ആത്മരാഗം💖 : ഭാഗം 3

athmaragam thanseeh

രചന: തൻസീഹ് വയനാട്

ബാൽക്കണിയിലെ ആ സുഖമുള്ള കാറ്റിൽ ഒരു നിമിഷം അലിഞ്ഞവൻ നിന്നു... ഫോൺ റിങ്ങിങ് പെട്ടന്ന് നിലച്ചതും രണ്ടു കൈ കൊണ്ടും ഫോൺ പൊതിഞ്ഞു പിടിച്ചു കൊണ്ട് ബാൽക്കണിയിലെ കറുത്ത കമ്പികളിൽ കൈ വെച്ച് അമിത് മാനത്തേക്ക് നോക്കി നിന്നു...താരകങ്ങൾ മിന്നി തിളങ്ങുന്ന വാനം എന്നത്തേതിലും സുന്ദരിയായിരിക്കുന്നെന്ന് അവന് തോന്നി... അവയിലേക്കവന്റെ കണ്ണുകൾ ആഴ്ന്നിറങ്ങും തോറും നിസ്സാർത്ഥമായൊരു പുഞ്ചിരി ചുണ്ടിൽ തെളിഞ്ഞു...വീണ്ടും ഫോൺ റിങ് ചെയ്‍തതും അവൻ മടിച്ചു മടിച്ച് ഫോൺ ആൻസർ ചെയ്ത് ഇടത്തേ ചെവിയിൽ വെച്ച് ബാൽക്കണിയുടെ മൂലയിലുള്ള ഊഞ്ഞാലിൽ ചാരിയിരുന്നു......... "ഹലോ... അച്ഛാ. " കോളേജിൽ അടി ഉണ്ടാക്കിയ വിവരം അച്ഛന്റെ ചെവിയിൽ കൃത്യമായി എത്തിയിട്ടുണ്ടാവുമെന്ന് അവന് ഉറപ്പുള്ളത് കൊണ്ട് തന്നെ അവൻ താഴ്ന്ന സ്വരത്തിൽ അച്ഛനെ വിളിച്ചു..

"മ്മ്മ്... എന്തൊക്കെയാ അമിത് ഞാൻ കേട്ടത്.... " ഘാംഭീര്യം നിറഞ്ഞ അച്ഛന്റെ ശബ്ദത്തിന് മുന്നിൽ അവനൊന്ന് പതറി എങ്കിലും വീര്യം ചോർന്നു പോകാതെ അച്ഛന് മുന്നിൽ സംസാരിക്കാനും അച്ഛനെ കയ്യിലെടുക്കാനും അവന് നന്നായി അറിയാം... "ഒന്നുമില്ല അച്ഛാ... അമ്മക്ക് ചെറിയ എന്തെങ്കിലും കിട്ടിയാൽ മതി ഊതി വീർപ്പിച്ചു വലുതാക്കാൻ...ഒന്നും ഉണ്ടായിട്ടില്ല അച്ഛാ.. ചെറിയൊരു ഉന്തും തള്ളും.. അത്രേ ഉള്ളൂ " "മ്മ്മ്... കോളേജ് ആണ്.. കുറച്ചൊക്കെ അടിച്ചു പൊളിക്കാം..പക്ഷേ അതിൽ കവിയരുത്..." "ഇല്ല അച്ഛാ... ഞാൻ ശ്രദ്ധിച്ചോളാം " "മ്മ്മ്... അക്ഷരമോള് ഉറങ്ങിയോ " സ്നേഹ സംഭാഷണം നീണ്ടു പോയി.. അച്ഛനെ കണ്ടാലും ശബ്ദം കേട്ടാലും പേടി തോന്നിക്കുമെങ്കിലും അവരുടെ അച്ഛൻ പാവമാണ്.. പട്ടാളത്തിൽ ആയതിനാൽ അതിന്റെതായ ചിട്ടയോടെയുള്ള ജീവിതം മക്കളെയും പഠിപ്പിക്കാറുണ്ട്.. ഫോൺ കാളിലൂടെ അവരെ എല്ലാം ഒതുക്കി നിർത്തേണ്ടത് എങ്ങനെ എന്ന് അച്ഛന് നന്നായി അറിയാം......

അച്ഛൻ ഫോൺ വെച്ചതും അമിത് സന്തോഷത്തോടെ ഊഞ്ഞാലിൽ ചാരി കിടന്ന് മാനത്തേക്ക് നോക്കി........ ഈ സമയം അക്ഷിതിന്റെ ഫോണും റിങ് ചെയ്തു.... ഉറക്കത്തിൽ ആയിരുന്ന അക്ഷിത് പെട്ടന്ന് ഞെട്ടി ഉണർന്നു... പതിവ് തെറ്റിക്കാതെയുള്ള അച്ഛന്റെ ആ കോളിൽ പുഞ്ചിരിച്ചു കൊണ്ട് അവൻ ഫോൺ കയ്യിലെടുത്തു.... എന്നും അക്ഷിതിനെയാണ് അച്ഛൻ വിളിക്കാറുള്ളത്.. അവനിൽ നിന്നാണ് എല്ലാവരുടെയും വിശേഷങ്ങൾ ആദ്യം അറിയുന്നത്.. അവനോട് സംസാരിച്ചിട്ടേ മറ്റാരോടും അച്ഛൻ സംസാരിക്കൂ.. മിത ഭാഷിണിയായ അക്ഷിത് തന്റെ അച്ഛനോട്‌ മാത്രമേ ഒരുപാട് സംസാരിക്കാറുള്ളൂ. ഇപ്രാവശ്യം കോളേജിലെ അടിയുടെ കാര്യം അമ്മ വിളിച്ചു പറഞ്ഞ് അമിതിനെ ഉപദേശിക്കാൻ നിർദ്ദേശിച്ചത് കൊണ്ടാണ് അച്ഛൻ ആദ്യം അമിതിനെ വിളിച്ചത്. ഫോൺ അറ്റൻഡ് ചെയ്ത് അക്ഷിത് എഴുന്നേറ്റിരുന്നു..... **********

"അമ്മാ...... " അമിതിന്റെ ആദ്യ വിളി വന്നതും രാഗിണി പൂജാമുറിയിൽ നിന്നു ചെവിയോർത്തു..... "അമ്മേ.......ഈ ഏട്ടൻ......" അമന്റെ ഉച്ചത്തിലുള്ള വിളി കൂടി കേട്ടതും അമിത് എന്തോ കുസൃതി ഒപ്പിച്ചെന്നു രാഗിണിക്കു മനസ്സിലായി "അ... മ്മേ..... " ഒരാളുടെ അലർച്ച കൂടി കേൾക്കേണ്ടതാണല്ലോ എന്ന് വിചാരിച്ചപ്പോഴേക്കും അക്ഷരയുടെ ചിണുങ്ങി കൊണ്ടുള്ള കരച്ചിൽ അവിടം മുഴങ്ങി..... "ഹോ... തുടങ്ങി... രാവിലെ എണീറ്റ് ശുദ്ധി വരുത്തി ജപ നാമം ചൊല്ലാതെ ചന്ത പിള്ളേരെ പോലെ ഓരിയിടാൻ തുടങ്ങും.... എന്റെ ഭഗവാനെ.. എന്നാ എന്റെ മക്കളൊന്ന് നന്നാവാ..." ചന്ദനം ചാർത്തിയ തന്റെ നെറ്റി തടങ്ങളിൽ കൈവെള്ള ചേർത്ത് വെച്ച് രാഗിണി അമ്മ എന്നത്തേയും പോലെ ഭഗവാന് മുന്നിൽ പരാതി നിരത്താൻ തുടങ്ങി... കത്തിച്ചു വെച്ച ദീപത്തിന് മുന്നിലെ വിഗ്രഹത്തെ തൊഴുതു കൊണ്ടവർ പൂജാമുറിയിൽ നിന്ന് പുറത്തിറങ്ങി,

സ്റ്റെയർകയ്‌സിന് താഴെ നിന്ന് മുകളിലേക്ക് നോക്കി... "അ.. മ്മേ.... " ചിണുങ്ങി കൊണ്ട് കുഞ്ഞക്ഷര കുട്ടി തുറക്കാൻ പ്രയാസപ്പെടുന്ന കണ്ണുകൾ തിരുമ്മി കൊണ്ട് കൊലുസ് കിലുക്കി കൊണ്ട് സ്റ്റെപ്പുകൾ ഇറങ്ങി വന്നു.. അവൾക്ക് തൊട്ട് പിന്നാലെ അമനും ഉണ്ട്.... ഉറക്കം നഷ്ടപ്പെട്ടതിന്റെ ഈർഷ്യ രണ്ടു പേരുടെയും മുഖത്ത് വ്യക്തമായിരുന്നു... "അമ്മേ... ഈ ഏട്ടൻ കാണിച്ചത് കണ്ടോ... എന്നെ ഇക്കിളിയാക്കി എണീപ്പിച്ചു... " "നന്നായി പോയി.. അങ്ങനെ എങ്കിലും നീയൊന്ന് നേരത്തെ എണീറ്റല്ലോ.. " "അ.. മ്മേ.. " ഉറക്കം വിട്ട് മാറാത്ത അക്ഷരകുട്ടി അമ്മയെ ഇരു കൈ കൊണ്ട് വലയം ചെയ്ത് അമ്മയിൽ മുഖം അമർത്തി നിന്നു... "അമ്മാ.... " ഇതേ സമയം അമിത് അമ്മയെയും വിളിച്ചു കൊണ്ട് സ്റ്റെയർകയ്‌സ് ഇറങ്ങി വന്നു... നേരത്തെ കേട്ട ഒച്ചപ്പാട് വേറൊന്നും ആയിരുന്നില്ല. കോളേജിൽ പോകാൻ റെഡി ആയി താഴേക്ക് വരാൻ നേരം എന്നും അമിതിന് അമ്മയെ ഒരു വിളിയുണ്ട്..

ഇന്നാ വിളി വിളിച്ചതിന് പിറകെ അമന്റെയും അക്ഷരയുടെയും റൂമിൽ ചെന്ന് അവരുടെ ഉറക്കം കൂടി കളഞ്ഞു....അക്ഷരകുട്ടി അമന്റെ മുറിയിൽ ആണ് ഇടക്ക് കിടക്കാറുള്ളത്.. ആ ഇടക്കുള്ള കിടത്തത്തിൽ എന്നും ഇത് പോലെ അമിത് അവളെ ദേഷ്യം പിടിപ്പിക്കാൻ എന്തെങ്കിലും ഒപ്പിക്കും... കുസൃതി കുടുക്കയായ അക്ഷരക്കുട്ടിയുടെ സ്ഥിരം വിനോദം ഏട്ടന്മാരെ വട്ട് കളിപ്പിക്കുകയെന്നതാണ്.. അതിന് തിരിച്ചടി കൊടുക്കാൻ പറ്റിയ ഒരേ ഒരു സമയം അവൾ ഉറങ്ങി കിടക്കുമ്പോൾ മാത്രമാണ്.... "ആഹാ... നീ എന്തിനാടാ ഇവളെ എണീപ്പിച്ചേ.. ഇനി ഈ ഒരു കാരണം മതി അവൾ സ്കൂളിൽ പോവില്ലെന്ന് വാശി പിടിക്കാൻ.. " "ഇന്നലെ ഞാനിരുന്ന് ഗെയിം കളിക്കാൻ നേരം എന്റെ ഫോണും തട്ടിപ്പറിച്ചോടി ഈ വീട് മുഴുവൻ എന്നെ ഓടിച്ച ക്ഷീണത്തിലുള്ള ഉറക്കമല്ലേ.. അത് കൊണ്ട് അവളിന്നിത്രയൊക്കെ ഉറങ്ങിയാൽ മതി....." "അമ്മേ.... " രണ്ടായി മെടഞ്ഞു കെട്ടിയ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അമിത് പറഞ്ഞതും അവൾ വീണ്ടും ചിണുങ്ങി... "മതി മതി... അക്ഷരേ നീ അമ്മേടെ മുറിയിൽ പോയ് കിടന്നോ.. "

കേൾക്കേണ്ട താമസം അമിതിന്റെ വയറ്റിൽ നല്ലൊരു ഇടിയും കൊടുത്തു കൊണ്ട് അവൾ മുറിയിലേക്കോടി.. ചിരിച്ചു കൊണ്ട് അമിത് ഡൈനിങ് ടേബിളിന് മുകളിൽ കിടന്ന പത്രം എടുത്ത് കസേര വലിച്ചിട്ട് ഇരുന്ന് വായിക്കാൻ തുടങ്ങി.. അമൻ തന്നെ എന്തിനാ ഉണർത്തിയെ എന്ന മട്ടിൽ തലയും ചൊറിഞ്ഞ് സോഫയിൽ നീണ്ടു കിടന്നു.. "എണീറ്റു പോടാ.. പത്താം ക്ലാസല്ലേ.. മര്യാദക്ക് പോയ് പഠിക്ക് " ടേബിളിൽ കിടന്ന ആപ്പിൾ അവനെ ലക്ഷ്യം വെച്ചെറിഞ്ഞു കൊണ്ട് അമിത് പറഞ്ഞതും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അമൻ കോണിപ്പടി കയറി പോയി... "അക്ഷിത് എവിടെ അമിത്... " ചായ കൊണ്ട് വെക്കുന്നതിനിടിയിൽ അമ്മ മുകളിലേക്ക് നോക്കി പറഞ്ഞു.. "അമ്മാ..... " "ആ ദേ വന്നല്ലോ... " ചിരിച്ചു കൊണ്ട് അമിത് അക്ഷിതിനെ നോക്കി.. കയ്യിലെ പുസ്തകങ്ങൾ ഓരോന്ന് മറിച്ചു നോക്കി അക്ഷിത് പടികൾ ഇറങ്ങി വന്നു...

"ഇന്നും നേരത്തെ പോകുന്നത് അടി ഉണ്ടാക്കാനാണോ " സംശയത്തോടെ രണ്ടു പേരെയും നോക്കി അമ്മ ചോദിച്ചു.. "ഏയ്‌.. അതൊന്നും അല്ല എന്റെ അമ്മേ.. കോളജിലെ ചെയർമാൻ അല്ലേ ഞാൻ.. ഇപ്പൊ ഫ്രെഷേഴ്സ് വന്നത് കൊണ്ട് തന്നെ ഒരുപാട് ജോലികൾ ഉണ്ട്... ഇന്ന് നേരത്തെ പോയിട്ട് വേണം പുതിയ ഫുട്ബാൾ ടീമ്സിനെ സെലക്ട് ചെയ്യാൻ.. അടുത്ത ആഴ്ച ടൂർണമെന്റ് ഉണ്ട്.. ഇനി അതിന്റെ പിറകെയാണ് " "മ്മ്മ്.. നീ ഇങ്ങനെ അടിയും കളിയുമായി നടന്നോ അമിത്.. ഞാനൊന്നും പറയുന്നില്ല.. ഏട്ടന്റെ പുന്നാര അനിയനോട് ഈ അമ്മ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാ.." "എന്റെ അമ്മക്കുട്ടീ... എന്റെ തല്ല് കൊള്ളിത്തരം സ്വഭാവത്തെ പറ്റി എന്ത് വേണേലും പറഞ്ഞോ.. പക്ഷേ എന്റെ ജീവനിൽ തൊട്ട് കളിക്കരുത്.. " "അതേയ് ... അമ്മേ.. എന്റെ ഏട്ടൻ മെസ്സിയുടെ അപരൻ ആണുട്ടോ.. ഫുട്ബാളിനെ തൊട്ട് കളിച്ചാൽ ഏട്ടന്റെ ജീവൻ പോകും..... "

പല്ല് തേപ്പൊക്കെ കഴിഞ്ഞ് അമൻ താഴോട്ട് ഇറങ്ങി വന്നു.. അമൻ പറഞ്ഞതിനോട് യോജിച്ചു കൊണ്ട് അമിത് തന്റെ നെഞ്ചിൽ കൈ കൊണ്ട് രണ്ടടി അടിച്ചു അമ്മക്കു നേരെ കൈ വിരൽ ചൂണ്ടി കാണിച്ചതും അമ്മ അവന്റെ തലക്ക് കൊട്ടി കൊണ്ട് കഴിക്കാൻ പറഞ്ഞു. "ഏട്ടാ.. ഇന്നാണോ സെലെക്ഷൻ.. കളിക്കാൻ അറിയാവുന്നോരെ സെലക്ട് ചെയ്യണേ.. കഴിഞ്ഞ പ്രാവശ്യം ഏട്ടന്റെ മികവ് കൊണ്ട് മാത്രമല്ലേ ജയിച്ചേ....നല്ലൊരു ടീമിനെ വാർത്തെടുക്കാൻ കൂടി ഏട്ടന് കഴിയണം..... " "ആഹ്..ഇന്ന് മുതൽ ഫുൾ അതിന്റെ പിറകെ തന്നെയാണ്... " അമിത് ചായ കപ്പ് ചുണ്ടോട് ചേർത്ത് വെച്ചു.. അക്ഷിത് ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കുകയാണ്.. അമ്മ ഇരുവർക്കും ഭക്ഷണം വിളമ്പുന്നുണ്ട്. അമിതും അമനും വീണ്ടും കോളേജ് കാര്യങ്ങളിലേക്കും സ്പോർട്സ് കാര്യങ്ങളിലേക്കും കടന്നതും അക്ഷിത് ഭക്ഷണം കഴിക്കൽ കഴിഞ്ഞ് തന്റെ പുസ്തകവുമായി സോഫയിൽ ചെന്നിരുന്നു.

അതെന്നുമുള്ള പതിവാണ്. അമിത് ലോകകാര്യങ്ങൾ മുഴുവൻ പറഞ്ഞു തീർത്തിട്ടെ ഡൈനിങ് ടേബിളിൽ നിന്ന് എണീക്കൂ.. മിതഭാഷിണിയായ അക്ഷിത് ആ ചർച്ചകളിലൊന്നും തലയിടാറില്ല..അമിതിന്റെ സംസാരവും കളിയും ചിരിയും കഴിഞ്ഞ് പോകാമെന്ന് പറഞ്ഞു വരുന്നത് വരെ അക്ഷിത് പുസ്തകങ്ങളിൽ കണ്ണോടിച്ച് മറ്റൊരു ലോകത്തായിരിക്കും......... ************ "ഏട്ടാ.... ഒരു മിനിട്ട്,,,,,ഞാൻ ഫോൺ മറന്നു വെച്ചെന്ന് തോന്നുന്നു " കോളേജിന് അടുത്തുള്ള തങ്ങളുടെ വല്യമ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ അമിത് വീണ്ടും അകത്തേക്കോടി.. കോളേജിന് തൊട്ടടുത്താണ് വല്യമ്മയുടെ വീട്.. വല്യമ്മ ഒറ്റക്കാണ്. മക്കൾ എല്ലാം വിദേശത്തും.. സ്വന്തം അമ്മയെ പോലെ കാണുന്നത് കൊണ്ട് തന്നെ എന്നും രാവിലെ വീട്ടിൽ നിന്നിറങ്ങി കോളേജിലേക്ക് പോകുന്നതിന് മുന്നേ വല്യമ്മയെ ചെന്ന് കാണും... വലിയ വീട്ടിൽ വല്യമ്മക്ക് കൂട്ട് എന്ന് പറയാൻ ഉള്ളത് ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന പൂക്കൾ മാത്രമാണ്..

ഒരുപാട് പൂക്കളുടെയും മരങ്ങളുടെയും നടുവിൽ നിൽക്കുന്ന ആ വീട്ടിലേക്ക് രാവിലെ ചെന്ന് കയറുമ്പോൾ തന്നെ പുത്തൻ ഉണർവ് ലഭിക്കും... അത് കൊണ്ട് തന്നെ ഒരു ദിനം പോലും ഇങ്ങോട്ടുള്ള വരവ് അവർ മുടക്കാറില്ല.. വീട് കഴിഞ്ഞാൽ ഉള്ള വളവിൽ തന്നെയാണ് അവരുടെ കോളേജ്.. അതിനാൽ ബൈക്ക് വല്യമ്മയുടെ വീട്ടിൽ പാർക്ക് ചെയ്താണ് അവർ കോളജിലേക്ക് പോകാറുള്ളത്.... നീണ്ടു കിടക്കുന്ന ഷർട്ട്‌ന്റെ കൈ കൈമുട്ടിനൊപ്പം മടക്കി വെച്ച് തന്റെ കട്ടിക്കണ്ണട നേരെ വെച്ച് അക്ഷിത് അമിത് വരുന്നതും കാത്ത് നിന്നു.. അവൻ വന്നതും അവർ കോളേജിലേക്ക് നടന്നു... MSTM COLLEGE നീണ്ട വലിയ അക്ഷരങ്ങളോട് കൂടിയ കോളേജ് കവാടത്തിൽ തന്നെ ഫ്രഷേഴ്‌സിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനർ തൂക്കിയിട്ടുണ്ട്.. ആ ബാനർ പാർട്ടി വക ആയത് കൊണ്ട് തന്നെ താഴെ ചുവന്ന അക്ഷരങ്ങളിൽ DYFI എന്നും ചേർത്തിട്ടുണ്ട്..

ആ ബാനർ കെട്ടിയതിന് താഴെ ബൈക്കിൽ ചാരി ഇളിച്ചു കാണിച്ച് ഈശ്വർ നിൽക്കുന്നുണ്ട്.. അവന്റെ സ്വന്തം പാർട്ടി ആയത് കൊണ്ട് തന്നെ അവന്റെ പാല്പുഞ്ചിരിയും കാണിച്ച് ഫ്രഷേഴ്‌സിനെ സ്വാഗതം ചെയ്യുകയാണ്.. അമിതിനെയും അക്ഷിതിനെയും കണ്ടതും അവൻ ഇളിച്ചു കൊണ്ട് കൈ വീശി.. "എന്തോന്നെടേയ് ഇത്.. ഫുൾ ക്ലോസ് അപ്പ് ആണല്ലോ.. ഇതെന്താ കോൾഗേറ്റിന്റെ പരസ്യം വല്ലതും ആണോ.., " ഈശ്വറിന്റെ വയറ്റിൽ ഇടിച്ചു കൊണ്ട് അമിത് അവന്റെ ബൈക്കിൽ ചാരി നിന്നു.. ഈശ്വറിനോട്‌ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അക്ഷിത് ക്ലാസ്സിലേക്കെന്നും പറഞ്ഞ് നടന്നു പോയി.. "എടാ... നിനക്കെന്റെ അത്രയും ബുദ്ധി ഇല്ലല്ലോ.. ദേ ഇങ്ങനെ പ്രസന്ന വദനത്തോടെ ഫ്രഷേഴ്‌സിന് മുന്നിൽ നിൽക്കണം.. എന്നാലേ ഇനി ഇലക്ഷൻ വരുമ്പോൾ അവരീ സുന്ദര മുഖം ഓർക്കൂ.. കേട്ടോ " "ഓ.. കാഞ്ഞ ബുദ്ധി.. നീ ഇങ്ങനെ ഇളിച്ചു നിന്നിട്ടൊന്നും കാര്യമില്ല..

ഇളി അല്ല പ്രധാനം.. പ്രവർത്തിയാണ്.. കേട്ടോ സഖാവേ " "അത് ഉണ്ടല്ലോ... ഇല്ലെന്ന് നീ പറയോ.." "ഹമ്മോ അങ്ങനെ പറഞ്ഞില്ല.. നീ ചൂടാവല്ലേ... വാ നമുക്ക് കുറെ ജോലികൾ ഉണ്ട്.. ടൂർണമെന്റ് തുടങ്ങാൻ ആയില്ലേ " "ഹാ.. ഞാനത് പറയാൻ വന്നതാ.. ഇത്തവണ ആ ജെംസിലെ പിള്ളേർ കച്ച കെട്ടി ഇറങ്ങിയിരിക്കാ.. കപ്പ് കൊണ്ടേ പോകൂ എന്ന വാശിയിലാ.. " "അതൊക്കെ നമുക്ക് നോക്കാ.. നീ വാ.. " "മ്മ്മ്മ്... അമിതേ... " സ്വരം മാറ്റിപ്പിടിച്ച് മൂളിപ്പാട്ട് പാടി തലയാട്ടി ഈശ്വർ അവനെ നോക്കി.. എന്താ സംഭവം എന്നറിയാൻ അമിത് തല ചെരിച്ച് നോക്കി.. "ഇവളോ... " "മ്മ്മ്.. ലവള് തന്നെ... ഞാൻ പറഞ്ഞില്ലേ ഇത് മറ്റേത് തന്നെ.. " ഈശ്വറിനെ നോക്കി കണ്ണുരുട്ടി കൊണ്ട് മുന്നോട്ടു നോക്കി അമിത് പുഞ്ചിരി വരുത്തി.. "ഹായ് അമിത്.. " "ഹായ്.........?? " "ലീന മാത്യു " പേര് മറന്ന പോലെ ഈശ്വറിനെ നോക്കിയതും ലീനയെ നോക്കി മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഇളിക്കുന്നതിനിടയിൽ ഈശ്വർ പേര് പറഞ്ഞു.. "ഇപ്പൊ വരാണോ " "ഏയ്‌.. അല്ല.. ഞങ്ങൾ ഇവിടെ മൂന്നാല് കൊല്ലമായി പഠിക്കുന്നു " ഇളിച്ചു കൊണ്ട് ഈശ്വർ പറഞ്ഞതും ലീനയും ചിരിച്ചു..

ഇടം കണ്ണാൽ തന്നെ തന്നെ നോക്കുവാണ് അവളെന്ന് മനസ്സിലായതും അമിത് ഈശ്വറിനെ തള്ളിക്കൊണ്ട് മുന്നോട്ടു നടന്നു.. "ഡാ.. നീയല്ലേ പറഞ്ഞേ നിനക്ക് പ്രിൻസിയെ കാണാൻ ഉണ്ടെന്ന്.. ഇപ്പൊ ബെൽ അടിക്കും.. വാ നടക്ക്.. അപ്പൊ ലീനാ പിന്നെ കാണാം ട്ടോ.." ഞാൻ എപ്പോ പറഞ്ഞെന്ന ഭാവത്തിൽ അന്തം വിട്ട് നിൽക്കുന്ന ഈശ്വറിനെ ഉന്തി കൊണ്ട് അമിത് കോളേജിന് അകത്തേക്കുള്ള പാതയിലൂടെ നടന്നു... "എടാ.. തിരിഞ്ഞു നോക്കിയേ.. അവൾ അവളുടെ ഡിപ്പാർട്ട്മെന്റിലേക്ക് പോകാതെ നിന്നെയും നോക്കി നിൽക്കുന്നുണ്ടാവും.. " "മിണ്ടാതെ നടക്കെടാ " അവന്റെ കഴുത്തിന് പിന്നിൽ പിടിച്ച് ഉന്തി കൊണ്ട് അമിത് മെല്ലെ തല പിന്നിലേക്ക് ചെരിച്ചു. ഉടൻ തന്നെ മുന്നോട്ട് നോക്കി വേഗത്തിൽ നടന്നു. 'ഹോ.. ഇവളിത് എന്തിനുള്ള പുറപ്പാടാണ്.. ഈ തെണ്ടി പറഞ്ഞ പോലെ മരംചുറ്റി പ്രേമം വല്ലതും ആയിരിക്കുമോ... മ്മ്മ്... എന്നാ ആ മോള് വിവരം അറിഞ്ഞത് തന്നെ... '

പൂത്തുലഞ്ഞു നിൽക്കുന്ന ചീമ മരത്തെ ചുറ്റി കോളേജ് പടികളെ ലക്ഷ്യം വെക്കാൻ നേരം ഒന്നൂടെ തല ചെരിച്ചു നോക്കിയപ്പോൾ അപ്പോഴും ലീന അവനെയും നോക്കി അവളുടെ ഡിപ്പാർട്ട്മെന്റിലേക്ക് നടക്കുന്നതും ചിരിക്കുന്നതും അവൻ കണ്ടു... സംഗതി പുലിവാലാകുമെന്ന് അവൻ മനസ്സിൽ കണക്ക് കൂട്ടി.... ചീമ മരം കോളേജിന് നേരെ മുന്നിൽ തന്നെയാണ്... വട വൃക്ഷം പോലെ തണലേകി പച്ചപ്പ് ചാർത്തി നിൽക്കുന്നത് കോളേജിന് ഭംഗി കൂട്ടുന്നുണ്ട്... മരത്തിനു ചുറ്റും ഇരിക്കാനുള്ള ഇരിപ്പിടം ഉണ്ട്..... അമിതും ഈശ്വറും എപ്പോഴും ഇരിക്കുന്ന സ്ഥലമാണത്... മൂന്നാല് പടികൾ കയറി കഴിഞ്ഞാൽ ഇരു വശങ്ങളിലേക്കും നീണ്ടു കിടക്കുന്ന വരാന്ത കാണാം.. നേരെ മുന്നിൽ വലിയൊരു ഹാളും അതിന് ഒത്ത നടുവിലായി മുകളിലെ നിലയിലേക്ക് പോകാനായി സ്റ്റെയർകയ്‌സും... ഇടത്തേ വശത്തെ വരാന്തയിലൂടെ അമിതും ഈശ്വറും നടന്നു.. ഒരു നീളം നടന്ന് വലത്തേ ഭാഗത്തെ വാതിൽ കടന്നാൽ പുറത്തേക്കുള്ള വഴി കാണാം..

അതിലെ പോയാൽ നേരെ ചെന്നെത്തുന്നത് പാർട്ടി പ്രവർത്തനങ്ങൾക്കും കോളേജ് പ്രവർത്തനങ്ങൾക്കും ഒഴിഞ്ഞു കൊടുത്ത ചെറിയ മൂന്നാല് റൂമുകൾ ചേർന്ന ഏരിയയിലേക്കാണ്..ആ റൂമുകൾക്ക് പിറകിലാണ് കോളേജ് ഗ്രൗണ്ട്... ഗ്രൗണ്ടിലേക്കെത്താൻ മെയിൻ റൂട്ട് ഇതിലൂടെ അല്ലെങ്കിലും അമിതിന്റെ സ്ഥിരം വഴി ഇതാണ്.. കോളേജിലേക്ക് ധരിച്ചെത്തിയ വസ്ത്രം അവിടെയുള്ള റൂമിൽ നിന്ന് ചേഞ്ച്‌ ചെയ്ത് ജെയ്‌സി എടുത്തണിഞ്ഞവൻ കളത്തിലിറങ്ങും... എന്നും വൈകീട്ട് ഗ്രൗണ്ടിൽ ഇറങ്ങാതെ അവൻ വീട്ടിലേക്ക് തിരിക്കാറില്ല.. അമിത് കളിക്കുന്ന സമയം ഈശ്വറും അക്ഷിതും കൂടെ ഉണ്ടാവും. പടിക്കെട്ടിൽ ഇരുന്ന് അക്ഷിത് പുസ്തകങ്ങളിൽ കണ്ണോടിക്കുമ്പോൾ ഈശ്വർന്റെ ശ്രദ്ധ കളി കാണാൻ വരുന്ന കിളികളിൽ ആയിരിക്കും.... "ഗ്രൗണ്ട് ഒന്ന് ശെരിയാക്കി എടുക്കണം.. അല്ലെ ഡാ " ഗ്രൗണ്ടിലേക്കിറങ്ങുന്ന സ്റ്റെപ്പിൽ നിന്ന് മൊത്തം വീക്ഷിച്ചു കൊണ്ട് ഈശ്വർ പറഞ്ഞു..

"ഹാ.. അടുത്ത ആഴ്ചയല്ലേ ടൂർണമെന്റ്.. അതിന് മുൻപ് ശെരിയാക്കാം.. ഇന്ന് നല്ലൊരു ടീമിനെ വാർത്തെടുക്കണം.. അതിന് ആദ്യം ഫ്രഷേഴ്‌സിന്റെ അടുത്ത് പോകണം.. ഒരോ ക്ലാസ്സിലും ചെന്ന് താല്പര്യമുള്ള കുട്ടികളുടെ ലിസ്റ്റ് വാങ്ങണം.. താല്പര്യം ഉള്ളവരോട് വൈകുന്നേരം ഗ്രൗണ്ടിൽ എത്താൻ പറയണം.. ഇതിനൊക്കെ മുൻപ് പ്രിൻസിയുടെ സമ്മതം വാങ്ങണം.. " "ഹഹഹ.. അത് ഈസി അല്ലെ.. നീ ചെന്ന് നിന്ന് കാര്യം അവതരിപ്പിച്ചാൽ.. അതിനി എന്ത് ഏടാകൂടം ആണേലും കണ്ണുമടച്ച് പ്രിൻസി സമ്മതിക്കും..." "പിന്നേ...ഞാൻ എന്ത് പറഞ്ഞാലും എനിക്ക് സമ്മതം തരാൻ പ്രിൻസിയുടെ തലക്ക് ഓളം ഒന്നുമില്ല.. ഇപ്രാവശ്യം ടൂർണമെന്റ് നടത്താൻ സമ്മതം നൽകുമോ എന്നത് സംശയമാണ്.. കഴിഞ്ഞ പ്രാവശ്യം മറ്റവന്മാർ നമ്മുടെ കോളേജിൽ വന്ന് തല്ലുണ്ടാക്കിയത് പ്രിൻസി മറന്നിട്ടുണ്ടാവില്ല.. " "അതൊക്കെ നീ നോക്കിക്കോ... നീ വാ.. നമുക്ക് ആദ്യം പ്രിൻസിയെ ചെന്ന് കാണാം..

എന്നിട്ട് കുട്ടികളെ തപ്പാം.. ഹോ.. ഇന്നും ക്ലാസ്സിൽ കയറേണ്ട.. " "അതിന് നീയെന്നാ ക്ലാസ്സ്‌ കണ്ടിട്ടുള്ളത്. പാർട്ടി പേര് പറഞ്ഞ് പുറത്ത് വായിനോക്കി നടക്കലല്ലേ നിന്റെ മെയിൻ ഹോബി.. " ഈശ്വർ ഇളിച്ചു കൊടുത്ത് അമിതിന് മുന്നിലായി നടന്നു... ഗ്രൗണ്ടിന്റെ ഇടത്ത് വശത്ത്‌ കാണുന്ന ഇടയിലൂടെ നടന്നാൽ ഡിഗ്രി ഡിപ്പാർട്ട്മെന്റിലേക്കെത്തും...അമിതിന്റെ ഡിപ്പാർട്ട്മെന്റിന് അരികിലെ കെട്ടിടത്തിലാണ് പ്രിൻസിയുടെ ഓഫിസ് റൂം.. ക്ലാസ്സിൽ കയറാതിരിക്കാനുള്ള അവരുടെ സ്ഥിരം വേലയാണ് ഈ കോളേജ് ചുറ്റൽ.. അവരുടെ ഡിപ്പാർട്ട്മെന്റ് വഴി ഗ്രൗണ്ടിൽ കയറി ഇടയിലെ വഴിയിലൂടെ ഡിഗ്രി ഡിപ്പാർട്ട്മെന്റിലെത്തും...ഡിഗ്രി ക്ലാസ്സുകൾക്ക് മുന്നിലാണ് ഇടതൂർന്ന് നിൽക്കുന്ന പൈൻ മരങ്ങളും അപ്പുറത്തെ സൈഡിലായി വാക മരങ്ങളും അവക്കിടയിൽ ഉള്ള ഇരിപ്പിടങ്ങളും.... അവക്ക് സമീപം നിരനിരയായ് പാർക്ക് ചെയ്ത ഇരു ചക്ര വാഹനങ്ങളും കാണാം...

ഡിഗ്രി ഡിപ്പാർട്ട്മെന്റിന്റെ കെട്ടിടത്തിന് മുന്നിലൂടെ അമിതും ഈശ്വറും നടന്നു... ഈശ്വർ ഫ്രഷ് കിളികളെ നോക്കി ഇളിക്കുന്ന തിരക്കിൽ ആയിരുന്നെങ്കിൽ അമിതിന്റെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു.. ലീന മാത്യു എങ്ങാനും ഉണ്ടോ എന്ന്... ഈശ്വർ പറഞ്ഞത് പോലെ അവൾക്കിത്തിരി ഇളക്കം തുടങ്ങിയിട്ടുണ്ടെന്ന് അവന് മനസ്സിലായിട്ടുണ്ട്... "ഡാ... നോക്ക്... " അമിതിനെ തോണ്ടി വിളിച്ച് ഈശ്വർ വാകമരങ്ങൾക്ക് നേരെ ചൂണ്ടി.. "എന്താ... അവിടെ ആരെയും കാണുന്നില്ലല്ലോ.. പിന്നെ എന്ത് നോക്കാനാ നീ പറഞ്ഞേ " ബെൽ അടിച്ചത് കൊണ്ട് തന്നെ ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങൾ നോക്കി അമിത് പറഞ്ഞു.. "അതല്ല പൊട്ടാ.. ഞാൻ പറയാൻ വന്നത്.. നമ്മുടെ മഹിയെയും കൂട്ടരെയും കാണുന്നില്ലല്ലോ.. അല്ലേൽ ഈ സമയമൊക്കെ അവിടെ പുല്ലും ചവച്ച് ഇരിക്കുന്നുണ്ടാവും.." "പുല്ല്... " "ച്യുയിങ്കം "

സംശയത്തോടെയുള്ള അമിതിന്റെ ചോദ്യത്തിന് ഈശ്വർ ഇളിച്ചു കാണിച്ചു കൊണ്ട് മറുപടി കൊടുത്തു.. "അവന്മാർ അങ്ങനെ ഒന്നും പേടിച്ചോടില്ല... ഇന്നലെ സകല പിള്ളേരുടെ മുന്നിലും നാണം കേട്ടതല്ലേ..അതായിരിക്കും ഇന്ന് വരാത്തത്.. " "മ്മ്.. ഇനി വരുന്നത് ചിലപ്പോൾ രണ്ടും കൽപ്പിച്ചായിരിക്കും.. നിനക്കിട്ടൊരു ഉഗ്രൻ പണി മെനയുന്നുണ്ടാവും.. " "ഓ.. അവരെന്താണെന്ന് വെച്ചാ ചെയ്യട്ടെ.. എന്റെ കയ്യിന്റെ ചൂട് ഇനീം അറിയണമെങ്കിൽ വരട്ടെ ഇങ്ങോട്ട്.... നീ അവരുടെ കാര്യം വിട്.. നമുക്ക് പ്രിൻസിയെ കാണാൻ പോകാം.. " പ്രിൻസിയുടെ ഓഫിസ് മുറിയുടെ മുന്നിൽ എത്തിയതും ഈശ്വർ അർത്ഥം വെച്ച് ച്ചിരിക്കാൻ തുടങ്ങി.. അവനെ നോക്കി പേടിപ്പിച്ച് അമിത് ഡോർ തുറന്നു... "മേം... മെ ഐ കം ഇൻ...?? " "ഓഹ്.. അമിത്.. വരൂ... " ചിരിച്ചു കൊണ്ട് പ്രിൻസി അവനെ വിളിച്ചതും അവൻ മുന്നോട്ടു ചെന്നു.. "മേം.. അത്.. അടുത്ത ആഴ്ച ടൂർണമെന്റ് തുടങ്ങുന്നുണ്ട്..

അതിനായി ഫ്രഷേഴ്‌സിൽ നിന്ന് താല്പര്യവും അഭിരുചിയുമുള്ള കുട്ടികളെ സെലക്ട് ചെയ്യണം.. സോ.. ഞങ്ങൾ ഡിഗ്രി ഡിപ്പാർട്ട്മെന്റിൽ കയറി ലിസ്റ്റ് എടുത്തോട്ടെ... " "ഒഫ്‌കോഴ്സ്.. അതിനെന്താ.. അമിത്.. നീ ഈ കോളേജിന്റെ മുഴുവൻ ഡിപ്പാർട്ട്മെന്റ്സ് ന്റെയും ചെയർമാൻ ആണ്.. സോ നിനക്ക് ഏത് ഡിപ്പാർട്ട്മെന്റിലേക്കും എപ്പോൾ വേണമെങ്കിലും കയറി ചെല്ലാം.. " "താങ്ക്സ് മേം.. " "ഹാ.. പിന്നെ.. കഴിഞ്ഞ വർഷത്തെ പോലെ മറ്റ് കോളേജിലെ പിള്ളേർ വന്ന് അടി ഉണ്ടാക്കാതെ നോക്കണം." "അത് ഞാൻ ശ്രദ്ധിച്ചോളാം മേം.. " നിറഞ്ഞ സന്തോഷത്തോടെ അമിത് ഈശ്വറിനോടൊപ്പം പുറത്തേക്ക് കടന്നു... "ഞാൻ പറഞ്ഞില്ലേ പ്രിൻസി കണ്ണുമടച്ച് സമ്മതിക്കുമെന്ന് .. എടാ.. ഞാൻ കാര്യം പറയാണ്. ആ പ്രിൻസിയുടെ നോട്ടവും ചിരിയും..... " ഈശ്വർ മുഴുവനാക്കും മുൻപ് അമിത് അവനെ ഒരു നോട്ടം നോക്കിയതും അവൻ വാക്കുകൾ വിഴുങ്ങി... "എടാ... "

"ശ്ശ്.. മിണ്ടരുത്.. ആ ലീനക്ക് എന്നോട് പ്രേമം ഉണ്ടെന്ന് പറഞ്ഞ് എന്നെ കൊണ്ട് അവളെ നോക്കിപ്പിച്ചു... ഞാൻ നോക്കുന്നത് കാരണം അവൾക് തോന്നിയിട്ടുണ്ടാവും എനിക്ക് അവളോട് പ്രേമം ആണെന്ന്.. ദേ ഇപ്പൊ പ്രിൻസി... നിന്നെ ഞാൻ... " അമിത് ഈശ്വറിന്റെ ബെൽറ്റിൽ കൈ വെച്ച് ചുമരിനോട് ചേർത്ത് വെച്ച് പറഞ്ഞതും ഈശ്വർ അവന്റെ പിടിയിൽ നിന്നും കുതറി മാറി.. "ഞാനെയ്... സത്യം മാത്രമെ പറയൂ.. ആ ലീനക്ക് നിന്നോട് പ്രേമം തന്നെയാണ്.. പിന്നെ പ്രിൻസി.. അവർക്കും നിന്നോട് എന്തോ ഉണ്ട്... സംശയമുണ്ടെങ്കിൽ നീ ഒന്ന് തിരിഞ്ഞു നോക്ക്.. പ്രിൻസി നീ പോയ വഴിയേ നോക്കി ചിരിച്ച് നിൽക്കുന്നുണ്ടാവും... " "ഡാ.... " ഈശ്വറിനെ വീണ്ടും പിടിക്കാൻ നിന്നതും അവൻ ഓടി പോയി . അവന്റെ പിറകെ അമിത് പോകാൻ നിന്നതും ഒരു നിമിഷം അവൻ കാലുകൾ അമർത്തി നിന്നു.. പിന്നെ ഒരടി പിറകിലേക്ക് വെച്ച് പാതി തുറന്ന ജനാലയിലൂടെ അകത്തേക്ക് നോക്കി... ആ സമയം വാതിലിന്റെ ഭാഗത്തേക്ക് നോക്കി ഏതോ ലോകത്തിലെന്ന പോലെ ചിരി തൂകി ഇരിക്കുന്ന അനിഘ മേമിനെ കണ്ടതും അമിത് കണ്ണും മിഴിച്ച് നോക്കി നിന്നു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story