ആത്മരാഗം💖 : ഭാഗം 19

athmaragam thanseeh

രചന: തൻസീഹ് വയനാട്

"അമീ... അമിത്... അവിടെ നിൽക്ക്" ഈശ്വർ പിറകെ ഓടി വന്ന് അമിതിന്റെ തോളിൽ കയ്യിട്ടു.. എന്താ കാര്യം എന്ന് ചോദിച്ചു കൊണ്ട് അമിത് മുഖം ചുളിച്ച് പുരികം പൊക്കി.. "നീയല്ലേ പറഞ്ഞേ ലവൾ നിന്നെ നോക്കുന്നില്ല, നിന്റെ പിറകെ നടക്കുന്നില്ല എന്നൊക്കെ... നോക്ക്.കണ്ണ് തുറന്ന് നോക്ക്.. മണം പിടിച്ചവൾ നിന്റെ പിറകേ വരുന്നത് കണ്ടോ " ഈശ്വർ തന്റെ ചെവിയിൽ പറഞ്ഞത് കേട്ട് അമിത് കണ്ണുകൾ അടച്ച് ദേഷ്യം മുഴുവൻ മുഖത്ത് വരുത്തി... ഒന്ന് പിന്നിലേക്ക് നോക്കി ചിരിച്ചു കൊണ്ട് അക്ഷിത് അമിതിന്റെ തോളിൽ തട്ടി ക്ലാസ്സിൽ പോകാണെന്നും പറഞ്ഞ് സ്ഥലം വിട്ടു... "എടാ... ഞാൻ പറയുന്നേ ഒന്ന് കേൾക്ക്.. ആ ലീനക്കിട്ട് വാർണിങ് നൽകിയ പോലെ ഇവൾക്കും നൽകാൻ സമയമായി.. അധികം വളരും മുന്നേ വെട്ടുന്നതാ നിനക്ക് നല്ലത്.. അവൾ പുതിയ അഡ്മിഷൻ ആയത് കൊണ്ട് നിന്റെ സ്വഭാവം അറിയാനും വഴിയില്ല " ഈശ്വർ ആ പറഞ്ഞതിൽ പോയിന്റ് ഉണ്ടെന്ന് തോന്നിയത് കൊണ്ടോ എന്തോ അടച്ച കണ്ണുകൾ അമിത് തുറന്ന് ഈശ്വറിനെ നോക്കി.. അവൻ അതേ എന്ന് തലയാട്ടി പിറകിലേക്ക് നോക്കെന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു ... നിന്നിടത്ത് നിന്ന് തിരിഞ്ഞു കൊണ്ട് അമിത് തന്റെ നേരെ വരുന്ന അനിയേയും ആര്യയേയും നോക്കി..

വായിനോക്കികൾക്ക് നല്ലൊരു മറുപടി കൊടുക്കണമെന്ന ചിന്തയിൽ തിരിഞ്ഞു നിന്ന അമിതിന്റെ മുഖത്തെ ഭാവങ്ങൾ മാറി മറിഞ്ഞു.. തന്നെ നോക്കാതെ കൂട്ടുകാരിയോട് കളിച്ചു ചിരിച്ചു വരുന്ന അനിയെ കണ്ണിമ ചിമ്മാതെ അവൻ നോക്കി നിന്നു . മെല്ലെ മെല്ലെ നടന്ന് വരുന്ന അവളെയും അവൾക്ക് മുന്നേ മുന്നോട്ടു കുതിക്കുന്ന സാരിയുടെ ഞൊറിയും മുന്നിലേക്കിട്ട മുടിയും മുഖത്തിന് മാറ്റ്‌ കൂട്ടുന്ന തൂങ്ങിയാടുന്ന കമ്മലുകളും അവൻ നോക്കി കൊണ്ടിരുന്നു... തന്റെ അടുത്തെത്തിയിട്ടും തന്നെ ഒന്ന് നോക്കാതെ കടന്ന് പോയ അനിയെ മുഖം മാത്രം അവൾക്ക് നേരെ തിരിച്ച് അമിത് നോക്കി... അടുത്ത് നിൽക്കുന്ന ഈശ്വറും അവൾ കടന്ന് പോയപ്പോൾ അന്തം വിട്ട് അവളെ നോക്കുകയായിരുന്നു..... അനി കുറച്ചങ്ങെത്തിയതും അവളെ നോക്കി കൊണ്ടിരുന്ന മുഖം മെല്ലെ ഈശ്വറിന് നേരെ തിരിച്ചു.... വളിച്ച ചിരിയുമായി ഈശ്വർ തന്റെ പാദങ്ങൾ മെല്ലെ പിറകോട്ടു വെച്ചു "നിന്നെ ഞാനിന്ന് കൊല്ലുമെടാ പട്ടീ.. " അമിത് അവന് നേരെ തിരിഞ്ഞതും ഈശ്വർ ആ ക്യാമ്പസ് മുഴുവൻ ഓടി... ************

"അനീ.... അടിപൊളി ആക്റ്റിംഗ്.. അവനെ നോക്കാതെ നീ പോയപ്പോൾ അവന്റെ മുഖത്തെ എക്സ്പ്രെഷൻ ഒന്ന് കാണണം... " "ഛെ. എനിക്കത് കാണാൻ കഴിഞ്ഞില്ല.. എത്ര കണ്ട്രോൾ ചെയ്തിട്ടാ എന്നറിയോ ഞാൻ അവന്റെ അടുത്ത് കൂടെ പോയേ..എനിക്ക് തന്നെ ഇങ്ങനെ യോഗം വരണം.. " "അതൊക്കെ നീ നാളെ നോക്കിക്കോ.. അവൻ നിന്നോട് സംസാരിക്കാൻ വരുമ്പോൾ നീ വേണ്ടുവോളം വായിനോക്കി നിൽക്ക് " ക്ലാസ്സിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു അനിയുടെയും ആര്യയുടെയും നേരെ ലീന നടന്നു വന്നു.. അവളെ കണ്ട് അനി പുച്ഛത്തോടെ ചിരിച്ചു "എന്താ ലീന മോളേ മുഖത്തൊരു മ്ലാനത " "നിങ്ങൾ എത്ര കളിച്ചാലും അവനെ തോൽപ്പിക്കാൻ ആവില്ല മക്കളേ. അവനെ അറിയാത്തതു കൊണ്ടാ നിങ്ങൾക്ക് " "ഓഹ്.. അറിഞ്ഞതൊക്കെ ധാരാളം.. മോള് പോയി പുസ്തകം എടുത്തു വെച്ച് പഠിക്കാൻ നോക്ക്..പൊയ്ക്കോ" സൗമ്യമായ രീതിയിൽ പറഞ്ഞ് ചിരിച്ചു കൊണ്ട് അനി ലീനയെ പറഞ്ഞയച്ചു.. അവരെ ഒരു നോട്ടം നോക്കി ലീന തന്റെ സീറ്റിൽ ഇരുന്നു.. "വാവീ... അവളുടെ നോട്ടം അത്ര പന്തിയല്ലല്ലോ " "നീ അവളുടെ കാര്യം വിട്ടേക്ക്.. അവൾ നമുക്കൊരു ശത്രു അല്ല.. അമിതിന് നിന്റെ മേൽ ഒരു കണ്ണുണ്ടെന്ന് പൂർണ ബോധ്യം വന്നില്ലേ...

ഈ കോളേജിൽ ഇന്നേവരെ അവൻ ഒരു പെണ്ണിനേയും നോക്കിയിട്ടില്ലെന്നതും വ്യക്തമല്ലേ... അപ്പൊ ഇനി പേടിക്കാനെന്താ.. മുന്നോട്ടുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യാൻ നോക്ക്... " ആര്യ പറഞ്ഞതിനൊക്കെ തലയാട്ടി കൊണ്ട് അനി തന്റെ കൈ ബെഞ്ചിൽ ഊന്നി താടിയിൽ വെച്ച് പുറത്തേക്ക് നോക്കിയിരുന്നു... ഈ സമയം അമിതിന്റെ ക്ലാസ്സിൽ..... "എന്തുവാ ഇത്...വെള്ളരിക്കാ പട്ടണമോ...?? ഒരു സത്യം പറഞ്ഞതിനാണോ നീയെന്നോട് ദേഷ്യം കാണിക്കുന്നേ.... അവൾ നിന്നെ തന്നെയാ നോക്കുന്നേ..... നിന്നെ മാത്രം.....ഞാൻ കണ്ട കാര്യം പറഞ്ഞു,,,നീ വേണമെങ്കിൽ വിശ്വസിക്ക്.... " ക്ലാസ്സിൽ ചൂട് പിടിച്ചിരിക്കുന്ന അമിതിന്റെ അടുത്തേക്ക് മെല്ലെ നീങ്ങി കൊണ്ട് ഈശ്വർ ചോദിച്ചതും അമിത് അവനെ ഒരു നോട്ടം നോക്കി.. "മിണ്ടരുത്.. അവന്റെ ഒരു സത്യം പറച്ചിൽ.. ഇങ്ങനെ സത്യം പറഞ്ഞാ അധിക പെൺകുട്ടികളും എന്റെ പിറകെ ഒരു ഉളുപ്പും ഇല്ലാതെ വരുന്നേ.. അവരെന്നെ നോക്കിയില്ലേലും നീ എന്നെ കൊണ്ട് അവരെ നോക്കിപ്പിച്ച് അവരുടെ ശ്രദ്ധ വരുത്തും.. ഞാൻ നോക്കുന്നെന്ന പേര് പറഞ്ഞ് അവർ പിറകെ വരും.. ലീന പ്രിൻസി ഇവരായിരുന്നു ലാസ്റ്റ്.. അതിൽ ലീന ഒരു നാണവും ഇല്ലാതെ ഇപ്പോഴും വായിനോക്കി വരുന്നു..

ഇപ്പോഴിതാ നിന്റെ പുതിയ കണ്ടു പിടുത്തം... എന്നെ ഒന്ന് മൈൻഡ് ആക്കാതെ അവൾ പോയില്ലേ... അപ്പൊ ഞാൻ ആരായി... " ലാസ്റ്റ് വാക്കുകൾ അങ്ങേയറ്റം ദേഷ്യത്തോടെ പല്ലുകൾ ഇറുമ്മി കൊണ്ട് പറഞ്ഞതും ഇനി പറഞ്ഞാൽ ശെരിയാവില്ലെന്നും ആരോഗ്യത്തിന് ഹാനികരം ആണെന്നും മനസിലായത് കൊണ്ട് ഈശ്വർ അക്ഷിതിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.. അമിത് ദേഷ്യത്തോടെ കയ്യിലെ പേനയുടെ ടോപ് ഒരു കൈ കൊണ്ടിട്ടും ഊരിയും പുറത്തേക്ക് നോക്കി..... 'എടീ.. പെരുംകള്ളീ... ഈ ഒരൊറ്റ സംഭവത്തിൽ നിന്നും നിന്റെ പ്ലാനിങ് എന്താണെന്ന് എനിക്ക് മനസ്സിലായി.. എന്നിട്ടും ഈ മണ്ടന് മനസ്സിലായില്ലല്ലോ.. പക്ഷേ.. മോളേ. ഇവിടെ എതിർ ടീമിലെ കളിക്കാരൻ ഡബിൾ സ്ട്രോങ്ങ്‌ ആണ്.. അവന്റെ ഒരു കൈക്ക് പോലും നീയില്ല... ദൈവമേ... എന്താവും എന്തോ " അമിതിനെ ഇടംകണ്ണിട്ട് നോക്കി ഈശ്വർ മനസ്സിൽ പറഞ്ഞു.. ************ ലാസ്റ്റ് ഹവർ കഴിഞ്ഞ് കോളേജ് വിട്ടതും അനിയും ആര്യയും പുറത്തേക്കിറങ്ങി... ലീന അവരെ മൈൻഡ് ആക്കാതെ അമിതിനെയും തിരഞ്ഞ് പോയി.. അവളെ കണ്ടതും അനി ആര്യയെ നോക്കി..

"ഇനി എങ്ങോട്ടാ.. ഗ്രൗണ്ടിലേക്ക് പോകണോ " "വേണ്ട.. വീട്ടിലേക്ക് പോകാം.. ഇന്നിനി ഗ്രൗണ്ടിൽ ചെന്ന് നിന്നാൽ അവന് ഡൌട്ട് അടിക്കും " "അത് ശെരിയാ... എന്നാ വാ പോകാം.." കോളേജ് അങ്കണത്തിൽ നിന്നും പുറത്തേക്ക് കടന്ന് റോഡ് സൈഡിലൂടെ ആര്യയും അനിയും ഒരുമിച്ച് നടന്നു... ഈ സമയം മൂന്നാല് പേര് അനിയെ കമന്റടിച്ചു പിറകെ കൂടി... അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്ന അനി കടയുടെ മുന്നിൽ എത്തിയതും സിപ് അപ് വാങ്ങാനായി ബാഗ് തോളിൽ നിന്നെടുത്ത് പൈസ തപ്പാൻ തുടങ്ങി.. ഈ സമയം ആര്യ പിറകിൽ നിൽക്കുന്നവന്മാരെ ഇടം കണ്ണിട്ട് നോക്കി.. "എടാ.. നോക്കിയേ.." "ഹഹഹ... എന്താ ഒരു ചേല്.. ഒന്ന് കൈ വെച്ചാലോ " "കണ്ടാൽ അറിയാം സോഫ്റ്റ്‌ ആണെന്ന് " കമന്റ് കൂടി വന്നതും ആര്യ തിരിഞ്ഞു നോക്കി.. അവരുടെ കണ്ണുകൾ സ്ഥാനം തെറ്റിയ സാരിക്കിടയിൽ തെളിഞ്ഞു കാണുന്ന അനിയുടെ വെളുത്ത മേനി ആണെന്ന് ആര്യക്ക് മനസ്സിലായതും അവളുടെ കൈകളിൽ ചൂട് കയറി... മുന്നോട്ടു രണ്ടടി നടന്ന് അവളെ തൊട്ടുരുമ്മാൻ വന്നവന്റെ മുഖത്തേക്കവൾ ആഞ്ഞടിച്ചു..

"നിന്റെയൊക്കെ വീട്ടിൽ ഉള്ളവരുടേത് ഇതിലേറെ സോഫ്റ്റ്‌ ആയിരിക്കും. പോയി നിന്റെയൊക്കെ കളി അവരോട് തീർക്കെടാ " വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് വീണ്ടും അവരെ തല്ലാനോങ്ങിയെങ്കിലും അനി ആര്യയെ പിടിച്ച് പിറകിലേക്ക് വലിച്ചു.. "വിട് അനീ.. അവൻ പറഞ്ഞത് കേട്ടില്ലേ " ദേഷ്യം അടങ്ങാത്ത ആര്യയുടെ ഭദ്രകാളി രൂപം കണ്ട് പേടിച്ച് അവർ അപ്പോഴേക്ക് സ്ഥലം വിട്ടിരുന്നു. "വാവീ.... വാവീ... അവർ പോയി.. നീ അടങ്... ദേ ബസ് വന്നു.. പോകാം " അനി അവളെയും വലിച്ച് ബസ്സിൽ കയറി... ബസ്സിന്റെ കമ്പിയിൽ പിടിയമർത്തി ആര്യ തന്റെ ദേഷ്യം മുഴുവൻ പതിയെ അടക്കി വെച്ചു........ "എന്റെ വാവീ.. നിനക്കിത് എന്തിന്റെ കേടാ.. ബസ്സിൽ വെച്ചും ബഹളം വെച്ചതെന്തിനാ.. " ബസ് ഇറങ്ങി നടക്കുന്നതിനിടയിൽ അനി ആര്യയോട് ചേർന്ന് നിന്ന് അവളെ കൂൾ ആക്കാൻ ശ്രമിച്ചു. "പിന്നെ.. ഞാൻ എന്താ ചെയ്യേണ്ടത്.. നീയും കണ്ടതല്ല അവന്റെ നോട്ടം.. അനീ.. എന്തിന്റെ പേരിൽ ആയാലും ഇനി നീ സാരി ഉടുത്ത് കോളേജിൽ പോകേണ്ട.. " "അയ്യോ.. നിർത്തി. ഇനി നീ കൂടെയുള്ളപ്പോൾ ഞാൻ സാരി ഉടുക്കില്ല....മതിയായി.. അവിടേം ഇവിടേം നോക്കാൻ കുറെ എണ്ണം.. അവരെ കണ്ട് പിടിച്ച് നാല് വർത്താനം പറയാൻ നീയും.. മതിയായി... " "മ്മ്മ്.. "

"ഹോ. ഒന്ന് ചിരിക്കെന്റെ വാവീ...ഇങ്ങനെ മസിൽ പിടിച്ചിരിക്കുന്ന എന്റെ വാവിയെ കാണാൻ ഒരു ഭംഗിയും ഇല്ല. " "പോടീ..നോക്ക് അനീ,,,നിന്റെയീ കുട്ടിക്കളി സ്വഭാവം മാറ്റിയെടുത്തേ പറ്റൂ... ചുറ്റും ഉള്ളവരെ ഉള്ള് തുറന്ന് നോക്ക്.. എല്ലാ ആൺപിള്ളേരും നിന്റെ പിറകെ നടക്കുന്നത് നീയൊരാൾ കാരണം തന്നെയാണ്.. വായിട്ടലക്കുന്ന നിന്റെ ഈ സ്വഭാവം എന്ന് നിൽക്കുന്നുവോ അന്നേ എന്റെ ദേഷ്യം കുറയൂ... നീ കൊഞ്ചി കുഴഞ്ഞ് നിൽക്കുമ്പോൾ അവരാ അവസരം മുതലാക്കും.. അത് മനസ്സിലാക്കാനുള്ള ബുദ്ധി നിനക്കില്ല..." "ഓ.. എനിക്കൊന്നും മനസ്സിലാക്കേണ്ട.. ഇതൊക്കെ അല്ലേ വാവീ ജീവിതം.. ഇപ്പൊ ഞാൻ എത്ര ഹാപ്പിയാണ്...ഇങ്ങനെ പോയാൽ മതി..." "അനീ.... " "മോള് പോയി ഫ്രഷ് ആയി വാ.. " വീട് എത്തിയതും അനി ആര്യയെ ഉന്തി വിട്ട് കൊണ്ട് ഗേറ്റ് തുറന്ന് തുള്ളി ചാടി അകത്തേക്ക് കയറി പോയി.. അവൾ പോകുന്നതും നോക്കി കണ്ണുകൾ നിറച്ചു കൊണ്ട് ആര്യ അവിടെ നിന്നു... "അനീ... പലതും മറക്കാനുള്ള നിന്റെ മുഖം മൂടിയാണ് ഈ വായാടിത്തരമെന്നെനിക്കറിയാം..നിന്റെ കൂടെ ഞാൻ ഉള്ളിടത്തോളം കാലം നിന്റെ ദേഹത്ത് ഒരാളുടെ കൈ പോലും വീഴില്ല " അനി പോയതും ആര്യ തന്റെ വീട്ടിലേക്ക് നടന്നു..

അരുതാത്തത് കാണുമ്പോൾ രക്തം തിളക്കുന്നതും ഇടം വലം നോക്കാതെ പൊട്ടിക്കുന്നതും കുഞ്ഞു നാൾ തൊട്ടേ ആര്യ ശീലിച്ചതാണ്.. അമ്മ മരിച്ചതിന് ശേഷം അതിത്തിരി കൂടുതൽ ആയി.. ദേഷ്യവും മൗനവും പലതും മറക്കാനവളെ പഠിപ്പിച്ചു.. എന്നാലും എന്തെങ്കിലും കാരണത്താൽ ദേഷ്യം വരികയും കുറച്ചു കഴിഞ്ഞ് ദേഷ്യം അടങ്ങുമ്പോൾ അമ്മയെ ഓർമ്മ വരികയും ചെയ്യും.. അവളെ മാനസികമായി തളർത്തുന്ന ഓർമ്മകളിൽ നിന്നും മോചനം തേടുന്നത് തന്റെ അനിയോടൊപ്പം ചിലവഴിച്ചു കൊണ്ടാണ്... വീട്ടിൽ എത്തിയ ആര്യ പഴയ കാര്യങ്ങൾ ഓരോന്നും ഓർത്ത് അമ്മയുടെ ഫോട്ടോക്ക് താഴെ മിഴികൾ വാർത്തു നിന്നു... ഈ സമയം അമ്മയുടെ സാമിപ്യം അവളാഗ്രഹിച്ചു... കൂടുതൽ നേരം അവിടെ നിന്നാൽ ശെരിയാവില്ലെന്നത് കൊണ്ട് കണ്ണുകൾ തുടച്ചവൾ ഫ്രഷ് ആവാൻ പോയി.. ഫ്രഷ് ആയി വന്നയുടനെ വാതിലും അടച്ച് അനിയുടെ വീട്ടിലേക്ക് പോയി... "മോള് വന്നോ... കാണാത്തത് കൊണ്ട് അനി അങ്ങോട്ട്‌ വരാൻ നിൽക്കായിരുന്നു " "അവളെവിടെ അമ്മേ " "മുറിയിൽ ഉണ്ടാവും.. അല്ലാതെ എവിടെ.. അതിനുള്ളിൽ നിന്നും തമ്പുരാട്ടി ഒന്നിറങ്ങി വരില്ലല്ലോ... അടുക്കളയിലേക്ക് കാലെടുത്ത് വെക്കുകയേ ഇല്ല.ഇപ്പൊ തന്നെ ഉണ്ണിയപ്പം വേണമെന്ന് ഓർഡർ ഇട്ട് അവൾ ബുക്കുമെടുത്ത് മുറിയിലേക്ക് കയറി..

ഒന്ന് സഹായിക്കാൻ പറയാൻ പറ്റുമോ കോളേജ് കുമാരി അല്ലേ. അടുക്കളയിൽ കയറിയത് കൊണ്ട് മാർക്ക് കുറഞ്ഞാലോ... " അമ്മയുടെ പരാതിയും പരിഭവവും കേട്ട് ചിരിച്ചു കൊണ്ട് ആര്യ തന്റെ കയ്യിലെ പുസ്തകം മേശൻമേൽ വെച്ച് അമ്മയുടെ ഒപ്പം അടുക്കളയിലേക്ക് നടന്നു.. "അമ്മ ഇങ്ങോട്ട് മാറ്.. ഞാൻ ചെയ്യാം.." പാത്രം കഴുകി കൊണ്ടിരുന്ന അമ്മയെ മാറ്റി ആര്യ പാത്രം കയ്യിലെടുത്തു.. "ഏയ്‌. മോള് അവിടെ വെച്ചേക്ക്... അതൊക്കെ ഞാൻ കഴുകി വെച്ചോളാം.. മോള് ചെന്ന് അവൾക്ക് രണ്ടക്ഷരം പറഞ്ഞു കൊടുക്ക്.. നീയില്ലേൽ എന്നേ പഠിത്തത്തിൽ അവൾ ഉഴപ്പിയേനെ " "ഏയ്‌.. അമ്മ അവളെ അങ്ങനെ ചെറുതാക്കേണ്ട.. ബാക്കി കുരുത്തക്കേട് മുഴുവൻ ഉണ്ടെങ്കിലും ക്ലാസ്സിൽ അവൾ തന്നെ ബെസ്റ്റ്.. " "മ്മ്.. അത് നീയിങ്ങനെ കൂടെ ഉള്ളത് കൊണ്ടാ.. അല്ലേൽ എന്നേ അവൾ കൈവിട്ടു പോയിരുന്നു.. " "ഓഹോ.. അമ്മയും മോളും എന്റെ കുറ്റവും പറഞ്ഞ് ചിരിക്കാണല്ലേ " കയ്യിൽ പുസ്തകവും പിടിച്ച് ഒരു കൈ വാതിൽ പടിയിൽ വെച്ച് ആര്യയെ നോക്കി കണ്ണുരുട്ടി കൊണ്ട് അനി പറഞ്ഞു.. അവളുടെ ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി..

"ഓഹ്.. മഹാറാണി പുറത്തിറങ്ങിയോ" "എന്നേ പറ്റി ചർച്ചകൾ ഇവിടെ നടക്കുമ്പോൾ ഞാൻ ഇറങ്ങി വരേണ്ടേ അമ്മ തമ്പുരാട്ടി... എവിടെ എന്റെ ഉണ്ണിയപ്പം " അടുക്കളയിലേക്ക് ചാടി ഇറങ്ങി അനി ചോദിച്ചതും ഒരു പാത്രം അമ്മ അവളുടെ കയ്യിൽ വെച്ച് കൊടുത്തു. "തിന്നാൻ മാത്രം ഒരു ജന്മം.. വാവി എന്നെ സഹായിക്കുന്നത് കണ്ടോ.. നീ തിന്ന് നടന്നോ " "അവൾ സഹായിക്കണമല്ലോ... മാസങ്ങൾക്ക് ചെറുത് ഞാനാ.. അങ്ങനെ വരുമ്പോൾ അവൾ ചേച്ചി... ചേച്ചിമാർ തന്നെയാ വീട്ടിൽ ജോലി എടുക്കേണ്ടത്.. അല്ലേ അമ്മേ " "പോടീ... ഒറ്റക്ക് തിന്നുന്നത് കണ്ടില്ലേ വാവിക്കും കൊടുത്തേ " "അയ്യോടാ.. ഇത് ഞാൻ കൊടുക്കില്ല.. ഇതെനിക്കാ " അമ്മ എടുക്കാൻ വന്നതും അനി പാത്രവും പിടിച്ച് മാറി നിന്ന് ആര്യ കാൺകെ തിന്ന് കൊണ്ടിരുന്നു.. എന്നാൽ നീ മുഴുവൻ കഴിക്കെന്നും പറഞ്ഞ് അമ്മ മൂടി വെച്ച ഒരു പാത്രം ആര്യക്ക് നേരെ നീട്ടി... കൈ കഴുകി കൊണ്ടവൾ അത് വാങ്ങി.. "ആഹ്.. എനിക്കറിയാമല്ലോ അമ്മ അവൾക്ക് സ്പെഷ്യൽ ആയിട്ട് എടുത്തു വെക്കുമെന്ന്.. ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലലോ നിങ്ങളെ.." കുശുമ്പ് നിറഞ്ഞ മുഖഭാവത്തോടെ അനി പറഞ്ഞതും അമ്മ ചിരിച്ചു കൊണ്ട് ആര്യക്ക് ഉണ്ണിയപ്പം വായിൽ വെച്ച് കൊടുത്തു.

"മ്മ്മ്.. തുടങ്ങി അമ്മയും മോളും സ്നേഹം.. ഞാൻ പോവാ... " അനി പോകാൻ നിന്നതും ആര്യ അവളെ പിടിച്ചു നിർത്തി ഉണ്ണിയപ്പം അവളുടെ വായിൽ വെച്ച് കൊടുത്തു.. അപ്പോൾ തന്നെ അവളുടെ പരിഭവം മാറി മുഖത്ത് ചിരി വന്നു.. "ഇനി പോയി പഠിച്ചേ രണ്ടു പേരും.. അവിടെ ഇരുന്ന് കോളേജിലെ കഥകൾ പറയാനാണ് പോകുന്നേ എങ്കിൽ അച്ഛൻ വന്നാൽ രണ്ടിനും കിട്ടും കേട്ടോ ..." "ഓക്കേ മേഡം " രണ്ടു പേരും അമ്മയുടെ ഇരു കവിളിലും ഉമ്മ വെച്ച് കൊണ്ട് മുറിയിലേക്കോടി..കണ്ണുകൾ ഈറനണിഞ്ഞ് അവരെ നോക്കി ആ അമ്മയും അവരുടെ പിറകെ നടന്നു... "വാവീ.. നാളെ എന്താ ഇനി പ്ലാൻ.. അവനെ കൊണ്ട് സംസാരിപ്പിക്കേണ്ടേ" "മ്മ്.. " ബുക്കിൽ നോക്കി എന്തോ എഴുതുകയായിരുന്ന ആര്യ ഒന്ന് മൂളുക മാത്രം ചെയ്തു...

ഉണ്ണിയപ്പം കഴിച്ചു കൊണ്ടിരുന്ന അനി അതിലേക്കും നോക്കി മനസ്സിൽ പലതും കണക്ക് കൂട്ടി.. "വാവീ.. എന്റെ മനസ്സിൽ ചില പ്ലാൻസ് ഉണ്ട്...നീ ഇങ്ങനെ ആലോചിച്ചു തല പുണ്ണാക്കേണ്ട.. വന്നിരുന്ന് എഴുത്. നാളെ ഫസ്റ്റ് പിരിയഡ് അനിൽ സാർ ആണ്.. പറഞ്ഞത് എഴുതി ചെല്ലാതെ വായിനോക്കി ഇരുന്നാൽ അയാള് പിടിച് പുറത്താക്കും " പെട്ടന്ന് സാറിനെ കുറിച്ച് പറഞ്ഞതും അനിയുടെ മനസ്സ് മറ്റെങ്ങോ പോയി.. സാറിന്റെ പുഞ്ചിരി തൂകുന്ന മുഖം അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു.. "സാർ ഒന്നും ചെയ്യില്ല.. അതൊരു പാവമാണ് " "മ്മ്മ്.. നല്ല പാവം തന്നെ.. ക്ലാസ് തുടങ്ങി രണ്ടു ദിവസം കാണും പാവം.. പിന്നെ പുലി ആയിരിക്കും..ഇതൊക്കെ എഴുതി ചെല്ലാതെ ക്ലാസ്സിൽ കയറിയാൽ അയാളെ സ്വഭാവം മാറുന്നത് നീ കണ്ടോ.. " ആര്യ സീരിയസ് ആയി പറഞ്ഞിട്ടും അതൊന്നും കാര്യമാക്കാതെ അവൾ ബുക്ക്‌ തുറന്ന് വെച്ച് സ്വപ്നം കാണാൻ തുടങ്ങി.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story