ആത്മരാഗം💖 : ഭാഗം 13

athmaragam thanseeh

രചന: തൻസീഹ് വയനാട്

"വാഹ്... പ്രോഗ്രാം പൊടി പൊടിച്ചു അല്ലേ ഡാ... " ലഞ്ച് ബ്രേക്ക്‌ ആയതും പ്രോഗ്രാം എല്ലാം അവസാനിപ്പിച്ച് എല്ലാവരെയും പിരിച്ചു വിട്ട് കൊണ്ട് ഓഡിറ്റോറിയം ക്ലീൻ ആക്കുന്ന തിരക്കിൽ ആയിരുന്നു അമിതും സംഘവും... ഈശ്വർ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു... ആരുടെ ഭാഗത്ത്‌ നിന്നും ഒരു തരത്തിലുള്ള പരാതിയും ഉയർത്താതെ പ്രോഗ്രാം കളറാക്കിയതിന് എല്ലാവരും അമിതിനെ അഭിനന്ദിക്കുന്ന തിരക്കിൽ ആയിരുന്നു .. അടുത്തത് ഓഡിറ്റോറിയത്തിൽ ടീച്ചേഴ്സിന് എന്തോ ഒരു മീറ്റിംഗ് ഉണ്ടായതിനാൽ ഹാൾ വേഗം വൃത്തിയാക്കുന്ന ജോലിയിൽ അമിത് മുഴുകി... കസേരകൾ ഒതുക്കി ഇടാനും തോരണങ്ങൾ അഴിച്ചു മാറ്റാനും അക്ഷിതും ഒപ്പം ഉണ്ടെങ്കിലും അവനെ കൊണ്ട് കൂടുതൽ ഒന്നും ചെയ്യിക്കാൻ അമിത് തയ്യാറായില്ല... നേരത്തെ തന്റെ ഏട്ടനെ പരിഹസിച്ചത് അവന്റെ മനസിൽ നിന്നും മാഞ്ഞു പോയിട്ടില്ല.. പൊതുവെ അക്ഷിത് ഇത്തരം പ്രവർത്തികളിൽ ഉത്സാഹം കാണിക്കാറില്ല.. വളരെ സാവധാനം മാത്രമേ എന്തും ചെയ്യൂ...

എല്ലാവരും വേഗത്തിൽ ഓഡിറ്റോറിയത്തിൽ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ അക്ഷിത് മാത്രം നാണം കുണുങ്ങിയേ പോലെ ജോലി എടുക്കുന്നതിനാൽ അമിതിന്റെ കണ്ണുകൾ അവനെ ചുറ്റി പറ്റി ആയിരുന്നു... ആരെങ്കിലും തന്റെ ഏട്ടനെ കളിയാക്കുന്നുണ്ടോ എന്നറിയാൻ അവൻ കാതുകൾ കൂർപ്പിച്ചു... പലരും താൻ ഉള്ളത് കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് അവന് അറിയാമായിരുന്നു.. ഏട്ടനെ ഒരു പരിഹാസപാത്രമാക്കാൻ അവനൊട്ടും ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ അമിത് അക്ഷിതിനെ മാറ്റി നിർത്തി... അവരുടെ ക്ലാസ്സിലെ ബോയ്സ് മുഴുവൻ അവിടെ ഉള്ളതിനാൽ അക്ഷിതിനെ മാത്രം ക്ലാസ്സിലേക്ക് പറഞ്ഞയച്ചാൽ ഗേൾസ് മാത്രം ഉള്ള ക്ലാസ്സിൽ അവരും ഏട്ടനെ കളിയാക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു.... "ഏട്ടാ.. ഏട്ടൻ പൊയ്ക്കോളൂ.. ഇവിടുത്തെ ജോലി ഒക്കെ കഴിഞ്ഞു.. ഇനി അല്ലറ ചില്ലറ സെറ്റിംഗ്സ് മാത്രമേ ഉള്ളൂ.. ഏട്ടൻ ലൈബ്രറിയിൽ പോകണമെന്ന് പറഞ്ഞിരുന്നില്ലേ.. ഇവിടുത്തെ കഴിഞ്ഞാൽ ഞാൻ വരാം.. ഏട്ടൻ പോയി ബുക്സ് എടുത്തോ " താൻ മനസ്സിൽ ആഗ്രഹിച്ച കാര്യം അമിത് പറഞ്ഞതും അക്ഷിതിന്റെ മുഖം തെളിഞ്ഞു.. അക്ഷിത് പോയതും അമിത് വീണ്ടും ജോലികളിൽ മുഴുകി..

"അമി... സംഭവം കളറായി.. പക്ഷേ.. ഒരു കാര്യം.. പ്രോഗ്രാം തുടങ്ങിയ മുതൽ അവസാനം വരെ ഞാൻ തപ്പിയ ആളെ മാത്രം കിട്ടിയില്ല... ആഹ്.. ഇട്സ് ഓക്കേ.. അവളീ കോളേജിൽ തന്നെ ഉണ്ടാവുമല്ലോ.. ഞാൻ കണ്ടു പിടിച്ചോളാം " "നീ ഇപ്പോഴും അവളെ വിട്ടില്ലേ... " "നോ.. അവളെ ഞാൻ വിടില്ല.. ഒരു ജാക്കി ചാത്തിയാ അവൾ.. തല്ല് കൊണ്ടപ്പോൾ അവന്റെ മുഖം ഫ്യൂസ് അടിച്ച പോലെ ആയത് ഞാൻ കണ്ടതാ.. ഏകദേശം നീയിട്ട് പൊട്ടിക്കുന്ന പോലെ തന്നെ.. അങ്ങനൊരു മൊതലിനെ അപ്പൊ ഒന്ന് നേരിൽ കാണേണ്ടേ " "കണ്ടിട്ടെന്തിനാ ആവോ.. കെട്ടാൻ ആണോ... " "പോടാ.. എന്നിട്ടെന്തിനാ എന്നെയിട്ട് ഒരോ ദിവസവും പൊട്ടിക്കാനോ.. വേണേൽ നീ കെട്ടിക്കോ.. അപ്പൊ സംഗതി ഉഷാറാവും.. നിങ്ങൾ രണ്ടു പേരും ചേരും " "മിണ്ടാതെ നടക്കെടാ പട്ടീ " ഓഡിറ്റോറിയത്തിന്റെ വാതിൽ പൂട്ടി താക്കോലുമായി അമിതും ഈശ്വറും പ്രിൻസിയുടെ ഓഫീസിലേക്ക് നടന്നു. ലഞ്ച് ബ്രേക്ക്‌ ആയതിനാൽ പെൺകുട്ടികൾ എല്ലാം പുറത്തുണ്ടായിരുന്നു... ഒരോ പെൺകുട്ടിയെ കാണുമ്പോഴും ഈശ്വർ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു... ആദ്യം ഒന്നും അമിതിന്റെ ശ്രദ്ധയിൽ പെട്ടില്ലെങ്കിലും തങ്ങളുടെ നേരെ വരുന്ന ഒരു പെൺകുട്ടി ചിരിക്കുന്നത് കണ്ടതും അവൻ സംശയത്തോടെ തല ചെരിച്ചു നോക്കി..

അവൾ അവരെ കടന്നു പോയതും ഈശ്വറും ചിരിച്ചു കൊണ്ട് തല ചെരിച്ച് പിറകിലേക്ക് നോക്കി.. ഈ സമയം അമിത് അവന്റെ വലത്തേ കൈ ഈശ്വറിന്റെ കഴുത്തിലൂടെ ഇട്ട് ഇടത്തേ കൈ കൊണ്ട് ആ കയ്യിനെ ലോക്ക് ചെയ്ത് അവനെ തന്റെ കൈക്കുള്ളിൽ അമർത്തി.. "എടാ പട്ടീ... നിന്റെ ഉദ്ദേശം എനിക്ക് മനസ്സിലാവുന്നുണ്ട്.. മറ്റേ പെണ്ണിനെ തപ്പാണെന്നും പറഞ്ഞ് എല്ലാവരെയും വായിനോക്കുവാണല്ലേ... കിട്ടിയ ചാൻസ് നല്ലോണം മുതലാക്കുന്നുണ്ടല്ലോ.." "ആാാ.. വിടെടാ പട്ടീ... ആ.. അത് സ്വാഭാവികം.. ആ പെണ്ണിനെ കിട്ടുന്നില്ല.. അപ്പൊ പിന്നെ കണ്ണിന് കുളിർമയേകുന്ന ഐറ്റങ്ങൾ ഉണ്ടാവുമ്പോ ഒന്ന് നോക്കി പോവൂലെ.. നീ കൂടെ ഉണ്ടാവുമ്പോൾ എന്ത് കമന്റ് അടിച്ചാലും അവരാരും പ്രതികരിക്കില്ല... " "ഓഹോ.. അപ്പൊ അങ്ങനെയാണല്ലേ... ഇനി നീ ആരെയെങ്കിലും മുഖത്ത് നോക്കിയാ ആ കണ്ണ് ഞാൻ അടിച്ചു പൊട്ടിക്കും.. അങ്ങനെ എന്റെ കെയറോഫിൽ നീ വായിനോക്കി സുഖിക്കേണ്ട.. " അമിത് കടുപ്പിച്ച സ്വരത്തിൽ പറഞ്ഞതും ഈശ്വർ ഓരോന്ന് പിറു പിറുത്തു കൊണ്ട് അവന്റെ കൂടെ നടന്നു. അവൻ പ്രിൻസിയുടെ ഓഫിസിലേക്ക് കയറിയതും ഈശ്വർ പുറത്ത് നിന്ന് തന്റെ പരിപാടി തുടർന്നു.... ************

"മ്മ്മ്.. അനീ... വലിയ കുഴപ്പമില്ല അല്ലേ... മൊത്തത്തിൽ ഒരു ആന ചന്തം ഒക്കെ ഉണ്ട്... " കോളേജ് മുഴുവൻ ചുറ്റി കാണാൻ ഇറങ്ങിയ ആര്യ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.. പക്ഷേ അനിയിൽ നിന്നും മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് അവൾ അനിയെ നോക്കി.. പാർക്കിങ് ഏരിയയിൽ കൂട്ടം കൂടി നിൽക്കുന്ന ബോയ്സിലേക്കായിരുന്നു അവളുടെ ശ്രദ്ധ.. "ഡീ... " ആര്യ അവളെ കുലുക്കി വിളിച്ചതും അനി അവിടെ നിന്നും കണ്ണെടുത്തു കൊണ്ട് ആര്യയെ നോക്കി. "എടീ... നമ്മൾ ഇവിടെ വരാൻ ഒരുപാട് വൈകി...എന്നാലും സാരമില്ല.. ഇത് ഞാൻ പൊളിക്കും... നോക്കിക്കോ ആര്യേ.. ഒരൊറ്റ സസ്പെൻഷൻ വാങ്ങിക്കാതെ ഞാൻ നല്ല കുട്ടിയായി അച്ഛന് മുന്നിൽ നിൽക്കും.. ഇമ്മാതിരി ഐറ്റങ്ങൾ ഇവിടെ ഉണ്ടാവുമ്പോ സസ്‍പെൻഷൻ വാങ്ങി വീട്ടിൽ ഇരിക്കാൻ പറ്റുമോ.. " അനിയുടെ കണ്ണുകൾ വീണ്ടും അവരിലേക്ക് നീണ്ടു.. അവളോട്‌ പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയുന്നത് കൊണ്ട് അവളെ അവളുടെ വഴിക്ക് വിട്ട് ആര്യ കോളേജിന്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി... വാക മരങ്ങളും അവയുടെ ചുവട്ടിലെ ഇരിപ്പിടങ്ങളും മതിലിനോട് ചേർന്ന് നിര നിരയായി നിൽക്കുന്ന പൈൻ മരങ്ങളും അവളുടെ കണ്ണിന് കുളിർമയേകി.. കോളേജിന്റെ മതിലിനരികിലെ ചീമ മരത്തിന് ചുവട്ടിൽ ആര്യയും അനിയും ഇരുന്നു..

ഇന്നിനി ക്ലാസ്സിൽ കയറേണ്ടെന്ന് അവർ ഒരുമിച്ച് തീരുമാനിച്ചു.. അവിടെ ഇരുന്ന് കോളേജിന്റെ ഭംഗിയും പിള്ളേരുടെ കുറ്റവും കുറവും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ മൂന്നാല് സീനിയേഴ്സ് അവരുടെ നേരെ വന്നു.. അവരെ കണ്ടതും അനി കണ്ണുകൾ വിടർത്തി ചിരിച്ചു കൊടുത്തു.. ആര്യക്ക് അവരുടെ ചിരിയും കമന്റടിയും ഇഷ്ടപ്പെട്ടില്ല.. അതിനാൽ തന്നെ അവൾ പോകാനായി എഴുന്നേറ്റു.. "ഹേയ്.. ഇന്ന് ജോയിൻ ചെയ്തതാണോ... ഇത് വരെ കോളേജിൽ കണ്ടിട്ടില്ല... " "ഓ.. അപ്പൊ ഏട്ടന്മാർക്ക് സകല പെൺപിള്ളേരുടെയും വിവരം അറിയാമല്ലേ.. എല്ലാവരെയും കണ്ടിട്ടുണ്ടോ " ആര്യ തിരിച്ച് മറുപടി കൊടുത്തതും അവൻ അവളെ അടിമുടി നോക്കി.. "മ്മ്മ്... എല്ലാവരെയും കാര്യമായി കണ്ടിട്ടുണ്ട്.. എന്താ നിങ്ങളുടെ പേര് " അവൻ പേര് ചോദിച്ചതും അനി ചാടി കയറി പേര് പറഞ്ഞു.. അവന്റെ ചോദ്യത്തിനൊക്കെ കൊഞ്ചി കുഴഞ്ഞ് അനി ഉത്തരം പറയാൻ നിന്നതും ആര്യ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവിടെ നിന്നും പോന്നു "അയ്യോ.. പോവാണോ... കാര്യമായി പരിചയപ്പെട്ടില്ല...

സാരമില്ല.. ഞങ്ങൾ ഇവിടെ ഒക്കെ ഉണ്ട് .. നമുക്ക് കാണാം" അവൻ വിളിച്ചു പറഞ്ഞതും ആര്യ തിരിഞ്ഞു നിന്ന് അവനെ ഒരു നോട്ടം നോക്കി... അവന്റെ നോട്ടവും സംസാരവും അവൾക്ക് ഒട്ടും ദഹിച്ചില്ല.. ദേഷ്യം വന്നാൽ മൂക്ക് ചുവക്കുന്നത് ആര്യക്ക് ചെറുപ്പം മുതലേ ഉള്ളതാണ്.. പെട്ടന്ന് ദേഷ്യം വരുന്ന കൂട്ടത്തിൽ ഉള്ളതാണ് അവൾ... അനിയുടെ സ്വഭാവത്തിന് തികച്ചും വിപരീത സ്വഭാവമുള്ളവൾ....കഴിഞ്ഞ കോളേജിൽ ഡിസ്മിസ് വാങ്ങി വന്നതും അവളുടെ മുൻ കോപം കാരണം തന്നെയാണ്... "എന്റെ ആര്യാ.. അവനിപ്പോ എന്താ പറഞ്ഞേ നീ ഇങ്ങനെ തിളക്കാൻ." "നിനക്കവന്റെ നോട്ടം കണ്ടിട്ട് ഒന്നും മനസ്സിലായില്ലേ അനീ.. അവൻ ആള് ശെരിയല്ല.. എനിക്കീ കോളേജ് പിടിക്കുമെന്ന് തോന്നുന്നില്ല. ഇവിടെ മൊത്തം വായിനോക്കികൾ മാത്രമേ ഉള്ളൂ.. നട്ടെല്ലുള്ള ഒരുത്തനും ഇല്ല..മിക്കവാറും ഒരാഴ്ചക്കകം ഒരു സസ്പെൻഷൻ ഞാൻ വാങ്ങിക്കും... നീ വന്നേ " ആര്യ അവളെയും കൂട്ടി മുന്നോട്ടു നടന്നു.. ************ "പരിപാടി ഉഷാറായില്ലേ അമിത്.. " "യെസ് മേം. എല്ലാവരും എൻജോയ് ചെയ്തു.. ആരുടെ ഭാഗത്ത്‌ നിന്നും പരാതി ഒന്നും വന്നിട്ടില്ല.. " "അതെനിക്കറിയാം വരില്ലെന്ന്.. അമിത് അല്ലേ അവിടെ ഉള്ളത്...ലഞ്ച് ബ്രേക്ക്‌ അല്ലെ.. പോയി കഴിച്ചോളൂ " പ്രിൻസിക്ക് താക്കോൽ നൽകി കൊണ്ട് അമിത് പുറത്തേക്കിറങ്ങി.. ഈശ്വർ തിരിഞ്ഞു നിന്ന് കോപ്രായങ്ങൾ കാണിക്കുന്നത് കണ്ടതും അമിത് അവന്റെ കൈ പിടിച്ച് തിരിച്ചു..

"ആ.. ഞാൻ ആ കുട്ടിയോട് ഫുഡ്‌ കഴിച്ചോ എന്ന് ചോദിച്ചതാ പട്ടീ.. " "ഓ.. അവൾ കഴിച്ചില്ലെങ്കിൽ നിനക്കിറങ്ങൂലെ " "ഒന്ന് ചോദിക്കാനും പറ്റൂലെ.. ഹോ..എന്തൊരു കഷ്ടാ.. കഴിഞ്ഞോ പ്രിൻസിയുമായുള്ള നിന്റെ സൊള്ളൽ.. വയറ് കത്തിയെരിയുന്നു.. വാ പോകാം.. " "ഏട്ടനെ വിളിക്കേണ്ടേ.. " "ഓഹ്.. ഇനിയിപ്പോ ലൈബ്രറിയിലെ മൊത്തം ബുക്സ് തലയിൽ ഏറ്റേണ്ടി വരും.. നിന്റെ ഏട്ടന് ഒന്നോ രണ്ടോ എടുത്താൽ പോരേ " "പ്രൊജക്റ്റ്‌ എഴുതി താ എന്ന് പറഞ്ഞ് ഇനി നീ വാ.. അപ്പോൾ ഇതിന്റെ മറുപടി പറഞ്ഞ് തരാ " "ഏയ്‌.. ഞാൻ ചുമ്മാ പറഞ്ഞതാ.. എനിക്കറിയില്ലേ നിന്റെ ഏട്ടൻ പ്രൊജക്റ്റ്‌ നുള്ള റഫറൻസിന് വേണ്ടിയിട്ടാണ് ബുക്സ് ഒരുപാട് കളക്റ്റ് ചെയ്യുന്നേ എന്ന്.. വാ നമുക്ക് പോയി ഏട്ടനെ ഏറ്റാൻ സഹായിക്കാം.. " അമിതും ഈശ്വറും അക്ഷിതിനെ തിരഞ്ഞ് ലൈബ്രറിയിലേക്ക് നടന്നു... ************ "ആര്യാ.. വിശക്കുന്നു.. നമുക്കിനി എന്തെങ്കിലും കഴിക്കാം.. ക്യാന്റീൻ എവിടെ ആണാവോ.. " "അവിടെ ആണെന്ന് തോന്നുന്നു.. അങ്ങോട്ട്‌ പോകുന്നതിന് മുൻപ് നമുക്ക് ലൈബ്രറിയൽ ഒന്ന് കയറി നോക്കാം.. വലിയ ലൈബ്രറി ആണെന്നല്ലേ കേട്ടത്.. ഇനിയിപ്പോ ഇതും കൂടി അല്ലേ കാണാൻ.. അവിടെ യും കൂടി കണ്ടിട്ട് പോകാം.

. നീ വാ " "ഹാ.. പോകാം.. കഴിഞ്ഞ കോളേജിലെ പോലെ ലൈബ്രറിയിലെ സർ കാണാൻ കൊള്ളാവുന്ന ചരക്കാണോ എന്നൊന്ന് നോക്കട്ടെ.. എന്നാ പിന്നെ ക്ലാസ്സ്‌ കട്ട് ചെയ്ത് ഇവിടെ വന്നിരിക്കാ " അതും പറഞ്ഞ് അനി ആര്യയുടെ കൈ വിട്ട് കൊണ്ട് മുന്നോട്ടോടി.. ലൈബ്രറി വാതിൽക്കൽ എത്തിയതും പെട്ടന്ന് എതിരെ വന്ന ആളുമായി കൂട്ടിമുട്ടി... ഇടിയുടെ ശക്തിയിൽ പുസ്തകങ്ങൾ താഴേക്ക് വീണു.. "സോറി... സോറി.. സോറി.. " താൻ വന്നിടിച്ചതിന് ഇവനെന്തിനാ സോറി പറയുന്നേ എന്നാലോചിച്ച് കൊണ്ട് അനി ആര്യയെ നോക്കി.. താഴെ കിടന്ന ബുക്സ് വാരിയെടുത്ത് തല താഴ്ത്തി അവൻ പോകാൻ നിന്നതും പെട്ടന്ന് എന്തോ കണ്ട പോലെ അനി അവന്റെ മുന്നിൽ വന്നു നിന്നു... അവളുടെ കണ്ണുകൾ വിടർന്നു.. അവനെ അടിമുടി നോക്കി അവൾ വശ്യമായി ചിരിച്ചു.. കാണാൻ കൊതിച്ച ആളെ തൊട്ടരികിൽ കിട്ടിയ പ്രതീതിയിൽ അവൾ അവനെ തന്റെ കണ്ണുകൾ കൊണ്ട് ആകെ ഉഴിഞ്ഞു.. "ചെയർമാൻ ആണല്ലേ " അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് കണ്ണിറുക്കി കൊണ്ട് അവൾ ചോദിച്ചതും അവൻ ഒരടി പിന്നിലേക്ക് നീങ്ങി നിന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story