ആത്മരാഗം💖 : ഭാഗം 32

athmaragam thanseeh

രചന: തൻസീഹ് വയനാട്

തങ്ങളുടെ ടീമിന്റെ കൊടി പറത്തി മുദ്രാവാക്യങ്ങളും വിജയഭേരിയും മുഴക്കുന്ന അണികൾക്ക് നടുവിൽ നിൽക്കുന്ന അമിതിന്റെ കണ്ണുകൾ പെട്ടന്ന് തന്നെ ചുവന്നു വന്നു.. മുഷ്ടി ചുരുട്ടി പിടിച്ച് തന്നെ തുറുപ്പിച്ചു നോക്കുന്ന ആര്യയുടെ അടുത്തേക്ക് അവൻ രണ്ടടി വെച്ചതും ആര്യയുടെ കുറച്ചപ്പുറത്തായി ശാന്തനായി എല്ലാം വീക്ഷിക്കുന്ന അക്ഷിതിനെ കണ്ടു... ഏട്ടന്റെ മുഖം കണ്ടതും അമിതിന്റെ കൈകൾ അയഞ്ഞു,, മുഖത്തെ ദേഷ്യം പതിയെ മാഞ്ഞു പോയി... ആര്യയ്ക്ക് നേരെ കണ്ണുകൾ ഇറുക്കി അടച്ചു ഏട്ടന് കൊടുത്ത വാക്ക് മനസ്സിൽ ഓർത്തു.... അതോടെ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ടവൻ മുഖം തിരിച്ചു..... അമിതിനെ കണ്ട് ആര്യയുടെ രക്തം തിളച്ച് മറിയുകയായിരുന്നു.. അവനെ കണ്ണിൽ കാണുന്ന സമയത്തൊക്കെ അവൻ അനിയുടെ മുഖത്ത് കൈവെച്ചത് ഓർമ വരും.. അതിനാൽ തന്നെ അവനോടുള്ള ദേഷ്യം ഓരോ നിമിഷവും കൂടിയെന്നല്ലാതെ ഒട്ടും കുറഞ്ഞില്ല.. അനി കൊട്ടും പാട്ടും ആസ്വദിച് ഏവർക്കും നടുവിൽ നിന്ന് ആർപ്പ് വിളികൾ ഉയർത്തുന്നുണ്ട്..

വിജയം വരിച്ചത് കൊണ്ട് തന്നെ അവളുടെ കഴുത്തിൽ ചുവന്ന പൂമാലകൾ ആരൊക്കെയോ കൊണ്ടിട്ടു..അമിതിനെ കണ്ട് തലേന്ന് ഒന്നും നടന്നിട്ടില്ലെന്ന മട്ടിൽ ചിരിച്ച് അവന്റെ അടുത്തേക്കവൾ പോകാൻ നിന്നതും ആര്യ ഒരു കൈകൊണ്ടവളുടെ കയ്യിൽ മുറുകെ പിടിച്ചു.. "അനീ.. ഇതൊക്കെ എപ്പോൾ കഴിയും.. നമുക്ക് ക്ലാസ്സിലേക്ക് പോകാം.. " ഇനിയും അവിടെ നിന്നാൽ അനി അമിതിന്റെ അടുത്തേക്ക് പോകുമെന്ന് തോന്നിയതും ആര്യ അവളെ മാറ്റി നിർത്തി പറഞ്ഞു . എന്നാൽ അനി ഫുൾ എൻജോയ്മെന്റ് മൂഡിൽ ആയിരുന്നു.. ആദ്യമായാണ് ഇലക്ഷനും അതിന് ശേഷമുള്ള ഈ വിജയാഘോഷമൊക്കെ അവർ നേരിട്ട് അനുഭവിക്കുന്നത് . അതിനാൽ തന്നെ അതിൽ നിന്നും മാറി നിൽക്കാൻ അനി കൂട്ടാക്കിയില്ല.. ആർപ്പ് വിളികൾക്കിടയിൽ ഉയർന്നു വരുന്ന അനിയുടെ പേര് കേൾക്കുമ്പോൾ ആര്യക്കും ഉള്ളിൽ സന്തോഷം ഉണ്ടായികൊണ്ടിരുന്നു.. അവളുടെ സന്തോഷം ആര്യയ്ക്ക് അത്രയും പ്രിയപ്പെട്ടതായതിനാൽ തന്നെ മറ്റുള്ളവരിലേക്ക് തന്റെ ഇരു കണ്ണുകളും നട്ട് അനിക്കരികിൽ അവൾക്കൊരു കാവലായി ആഘോഷം അടങ്ങുന്നത് വരെ ആര്യ നിന്നു....

അതിനിടയിൽ വരാന്തയിൽ എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്ന ടീച്ചേഴ്‌സിനൊപ്പം അനിൽ സാറിന്റെ മുഖം അനിയുടെ കൺകോണിൽ ഉടക്കിയതും ആർപ്പ് വിളിച്ചു കൊണ്ടിരുന്ന അവളുടെ ശബ്ദം മെല്ലെ താഴ്ന്നു.. ഒരുപാട് വിദ്യാർത്ഥി കൂട്ടങ്ങൾക്കിടയിൽ സാറിന്റെ കണ്ണുകൾ തനിക്ക് നേരെ ആണെന്ന് തോന്നിയതും അവളുടെ മുഖം നാണത്താൽ ചുവന്നു.....ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കിയതും സാർ പെട്ടന്ന് മുഖം തിരിച് മാറി നിന്നു.. സാറിന്റെ മുഖ ഭാവം കണ്ട് അവൾക്ക് ചിരി വന്നു... അനിയുടെ മുഖത്തെ നാണവും ചിരിയുമെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന ആര്യ അവളിന്ന് ഏറെ സന്തോഷവതിയാണെന്ന് തിരിച്ചറിഞ്ഞു. അവളുടെ സന്തോഷം നിറഞ്ഞ മുഖത്തൊരിക്കൽ പോലും കണ്ണീരിന്റെ നനവ് വരുത്താൻ താൻ സമ്മതിക്കില്ലെന്ന് മനസ്സിലവൾ ഉറപ്പിച്ചു... ആ സമയം തന്നെ കണ്ണിൽ അമിതിനെ കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി.. ************ "ഹോ.. ഇന്നത്തെ ഡേയുടെ തുടക്കം തന്നെ പൊളിച്ചു അല്ലെ വാവീ.. ഇനി ഈ അനിരുദ്രയുടെ ഭരണം..

അതും അമിത് ചേട്ടന് ഒപ്പം... " ആഘോഷങ്ങൾ ഒന്നടങ്ങി എല്ലാവരും ക്ലാസ്സിൽ കയറി... അമിതിനോടുള്ള ദേഷ്യം ശരീരത്തിലാകെ പടർന്നു കയറിയത് കൊണ്ട് തന്നെ ആര്യ സൈലന്റ് ആയി ഇരുന്നു... സൈലന്റ് എന്താണെന്ന് പോലും അറിയാത്ത അനി സംസാരിച്ചു കൊണ്ടേയിരുന്നു..ഇടക്ക് ആഘോഷം അതിര് കടന്നതിന്റെ കിതപ്പ് കാരണം വെള്ളം കുടിക്കുന്നുമുണ്ട്.. അമിതിന്റെ കൺ വെട്ടത്ത് പോലും ഇനി അനിയെ അടുപ്പിക്കില്ലെന്ന് ആര്യ തീരുമാനിച്ചു കഴിഞ്ഞിരുന്നു.. എന്നാൽ അവളുടെ ഇലക്ഷൻ ജയം കാരണം ഇനി പ്രവർത്തനങ്ങൾക്കെല്ലാം അമിതും അനിയും ഒരുമിച്ചുണ്ടാവുമെന്ന് ആര്യയ്ക്ക് ബോധ്യമായി.. തന്റെ കാവൽ അനിയുടെ മേൽ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു... "വാവീ.. നീ കേൾക്കുന്നുണ്ടോ ഞാൻ പറയുന്നത്.. " ഒരു റെസ്പോൺസും ആര്യയുടെ ഭാഗത്ത് നിന്നില്ലെന്ന് മനസ്സിലായതും അനി അവളെ തട്ടി വിളിച്ചു.. "കേൾക്കുന്നുണ്ട് അനീ..ഇലക്ഷന് ജയിച്ചതൊക്കെ കൊള്ളാം....പക്ഷേ ഇനിയും വല്ലതും പറഞ്ഞു അമിതിന്റെ മുന്നിലേക്കെങ്ങാനും പോയി എന്ന് ഞാൻ അറിയരുത്..... "

"പോകാതെ പിന്നേ.. ഈ കോളേജിലെ ചെയർ പേഴ്‌സൺ അല്ലെ ഞാൻ.. അപ്പൊ ചെയർമാനുമായി മീറ്റിംഗ് വെക്കേണ്ടി വരും... അതിനെന്താ.. എനിക്ക് പേടിയൊന്നുമില്ല.. ഞാനൊന്ന് സ്ഥാനമേൽക്കട്ടെ വാവീ.. ഈ കോളേജിനെ മൊത്തത്തിൽ പൊളിച്ചെഴുതും ഞാൻ... " "ആ.. ലഞ്ച് ബ്രേക്കിന് ശേഷമല്ലേ സ്ഥാനാരോഹണ ചടങ്ങ്.. എന്റെ അനീ.. എല്ലാവരുടെയും മുന്നിൽ വെച്ച് നടത്താൻ പോകുന്ന പ്രവർത്തങ്ങൾ വിശദീകരിക്കണം.. നീ എന്താ പറയാൻ പോകുന്നത്.. " "അതൊക്കെ ഉണ്ട് വാവീ..ഈ അനിരുദ്ര യെ അവർ ശെരിക്ക് അറിയാൻ പോകുന്നെ ഉള്ളൂ" മനസ്സിൽ പല പ്ലാനിങ് ഉം നടത്തിയിട്ടുണ്ട് അനിയെന്ന് അവളുടെ സംസാരത്തിൽ നിന്നും ആര്യയ്ക്ക് മനസ്സിലായി.. അവിടെ അനി പുതിയ മാറ്റങ്ങൾ കൊണ്ട് വരാനുള്ള പ്ലാനിങ് മെനയുമ്പോൾ ഇവിടെ ഈശ്വർ അവരുടെ മുന്നണിയുടെ മീറ്റിംഗ് കൂടിയിരിക്കുകയാണ്.. എല്ലാവരും ഒരുമിച്ച് തീരുമാനങ്ങൾ എടുത്ത് എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കും.. അതാണ് പതിവ്.. "നോക്ക് അമിത്.. ഇപ്രാവശ്യം എതിർ പക്ഷം ശക്തമായി നമ്മുടെ തീരുമാനങ്ങൾ എതിർക്കാൻ സാധ്യത കൂടുതലാണ്..

. ആ അരുണും നീയും തമ്മിൽ കഴിഞ്ഞ പ്രാവശ്യം ഇതേ സന്ദർഭത്തിൽ വാക്കേറ്റം ഉണ്ടായതും അതിന്റെ പേരിൽ അവന് സസ്പെൻഷൻ കിട്ടിയതും അവന്റെ കാമുകി പിണങ്ങി പോയതും ഒന്നും അവൻ മറന്നു കാണില്ല.. ഇപ്രാവശ്യം നിനക്കാ സസ്‍പെൻഷൻ വാങ്ങി തരാൻ അവൻ നന്നായി ശ്രമിക്കും... ഒരു കാരണവശാലും നീ നിന്റെ സ്വഭാവം പുറത്തെടുക്കരുത്... അവൻ എങ്ങനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും നീ പ്രതികരിക്കരുത്..അത് നമ്മുടെ മുന്നണിയെ അത് ബാധിക്കും.. സ്ഥാനം ഏൽക്കുന്നതിന് മുൻപ് കോളേജ് ചെയർമാന് സസ്‌പെൻഷൻ... അത് കൊണ്ട് നീ ഒന്നടങ്ങണം..." "ഞാനായിട്ട് ഒന്നിനും പോകുന്നില്ല..ഇങ്ങോട്ട് വന്നാൽ കയ്യും കെട്ടി നിൽക്കത്തുമില്ല....മര്യാദക്കാണെങ്കിൽ ഞാനും മര്യാദക്ക്....." "ഓ.. അത് ആദ്യമേ ഞാൻ പറഞ്ഞിട്ടുണ്ട്.. പ്രശ്നം ഉണ്ടാകരുതെന്ന്.. നിന്റെ സ്വഭാവം എനിക്കറിയാമല്ലോ.. അവരുടെ ഭാഗത്ത്‌ നിന്ന് നല്ല മറുപടി അല്ല ലഭിച്ചത്.. ഒന്നാമത് ഇപ്രാവശ്യം നല്ല ടൈറ്റ് കോമ്പറ്റിഷൻ ആയിരുന്നു.. അതിൽ ആണ് ഇത്തവണയും നമ്മൾ തന്നെ ജയിച്ചത്..

അവർക്ക് അരിശം ഇല്ലെങ്കിലേ അത്ഭുതം ഉള്ളൂ.. " "അവരുടെ കാര്യം വിട്.. ഉച്ച കഴിഞ്ഞാൽ സ്റ്റുഡന്റ്സ് മീറ്റിംഗ് ആണ്.. എല്ലാവരുടെയും മുന്നിൽ വെച്ച് നടത്താൻ പോകുന്ന പ്രവർത്തനങ്ങൾ പറയണം.. വോട്ട് ചോദിച്ചു ചെല്ലുമ്പോൾ കുറെ വാഗ്ദ്ധാനങ്ങൾ നൽകിയിരുന്നില്ലേ..അതൊക്കെ പാലിക്കുമോ " അമിതിന്റെ ചോദ്യത്തിന് ഈശ്വർ തന്റെ കോളർ പൊക്കി ചുമൽ രണ്ടും കുലുക്കി അതൊക്കെ ഏറ്റെന്നെ മട്ടിൽ തല ഉയർത്തി പിടിച്ചു.. നടന്നാൽ മതിയെന്ന ഭാവത്തിൽ മുഖം തിരിച്ച് മീറ്റിംഗ് അവസാനിപ്പിച്ച് അമിത് ക്ലാസ്സിലേക്ക് നടന്നു..... ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞതും എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് നടന്നു... അനിയും ആര്യയും എല്ലാവരും എത്തി തുടങ്ങുന്നതിന് മുന്നേ എത്തിയിരുന്നു.. അമിതിന്റെ മുഖം കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ അവൾ മുൻ നിരയിൽ ചെന്നിരുന്നു... അമിത് അവളെ കണ്ടെങ്കിലും അക്ഷിതിന് നൽകിയ വാക്കോർത്ത് കാണുമ്പോൾ എല്ലാം മുഖം തിരിച്ചു നടന്നു... "ഈശ്വർ ചേട്ടാ..നമുക്ക് കുറച്ചു മാറ്റങ്ങൾ വരുത്താൻ ഉണ്ടിവിടെ..

എന്റെ മനസ്സിൽ ചില പ്ലാൻസ് ഉണ്ട്.. " സ്റ്റേജിൽ അറേഞ്ച്മെൻറ്സ് ചെയ്യുന്ന ഈശ്വറിന്റെ അടുത്തേക്ക് അനി വന്നതും ഈശ്വർ ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി.. അവളിലേക്ക് കണ്ണുകൾ പോകുന്നതിനേക്കാൾ വേഗത്തിൽ ആര്യയെ അവന്റെ കണ്ണുകൾ തിരഞ്ഞു.. മുൻ നിരയിൽ ഗൗരവം പൂണ്ടിരിക്കുന്ന ആര്യയെ കണ്ടതും ഈശ്വർ അവിഞ്ഞ ചിരിയുമായി അനിയെ നോക്കി... "ഓ.. ആയിക്കോട്ടെ.. എല്ലാം നീ അവതരിപ്പിച്ചോ.. ഒരു പേടിയും വേണ്ട... " അതും പറഞ്ഞ് അനിയുടെ അടുത്ത് നിന്നും അവൻ വേഗം തടി തപ്പി.. അവൾ അടുത്ത് വരുമ്പോഴൊക്കെ ആര്യയോടുള്ള പേടി കാരണം അവൻ ഒഴിഞ്ഞു മാറി.. അമിത് അവളെ ശ്രദ്ധിക്കാൻ തന്നെ പോയില്ല..അവനോട് സംസാരിക്കാൻ പോകുമ്പോൾ എല്ലാം ആര്യ കണ്ണുകൾ കൊണ്ട് അവളെ വിലക്കി.. എല്ലാവരും ഹാളിൽ വന്നിരുന്നതും ഈശ്വർ തുടക്കം കുറിച്ചു. "പ്രിയ സഹപാഠികളെ....ഇത്തവണയും നമ്മുടെ മുന്നണി ഈ കോളേജ് കയ്യടക്കിയ വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ... ഞങ്ങളുടെ വിജയത്തിന് കാരണം നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് മാത്രമാണ്.. ഒരുപാട് ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് ഞങ്ങൾ വോട്ട് ചോദിക്കാൻ ഇറങ്ങിയത്... പല വാഗ്ദാനങ്ങളും നൽകിയിരുന്നു..

വിദ്യാർത്ഥികളുടെ എല്ലാ പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കുമെന്നും വാക്ക് തന്നിരുന്നു.. അതെല്ലാം ഞങ്ങൾ പാലിക്കുന്നതാണ്.. ഇത്തവണ ശക്തരായ ആളുകളെയാണ് നമ്മൾ ഏവരും വിജയിപ്പിച്ചിട്ടുള്ളത്... നമ്മുടെ ചെയർമാൻ അമിത്.. ചെയർ പേഴ്‌സൺ അനിരുദ്ര.. ജോയിൻ സെക്രട്ടറി വിപിൻ.. അങ്ങനെ ഓരോ തസ്തികകളിലേക്കും അർഹതയുള്ളവർ തന്നെയാണ് എത്തപ്പെട്ടിട്ടുള്ളത്... ഇനി നമുക്ക് അവരുടെ ഓരോരുത്തരുടെയും വാക്കുകൾ കേൾക്കാം.. ജൂനിയേഴ്‌സിൽ നിന്നും ഇലക്ഷനിൽ മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നമ്മുടെ ചെയർ പേഴ്‌സൺ ആയി സ്ഥാനമേറ്റിരിക്കുന്ന അനിരുദ്രയെ രണ്ടു വാക്ക് പറയാൻ ക്ഷണിക്കുന്നു... " നിറഞ്ഞ കയ്യടികളോടെ അനി മുന്നോട്ടു വന്നു.. ഉള്ളിൽ ഭയമോ മടിയോ ലവലേശം പോലും ഇല്ലാത്ത അനി എല്ലാവർക്കും ചിരിച്ചു കൊടുത്തു... ഏവരെയും അഭിസംബോധന ചെയ്തവൾ തന്റെ ലക്ഷ്യങ്ങൾ എല്ലാവർക്ക് മുന്നിലും അവതരിപ്പിക്കാൻ തുടങ്ങി... "ആദ്യമായ് എല്ലാവർക്കും ഒരുപാട് നന്ദി.. എന്നെ വിജയിപ്പിച്ചതിന്..

ഇങ്ങനെയൊരു സ്ഥാനം ഏൽക്കുന്നത് ഫസ്റ്റ് ടൈം ആണ്.. എങ്ങനെയാണ് കാര്യങ്ങൾ എന്നോ എന്തൊക്കെ പ്രവർത്തനങ്ങൾ നിങ്ങൾക്കായി ചെയ്തു തരാൻ എന്നെ കൊണ്ട് കഴിയും എന്നോ എനിക്കൊരു ഐഡിയയും ഇല്ല.. പക്ഷെ.. ഒന്ന് മാത്രം അറിയാം.. ഒരിക്കലും നിങ്ങളുടെ വോട്ട് പാഴായി പോയെന്ന വാക്ക് നിങ്ങളിൽ നിന്നും ഉയർന്നു വരാൻ ഞാൻ സമ്മതിക്കില്ല.. നിങ്ങൾ എന്നെ വിശ്വസിച്ച് എനിക്കായി നൽകിയ ഓരോ വോട്ടിനും എന്നും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും.. നിങ്ങളിൽ ഒരാൾ തന്നെയാണ് ഞാൻ. അതിനാൽ തന്നെ നിങ്ങൾക്ക് എന്താണ് ഇവിടെ മാറ്റം കൊണ്ട് വരാൻ ആഗ്രഹം.. അതെന്നോട് പറയാം.. ഞാനത് മുന്നണിയുമായി ചർച്ച ചെയ്യും.. വോട്ട് ചോദിച് നിങ്ങളുടെ ഇടയിലേക്ക് ഞങ്ങൾ വന്നപ്പോൾ ഒരുപാട് വാഗ്ദാനങ്ങൾ ഞങ്ങളുടെ മുന്നണി നൽകിയിരുന്നു.. അപ്പോഴും ഞാൻ നിശബ്ദത പാലിച്ചത് ഈ ഒരു അവസരത്തിന് വേണ്ടിയാണ്.. നിങ്ങൾക്കായി ഞാൻ ഒരു വാഗ്ദാനവും മുന്നോട്ടു വെക്കുന്നില്ല . എന്താണ് നിങ്ങൾക്കെന്നോട് ആവശ്യപ്പെടാൻ ഉള്ളത്..

എന്ത് കാര്യമാണ് നിങ്ങൾക്കായി ഞാൻ ചെയ്തു തരേണ്ടത് എല്ലാം നിങ്ങൾക്ക് വിട്ട് തരികയാണ്.. ഞങ്ങളുടെ മുന്നണി നിങ്ങളുടെ എന്ത് പ്രശ്നവും പരിഹരിക്കുന്നതാണ്... " അനിയുടെ വാക്കുകളിൽ കിളി പോയി ഇരുന്ന ഈശ്വറിനെ നോക്കി അവസാന വാചകം പറഞ്ഞതും അവൻ അതെ എന്ന് ഒരു പാവ കണക്കെ തലയാട്ടി.... സ്റ്റുഡന്റസ് ന്റെ ഇഷ്ടങ്ങൾ നേടി കൊടുക്കുമെന്ന് വാക്ക് കൊടുത്ത് കുറഞ്ഞ നിമിഷങ്ങൾ അവരുടെ മനസ്സിൽ ഇടം നേടിയ അനിയെ നോക്കി ഈശ്വർ വായും പൊളിച്ചിരുന്നു.. അവിടേം കൊണ്ട് തീർന്നിരുന്നില്ല അനിയുടെ വാക്കുകൾ... "ഇവിടെ ബോയ്സിന് മാത്രം എല്ലാ കാര്യത്തിലും മുൻ തൂക്കം ഉള്ളത് ഞാൻ ശ്രദ്ധിച്ചിരുന്നു.. അവർക്കായി മാത്രം ഗ്രൗണ്ട്.. പെൺകുട്ടികൾ ആ ഭാഗത്തേക്ക് പോകുന്നത് വിലക്ക്.. പോയാൽ തന്നെ ഗ്രൗണ്ടിലേക്കിറങ്ങാനോ കൂടുതൽ സമയം അവിടെ ചിലവഴിക്കാനോ പാടില്ല.. ഇതെല്ലാം മാറണം.. എന്ത് കൊണ്ട് പെൺകുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ പറ്റില്ല.. ഇവിടെ ബോയ്സിന് സ്വന്തമായി ഒരു ഗ്രൗണ്ട് ഉണ്ടെങ്കിൽ.. അത് പോലെ ഗേൾസിനും വേണം...

ഒരുപാട് കഴിവുള്ള കുറേ പെൺകുട്ടികൾ ഉണ്ട് ഇവിടെ.. അവരുടെ കഴിവെല്ലാം പുറത്ത് കൊണ്ട് വരാൻ എന്നെ കൊണ്ട് ആവുന്നത് ഞാൻ ചെയ്യും...പെൺകുട്ടികൾ സ്പോർട്സ് മേഖലയിൽ മികവ് പുലർത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.. നിങ്ങൾക്ക് അതിന് വേണ്ടി എന്ത് സഹായവും ഞങ്ങൾ ചെയ്യും.. സ്പോർട്സ് മേഖല മെച്ചപ്പെടുത്തി പെൺകുട്ടികൾക്ക് കൂടുതൽ അവസരം നൽകും. നിങ്ങൾക്ക് ഈ മേഖലയിൽ എന്ത് മാറ്റം ആണോ വേണ്ടത് അതീ വേദിയിൽ പറയാവുന്നതാണ്.... " പെൺകുട്ടികൾക്ക് സ്പോർട്സിൽ എന്തിനോടാണോ താല്പര്യം കൂടുതൽ അത് കോളേജിൽ കൊണ്ട് വരുമെന്ന് അനി ഉറപ്പ് നൽകിയത് എല്ലാവരും പരസ്പരം ചർച്ച ചെയ്യാൻ തുടങ്ങി. ഒടുവിൽ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു.. "ഇവിടെ ഞങ്ങൾക്കിടയിൽ കുറെ കാലമായി വളർന്നു വരുന്ന ഒരാഗ്രഹമാണ് ബാസ്കറ്റ് ബാൾ പ്ലേ നമ്മുടെ കോളേജിലും കൊണ്ട് വരണം എന്നുള്ളത്.. നമ്മുടെ തൊട്ടടുത്തെ കോളേജിൽ ഇതിന് വേണ്ടി സൗകര്യമുണ്ട്.. അവർ ഓരോ വർഷം ടൂർണമെന്റ് നടത്തുന്നുമുണ്ട്..

അത് പോലെ നമ്മുടെ കോളേജിലും അതിനുള്ള അവസരം വിദ്യാർത്ഥിനികൾക്ക് ലഭ്യമാക്കണം...ബോയ്സ് അവരുടെ ഫുട്ബോളിന് എത്രത്തോളം പ്രാധാന്യം നൽകുന്നു.. അത് പോലെ തന്നെ ഗേൾസിനും ഇത് ഇമ്പോര്ടന്റ്റ്‌ ആണ്..," " നിങ്ങളുടെ ആഗ്രഹം എന്താണോ അത് ഞങ്ങൾ നടത്തി തരും.. ഉടനെ തന്നെ ഈ ആവശ്യം ഞങ്ങൾ മാനേജ്മന്റ് ൽ അറിയിക്കും.. എത്രയും പെട്ടന്ന് ഇവിടെ അതിനുള്ള സൗകര്യം ലഭ്യമാക്കും...പിന്നെ.. മറ്റൊരു കാര്യം എന്നത്.. ഈ കോളേജിലെ പെൺകുട്ടികൾക്ക് ഇവിടെ അകത്തായാലും പുറത്ത് ബസ് സ്റ്റോപ്പ്‌.. റോഡ് സൈഡ്.. കോഫി ഷോപ്പ്.. എവിടെ ആയാലും പല വിധത്തിൽ ശല്യങ്ങൾ സഹിക്കേണ്ടി വരുന്നുണ്ട്.... ആരെങ്കിലും തനിക്ക് നേരെ വന്നാൽ പ്രതികരിക്കാൻ വന്നാൽ ഒന്നും മിണ്ടാതെ നിൽക്കുന്നവരാണ് ഭൂരിഭാഗം പേരും.. ഈ സ്ഥിതി മാറണം.. ഈ കോളേജിൽ തന്നെ വൺ ഹവർ മാർഷൽ ആർട്സ് നായി കൊണ്ട് വരണം.. അതിനായി കഴിവുള്ള ആളെ മാനേജ്മെന്റ് നിയമിക്കണം.....പെൺകുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന എല്ലാ പ്രവർത്തനങ്ങളും എന്റെ ഭാഗത്ത്‌ നിന്നുണ്ടാവും.... "

നിറഞ്ഞ കയ്യടികളോടെ വിസിൽ അടിച്ച് എല്ലാവരും അനിക്ക് സപ്പോർട്ട് നൽകി... അനിയുടെ വാക്കുകൾ കേട്ട് ആര്യയുടെ മുഖത്തും സന്തോഷം വിരിഞ്ഞു.. അടിപൊളി എന്ന് അവൾ അനിക്ക് കണ്ണിറുക്കി കാണിച്ചു... കിളി പോയി ഇരിക്കുന്ന ഈശ്വറിന്റെ അടുത്തേക്ക് ചിരിച്ചു കൊണ്ട് അനി വന്നിരുന്നു... കസേരയിൽ ഇരുന്ന് അവൾ ആശ്വാസത്തോടെ ശ്വാസം എടുത്തു വിട്ടതും അക്ഷിത് അവളെ നോക്കി ചിരിച്ചു.. അവനെ കണ്ടതും അവളുടെ മുഖത്തും ചിരി വിടർന്നു... അടുത്തത് അമിതിന്റെ ഊഴം ആയിരുന്നു.. ഹാളിന് ഇടത്തെ ഭാഗത്ത് ഇടത് പക്ഷം നിലയിരുറപ്പിച്ചിരുന്നു.. അവർ കാത്തിരുന്നത് അമിതിന് വേണ്ടി ആയിരുന്നു.. അമിത് സംസാരിക്കാൻ വന്നു നിന്നതും ആര്യ ദേഷ്യത്തിൽ മുഖം തിരിച്ചു.... "നിങ്ങളുടെ തന്നെ നിർദേശത്തിൽ തുടർച്ചയായി അഞ്ചാം തവണയാണ് എന്നെ നിങ്ങൾ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.... ഞങ്ങളുടെ അജണ്ഡ പ്രകാരം എല്ലാ കാര്യവും ഭംഗിയായി ഞങ്ങൾ നിർവഹിക്കും..

ഇവിടെ കോളേജിലേക്ക് രണ്ട് ബസ് അനുവദിക്കണമെന്നും കോളേജ് ഹോസ്റ്റലിൽ അടിസ്ഥാനാവശ്യങ്ങൾ ലഭ്യമാക്കണം എന്നും പലരും വന്ന് ആവശ്യപെട്ടിരുന്നു..അത് പോലെ തന്നെ നമ്മുടെ കോളേജിൽ നിന്നൊരു വെൽഫെയർ സംഘടന രൂപീകരിച്ച് സഹായങ്ങൾ ചെയ്യുമെന്നും ഞങ്ങൾ വാക്ക് നൽകിയിരുന്നു.....ഈ വർഷം തന്നെ എല്ലാം പാലിക്കാൻ ഞങ്ങൾ ആവും വിധം ശ്രമിക്കും.. എന്തെങ്കിലും ആർക്കെങ്കിലും പറയാൻ ഉണ്ടെങ്കിൽ അല്ലെങ്കിൽ ആവശ്യപ്പെടാൻ ഉണ്ടെങ്കിൽ ആവാം. മുന്നണി അത് ഏറ്റെടുത്ത് നടത്തും... " "എന്നിട്ട് നിങ്ങളുടെ മുന്നണി എവിടെ പോയി കഴിഞ്ഞ രണ്ടു വർഷം... നിങ്ങൾ വോട്ട് ചോദിച്ചു വരുമ്പോൾ പറയുന്ന കാര്യങ്ങൾ മിക്കതും നടപ്പിലാക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല.. കഴിഞ്ഞ വർഷം തുടക്കത്തിൽ തന്നെ ഒരുപാട് പരാതി വന്നതാണ് കുടിവെള്ളവുമായി ബന്ധപ്പെട്ട്.. അത് നേരാവണ്ണം നടപ്പിലാക്കാൻ മുന്നണിക്ക് സാധിച്ചിട്ടില്ല... വലിയൊരു ലൈബ്രറി തുറന്നു തന്നു.. ആ പൈസ കുടിവെള്ളത്തിനായി ഉപയോഗിച്ച് ആ പ്രശ്നം പരിഹരിക്കാമായിരുന്നു..

പിന്നെ അത് പോലെ തന്നെ ഡിഗ്രി ഡിപ്പാർട്ട്മെന്റിന്റെ പിറകിൽ തന്നെ കാട് മൂടി കിടക്കുന്ന ആ ഭാഗം വെട്ടി തെളിച്ച് മരങ്ങൾ നടുമെന്ന് പറഞ്ഞിരുന്നു.. എന്നിട്ട് ജയിച്ചു കഴിഞ്ഞപ്പോൾ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല.. ഇപ്പോൾ ഒരു ഭീഷണിയായി ആ വള്ളിക്കാട് പടർന്നു നിൽക്കുന്നുണ്ട്.. ഇതാണോ നിങ്ങളുടെ മുന്നണിയുടെ പ്രവർത്തനങ്ങൾ.. ഇനി ഇപ്രാവശ്യവും ഞങ്ങളെ പറ്റിക്കാനാണോ വിചാരം...." അമിതിന്റെ വാക്കുകൾക്ക് തടയിട്ട് കൊണ്ട് പ്രതിപക്ഷത്തിന്റെ നേതാവ് എഴുന്നേറ്റു നിന്ന് പറഞ്ഞതും അമിത് പല്ലിറുമ്മി... ഈശ്വർ പിറകിൽ ഇരുന്ന് ഒന്നും പറയേണ്ട എന്ന് കൂടെ കൂടെ യാചിച്ചു..... "ഈ പറഞ്ഞതെല്ലാം ശെരിയാണ്.. കുടി വെള്ള പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.. പക്ഷെ.. അത് ഞങ്ങളുടെ പിഴവല്ല...മാനേജ്മെന്റിന്റെ ആണ്.. പിന്നെ ലൈബ്രറി.. അത് നമുക്ക് അതിനായി ഫണ്ട് ഉണ്ടായിരുന്നു.. മാത്രവുമല്ല ലൈബ്രറി വിപുലീകരിച്ചത് പൂർവ വിദ്യാർത്ഥികൾ കൂടി ഇടപെട്ടാണ്...അതിനാലാണ് അത് പെട്ടന്ന് ശെരിയായത്..

പിന്നേ മരങ്ങൾ നടുന്ന വിഷയം.. കോളേജിലെ ആ ഭാഗം മാനേജ്മെന്റ് ലാബിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി മാറ്റി വെച്ച സ്ഥലമാണ്.. അതിനാൽ അവിടെ നമുക്കൊന്നും ചെയ്യാൻ ആവില്ല.... ഇതെല്ലാം ജൂനിയേഴ്‌സ് അല്ലാത്ത ഇവിടെ ഉള്ളവർക്കെല്ലാം അറിയുന്ന കാര്യമാണ്.....ഈ കോളേജിൽ ഞങ്ങളുടെ മുന്നണി ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്.. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് വോട്ട് ചെയ്യുന്നതും വീണ്ടും ഞങ്ങൾ തന്നെ ജയിക്കുന്നതും .. അല്ലാതെ ആരുടേയും ഔദാര്യമല്ല.. " "ഔദാര്യം തന്നെയാണ്.. ഈ കോളേജിൽ പെൺകുട്ടികൾ ആണ് കൂടുതൽ.. നിന്റെ പിറകെ വായിനോക്കി നടക്കുന്നവരെ നിനക്ക് വോട്ട് ചെയ്യൂ.. നട്ടെല്ലുള്ള ഒരു ആണും നിനക്ക് വോട്ട് ചെയ്യില്ല.....ഇവനൊന്നും ഒരു വാക്കും പാലിക്കാൻ കഴിയില്ല... വെറുതെ ഇവിടെ ഇരുന്ന് സമയം കളയേണ്ട.. എല്ലാവരും ക്ലാസ്സിൽ ചെല്ല്...." മീറ്റിംഗ് അലങ്കോലപ്പെടുത്തി പ്രതിപക്ഷം മുന്നിലേക്കിറങ്ങി. അവന്റ ഓരോ വാക്കുകളും അമിതിന്റെ ചെവിയിൽ തുളഞ്ഞു കയറി..

ഉടനെ അവൻ സ്റ്റേജിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് അവന്റെ പുറത്ത് ചവിട്ടി.. ഇതായിരുന്നു അവർക്കും വേണ്ടിയിരുന്നത്.. അവരുടെ അണിയിലെ നേതാവിനെ ഉപദ്രവിച്ചതും അവർ ഒന്നായി ഹാൾ വളഞ്ഞു... പെൺകുട്ടികൾ എല്ലാം പുറത്തേക്ക് ഓടി പോയി... ബഹളത്തിനിടക്ക് ആര്യയുടെ കണ്ണുകൾ അനിയിൽ ആയിരുന്നു.. അവൾ സ്റ്റേജിൽ സേഫ് ആണെന്ന് കണ്ടതും അവൾ അടി കൂടുന്നവരെ തള്ളി മാറ്റി കൊണ്ട് അനിയുടെ അടുത്തേക്ക് പോകാൻ നിന്നു... അമിത് കൂടുതൽ പ്രശ്നം ഉണ്ടാക്കാതിരിക്കാൻ അല്പം മാറി നിന്നെങ്കിലും എതിർ പക്ഷം പ്രശ്നം രൂക്ഷമാക്കി.. സകല പ്ലാനിങ് ഓടെ വന്ന അവർ ബാറ്റുമായി അമിതിന് നേരെ തിരിഞ്ഞു.. ഓരോരുത്തരെയും അമിത് നിസ്സാരമായി നേരിട്ടു... അതിനിടയിൽ ആര്യ വരുന്നത് കണ്ടതും കയ്യിലെ ബാറ്റ് അവൾക്ക് നേരെ ഓങ്ങാനായി അവൻ ഉയർത്തി.. എന്നാൽ അടുത്ത നിമിഷം തന്നെ ഏട്ടനെ മനസ്സിൽ വിചാരിച്ചു കൊണ്ട് അവൻ കൈകൾ താഴ്ത്തി.. പക്ഷെ, അവൾക്ക് നേരെ എന്തെങ്കിലും പോറലേൽൽപ്പിക്കണമെന്ന് അവൻ ഉറപ്പിച്ചു...

അടുത്ത് നിൽക്കുന്ന പ്രതിപക്ഷത്തിലെ ഒരുത്തന്റെ കയ്യിൽ ബാറ്റ് കണ്ടതും അമിത് ഒന്ന് വട്ടം കറങ്ങി കൊണ്ട് അവനെ ഒരു തട്ട് കൊടുത്തു..അവന്റെ കൈയിലെ ബാറ്റ് ആര്യയ്ക്ക് നേരെ കൊള്ളണമെന്ന ഉദ്ദേശിച്ചത്തിൽ അവന്റെ വലത്തേ കൈ തന്റെ ഇടത്തെ കൈമുട്ട് കൊണ്ട് ശക്തിയിൽ ഇടിച്ചു... ആ ഇടിയിൽ അവന്റെ ബാറ്റ് ആര്യയുടെ തലക്ക് മുകളിൽ ഉയർന്നു താഴ്ന്നു.. എന്നാൽ... മെയ്‌വഴക്കത്തോടെ കുതറി മാറിയ ആര്യ ഞൊടിയിടയിൽ ആ ബാറ്റ് തന്റെ കൈക്കുള്ളിൽ ആക്കി അവനെ അടിച്ചു വീഴ്ത്തി... മുന്നിൽ നിൽക്കുന്ന അമിതിനെ കണ്ടതും അവൾ തീപാറും നോട്ടത്തിൽ അവന് നേരെ ഒരു വാർണിങ് എന്ന പോലെ ബാറ്റ് നീട്ടി പിടിച്ചു.... കോളേജിലെ രണ്ട് ശക്തർ തമ്മിൽ നേർക്ക് നേർ വന്നതും പെട്ടന്ന് എല്ലാവരും ശാന്തമായി... ചോരക്കണ്ണുകൾ വികസിപ്പിച്ച് എന്തിനും തയ്യാറായി നിൽക്കുന്ന അമിതും മറു ഭാഗത്ത് കണ്ണിൽ അഗ്നി ജ്വലിപ്പിച്ച് ആര്യയും.......... അങ്ക കോഴികളെ പോലെ രണ്ടു പേരും ചീറി നിന്നതും എല്ലാവരും അവരിലേക്ക് ഉറ്റു നോക്കി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story