ആത്മരാഗം💖 : ഭാഗം 20

athmaragam thanseeh

രചന: തൻസീഹ് വയനാട്

"അമീ. എഴുന്നേൽക്കുന്നില്ലേ " നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മാടി ഒതുക്കി മൃദുവായി തലോടി ഉറക്കത്തിനൊട്ടും ശല്യം തോന്നാത്ത വിധമുള്ള തന്റെ ഏട്ടന്റെ ശബ്ദം അമിതിന്റെ ചെവികളിൽ എത്തിയതും കണ്ണുകൾ തുറക്കാതെ തന്നെ അവന്റെ ചുണ്ടിൽ ചെറു മന്ദഹാസം വിരിഞ്ഞു.. ഇത്തിരി നേരം കൂടി ഏട്ടന്റെ തലോടൽ കിട്ടാനായി അവൻ ഉറക്കം നടിച്ചു കിടന്നെങ്കിലും അനിയന്റെ ചെറു ഭാവം പോലും പെട്ടന്ന് മനസ്സിലാക്കാൻ കഴിവുള്ള ഏട്ടനിലും അവന്റെ കുസൃതി നിറഞ്ഞ മുഖം ചിരി പടർത്തി... അമിതിന്റെ തലയിൽ നിന്നും അക്ഷിതിന്റെ കൈകൾ മെല്ലെ അവന്റെ ചെവിയിലേക്കെത്തി... വേദനിപ്പിക്കാതെ ഒരു കുഞ്ഞു നുള്ള് കൊടുത്തതും നാവ് കടിച്ച് ചിരിച്ചു കൊണ്ട് അമിത് കണ്ണുകൾ തുറന്നു.... കുളി കഴിഞ്ഞ് അമ്മയിൽ നിന്നും ചന്ദനവും തൊട്ട് തന്റെ അടുത്തിരിക്കുന്ന ഏട്ടനെ അവൻ കൺകുളിർക്കെ കണ്ടു.. "ഇന്നെന്താ കോളേജിൽ വരുന്നില്ലേ.. സമയം ഒരുപാടായി " അക്ഷിത് വീണ്ടു ഓർമിപ്പിച്ചതും അക്ഷിതിൽ നിന്നും കണ്ണെടുത്തു കൊണ്ട് അമിത് ക്ലോക്കിലേക്ക് നോക്കി.. "അയ്യോ.. സമയം ഇത്രയൊക്കെ ആയോ.. എന്നിട്ടിപ്പോഴാണോ ഏട്ടൻ വിളിക്കുന്നെ..

ഞാൻ വേഗം കുളിച്ചു വരാം ഏട്ടൻ എന്റെ ഷർട്ട്‌ ഒന്ന് അയൺ ചെയ്യണേ പ്ലീസ് " അക്ഷിതിന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് അമിത് ബെഡിൽ നിന്നും ചാടി എണീറ്റതും മുന്നിൽ അക്ഷര കുട്ടി നിൽക്കുന്നത് അമിത് കണ്ടു.. അവളെ ചൂടാക്കാൻ സമയം ഇല്ലാത്തത് കൊണ്ട് അവളുടെ കവിളിലും ഒരുമ്മ നൽകി കൊണ്ട് ബാത്ത് ടവലും എടുത്ത് അമിത് ചെവിയും പൊത്തി ഓടി.. "അയ്യേ... പല്ല് തേക്കാതെ ആണോ ഏട്ടൻ കോന്തൻ ഉമ്മ വെച്ചത്...... അമ്മേ...... " ചിണുങ്ങി നിൽക്കുന്ന അക്ഷര കുട്ടി അമ്മയെ ആർത്തു വിളിച്ചു.താഴെ നിന്ന് അമ്മ ഇരുവരെയും ചീത്ത പറഞ്ഞതും അക്ഷര അമിത് ഉമ്മ വെച്ച കവിൾ തുണി കൊണ്ട് തുടച്ച് അക്ഷിതിന്റെ അടുത്തേക്ക് ചെന്നു. "വല്യേട്ടാ.. കണ്ടില്ലേ ആ ഏട്ടൻ കാണിച്ചു വെച്ചത്.. ഇന്ന് രാവിലെ നേരത്തെ അമ്മ എണീപ്പിച്ച് കുളിച്ച് സുന്ദരിയായി വന്നതല്ലേ ഞാൻ... ഈ അമ്മക്ക് എന്നെ തന്നെ ഏട്ടന്മാരെ വിളിക്കാൻ ഇങ്ങോട്ട് പറഞ്ഞയക്കാൻ തോന്നിയുള്ളൂ.. അയ്യേ... ഇനി ഒരാഴ്ച കുളിച്ചാലും ഈ മണം പോവില്ല " പിറു പിറുത്തു നിൽക്കുന്ന അക്ഷര കുട്ടിയെ നോക്കി ചിരിച്ചു കൊണ്ട് അക്ഷിത് അവളെ വാരിയെടുത്ത് മടിയിൽ ഇരുത്തി...

എന്നിട്ട് അവളുടെ ഇരു കവിളിലും ഉമ്മ കൊടുത്തു.. "ഇപ്പൊ പ്രോബ്ലം സോൾവ് ആയോ " ആയെന്ന് തലയാട്ടി കൊണ്ട് അവൾ ഇരു കയ്യും അക്ഷിതിന്റെ കഴുത്തിൽ ചുറ്റി പിടിച്ച് കവിളിൽ മുത്തം നൽകി.. "ഓ . നമ്മളൊന്ന് ഉമ്മ വെച്ചപ്പോൾ അത് പിടിക്കൂല.. വല്യേട്ടനെ മതി അല്ലേ " തല തുവർത്തി പിറകിൽ നിൽക്കുന്ന അമിതിനെ നോക്കി കണ്ണുരുട്ടി കൊണ്ട് അക്ഷര കുട്ടി അക്ഷിതിന്റെ മടിയിൽ നിന്നും എണീറ്റ് അമിതിന്റെ നേരെ നിന്നു.. "കുളിച്ചു വന്ന എന്നെ പിടിച്ച് പല്ല് തേക്കാത്ത ഏട്ടൻ ഉമ്മ വെച്ചതും പോരാ പരാതി പറയുന്നോ ഏട്ടൻ പൊട്ടാ " "ആണോ ഉണ്ടക്കണ്ണീ.. എന്നാ പിന്നെ ഇപ്പൊ ഞാൻ കുളിച്ചിട്ടുണ്ട്.. ഇനി പരാതി ഇല്ലല്ലോ " കയ്യിലെ ബാത്ത് ടവൽ ബെഡിലേക്കിട്ട് അക്ഷര കുട്ടിയെ പൊക്കിയെടുത്ത് ബെഡിലേക്കിട്ട് അവളെ ഇക്കിളി ആക്കിയും കവിളിൽ ഉമ്മ വെച്ചും അമിത് അവളെ വീണ്ടും ദേഷ്യം പിടിപ്പിച്ചു.. എന്നാൽ ഇടയ്ക്കിടെ ഇക്കിളി ആക്കുന്നതിനാൽ അക്ഷര കുട്ടിയുടെ ദേഷ്യം മാഞ്ഞ് അവൾ പൊട്ടി ച്ചിരിക്കാൻ തുടങ്ങി...

ഇരുവരുടെയും കുസൃതി കണ്ട് സന്തോഷത്തോടെ നോക്കി അക്ഷിത് ബെഡിൽ കിടക്കുന്ന ബാത്ത് ടവൽ എടുത്ത് അയലിൽ വിരിച്ചിട്ട് നേരത്തെ തന്നെ അയേൺ ചെയ്ത് വെച്ചിരുന്ന അമിതിന്റെ ഷർട്ട്‌ ബെഡിൽ നിവർത്തി വെച്ച് താഴേക്ക് പോവാൻ റെഡിയായി നിന്നു.. "ഇതാ ഏട്ടാ... ഈ സാധനത്തിനെ കൊണ്ട് പൊയ്ക്കോ " അക്ഷര കുട്ടിയെ വാരിയെടുത്ത് ഏട്ടന്റെ കയ്യിൽ കൊടുത്ത് അമിത് ഏട്ടനെ ഉന്തി വിട്ടു.. "എന്റെ കൃഷ്ണാ... നേരത്തെ കരച്ചിലും അലറലും ആയിരുന്നു.. ഇപ്പോഴിതാ പൊട്ടിച്ചിരി.. ഇത് പ്രേതാലയം വല്ലതും ആണോ.. " രണ്ടു കയ്യും ഇടുപ്പിൽ വെച്ച് അമ്മ മുകളിലേക്ക് നോക്കി നിന്നതും അക്ഷര കുട്ടിയെ കയ്യിലെടുത്ത് അക്ഷിത് ഇറങ്ങി വരുന്നത് കണ്ടു. "എന്താടീ രാവിലെ തന്നെ..നിന്നെയൊക്കെ നേരത്തെ വിളിച്ച് എണീപ്പിച്ച എനിക്കിട്ടാ കിട്ടേണ്ടത് " നെറ്റിയിൽ കൈത്തലമിട്ട് കൊട്ടി അവർ ഡൈനിങ് ടേബിളിലേക്ക് തിരിഞ്ഞു... അക്ഷിതിന്റെ കൈകളിൽ നിന്ന് ചാടി ഇറങ്ങി അക്ഷര കുട്ടി പിറകെയും.. "ഇന്നെന്ത്‌ പറ്റി അമ്മക്കിളീ..

എന്തിനാ ഈ കാന്താരിയെ കുളിപ്പിച്ച് റെഡിയാക്കി നിർത്തിയെ..പെണ്ണ് കാണാൻ വരുന്നുണ്ടോ ഇവളെ " സ്റ്റെപ് ഇറങ്ങി വന്ന് കളിയാക്കി കൊണ്ട് അമിത് ചോദിച്ചതും അക്ഷരകുട്ടി അവനെ ഒരു നോട്ടം നോക്കി.. "കുളിച്ച് റെഡിയായി നിൽക്കുന്നത് ഈ കാര്യത്തിന് മാത്രമാണോ.. അങ്ങനെ ആണേൽ ഏട്ടൻ എന്നും കുളിച്ചു കുട്ടപ്പനായി പോകുന്നത് പെണ്ണുങ്ങളെ നോക്കാൻ ആണല്ലേ " അമിതിന്റെ വായ അടപ്പിക്കും മറുപടി അക്ഷര കുട്ടിയുടെ നാവിൽ നിന്നും വീണതും അക്ഷിതും കഴിച്ചു കൊണ്ടിരിക്കുന്ന അമനും ചിരി അടക്കി പിടിച്ചിരുന്നു.. "പോടീ ഉണ്ടക്കണ്ണീ " "മതി.. ഭക്ഷണത്തിന് മുന്നിലെങ്കിലും ഒന്ന് വഴക്ക് കൂടാതെ ഇരുന്നൂടെ.. നിങ്ങൾക്കൊക്കെ എന്നാ ഒന്ന് ബുദ്ധി വെക്കാ.. " അമ്മയുടെ ശകാരം കേട്ടതും എല്ലാവരും നല്ല കുട്ടികളായി കഴിക്കാൻ തുടങ്ങി.. "ഇന്നാകെ ഒരു മാറ്റം ഉണ്ടല്ലോ അമ്മേ.. എന്ത് പറ്റി.. " ഭക്ഷണം കഴിച്ച് കോളേജിലേക്ക് പോകാനായി ഇറങ്ങാൻ നേരം അമ്മയുടെ മുഖം കണ്ട് അമിത് ചോദിച്ചു.. ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ അമ്മ ഒന്നും മിണ്ടിയില്ല..

അമ്മയുടെ കവിളിൽ ഉമ്മ വെച്ച് അമിതും അക്ഷിതും പുറത്തേക്കിറങ്ങി ബൈക്കിൽ കയറി.. "പോകാം.. " അമിത് പറഞ്ഞതും അക്ഷിത് തലയാട്ടി.. ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഗേറ്റ് കടക്കാൻ നേരം പെട്ടന്ന് എന്തോ കേട്ട പോലെ ബൈക്ക് നിർത്തി...ഇരുവരും പിന്നിലേക്ക് തല തിരിച്ചു... വീടിനുള്ളിൽ നിന്നും മധുരമായി ഒഴുകുന്ന സംഗീതം അവരിലേക്ക് പടർന്നു കയറിയതും പുഞ്ചിരി വിടർത്തി അവർ ഒരു നിമിഷം അവിടെ നിന്നു.. "ഓഹ്.. അപ്പോൾ അമ്മക്കിളിയുടെ മുഖത്തെ ഉണർവിന്റെ രഹസ്യം ഇതായിരുന്നു അല്ലേ... കുറെ നാളുകൾക്കു ശേഷം അമ്മയുടെ ശബ്ദം വീണ്ടും... ഇനി ഇതൊരിക്കലും നിലക്കാതിരിക്കട്ടെ " ഏട്ടനെ നോക്കി അമിത് പറഞ്ഞതും അക്ഷിതും തലയാട്ടി വീടിനുള്ളിലേക്ക് നോക്കി.. ഈ സമയം അകത്തു നിന്നും അക്ഷര കുട്ടിയുടെ ശബ്ദം കേട്ടതും അമിത് ചെവിയിൽ കൈ വെച്ചു.. "അമ്മക്ക് വേറെ ആരെയും പാട്ട് പഠിപ്പിക്കാൻ കിട്ടിയില്ലേ.. ഇനിയിപ്പോ എന്നും രാവിലെ ഇവളുടെ കാള നാദവും കേൾക്കേണ്ടി വരുമല്ലോ ഈശ്വരാ...

ഹാ.. എന്തായാലും സാരമില്ല.. അമ്മ വീണ്ടും പാടി തുടങ്ങിയല്ലോ.. അത് മതി... ഏട്ടാ പോകാം.. ഇനിയും നിന്നാൽ ലേറ്റ് ആവും " വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഗേറ്റ് കടന്നതും അമ്മയുടെ മധുരഗീതം അവരെ പിന്തുടർന്ന് കൊണ്ടേയിരുന്നു.... ************ "ഐശ്വര്യമായി വലത് കാൽ വെച്ച് തന്നെ കയറട്ടെ... എന്റെ പ്ലാൻ മുഴുവൻ വർക്ക് ഔട്ടായാൽ മതിയായിരുന്നു.. എന്റെ കൃഷ്ണാ..കൂടെ ഉണ്ടാവണേ " കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് അനി കോളേജ് കവാടം കടന്ന് കോളേജ് അങ്കണത്തിൽ കാലു കുത്തി. അമിതിനെ ആകർഷിപ്പിക്കാൻ വേണ്ടി പതിനെട്ടടവും പയറ്റിയാണ് അനിയുടെ വരവെന്ന് അവളെ കണ്ടാൽ അറിയാം. സാരിയുടുത്ത് മോഡേൺ ആയാണ് ഇന്നലെ അമിതിന് മുന്നിൽ പ്രത്യക്ഷപ്പെട്ടതെങ്കിൽ ഇന്ന് അതിൽ നിന്നും വ്യത്യസ്തമായി ദാവണി ഉടുത്ത് മുടി പരത്തിയിട്ട് നെറ്റിയിൽ ചന്ദനം ചാർത്തി പക്കാ നാടൻ പെൺകുട്ടിയുടെ ലുക്കിൽ ആയിരുന്നു.. എല്ലാവരുടെയും ആകർഷണം പിടിച്ചു പറ്റി ആര്യയും അനിയും മുന്നോട്ടു നടന്നു..

ഇന്നലെ ആര്യയിൽ നിന്നും അടി വാങ്ങിയ ടീംസ് അവരെ നോക്കി അല്പം മാറി നിന്നു.. ആര്യയുടെ കണ്ണുകൾ അവരിലേക്ക് ആഴ്ന്നിറങ്ങിയതും അവന്മാർ അപ്പോൾ തന്നെ സ്ഥലം വിട്ടു... "വാവീ.. ക്ലാസ്സിലേക്ക് പോകാം.. അവൻ വന്നില്ലെന്ന് തോന്നുന്നു.. ബെൽ അടിച്ചല്ലോ.. ഫസ്റ്റ് പിരിയഡ് അനിൽ സാർ അല്ലേ.. മിസ്സാക്കണ്ട.. വാ " ബൈക്കിൽ നിന്നും ഇറങ്ങി സ്റ്റാഫ് മുറിയിലേക്ക് പോകുന്ന അനിൽ സാറിനെയും നോക്കി അനി ആര്യയുടെ കൈകളിൽ കൈ കോർത്ത് സാറിന്റെ പിറകെ നടന്നു.. "ഗുഡ് മോർണിംഗ് സാർ " സാർ വരാന്തയിലേക്ക് കയറി പോകാൻ നിന്നതും അനി വിളിച്ചു പറഞ്ഞു... ശബ്ദം കേട്ട് അവരെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു കൊണ്ട് തിരിച്ചും മോർണിംഗ് പറഞ്ഞ് സാർ നടന്നു... "ഓഹ്.. എന്റെ കൃഷ്ണാ.. എന്താ ആ ചിരി.. എന്നും രാവിലെ കോളേജിൽ വരുമ്പോൾ ആദ്യം ഇങ്ങേരുടെ ഈ ചിരി കണ്ടാൽ ആ ദിവസം പൊളിക്കും.. ഉറപ്പാ.. " സാറിൽ നിന്നും കണ്ണെടുക്കാതെയുള്ള അനിയുടെ വാക്കുകൾ കേട്ട് ആര്യ അവളെയും ഉന്തി ക്ലാസ്സിലേക്ക് നടന്നു... ക്ലാസ്സിൽ ഇരുന്നിട്ടും ജനൽ വഴി എത്തി നോട്ടം തന്നെ ആയിരുന്നു അനിക്ക് പണി. അതിനിടയിൽ ക്ലാസ്സ്‌ പെട്ടന്ന് നിശബ്ദമായതും അനി പുറത്ത് നിന്നും തന്റെ കണ്ണുകൾ വാതിലിനടുത്തേക്ക് ചലിപ്പിച്ചു.

വാതിൽ കടന്ന് വരുന്ന അനിൽ സാറിനെ കണ്ടതും എല്ലാവരുടെയും കൂടെ അവളും എഴുന്നേറ്റു നിന്നു.. "ഇരിക്ക് അനീ.. " എല്ലാവരും ഇരുന്ന് കഴിഞ്ഞിട്ടും സാറിനെ വായിനോക്കി നിൽക്കുന്ന അനിയെ അവളുടെ കയ്യിൽ പിടിച്ച് ആര്യ ഇരുത്തി.. സാർ ക്ലാസ്സ്‌ എടുക്കുന്നതും ബോർഡിൽ എഴുതുന്നതും ചിലർ അടുത്തേക്ക് വിളിച്ച് ഡൌട്ട് ചോദിക്കുമ്പോൾ ഡൌട്ട് ക്ലിയർ ചെയ്യുന്നതും അങ്ങനെ ഒരോ ചലനങ്ങളും അനി തന്റെ കണ്ണുകളിൽ ഒപ്പിയെടുത്തു... "ഏയ്.. സ്റ്റാൻഡ് അപ്പ് " അനിയെ നോക്കി അനിൽ സാർ പറഞ്ഞതും അവൾ ഒട്ടും കൂസലില്ലാതെ എഴുന്നേറ്റു നിന്നു.. തന്റെ അടുത്തേക്ക് നടന്നു വരുന്ന സാറിൽ നിന്നും മുഖം തിരിക്കാൻ അവൾക്ക് തോന്നിയില്ല.. അടുത്തെത്തും തോറും തന്നിലെ ഹൃദയമിടിപ്പ് കൂടുന്ന പോലെ അവൾക്ക് തോന്നി.. "എവിടെ ടോ.. ക്ലാസ്സിൽ തന്നെ അല്ലേ.." അതേ എന്ന് അനി തലയാട്ടിയതും സാർ അവളെ നോക്കി ചിരിച്ചു.. അതും കൂടി ആയതും അനി സാറിന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.. പെട്ടന്ന് സാറിന്റെ കൈകൾ ഡസ്കിൽ അമർന്നതും അവൾ ഞെട്ടി കൊണ്ട് സാറിൽ നിന്നും കണ്ണെടുത്തു..

ആര്യ നെറ്റിയിൽ കൈ വെച്ച് അവളെ നോക്കി ഇരിക്കുന്നുണ്ട്.. ക്ലാസ്സിലെ സകലരും തന്നെ ആണ് നോക്കുന്നതെന്ന് മനസ്സിലായ അനി എല്ലാവർക്കും ചിരിച്ചു കൊടുത്ത് കൊണ്ട് തല താഴ്ത്തി നിന്നു.. " ക്ലാസ്സിൽ ഒട്ടും ശ്രദ്ധയില്ല അനി രുദ്രക്കെന്ന് സ്റ്റാഫ് മുറിയിൽ മിക്ക ടീച്ചേഴ്സും പറയുന്നത് കേൾക്കാം.. ഇപ്പൊ നേരിട്ട് ഞാനും കണ്ടു.. കുറച്ച് കുസൃതിത്തരം കയ്യിലുണ്ടെന്ന് ഈ രണ്ട് മൂന്ന് ദിവസം കൊണ്ട് എനിക്ക് ബോധ്യമായി. പിന്നെ താൻ നന്നായി പഠിക്കുന്ന കുട്ടിയാണെന്ന് തന്റെ മാർക്കിൽ നിന്ന് മനസ്സിലായത് കൊണ്ടാണ് ടീച്ചേഴ്സ് ഇപ്പോൾ ഒന്നും പറയാത്തത്.. എന്താ ഈ കോളേജ് ഇഷ്ടമായില്ലേ.. പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാവുന്നില്ലേ... " "ഏയ്‌.. അങ്ങനെ ഒന്നുമില്ല സാർ.. എനിക്ക് മനസ്സിലാവുന്നുണ്ട്.. പിന്നെ ഈ വിഷയം ബോർ അല്ലേ.. അതാ " "ഓഹോ.. എന്നിട്ട് ബോർ എന്നത് തന്റെ നോട്ടിൽ കാണുന്നില്ലല്ലോ.. എല്ലാം ക്ലിയർ ആയി എഴുതിയിട്ടുണ്ടല്ലോ " ഡസ്കിൽ നിന്നും അവളുടെ നോട്ട് എടുത്ത് മറിച്ചു നോക്കി സാർ പറഞ്ഞതും ഇനി എന്താ പറയേണ്ടതെന്ന് കണ്ണുകൾ കൊണ്ട് ആര്യയോട് ചോദിച്ചു കൊണ്ട് അനി സാറിന് ചിരിച്ചു കൊടുത്തു.

. "മ്മ്മ്.. ഇരിക്ക്.. ക്ലാസ്സിൽ ശ്രദ്ധിക്ക് " ദേഷ്യം കലരാതെ മയത്തിൽ തന്നോടിത്ര നേരം സംസാരിച്ചു നിന്ന സാറിനെ അവൾ വീണ്ടും വായി നോക്കി ഇരുന്നു. സാർ അവളെ നോക്കുമ്പോൾ മാത്രം ബുക്സിലേക്കും ബോർഡിലേക്കും നോക്കി ഇരിക്കും.. സാറിന്റെ കണ്ണ് തെറ്റിയാൽ അവൾ അവളുടെ വായിനോട്ടം തുടരും... ബെൽ അടിക്കുന്നത് വരെ സാറിനെ മൊത്തത്തിൽ നിരീക്ഷിക്കലായിരുന്നു അവൾക്ക് പണി... ബെൽ അടിച്ച് ക്ലാസ്സിൽ പോകാൻ നേരം സാർ അനിയെ ഒന്ന് നോക്കിയത് ആര്യ കണ്ടതും അവൾ അനിയെ തോണ്ടി സാറിനെ കാണിച്ചു കൊടുത്തു.. എന്നാൽ അപ്പോഴേക്കും സാർ പോയിരുന്നു.. "നിന്റെ സ്വഭാവം അങ്ങേർക്ക് മനസ്സിലായി എന്ന് തോന്നുന്നു.. എന്റെ അനീ.. ഇങ്ങനെ നോക്കി ഇരുന്നാൽ സാറിന്റെ ക്ലാസ്സിൽ ഇനി നിന്നെ അയാൾ ഇരുത്തില്ല.. അവസാനം സാറിന്റെ നോട്ടം കണ്ടു.. സംശയത്തോടെ ഉള്ള നോട്ടം അല്ലേ അത്.. സാറൊരു പാവമാണ് എന്ന് കരുതി അങ്ങേരെ നീ ഇങ്ങനെ ഊറ്റി കുടിക്കരുത്... അമിതിനെ വളക്കാനുള്ള വഴി നോക്ക് "

"ആ വഴി ഒക്കെ താനേ നമ്മുടെ മുന്നിൽ തെളിഞ്ഞോളും.. പിന്നെ അനിൽ സാർ.. ഇരിക്കട്ടെ കയ്യിൽ.. കണ്മുന്നിൽ കടന്ന് കളിക്കുമ്പോൾ വിട്ട് കളയാൻ തോന്നുന്നില്ല.. ഈ ഹവർ ആ ഉണക്ക മിസ്സ്‌ അല്ലേ.. നമുക്ക് ചാടിയാലോ " "ആ കാര്യം ആലോചിക്കേ വേണ്ട.. ആ മിസ്സ്‌ പ്രിൻസിയോട് കംപ്ലയിന്റ് പറഞ്ഞാൽ നിന്റെ അച്ഛൻ ഈ വിവരം അറിയും.. പിന്നെ പറയേണ്ടല്ലോ " ആര്യയുടെ വാക്കുകൾ കേട്ടതും അനി ഈർഷ്യയോടെ പുറത്തേക്ക് നോക്കി ഇരുന്നു.. ************ "അനിൽ സാറെ.. കുട്ടികളൊക്കെ തലയിൽ കയറുന്നുണ്ടോ.. സാർ കുറച്ച് സ്ട്രിക്ട് ആവുന്നത് നല്ലതാ.. ആ പിള്ളേർ കുറച്ച് പിശകാ " സ്റ്റാഫ് മുറിയിൽ എത്തിയ അനിൽ സാറിനെ സഹ പ്രവർത്തകർ പൊതിഞ്ഞു.. എല്ലാവരുടെയും വാക്കുകൾ സ്വീകരിച്ച് പുഞ്ചിരി നൽകി അനിൽ സാർ തന്റെ സീറ്റിൽ ഇരുന്നു.. "അങ്ങനെ ഒന്നുമില്ല.. എല്ലാവരും നല്ല കുട്ടികളാ. അലമ്പൊന്നുമില്ല " "സാറിന്റെ ക്ലാസ്സ്‌ ആയത് കൊണ്ടാവും..ഇവിടെ ഉള്ളവർക്ക് അവരുടെ സ്വഭാവം നന്നായി മനസ്സിലായിട്ടുണ്ട്...

ആൺപിള്ളേരെക്കാൾ കൂടുതൽ അലമ്പ് അവിടെ ഉള്ള പെൺപിള്ളേർ ആണ് " "ഏയ്‌.. ഇല്ലെന്നേ.. ഇത് വരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല.. " "അത് കുറച്ചു ദിവസം കഴിയുമ്പോൾ മാറിക്കോളും... എന്തായാലും സാർ അവരെയൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.. അധികം താഴ്ന്ന് കൊടുക്കുകയൊന്നും വേണ്ട.. കുറച്ചൊക്കെ സ്ട്രികിട് ആയിക്കോ " അവരുടെ ഓരോരുത്തരുടെയും വാക്കുകൾക്ക് സൗമ്യമായി തന്നെ അനിൽ സാർ മറുപടി കൊടുത്തു.. ഈ രണ്ടു മൂന്ന് ദിവസം കൊണ്ട് ക്ലാസ്സിലെ എല്ലാവർക്കും സാറിനെ ഇഷ്ടപ്പെട്ടത് കൊണ്ടും,, എന്ത് ചെയ്താലും റെസ്‌പെക്ട് ഇല്ലാത്ത സൈലന്റ് ആവാത്ത ക്ലാസ്സ്‌, സാറിന്റെ പീരിയഡ് മാത്രം സൈലന്റ് ആവുന്നത് കാരണവും മറ്റ് ടീച്ചേഴ്സിന് ചെറിയ അസൂയ ഉള്ളത് അവരുടെ ഒക്കെ വാക്കുകളിൽ പ്രകടമായിരുന്നു. "അമിതേ.. വാ.. ഈ മിസ്സിന്റെ ക്ലാസ്സൊന്ന് കഴിയാൻ നേർച്ച നേർന്ന് ഇരിക്കായിരുന്നു.. ഒന്ന് പുറത്തിറങ്ങി ശുദ്ധ വായു ശ്വസിച്ചു വരാം.. " "മ്മ്മ്.. നിന്റെ ശുദ്ധ വായു എന്താണെന്ന് എനിക്ക് നന്നായി അറിയാം.. വല്ലാതെ ഈ വായു ശ്വസിക്കാൻ നിൽക്കേണ്ട..അവസാനം ശ്വാസം മുട്ടി കിടന്ന് ചാവും " ഈശ്വറിനെ അമിത് അടിമുടി നോക്കിയതും അവൻ ഇളിച്ചു കൊണ്ട് അമിതിനെയും വലിച്ച് പുറത്തേക്ക് കൊണ്ട് പോയി..

"ഇപ്പോ നിനക്ക് ശുദ്ധ വായു കിട്ടുന്നുണ്ടോ " പുറത്തിറങ്ങിയ ഉടനെ ഫസ്റ്റ് ഇയർ കുട്ടികളെ കണ്ട് ഈശ്വർ അവരെ നോക്കി നിന്നു.. അമിതിന്റെ നോട്ടം വരുമ്പോൾ മാത്രം ഈശ്വർ അവന്റെ നോട്ടം മാറ്റി.. അതിനിടയിൽ അവന്റെ കണ്ണുകൾ നടന്ന് വരുന്ന അനിയിലേക്കും ആര്യയിലേക്കും നീണ്ടതും അവൻ അമിതിന് അവരെ കാണിച്ചു കൊടുത്തു.. കോളേജിലെ എല്ലാ പെൺകുട്ടികളും വായിനോക്കി തന്നെ ശല്യം ചെയ്യുമ്പോൾ അനിയുടെ പെരുമാറ്റം അമിതിൽ അത്ഭുതം ഉളവാക്കി.. എത്ര തവണ അരികിൽ വന്നിട്ടും തന്നെ ഒന്ന് നോക്കാത്ത അനിയെ അമിത് വീക്ഷിച്ചു.... അമിത് നോക്കുന്ന വിവരം കൃത്യമായി ആര്യ അനിയുടെ ചെവിയിൽ എത്തിച്ചതും അനി തന്റെ അഭിനയം തുടർന്നു. ആര്യയോട് ഓരോന്ന് സംസാരിച്ച് ചിരിച്ച് അമിതിന്റെ മുന്നിലൂടെ തന്നെ അനി നടന്ന് പോയി.. പോകുന്ന പോക്കിൽ മുന്നിലേക്ക് നീണ്ടു കിടക്കുന്ന മുടി പിന്നിലേക്കിട്ട് അമിതിന്റെ കൈകളിൽ തട്ടിക്കാനും അവൾ മറന്നില്ല.... അനിയുടെ പോക്ക് കണ്ട് ഈശ്വർ വായും പൊളിച്ചു നിന്നു... അതിലേറെ അന്താളിപ്പ് ഉണ്ടാക്കുന്നതായിരുന്നു അടുത്ത നിമിഷം അവിടെ ഉയർന്ന ആ വാക്ക്...... "എക്സ്ക്യുസ് മി... "......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story