ആത്മരാഗം💖 : ഭാഗം 21

athmaragam thanseeh

രചന: തൻസീഹ് വയനാട്

അമിതിൽ നിന്നൊട്ടും പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ട് ഈശ്വർ വായും പൊളിച്ച് അവനെ അടിമുടി നോക്കി..അനിയാണേൽ സ്വപ്നം ആണോ അല്ലയോ എന്ന സംശയത്തിൽ അന്തം വിട്ട് നിൽക്കുവാണ്. ആര്യ മാത്രം ഒരു ഭാവഭേദവും ഇല്ലാതെ നിന്നു... അനി തിരിഞ്ഞു നോക്കിയെന്ന് ഉറപ്പായതും അമിത് കുനിഞ്ഞു നിന്ന് അവളുടെ മുടിയിൽ നിന്നും ഉതിർന്നു വീണ പൂവെടുത്ത് അവളുടെ നേരെ നടന്നു.. അവൻ വരുന്നതും പൂവ് നീട്ടിയതും നോക്കി ഒരനക്കവും ഇല്ലാതെ അനി നിൽക്കുന്നത് കണ്ടതും ആര്യ അവളുടെ കയ്യിൽ പിടിച്ചമർത്തി.. ഉടനെ തന്നെ അവളത് വേഗം വാങ്ങി താങ്ക്സ് എന്നും പറഞ്ഞ് അമിതിന്റെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞു നടന്നു..... "വാവീ... എന്നെ ഒന്ന് നുള്ളിക്കേ... സാക്ഷാൽ അമിത് തന്നെയാണോ അത്... എന്റമ്മോ... അടുത്ത് വന്നപ്പോൾ ആകെ ഒരു വിറയൽ.. അവനിത്ര പെട്ടന്ന് വളയുമെന്ന് വിചാരിച്ചില്ല " "മ്മ്മ്.. എല്ലാം കുളമായേനെ.. അവനേം നോക്കി വെള്ളമിറക്കായിരുന്നില്ലേ.. ഞാൻ ഇടപെട്ടില്ലായിരുന്നേൽ നിന്റെ നോട്ടം സഹിക്കാൻ കഴിയാതെ അവൻ നിന്നെ തട്ടിയേനേ..

എന്നിട്ട് ഈ പൂവ് റീത്താക്കി വെച്ചേനെ " "എന്തായാലും എനിക്കിപ്പോ പൂർണതൃപ്തിയായി... നോക്ക് വാവീ " പൂവ് തന്റെ ചുണ്ടോട് ചേർത്ത് വെച്ച് അനി ആര്യക്ക് കണ്ണുകൾ കൊണ്ട് കുറച്ചു ദൂരെ നിൽക്കുന്ന ലീനയെ കാണിച്ചു കൊടുത്തു.. അമിത് അനിക്ക് പൂവ് നൽകിയത് അവൾ കണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാം.. ദേഷ്യത്തിൽ നോക്കുന്ന ലീനയോട് പുച്ഛത്തോടെ ചിരിച്ച് പൂവ് തന്റെ മുഖത്തും ചുണ്ടിലും അടുപ്പിച്ച് അവൾ കാണാൻ വേണ്ടി അവളുടെ അടുത്തേക്ക് തന്നെ നടന്നു........ "എന്താ ഡാ പട്ടീ " അനി പോയതിന് ശേഷം തിരിഞ്ഞു നടന്ന അമിത് ഈശ്വറിന്റെ നിൽപ്പ് കണ്ട് അവന്റെ തലക്കൊരു കൊട്ട് കൊടുത്ത് ചോദിച്ചു... ആ കൊട്ടിൽ തന്നെ വാ പൊളിച്ചു നിന്ന അവന്റെ വായും അടഞ്ഞു... "ഒന്നുമില്ല.. ഇത് നീ തന്നെ ആണോന്ന് നോക്കിയതാ " "സംശയം ഞാൻ മാറ്റി തരാം " മുഷ്ടി ചുരുട്ടി അവന്റെ നേരെ ചെന്നതും അവൻ അമിതിനെ ഉന്തി മാറ്റി മാറി നിന്നു.. "അയ്യോ.. ഇല്ലായെ.. ഇപ്പോൾ എനിക്കൊരു സംശയവും ഇല്ല....കുറച്ചു മുൻപ് കണ്ടത് നിന്നെ ആയിരുന്നില്ല എന്ന് ഞാനങ്ങു വിചാരിച്ചോളാം..എന്നാലും പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.... ഈയിടെയായി നിനക്ക് പല മാറ്റങ്ങളും വരുന്നുണ്ട്... ആഹ്.. പ്രായം അതാണല്ലോ ..."

"എന്താ ഡാ പട്ടീ പിച്ചും പേയും പറയുന്നേ.. ശുദ്ധ വായു ശ്വസിച്ചില്ലേ.. വാ ഇനി പോകാം " "മ്മ്.. ആർക്കാണ് ശുദ്ധമായ വായു കിട്ടിയെന്നത് കണ്ടു.. കൺ കുളിർക്കെ കണ്ടു..." "എന്തെങ്കിലും പറഞ്ഞോ " "ഏയ്യ്... ഇല്ലല്ലോ.. നടക്ക് " അമിത് മുന്നിൽ നടന്ന് പോയതും ഈശ്വർ അനി പോയ വഴിയേ നോക്കി. പൂവ് കയ്യിൽ പിടിച്ച് മുഖത്തോടടുപ്പിച്ച് കൂട്ടുകാരിയോട് സംസാരിക്കുന്ന അനിയെ കണ്ടതും എല്ലാം മനസ്സിലായെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് ഈശ്വർ ക്ലാസ്സിലേക്ക് നടന്നു... ************ "വാവീ... അവനീ പൂവ് എന്റെ കയ്യിൽ വെക്കുമ്പോൾ ഉണ്ടല്ലോ.. ശെരിക്കും ഞാനവന്റെ കണ്ണിൽ പ്രണയം കണ്ടിരുന്നു.." "നിന്നെ കാണുമ്പോൾ കണ്ണ് ചിമ്മാതെ നോക്കുമ്പോൾ തന്നെ അത് മനസ്സിലാവുമല്ലോ അനീ.. " ലീനയുടെ മുന്നിൽ നിന്ന് അവൾ കേൾക്കാൻ വേണ്ടി അനിയും ആര്യയും ഓരോന്ന് പറയാൻ തുടങ്ങി... ദേഷ്യം വന്ന് ലീന അവരുടെ അടുത്തേക്ക് ചെന്നു... "ആഹാ.. ലീനയോ.. ലീനാ.. ഞങ്ങൾ ചെയർമാനെ കുറിച്ച് പറയുവായിരുന്നു... ദേ നോക്ക്.. ഈ പൂവ് അവൻ എനിക്ക് തന്നതാ...

നീയല്ലേ പറഞ്ഞേ അവൻ പെൺകുട്ടികളുടെ മുഖത്തു പോലും നോക്കില്ലെന്ന്.. എനിക്കങ്ങനെ തോന്നിയില്ല " "അമിതിനെ ശെരിക് അറിയില്ല നിങ്ങൾക്ക്.. അത് കൊണ്ടാ ഇങ്ങനെ ഒക്കെ പറയുന്നേ.. അവൻ ഒരിക്കലും നിന്നെ നോക്കി നിൽക്കില്ല.. എത്ര പെൺകുട്ടികൾ മുട്ട് മടക്കിയിട്ടുണ്ട്.. എന്നിട്ടല്ലേ നീ " "ഓഹോ.. അപ്പൊ ഇതോ " "ഒരു പൂവ് തന്നെന്നു വിചാരിച്ച് അവന് നിന്നോട് ഇഷ്ടം ഉണ്ടെന്നോ നിന്റെ സൗന്ദര്യത്തിൽ വീണെന്നോ ഞാൻ കരുതുന്നില്ല.. നിന്നോട് ഒന്നും അവൻ മിണ്ടിയിട്ട് പോലും ഇല്ല.. ഒന്ന് പോ അനീ.. നീ നിന്റെ ആഗ്രഹം ഇങ്ങനെ പറയാതെ.." കളിയാക്കി കൊണ്ടുള്ള അവളുടെ സംസാരം അനിക്ക് ഇഷ്ടപ്പെട്ടില്ല.. എങ്കിലും അവൾ ലീനക്ക് മുന്നിൽ തോൽക്കാൻ തയ്യാറായില്ല... "ഓക്കേ.. ഈ പൂവ് തന്നത് മറ്റെന്തെങ്കിലും കാരണം കൊണ്ടാവട്ടെ.. ഞാനത് വിട്ടു.. എന്നാൽ ഒരു കാര്യം.. നിന്റെ മുന്നിൽ വെച്ച് അവൻ എന്നോട് സംസാരിക്കുന്നത് നീ കാണും.. " "മ്മ്മ്.. കാണും കാണും.. അത് അമിത് ആണ്.. നീ ഇന്നേവരെ കണ്ട ആൺപിള്ളേരുടെ കൂട്ടത്തിൽ അവനെയും കൂട്ടേണ്ട.. " "ഓക്കേ.. നമുക്ക് നോക്കാം " പുച്ഛഭാവം നിറഞ്ഞ ലീനയുടെ മുഖത്തു നോക്കി വെല്ലുവിളിച്ചു കൊണ്ട് അനി ക്ലാസ്സിലേക്ക് കയറി.. "വാവീ.. അവൾക്കിന്ന് തന്നെ അതൊന്ന് അറിയിച്ചു കൊടുക്കണം..

അവൻ എന്നെ വായിനോക്കി നിൽക്കുന്നതും എന്നോട് വന്ന് സംസാരിക്കുന്നതും അവൾ അവളുടെ കണ്ണ് കൊണ്ട് കാണട്ടെ " "അതൊക്കെ അവൾ കണ്ടോളും.. നീ അതോർത്ത് വിഷമിക്കേണ്ട.. എന്നാലും അനീ.. ആ ലീന ഒന്നും വെട്ടി തുറന്ന് പറയുന്നില്ലല്ലോ.. അവൾക്ക് അവനെ ഒരു നോട്ടം ഉണ്ടെന്ന് നമുക്ക് മനസ്സിലായില്ലേ.. ഇത്രയൊക്കെ ആയിട്ടും എന്താ അത് നിന്നോട് വന്ന് പറയാത്തത്.. നേരത്തെ അവളുടെ മുഖം കണ്ടപ്പോൾ ഞാൻ കരുതി എന്റെ അമിത് എനിക്കുള്ളതാണ് അവനെ നീ നോക്കേണ്ട എന്നൊക്കെ പറയുമെന്ന്..." "അത് തന്നെയാ ഞാനും ആലോചിച്ചേ.. അമിത് ഒരു പെണ്ണിന്റെയും മുഖത്തു പോലും നോക്കില്ലെന്ന് ഇടയ്ക്കിടെ പറയുന്നുണ്ട്.. എന്നിട്ടും അവളുടെ ഉള്ളിലിരുപ്പ് മാത്രം പറയുന്നില്ല.. പക്ഷേ ഒരു കാര്യം നീ ശ്രദ്ധിച്ചോ.. ലീന അവന്റെ മുന്നിൽ പോലും വരുന്നില്ല.. അമിത് എവിടെ ഉണ്ടോ അവിടെ അവളും ഉണ്ട്.. പക്ഷേ.. അവന്റെ കൺ വെട്ടത്ത് വരികയോ അവനോട് മിണ്ടാൻ നോക്കുകയോ ചെയ്യുന്നില്ല.. " "മ്മ്മ്.. സൈലന്റ് ആയി അവനെ പ്രണയിക്കാൻ ഉള്ള പ്ലാൻ ആവും..

എന്തായാലും ഇന്നവൾക്ക് മുന്നിൽ നീ ജയിക്കണം..." "അവനെ കൊണ്ട് ഇനിയും സംസാരിപ്പിക്കണം.. ചെയർമാൻ ഒരു പെണ്ണിനേയും നോക്കില്ല അല്ലേ.. എല്ലാവർക്കും അതിനുള്ള മറുപടി ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്.. " മനസ്സിൽ പല പ്ലാനിങ് ഉം നടത്തി അനി ആര്യയെ നോക്കി കണ്ണിറുക്കി.... 'പൊന്ന് മോളേ... നീ കരുതും പോലെയല്ല അമിത്.. അത് നിനക്ക് വഴിയേ മനസ്സിലാവും.. നീ എന്ത് കളി കളിച്ചാലും അമിത് നിന്റെ വലയിൽ വീഴാൻ പോകുന്നില്ല ' അനിയുടെ ഓവർ കോൺഫിഡൻസ് കണ്ട് അവളെ ഇടം കണ്ണിട്ട് വീക്ഷിച്ചു കൊണ്ട് ലീന മനസ്സിൽ പറഞ്ഞു.. ഈ സമയം ക്ലാസ്സിൽ അമിതിനെ സൂക്ഷമമായി നിരീക്ഷിക്കുകയാണ് ഈശ്വർ.. ഇടക്കുള്ള അവന്റെ പുഞ്ചിരിയും കണ്ണ് വെട്ടിച്ചു കൊണ്ടുള്ള ജനൽ വഴിയുള്ള നോട്ടവും പതിയെ മൂളുന്ന പാട്ടും തുടങ്ങി അവന്റെ കുഞ്ഞു ചലനങ്ങൾ പോലും ഈശ്വർ ശ്രദ്ധയോടെ വീക്ഷിച്ചു... എല്ലാത്തിനും ഒടുവിൽ അവയിലെല്ലാം ഒരു പ്രണയ മയം ഉണ്ടെന്ന് ഈശ്വർ മനസ്സിൽ കണക്ക് കൂട്ടി... അവൻ മുഖം തിരിച്ച് ഈശ്വറിനെ നോക്കുമ്പോൾ ഈശ്വർ നേരെ അക്ഷിതിലേക്ക് തിരിഞ്ഞ് അവനോട് ഡൌട്ട് ചോദിക്കുന്ന പോലെ അഭിനയിച്ചു.... ലഞ്ച് ബ്രേക്ക്‌ ആവുന്നത് വരെ ഈശ്വറിന്റെ കണ്ണുകൾ അമിതിൽ തന്നെ ആയിരുന്നു...

എന്നുമില്ലാത്തൊരു ഭാവ മാറ്റം അവനിൽ കണ്ടത് കൊണ്ട് തന്നെ പലതും മനസ്സിലായെന്ന ഭാവത്തിൽ ഈശ്വർ ചിരിച്ചു.. ലഞ്ച് ബ്രേക്ക്‌ ആയതും പ്രിൻസിയെ കണ്ട് ഒരത്യാവശ്യ കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞ് പോയ അമിതിനെ നോക്കി ഈശ്വർ അക്ഷിതിന്റെ നേരെ തിരിഞ്ഞിരുന്നു.. "മ്മ്മ്.. നമ്മുടെ അമിത് കൈവിട്ടു പോയി.. അമിതിന്റെ എല്ലാ സ്വഭാവവും പെട്ടന്ന് മനസ്സിലാക്കാൻ കഴിവുള്ള ഏട്ടൻ അല്ലേ.. ഇന്ന് അമിതിൽ ഒരു പ്രത്യേക ഭാവം ഉള്ളതായി തോന്നിയോ...." പെട്ടെന്നെന്താണ് ഈശ്വർ പറഞ്ഞതെന്നു മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ ഓർത്തെടുക്കുന്ന പോലെ സംശയത്തോടെ അതേ എന്ന് അക്ഷിത് തലയാട്ടിയതും ഈശ്വർ കൈ ഡസ്കിൽ തട്ടി.. "യെസ്... എനിക്കും തോന്നി.. അപ്പൊ എന്റെ തോന്നൽ ശെരി തന്നെ.. മ്മ്.. ബാക്കി ഞാൻ നോക്കിക്കോളാം.. എടാ അമിതേ.. നിന്റെ മുഖം മൂടി ഞാൻ വലിച്ചൂരും.. " ഒന്നും മനസ്സിലാവാതെ ഇരിക്കുന്ന അക്ഷിതിനെ നോക്കി ചുമ്മാ എന്ന് പറഞ്ഞ് അക്ഷിതിന്റെ കയ്യിൽ പിടിച്ച് വലിച്ച് ഈശ്വർ പുറത്തേക്ക് നടന്നു.... " ഈ അമിത് ഇതെവിടെ പോയി.. " പുറത്തേക്കിറങ്ങിയ ഈശ്വർ താഴെ നിന്ന് പ്രിൻസിയുടെ ഓഫിസിലേക്ക് നോക്കി.. ഓഫിസ് റൂം അടച്ചു കിടക്കുന്നത് കണ്ടതും അവൻ അമിതിനെ കണ്ണുകൾ കൊണ്ട് പരതി...

ആ സമയം ഡിഗ്രി ഡിപ്പാർട്ട്മെന്റിൽ ഇറങ്ങി വരുന്ന അമിതിനെ കണ്ടതും ഈശ്വർ സംശയത്തോടെ അവനെ നോക്കി.. ചെറു ചിരിയാലെ നടന്ന് വരുന്ന അമിതിന്റെ തൊട്ട് പിറകിൽ തൂണിൽ ചാരി നിന്ന് അവനെ നോക്കുന്ന അനിയെ കണ്ടതും ഈശ്വർ ശ്വാസം വലിച്ചു വിട്ട് തലയാട്ടി കൊണ്ട് അക്ഷിതിനെ നോക്കി.. ഈശ്വറിന്റെ കുരുട്ട് ബുദ്ധിയിൽ തെളിഞ്ഞ കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ കഴിയാതെ അക്ഷിത് അവനെയും അമിതിനെയും മാറി മാറി നോക്കി.. "എന്താ ഏട്ടാ.. " "ഏയ്‌.. ഒന്നുമില്ല.. പ്രിൻസിയുടെ ഓഫിസ് റൂം ഡിഗ്രി ഡിപ്പാർട്ട്മെന്റിലേക്ക് അതും ബിബിഎ ക്ലാസിനടുത്തേക്ക് മാറ്റിയോ എന്ന് നിന്റെ ഏട്ടൻ ചോദിക്കുവായിരുന്നു.. " അക്ഷിത് മറുപടി പറയാൻ വാ തുറന്ന സമയം അവനെ പറയിപ്പിക്കാതെ ഇടയിൽ കയറി നിന്ന് ഈശ്വർ പറഞ്ഞു.. ഇതെപ്പോ പറഞ്ഞു എന്നർത്ഥത്തിൽ ഒന്നും മിണ്ടാതെ അക്ഷിത് അവനെ നോക്കി.. കണ്ണിറുക്കി കാണിച്ച ഈശ്വറിന് പുഞ്ചിരി മാത്രം നൽകി അമിതിലേക്ക് മുഖം തിരിച്ചു.. "അവിടെ പോവേണ്ട ആവശ്യം ഉണ്ടായിരുന്നു.. വാ. കഴിക്കാൻ പോകാം " കൂടുതൽ പറയാൻ നിൽക്കാതെ അമിത് അവരെയും വിളിച്ച് ക്യാന്റീനിലേക്ക് നടന്നു..

'മ്മ്മ്മ്.. നിന്റെ ആവശ്യം എന്താണെന്ന് എനിക്ക് മനസ്സിലായി മോനേ ' ദൂരെ നിൽക്കുന്ന അനിയെ നോക്കി ഈശ്വർ മനസ്സിൽ പറഞ്ഞ് അവരുടെ കൂടെ നടന്നു.. ************ "എന്റെ വാവീ.... എനിക്ക് വയ്യ. അവൻ നമ്മുടെ ക്ലാസ്സിന് മുന്നിലൂടെ പോയപ്പോൾ ശെരിക്കും ഞാൻ വണ്ടർ അടിച്ചു പോയി.. പോകുന്നതിനിടയിൽ തല ചെരിച്ചു കൊണ്ടുള്ള ആ നോട്ടം.. ഉഫ്... " "പാവം.. ആ സമയം ലീനയുടെ മുഖഭാവം കണ്ടോ... ഇപ്പോൾ അവൾക്ക് മനസ്സിലായി കാണും അവന് നിന്നോട് എന്തോ ഒരടുപ്പം ഉള്ളത്.. ഇനിയും അവൾക്ക് കാണിച്ചു കൊടുക്കണം അനീ നിന്റെ പവർ.. അമിതിനെ വളച് നിന്റെ പിറകെ നടത്തിക്കണം... എന്തായാലും ഇപ്പോൾ ഉറപ്പിച്ചു പറയാം അനീ.. നിന്നെ കാണാൻ വേണ്ടി തന്നെയാണ് അവൻ നമ്മുടെ ക്ലാസ്സിന് മുന്നിലൂടെ പോയത്.. ഒരു സംശയവും വേണ്ട " അമിതിനെ കുറിച്ചുള്ള ചർച്ചയിൽ മുഴുകി കൊണ്ട് അനിയും ആര്യയും ക്യാന്റീനിലേക്ക് നടന്നു.. അമിത് തന്നെ കാണാൻ വേണ്ടി അവരുടെ ഡിപ്പാർട്ട്മെന്റിലേക്ക് വന്നതെന്ന് പറഞ്ഞ് അനി തുള്ളി ചാടി നടക്കാണ്.. ലീനയുടെ മുന്നിൽ ജയിച്ചതിന്റെ സന്തോഷവും മുഖത്തുണ്ട്... വരാന്തയിൽ നിന്നും ഇറങ്ങി അമിതിനെയും സ്വപ്നം കണ്ട് ക്യാന്റീനിലേക്ക് നടക്കും വഴി എതിരെ വരുന്നത് അമിത് ആണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് ഏതോ സീനിയറിനെ നോക്കി അനി ചിരിച്ചു..

തന്റെ നേരെ നോക്കി ചിരിക്കുന്ന അനിയെ അവനും അടിമുടി നോക്കി.. അനിയുടെ സൗന്ദര്യത്തിൽ മത്ത് പിടിച്ച പോലെ അവൻ അവളെ കണ്ണുകൾ കൊണ്ടുഴിഞ്ഞു... ഇതൊന്നും അറിയാതെ ആര്യയുടെ കണ്ണുകൾ മറ്റെവിടെയോ ആയിരുന്നു.. അമിത് ആണെന്ന ചിന്തയിൽ തന്റെ നോട്ടവും പുഞ്ചിരിയും വർധിപ്പിച്ച അനി തിരിച്ച് അമിത് തന്നെ നോക്കുന്നെന്ന സന്തോഷത്തിൽ കൂടുതൽ ചേഷ്ടകൾ കാണിച് അവനെ പ്രലോഭിപ്പിച്ചു... ഈ കാരണത്താൽ അനിയുടെ അടുത്തെത്തിയ അവൻ അവളെ ഒന്ന് മുട്ടുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്തു... അവന്റെ കൈ ദേഹത്ത് വീണെന്ന ബോധം വന്നപ്പോഴാണ് അനി അമിതിന്റെ സ്വപ്ന ലോകത്ത് നിന്നും ഉണർന്നത്... അനി എന്തെങ്കിലും പറയും മുന്നേ ആര്യ അവന് നേരെ ചീർത്തു... "വാവീ... വിട്... വിട് " അനി എത്ര പിടിച്ചു വെച്ചിട്ടും ആര്യയുടെ ദേഷ്യം അടങ്ങിയില്ല.. അതിനേക്കാൾ ദേഷ്യത്തിൽ അവൻ ആര്യയോട് കയർത്തു. "കാണാൻ കൊള്ളാവുന്ന ആണിനെ നോക്കി ചിരിച്ചു മയക്കുന്നതിന് പ്രശ്നം ഇല്ല അല്ലേ.. ഒന്ന് തൊട്ടാൽ ആണ് നിനക്കൊക്കെ പ്രശ്നം.. ഇവൾക്കില്ലാത്ത ദേഷ്യം നിനക്കെന്തിനാ.. സീനിയറിന്റെ ദേഹത്താണ് നീ കൈ വെച്ചത്... ഓർത്തോ " ആര്യക്ക് നേരെ കൈ ചൂണ്ടി ദേഷ്യത്തിൽ അവൻ പോയി...

"വാവീ... എന്തിനാ നീ ഇങ്ങനെ ദേഷ്യപ്പെടുന്നത് " "പിന്നെ ദേഷ്യപെടാതെ.. അവൻ വന്ന് മുട്ടി നിന്നതൊന്നും നീ കണ്ടില്ലേ അനീ.. അവൻ ഇവിടുത്തെ സീനിയർ ആയാലും ഈ ആര്യ ഭദ്രക്ക് ഒരു ചുക്കുമില്ല.. മുട്ടാൻ വന്നേക്കുന്നു അവൻ " ദേഷ്യം ഒട്ടും അടങ്ങാതെ ആര്യ അവൻ പോയ വഴിയേ നോക്കി നിന്നതും അനി തനിക്ക് പറ്റിയ അബദ്ധം പറയണോ വേണ്ടയോ എന്ന ചിന്തയിൽ ഇടുപ്പിൽ കൈ വെച്ച് അവളെ നോക്കി... ബഹളം കേട്ട് തടിച്ചു കൂടിയവർ എല്ലാം പിരിഞ്ഞു പോയതും ഇരുവരും ക്യാന്റീനിലേക്ക് നടന്നു... സീനിയറിന്റെ ദേഹത്തു കൈ വെച്ചത് കൊണ്ട് തന്നെ ഇനി എന്തെങ്കിലും പ്രശ്നം അവർ ഉണ്ടാക്കുമോ എന്ന പേടി അനിയുടെ മുഖത്തുണ്ടായിരുന്നു.. എന്നാൽ ആര്യ അതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല.. കഴിക്കാൻ ഇരുന്നിട്ടും അവളുടെ ദേഷ്യം കുറയാത്തതും അവന്റെ അവസാന വാക്കുകൾ ഓർമിച്ചും ഇനി എന്ത് നടക്കുമെന്ന് അനി പേടിയോടെ ചിന്തിച്ചു..

ഈ സമയം കുറച്ചപ്പുറത്തായി ഇരിക്കുന്ന അമിതിനെ കണ്ടതും അനിയുടെ മുഖത്തെ പേടി മാറി മനസ്സ് തുറന്ന് ചിരിച്ചു... 'ഇനിയും വൈകിക്കാൻ പാടില്ല.. അമിതിനെ എങ്ങനെ എങ്കിലും വളക്കണം.. അവൻ കൂടെ ഉണ്ടെങ്കിൽ ആരും ഒന്നും ചെയ്യില്ല.. ഈ കോളേജിൽ അമിതിനെതിരെ വിരൽ ചൂണ്ടാൻ ആർക്കും ധൈര്യമില്ല..ആര്യക്കെതിരെ മറ്റവൻ ആളുകളെയും കൂട്ടി വരുന്നതിന് മുന്നിൽ അമിതുമായി സൗഹൃദം എങ്കിലും സ്ഥാപിക്കണം.. ' ഇപ്പോൾ വരാമെന്ന് ആര്യയോട് പറഞ്ഞ്, മനസ്സിൽ ചില കണക്ക്കൂട്ടലുകളുമായി അനി എഴുന്നേറ്റു.. കണ്ണുകൾ കൊണ്ട് അമിതിനെ ആര്യക്ക് കാണിച്ചു കൊടുത്തു കൊണ്ട് അവൾ അവന്റെ നേരെ നടന്നു.... അക്ഷിതിനും ഈശ്വറിനും ഒപ്പമിരുന്ന് കഴിക്കുകയായിരുന്നു അമിത് തല ഉയർത്തി നോക്കിയതും അനി നടന്ന് വരുന്നത് അവൻ കണ്ടു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story