ആത്മരാഗം💖 : ഭാഗം 31

athmaragam thanseeh

രചന: തൻസീഹ് വയനാട്

വാതിലിൽ ഒരു കയ്യും മറ്റേ കൈ ഇടുപ്പിലും വെച്ച് പുരികം പൊക്കി ഇരുവരെയും നോക്കുന്ന ആ രൂപത്തെ കണ്ടതും അമിത് ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് കളിയാക്കും വിധത്തിൽ ചിരി കോട്ടി.... "നീയായിരുന്നോ... " തന്നെ നിസ്സാരമാക്കിയുള്ള അമിതിന്റെ സംസാരവും പുച്ഛിച്ചു കൊണ്ട് വീണ്ടും കമിഴ്ന്നു കിടന്ന അമിതിന്റെ പ്രവർത്തിയും അക്ഷരക്കുട്ടിക്കിഷ്ടമായില്ല.. സി ഐ ഡി കളെ പോലെ രണ്ടു പേരെയും മൊത്തത്തിൽ വീക്ഷിച്ചു കൊണ്ടവൾ ബെഡിൽ അമിതിനരികിൽ ചെന്നിരുന്ന് അക്ഷിത് ചൂട് പിടിച്ചു കൊടുക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു... "എന്ത്‌ പറ്റിയതാ... " മുതിർന്നവർ ചോദിക്കുന്ന പോലെ ഗൗരവം വിടാതെ അക്ഷര കുട്ടി ചോദിച്ചു.. "അടി കിട്ടിയതാ.. എന്താ രസിച്ചില്ലേ ..." "കിട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ.. മിക്കവാറും നാട്ടുകാർ പഞ്ഞിക്കിട്ടതാവും അല്ലേ.. " "അതേ ഡീ.. നാട്ടുകാർ പഞ്ഞിക്കിട്ടതാ.. ഇനി മൈക്കെടുത്ത് എല്ലാവരെയും അറിയിക്ക്... " ഇരുവരുടെയും കളിയാക്കി കൊണ്ടുള്ള സംസാരം ചിരിയോടെ ശ്രവിച്ച് അക്ഷിത് അമിതിന്റെ ഷോൾഡറിൽ വീക്കം കൂടിയ ഭാഗം മെല്ലെ തൊട്ടു നോക്കി...... "ഹാവൂ.. ഏട്ടാ... മെല്ലെ.. എന്തൊരു കയ്യൂക്കാ ആ പെണ്ണിനു......

കൈ പിടിച്ചു തിരിച്ചപ്പോൾ ഞാൻ കരുതി ഈ കൈ അവൾ പിഴുതെടുത്തെന്നു.... " തല പൊന്തിച്ച് തന്റെ ഷോൾഡറിൽ നോക്കി പല്ലിറുമ്പി കൊണ്ട് അമിത് പറഞ്ഞു..ആ സമയം അക്ഷിതിന്റെ നോട്ടം അക്ഷരയിലേക്കാണെന്നറിഞ്ഞതും അമിത് മുഖം തിരിച്ചവളെ നോക്കി... കമിഴ്ന്നു കിടക്കുകയായിരുന്ന അമിതിന്റെ മുഖം അവനിപ്പോൾ എഴുന്നേറ്റപ്പോഴാണ് അക്ഷര കുട്ടി ശ്രദ്ധിച്ചത്.. ഏട്ടന്റെ കവിൾ വീങ്ങിയതും ചുണ്ട് ചെറുതായി പൊട്ടിയതും അവളുടെ കണ്ണിൽ പെട്ടതും ആ കുഞ്ഞു കണ്ണുകൾ നിറയാൻ തുടങ്ങി.. ചുണ്ടുകൾ മെല്ലെ വിതുമ്പി.. കുഞ്ഞി കയ്യാൽ അവൾ മെല്ലെ അമിതിന്റെ ചുണ്ടിലെ മുറിവിൽ തലോടി തേങ്ങി കരഞ്ഞു... അമിതിനെ ഇങ്ങനൊരു അവസ്ഥയിൽ ആദ്യമായാണ് അവൾ കാണുന്നത്.. അത് കൊണ്ട് തന്നെ അവളുടെ കുഞ്ഞു മനസ്സൊന്നാകെ നൊന്തു... "അയ്യേ... കാന്താരി കുട്ടി തന്നെയാണോ ഈ മോങ്ങുന്നേ.. " അവളുടെ തേങ്ങൽ നിർത്താൻ അമിത് കളിയാക്കി കൊണ്ട് പറഞ്ഞതും അക്ഷര അമിതിനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു...

അത് കണ്ട് അക്ഷിതും അമിതും ചിരിച്ച് അവളുടെ തലയിൽ തലോടി .. "ഏട്ടന്റെ കാന്താരി കുട്ടി ഇത്രേ ഉള്ളൂ.. ദേ ഏട്ടന് ഒന്നുമില്ല... മസിൽ മാൻ അല്ലേ ഏട്ടൻ.. ഈ ചെറിയ മുറിവൊക്കെ എനിക്ക് നിസ്സാരം.." അവളുടെ മുഖം ഉള്ളം കയ്യിലെടുത്ത് തന്റെ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചു കൊണ്ട് അമിത് കണ്ണിറുക്കി... പക്ഷേ.. അമിതിന്റെ വാക്കുകളിൽ ആയിരുന്നില്ല അക്ഷര കുട്ടിയുടെ ശ്രദ്ധ.. വീങ്ങിയ കവിളിലും പൊട്ടിയ ചുണ്ടിലും ആയിരുന്നു... കരച്ചിലിന്റെയും തേങ്ങലിന്റെയും ശക്തി അവനെ കാണും തോറും കൂടാൻ തുടങ്ങിയതും അക്ഷിത് അവളെ വാരിയെടുത്ത് കണ്ണുകൾ തുടച്ച് കവിളിൽ മുത്തം നൽകി കൊണ്ട് അവളെയും എടുത്തു മുറിയിൽ നിന്നും പുറത്തേക്ക് പോയി..... അവർ പോയതും അമിത് വീണ്ടും കമിഴ്ന്നു കിടന്നു.. അവൾ ജനിച്ച് ഇന്നേവരെ അവളുടെ കണ്ണുകൾ നിറയാൻ അനുവദിച്ചിട്ടില്ല ആരും.. എന്നാൽ ഇപ്പോൾ താൻ കാരണം തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ടതും അമിതിന്റെ ഉള്ളം പിടഞ്ഞു... പൊടുന്നനെ അവന്റെ കണ്ണുകൾ ചുവന്ന നിറം പ്രാപിച്ചു...

"നീയൊരുത്തി കാരണമാണ് ഇന്നെന്റെ അക്ഷര കുട്ടിയുടെ കണ്ണുകൾ നിറഞ്ഞത്.. ഏട്ടന് വാക്ക് കൊടുത്തു പോയി ഞാൻ.. എങ്കിലും... എന്നെങ്കിലും ഒരിക്കൽ നമ്മൾ നേർക്ക് നേർ നിന്ന് പോരാടും... വിടില്ല ഞാൻ നിന്നെ..." തലയിണയിൽ മുഖം അമർത്തി അമിത് മുഷ്ടി ചുരുട്ടി പിടിച്ചു..... ചൂട് പിടിച്ചും കവിളിൽ ഐസ് ബാഗ് വെച്ചും തൊപ്പി കുപ്പായം അണിഞ്ഞും ഒരു വിധം അമ്മയിൽ നിന്നും അമനിൽ നിന്നും പരിക്ക് അവർ മറച്ചു വെച്ചു... സഹായിക്കാൻ അക്ഷര കുട്ടി ഉണ്ടായത് കൊണ്ട് കാര്യങ്ങൾ ഈസിയായി.. അവളുടെ കരഞ്ഞ മുഖം കണ്ട് അടി കൂടിയെന്ന് കരുതി അമ്മ അവരെ ശകാരിച്ചു.. രാത്രി കിടക്കാൻ പോകുന്നത് വരെ മുഖം അമ്മയെ കാണിക്കാതെ അമിത് പിടിച്ചു നിന്നു.... പല വട്ടം അമൻ അടുത്ത് വന്നെങ്കിലും മുഖം കാണിച്ചു കൊടുക്കാതെ അവൻ തിരിഞ്ഞും മറിഞ്ഞും കളിച്ച് അമനിൽ നിന്നും രക്ഷപ്പെട്ടു.. അമൻ അറിഞ്ഞാൽ ആ നിമിഷം അമ്മയും അത് വഴി അച്ഛനും അറിയുമെന്ന് അമിതിന് നന്നായി അറിയാം.. അതിനാൽ അമനെ അവൻ അടുപ്പിച്ചതേ ഇല്ല..... ************

രാത്രി സമയം രണ്ടു മണി അടിച്ചതും ജാക്കറ്റും ഷൂവും കയ്യുറയും തൊപ്പിയും ധരിച്ച് ആര്യ മെല്ലെ റോഡിലേക്കിറങ്ങി... ബൈക്ക് ഒരു സൈഡിൽ ഒതുക്കി വെച്ച് അവൾ പാത്തും പതുങ്ങിയും അനിയുടെ വീടിന്റെ മതിൽ ചാടി.. നേരെ അനിയുടെ മുറിയുടെ ജനാലക്കരികിൽ ചെന്ന് നിന്നു.. ജനലും വാതിലും അടച്ച് ഉറങ്ങുന്ന സ്വഭാവം അനിക്ക് ഇല്ലാത്തത് കൊണ്ട് തന്നെ ആര്യ ഈസിയായി ജനൽ തുറന്ന് ശബ്ദം ഉണ്ടാക്കി അനിയെ വിളിച്ചു... എന്നാൽ തലേന്ന് കോളേജിൽ നിന്നും കിട്ടിയ അടിയുടെയും വീട്ടിലെ അടിയിലും തുടർന്നുള്ള ഓട്ടത്തിലും നന്നേ ക്ഷീണിച്ച് ബോംബ് പൊട്ടിയാൽ പോലും ഉണരാത്ത ഉറക്കത്തിൽ കിടക്കുന്ന അനിയെ നോക്കി അവൾ പുഞ്ചിരിച്ചു.. താൻ വിളിച്ചാൽ ഉറപ്പായും മറു വാക്ക് പറയാതെ ഇറങ്ങി വരുമെന്ന് അവൾക്കറിയാം.. എങ്കിലും അവൾ ഉറങ്ങിക്കോട്ടെ എന്ന് കരുതി ജനൽ അടച്ചവൾ ബൈക്കിനടുത്തേക്ക് നടന്നു... ബൈക്ക് ഓടിച്ചവൾ അവളുടെ സ്ഥിരം സ്ഥലമായ കുന്നിൻ ചെരുവിലേക്ക് പോയി... കുന്നിന്റെ ഏറ്റവും മുകളിൽ സ്വസ്ഥമായി നിലാ വെളിച്ചം മാത്രമുള്ള ആ ഏകാന്തതയിൽ അവൾ ഇരുന്നു...

അവൾക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്.. എത്ര വലിയ സങ്കടം ഉണ്ടെങ്കിലും ഇവിടെ വന്നിരുന്ന് കാണാ കാഴ്ചകൾ കണ്ടാൽ അവളുടെ സങ്കടമെല്ലാം മാഞ്ഞു പോകും.... ഒരുപാട് നേരം അവിടെ ഇരുന്ന് സമയം നീക്കിയ അവൾ, പെട്ടന്ന് തന്നെ ആരോ വീക്ഷിക്കുന്നെന്ന തോന്നലിൽ എത്തിച്ചേർന്നു. തല ചെരിച്ച് ആകെ നോക്കിയതും കുറച്ചപ്പുറത്തായി തന്നെ പോലെ ജാക്കറ്റും തൊപ്പിയും ഒക്കെ ഇട്ട് ദൂരേക്ക് നോക്കി ഇരിക്കുന്ന ഒരാളെ കണ്ടു... തന്റെ പ്രൈവസിയിൽ മറ്റൊരാൾ വരുന്നത് ഒട്ടും ഇഷ്ടമില്ലാത്ത ആര്യ അമർഷത്തോടെ എണീറ്റ് ബൈക്കിനടുത്തേക്ക് ചെന്നു. തിരികെ വീട്ടിലേക്ക് പോകും വഴി തന്നെ പിൻതുടരുന്ന ഒരു ബൈക്ക് അവളുടെ ശ്രദ്ധയിൽ പെട്ടു... മിററിലൂടെ എല്ലാം വീക്ഷിച്ച ആര്യ അയാൾക്ക് സൈഡ് കൊടുത്തു.. എന്നാൽ അയാളുടെ ലക്ഷ്യം താൻ ആണെന്ന് മനസ്സിലാക്കിയ ആര്യ ബൈക്ക് പെട്ടന്ന് ബ്രേക്കിട്ടു.. തല മാത്രം പിറകിലേക്ക് തിരിച്ച് അയാളെ നോക്കി.. അയാളും ബൈക്ക് നിർത്തിയത് കണ്ടതും അവൾ വേഗം ബൈക്ക് റോഡിന് വിലങ്ങായി നിർത്തി അതിൽ നിന്നും നിന്നിറങ്ങി ഹെൽമെറ്റ് ഊരി ബൈക്കിൽ ചാരി നിന്ന് അയാളെ നോക്കി...

വണ്ടി മുന്നോട്ടെടുക്കാതെ ആ ബൈക്ക് യാത്രികനും കുറച്ചു സമയം അവളെ നോക്കി നിന്നു.. ശേഷം ബൈക്ക് തിരിച്ച് വന്നിടത്തേക്ക് തന്നെ പോയി.. അയാൾ പോയെന്ന് ഉറപ്പായതും ആര്യ ഹെൽമെറ്റ് ധരിച്ച് ബൈക്കെടുത്തു..... ************ രാവിലെ കോളേജിൽ പോകാൻ നേരം അമിത് കണ്ണാടിയുടെ മുന്നിൽ നിന്ന് മുഖം അങ്ങോട്ട്‌ തിരിച്ചും ഇങ്ങോട്ട് തിരിച്ചും മൊത്തത്തിൽ വീക്ഷിച്ചു.. ഏട്ടന്റെ ട്രീറ്റ്മെന്റ് കൊണ്ട് വീക്കം നല്ലത് പോലെ കുറഞ്ഞിട്ടുണ്ട്.. രാത്രിയിൽ എപ്പോഴൊക്കെയോ അക്ഷിത് ഐസ് ബാഗ് വെച്ച് തരുന്നത് പാതി ഉറക്കത്തിലും അമിത് അറിഞ്ഞു... അതിനാൽ തന്നെ വീക്കം പാടെ കുറഞ്ഞു.. ചുണ്ടിലെ മുറിവ് ഉണങ്ങിയിട്ടുണ്ട്.. ഷോൾഡറിന് ഇപ്പോഴും വേദനയുണ്ട്... കണ്ണാടിയുടെ മുന്നിലെ അമിതിന്റെ ഫാഷൻ ഷോ കണ്ട് ചിരിച്ചു കൊണ്ട് അക്ഷിത് ഷർട്ട്‌ മടക്കി സ്‌പെക്സ് വെച്ച് പുസ്തകങ്ങൾ ഓരോന്ന് മറിച്ചു നോക്കാൻ തുടങ്ങി... കോളേജിൽ പോകാനായി താഴേക്കിറങ്ങിയ അമിതിനെ കണ്ടതും അക്ഷര സോഫയിൽ നിന്നും ചാടി എണീറ്റ് അവന്റെ അടുത്തേക്ക് പോയി...

വീക്കം കുറഞ്ഞ കവിൾ കണ്ട് അവളുടെ കുഞ്ഞു മുഖം വിടർന്നതും കണ്ണുകളിൽ ആശ്വാസത്തിന്റെ വെട്ടം തെളിഞ്ഞതും കണ്ട് അമിതിന് സന്തോഷമായി.. തനിക്കൊന്നുമില്ലെന്ന് കാണിച്ച് അവളുടെ മുന്നിൽ മസിൽ പെരുപ്പിച്ച് നിന്നതും അവന്റെ വയറ്റിൽ ഒരു ഇടിയും കൊടുത്ത് അക്ഷരക്കുട്ടി മേലേക്ക് ഓടി പോയി... "നേരം വെളുത്തില്ല.. അപ്പോഴേക്കും തുടങ്ങിയോ രണ്ടും " കയ്യിൽ ചായയുമായി അങ്ങോട്ട്‌ വന്ന അമ്മ, അക്ഷര അവനെ ഇടിക്കുന്നത് കണ്ടതും പിറു പിറുത്തു.. ഒന്നുമില്ല അമ്മേ എന്നും പറഞ്ഞ് അമിതും അക്ഷിതും ചായ കുടിക്കാൻ ഇരുന്നു.. "ഹാ... " ചൂട് ചായ ചുണ്ടോട് ചേർത്തതും ഉണങ്ങിയ മുറിവിൽ തട്ടി അമിത് ആർത്തു.. "എന്താ ടാ... " അവന് നേരെ നിന്ന് അമ്മ ചോദിച്ചതും ഒന്നുമില്ല ചായ ചൂടാണെന്നും പറഞ്ഞ് അവൻ തടി തപ്പി...... ഇലക്ഷൻ ജയിച്ചതിന്റെ പേരിൽ ഈശ്വറിന്റെ പാർട്ടിയുടെ വിജയാഘോഷം ആയിരുന്നു കോളേജിൽ.. അതിര് കടക്കാത്ത ആഘോഷത്തിന് ഒടുവിൽ പ്രിൻസി സമ്മതം മൂളിയതിന്റെ സന്തോഷത്തിൽ ആണ് ഈശ്വർ..

അമിതും അക്ഷിതും കോളേജിൽ പ്രവേശിച്ചപ്പോൾ ആദ്യം തന്നെ കണ്ടത് പാൽ പുഞ്ചിരിയോടെ കിളികളോട് കൊഞ്ചുന്ന ഈശ്വറിനെയാണ്.. അമിതിനെ കണ്ടതും അവൻ അവരുടെ അടുത്തേക്ക് ചെന്നു.. "ആഹാ.. നീ വന്നോ.. ഞാൻ കരുതി വരില്ലെന്ന്.. " "അതെന്താ.. എനിക്ക് മാത്രമായി പ്രിൻസി ലീവ് തന്നിട്ടുണ്ടോ " കലിപ്പിൽ തന്നെ മറുപടി നൽകി അമിത് ആര്യക്കായി ചുറ്റും കണ്ണോടിച്ചതും ഇല്ലെന്ന് ചുമൽ കുലുക്കി കാണിച്ച് ഈശ്വർ മിണ്ടാതെ നിന്നു.. എല്ലാവരുടെയും കണ്ണ് തനിക്ക് നേരെ ആണെന്നറിഞ്ഞിട്ടും തല ഉയർത്തി പിടിച്ച് ഗൗരവം വിടാതെ അമിത് കോളേജ് അങ്കണത്തിലൂടെ നടന്നു... പാർക്കിങ് ഏരിയയുടെ സമീപം വിദ്യാർത്ഥികൾ ഒഴിവ് സമയങ്ങളിൽ ഇരിക്കുന്ന ഇരിപ്പിടത്തിലേക്ക് അമിതും അക്ഷിതും ഈശ്വറും നടന്നു.. ഈശ്വർ ഓരോ പെൺകുട്ടികളെ നോക്കി ചിരിച്ചു കൊടുത്തും കൈകാണിച്ചും നടക്കുമ്പോൾ അമിതിന്റെ കണ്ണുകൾ ആര്യയെ തേടുകയായിരുന്നു.. അക്ഷിത് ഫുൾ സൈലന്റ് മോഡിൽ മുന്നോട്ടു നോക്കി നടന്നു..... ആര്യയെ തേടുന്ന അമിതിന്റെ കണ്ണുകളിൽ പെട്ടന്നാണ് കുറച്ച് പേർ തന്നെ വീക്ഷിച്ച് അപ്പുറത്തായി നിൽക്കുന്നത് പതിഞ്ഞത്.. പരസ്പരം പലതും പറഞ്ഞ് ചിരിക്കുന്നത് കണ്ടപ്പോഴേ അവന് കാര്യം മനസ്സിലായി..

ഇന്നലെ ഉണ്ടായ സംഭവത്തിൽ അവർ അമിതിനെ പരിഹസിക്കുന്നത് തുടർന്നതും അവന്റെ മുഖം വലിഞ്ഞു മുറുകി.. അവരുടെ കൊട്ടും പാട്ടും കേട്ട് അക്ഷിത് മുന്നോട്ടു നോക്കി...ഒപ്പം ഈശ്വറും.. ഇവരിത് നല്ലതിനല്ല ചെയ്യുന്നേ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഈശ്വർ ഊറി ചിരിച്ചു.. അവർക്കരികിലായി മൂവരും ചെന്നിരുന്നതും വീണ്ടും അവരുടെ പരിഹാസ ചിരി ഉയർന്നു.. അവനെ കണ്ടാൽ പേടിയോടെ ബഹുമാനത്തോടെ എണീറ്റ് നിന്ന് മാറി പോകാറുള്ള അവർ ഒരു ഭാവഭേദവുമില്ലാതെ ഒട്ടും കൂസലിലല്ലാതെ മൂളിപ്പാട്ടും പാടി ഇരുന്നു... തന്നെ കളിയാക്കുന്നവരെ പിച്ചി ചീന്താനുള്ള ദേഷ്യം അമിതിൽ പ്രകടമായെന്ന് അക്ഷിതിന് ബോധ്യമായതും അവൻ അമിതിന്റെ കൈ മുറുകെ പിടിച്ച് അവനെ കൺട്രോൾ ചെയ്തു.... ഏട്ടന്റെ പിടിയിൽ നിന്നും ഊരിപ്പോവാൻ വയ്യാതെ അവൻ ക്ഷമിച്ചു നിന്നു.... അതിനിടയിൽ അവരിലൊരുത്തൻ ഒരു പെണ്ണിനെ കമന്റ് അടിച്ചു.. അത് കണ്ടതും കൂട്ടത്തിൽ ഒരുത്തൻ അമിതിനെ നോക്കി കൊണ്ട് പറഞ്ഞു. "എടാ.. വെറുതെ ഇരി..

ഇവളുമാരുടെ കയ്യിൽ നിന്നും കിട്ടിയാൽ അതൊരു ഒന്നൊന്നര കിട്ടലാവും... നാണക്കേട്.. പിന്നെ തല ഉയർത്തി നടക്കാൻ ഒക്കുവോ.. " "അങ്ങനെ നടക്കുന്നവരും ഉണ്ടാവും അല്ലേ ഡാ.. " "ഉണ്ടാവും... പക്ഷെ സട കൊഴിഞ്ഞ സിംഹത്തിന്റെ പോലെ ആവും.. ഗർജനം മാത്രേ ഉണ്ടാവൂ.. " കൂടി നിന്നവരൊക്കെ അത് കേട്ട് ചിരിക്കാൻ തുടങ്ങിയതും ഈശ്വർ മുഖം ചുളിച്ചു കൊണ്ട് അമിതിനെ നോക്കി.. അവന്റെ കയ്യിൽ മുറുക്കിയ അക്ഷിതിന്റെ കൈ കണ്ടതും അവൻ അക്ഷിതിന്റെ മുന്നിൽ വന്ന് നിന്നു.. "ദേ.. അങ്ങോട്ട് നോക്കിക്കേ.. മുറ്റത്തൊരു ബുക്ക്‌.. " അക്ഷിതിന്റെ ഷോൾഡറിൽ കയ്യിട്ട് അക്ഷിതിനെ തിരിച്ച് ഈശ്വർ കൈ ചൂണ്ടിയതും അക്ഷിതിന്റെ ശ്രദ്ധ മാറി... ഞൊടിയിടയിൽ എഴുന്നേറ്റ അമിത് തന്നെ കളിയാക്കിയവരിൽ രണ്ട് പേരുടെ കുത്തിന് പിടിച്ച് മതിലിനോട് ചേർത്ത് പൊന്തിച്ചു നിർത്തി....അവന്റെ കൈകളുടെ ശക്തിയിൽ ഭയന്ന് പോയ അവർ അവന്റെ കണ്ണുകൾ കണ്ട് വാക്കുകൾ പുറത്ത് വരാതെ കണ്ണുകൾ തള്ളി കൊണ്ട് അവനെ നോക്കി.. ...

അടുത്ത ക്ഷണം അവരിൽ നിന്ന് പിടി വിട്ട് അക്ഷിതിനോട് ചേർന്ന് നിന്നു.. ആ സമയം തന്നെ തിരിഞ്ഞു നോക്കിയ അക്ഷിത് കണ്ടത് നല്ല കുട്ടിയായി നിൽക്കുന്ന അമിതിനെ... അക്ഷിത് ആ ഗ്യാങ്ങിന് നേരെ നോക്കി.. ഇത്രയും നേരം കളിയാക്കി ചിരിച്ചു കൊണ്ടിരുന്ന അവരൊക്കെ പിറകോട്ട് അടി വെച്ച് ഭയത്തോടെ തങ്ങളെ നോക്കുന്നു....അക്ഷിതിന്റെ കണ്ണുകൾ വീണ്ടും അമിതിലേക്ക് ചലിച്ചു.. അവൻ അവരെ നോക്കി പേടിപ്പിക്കുന്നത് അവൻ കണ്ടു..... "ഡാ.. വെളച്ചിൽ ഈ അമിതിനോട് വേണ്ട.. ഇങ്ങനെ കുറെ എണ്ണത്തിനെ മെരുക്കിയവനാ ഞാൻ.. തടി കേടാക്കാതെ നോക്ക്.. ഇനിയും ഇമ്മാതിരി ഓഞ്ഞ ചളികൾ അടിച്ച് എന്റെ മുന്നിൽ വന്നാൽ.......!!!മനുഷ്യരായാൽ ഒന്ന് വീഴും,,,പക്ഷെ അത് കൊണ്ട് മാത്രം പേടിച്ചു ഒതുങ്ങി മാറാൻ ഇത് നിങ്ങളല്ല,, അമിത് ആണ്......"" ചൂണ്ടു വിരൽ ചൂണ്ടി കൊണ്ടുള്ള അമിതിന്റെ വാക്കുകൾ കേട്ട അവർ ഇല്ലെന്ന് തലയാട്ടിയതും അമിതിന്റെ കൈകൾ ആവും അടുത്തത് അവരെ പാഠം പഠിപ്പിക്കുക എന്നറിയാവുന്ന അക്ഷിത് അമിതിന്റെ കൈകൾ വലിച് അവിടെ നിന്നും അവനെ കൊണ്ട് പോയി.. അമിത് പോയ ആശ്വാസത്തിൽ ശ്വാസം വിട്ട ഗ്യാങ്ങിനെ നോക്കി ഈശ്വർ പരിഹാസത്തോടെ ചിരിച്ചു..

"ഹഹഹ.. ഇപ്പോൾ മനസ്സിലായോ സടയില്ലാത്ത സിംഹത്തിന് വെറും ഗർജനം മാത്രമല്ല ഉണ്ടാവുക അവസരം കിട്ടിയാൽ കടിച്ചു കീറി കുടയുമെന്ന്... സോ... കുറച്ച് അകലം പാലിക്കുന്നത് നല്ലതാ.. ഹീറോ എന്നും ഹീറോ തന്നെയാഡാ " പുച്ഛത്തോടെ ചിരിച്ചു കൊണ്ട് ഈശ്വർ അമിതിന്റെയും അക്ഷിതിന്റെയും പിറകെ നടന്നു.. ************ "ഉടുത്തൊരുങ്ങി എങ്ങോട്ടാ മഹാറാണി.. ഇന്നും കണ്ടവരുടെ കയ്യിൽ നിന്നും അടി വാങ്ങി വരാനാണ് മോളെ വിചാരം എങ്കിൽ ഈ പടി കയറാൻ ഞാൻ സമ്മതിക്കില്ല " "സാരമില്ല അച്ഛാ.....ഞാൻ അടുക്കള വഴി കയറിക്കോളാം..... ഉമ്മ്മ്മ്മ്മ്മ " നീട്ടിയൊരു ഫ്‌ളൈ കിസ്സ് അച്ഛന് നൽകി കൊണ്ട് അനി ഗേറ്റ് കടന്ന് ആര്യയുടെ അടുത്തേക്ക് ഓടി പോയി.. അവളുടെ വരവ് കണ്ട് ആര്യ ചിരിച്ചു.. "ചുമ്മാ... രാവിലെ തുടങ്ങിയതാ... ഏത് നേരത്താണാവോ തല്ല് കൊണ്ട് ഇവിടേക്ക് വരാൻ തോന്നിയത്.. മുഖത്ത് താടി ഉണ്ടായിരുന്നെങ്കിൽ അടി കിട്ടിയത് കാണുമായിരുന്നില്ല അല്ലേ.. " നോൺ സ്റ്റോപ്പായി ഒരോ പൊട്ടത്തരം പറഞ്ഞ് അവർ ബസ് സ്റ്റോപ്പിലേക്ക് നടന്നു.... കോളേജിൽ എത്തിയതും അവർ കണ്ടത് പരന്ന് നടക്കുന്ന വിദ്യാർത്ഥി കൂട്ടങ്ങളെയും അലങ്കാരം കൊണ്ട് നിറഞ്ഞ ക്യാമ്പസും ആണ്..

എല്ലാം കണ്ട് അനി അന്തം വിട്ട് നോക്കി.. "ഇതിപ്പോ എന്താ കഥ.. നീ അമിതിന് ഇട്ട് പൊട്ടിച്ചെന്നല്ലേ പറഞ്ഞേ...കോളേജിൽ പുതിയൊരു ഹീറോ ഉണ്ടായതിലുള്ള വരവേൽപ്പാണോ ഇത്.....അല്ലാ,,,,അവനെങ്ങാനും ഹോസ്പിറ്റലിൽ ആയോ വാവീ... " അവന്റെ പേര് കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ ആര്യ മുന്നോട്ടു നടന്നു.. ലീന അവരെ കണ്ടതും കവിളിൽ കൈ വെച്ച് മാറി നിന്നു... അനിയെ അറിയാത്തവരായി ഇപ്പോൾ ക്യാംപസിൽ ആരുമില്ല.. അവൾ എല്ലാവരോടും ഓടി നടന്ന് എന്താ പരിപാടി എന്ന് അന്വേഷിക്കുന്നുണ്ട്... അതിനിടയിൽ ഓടി നടന്ന് ഓരോന്ന് ചെയ്യുന്ന ഈശ്വറിനെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോകാൻ നിന്നു.. എന്നാൽ അവളെ കണ്ടതും ഈശ്വറിന്റെ കണ്ണുകൾ ആര്യയിലേക്ക് പോയി.. പിന്നെ ഒന്നും നോക്കിയില്ല അവിടെ നിന്നും ഉള്ള ജീവനും കൊണ്ട് അവൻ തടി തപ്പി...... "ഇലക്ഷന് ജയിച്ചതിന്റെ വിജയാഘോഷം ആണ് വാവീ.. ഭാഗ്യം... ഇന്ന് ക്ലാസ്സിൽ കയറേണ്ട.. നല്ല ഫുഡും ഉണ്ടാവും.. നീ വാ.. " അനിയും ആര്യയും ആഘോഷത്തിൽ പങ്ക് ചേർന്നു... അതിനിടയിൽ... കൂട്ടം കൂടി നിന്ന് ആർപ്പ് വിളികൾ അർപ്പിക്കുന്ന സഖാക്കന്മാരുടെ ഇടയിൽ അമിതിന്റെ കണ്ണുകൾ ആഘോഷം വീക്ഷിക്കുന്ന ആര്യയുടെ കണ്ണുകളുമായി ഉടക്കി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story