ആത്മരാഗം💖 : ഭാഗം 16

athmaragam thanseeh

രചന: തൻസീഹ് വയനാട്

ബുള്ളറ്റിലുള്ള ഈ രാത്രി യാത്ര അവർക്കെന്നുമുള്ളതാണ്.. അടുത്തുള്ള കുന്നിൻ ചെരിവിലേക്കാണ് ആര്യ ബൈക്ക് ഓടിച്ചു പോയത്...താരകങ്ങൾ മിന്നും വാനവും തണുപ്പുള്ള കാറ്റും മുടിയഴിച്ചാടുന്ന നർത്തകിയെ പോലെ കാറ്റിൽ ആടുന്ന മരങ്ങളും അവൾക്ക് വേറൊരു അനുഭൂതി ആയിരുന്നു സമ്മാനിച്ചിരുന്നത്....അർദ്ധ രാത്രി രണ്ട് മണിയോടടുത്ത സമയം ആയത് കൊണ്ട് തന്നെ വിജനമായ തെരുവിൽ രാത്രിയുടെ ഇരുണ്ട സൗന്ദര്യം ആസ്വദിച്ചു കുറച്ചു സമയം ചെലവഴിക്കാൻ ആര്യക്ക് ഒരുപാടിഷ്ടമാണ്.. ആര്യയുടെ ഇഷ്ടം മനസ്സിലാക്കി കൂടെ കൂടിയതാണ് അനി....ഇരു വീട്ടുകാരുടെയും കണ്ണ് വെട്ടിച്ചു കൊണ്ടാണ് ഇരുവരുടെയും ഈ രാത്രി സഞ്ചാരം....... ************ "ഏട്ടാ.... ഏട്ടാ... " രാവിലെ കോളജിലേക്ക് പോകാനായി റെഡിയായി കൊണ്ട് അമിത് ഡൈനിങ് ടേബിളിൽ വന്നിരുന്നു . ഏട്ടൻ വന്നിരുന്ന് ഒരുമിച്ചേ പ്രാതൽ കഴിക്കൂ... കയ്യിൽ പത്രം നീട്ടി പിടിച്ച് മേലേക്ക് കണ്ണുകൾ ചലിപ്പിച്ചു കൊണ്ട് അമിത് അക്ഷിതിനെ ഉറക്കെ വിളിച്ചു.. "ഓഹ്.. ഒന്ന് പതുക്കെ വിളിക്കെടാ...

എന്തെങ്കിലും അപകടം ഉണ്ടെന്ന് കരുതി അവനിപ്പോൾ പാഞ്ഞു വരും " അമിതിന്റെ വിളി കേട്ടു കൊണ്ട് അമ്മ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു.. അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അമിത് വീണ്ടും മേലേക്ക് കണ്ണുകൾ ചലിപ്പിച്ചു.. ഈ സമയം പുസ്തകങ്ങൾ കയ്യിൽ പിടിച്ച് വെള്ള പേപ്പറുകൾ മറിച്ച് നോക്കി അക്ഷിത് താഴേക്ക് വന്നു. "എന്റെ ഏട്ടാ.. ഇന്നലെ മുതൽ ഇരിക്കാൻ തുടങ്ങിയതല്ലേ ഈ പ്രൊജക്റ്റെന്നും പറഞ്ഞ്... ഇപ്പോഴും തീർന്നില്ലേ.... ഇന്നലെ എപ്പോഴാ ഏട്ടൻ ഉറങ്ങിയേ.. " "ഇല്ലെടാ . കഴിഞ്ഞു . പക്ഷേ.. ഒരു പോയിന്റ് എവിടെയോ ചേർക്കാൻ വിട്ടിരുന്നു.. ആ ഭാഗം നോക്കുവായിരുന്നു.. " "മതി ഏട്ടാ.. അതൊക്കെ അവിടെ വെച്ച് ചായ കുടിക്കാൻ വന്നേ.. ടൈം ഒരുപാട് ആയി ട്ടോ. " "ഒന്ന് മിണ്ടാതിരിയെടാ.. നീയോ ഇങ്ങനെ ആയി.. അവനെങ്കിലും രണ്ടക്ഷരം പേടിച്ചോട്ടെ.. " അമിതിനെ തുറുപ്പിച്ചു നോക്കി അമ്മ അക്ഷിതിന്റെ അടുത്തേക്ക് നീങ്ങി നിന്ന് അവന്റെ കയ്യിലെ പേപ്പറുകളിൽ കണ്ണോടിച്ചു.. "ചായ കുടിക്ക് മോനേ.. കോളേജിൽ ചെന്നിട്ട് ബാക്കി ക്ലിയർ ആക്കാം... " അക്ഷിതിന്റെ കയ്യിൽ നിന്ന് അവയെല്ലാം വാങ്ങി അടുക്കി വെച്ച് അമ്മ പറഞ്ഞതും അക്ഷിത് നേർത്ത പുഞ്ചിരി നൽകി കൊണ്ട് പ്രാതൽ കഴിക്കാൻ തുടങ്ങി...

************ "അമ്മേ... അനി എവിടെ.. സമയം ഒരുപാടായി.. ഇനിയും റെഡി ആയില്ലേ" രാത്രി യാത്ര കഴിഞ്ഞ് ഉറങ്ങാൻ നേരം വൈകുന്നതിനാൽ ലേറ്റ് ആയിട്ടാണ് ഇരുവരും എണീക്കാറുള്ളതും ക്ലാസ്സിൽ വൈകി എത്താറുള്ളതും.. വീട്ടിലെ ജോലികൾ തീർത്ത് അച്ഛൻ പോയി കഴിഞ്ഞാണ് ആര്യ ഇറങ്ങാറുള്ളത്.. എന്നും അനിക്കാണ് തിടുക്കം.. ഉടുത്തൊരുങ്ങി ചെക്കന്മാരെ വായിനോക്കാനായി അവൾ പെട്ടന്ന് റെഡിയായി ആര്യയെ വിളിക്കാൻ വരും.. എന്നാൽ പതിവിന് വിപരീതമായി അനിയെ കാണാത്തത് കൊണ്ട് വാതിൽ പൂട്ടിയിറങ്ങി ആര്യ അനിയുടെ വീട്ടിലേക്ക് നടന്നു.. പുറത്ത് തന്നെ അനിയുടെ അമ്മയെ കണ്ടതും ആര്യ അനിയെ അന്വേഷിച്ചു... "അകത്തുണ്ട് മോളേ..എന്താണെന്നറിയില്ല രാവിലെ നേരത്തെ എണീറ്റ് കുളിച്ചു മാറ്റി കണ്ണാടിയുടെ മുന്നിൽ നിൽക്കാൻ തുടങ്ങിയതാ.....ഇന്നു കോളേജിൽ വല്ല പരിപാടിയും ഉണ്ടോ....???? " "പരിപാടിയോ.. ഇല്ലല്ലോ.. " "അവളുടെ ഒരുക്കം കണ്ടപ്പോൾ പ്രധാനപ്പെട്ട വല്ല പരിപാടിയും ഉണ്ടെന്ന് കരുതി.... ആഹാ.. ദേ വന്നല്ലോ... " അമ്മ ഉമ്മറത്തേക്ക് നോക്കി പറഞ്ഞതും ആര്യയുടെ കണ്ണുകൾ അവിടേക്ക് നീങ്ങി...മുടി നന്നായി ചീകി ഒതുക്കി വാലിട്ടെഴുതിയ കണ്ണുകൾ വിടർത്തി,

ചുവപ്പിച്ച ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി അനി അവളുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടതും ആര്യ അവളെ അടിമുടി നോക്കി... അമ്മയോട് യാത്ര പറഞ്ഞ് അനി ആര്യയുടെ കയ്യിൽ പിടിച്ച് മുന്നോട്ടു നടന്നു... "എന്താ വാവീ... എങ്ങനെയുണ്ട്.. കൊള്ളാമോ " ഇരുകയ്യുകളും ഇടുപ്പിൽ വെച്ച് സ്റ്റൈലിൽ നിന്ന് ആര്യയോട് ചോദിച്ചതും അവൾ ചിരിച്ചു കൊണ്ട് പതിയെ തലയാട്ടി.. "ശെരിക്കും... ലുക്ക് പൊളിച്ചോ..." "ആഹ്... നന്നായിട്ടുണ്ട്... ആരും ഒന്ന് നോക്കി പോകും " "ആണല്ലേ... അപ്പോൾ ചെയർമാൻ എന്റെ വലയിൽ വീഴും.. അല്ലെ " "സംശയം ഉണ്ടോ.. നീ പൊളിക്ക്.. അവനെ നമുക്ക് വീഴ്ത്താം.. " "നോക്കിക്കോ വാവീ . ഒരാഴ്ച.. അതിനുള്ളിൽ അവനെ ഞാൻ വീഴ്‌ത്തും. കോളേജിലെ സകല പെൺകുട്ടികളും കാൺകെ അവനെ ഞാൻ പിറകെ നടത്തിക്കും... അനി കളി തുടങ്ങി കഴിഞ്ഞു.... ഇനി വിജയം കണ്ടേ പിന്മാറൂ.....അനുഗ്രഹിച്ചാലും ഗുരോ.... " അനി ആര്യയുടെ കാലിൽ തൊട്ട് വണങ്ങാനെന്ന പോലെ കുനിഞ്ഞു.....ആര്യ കൈ വിടർത്തി അവളുടെ തലയിൽ വെച്ചു....

"അപ്പോൾ ലവ് ഓപ്പറേഷൻ അമിതിനു ആരംഭം കുറിക്കുന്നു......" അനി പറഞ്ഞതിനോട് ശരി വെച്ച് കൊണ്ട് ആര്യ തന്റെ കൈ വായുവിൽ ഉയർത്തി അവളുടെ ഉള്ളം കയ്യോട് മുട്ടിച്ചു... അമിതിനെ വളക്കാനുള്ള എല്ലാ പ്ലാനിങ്ങും തയ്യാറാക്കി വെച്ച് കച്ച മുറുക്കി ഇറങ്ങിയ അനി അവനെ ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള ആദ്യ ഘട്ടമായി തിരഞ്ഞെടുത്തത് അണിഞ്ഞൊരുങ്ങൽ ആയിരുന്നു.. ഏതൊരു ആണിനേയും വീഴ്ത്താനുള്ള സൗന്ദര്യം ഉള്ള അനി, അമിതിന്റെ ഒരു നോട്ടം എങ്കിലും ഉറപ്പായും ലഭിക്കുമെന്ന വിശ്വാസത്തിൽ നന്നായി തന്നെ അണിഞ്ഞൊരുങ്ങി.. കോളേജിൽ എത്തിയതും അവളുടെ മിഴികൾ അമിതിനെ തിരഞ്ഞു... അവളുടെ വരവ് കണ്ട് എല്ലാ വായിനോക്കികളും പിറകെ കൂടി.. ബോയ്സിനെ കണ്ടാൽ അവരോട് കൊഞ്ചി നിൽക്കാറുള്ള അനി അവരെയൊന്നും മൈൻഡ് ചെയ്തതെ ഇല്ല... അവന്റെ കണ്ണുകൾ മുഴുവൻ അവനെ പരതുകയായിരുന്നു.. "ഛെ.. ഉടുത്തൊരുങ്ങി വന്നത് വെറുതെ ആയോ.. അവനെ എവിടെയും കാണാൻ ഇല്ലല്ലോ.. ബെൽ ഇപ്പോൾ അടിക്കും... രാവിലെ കോളേജിൽ കാലെടുത്തു വെക്കുമ്പോൾ ആദ്യം കാണുന്നത് അവനെ ആയിരിക്കണേ എന്നായിരുന്നു ഇത്രേം നേരം പ്രാർത്ഥന..

അവനെയും കാണുന്നില്ല അവന്റെ ഏട്ടനേയും കാണുന്നില്ല.. ഇനിയിപ്പോ ഇന്ന് ലീവ് ആയിരിക്കുമോ" മതിലിനോട് ചേർന്ന് നിൽക്കുന്ന പൈൻ മരത്തിന്റെ തടിയിൽ തന്റെ മൃദുലമായ കൈകൾ ചേർത്ത് വെച്ച് കൊണ്ട് അനി അല്പം നിരാശ കലർന്ന സ്വരത്തോടെ ആര്യയോട് പറഞ്ഞു.. "എന്റെ അനീ.. നീയൊന്ന് റിലാക്സ് ആവ്.. അവൻ വന്നോളും....തുടക്കത്തിൽ തന്നെ നീയിങ്ങനെ ഡെസ്പ് ആയാലോ.. ഒന്ന് ക്ഷമിക്ക്.. അവൻ വരട്ടെ " "മ്മ്മ്.. വരട്ടെ.. ഞാൻ തളരില്ല... അവനെയും കൊണ്ടേ ഞാൻ പോകൂ" "അനീ... നോക്ക് " പെട്ടന്ന് ആര്യ അനിയെ തോണ്ടി കണ്ണുകൾ കൊണ്ട് മുന്നോട്ട് ആംഗ്യം കാണിച്ചു കൊടുത്തതും അനി അവിടേക്ക് നോക്കി.. ചിരിച്ചു കൊണ്ട് തങ്ങളുടെ നേർക്ക് വരുന്ന ലീനയെ കണ്ടതും അവളിൽ പുച്ഛവും ദേഷ്യവും ഒരുപോലെ വന്നു.. എന്നാൽ അതൊന്നും പുറമെ കാണിക്കാതെ അവളും നന്നായി ചിരിച്ചു കൊടുത്തു. "നിങ്ങൾ ഇവിടെ നിൽക്കാണോ... ഇന്നും ക്ലാസ്സിൽ കയറുന്നില്ലേ " "ആ.. ഉണ്ട്.. ഞങ്ങൾ വെറുതെ... ഇവിടെ ഇരിക്കാൻ നല്ല സുഖമുണ്ട്.. നല്ല കാറ്റ്.. " "ആഹ്.. ശെരിയാ.. ഈ കോളേജിലെ ഏറ്റവും ഭംഗിയുള്ള ഇടം ഇവിടെയാണ്.. അല്ലാ.. അനി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ "

"ലീനയും മോശമല്ല " ഒന്നാക്കി ചിരിച്ച് അനി പറഞ്ഞതും ലീനയുടെ കവിളുകൾ തുടുത്തു വന്നു.. "ലീനാ.. ഇന്ന് നമ്മുടെ ചെയർമാൻ വന്നില്ലേ.. " എല്ലാ ന്യൂസും അവളുടെ കയ്യിൽ ഉണ്ടാവുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അനി സാധാരണ ചോദിക്കുന്ന പോലെ ചോദിച്ചു.. ചെയർമാൻ എന്ന് കേട്ടതും ലീനയുടെ കണ്ണുകൾ വിടർന്നു വന്നു... "പിന്നെ വരാതെ... വന്നിട്ടുണ്ട്.. അവന്റെ ഏട്ടൻ ലൈബ്രറിയിലേക്ക് പോകുന്നത് കണ്ടു.. അവനും അവന്റെ ഫ്രണ്ട് ഈശ്വറും, വർക്കിങ് ഏരിയ ഉണ്ട് അവർക്ക് അനുവദിച്ച റൂം.. അവിടേക്ക് പോകുന്നത് കണ്ടു.." "ഓഹ്... ലീനാ.. അവന്റെ ഏട്ടൻ എന്താ ഏത് സമയവും ആ ലൈബ്രറിക്കകത്താണോ " "ആർക്കറിയാം.. ആരാ ആ ബുജിയെ നോക്കുന്നേ.. ഏത് സമയവും ബുക്കും പിടിച്ചിരിക്കുന്നത് കാണാം.. ബോംബ് പൊട്ടിയാൽ പോലും അതിൽ നിന്ന് കണ്ണെടുക്കില്ല.. പക്ഷേ എന്തൊക്കെ ആയാലും ഈ കോളേജിലെ ടോപ്പർ ആണ്.. ബെസ്റ്റ് സ്റ്റുഡന്റ്.." "ഓ.... ആര്യാ.. നമുക്കും ആ വർക്കിങ് ഏരിയയിലേക്ക് പോയാലോ "

എങ്ങനെ എങ്കിലും അമിതിന്റെ മുന്നിൽ ചെന്ന് നിൽക്കണം എന്നൊരു ചിന്തയെ അവൾക്കുണ്ടായിരുന്നുള്ളൂ... ആര്യ പോകാമെന്ന് പറഞ്ഞ് അനിയുടെ കയ്യിൽ പിടിച്ച് മുന്നോട്ടു നീങ്ങിയതും ലീന അവർക്ക് തടസ്സമായി വന്ന് നിന്നു... "ഏയ്.. നിങ്ങളിതെങ്ങോട്ടാ.. അവിടേക്ക് ഗേൾസിന് പ്രവേശനമില്ല.. അവരുടെ പ്രവർത്തനങ്ങൾക്ക് പ്രിൻസി അനുവദിച്ച റൂം ആണ്.. ചെയർമാന്റെ അനുവാദം കൂടാതെ ആർക്കും അവിടേക്ക് പ്രവേശനം ഇല്ല.. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.. വെറുതെ അമിതിന്റെ കണ്ണിലെ കരട് ആവേണ്ട.. " "ഓ.. പിന്നേ.. ഒന്ന് കയറി എന്ന് വെച്ചു എന്തു സംഭവഹിക്കാനാ... ഞങ്ങൾ വെറുതെ അവിടെയൊക്കെ കാണാൻ പോകുന്നതല്ലേ " "ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. ഇനി നിങ്ങൾ എന്താന്ന് വെച്ചാ ചെയ്തോ.. ബെൽ അടിച്ചു. ഞാൻ ക്ലാസ്സിൽ കയറാണ് " അതും പറഞ്ഞ് ലീന ക്ലാസ്സ്‌ ലക്ഷ്യം വെച്ച് പോയതും അനി നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി നിന്നു.. "ഇവളെ ഒതുക്കിയേ പറ്റൂ.. അവൻ എവിടെ പോയാലും ഇവളുടെ കണ്ണുണ്ടെന്ന് തോന്നുന്നു.. എത്ര നേരമായി നമ്മൾ ഇവിടെ കിടന്ന് അവനെ തിരയുന്നു.. എന്നിട്ടും നമ്മൾ കണ്ടില്ല.. അവൾ കൃത്യമായി അവൻ എവിടെ ഉണ്ടെന്ന് പറഞ്ഞില്ലേ.... മ്മ്മ്.. അവളുടെ ഈ പിറകെ നടത്തം ഞാൻ അവസാനിപ്പിച്ചോളാം....."

"അവളുടെ കാര്യം അവിടെ നിൽക്കട്ടെ അനീ.. ആദ്യം അവനെ ഒന്ന് കാണണ്ടേ.. നിന്നെ പോലോത്ത ഒരുവൾ ഈ ക്യാമ്പസിൽ കാലുകുത്തിയത് അവന്റെ കണ്ണുകൾക്ക് കാണിച്ചു കൊടുക്കേണ്ടേ.. നീ നടക്ക്.. എന്തായാലും അവിടേക്ക് പോവേണ്ട.. ആ വഴിയിൽ നിൽക്കാം.. " "ഓക്കേ വാവീ.. ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദ ബെസ്റ്റ് ഇമ്പ്രെഷൻ എന്നല്ലേ... വാ " ആര്യയുടെ കയ്യിൽ കൈ കോർത്തു കൊണ്ട് അനി അമിതിന്റെ ഡിപ്പാർട്ട്മെന്റിനോട് ചേർന്നുള്ള വരാന്തയിലെ തൂണിൽ ചാരി നിന്നു.. "സെക്കൻഡ് ബെല്ലും അടിച്ചു.. ഇവരുടെ ഡിപ്പാർട്ട്മെന്റിലേക്ക് വരാനുള്ള പെർമിഷൻ നമുക്കില്ല.. ആരും ഇങ്ങോട്ട് വരാതിരുന്നാൽ മതിയായിരുന്നു.. ഇവനിത് അവിടെ എന്തെടുക്കാ. കാണുന്നില്ലല്ലോ " ആരെങ്കിലും വരുന്നുണ്ടോ എന്ന് ചുറ്റും നോക്കി അനി ഓരോന്ന് പിറു പിറുത്തു..പെട്ടന്ന് വളവ് തിരിഞ്ഞ് അമിത് ഈശ്വറിനോട് സംസാരിച്ചു വരുന്നത് കണ്ടതും അനിയുടെ ഹൃദയം തുള്ളി ചാടാൻ തുടങ്ങി...... ആര്യ അവളെ നോക്കി കണ്ണിറുക്കി കൊണ്ട് ഒരു സൈഡിലേക്ക് മാറി നിന്നു.. അനി അവൻ കാണത്തക്ക രീതിയിൽ മുന്നിൽ വന്ന് നിന്നു.... എന്നാൽ തൊട്ടടുത്തെത്തിയിട്ടും അവളെ ഒന്ന് നോക്കാതെ അമിത് കടന്നു പോയതും അനി വായും പൊളിച്ചു നിന്നു...

"അനീ... അവൻ ചിരിച്ചോ... " അപ്പുറം തിരിഞ്ഞു നിൽക്കുകയായിരുന്ന ആര്യ അമിത് പോയെന്ന് കണ്ടതും അനിയെ കുലുക്കി വിളിച്ചു... "എന്താ ഡീ.. ഷോക്കടിച്ച പോലെ നിൽക്കുന്നേ.. അവന്റെ ചിരി ഹൃദയത്തിൽ എത്തി ഹൃദയം സ്റ്റക്കായോ" "അല്ല വാവീ.." നഖം കടിച്ചു കൊണ്ട് അനി വരാന്തയിൽ നിന്ന് പുറത്തേക്കിറങ്ങി.. കാര്യം ചോദിച്ച് ആര്യ അവളുടെ പിറകെയും... "അവൻ എന്റെ തൊട്ടടുത്തെത്തിയപ്പോൾ ഞാൻ നന്നായി ചിരിച്ചു കൊടുത്തു.. അവന്റെ കൂടെ ഉള്ള ഫ്രണ്ട് ഇല്ലേ.. ലീന എന്താ അവന്റെ പേര് പറഞ്ഞേ... ആ... ഈശ്വർ.. അവൻ എന്നെ അടിമുടി നോക്കി അവന്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ചു തന്നു. പക്ഷേ.. അവനുണ്ടല്ലോ.. ചെയർമാൻ..ഈ ശൂന്യമായ വരാന്തയിൽ ഇങ്ങനെ ഒരാൾ നിൽക്കുന്നെന്ന് നോക്കുക പോലും ചെയ്യാതെ അങ്ങ് പോയി... ഇപ്പൊ ഞാൻ ആരായി " അമിത് പോയ വഴിയേ നോക്കി മുഖം ചുളിച്ചു കൊണ്ട് അനി പറഞ്ഞു.. ആര്യ അവളെ സമാധാനിപ്പിച്ചു കൊണ്ട് ക്ലാസ്സിലേക്ക് നടന്നു. "സാരമില്ല... ഇനിയും ഉണ്ടല്ലോ അവസരങ്ങൾ..

ആ വിശ്വാമിത്രന്റെ തപസ്സ് ഇന്ന് തന്നെ നമുക്ക് ഇളക്കി എടുക്കണം.. അവനെ ഇനി അങ്ങനെ വിട്ടാൽ പറ്റില്ല.. " ആര്യ അവൾക്ക് ധൈര്യം നൽകിയതും അവൾക്ക് കുറച്ച് ആശ്വാസം ലഭിച്ചു.. എങ്കിലും അവൻ നോക്കാതെ പോയതിൽ അവൾക്ക് നിരാശയുണ്ട്.. ഇന്നേ വരെ അവളെ നോക്കാത്ത ആരും ഉണ്ടായിട്ടില്ല.. അമിതിന്റെ ഈ പ്രവർത്തി അവളിൽ കൂടുതൽ വാശി ഉണ്ടാക്കി... എന്ത് വന്നാലും അവനെ തന്റെ മുന്നിൽ മുട്ട് കുത്തിക്കുമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.... ************ "അമിത്... നീ കണ്ടില്ലല്ലോ" "എന്ത്... " "ഹിഹിഹി... ഒന്നുമില്ല... വാ..." അനി അമിതിനെ നോക്കി നിൽക്കുന്നത് ഈശ്വർ കണ്ടിട്ടും അവിടെ വെച്ച് അവൻ അമിതിനോട് ഒന്നും പറഞ്ഞില്ല... വരാന്തയിൽ നിന്നിറങ്ങി ക്ലാസ്സിലേക്ക് പോകും വഴി അവനൊന്ന് തിരിഞ്ഞു നോക്കി കൊണ്ട് അമിതിന് ചെറിയ സൂചന നൽകി.. അവൻ അവളെ നോക്കിയിട്ടുണ്ടാവില്ലെന്ന് അവന് ഉറപ്പായിരുന്നു.... അവൾ അവന്റെ പിറകെ നടക്കട്ടെ എന്ന് ഈശ്വർ മനസ്സിൽ ചിന്തിച്ചു.. "എന്താ ഡാ ഒരു ഇളി.. സത്യം പറഞ്ഞോ.. എന്ത് കണ്ടെന്നാ നീ പറഞ്ഞേ "

"ഏയ്‌. ഒന്നുമില്ല.. നമ്മുടെ ഡിഗ്രി ഡിപ്പാർട്ട്മെന്റിൽ പുതിയ ലക്ച്ചർ വന്നിട്ടുണ്ട്..കോഴിക്കോടൻ ഹൽവ പോലെ ഒരു മാഷ്.. മൂപ്പരെ കണ്ടോ എന്ന് ചോദിച്ചതാ " "ഇല്ലാ.. ഞാൻ കണ്ടിട്ടില്ല.. " "ഒന്ന് കാണണം.... അടിപൊളി മൊതലാ.. ഇനി പെൺകുട്ടികൾ മൂപ്പരെ പിറകെ കൂടിക്കോളും.. നിനക്കിനി റസ്റ്റ്‌ ആവട്ടെ... " "ആര് വന്നിട്ടും എന്റെ ഗതി ഇത് തന്നെയല്ലേ.... ആ മാഷ് അടിപൊളി ആണെങ്കിൽ അവർക്ക് വായിനോക്കാൻ ഒരാള് കൂടി ആയി.. അത്രേ ഉള്ളൂ.. ഇവളുമാരെ ഈ സ്വഭാവം നിർത്താൻ അറിയാത്തതു കൊണ്ടല്ല.. പെണ്ണല്ലേ എന്ന് വെച്ചാ... ആരെങ്കിലും എന്റെ പിറകെ വരട്ടെ.. ശല്യം ചെയ്താൽ അന്ന് എന്റെ തനി സ്വഭാവം അവരറിയും.. " അതും പറഞ്ഞ് അമിത് ക്ലാസ്സിലേക്ക് കയറിയതും ഈശ്വർ അവനെ നോക്കി പുറത്ത് നിന്ന് ചിരിച്ചു. "എന്നാൽ നിന്റെ തനി സ്വഭാവം പുറത്തെടുക്കാൻ ഒരുങ്ങിക്കോ അമിതേ.. ആ മധുരകരിമ്പ് രണ്ടും കല്പിച്ചാണെന്ന് തോന്നുന്നു.. അമിതിൽ നിന്ന് കണ്ണെടുക്കാതെ അല്ലേ നോക്കിയേ... ഒരു ഭാഗത്ത് ലീന.. മറു ഭാഗത്ത് ഇവളും.. രണ്ടു പേരെയും മിക്കവാറും അമിത് ഭിത്തിയിൽ ഒട്ടിക്കും.."

"എന്താ ഡാ വരുന്നില്ലേ.. വായും പൊളിച്ച് അവിടെ നിൽക്കാണോ " തല മാത്രം വെളിയിലേക്കിട്ട് അമിത് ചോദിച്ചതും ഈശ്വർ വേഗം ക്ലാസ്സിലേക്ക് കയറി.... ************ ഇന്റെർവെല്ലിനും ലഞ്ച് ബ്രേക്കിനും അനി അമിതിന്റെ പിറകെ കൂടി.. അവൻ പോകുന്നിടത്തെല്ലാം അവൾ ഓടിയെത്തി.. അവന്റെ കണ്ണുകൾ പതിയുന്നിടത്തെല്ലാം അവൾ പൂമ്പാറ്റയേ പോലെ പാറി നടന്നു... കോളേജിലെ എല്ലാ ആൺകുട്ടികളും ഒറ്റ ദിവസം കൊണ്ട് അനിയുടെ പിറകെ കൂടി... എന്നിട്ടും അമിതിൽ നിന്നൊരു നോട്ടം അവൾക്ക് കിട്ടിയില്ല.. ഈശ്വർ അവളെ കണ്ടെങ്കിലും അമിതിനോട് ഒന്നും പറയാതെ ഉള്ളിൽ ചിരിച്ചു.... ലീനയും അമിതിനെ വായിനോക്കാൻ പിറകെ കൂടിയത് അനി കണ്ടെങ്കിലും അതൊന്നും അവൾ കാര്യമാക്കിയില്ല.. അനിയുടെ പ്രവർത്തികൾ കണ്ട് ലീനക്കും അനിയുടെ മനസ്സിലിരുപ്പ് മനസ്സിലായി... പക്ഷേ.. അവളും വിട്ട് കൊടുക്കാൻ തയ്യാറായില്ല.. അമിതിന്റെ പിറകെ അവളും കൂടി... ക്യാന്റീനിലും ക്യാമ്പസിലും അമിതിന്റെ ഡിപ്പാർട്ട്മെന്റിലെ വരാന്തയിലും അവന് മുന്നിലൂടെ അനി പാറി നടന്നു..... പക്ഷേ... അവളെ കൂടുതൽ നിരാശയാക്കുകയാണ് അമിത് ചെയ്തത്... അവന്റെ നോട്ടം ലഭിക്കാതെ അവളുടെ ചിറകുകൾ വാടി കരിഞ്ഞു...

വിഷണ്ണയായി അവൾ ക്ലാസ്സിൽ ഒതുങ്ങി ഇരുന്നു... "അനീ... മുഖം വാടി ഇരിക്കല്ലേ... എത്ര ആൺപിള്ളേരെ നീ പിറകെ നടത്തിച്ചിട്ടുണ്ട്... ആ നീയാണോ തോൽവി സമ്മതിച്ചിരിക്കുന്നെ.. " "വാവീ.. അവന്റെ ഒരു നോട്ടം കിട്ടിയിരുന്നേൽ ബാക്കി ഞാൻ നോക്കിയേനെ.. ഇത് നീയും കണ്ടതല്ലേ. എന്ത് ജന്മാ അവന്റെ.. ഉടുത്തൊരുങ്ങി ഞാൻ ഇവിടെ നിന്നിട്ടും അവന്റെ ഒരു അഹങ്കാരം.. ഒന്ന് നോക്കിയാൽ എന്താ " "ഒന്നടങ് അനീ... ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ... നമുക്ക് നോക്കാം.. ലാസ്റ്റ് ഹവർ അല്ലേ.. നമുക്ക് ചാടാം.. നിന്നെ ഒന്ന് കൂൾ ആക്കണം.. വാ.. തണുത്ത ജ്യുസ് കഴിക്കാം " ആര്യ എണീറ്റു കൊണ്ട് അനിയുടെ കയ്യിൽ പിടിച്ചു വലിച്ചെങ്കിലും അവൾ പോരാൻ കൂട്ടാക്കിയില്ല.. "ക്ലാസ്സ്‌ കഴിയട്ടെ വാവീ.. അവനെ നോക്കിയ സമയം മറ്റുള്ളവരെ വായിനോക്കിയാ മതിയായിരുന്നു.. അവനോ നോക്കിയില്ല.. ഇനി ഇവിടെ ഉള്ളവരെ ഒന്ന് നോക്കി തൃപ്തിപ്പെടട്ടെ.. " കൈയൂന്നി താടിയിൽ വെച്ച് അനി ക്ലാസ്സിൽ ഉള്ള ആൺകുട്ടികളെ നോക്കി ഇരുന്നു. ഇടക്ക് വരാന്തയിൽ കൂടെ പോകുന്നവരിലേക്കും കണ്ണുകൾ പായിച്ചു....

"ഗുഡ് ആഫ്റ്റർ നൂൺ സർ " പെട്ടന്ന് എല്ലാവരും എണീറ്റു നിന്നത് അനി കണ്ടതും അവളും ആര്യയും എല്ലാവരെയും നോക്കി.. സാധാരണ ക്ലാസ്സിൽ ഏത് മിസ്സ്‌ വന്നാലും ബഹുമാനം ഒട്ടും നൽകാറില്ല.. ഇന്നെന്താ എല്ലാവർക്കും പറ്റിയെ എന്നോർത്ത് കൊണ്ട് അനി ബെഞ്ചിൽ നിന്നെണീക്കാതെ തല ചെരിച്ച് മുന്നോട്ടു നോക്കി.. "ഗുഡ് ആഫ്റ്റർ നൂൺ... എല്ലാവരും ഇരിക്കൂ " മാധുര്യം നിറഞ്ഞ നേർമയുള്ള ശബ്ദം ക്ലാസ്സിൽ മുഴങ്ങിയതും അനിയുടെ ഹൃദയമിടിപ്പ് വർധിച്ചു.. അവൾ പോലും അറിയാതെ അവളുടെ ചുണ്ടിൽ നിഷ്കളങ്കമായ പുഞ്ചിരി വിടർന്നു.. വാലിട്ടെഴുതിയ കണ്ണുകൾ വിടർത്തി കൊണ്ട് അവ ആ ശബ്ദത്തെ തിരഞ്ഞു.... മുന്നിൽ നിന്ന കുട്ടികൾ എല്ലാം ഇരുന്നതും ബ്ലാക്ക് പാന്റും മെറൂൺ ഷർട്ടും ധരിച്ച് കണ്ണട വെച്ച് പുഞ്ചിരി തൂകി എല്ലാവരെയും നോക്കി നിൽക്കുന്ന ഒരാളെ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും വിടർന്നു.. "ഹായ്... ഞാൻ അനിൽ.. നിങ്ങളുടെ പുതിയ ലക്ച്ചർ ആണ്.." വളരെ നേർത്ത സ്വരത്തിൽ സർ പറഞ്ഞതും എല്ലാ പെൺകുട്ടികളും സാറിനെ നോക്കിയിരുന്നു... പതിവിന് വിപരീതമായി നിശബ്ദത നിറഞ്ഞ ക്ലാസ്സിൽ നാല് ചുമരുകൾക്കുള്ളിൽ തന്റെ ഹൃദയമിടിപ്പ് താളം മുഴങ്ങി കേൾക്കുന്ന പോലെ അനിക്കു തോന്നി................ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story