ആത്മരാഗം💖 : ഭാഗം 23

athmaragam thanseeh

രചന: തൻസീഹ് വയനാട്

 "ഹായ്.. ഞാൻ അമിത്... " തനിക്ക് നേരെ കൈ നീട്ടി കൊണ്ടുള്ള അമിതിന്റെ വാക്കുകൾ കേട്ടതും അനി കണ്ണും മിഴിച്ചവനെ നോക്കി.. അവൾ പോലുമറിയാതെ അവളുടെ കൈകൾ അവന്റെ കയ്യിൽ ചേർത്തു.. അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ മരവിച്ചു നിൽക്കുന്ന അനിയെ ആര്യ പിറകിൽ നിന്നും മെല്ലെ തോണ്ടി...ബോധോദയം വന്നത് പോലെ അവൾ പെട്ടന്ന് കൈ വലിച്ചു. "ഹായ്.. ഞാൻ അനിരുദ്ര.. ഇതെന്റെ ഫ്രണ്ട് ആര്യ.. അമിത് ചേട്ടനെ കുറിച്ച് ഞങ്ങൾ കുറെ കേട്ടു.. ഇവിടെ ജോയിൻ ചെയ്തത് മുതൽ ഈ കോളേജിന്റെ ഏത് ഭാഗത്ത് പോയാലും ഈ പേര് മാത്രമേ കേൾക്കാൻ ഉള്ളൂ.. എനിവേ.. നൈസ് ടു മീറ്റ് യു " ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന അന്താളിപ്പ് പുറത്ത് കാണിക്കാതെ അനി മയത്തിൽ അമിതിനോട് പറഞ്ഞു.. എല്ലാം കേട്ട് അമിത് പുഞ്ചിരിച്ചു.. "പ്രിൻസി പറഞ്ഞിരുന്നു ന്യൂ അഡ്മിഷനെ കുറിച്ച്.. നിങ്ങളാണെന്ന് പിന്നെയാ മനസ്സിലായെ.. ഞാനിപ്പോ വന്നത് ഒരു കാര്യം പറയാനാണ് " അമിത് ഒന്ന് പറഞ്ഞു നിർത്തി രണ്ടു പേരെയും നോക്കിയതും അനിയും ആര്യയും പരസ്പരം നോക്കി..

എന്താണെന്നറിയാനുള്ള ആകാംഷയിൽ അനി വീണ്ടും അമിതിലേക്ക് ശ്രദ്ധ തിരിച്ചു.. "അറിയാമല്ലോ ഞാനീ കോളേജിന്റെ ചെയർമാൻ ആണെന്ന്.. ഇവിടെ ഒരില അനങ്ങിയാൽ ഞാൻ അറിയും. നിങ്ങളും സീനിയേഴ്‌സും തമ്മിലുള്ള പ്രശ്നം ഞാൻ അറിഞ്ഞു.. ഇന്നേവരെ ജൂനിയേഴ്‌സും സിനിയേഴ്‌സും തമ്മിൽ ഒരു വാക്കേറ്റം പോലും ഉണ്ടാവാൻ ഞാൻ സമ്മതിച്ചിട്ടില്ല. എന്തെങ്കിലും ഉണ്ടായാൽ ഞാൻ തന്നെ നേരിട്ടിറങ്ങി അത് പരിഹരിക്കും.. ആദ്യമായാണ് ജൂനിയർ പെൺകുട്ടി സീനിയറിന്റെ ദേഹത്ത് കൈവെക്കുന്നതും ഹോസ്പിറ്റലിൽ ആക്കുന്നതും.... " പറഞ്ഞു നിർത്തി കൊണ്ട് അമിത് വീണ്ടും അനിയെ നോക്കി.. കാര്യം അതായത് കൊണ്ട് തന്നെ അനിയിൽ ചെറിയ പേടി വന്ന് തുടങ്ങിയിരുന്നു.. എന്നാൽ ആര്യ തെല്ലും കൂസലില്ലാതെ എല്ലാം കേട്ട് മറ്റെങ്ങോ നോക്കി നിന്നു.. "സോറി.. അത്.. അവൻ എന്നോട് മോശമായി പെരുമാറിയപ്പോൾ...... " "ഏയ്‌.. ഇട്സ് ഓക്കേ.. നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ല. പെൺകുട്ടികൾ ഇങ്ങനെ പ്രതികരിക്കുക തന്നെയാണ് വേണ്ടത്..

പക്ഷേ.. വേറൊരു കാര്യം.. നിങ്ങൾ ഹോസ്പിറ്റലിൽ ആക്കിയവൻ ഈ കോളേജിലെ ഒരു മിസ്സിന്റെ മകൻ ആണ്.. അവരാണേൽ മാനേജ്മെന്റിൽ അംഗവും ആണ്.. സോ നിങ്ങളുടെ കാര്യം മാനേജ്മെന്റിൽ അറിഞ്ഞാൽ എന്ത്‌ ആക്ഷൻ എടുക്കുമെന്ന് അറിയില്ല.. " അമിത് പറഞ്ഞത് കേട്ട് അനി പണി പാളിയെന്ന അർത്ഥത്തിൽ ആര്യയെ നോക്കി.. ഇനി ഒരു ഡിസ്മിസ്സ് കൂടി വാങ്ങി വീട്ടിൽ ചെന്നാലുള്ള അവസ്ഥ അവൾ മനസ്സിൽ കണക്ക് കൂട്ടി.. "പേടിക്കേണ്ട.. മാനേജ്മെന്റിൽ അറിഞ്ഞാലേ കുഴപ്പം ഉള്ളൂ.. അറിയാതെ ഞാൻ നോക്കിക്കോളാം.. അവൻ കാണിച്ചത് തെറ്റാണ്.. ഇനിയും വഴക്കിനു പോകേണ്ട എന്ന എന്റെ വാക്കിന്‌ വില കല്പിക്കാതെയാണ് അവൻ വീണ്ടും ക്ലാസ്സിൽ വന്ന് പ്രശ്നം ഉണ്ടാക്കിയത്.. അത് കൊണ്ട് ഞാൻ നിങ്ങളുടെ ഭാഗത്ത് നിൽക്കും.. ഇനി എന്തെങ്കിലും ആരുടെ ഭാഗത്ത് നിന്നെങ്കിലും പ്രശ്നം വന്നാൽ എന്നോട് പറഞ്ഞാൽ മതി " "ഓഹ്.. താങ്ക്യൂ സോ മച്ച് " ആശ്വാസം നൽകുന്ന വാക്കുകൾ പറഞ്ഞു കൊണ്ട് അമിത് പോയതും അനി അമിത് പോകുന്നത് നോക്കി നിന്നു..

പക്ഷേ ആര്യക്ക് അമിത് പറഞ്ഞതൊന്നും ഇഷ്ടപ്പെട്ടില്ല.. "ഓ.. അവനാരാ രക്ഷകനോ അവൻ ഇല്ലെങ്കിൽ നമ്മളെ പിടിച്ചിപ്പൊ പുറത്താക്കുമെന്ന്.. പോകാൻ പറ.. എനിക്കാരുടെയും സഹായം വേണ്ട.. എന്ത് വന്നാലും നേരിടാനുള്ള കഴിവ് എനിക്കുണ്ട്. അവന്റെ ഹീറോയിസം എന്റടുത്തെടുക്കേണ്ട.. " "എന്റെ വാവീ.. വിട്ടേക്ക്.. അവന് നിന്നെ ശെരിക്ക് അറിയാത്തത് കൊണ്ട് പറഞ്ഞതല്ലേ.. ആ സീനിയർ ഇനി ഒരു പ്രശ്നത്തിനും വരില്ല.... തെറ്റ് അവന്റെ ഭാഗത്ത് തന്നെ അല്ലെ.. എന്നെ കയറി പിടിച്ചെന്ന് പറഞ്ഞ് ഞാൻ ബഹളം ഉണ്ടാക്കിയാൽ തീർന്നവൻ... മിസ്സ്‌ ന്റെ മകൻ എന്നല്ലേ പറഞ്ഞേ.. പാവം.. മകൻ ഒരു പെണ്ണിനെ പിടിച്ചെന്ന് കോളേജിൽ പാട്ടാക്കാൻ അവർ സമ്മതിക്കുമോ.. അത് കൊണ്ട് ഒന്നും നടക്കില്ല വാവീ.." "മ്മ്മ്.. നിന്റെ ഈ ധൈര്യം ഒന്നും അവൻ വന്ന് പറഞ്ഞപ്പോ ഉണ്ടായില്ലല്ലോ. " "അത് പിന്നെ.. അവൻ എന്നോട് മിണ്ടാൻ വന്നപ്പോൾ തന്നെ എന്റെ ബോധം പാതി പോയി.. കൈ തന്നപ്പോൾ മുഴുവനും പോയി.. പിന്നെ അവന്റെ സംസാരം അങ്ങനെ ആയിരുന്നല്ലോ..

നമ്മളെ പ്രിൻസി പുറത്താക്കുമെന്ന തരത്തിൽ... ആ സമയം അച്ഛനും അമ്മയുമാ മനസിൽ വന്നത്.. പിന്നെ പേടിക്കാതിരിക്കോ " ആര്യ ഒന്ന് മൂളി കൊണ്ട് തിരിച്ചു നടന്നു.. അമിതിന്റെ വാക്കുകൾ അവൾക്കിഷ്ടപ്പെട്ടിട്ടില്ലെന്ന് അവളുടെ മുഖം കണ്ടാലറിയാം.. അനി തിരിഞ്ഞ് അമിതിനെ ഒന്ന് കൂടെ നോക്കി അവളുടെ കൂടെ നടന്നു.. "എന്നാലും വാവീ.. അവനെന്നോട് മിണ്ടിയല്ലോ.. ഈ വിഷയം വെച്ച് തന്നെ ഞാൻ അവനോട് അടുക്കും.. അടുക്കുന്നെന്ന് അവന് തോന്നാത്ത വണ്ണം ഞാൻ അടുക്കും.. നീ കണ്ടോ വാവീ ഇനി എന്തൊക്കെ നടക്കുമെന്ന്... " "മ്മ്മ്.. ഇനി എന്തൊക്കെ നടക്കുമെന്ന് കണ്ടറിയാം.. " അനിയെ കണ്ട് തിരിച്ചു വന്ന് വെള്ളം കുടിക്കുന്നതിനിടയിൽ എങ്ങോട്ടോ നോക്കി ഈശ്വർ പറഞ്ഞതും മനസ്സിലായില്ലെന്ന അർത്ഥത്തിൽ അമിത് അവനെ നോക്കി.. " ഒന്നുമില്ല.. കുടിക്ക്.. നല്ലവണ്ണം കുടിക്ക്.. " "എന്താ ഡാ പട്ടീ.. എന്തെങ്കിലും കാര്യം പറയാൻ ഉണ്ടെങ്കിൽ വളച്ചു കെട്ടില്ലാതെ പറ.. ഇനിയും ഇങ്ങനെ പിറു പിറുക്കുവാണേൽ ഈ വെള്ളം തലയിലൂടെ ഒഴിക്കും ഞാൻ "

"ആ.. വളക്കുന്ന കാര്യം തന്നെ.. " വീണ്ടും പിടികൊടുക്കാതെ ഈശ്വർ പറഞ്ഞതും അമിത് ദേഷ്യത്തിൽ അവനെ നോക്കി.. ആ നോട്ടം കണ്ടതും അവന്റെ കയ്യകലത്തിൽ നിന്നും ഈശ്വർ കുറച്ച് വിട്ട് നിന്നു.. "ഒന്നുമില്ല അമിത്.. ആ പെണ്ണില്ലേ.. അവളെ കുറിച്ച് ആലോചിച്ചതാ.. സാധാരണ നീ ആരോടും അങ്ങോട്ട്‌ ചെന്ന് മിണ്ടാറില്ലല്ലോ.. ഇവളുടെ കാര്യത്തിൽ നീ പതിവ് തെറ്റിച്ചെങ്കിൽ ആളൊരു സംഭവം തന്നെ അല്ലെ.. " ഈശ്വറിന്റെ റൂട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയ അമിത് അവനെ ഒന്ന് നോക്കുക മാത്രം ചെയ്ത് അക്ഷിതിന്റെ അടുത്തേക്ക് പോയി.. 'മ്മ്മ്.. ഉത്തരം മുട്ടുമ്പോൾ നിന്റെയീ നോട്ടം കുറച്ചു കൂടുന്നുണ്ട്.. നിന്റെ മനസ്സിൽ എന്തോ സ്പാർക്ക് വന്നിട്ടുണ്ടെന്നത് സത്യം.. ഹാ.. ഇവിടം വരെ പോകുമെന്ന് ഞാനൊന്ന് നോക്കട്ടെ ' ഈശ്വർ തന്റെ മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ടേയിരുന്നു... അനിയെ പറ്റി പറയുമ്പോൾ മാത്രം അമിതിനുണ്ടാവുന്ന മൗനവും അതിന് ശേഷമുള്ള അവന്റെ ഭാവ മാറ്റവും മുഖത്തു വിരിയുന്ന പുഞ്ചിരിയും എല്ലാം ഒത്തിണക്കി ഒരുത്തരം ഈശ്വർ തന്നെ കണ്ടെത്തി.

അത് മനസ്സിൽ അടക്കി വെച്ച് അവൻ അമിതിന് പിറകെ നടന്നു.. ************ "വാവീ.ഉമ്മറത്തു തന്നെ അച്ഛനിരിപ്പുണ്ടല്ലോ..g അച്ഛൻ അറിഞ്ഞു കാണുമോ. " "നീ ഒന്ന് മിണ്ടാതിരി അനീ.. ഒന്നും ആരും അറിഞ്ഞിട്ടില്ല.. ഇനി നീയായിട്ട് കുളമാക്കേണ്ട.. " "വാവീ.. എനിക്കെന്തോ ആ മുഖം കണ്ട് അത്ര പന്തി തോന്നുന്നില്ല.. നീ കൂടെ വാ " "ഞാൻ ഫ്രഷ് ആയി അങ്ങോട്ട്‌ തന്നെ അല്ലെ വരുന്നേ.. നീ ഓവർ പേടി വരുത്തി അവർക്ക് സംശയം തോന്നിക്കേണ്ട.. " അനിയെ ഉന്തി ഗേറ്റിന് അടുത്തെത്തിച്ചു കൊണ്ട് വാവി വീട്ടിലേക്ക് നടന്നു.. മുഖത്ത് ചിരി വരുത്തി കൊണ്ട് അനി മുന്നോട്ടു നടന്നു.. "എന്താടീ നിന്റെ മുഖത്തൊരു കള്ള ലക്ഷണം. ക്ലാസ്സ്‌ കഴിയുന്ന സമയവും നിങ്ങൾ കയറി വരുന്ന സമയവും തമ്മിൽ നല്ല വ്യത്യാസം ഉണ്ടല്ലോ.. എവിടെ തല്ല് പിടിക്കാൻ പോയാണ് വരുന്നേ " അകത്തേക്ക് കയറാനായി കാലെടുത്തു വെച്ചതും അച്ഛന്റെ വാക്കുകൾ കേട്ട് അവൾ സ്റ്റക്കായി നിന്നു.. മെല്ലെ തല മാത്രം ചെരിച്ച് ഇളിച്ചു നിന്നു. " എന്റെ അച്ഛാ.. എവിടെയും തല്ല് പിടിക്കാൻ പോയിട്ടില്ല.. അച്ഛന്റെ മോള് നന്നായി..

ഇനി ഒരു കുറുമ്പും കാണിക്കില്ല. ഇന്ന് കുറെ വർക്ക് ഉണ്ടായിരുന്നു ആകെ ക്ഷീണിച്ചു.. അതാ നേരം വൈകിയേ. " "മ്മ്മ്.. ചെല്ല് ചെല്ല്.. പോയി എനർജി കൂട്ട്.. പുതിയ കോളേജിന്റെ വിശേഷം അറിയാൻ ഞാൻ വരുന്നുണ്ട് അങ്ങോട്ട്‌.. " അവളെ അടിമുടി നോക്കി അച്ഛൻ പോയതും അവൾ വെള്ളിടി വെട്ടിയ പോലെ അകത്തേക്ക് നടന്നു... ബാഗ് കിടക്കയിലേക്കിട്ട് കമിഴ്ന്ന് കിടന്ന് അവൾ തന്റെ കൈകൾ മെല്ലെ തലോടി.. ചുണ്ടിലെ നേർത്ത പുഞ്ചിരിയിൽ അവൾ അവന്റെ മുഖം മനസ്സിലാക്കാവാഹിച്ചു....... വാതിൽ തുറന്ന് അകത്തേക്ക് കയറിയ ആര്യ ആദ്യം ചെന്നത് അമ്മയുടെ ഫോട്ടോയുടെ അടുത്തേക്കാണ്.. ചിരി തൂകി നിൽക്കുന്ന അമ്മയുടെ ഫോട്ടോ അവളുടെ കണ്ണുകളെ ഈറനണിയിച്ചുവെങ്കിലും കണ്ണുനീർ ഒഴുക്കാതെ അവളാ ഫോട്ടോ നോക്കി നിന്നു . പുറത്ത് എന്ത് വലിയ പ്രശ്നം ഉണ്ടാക്കിയാലും ആരൊക്കെ എതിര് നിന്നാലും ആര്യ അതൊന്നും മൈൻഡ് ചെയ്യാതെ വിട്ട് കളയുന്നത് തന്റെ അമ്മ പഠിപ്പിച്ച പാഠങ്ങൾ മനസ്സിൽ ഉള്ളത് കൊണ്ടാണ്..

ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാൻ അവൾക്ക് നിഷ്പ്രയാസം സാധിക്കും.. പുറമെ അവൾക്ക് പേരുകൾ പലതാണ്.. താന്തോന്നിയെന്നും തന്നിഷ്ടക്കാരിയെന്നും ചട്ടമ്പി എന്നും പേരുകൾ ചാർത്തപ്പെടുമ്പോൾ അവളതിന് നേരെയൊക്കെ കണ്ണടക്കാറാണ് പതിവ്.. പഠിച്ചിരുന്ന സ്‌കൂളുകളിൽ എല്ലാം അവൾ ആർക്കെങ്കിലും നേരെ കൈ ചൂണ്ടിയിട്ടുണ്ടെകിൽ അത് തന്റെ അനിക്ക് വേണ്ടി മാത്രമാണ്.. അവളെ നോട്ടം കൊണ്ട് പോലും ആരെങ്കിലും വേദനിപ്പിക്കുന്നത് ആര്യക്കിഷ്ടമല്ല. അനിയുടെ സകല തോന്നിവാസത്തിനും കൂട്ട് നിൽക്കുന്നത് അവളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് തന്നെയാണ്.... അമ്മയുടെ അരികിൽ കുറച്ചു സമയം ഇരുന്നതും സങ്കടം തികട്ടി വരുന്ന പോലെ അവൾക്ക് തോന്നി.. അതിനുള്ള മരുന്ന് അനിയുടെ വായാടിത്തരം ആണെന്ന് ആര്യക്കറിയാം.. അവളുടെ അടുത്തേക്ക് പോകാനായി ആര്യ ഫ്രഷ് ആവാൻ മുറിയിലേക്ക് ചെന്നു... ************

അമിതും അക്ഷിതും വീട്ടിലേക്ക് കാലെടുത്തു വെച്ചതും കണ്ടത് സോഫയിൽ ഇരുന്ന് പഠിക്കുന്ന അമനെയും അരികിൽ അവനോട് ചാരി കിടന്ന് പുസ്തകം വായിക്കുന്ന അക്ഷര കുട്ടിയേയും ആണ്.. അവരുടെ അപ്പുറത്തായി അമന്റെ നോട്സ് ചെക്ക് ചെയ്ത് കൊണ്ട് അമ്മയും ഉണ്ട്.. ഇരുവരും കയറി ചെന്നതും പുസ്തകത്തിൽ നിന്നും തല ഉയർത്തി കൊണ്ട് ഓ വന്നോ എന്ന അർത്ഥത്തിൽ അവരെ നോക്കി.. അക്ഷിതും അമിതും അമ്മയുടെ ഇരു വശത്തുമായി ഇരുന്നു.. അമിത് കാൽ സോഫയിൽ നീട്ടി വെച്ച് അമ്മയുടെ മടിയിൽ തല വെച്ചു.. കാലുകൾ നീണ്ട് അക്ഷര കുട്ടിയുടെ കാലിൽ തട്ടിയതും അവൾ ഒരു ചവിട്ട് കൊടുത്തു... "അല്ല അമ്മേ.. നമ്മുടെ ഭാനു ചേച്ചി പശുവിനെ വാങ്ങിയോ " "പശുവോ.. നീ ഇതെന്താ പറയുന്നേ " "അല്ലേയ്.. ഞങ്ങൾ ഇന്ന് കോളജിലേക്ക്y ഇറങ്ങിയപ്പോ ഈ ചെറിയ പശു കിടാവ് കരയുന്ന ശബ്ദം കേട്ടു.. അതാ ചോദിച്ചേ " തെല്ല് സംശയത്തോടെ അക്ഷര കുട്ടി എഴുന്നേറ്റിരുന്നു.. ഈ സമയം വായന നിർത്തി അമനും അമിതിലേക്ക് ശ്രദ്ധ തിരിച്ചു.. "പശുവോ... എന്നിട്ട് ഞാൻ കേട്ടില്ലല്ലോ" "പശുവാണോ കാക്കയാണോ ആവോ അതോ കഴുതയാണോ ആവോ.. ഞാനും ഏട്ടനും കേട്ടു.. അമ്മേ.. ഈ കഴുത രാഗം എന്നൊക്കെ വെറുതെ പറയുന്നതല്ലല്ലേ..

" ഇപ്രാവശ്യം കാര്യം മനസ്സിലാക്കിയ അമ്മ അവന്റെ ചെവിയിൽ പതിയെ നുള്ളി.. അക്ഷിതും മെല്ലെ ചിരിച്ചതും അക്ഷരക്ക് കാര്യം പിടികിട്ടി.. "അമ്മേ... ഈ ഏട്ടൻ കളിയാക്കുന്നു.. ഇനി ഞാൻ പാടില്ല " "അയ്യോ.. മോള് പാടണം.. അതിരാവിലെ തന്നെ പാടണം.. എന്നാൽ പിന്നെ അലാറം വെക്കേണ്ടല്ലോ.. ഉറപ്പായും എണീക്കും. പിന്നെ ഉറങ്ങാൻ തോന്നുകയേ ഇല്ല.." "അമ്മേ... !!!! " "അലറണ്ട...അവൻ ചുമ്മാ പറയുന്നതാ.. നീ അവളെ ഇങ്ങനെ കളിയാക്കുകയൊന്നും വേണ്ട..ഒരു മാസം പ്രാക്റ്റിസ് ചെയ്‌താൽ അവൾ നന്നായി പാടും... " "ഹോ.. അപ്പൊ ഒരു മാസം ഉണ്ടാവും അല്ലെ ഈ കൂത്ത്.. ഏട്ടാ നമുക്ക് ഹോസ്റ്റലിലേക്ക് താമസം മാറിയാലോ..." "ഏട്ടൻ കളിയാക്കിക്കോ.. ഞാൻ ഒരു ദിവസം അമ്മയെ പോലെ നന്നായി പാടും.. അപ്പൊ ഈ പറഞ്ഞതൊക്കെ ഓർമ വേണം.. നോക്കിക്കോ ഏട്ടനേക്കാൾ നന്നായി ഞാൻ പാടും.... " അമിതിന് ഒരടിയും കൊടുത്ത് അക്ഷര റൂമിലേക്ക് ഓടി പോയി..

അവൾ പോക്ക് കണ്ട് എല്ലാവരും ചിരിച്ചു.. "അവളൊരു ഭീഷണി ആവുമോ അമ്മേ.. " "ആവണം.. അവൾ നന്നായി പാടട്ടെ.. നിനക്കൊക്കെ തല്ല് ഉണ്ടാക്കാൻ അല്ലെ അറിയൂ.. അമ്മ പഠിപ്പിച്ചു തന്നതൊക്കെ അവിടെ ഇട്ട് അച്ഛന്റെ വഴി തിരഞ്ഞെടുത്തില്ലേ.. അവളെങ്കിലും എന്നെ പോലെ ആവട്ടെ.... " "അമ്മേ... അമ്മ ഞങ്ങളെയും പഠിപ്പിക്ക്.. ഞങ്ങളും പാടി നല്ല നിലയിൽ എത്തട്ടെ " ഇടയിൽ കയറി അമൻ പറഞ്ഞതും അമ്മ അവനെയും അക്ഷിതിനെയും നോക്കി.. കേട്ട ഉടനെ അക്ഷിത് എഴുന്നേറ്റു പോയി.. "ആ..ഏട്ടൻ പോയി.. ഇനി അമ്മ ഒറ്റക്കിരുന്ന് അവനെ പാട്ട് പഠിപ്പിക്ക്.. പാട്ട് പാടി പെണ്ണുങ്ങളെ വീഴ്ത്തട്ടെ...." "പോടാ ഏട്ടാ.. അമ്മേ..അമ്മ അക്ഷരയെ പഠിപ്പിക്കുമ്പോൾ എന്നെയും പഠിപ്പിക്ക്. എനിക്ക് നല്ല ശബ്ദം ആണെന്ന് ക്ലാസ്സിലെ കുട്ടികൾ എല്ലാം പറയാറുണ്ട്.. "

"മ്മ്മ്.. മോൻ ഇപ്പോൾ തത്കാലം പഠിക്ക്.. ഇവൻ പറഞ്ഞ പോലെ പാട്ട് പാടി ആരെയെങ്കിലും വീഴ്ത്താനുള്ള പ്ലാൻ ആണോന്ന് ഞാനൊന്ന് നോക്കട്ടെ... " അതും പറഞ്ഞ് അമ്മ എഴുന്നേറ്റു പോയതും അമൻ അമിതിനെ നോക്കി മുഖം ചുളിച്ചു.. "എങ്ങനെ എങ്കിലും നാല് പെൺകുട്ടികളുടെ മുന്നിൽ ഷൈൻ ചെയ്യാൻ നോക്കുമ്പോൾ അതിലും ഇടം കോലിടാൻ വരും.. മ്മ്. ഏട്ടന്റെ കോളേജ് വിവരങ്ങൾ ഒക്കെ എനിക്കറിയാം.. ഈശ്വർ ചേട്ടൻ പലതും പറഞ്ഞിട്ടുണ്ട് " "ആണോ.. നന്നായി പോയി.. മര്യാദക്ക് പഠിക്കെടാ " തലക്കൊരു കൊട്ടും കൊടുത്തു കൊണ്ട് അമിത് റൂമിലേക്ക് കയറി പോയി...... രാത്രി ഭക്ഷണം കഴിച്ച് അക്ഷിത് തന്റെ വർക്ക്കളുമായി ഇരുന്നു.. അമിത് നേരെ ബാൽക്കണിയിലേക്ക് പോയി... സുഖമുള്ള തണുത്ത കാറ്റിൽ പല ചിന്തകളും അവനിൽ കടന്ന് കൂടി.. ചെറു ചിരിയാലെ അവൻ ഇരുട്ടിലേക്ക് നോക്കി നിന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story