ആത്മരാഗം💖 : ഭാഗം 30

athmaragam thanseeh

രചന: തൻസീഹ് വയനാട്

അമിത് തല്ലിയ കവിളിലെ വേദന മാറും മുൻപ് അവന്റെ ഏട്ടനും ഉപദ്രവിക്കാൻ വരികയാണോ എന്ന സംശയം ഒരോ നിമിഷവും അനിയിൽ വർധിച്ചു.. പിറകോട്ട് നീങ്ങി നടന്ന അനി തൂണിൽ മുട്ടി നിന്നതും ഒരു ഭയത്തോടെയവൾ തന്റെ കണ്ണുകൾ പിന്നിലേക്ക് ചലിപ്പിച്ചു.. ഇനി നീങ്ങാൻ ഇടമില്ലെന്നറിഞ്ഞ അവൾ ചുരിദാറിൽ ഇരു കൈകളും മുറുകെ പിടിച്ച് തന്റെ മുന്നിൽ വന്ന് നിൽക്കുന്ന അക്ഷിതിനെ തെല്ല് ഭയത്തോടെ നോക്കി... പിന്നെയവളുടെ കണ്ണുകൾ ചുറ്റും ചലിച്ചു.. അടുത്തെങ്ങും ആരും ഇല്ലെന്നവൾക്ക് ബോധ്യമായതും അവളുടെ കണ്ണിലെ ഭയം വർധിച്ച് പതിയെ ദയനീയ ഭാവത്തിലേക്ക് നീങ്ങി.. ദയനീയതയോടെ അക്ഷിതിന്റെ കണ്ണുകളിലേക്ക് നോക്കിയതും അക്ഷിത് വലത് കാൽ ഒന്നൂടെ അനിയുടെ അടുത്തേക്ക് നീക്കി വെച്ച് അവൾക്ക് നേരെ തന്റെ വലത് കരം ഉയർത്തി . തല്ലാനാണോ എന്ന് കരുതി കണ്ണടച്ച് പേടിച്ചിറുകിയ അനിയുടെ കവിളിൽ അക്ഷിത് മെല്ലെ കൈവെച്ചു... നീര് വന്ന് തുടങ്ങിയ ചുവന്ന കവിളിൽ അക്ഷിതിന്റെ കര സ്പർശം അനുഭവപ്പെട്ടതും അനി പതിയെ അവളുടെ കണ്ണുകൾ തുറന്നു.....അവന്റെ കണ്ണുകളിൽ ഈറനായത് അനി ശ്രദ്ധിച്ചു.....

അവളുടെ കവിളിൽ നോക്കി വേവലാതിയോടെ പതിയെ തടവുന്ന അക്ഷിതിനെ കണ്ടതും അവളുടെ കണ്ണുകൾ വികസിച്ചു... വിശ്വാസം വരാതെ അവൾ അവനെയും അവന്റെ കരങ്ങളെയും മാറി മാറി നോക്കി.. അതിനിടെ വേദന കൂടിയ ഭാഗത്തേക്ക് അക്ഷിതിന്റെ വിരലുകൾ ചലിച്ചതും വേദന കൊണ്ട് അനി മുഖം ചുളിച്ചു.. ആ നിമിഷം തന്നെ അക്ഷിത് തന്റെ കയ്യിൽ കരുതിയ ഐസ് ബാഗ് അവൾക്ക് നേരെ നീട്ടി... ഐസ് ബാഗിലേക്കും അവനിലേക്കും കണ്ണും നട്ട് അനി നിന്നു.. വാങ്ങിക്ക് എന്ന് കണ്ണുകൾ കൊണ്ട് അക്ഷിത് ആംഗ്യം കാണിച്ചതും അനി അത് വാങ്ങി.. അനി വാങ്ങിയെന്ന് ഉറപ്പായതും അക്ഷിത് വേഗത്തിൽ തിരിച്ചു നടന്നു... തന്നോടൊരു വാക്കും മിണ്ടാതെ പോകുന്ന അക്ഷിതിനെ നോക്കി നിന്ന അനി വേഗത്തിൽ അവന്റെ പിറകെ നടന്ന് അവന്റെ വഴിയിൽ തടസ്സമായി കയറി നിന്നു. "അക്ഷിത് ചേട്ടാ.. സോറി... ഞാൻ... ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതാ അമിത് ചേട്ടനോട് അങ്ങനൊക്കെ.. അല്ലാതെ എന്റെ മനസ്സിൽ ഒന്നുമില്ല.. അമിത് ചേട്ടനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി...... പക്ഷേ ചേട്ടൻ അടിക്കുമെന്ന് കരുതിയില്ല..... " കവിളിൽ കൈ വെച്ച് അവൾ അക്ഷിതിനോട് പറഞ്ഞതും അക്ഷിത് അവളെ വാത്സല്യത്തോടെ നോക്കി..

ചെറു പുഞ്ചിരിയാൽ അവളുടെ കവിൾ ഒന്നൂടെ തലോടി... "അറിയാം... സാരമില്ല " വെറും രണ്ട് വാക്കുകൾ കൊണ്ട് തന്റെ മുന്നിൽ അങ്ങേ അറ്റം വാത്സല്യത്തോടെ നിൽക്കുന്ന അക്ഷിതിനെ നോക്കി അനി സന്തോഷത്താൽ കണ്ണ് നിറച്ചു.. തിരികെ നടന്ന് പോകുന്ന അക്ഷിതിൽ നിന്നും കണ്ണെടുക്കാതെ അവൾ നോക്കി.. തന്റെ ആരൊക്കെയോ ആണ് അക്ഷിത് എന്ന തോന്നൽ അവളിൽ ഉണ്ടായി.. അവന്റെ സ്നേഹവും കരുതലും വാത്സല്യവും അനുഭവിച്ചറിഞ്ഞ അവൾ മനസ്സിൽ അക്ഷിതിന് ഏട്ടന്റെ സ്ഥാനം നീക്കി വെച്ച് കഴിഞ്ഞിരുന്നു..... അതേ സമയം.... അനിയെ കാണാതെ അവളെ തിരഞ്ഞിറങ്ങിയ ആര്യ നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന അനിയിലും അവളിൽ നിന്ന് നടന്നു നീങ്ങുന്ന അക്ഷിതിലേകുമാണ്... അമിതിനോടുള്ള ദേഷ്യം മനസ്സിൽ നിന്നും മാഞ്ഞു പോകാത്തതിനാൽ തന്നെ ആ രംഗം കണ്ടതും അവളിലെ ദേഷ്യം നുരഞ്ഞു പൊന്തി...... "ഡാാാാ.... " ദേഷ്യത്തോടെ അവനെ വിളിച്ചു കൊണ്ട് അനിയെ മറി കടന്ന് ആര്യ മുന്നോട്ടു കുതിച്ചു...

ശബ്ദം കേട്ട് അക്ഷിത് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്റെ നേരെ പാഞ്ഞടുക്കുന്ന ആര്യയെ ആണ്.. ഒട്ടും പതറാതെ പുഞ്ചിരി കൈവിടാതെ അവൻ തിരിഞ്ഞു നിന്നു..... "അനിയന്റെ ഗുണ്ടായിസം കഴിഞ്ഞ് ഇനി അടുത്തത് ഏട്ടനാണോ.. അതോ അനിയൻ പറഞ്ഞു വിട്ടതാണോ.. ഇനിയും എന്റെ അനിയെ വേദനിപ്പിക്കാൻ ആണ് ഏട്ടന്റെയും അനിയന്റെയും പ്ലാൻ എങ്കിൽ രണ്ടു പേരെയും ഒതുക്കി നിർത്താനും ഈ ആര്യക്കറിയാം.. " "വാവീ.... വേണ്ട.. നീ വാ.. " "വിട് അനീ... രണ്ട് വാക്ക് ഇവനോട് പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല.. എന്റെ കൈ തരിച്ചു വരുന്നുണ്ട്... വീണ്ടും കരയിക്കാൻ വന്നിരിക്കാ അവൻ... ഇവനെയൊക്കെ ..... " സംഗതി പിടുത്തം വിട്ടെന്നും ഇനിയും വൈകിയാൽ ആര്യയുടെ കൈകൾ അക്ഷിതിന് മേൽ പതിയുമെന്നും മനസ്സിലാക്കിയ അനി ഉറഞ്ഞു നിൽക്കുന്ന ആര്യയെ പിടിച്ചു വലിച്ച് കൊണ്ട് പോയി... അനി നടന്ന കാര്യം എത്ര പറഞ്ഞിട്ടും ദേഷ്യം ആളിക്കത്തി നിൽക്കുന്ന ആര്യ ഒന്നും കേട്ടില്ല.... ഒരു വിധം അവളെ അടക്കി കൈ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നതിനിടെ അനി തിരിഞ്ഞു നോക്കി.. അപ്പോഴും പുഞ്ചിരിയോടെ അവിടെ നിൽക്കുന്ന അക്ഷിതിനെ നോക്കി സോറി എന്ന് മെല്ലെ ചുണ്ടുകൾ കൊണ്ട് പറഞ്ഞതും സാരമില്ലെന്ന അർത്ഥത്തിൽ കണ്ണുകൾ ചിമ്മി തുറന്നു കൊണ്ട് അക്ഷിത് അവിടെ നിന്നും പോയി.. ************

അമിതിനൊപ്പം അക്ഷിത് വല്യമ്മയുടെ വീട്ടിലേക്ക് നടന്നു.. നടക്കുന്നതിനിടയിൽ അക്ഷിത് അമിതിനെ തല ചെരിച്ചു നോക്കിയെങ്കിലും എന്തൊക്കെയോ ചിന്തയിലാണ്ട അമിത് തിരിച്ച് നോക്കാതെ ഒന്നും മിണ്ടാതെ നടന്നു... വീട്ടിലെ സിറ്റൗട്ടിൽ കയറി ഇരുന്ന അമിതിന് തൊട്ടടുത്ത് തന്നെ അക്ഷിതും ഇരുന്നു.. കുറച്ചു നേരം അങ്ങനെ ഇരുന്ന അമിത് അക്ഷിത് തന്നെ തന്നെയാണ് നോക്കുന്നതെന്ന് മനസ്സിലാക്കി മുഖം അവന് നേരെ തിരിച്ചു.... പിന്നെ വീണ്ടും മുഖം താഴ്ത്തി ഇരുന്ന് പല്ലിറുമ്പി കൊണ്ട് പറഞ്ഞു.. "രണ്ടു പേരെയും ഞാൻ വെറുതെ വിടില്ല.. അത്രയും കുട്ടികളുടെ മുന്നിൽ വെച്ചാണ് അവരെന്നെ നാണം കെടുത്തിയത്.. എന്റെ ഇമേജ് പാടെ തകർത്തു... വിടില്ല അവളെ ഞാൻ.. " ദേഷ്യത്തോടെയുള്ള അമിതിന്റെ വാക്കുകൾക്ക് ഒരു പൊട്ടിച്ചിരി ആയിരുന്നു അക്ഷിതിന്റെ മറുപടി... ഏട്ടന്റെ ചിരി കേട്ട് അമിത് തല ചെരിച്ച് എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി.. "അമീ.. ദേ നോക്ക്.. അവർ രണ്ടു പേരും പാവം പെൺകുട്ടികളാണ്.. അനിരുദ്ര.. അവൾ തീർത്തും നിഷ്കളങ്കയാണ്..നീ കരുതും പോലെ ഒന്നുമല്ല കാര്യങ്ങൾ..... പിന്നെ..പെൺകുട്ടികൾക്ക് നേരെയുള്ള നിന്റെ വീറും വാശിയും ഒന്നും നല്ലതല്ല.. ഇനി ഒരിക്കലും ഒരു പെണ്ണിന് നേരെയും നീ കൈയോങ്ങരുത്...

നമ്മുടെ അമ്മ ഇതറിഞ്ഞാൽ എത്രത്തോളം സങ്കടപെടുമെന്ന് ആലോചിച്ചിട്ടുണ്ടോ നീ... മറ്റാരെ വേണെങ്കിലും നീ എന്തും ചെയ്തോ.. പക്ഷേ.. പെണ്ണിന് നേരെ ഒരു അക്രമം... അത് വേണ്ട.. " തന്റെ വലത്തേ കയ്യിൽ കൈ കോർത്ത് കണ്ണുകളിൽ നോക്കി പറഞ്ഞ അക്ഷിതിന്റെ വാക്കുകൾക്ക് മൗനമായിരുന്നു അമിതിന്റെ മറുപടി.. "വാക്ക് താ അമീ.. ഇനി ഒരിക്കലും പെണ്ണിന് നേരെ വാക്ക് കൊണ്ട് പോലും അക്രമം ചെയ്യില്ലെന്ന്.. " മലർത്തി പിടിച്ച കൈ അമിതിന് നേരെ നീട്ടിയതും അമിത് അക്ഷിതിന്റെ മുഖത്തേക്ക് നോക്കി.. മറുത്തൊന്നും ഏട്ടനോട് പറയാൻ കഴിയാത്തത് കൊണ്ട് തന്നെ അമിത് തന്റെ കൈ ഏട്ടന്റെ കയ്യിൽ വെച്ച് ഇനിയൊരിക്കലും അവന്റെ ഭാഗത്ത്‌ നിന്ന് അത്തരമൊരു പ്രവർത്തി ഉണ്ടാവില്ലെന്ന് വാക്ക് കൊടുത്തു.... അമിതിന്റെ തീരുമാനത്തിൽ സന്തോഷിച്ച അക്ഷിത് അവനെ വാരിപ്പുണർന്നു... "നീ ഇവിടെ നിന്നോ അമീ.. ഞാൻ വല്യമ്മയെ കണ്ട് വരാം.. ഇനി നിന്റെ ഈ മുറിവും ചതവും കണ്ടാൽ വല്യമ്മ വല്യച്ചനെ വിവരമറിയിക്കും..

വല്യച്ഛൻ അറിഞ്ഞാൽ ഇതിവിടം കൊണ്ടൊന്നും തീരില്ല.. തത്കാലം ആരും അറിയേണ്ട . നീ ഇവിടെ ഇരിക്ക്.. " അമിതിനെ പുറത്തിരുത്തി അക്ഷിത് അകത്തേക്ക് കയറി പോയി.. ഏട്ടന്റെ ഉപദേശങ്ങളും താൻ നൽകിയ വാക്കും ഓർത്ത് കൊണ്ട് അമിത് കണ്ണുകൾ അടച്ച് ചാരി ഇരുന്നു..... "എന്ത്... എന്റെ അനീ.. അടി കിട്ടിയപ്പോൾ നിന്റെ ബോധം പോയോ...." "വാവീ.. സത്യമാണ് ഞാൻ പറയുന്നത്... അക്ഷിത് ചേട്ടൻ ഒരു പാവമാണ്.. " "മതി അനീ.. എനിക്കാരേം വിശ്വാസമില്ല.. വിശ്വസിക്കുകയും ഇല്ല. എങ്ങനെയാണോ അനിയൻ അത് പോലെ തന്നെയായിരിക്കും ഏട്ടനും..പെണ്ണിനെ കൈ വെച്ചത് കൊണ്ട് പ്രശ്നം വഷളാവുമെന്ന് അവനറിയാം... ഏട്ടനെ ഒത്തു തീർപ്പിനയച്ചതാവും.. അവന്റെ ബുദ്ധി... " പുച്ഛത്തോടെയുള്ള ആര്യയുടെ വാക്കുകൾ കേട്ട് അനി തന്റെ കൈ നെറ്റിയിൽ അമർത്തി. അക്ഷിത് വന്നത് അവൾക്ക് ഐസ് ബാഗ് നൽകാനാണെന്നും അവൻ ഒരു പാവമാണെന്നും എത്ര പറഞ്ഞിട്ടും വിശ്വസിക്കാൻ ആര്യ കൂട്ടാക്കിയില്ല.. മാത്രമല്ല അമിതിനോടുള്ള തീർത്താൽ തീരാത്ത ദേഷ്യം ഇപ്പോൾ അവന്റെ സഹോദരൻ അക്ഷിതിലേക്കും വ്യാപിച്ചു.. "വാവീ.. നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് " "അനീ.. മിണ്ടാതെ വേഗം നടക്ക്..

വീട്ടിൽ ചെന്ന് അമ്മ കാണാതെ എങ്ങനെ കവിൾ കൊണ്ട് നടക്കുമെന്നതിനെ കുറിച്ച് ആലോചിക്ക്.. അല്ലാതെ അവന്മാരുടെ പേര് പറഞ്ഞ് എന്റെ പ്രഷർ കൂട്ടല്ലേ പ്ലീസ്.. " ആര്യയോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ അനി ഒന്നും മിണ്ടാതെ അവളോടൊപ്പം നടന്നു...... വീട്ടിലെത്തി ഗേറ്റ് കടക്കാൻ തുനിഞ്ഞ അനി വേഗം ഷാൾ കൊണ്ട് മുഖം മറച്ചു....പതിവ് പോലെ അവളുടെ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്.....ആര്യ അനിയുടെ അച്ഛനെ ഒന്ന് കൈ വീശി കാണിച്ച ശേഷം തന്റെ വീട്ടിലേക്കു കയറി....വേഗം ഫ്രഷ് ആയി ഇറങ്ങിയ ആര്യയെ പെട്ടെന്ന് രണ്ടു കൈകൾ പിന്നിൽ നിന്നും പുണർന്നു..... "വാവീ.....വീട്ടിൽ രണ്ടു പേരും ഉറഞ്ഞു തുള്ളുന്നുണ്ട്,,, ഉള്ള ജീവനും കൊണ്ട് ഓടി വന്നതാ ഞാൻ....." "അങ്കിൾ നിന്റെ മുഖം കണ്ടോ...??" "കണ്ടോ എന്നോ....എന്ത് കുരുത്തക്കേട് ഒപ്പിച്ചാ കള്ളിയെ പോലെ മുഖം മറച്ചു വരുന്നേ എന്നും ചോദിച്ചോണ്ട് ഷാൾ ഒറ്റ വലി,,,,ഇതിങ്ങനെ വീർത്തു മത്തങ്ങാ വലിപ്പത്തിൽ നിൽകുവല്ലേ,,,,പിന്നെ ചോദ്യമായി,,ഉത്തരമായി,,,ചൂരൽ എടുക്കലായി,,,, അടിക്കലായി,,,, തടുക്കലായി,,,,ഞാനിറങ്ങി ഓടലായി....." അനിക്കു എല്ലാം നിസ്സാരമാണ്.....അവളുടെ കുട്ടിക്കളി വിടാത്ത സംസാരം കേട്ട് ആര്യക്കു ചിരി വന്നു....

"ആര്യാ.... ആ കുരുത്തം കേട്ടവളെ ഇങ്ങോട്ടു ഇറക്കി വിട്...... നാണമില്ലാതെ അടിയും വാങ്ങിച്ചോണ്ട് വന്നതല്ലേ,,,,അതിന്റെ ട്രോഫി ചൂടോടെ തന്നെ കൊടുക്കട്ടെ,,,,ഇല്ലെങ്കിൽ എന്റെ മോൾക്ക് സമാധാനം ഉണ്ടാവില്ല...." അനിയുടെ അച്ഛൻ ചൂരലുമായി അകത്തേക്ക് കയറി വന്നു..... "ദേ അച്ഛാ.....ഇനിയൊരു ട്രോഫി വാങ്ങിക്കാനുള്ള കെൽപ്പെനിക്കില്ലെന്നേയ്.....അടുത്ത പ്രാവശ്യം എന്തായാലും അച്ഛന്റെ അടുത്ത് നിന്നേ ഞാൻ ആദ്യം വാങ്ങിക്കുകയുള്ളൂ...." ഊരക്കു കൈ കൊടുത്തു കൊണ്ടുള്ള അനിയുടെ സംസാരം കേട്ടപ്പോൾ ആ അച്ഛന് ചിരിക്കണോ കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥയായി... "അധികപ്രസംഗീ......നിന്നെ ഞാൻ......." ചൂരൽ ഓങ്ങി കൊണ്ട് അവളുടെ നേരെ അടുത്തതും അവൾ ആര്യയുടെ പിന്നിൽ നിന്നും മുറ്റത്തേക്കൊരു ഓട്ടം വെച്ച് കൊടുത്തു.... "നീ വീട്ടിലോട്ടു തന്നെ വരുമല്ലോ.....എടുത്തോളാമെടീ...... " "വേണമെന്നില്ല......എന്റെ കാലിനു ഒരു കുഴപ്പവുമില്ല.....നിർബന്ധമാണെങ്കിൽ എടുക്കുന്നതിനു വിരോധവുമില്ല...."

കൊഞ്ഞനം കുത്തി കൊണ്ട് അവൾ മതിൽ ചാടി സ്വന്തം വീട്ടിലേക്ക് കയറി പോയി.... "അങ്കിൾ.....അവൾക്കൊരു പ്രശ്നവും വരാതെ ഞാൻ നോക്കിക്കോളാം....." എന്തൊക്കെയോ ആലോചിച്ചു നെഞ്ച് ഉഴിയുന്ന അനിയുടെ അച്ഛനോടായി ആര്യ പറഞ്ഞു... "എനിക്ക് അറിയാം.. എന്നും തണലായി അവൾക്കു നീയുണ്ടെന്നു,,,,,,പക്ഷെ അവൾ കാരണം നീയും വല്ല അപകടത്തിൽ ചെന്ന് ചാടുമെന്നാ ഇപ്പോഴുള്ള ഞങ്ങളുടെ ഭയം...അതൊരു ബെല്ലും ബ്രേക്കും ഇല്ലാത്ത സാധാനമാ....." മറുപടിയായി അവൾ ചിരിച്ചതെയുള്ളൂ....പിന്നെ അദ്ദേഹത്തിന്റെ കൂടെ വീടും പൂട്ടി ആര്യ അനിയുടെ വീട്ടിലേക്കു നടന്നു... ************ വല്യമ്മയുടെ വീട്ടിൽ അധികം തങ്ങാതെ അമിതും അക്ഷിതും വീട്ടിലേക്ക് തിരിച്ചു... വാതിൽ തുറന്ന പാടെ അമിത് വേഗത്തിൽ മുകളിലേക്ക് പോയി.. ആരും ഹാളിൽ ഇല്ലാത്തത് കൊണ്ട് തന്നെ അമിതിന് തനിക്ക് പറ്റിയ പരിക്ക് മറച്ചു പിടിക്കേണ്ടി വന്നില്ല.... അമിത് റൂമിൽ എത്തിയതും അക്ഷിത് വേഗം അടുക്കളയിൽ പോയി ചൂട് വെള്ളം എടുത്ത് മേലേക്ക് പോയി.....

"ഏട്ടാ.. അമ്മ എവിടെ.. " "അച്ഛൻ ഫോൺ വിളിക്കുന്നുണ്ട്.. അമനും അക്ഷരയും അമ്മയുടെ അടുത്തുണ്ട്.. അവർ വരുന്നതിന് മുൻപ് ഞാൻ ചൂട് പിടിച്ചു തരാം.. " തുണി ചൂട് വെള്ളത്തിൽ മുക്കി മെല്ലെ ചൂടാറ്റി കൊണ്ട് അക്ഷിത് അമിതിന്റെ നട്ടെല്ലിൽ ചൂട് പിടിപ്പിച്ചു... വേദന കൊണ്ട് അമിത് കണ്ണുകൾ ഇറുക്കി അടച്ച് കിടന്നു...ഊതി കൊണ്ടും ചൂട് പിടിപ്പിച്ചും അക്ഷിത് നീണ്ടു കിടക്കുന്ന അമിതിന് തൊട്ടരികെ ഇരുന്നു.... ഈ സമയം പെട്ടന്ന് വാതിൽ ആരോ തുറന്നു....വീട്ടിൽ അറിഞ്ഞാലുള്ള ഭവിഷ്യത്തു ഓർത്തു അവർ ഞെട്ടിപിടഞ്ഞു എണീറ്റ് ശബ്ദം കേട്ട് ഇരുവരുടെയും കണ്ണുകൾ അങ്ങോട്ട്‌ ചലിച്ചു.. വാതിൽക്കൽ നിൽക്കുന്ന രൂപത്തെ കണ്ട് അമിതും അക്ഷിതും പരസ്പരം നോക്കി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story