്കെന്താ മനസ്സിലാകാത്തെ... " "അതാ എനിക്കും മനസ്സിലാകാതെ... എന്താ എന്നെ വേണ്ടാന്ന് പറയാൻ... എന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് അറിയാഞ്ഞിട്ടാണോ... എങ്കിൽ പറയാം... എന്റെ കുടുംബം..."

ആവണി അയാളെ പറഞ്ഞു മുഴുവനാക്കാൻ അനുവദിച്ചില്ല. അവൾ ഇടയ്ക്ക് കയറി. "ശ്ശെടാ... ഇതു വലിയ കഷ്ടം ആയല്ലോ... തന്നെക്കുറിച്ച് എനിക്ക് കൂടുതൽ ഒന്നും അറിയണം എന്നില്ല. അറിഞ്ഞത് തന്നെ ധാരാളം... മറ്റൊരു അർപ്പിതയാകാൻ എനിക്ക് മനസ്സില്ല." "അർപ്പിത!.. താനെന്തിന് അർപ്പിതയുടെ പേർ ഇവിടെ പറയണം..." അതുവരെ തെല്ലു കുസൃതിയോടെ സംസാരിച്ചിരുന്ന അയാളുടെ ശബ്ദം ഗൗരവം നിറഞ്ഞതായി മാറിയത് ആവണി ശ്രദ്ധിച്ചു. "എന്താ താൻ ഞെട്ടിയോ... ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചിട്ട്... ഛെ... എന്നിട്ട് പേര് പറയുന്നതിലാണോ കുഴപ്പം. പണക്കാരൻ ആയതു കൊണ്ട് എല്ലാം തേഞ്ഞു മാഞ്ഞു പോകുമായിരിക്കും എന്ന് വെച്ച് അതെ ദുരുദ്ദേശത്തോടെ എന്റെ അടുത്ത് വന്നാലുണ്ടല്ലോ..." അതും പറഞ്ഞു ആവണി ഫോൺ കട്ട്‌ ചെയ്തു. അയാളുടെ നമ്പർ ബ്ലോക്ക്‌ ചെയ്തു. പിന്നീട് അറിയാത്ത നമ്പറിൽ നിന്നുമുള്ള കോളുകളും വരുന്നത് ബ്ലോക്ക്‌ ചെയ്തു. അവൾക്കറിയാമായിരുന്നു ഇനിയും ഒരു കാൾ വന്നേക്കാം എന്ന്. 🌼🍁🌼🍁🌼🍁🌼🍁🌼🍁🌼🍁

ആവണിയുടെ അനിയത്തി ഗാഥയുടെ വിവാഹക്കാര്യം ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു. പയ്യന്റെ വീട്ടുകാർക്കു ചടങ്ങുകൾ വൈകിക്കുന്നതിൽ നീരസം പ്രകടിപ്പിച്ചു തുടങ്ങി. "രഘുവേട്ടാ... നിങ്ങൾ നിങ്ങളുടെ അമ്മയോടും ആവണിയോടും ഒന്ന് സംസാരിക്കു... അമ്മ പറയുന്നത് പോലെ നമുക്ക് ആദ്യം അവള്ടെ കല്യാണം തന്നെ നടത്താം... സമ്മതമാണോന്ന് ചോദിച്ച് നോക്ക്." "അതിന് ചെറുക്കനെ തപ്പണ്ടേ..." "ശ്ശോ... അതൊന്നും ആലോചിച്ചു നിങ്ങൾ തല പുകയ്ക്കണ്ട... ഞാൻ അതെല്ലാം ഏർപ്പാട് ചെയ്തിണ്ട്... രാജേഷിനെ ഏല്പിച്ചിട്ടുണ്ട്... നല്ലൊരു ചെക്കനെ അന്വേഷിച്ചു കൊണ്ട് വരാൻ..." "അങ്ങനെ കൊണ്ട് വന്നിട്ട് സമ്മതം ചോദിച്ചാൽ മതിയല്ലോ " "ന്റെ രഘുവേട്ടാ... നിങ്ങൾ ചെന്നു പറയുമ്പോഴേക്കും അവൾ സമ്മതിക്കാൻ ഇരിക്കാണോ... ഇപ്പൊ പറഞ്ഞു വെച്ചാൽ നല്ലത്... അല്ലെങ്കിൽ... അവൾ അവളുടെ അമ്മയുടെ സ്വഭാവം കാണിക്കും... അതിന്റെ സൂചനകൾ കിട്ടി തുടങ്ങിയിട്ടുണ്ട്". "എന്താ നീ പറയുന്നത് മനസ്സിലായില്ല... " "മനസ്സിലാക്കാൻ എന്തിരിക്കുന്നു... അവള്ടെ പാരമ്പര്യം അതായത് കൊണ്ട് നാട്ടുകാർ അവളെ പ്രത്യേകം ശ്രദ്ധിക്കുമല്ലോ... ഇടയ്ക്ക് കോളേജിൽ പോണ വഴീല് ഏതോ ചെക്കനെ കണ്ടു സംസാരിക്കുന്നുണ്ടൊക്കെ അറിഞ്ഞു... ഞാൻ ഈയിടയ്ക്കാ അറിഞ്ഞേ...

പിന്നേ വിചാരിച്ചു ഇനി ആരെക്കൊണ്ടും അധികം പറയിക്കണ്ട കല്ല്യാണം നടത്താൻ തീരുമാനിക്കാൻ പോവല്ലെന്ന്... ഡിഗ്രി കഴിയാൻ ഇനി കുറച്ചല്ലേ ഉള്ളൂ... ചിലപ്പോൾ അപ്പോഴേക്ക് അവൾ ചാടിപ്പോയാൽ നമ്മുടെ മോൾടെ കാര്യം കൂടി കഷ്ടത്തിലാവും." "ഊം... എന്നാൽ ചോദിച്ചേക്കാം...അമ്മ എവിടെ?" "അമ്മേം അവളും കൂടെ പുറകു വശത്തുണ്ട്... പലഹാരപ്പണിയിലാ... " രഘു പുറകു വശത്തേയ്ക്ക് നടന്നു പുറകെ സന്ധ്യയും. രഘുവിനെ ഒറ്റയ്ക്ക് അവരുടെ ഇടയിലേക്ക് വിട്ടാൽ ശരിയാകില്ലെന്നും കണക്കു കൂട്ടലുകൾ തെറ്റിയേക്കാമെന്നും സന്ധ്യയ്ക്ക് അറിയാം. "അമ്മേ..." "ഊം ... എന്തു പറ്റി എന്റെ മോൻ എന്നെ കാണാൻ പതിവില്ലാതെ അടുക്കളപ്പുറത്തേയ്ക്ക് വന്നിരിക്കുന്നല്ലോ... എന്തോ കാര്യം ആയിട്ട് പറയാൻ ഉണ്ടെന്ന് തോന്നുന്നു." "അമ്മ പരിഹസിക്കേണ്ട... അമ്മയ്ക്കറിയാലോ എന്താ അതിന് കാരണമെന്നു... അതെല്ലാം അവിടെ നിൽക്കട്ടെ... അമ്മ പറഞ്ഞത് പോലെ ഒരു ഗൗരവം ഉള്ള കാര്യം പറയാൻ തന്നെയാ വന്നത്... മറ്റൊന്നുമല്ല. ആവണിയുടെ വിവാഹക്കാര്യം. ദാല്ലാളിനോട്‌ ഏൽപ്പിച്ചിട്ടുണ്ട്...

നാളെയോ മറ്റന്നാളോ ആയിട്ട് വരും വിവരം പറയാൻ. അപ്പോൾ പെണ്ണ് കാണാൻ വരുന്നതിനെപ്പറ്റിയും മറ്റും സംസാരിക്കും. അന്നേരം അറിഞ്ഞില്ല പറഞ്ഞില്ലാന്നു ഒന്നും പറഞ്ഞേക്കരുത്..." "അപ്പോൾ ആവണിയുടെ വിവാഹം തന്നെ നടത്താൻ തീരുമാനിച്ചോ ആദ്യം?" ആവണിയോട് അച്ഛമ്മ എല്ലാം പറഞ്ഞ് മനസ്സിലാക്കി വെച്ചിരുന്നു. കണ്ണടയും മുൻപ് ആവണിയുടെ വിവാഹം കാണാൻ ഉള്ള അച്ഛമ്മയുടെ ഒരേയൊരു ആഗ്രഹം തിരസ്‌ക്കരിക്കാനുള്ള മനക്കട്ടി അവൾക്കില്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും കുറവ് നികത്തി സ്നേഹമായിരുന്നല്ലോ അച്ഛമ്മയുടെത്. ഇത്രയും നാൾ തണൽ ആയിരുന്ന ആ അച്ഛമ്മയുടെ ഏതു ആഗ്രഹവും സാധിച്ചു കൊടുക്കുവാൻ അവൾക് മടിയില്ലായിരുന്നു. തുടർ പഠനവും ജോലിയും എല്ലാം സാധിക്കാതെ പോകുമോ എന്നൊരു ഭയം ഉണ്ടായിരുന്നു എങ്കിലും അവൾ പൂർണ്ണ മനസ്സാലെ സമ്മതം മൂളിയിരുന്നു അച്ഛമ്മയോട്. "അമ്മയ്ക്കല്ലായിരുന്നോ വാശി. ആവണിയുടേത് തന്നെ ആദ്യം നടക്കണം എന്നുള്ളത്. അത് തന്നെ നടക്കട്ടെ. മാത്രമല്ല നീട്ടിക്കൊണ്ട് പോയാൽ വർഷങ്ങൾക്കു മുൻപ് തല കുനിച്ചിരുന്ന ഒരവസ്ഥ വീണ്ടും വന്നേക്കാം..." "അതെന്താ നീ അങ്ങനെ പറഞ്ഞത്?" "ഞാൻ പറയുകയല്ല... നിങ്ങടെ കൊച്ചുമോൾ പ്രവർത്തിച്ചു കാണിക്കും... അത് തന്നെയാ കാരണം."

"ന്റെ കുട്ടി അത്തരക്കാരിയല്ലാ... അതെനിക്കറിയാം..." "അമ്മേടെ വിശ്വാസം അമ്മയെ കാക്കട്ടെ... നമുക്ക് കാണാം... ഇവൾ ഞാൻ അന്വേഷിച്ചു കൊണ്ട് വരുന്ന പയ്യനെ വിവാഹം കഴിക്കാൻ തയ്യാറാകുമോ... അതാണ് എനിക്ക് അറിയേണ്ടത്... അതല്ല എങ്കിൽ ഇപ്പോൾ അറിയണം... ആളുകളുടെ മുൻപിൽ മാനം പോയി നിൽക്കാൻ വയ്യാ..." "അച്ഛൻ തീരുമാനിക്കുന്നത് ആരെയായാലും ഞാൻ വിവാഹം കഴിച്ചിരിക്കും. ഒരൊറ്റ നിബന്ധന മാത്രേള്ളൂ... അച്ഛമ്മയ്ക്ക് കൂടി ഇഷ്ട്ടാവണം..." "ഊം... എന്നാൽ പയ്യന്റെ ഫോട്ടോയും ഡീറ്റെയിൽസും ആയിട്ട് രാജേഷ് നാളെ വരും രണ്ടാൾക്കും ബോധിച്ചാൽ നടത്താം..." "പറഞ്ഞല്ലോ അച്ഛാ... എനിക്ക് ഫോട്ടോ കണ്ടില്ലെങ്കിലും ആളുടെ ഡീറ്റെയിൽസ് അറിഞ്ഞില്ലെങ്കിലും കുഴപ്പം ഇല്ല. അച്ഛൻ കണ്ടെത്തുന്ന ആളല്ലേ... എനിക്ക് വിശ്വാസാ... ഒരു അപേക്ഷ ഉണ്ട്‌... ഞാൻ അച്ഛനെ വിശ്വസിക്കും പോലെ ഈ വിവാഹം നടന്നാലെങ്കിലും എന്നെ വിശ്വസിക്കണം... അതിനു കഴിയോ അച്ഛന്..." രഘു ഒരു പുച്ഛഭാവത്തോടെ തലയാട്ടിയ ശേഷം മറുപടി പറയാതെ തിരിഞ്ഞു നടന്നു.

ആവണിയുടെ നിസ്സഹായത കണ്ട് അച്ഛമ്മ അവളെ ചേർത്തു പിടിച്ചു. 🌼🍁🌼🍁🌼🍁🌼🍁🌼🍁🌼🍁 പിറ്റേദിവസം തന്നെ ബ്രോക്കർ രാജേഷ് പയ്യന്റെ ഡീറ്റെയിൽസുമായിട്ട് വന്നു. അന്ന് ആവണി കോളേജിൽ പോയിരിക്കുകയായിരുന്നു. അച്ഛമ്മയും രഘുവും സന്ധ്യയും ഉള്ളപ്പോഴാണ് അയാൾ വന്നത്. അച്ഛമ്മയ്ക്കും രഘുവിനും രാജേഷ് കൊണ്ട് വന്ന ആലോചന ഇഷ്ട്ടമായി. പക്ഷേ സന്ധ്യയ്ക്ക് ഇഷ്ട്ടമായില്ല. കാരണം അത് നാട്ടിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ വിവാഹാലോചന ആയിരുന്നു. അവർ ആവണിയെ കണ്ടു ഇഷ്ട്ടപ്പെട്ടിട്ടുള്ളതാണെന്നും അവളെ തന്നെ കുടുംബത്തിലേക്ക് വിവാഹം ചെയ്ത് കൊണ്ട് പോകണമെന്നും അവർക്ക് വലിയ ആഗ്രഹമാണെന്നും പെണ്ണിനെ മാത്രം മതിയെന്നുമെല്ലാം രാജേഷ് പറഞ്ഞു. പേരും പെരുമയും ഒരുപാട് ഉള്ള കുടുംബം. അത് കേട്ടപ്പോഴേ സന്ധ്യക്ക്‌ മറ്റുള്ള വിശേഷണങ്ങൾ കേൾക്കണം എന്നില്ലാതായി. താൻ പറഞ്ഞതിനു വിപരീതമായി ചെയ്യുന്ന രാജേഷിനോട് ദേഷ്യവും വന്നു. ഇത്രയും നല്ലൊരു ബന്ധം തന്റെ മോൾക്ക്‌ വേണ്ടി ആയാൽ കൊള്ളാമെന്നും അവർക്കു തോന്നായ്ക ഇല്ല. കാരണം പയ്യനെ അവരെല്ലാം മുൻപ് കണ്ടിട്ടുള്ളതായിരുന്നു. "ഇത്‌ കാർ ഇവിടെ കൊണ്ട് വന്ന പയ്യനല്ലേ..." "ആഹാ... ഇവരുടെ കാറാ അന്ന് നിങ്ങള്ക്ക് വിറ്റത്...

അവർക്കന്ന് എങ്ങോട്ടോ പോവാൻ ഉള്ളതോണ്ട് നേരത്തേ ഇങ്ങട്ട് എത്തിച്ചതാ... അവർ ഇവിടെ ആയിരുന്നില്ല... അങ്ങ് ബാംഗ്ലൂർ ആയിരുന്നു കുടുംബസമേതം... മുത്തച്ഛനും മുത്തശ്ശിയും മരിച്ചിട്ട് ഒന്ന് രണ്ടു വർഷം ആയിട്ടില്ല... ആ സമയത്താ ഇവർ നാട്ടിൽ സ്ഥിരം ആയത്... എന്നാലും ബാംഗ്ലൂരിൽ ഇപ്പോഴും എന്തൊക്കെയോ ബിസിനെസ്സ് ഉണ്ട്‌ ...അതോണ്ട് അവർ എപ്പോഴും പോയിട്ടും വന്നിട്ടും ഇരിക്കും . പക്ഷെ ഈ പയ്യൻ ആയിരുന്നു അല്ലേ അന്ന് വന്നത്... ഞാൻ അറിഞ്ഞില്ല... അവിടെ രണ്ടു ഡ്രൈവർമാർ ഉള്ളതാണേയ്... ആ പയ്യന് കൊണ്ട് വന്നിടേണ്ട കാര്യം ഒന്നുല്ല..." അച്ഛമ്മയും രഘുവും അകത്തേക്ക് പോയ സമയത്ത് രാജേഷിനെ ചീത്തവിളിക്കാൻ തയ്യാർ ആയി നിൽക്കുക ആയിരുന്നു സന്ധ്യ പക്ഷേ, രാജേഷ് രഹസ്യമായി പറഞ്ഞ കാര്യങ്ങൾ കേട്ട് സന്ധ്യ ആഹ്ലാദിച്ചു."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story