ആത്മരാഗം💖 : ഭാഗം 1

athmaragam thanseeh

രചന: തൻസീഹ് വയനാട്

പ്രകൃതി അതിന്റെ ഏറ്റവും മനോഹാരിത കൈവരിക്കുന്ന,,, കിളികൾ കലപില കൂട്ടുന്ന,, സൂര്യ കിരണങ്ങൾ മേനിയെ പുളകം കൊള്ളിക്കുന്ന ആ സുപ്രഭാതത്തിൽ നനുത്ത കാൽ വെപ്പോടെ അവൾ നടന്നു...... തലേന്ന് കൊഴിഞ്ഞു വീണ മഞ്ഞ പൂക്കളിലെ ഓരോ കാൽവെപ്പിലും അവളുടെ പദങ്ങൾ കൂടുതൽ മനോഹരമായ പോലെ... തണുത്ത തെന്നൽ ഒന്നാകെ അവളുടെ കറുത്ത മുടിയിഴകളെ തൊട്ടു തലോടി... തന്റെ കരിമഷി കണ്ണിനെ മറക്കുന്ന മുടിയിഴകളെ നഗ്നമായ കൈകൾ കൊണ്ട് മാടിയൊതുക്കുമ്പോൾ ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു... എന്നാൽ.. ഓരോ കാൽവെപ്പും നിശ്ചയിച്ചുറപ്പിച്ചതായിരുന്നെന്ന് വേഗതയേറിയ ഹൃദയമിടിപ്പിൽ നിന്നും മനസിലാക്കാം.... തന്റെ ശ്രവണങ്ങളെ സായുക്തമാക്കിയ....ഹൃദയത്തെ അടിമപ്പെടുത്തിയ ആ സ്വരങ്ങൾ..... അവയുടെ ഉടമ... അത് മാത്രമായിരുന്നു അവളുടെ മനസ്സിൽ.. നീണ്ടു കിടക്കുന്ന വരാന്തയുടെ ഏറ്റവും അറ്റത്തെ ആ ക്ലാസ്സ്‌ മുറി..... അതായിരുന്നു അവളുടെ ലക്ഷ്യം....

പ്രകൃതി തന്നെ ലയിച്ചു പോകും വിധമാ മാന്ത്രിക സ്വരങ്ങൾ.... അവ കേൾക്കും തോറും തന്റെ മെയ്യും മനവും ആ സ്വരങ്ങളിൽ അലിഞ്ഞു പോകുവാണെന്നവൾക്ക് തോന്നി... അവളുടെ കരിമഷി കണ്ണുകൾ വികസിച്ചു.... ഹൃദയമിടിപ്പ് വർധിച്ചു... തൊണ്ടക്കുഴിയിൽ നിന്നൊരു നിശ്വാസം മാത്രം ഉയർന്നു വന്നു... വെളുത്തു മെലിഞ്ഞ തന്റെ വലത് കരം അവൾ ആ ജനൽ പിടിയിൽ അമർത്തി...... കണ്ണുകൾ വിടർന്നു വരും തോറും അവളുടെ ചുണ്ടിലെ പുഞ്ചിരി വിരിഞ്ഞു നിന്നു... അവൻ വീണമീട്ടുന്നത് തന്റെ സിരകളിലാണെന്നവൾക്കൊരു നിമിഷം തോന്നി........അതിൽ നിന്നും പുറപ്പെടുന്ന ഓരോ സ്വരങ്ങൾക്കും അവളുടെ ഹൃദയഭിത്തി അപ്പാടെ തകർത്തെറിയാൻ വണ്ണം കെൽപ്പുണ്ടായിരുന്നു......ഈയിടെയായി തന്റെ ചഞ്ചലപ്പെട്ട മനസ്സിന് നിർവ്വചിക്കാനാവാത്ത ഒരു വികാരം അവനോടുണ്ടെന്നു തോന്നിയിരുന്നെങ്കിലും അതൊരിക്കലും അവന്റെ സംഗീതത്തെയും മറികടന്നു അവനിലെ ഹൃദയതന്ത്രികളിൽ അലിഞ്ഞു ചേരാനുള്ള രീതിയിൽ വളർന്നു പന്തലിച്ചെന്നു അവൾ ഒരു സുഖമുള്ള നോവോടെ മനസ്സിലാക്കി....... ചുറ്റുപാടുകൾ അവൾ മറന്നു.....

എന്തിനും ഏതിനും നിഴൽ പോലെ കൂടെ കൂട്ടിയ അനിയെ അവൾ മറന്നു......അവൾക്കു മുന്നിൽ അവനും അവൻ തീർത്ത സപ്തസ്വര മാധുര്യവും മാത്രം..... പെട്ടെന്ന് അവളുടെ പുറകിലേക്ക് ആരോ വന്നു വീണു......ബാലൻസ് കിട്ടാതെ അവൾ മറിഞ്ഞു വീണു....... "വാവീ.........." അനി നിലവിളിച്ചു കൊണ്ട് അവളെ പിടിച്ചെഴുന്നേല്പിച്ചു......എഴുന്നേറ്റു നിന്നതും വർദ്ധിച്ച ദേഷ്യത്തോടെ അവൾ അനിയുടെ കൈകൾ തട്ടിമാറ്റി പോരു കോഴിയെ പോലെ എന്തിനും തയ്യാറായി തന്റെ പിന്നിലേക്ക് തിരിഞ്ഞു....അവിടെ രക്തത്തിൽ കുളിച്ചു ഒരുവൻ കിടക്കുന്നു.....അയാൾക്ക് മുന്നിലായി ഹോക്കി സ്റ്റിക്കുമായി നിൽക്കുന്നവനെ കണ്ടവൾ ഞെട്ടി.....അവളുടെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന ക്ലാസ് റൂമിലേക്ക് ജനൽ വഴി നീണ്ടു....ഇല്ല,,,,,അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല........എല്ലാം തന്റെ തോന്നൽ മാത്രമായിരുന്നോ....... അവൾ മനസ്സിൽ കുമിഞ്ഞു കൂടിയ സംശയത്തോടെ അവനെ നോക്കി,,,,മുന്നേ താനവന്റെ കയ്യിൽ കണ്ടത് വീണ ആയിരുന്നെങ്കിൽ ഇപ്പോൾ കാണുന്നത് രക്തം ഇറ്റു വീഴുന്ന ഹോക്കി സ്റ്റിക്ക് ആണ്...... വിടർന്നു വന്ന അവളുടെ കണ്ണുകളിൽ ദേഷ്യം ആളിക്കത്തി....

പുഞ്ചിരി വിരിഞ്ഞ ചുണ്ടവൾ കോപത്താൽ കടിച്ചു പിടിച്ചു....... "ഡാ %%&%$... ഇനി മേലാൽ.... എന്നോട് കളിക്കാൻ വന്നേക്കരുത് " തന്റെ കയ്യിലെ ഹോക്കി സ്റ്റിക്ക് വീണു കിടക്കുന്നവന്റെ മേലേക്ക് എറിഞ്ഞു കൊണ്ട് അവനെ രൂക്ഷമായി നോക്കി കൊണ്ടവൻ നടന്നു നീങ്ങി....... "നീ വാ.... " അവൻ പോകുന്നതും നോക്കി ദേഷ്യത്തോടെ നിൽക്കുന്ന അവളുടെ കയ്യിൽ പിടിച്ച് അനി അവളുമായി നടന്നകന്നു..... കലങ്ങി മറിഞ്ഞ മനസ്സുമായവൾ ആ ക്ലാസ്സ്‌ മുറിയിലേക്കൊന്ന് തിരിഞ്ഞു നോക്കി... പിന്നെ...... വർധിച്ച ദേഷ്യത്തോടെ തല തിരിച്ച് നടന്നകന്നു....... ശ്രവണ സുന്ദരമായ ശബ്ദം കൊണ്ട് ഹൃദയം കീഴടക്കാൻ വരെ സാധിക്കും... സംഗീതം....രാഗങ്ങളും താളങ്ങളും സുന്ദര ശബ്ദത്തിലൂടെ വികാര വിചാരങ്ങളെ പോലും പ്രകടിപ്പിക്കാൻ കഴിയുന്ന ഒന്ന്..അതിൽ ലോകം തന്നെ കാൽ കീഴിൽ ആയെന്ന് വരും... മനോഹരമായ ശബ്ദം,, അവ ഹൃദയത്തിൽ പുതിയ വികാരം തൊട്ടുണർത്തും.... സിരകളിൽ കോപാഗ്നി കൊണ്ട് തിളച്ചവളുടെ ഹൃദയത്തിൽ താള രാഗങ്ങളുടെ പുതു മഴ പെയ്യുന്ന അവസ്ഥ.....

ശ്രവണ സുന്ദരമായ ആ ശബ്ദത്തെ അത്രമേലത്രമേൽ അവളുടെ ഹൃദയം പ്രണയിച്ചു തുടങ്ങിയെന്ന് അവളിലെ അവൾക്ക് ബോധ്യം വരുമ്പോൾ......... എന്നാൽ...... താൻ സ്നേഹിച്ച ശബ്ദത്തിന് താൻ വെറുക്കുന്ന മുഖമാണെന്ന് വീണ്ടും വീണ്ടും അവളുടെ കണ്ണുകൾ മനസ്സിലാക്കി കൊടുക്കുമ്പോൾ ആ സ്വര രാഗങ്ങൾക്കായി താളമിട്ട അവളുടെ ഹൃദയം മുറിപ്പെടുന്നു..... സത്യമേതെന്നറിയാതെ അവൾ അവളുടെ ഹൃദയം കീഴടക്കിയ ആ ശബ്ദത്തിന് നേരെ മുഖം തിരിക്കുന്നു.... അതേ... സത്യം അറിയാതെ തന്നെ.........!!!! സംഗീതം പോൽ ഏവരുടെയും മനസ്സ് കീഴടക്കാൻ അവർ വരുന്നു.....

**********

"നിന്നോടൊക്കെ എത്ര പറഞ്ഞാലും ആ വാക്കിന്‌ പുല്ല് വില നൽകില്ലെന്നെനിക്കറിയാം... ഇനി ഒരു തവണ കൂടി നിങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു കംപ്ലയിന്റ് കിട്ടിയാൽ.... " കസേരയിൽ നിന്നെഴുന്നേറ്റ് പ്രിൻസി തന്റെ മുന്നിൽ നിൽക്കുന്ന നാൽവർ സംഘത്തോട് പൊട്ടിത്തെറിച്ചു... തല താഴ്ത്തി പുച്ഛഭാവത്തിൽ നിൽക്കുന്ന അവരെ കണ്ട് പ്രിൻസിയുടെ ചൂട് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല..ലാസ്റ്റ് വാണിംഗ് നൽകി അവരെ ഗെറ്റ് ഔട്ട്‌ അടിച്ച് കസേരയിൽ ചാരി ഇരുന്നതും തന്റെ സൈഡിൽ തല താഴ്ത്തി വിഷണ്ണതയോടെ നിൽക്കുന്ന ആ പെൺകുട്ടിയെ അവർ നോക്കി.... "കുട്ടി ഇനി പേടിക്കേണ്ട.. ഇനി അവരൊന്നും ചെയ്യില്ല... അവരിനി എന്തിനെങ്കിലും വന്നാൽ എന്നോട് പറയാൻ മടിക്കരുത്... അവരെ ഇനി എന്ത് ചെയ്യണം എന്നെനിക്കറിയാം... മ്മ്. ക്ലാസ്സിൽ പൊയ്ക്കോളൂ "

സൗമ്യ ഭാവത്തോടെ അവരത് പറഞ്ഞു കൊണ്ട് കസേരയിൽ നിവർന്നിരുന്നു... Anigha menon PRINCIPAL തനിക്ക് മുന്നിൽ വെച്ച ബോർഡിൽ തന്റെ കൈകൾ അമർത്തി പിടിച്ച് കണ്ണട നേരെ വെച്ചവർ പല്ലുകൾ കടിച്ചു പിടിച്ചു.. "നോ... ഇവരെ ഇങ്ങനെ വളരാൻ അനുവദിച്ചു കൂടാ... മ്മ്മ്.. അത് തന്നെ വഴി... " തലയാട്ടി കൊണ്ടവർ ബെൽ അമർത്തി...... ഉടനെ തന്നെ വാതിലിൽ മുട്ടി പ്യൂൺ അകത്തേക്ക് വന്നു.... "അവർ.... എത്തിയിട്ടില്ലേ.. " തെല്ല് സംശയത്തോടെ അനിഘ മേം പ്യൂൺ രാഘവനോട്‌ ചോദിച്ചു.. "യെസ് മേഡം... " കേൾക്കാൻ ആഗ്രഹിച്ചത് തന്റെ ചെവിയിൽ എത്തിയതും അനിഘ മേം മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ട് ചിരിച്ചു....... ഇതേ സമയം കോളേജ് ഗ്രൗണ്ടിൽ....... "ഛെ... ആകെ നാണം കെട്ടു.. ഒരു പീറ പെണ്ണ് കാരണം നമ്മുടെ മൊത്തം ഇമേജ് പോയി... " "അതേ... ആ പെണ്ണ് കാരണം ജൂനിയർസിന് മുന്നിലെ നമ്മുടെ വിലയൊക്കെ പോയി....മഹീ... നീ എന്താ ഒന്നും മിണ്ടാത്തെ " നിര നിരയായി നിൽക്കുന്ന വാക മരങ്ങൾക്കിടയിലെ നിരത്തിയിട്ട ഇരിപ്പിടങ്ങളിലൊന്നിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു കൊണ്ട് നാൽവർ സംഘം ഇന്ന് തങ്ങൾക്കേറ്റ പ്രഹരത്തെ മറികടക്കാനുള്ള ചർച്ച തുടരുകയാണ്.... കോളജിലെ അവസാന വർഷ ബിരുദധാരികളായ ഇവർ കോളജിലെ മുഴുവൻ ആളുകളുടെയും പേടി സ്വപ്നവുമാണ്.....

നാട്ടിലെ വ്യവസായിയുടെയും രാഷ്ട്രീയമായി പിടിപാടുള്ള ചാക്കോയുടെ ഏക പുത്രനുമായ മഹിയാണ് അവരുടെ ഗ്യാങ് ലീഡർ... എന്ത് പ്രശ്നം ഉണ്ടാക്കിയാലും അപ്പൻ വന്ന് അതിൽ നിന്ന് ഊരിയെടുത്തോളുമെന്നത് കൊണ്ട് തന്നെ ആരെയും പേടിക്കാതെ വീണ്ടും വീണ്ടും ഒരോ പ്രശ്നങ്ങൾക്ക് തിരി കൊളുത്താനും ആർക്ക് നേരെയും അതിക്രമം കാണിക്കാനും ഈ നാൽവർ സംഘത്തിന് യാതൊരു ഭയവുമില്ല.... തന്റെ ബുള്ളറ്റിൽ ചാരി രണ്ടു കയ്യും പിറകോട്ടാഞ്ഞ് ചിന്തയിലാണ്ട് നിൽക്കുന്ന മഹിയെ അവരിലൊരാൾ തട്ടി വിളിച്ചു... ഉടനെ തന്നെ തീപാറും കണ്ണുകളോടെ അവൻ തല ചെരിച്ചു നോക്കി... കറുത്ത ചുണ്ടുകൾ ദേഷ്യത്താൽ വിറക്കുന്നുണ്ട്.. വലത്തേ കയ്യിലെ സ്റ്റീൽ വള കുറച്ച് കയറ്റി കാതിലെ കടുക്കയിൽ ഒന്ന് തട്ടി അവൻ അവർക്ക് മുന്നിലായി നിന്നു..... "അങ്ങനെ ഒരു പീറ പെണ്ണ് വിചാരിച്ചാൽ പോകുന്നതല്ല ഈ MSTM ലെ നമ്മുടെ വില... ഈ കാലമത്രയും എനിക്ക് നേരെ ശബ്ദമുയർത്തിയവർ പിന്നെ ഒരു രൂക്ഷനോട്ടം പോലും നൽകാൻ കഴിയാത്തവരായി ഒതുക്കി തീർത്തിട്ടേയുള്ളൂ ഈ മഹി..വീണ്ടും ഒരു ശബ്ദം ഉയർന്നെങ്കിൽ തന്നെ അതെങ്ങനെ താഴ്ത്തണം എന്നതും ഈ മഹിക്ക് നന്നായി അറിയാം.... "

ദേഷ്യഭാവത്തിൽ അവൻ തല ചെരിച്ചു കൊണ്ട് കോളേജ് വരാന്തയിലേക്ക് നോക്കി.... നീണ്ടു കിടക്കുന്ന വരാന്തയിൽ നിന്നും കണ്ണെടുത്തു കൊണ്ടവൻ പുച്ഛത്തോടെ മുകളിലെ ഡിപ്പാർട്ട്മെന്റിലേക്ക് തന്റെ കണ്ണുകൾ ചലിപ്പിച്ചു.. "എന്താ ആ മറ്റവളുടെ പേര്... " "ലീന മാത്യു " കൂട്ടത്തിലൊരാൾ മറുപടി കൊടുത്തതും പുച്ഛത്തോടെ ചിരിച്ചു കൊണ്ടവൻ ബൈക്കിൽ കയറി.... "ലീന മാത്യു.... " ദേഷ്യം കണ്ണുകളിൽ പ്രകടമാക്കി ചുണ്ടുകൾ കടിച്ചു പിടിച്ചാ നാമം ഉരുവിട്ട് കൊണ്ട് മഹി ആക്സിലേറ്റർ ശക്‌തിയായി തിരിച്ച് കോളേജ് വരാന്ത ലക്ഷ്യം വെച്ച് കൊണ്ട് മുന്നോട്ടെടുത്തു....... ചീറി പാഞ്ഞു വന്ന ബൈക്ക് വരാന്തയിൽ കിടന്ന് ശബ്ദം ഉയർത്തിയതും ഒരോ ക്ലാസിലെയും കുട്ടികൾ പുറത്തേക്കിറങ്ങി.... ആക്സിലേറ്റർ തിരിച്ച് ബുള്ളറ്റിന്റെ ചെവി തുളക്കും ശബ്ദം അവൻ വീണ്ടും വീണ്ടും ആവർത്തിച്ചു.. സാറന്മാരും ടീച്ചേഴ്സും ചെവികൾ പൊത്തി പിടിച്ചു... ആർക്കും അവനോട് ഒന്നും പറയാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് തന്നെ പ്രിൻസിയുടെ ഓഫിസിനെ ലക്ഷ്യം വെച്ചവർ നടന്നു.. പ്രിൻസിയുടെ ഓഫിസ് അപ്പുറത്തെ ബിൽഡിങ്ങിൽ ആയത് കൊണ്ട് തന്നെ ഇവിടുത്തെ ബഹളം അറിയാൻ താമസം പിടിക്കും..

അത് മഹിക്ക് നന്നായി അറിയാം... തല താഴ്ത്തി കൊണ്ടവൻ വീണ്ടും വീണ്ടും ബുള്ളറ്റിന്റെ ശബ്ദം കൂട്ടി..... എല്ലാ കുട്ടികളും ക്ലാസ്സിൽ നിന്നിറങ്ങിയെന്ന് അവന് മനസ്സിലായതും അവൻ തല ചെരിച്ച് ഓരോരുത്തരെയും നോക്കി.... ഒടുവിൽ കണ്ണുകൾ ഒരാളിൽ ഉടക്കിയതും വിജയ ഭാവത്തിൽ അവനൊന്ന് ചിരിച്ചു.. ആക്സിലേറ്ററിൽ നിന്നും കയ്യെടുത്തു കൊണ്ട് അവൻ ബൈക്കിൽ നിന്നും ഞൊടിയിടയിൽ ഇറങ്ങി കൊണ്ട് ബൈക്കിൽ ചാരി നിന്നു.. "ലീനാ മാത്യു.... " ബൈക്കിൽ ചാരി നിന്ന് കൈ രണ്ടും കെട്ടി അവളെ നോക്കിയവൻ പുച്ഛത്തോടെ ചിരിച്ചു... മറ്റു കുട്ടികൾ എല്ലാം അവളുടെ അടുത്ത് നിന്നും വിട്ട് നിന്നതും അവളെ വേറിട്ട് കാണാൻ മാത്രം അവൾ ഒറ്റപ്പെട്ടു... വിറക്കുന്ന കൈകൾ തന്റെ ചുരിദാറിന്റെ ഷാളിൽ മുറുക്കെ പിടിച്ചവൾ കണ്ണുകളിൽ ഭയം നിറച്ചു കൊണ്ട് അവനെ നോക്കി... ബൈക്കിനടുത്ത് നിന്ന് അവളുടെ അടുത്തേക്കവൻ നടന്നടുത്തു.. അവന്റെ ഒരോ കാൽവെപ്പിലും അവളുടെ ഹൃദയമിടിപ്പ് ഉയർന്നു.. അതിനനുസരിച്ച് അവളുടെ പദങ്ങൾ പിറകോട്ടാഞ്ഞു.... "നിനക്കല്ലേ ഞങ്ങളുടെ പേരിൽ പരാതി കൊടുക്കാൻ തിടുക്കം... ഇന്നേ വരെ ആരും കാണിക്കാത്ത ധൈര്യം ഇന്ന് കയറി വന്ന നീ കാണിച്ചു.... മ്മ്മ്മ്... സാരമില്ല...

ഒരു തെറ്റൊക്കെ ആർക്കും പറ്റും.. പക്ഷേ ഇനി ആവർത്തിക്കാതിരിക്കാൻ നിനക്കൊരു ശിക്ഷ തന്നില്ലേൽ ഈ നിൽക്കുന്ന കുട്ടികൾക്ക് മുന്നിൽ ഞങ്ങൾ കെട്ടിപ്പടുത്ത സാമ്രാജ്യം... ദേ..ഈ കാൽ ചുവട്ടിൽ കിടന്ന് ചതഞ്ഞരഞ്ഞ പോലെ ആവും.. സോ... മോളിനി ഈ ഏട്ടന്മാരെ നന്നായി ബഹുമാനിക്കണം കേട്ടോ... " അവളുടെ അടുത്ത് നിന്ന് ചുമരിൽ ഒരു കൈ വെച്ചവൻ പറഞ്ഞതും അവൾ മുഖം തിരിച്ചു... "ഞാൻ ഇനിയും പരാതി കൊടുക്കും.. പ്രിൻസി നിന്നെയൊക്കെ ഒരു പാഠം പഠിപ്പിക്കും " കണ്ണിൽ ഭയം നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും അത് വാക്കുകളിൽ കാണിക്കാതെ അവൾ ചീർത്തു...അടുത്ത ക്ഷണം മഹി അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു...വേദന കൊണ്ടവൾ പുളഞ്ഞിട്ടും അവൻ പിടുത്തം അയച്ചില്ല.. "എടി പുന്നാര മോളേ... നിന്റെ പ്രിൻസി ഒരുപാട് പാഠം പഠിപ്പിച്ചത് തന്നെയാ ഞങ്ങളെ.. ഞങ്ങൾക്കതൊന്നും പഠിക്കാൻ താല്പര്യം ഇല്ലെങ്കിലോ... നീ പിന്നേം കിടന്ന് ചീറുന്നൊ... നിന്റെ ഷാളിൽ പിടിച്ചു വലിച്ചതിനല്ലേ നീ കംപ്ലയിന്റ് കൊടുത്തത്...

എന്നാ കൊടുക്കെടീ ഇനിയും... നിന്നെ ഞാൻ ഉമ്മ വെച്ചെന്ന് പോയി പറ.. നിന്റെ പ്രിൻസി എന്നെ ഒലത്തുന്നത് എനിക്കൊന്ന് കാണണം " ദേഷ്യത്താൽ തന്റെ മുഖം അവൾക്ക് നേരെ അവൻ അടുപ്പിച്ചു.. അതിനനുസരിച്ച് അവൾ മുഖം ഇരു സൈഡിലേക്കും മാറി മാറി തിരിക്കാൻ തുടങ്ങി.... " STOP IT...!!!!....." കോപത്താൽ ആളിക്കത്തുന്ന കണ്ണുകളോടെ അതിലേറെ കനപ്പിച്ച ശബ്ദത്തോടെ അനിഘ മേം അവിടെ എത്തിയതും മഹി അവളിൽ നിന്നും വിട്ട് നിന്നു... ഒട്ടും പേടിയില്ലാത്ത അവന്റെ നിൽപ്പ് കണ്ടതും അനിഘ മേമിന് ദേഷ്യം കൂടി... ക്രീം കളർ സാരിയും കോളർ ടൈപ്പ് ജാക്കറ്റും പുറമെ കോട്ടും . അതാണ് അവരുടെ വേഷം.. .... കണ്ടാൽ ഇളം പ്രായമാണ്... അത് കൊണ്ട് തന്നെ അവരുടെ വാക്കിന്‌ ആരും വില നൽകില്ല. പ്രത്യേകിച്ച് മഹിയെ പോലുള്ളവർ...... അനിഘ മേമിനെ ഒന്ന് നോക്കി ഒട്ടും കൂസലില്ലാതെ അവൻ തന്റെ ബൈക്കിൽ കയറി ബൈക്ക് തിരിച്ചു.... സ്റ്റാർട്ട് ചെയ്ത് അനിഘ മേമിന് അടുത്തെത്തിയതും അവരെ ഒന്ന് നോക്കി പുച്ഛത്തോടെ അവൻ വേഗത്തിൽ തന്റെ ഇരിപ്പിടത്തിലേക്ക് പോയി......

അവൻ പോയതും കൂടി നിൽക്കുന്ന വിദ്യാർത്ഥി കൂട്ടത്തോട് അട്ടഹസിച്ച് അവരോട് ക്ലാസ്സിൽ കയറാൻ പറഞ്ഞു.... "മേം... അവനെ ഇനി അങ്ങനെ വിട്ടാൽ പറ്റില്ല... എന്തെങ്കിലും ചെയ്യണം... ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാൻ തുടങ്ങിയിട്ട് കുറെ ആയി... മേം അവന് നേരെ ഇങ്ങനെ കണ്ണടച്ചിട്ടാ അവന് പേടിയില്ലാത്തത്.." സഹ പ്രവർത്തകർ അനിഘ മേമിന് ചുറ്റും കൂടിയതും അവർ വരാന്തയുടെ തൂണിൽ കൈകൾ ഇടിച്ചു.. "എന്നെ അല്ലേ പേടി ഇല്ലാത്തത്....എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.... " തികഞ്ഞ ആത്മവിശ്വാസത്തോടെ അവർ പ്യുണിന് നേരെ തിരിഞ്ഞു.. "അവർ വന്നെന്നല്ലേ പറഞ്ഞേ... എന്റെ ഓഫിസിലേക്ക് വരാൻ പറ " തന്റെ കോട്ടിലെ പോക്കറ്റിൽ കൈകൾ ഇട്ട് അവർ ഓഫിസിലേക്ക് നടന്നു.... ************ " കൃഷ്ണാ........ " മാധുര്യം തുളുമ്പും ആ ശബ്ദം അവിടെ ഒന്നാകെ അലയടിച്ചു....ഒപ്പം മണി കിലുക്കവും...... പരന്നൊഴുകിയ ആ പാട്ടിൽ മരക്കൊമ്പിലെ കിളികൾ പോലും ആസ്വദിച്ചിരുന്നു... ഇലകൾ തലയാട്ടി..

പൂക്കൾ വിടർന്നു നിന്നു...പതിവ് തെറ്റാത്ത ആ ശബ്ദം ഇന്നും പ്രകൃതിയെ കുളിരണിയിപ്പിച്ചു.... "അമ്മേ..... " കൊലുസിന്റെ താളത്തോടെ കോണിപ്പടി ഇറങ്ങിയാ കൊച്ചു പെൺകൊടി പൂജാമുറിയിലേക്ക് ഓടിയെത്തി... "ആഹാ.. നീ എണീറ്റോ.. " കത്തിച്ചു വെച്ച താലം രണ്ടു കണ്ണോടും അടുപ്പിച്ച് ഭഗവാന് മുന്നിൽ അർപ്പിച്ച് ദീപം തൊട്ട് വണങ്ങി തേജസ്സുള്ള മുഖത്തോടെ അവർ പൂജാമുറിയിൽ നിന്നും ഇറങ്ങി... "അമ്മയുടെ ഈ മധുരമുള്ള ശബ്ദം കേട്ടാൽ ആരാ എണീക്കാത്തത്.. " അമ്മയുടെ കയ്യിൽ കുലുക്കി അവൾ പറഞ്ഞതും അത് തട്ടി മാറ്റി കൊണ്ട് അവർ അവളെ അവിടെ നിന്നും ഉന്തി. "പല്ലും തേച്ചിട്ടില്ല കുളിച്ചിട്ടുമില്ല.. പൂജാമുറിയുടെ ഏഴരികത്ത് ഇങ്ങനെ വന്ന് നിൽക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ കുട്ടീ.. " അവളുടെ തലക്ക് കൊട്ടി കൊണ്ട് അമ്മ പോകാൻ നിന്നതും അവൾ ഇളിച്ചു കൊണ്ട് മുന്നിൽ വന്ന് നിന്നു.. "ഏട്ടന്മാർ പോയോ അമ്മേ.... " അവളുടെ ചോദ്യം മുകളിലെ തന്റെ ഏട്ടന്മാരുടെ റൂമിലോട്ടു നോക്കിയായിരുന്നു.... "പിന്നെ പോവാതെ.. ഇന്ന് നേരത്തെ തന്നെ പോയി ... " "ഓഹോ.. പോയല്ലേ.. ഛെ.. ഒരു ആൾ ദ ബെസ്റ്റ് കൊടുക്കാൻ മറന്നു.." കണ്ണും തിരുമ്മി എണീറ്റ് വന്ന അമൻ നിരാശയോടെ പറഞ്ഞു അമ്മയെ നോക്കി....

"എന്തിന്...? " അടുക്കളയിലേക്ക് പോകാൻ നിന്ന അമ്മ അവന്റെ വാക്ക് കേട്ടതും മുന്നോട്ടു വെച്ച കാൽപാദങ്ങൾ അമർത്തി കൊണ്ട് തല ചെരിച്ച് ചോദിച്ചു.....അമൻ കുഞ്ഞു അക്ഷരയെ ഇരുകൈകളാൽ പൊതിഞ്ഞു പിടിച്ചു..... "ഇന്നല്ലേ അമ്മേ ജൂനിയേർസ് വരുന്നത്... അപ്പൊ മിക്കവാറും ഒരു തല്ല് ഉറപ്പാ... " "മിണ്ടാതിരിയെഡാ . ഭഗവാന് മുന്നിൽ ഇപ്പൊ പ്രാർത്ഥിച്ചിട്ടേ ഉള്ളൂ അടിപിടി കൂടാതെ തിരിച്ചു വരണേ എന്ന്.. " അമ്മ പൂജാമുറിയിലേക്ക് കണ്ണുകൾ ചലിപ്പിച്ച് വിഷാദത്തോടെ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അമന്റെ കൈകൾ വിടർത്തി മാറ്റി സോഫയിൽ ചാരി ഇരുന്നു..അവളുടെ ചിരി കണ്ട് അമനും ചുണ്ട് കടിച്ചു പിടിച്ച് ചിരിച്ചു കൊണ്ട് അമ്മയുടെ നേരെ നിന്നു..... "ഹഹഹ.. എന്താ അമ്മേ.. ഇത്രേം കാലം ആയിട്ടും അമ്മക്കൊരു മാറ്റവും ഇല്ലല്ലോ.. അമ്മയുടെ ഈ പ്രാർത്ഥന വെറുതെ ആണെന്ന് എത്ര വട്ടം അമ്മക്ക് തന്നെ മനസ്സിലായിട്ടുണ്ട്.... എന്റെ അമ്മക്കുട്ടീ... എന്റെ ഏട്ടന്മാർ മുത്താണ്... അവരിന്നൊരു അടി ഉണ്ടാക്കാതെ തിരിച്ചു വരില്ല.. ഇന്ന് ആരെങ്കിലും റാഗിംഗ് ന് ഇരയായിട്ടുണ്ടാവും.. അവരുടെ പ്രിൻസി ഇലക്കും മുള്ളിനും കേട് വരാതിരിക്കാൻ ആ കേസ് ഏട്ടന്മാർക്ക് നൽകും..

ഏട്ടന്മാർ സംഗതി കളറാക്കും... ഹോ.. എന്റെ ദൈവമേ... ഇന്ന് ആരുടെ ദേഹത്താണാവോ ഏട്ടൻ കയറി മേയാൻ പോകുന്നേ... ഇച്ചിരി ആരോഗ്യം ഉള്ള ആളായാ മതിയായിരുന്നു." "അമൻ...... " അമ്മ നീട്ടി വിളിച്ചതും അവൻ ഒന്ന് ഇളിച്ചു കാണിച്ചു... മക്കളുടെ സ്വഭാവം ശെരിക്ക് അറിയാവുന്നത് കൊണ്ട് തന്നെ പരിഭ്രമത്തോടെ അവർ തന്റെ ഭഗവാനെ നോക്കി കണ്ണുകൾ അടച്ചു....ഇനിയും എന്തെങ്കിലും പറഞ്ഞാൽ അമ്മയുടെ വക ചൂടോടെ കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് അമൻ അക്ഷരയെ എഴുന്നേൽപ്പിച്ചു ബാത്റൂമിലേക്കു നടന്നു..... "ഏട്ടന്റെ ചീവീട് മോൾ വേഗം റെഡി ആയി വന്നോ.....ഇനിയും നേരം വൈകിയെന്ന പേരിൽ പുറത്തു നിൽക്കാൻ എനിക്ക് വയ്യാത്തോണ്ടാ......" സ്കൂളിലേക്ക് പോവാണമല്ലോ എന്നോർത്തതും രണ്ടാം ക്ലാസുകാരി അക്ഷര കുതറിമാറി പുറത്തേക്കോടി......അവളുടെ പിന്നാലെ അമനും...അവരുടെ ഓട്ടം കണ്ടു അമ്മ രാഗിണിയും വന്നു....കുഞ്ഞു അക്ഷരയെ സ്കൂളിലേക്ക് ഒരുക്കി വിടാൻ ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്,,,,,യൂണിഫോം കാണുന്നതെ അവൾ കരയാൻ തുടങ്ങും....പിന്നെ വയറുവേദനയും പനിയും തലവേദനയും എന്ന് വേണ്ട എല്ലാത്തരം അസുഖങ്ങളും അവൾക്കുണ്ടാവും......അവളെയൊന്നു മെരുക്കിയെടുത്തു സ്കൂളിലെത്തുമ്പോഴേക്കും പത്താം ക്ലാസ്സുകാരനായ അമനു ഒരു ഗെറ്റ് ഔട്ട് സ്ഥിരമാണ്... ************

നീണ്ട വലിയ ആ ഓഫിസ് മുറിയിൽ അക്ഷമയായി അനിഘ മേം തലങ്ങും വിലങ്ങും നടക്കുകയാണ്.. രണ്ടു മൂന്ന് ടീച്ചേഴ്സും മുറിയിൽ ഉണ്ട്... "മേം..ഇത് വേണോ.. " "വേണം....അവരെ ഒതുക്കി നിർത്താൻ ഇതേ ഉള്ളൂ മാർഗം.. ഈ കോളജിലെ അവരുടെ വീര്യം ഇന്നത്തോടെ കുറയും... എല്ലാ പ്രാവശ്യവും ഞാൻ ക്ഷമിച്ചു..ഇനി നടക്കില്ല.. ആ ഗ്യാങ്ങിനെ ഒതുക്കണം എങ്കിൽ അവൻ വിചാരിക്കണം... ഈ കോളജിലെ ഹീറോ ആയ വില്ലൻ. .. ഒരു പ്രിൻസി എന്ന നിലക്ക് ഞാൻ ഈ സ്വീകരിക്കുന്ന മാർഗം തെറ്റ് തന്നെയാണ്.. പക്ഷേ.. ഈ കോളജിന്റെ നന്മക്ക് ഏറ്റവും നല്ലത് അത് തന്നെയാണ്..." എല്ലാം തീരുമാനിച്ചുറപ്പിച്ച ഭാവത്തോടെ അനിഘ മേം വാതിലിനടുത്തേക്ക് നോക്കി.. ആ സമയം അവിടെക്ക് വന്ന പ്യുണിനെ കണ്ടതും അനിഘ മേമിന്റെ കണ്ണുകൾ പിറകിലേക്ക് ചലിച്ചു.... "അവർ എവിടെ.....?? " അല്പം സംശയത്തോടെ ആകാംഷയോടെ അനിഘ മേം ചോദിച്ചതും പ്യൂൺ സൈഡിലേക്ക് നീങ്ങി നിന്നു.. ആ സമയം അകത്തേക്ക് കയറിയ രണ്ടു മുഖങ്ങൾ കണ്ടതും അനിഘ മേമിന്റെ മുഖത്ത് വിജയഭാവം വിരിഞ്ഞു.... (തുടരും)

Share this story