ആത്മരാഗം💖 : ഭാഗം 26

athmaragam thanseeh

രചന: തൻസീഹ് വയനാട്

"അമ്മേ..... അനീ.. " ഫ്രഷ് ആയി അനിയുടെ വീട്ടിൽ എത്തിയ ആര്യ ആരുടേയും ശബ്ദം കേൾക്കാത്ത നിശബ്ദത നിറഞ്ഞ അകത്തളം കണ്ട് അമ്മയെയും അനിയേയും മാറി മാറി വിളിച്ചു. അടുക്കള വഴിയാണ് എന്നും ആര്യ കയറാറുള്ളത്.. അവർക്ക് കഴിക്കാനായി എന്തെങ്കിലും പലഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും അപ്പോൾ അമ്മ.. അനിയാണേൽ വീട്ടിൽ പാറി പറന്ന് കലപില കൂട്ടി നടക്കുന്നുണ്ടാവും.. ഇന്നതൊന്നും ഇല്ലാത്ത വീട് കണ്ട് ആര്യ അത്ഭുതപ്പെട്ടു.. ബസ് ഇറങ്ങിയ മുതൽ അനിയുടെ മാറ്റം ആര്യയും ശ്രദ്ധിച്ചിരുന്നു.. എന്നാൽ ആ സമയം അനിയുടെ അച്ഛനും ഒപ്പം കൂടിയതിനാൽ കൂടുതൽ ചോദിക്കാനോ അവൾക്ക് പറയാനോ കഴിഞ്ഞില്ല.. "അനീ... " വീണ്ടും വിളിച്ചു കൊണ്ട് ആര്യ അനിയുടെ മുറിയിലേക്ക് കാലെടുത്തു വെച്ചു.. അവിടെ കിടക്കയിൽ അമ്മയുടെ മടിയിൽ തല വെച്ചു കൊണ്ട് ഇരു കയ്യാലെയും അമ്മയെ കെട്ടിപിടിച് കമിഴ്ന്നു കിടക്കുകയാണ് അനി.. ഡ്രസ്സ്‌ പോലും മാറ്റിയിട്ടില്ല.. "ആഹാ.. അമ്മയും മോളും കൂടി ഇവിടെ വന്നിരിക്കാണോ "

"മോള് വന്നോ.. അല്ല വാവീ.. ഇന്ന് എന്താ കോളേജിൽ ഉണ്ടായത്.. വന്നപ്പോ മുതൽ എന്നെയും പിടിച്ചു വെച്ചിരിക്കാ അവൾ ഇപ്പൊ നോക്കുമ്പോഴിതാ ഉറങ്ങിയിരിക്കുന്നു.. എന്താ പറ്റിയെ... " "അതൊന്നുമില്ല അമ്മേ.. കുറെ വർക്ക് ഉണ്ടായിരുന്നു.. പോരാത്തതിന് അവളല്ലേ സ്ഥാനാർഥി.. അതിന്റെ ഓട്ടപ്പാച്ചിലും.. തലവേദന എടുക്കുന്നുണ്ടാവും.. പിന്നെ നാളെ കഴിഞ്ഞാൽ ഇലക്ഷനും അല്ലേ.. അതിന്റെ ടെൻഷനും ഉണ്ടാവും " "മ്മ്മ്.. ഇലക്ഷൻ എന്നൊക്കെ പറഞ്ഞ് പഠിത്തത്തിൽ പിറകോട്ടായാൽ ഇവളുടെ കാര്യം തീർന്നു " "ഏയ്യ്.. അങ്ങനെ ഒന്നുമില്ല അമ്മേ.. നമ്മുടെ അനി എല്ലാത്തിലും ബെസ്റ്റ് ആണ്.. അമ്മ പൊയ്ക്കോളൂ.. ഇവളെ ഞാൻ എണീപ്പിച്ചോളാം" അനിയുടെ തല മെല്ലെ മടിയിൽ നിന്നും മാറ്റി അവളുടെ തലയിൽ തലോടി കൊണ്ട് അമ്മ മുറിയിൽ നിന്നും പോയി.. അമ്മയുടെ മുഖത്ത് വിഷമം നിറഞ്ഞ് നിൽക്കുന്നത് ആര്യ കണ്ടു.. വായാടിയായ അനി ഒരു നിമിഷം മിണ്ടാതിരുന്നാൽ ഈ വീട് ഉറങ്ങിയ പോലെ തന്നെയാണ്... ആര്യ ബെഡിന്റെ അരികിൽ ചേർന്നിരുന്നു കൊണ്ട് അനിയുടെ മുടിയിൽ തലോടി.. "അനീ... " അവളെ തട്ടി വിളിച്ചതും അനി മെല്ലെ കണ്ണുകൾ തുറന്നു.. ആര്യയെ കണ്ടതും അവൾ എഴുന്നേറ്റിരുന്നു..

"ആഹാ.. നീ വന്നോ. ഞാൻ വന്ന പാടെ കിടന്നുറങ്ങി.. കുളിച്ചു വരാം.. അമ്മ പലഹാരം ഉണ്ടാക്കിയോ നോക്കട്ടെ. വിശന്നിട്ട് വയ്യേ... അമ്മേ...അമ്മേ " കിടക്കയിൽ നിന്നും എണീറ്റ് അവൾ അമ്മയെയും വിളിച്ചാർത്തു കൊണ്ട് അടുക്കളയിലേക്ക് പോയി.. അവളെ നിരീക്ഷിച്ചു കൊണ്ട് ആര്യ അവളുടെ പിറകേ നടന്നു......... "ഓഹോ... അപ്പോൾ അവൻ നിന്നെ ദേഷ്യത്തിൽ നോക്കി അല്ലേ " "അതേ വാവീ. അവന്റെ നോട്ടം കണ്ടപ്പൊഴാ ഞാൻ അവന്റെ കൈ പിടിച്ചു വെച്ചത് ഞാൻ പോലും അറിഞ്ഞത്.. ഛെ അവനിനി എന്നെ എങ്ങനെ കാണും ആവോ " വർക്ക്‌ ചെയ്തു തീർക്കുന്നതിനിടയിൽ അനി നടന്നതൊക്കെ പറഞ്ഞു.. അമിത് എന്ത് വിചാരിച്ചു കാണും എന്ന ആവലാതിയിൽ അവൾ നഖം കടിച്ച് ആര്യയെ നോക്കി.. "ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ അവന്റെ അടുത്ത് നിൽക്കുമ്പോൾ അവനെ നോക്കുക പോലും ചെയ്യരുതെന്ന്.. അവനെ ഇമ്പ്രെസ്സ് ചെയ്യുകയെന്ന ഉദ്ദേശം മാത്രമേ ഉണ്ടാവേണ്ടതെന്നും... അവന് നിന്നോട് ഇഷ്ടം വന്ന് തുടങ്ങിയതാ.. എല്ലാം കൊണ്ട് കളഞ്ഞു..

ഇപ്പൊ അവന്റെ മനസ്സിൽ നീയും എല്ലാവരെയും പോലെ ഒരു വായിനോക്കി ആണെന്നാവും " "അതിന് എനിക്കൊന്നും ഓർമയില്ല വാവീ.. .. നിനക്കറിയുന്നതല്ലേ എനിക്ക് വണ്ടികളെയൊക്കെ പേടിയാണെന്ന്. പ്രത്യേകിച്ച് കാറുകളെ.. ആ കാർ സ്പീഡിൽ എന്റെ അടുത്ത് കൂടെ പോയപ്പോൾ ഞാൻ പേടിച്ചു പോയി. ജീവൻ പോയ പോലെ തോന്നി.. ആ സമയം അമിത് എന്റെ കയ്യിൽ പിടിച് വലിച്ച് അവന്റെ ദേഹത്തോട് ചേർത്ത് നിർത്തി . അത് മാത്രമേ എനിക്കോർമയുള്ളൂ.. പിന്നെ അവസാനം അവനെന്നെ ഉന്തി ഒന്ന് നോക്കി കൊണ്ട് പോയി.. എന്താ നടന്നെ എന്നെനിക്ക് തന്നെ അറിയില്ല വാവീ.. " "എന്ത് നടക്കാൻ.. കിട്ടിയ ചാൻസിൽ നീ വായിനോക്കിയിട്ടുണ്ടാവും... അത് പോട്ടെ അനീ.. നീ ടെൻഷൻ ആവാതെ.. ഇപ്പൊ മനസ്സിലായി വന്ന ഉടനെ അമ്മയെയും കെട്ടിപിടിച് കിടന്നതെന്തിനാണെന്ന് " ആര്യയുടെ വാക്കുകൾ കേട്ട് അനി ചെറുതായി ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കാതെ എഴുതാൻ തുടങ്ങി..

അനിൽ സാറിന്റെ വിഷയം ആയതിനാൽ സാറിനെ കുറിച്ച് വാതോരാതെ പറഞ്ഞ് വായാടിത്തരം പുറത്തെടുത്ത അനിയെ ആര്യ പുഞ്ചിരിയോടെ നോക്കിയിരുന്നു.. ************ "ഇന്ന് അവസാന മിനുക്കുപണികൾ നടത്തേണ്ട ദിവസമാണ്.. നമ്മുടെ വോട്ട് കുറയാതെ ഉറപ്പിച്ചെടുക്കണം.. അതിന് വേണ്ടിയാവണം ഇന്നത്തെ ദിവസം.. വോട്ട് ചോദിക്കാൻ ഇനി പാടില്ലെന്ന് പ്രിൻസിയുടെ ഓർഡർ ഉണ്ട്.. പ്രത്യക്ഷമായി ആരും വോട്ട് ചോദിക്കാൻ നിൽക്കരുത്.. കേട്ടല്ലോ " തന്റെ അനുയായികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയാണ് ഈശ്വർ.. ഇലക്ഷൻ ചൂട് അവനെയാകെ പൊതിഞ്ഞിട്ടുണ്ടെന്ന് അവന്റെ മുഖത്തെ ഗൗരവത്തിൽ നിന്നും മനസ്സിലാക്കാം.. തന്റെ പ്രവർത്തകർ പോയതും ഈശ്വർ അമിതിനെ നോക്കി... മാറി ഇരുന്ന് എന്തോ ഒരു ചിന്തയിലാണ് അവൻ..കുറച്ചു ദിവസങ്ങളായി അവൻ തികച്ചും കൂൾ ആയിരുന്നു. പക്ഷേ.. ഇപ്പോൾ അവന്റെ മുഖത്ത് വന്ന ഗൗരവത്തിന്റെ കാരണം അറിയാനായി ഈശ്വർ അവന്റെ അടുത്തേക്ക് ചെന്നിരുന്നു.. അവൻ വന്നിരുന്നിട്ടും അമിതിൽ ഒരു മാറ്റവും ഉണ്ടായില്ല..

"എന്താ ടാ.. മസില് പിടിച്ചിരിക്കുന്നെ.. ഈ ഒരാഴ്ച ആരുമായും അടി ഉണ്ടാവാത്തതിന്റെ വിഷമം ആണോ.. നാളെ ഇലക്ഷൻ കഴിഞ്ഞാൽ ഈ വിഷമം മാറും. ഉറപ്പായും പൊരിഞ്ഞ അടി പ്രതീക്ഷിക്കാം.. " ചിരിച്ചു കൊണ്ട് ഈശ്വർ പറഞ്ഞതിന് ഒന്ന് നോക്കി എന്നല്ലാതെ അമിത് ഒന്നും പറഞ്ഞില്ല.. "അമിത്.. എന്താ ഡാ " "ഒന്നുമില്ല.. ഞാൻ ക്ലാസ്സിലേക്ക് പോകാ.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി " ശബ്ദം കനപ്പിച്ച് ഗൗരവത്തോടെ അമിത് പോകുന്നതും നോക്കി കാര്യമറിയാതെ ഈശ്വർ അവിടെ ഇരുന്നു... 'എന്താ ഉണ്ടായേ.. അവന്റെ ഈ മുഖം പുറത്തെടുക്കണമെങ്കിൽ എന്തോ കാര്യമായി നടന്നിട്ടുണ്ടല്ലോ.. ' ******** " സത്യത്തിൽ അന്നെന്താണ് നടന്നത് രാഹുൽ....???" ഈശ്വറിന്റെ അടുത്ത് നിന്ന് അമിത് നേരെ പോയത് അന്ന് അനിയെ മുട്ടിയവന്റെ അടുത്തേക്കാണ്.. അവരുടെ ലീഡർ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ തന്നെയാണ്.. അമിതിന്റെ ചോദ്യം കേട്ടതും അവൻ എന്തിനാ ഇപ്പൊ ഈ ചോദ്യം എന്ന അർത്ഥത്തിൽ അവനെ നോക്കി.. എന്നാൽ അമിതിനെ മുഖഭാവം കണ്ട് മറുത്തൊന്നും പറയാൻ അവൻ നിന്നില്ല..

"ആ പെണ്ണൊരു വല്ലാത്ത പെണ്ണ് തന്നെയാണ്..കണ്ണും കയ്യും കാണിച്ച് ആളെ മയക്കുന്നവൾ.. അന്നവൾ തന്നെയാണ് എന്നെ നോക്കി ആദ്യം ചിരിച്ചതും കണ്ണിറുക്കി കാണിച്ചതുമൊക്കെ..ആദ്യം ഞാൻ മൈൻഡ് ചെയ്തില്ല. പിന്നെ അത്രയും സുന്ദരിയായ കുട്ടി ഇങ്ങോട്ട് ചിരിച്ചു കാണിച്ചു തരുമ്പോൾ ഒന്ന് മുട്ടാൻ തോന്നാതിരിക്കോ അമിത്.. അങ്ങനെ തോന്നാതിരിക്കാൻ ഞാൻ നീയല്ലല്ലോ... എത്ര പെൺകുട്ടികൾ വന്നാലും നീ നോക്കില്ലായിരിക്കും.. ഞങ്ങൾക്കാ ചങ്കുറപ്പില്ല.. നോക്കി പോയി.. ഒന്ന് മുട്ടുകയും ചെയ്തു.. അതിനാ അവളുടെ ആ തലതെറിച്ച ചട്ടമ്പിക്കാരി ഫ്രണ്ട് എന്നെ തല്ലിയത് " "അവളെ ആര് തൊട്ടാലും തൊട്ടവനെ ഫ്രണ്ട് തട്ടും.." "അതേ അമിത്.. ഈ കോളേജിലെ എല്ലാവർക്കും നിന്നെ പേടി ഉള്ള പോലെയാ ആ പെണ്ണിനേയും.. മറ്റവൾ തനി വായിനോക്കി തന്നെ.. ഒരാളെയും വെറുതെ വിടില്ല.. എന്നാൽ തിരിച്ച് കമന്റടിക്കാൻ ചെന്നാൽ അത് പറ്റില്ല...." അവരിൽ ഓരോരുത്തരുടെയും വാക്കുകൾ കേട്ട് അമിതിന്റെ പേശികൾ വലിഞ്ഞു മുറുകി..

ഒന്നും മിണ്ടാതെ അമിത് അവിടെ നിന്നും നടന്നു..... ************* "അനിരുദ്ര... വെരി ഗുഡ്.. പെർഫെക്ട് ആയി ചെയ്തിട്ടുണ്ടല്ലോ.. ഞാൻ കരുതി വലിയ സ്ഥാനാർഥി ആയപ്പോൾ പഠിത്തത്തിൽ ഉഴപ്പിയെന്ന് " അനിയുടെ പ്രൊജക്റ്റ്‌ നോക്കുന്നതിനിടയിൽ സാർ പറഞ്ഞതും അനി സന്തോഷത്തോടെ സാറിനെ നോക്കി.... "ഇരിക്ക് അനീ.. " സാർ അരികിൽ നിന്നും പോയിട്ടും അതേ നിൽപ്പ് തുടർന്ന അനിയെ ആര്യ പിടിച്ചിരുത്തി.. "നീ ഇന്ന് അമിതിനെ കണ്ടില്ലേ അനീ " "നമ്മളിന്ന് ലേറ്റ് ആയല്ലേ വന്നേ.. പിന്നെ ഫസ്റ്റ് ഹവർ അനിൽ സാർ ആയത് കൊണ്ട് അത് മിസ്സാക്കിയില്ലല്ലോ.. അവരെന്നെ വിളിക്കാൻ വന്നിട്ടില്ല.. നാളെ അല്ലേ ഇലക്ഷൻ.. ഇന്ന് അടുത്ത ഹവർ തൊട്ട് ക്ലാസ്സിൽ കയറാനേ പറ്റില്ല.. അമിത് അവിടെ ഉണ്ടാവും. എങ്ങനെ അവനെ ഫേസ് ചെയ്യും ആവോ " "ഇന്നലെ ഒന്നും നടന്നിട്ടില്ലെന്ന മട്ടിൽ അവനോട് പെരുമാറിയാൽ മതി.. ഈശ്വറിനോട് അധികം സംസാരിച്ചു നിന്നോ.. അമിതിനെ മൈൻഡ് ചെയ്യേണ്ട " "അത് ഞാൻ ഇന്നലെ തന്നെ തീരുമാനിച്ചതാ.. അവനെ ഇന്ന് മൈൻഡ് ചെയ്യുകയേ ഇല്ല.. "

"ഹാ.. ബെൽ അടിച്ചു.. ഇനി നീ പൊയ്ക്കോ.. പറഞ്ഞതൊന്നും മറക്കേണ്ട " ആര്യ പറയുന്നതിനൊക്കെ തലയാട്ടി കൊണ്ട് അവൾ അനിൽ സാറിന്റെ പിറകെ ക്ലാസ്സിൽ നിന്നും ഇറങ്ങി.. സാർ അവളെ കണ്ടതും പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി.. ആ പുഞ്ചിരി മതിയായിരുന്നു അനിയുടെ ഹൃദയം ഒരു നിമിഷം നിലക്കാൻ... "എന്താ ടോ.. പോകുന്നില്ലേ " "പോകുവാണ് സാർ " "നാളെ ഇലക്ഷനിൽ ജയിച്ചു വരണം.. കേട്ടോ.. " അവളെ നോക്കി ചിരിച്ചു കൊണ്ട് അനിൽ സാർ നടന്നു പോയതും വരാന്തയിലെ തൂണിൽ കൈ വെച്ച് സാർ പോകുന്നത് നോക്കി അവൾ നിന്നു... "എന്റെ പൊന്നേ.. അടുത്ത് വന്നാൽ കറന്റടിച്ച പോലെയല്ലേ ഹൃദയം സ്റ്റക്കാവുന്നേ.. " സാറിനെ നോക്കി വലത് കരം ചുണ്ടിൽ ചേർത്ത് ഫ്‌ളൈ കിസ്സ് കൊടുത്ത് കൊണ്ട് അനി ഈശ്വറിന്റെ അടുത്തേക്ക് പോകാൻ ഒരുങ്ങി.... ഈ സമയം അവളുടെ കോപ്രായങ്ങൾ കണ്ട് കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ച് അമിത് കുറച്ചപ്പുറത്തായി അവൾ കാണാതെ നിൽക്കുന്നുണ്ടായിരുന്നു.....

അനി ഈശ്വറിന്റെ അടുത്തെത്തി നാളത്തെ ഇലക്ഷനേ കുറിച്ചുള്ള മീറ്റിംഗ്ൽ പങ്കെടുത്തു.. ഈശ്വറിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരിക്കുന്ന അനിയുടെ അപ്പുറത്തായി അമിത് വന്നിരുന്നു.. അവൻ വന്നതും അനി തന്റെ അഭിനയം തുടർന്നു.. എന്നാൽ അമിത് ഗൗരവത്തിൽ അവളെ ശ്രദ്ധിക്കാതെ ഇരുന്നു... അന്നത്തെ ദിവസം മുഴുവൻ അമിത് അവളറിയാതെ അവളെ നിരീക്ഷിക്കുകയായിരുന്നു.. ഒടുവിൽ അനിയുടെ സ്വഭാവം എന്തെന്ന് അവന് മനസ്സിലായി.... ************ "ഇന്ന് ഞാൻ അവനെ മൈൻഡ് ചെയ്യാനേ പോയില്ല വാവീ.. പക്ഷേ.. അവന് എന്തോ പറ്റിയിട്ടുണ്ട്.. മുഖം കണ്ടാൽ തന്നെ പേടിയാവും.. കടന്നൽ കുത്തിയ പോലെ.. അതിനൊക്കെ നമ്മുടെ സാർ.. മുഖം കണ്ടാൽ തന്നെ നോക്കിയിരുന്ന് പോകും " "ആഹാ.. ഇപ്പൊ അങ്ങനെ ആയോ " ആര്യ ചോദിച്ചതും ഒരു ചിരിയോടെ അവൾക്ക് മറുപടി കൊടുക്കാനായി മുഖം തിരിച്ചതും അവരുടെ അടുത്തേക്ക് നടന്നു വരുന്ന ലീനയെ അനി കണ്ടു.. കോളേജ് വിട്ടത് കൊണ്ട് എല്ലാവരും പോയി തുടങ്ങിയിരുന്നു.. കോളേജ് ഗേറ്റിൽ പിടിച്ചു കൊണ്ട് ലീന അനിയെ അടിമുടി നോക്കി പുച്ഛത്തോടെ ചിരിച്ചു.. "ഞാൻ പറഞ്ഞിരുന്നില്ലേ അനീ.. നീ കണ്ട ആണുങ്ങളുടെ കൂട്ടത്തിൽ അമിതിനെ കൂട്ടരുതെന്ന്..

നിന്റെ കളിയൊന്നും അവന്റെ അടുക്കൽ വില പോവില്ല.. ഇന്നലെ ഞാൻ കണ്ടു നിന്നോടുള്ള അവന്റെ ദേഷ്യം.. ഇന്നും ഞാൻ അവനെ നിരീക്ഷിക്കായിരുന്നു.. ഇനി നിന്റെ വേലത്തരം അവന്റെ അടുത്ത് നടക്കില്ല മോളേ.. " "ഒന്ന് പോ ലീനാ.. വെറുതെ തോൽക്കാൻ വേണ്ടി എന്തിനാ ഇങ്ങനെ വാചകമടിക്കുന്നത്.. അവൻ എന്നോട് സംസാരിച്ചു നടന്നതും നോക്കി നടന്നതൊക്കെ നീ കണ്ടതല്ലേ.. ഈ കോളേജിലെ ഒരു പെണ്ണിനേയും നോക്കാത്ത അവൻ എന്നെ നോക്കിയിട്ടുണ്ടെങ്കിൽ അത് എന്റെ മിടുക്കല്ലേ.. അവന് എന്നോടൊരു ദേഷ്യവും ഇല്ല..ഇനിയും അവനെന്റെ പിറകെ വരും " "ഹഹഹ... നടക്കാത്ത സ്വപ്നം.. അനീ.. നീയെന്തിനാ നടക്കാത്ത കാര്യം പറയുന്നത്.. " "നടക്കാത്തതാണോ നടക്കുന്നെ ആണോ എന്ന് ഞാൻ കാണിച്ചു തരാം.. " "ഓക്കേ.. നമുക്ക് ബെറ്റ് വെക്കാം.. നാളെ നീ എല്ലാവരുടെയും മുന്നിൽ വെച്ച് അവനോട് പറയണം നിനക്കവനെ ഇഷ്ടമാണെന്ന്.. ധൈര്യം ഉണ്ടോ നിനക്ക് " ലീന ശബ്ദം ഉയർത്തി പറഞ്ഞതും അനി ഒന്ന് മൗനം പാലിച്ച് ആര്യയെ നോക്കി..

"എന്താ.. എന്ത് പറ്റി.. നിന്റെ വീറും വാശിയും എവിടെ പോയി.. നിനക്ക് പേടിയല്ലേ അവനോട് ഇഷ്ടം പറയാൻ..," "ആര് പറഞ്ഞു.. ഈ അനിരുദ്രക്ക് ആരെയും പേടിയില്ല.. ഞാൻ പറഞ്ഞിരിക്കും.. എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ പറയും ഇഷ്ടമാണെന്ന്.. അവൻ എന്നോട് ദേഷ്യം കാണിക്കില്ല ലീനാ.. നീ തന്നെ തോൽക്കും.. " "നോക്കാം.. ആര് ജയിക്കുമെന്ന്.. നീ തോൽക്കും.. അവന്റെ മുന്നിൽ ചെന്ന് അത് പറയാനുള്ള ധൈര്യം നിനക്കില്ല അനീ.. " "ഓക്കേ.. കാണാം " വാശിയോടെ വീറോടെ അവൾക്ക് മുന്നിൽ നിന്ന് പറഞ്ഞു കൊണ്ട് അനി ആര്യയെയും വിളിച്ചു കൊണ്ട് നടന്നു പോയി.. അവർ പോകുന്നതും നോക്കി പുച്ഛത്തോടെ ലീന അവിടെ നിന്നു... ഇവരുടെ ബെറ്റും വാശിയും എല്ലാം കേട്ട് മതിലിനപ്പുറം ഈശ്വർ നിൽക്കുന്നുണ്ടായിരുന്നു.... ഈ കാര്യം അമിതിനെ അറിയിക്കാനായി അവൻ ഗ്രൗണ്ടിലേക്കോടി..... ഈശ്വർ പറഞ്ഞ കാര്യങ്ങൾ കേട്ട് അമിത് തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു... ബൂട്ടിട്ട കാലുകൾ അവൻ നിലത്തമർത്തി ചവിട്ടി എഴുന്നേറ്റു നിന്നു ... "ഞാനെന്താ അവർക്ക് ബെറ്റ് വെച്ച് കളിക്കാനുള്ള വസ്തുവാണോ... പെണ്ണാണെന്ന പരിഗണന ഇനി ഞാൻ നൽകില്ല.. നാളെ അവൾ എന്റെ മുന്നിൽ വരട്ടെ... കാണിച്ചു കൊടുക്കാം ഞാൻ " ദേഷ്യത്തിൽ അമിത് കളിക്കളത്തിലേക്ക് ഇറങ്ങുന്നത് നോക്കി അമിത് അവിടെ ഇരുന്നു.... നാളെ എന്തൊക്കെ സംഭവിക്കും എന്നാലോചിച്ചവൻ നെടുവീർപ്പിട്ടു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story