ആത്മരാഗം💖 : ഭാഗം 34

athmaragam thanseeh

രചന: തൻസീഹ് വയനാട്

ക്ലാസ്സ്‌ കഴിഞ്ഞതും അനിയും ആര്യയും പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു.. ആ സമയം ലീന ബുക്സ് എല്ലാം ബാഗിൽ എടുത്തു വെക്കുന്നത് അനിയുടെ ശ്രദ്ധയിൽ പെട്ടതും ആര്യയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് അനി ലീനയുടെ അടുത്തേക്ക് നടന്നു... പോകാനായി തിരിഞ്ഞ ലീന, അനിയെ കണ്ടമാത്രയിൽ ഒന്ന് ഞെട്ടി... ഒരടി പിന്നിലേക്ക് നിന്നവൾ അല്പം ഭയത്തോടെ ആര്യയെ തേടി.. അപ്പുറത്തായി നിൽക്കുന്ന ആര്യയുടെ നിഴൽ കണ്ടതും അവൾ അനിയെ മറികടന്നു കൊണ്ട് പോകാൻ ശ്രമിച്ചു.. എന്നാൽ അതിന് അനുവദിക്കാതെ അടുത്ത ക്ഷണം അനി അവളെ വാരിപ്പുണർന്നു... എന്താ സംഭവിക്കുന്നതറിയാതെ പതറി നിൽക്കുന്ന ലീനയെ നോക്കി അനി ചിരിച്ചു.. "സോറി ലീനാ.. എനിക്കൊരു ദേഷ്യവും ഇല്ലാ ട്ടോ നിന്നോട്.. അതൊക്കെ വെറും തമാശ ആയിട്ടേ ഞാൻ എടുത്തിട്ടുള്ളൂ.. ഈ കോളേജിലെ ഹീറോയേ ആരെ കൊണ്ടും വളക്കാൻ സാധിക്കില്ലെന്ന് നീ പറഞ്ഞപ്പോൾ ഒരു കുഞ്ഞു വാശി മനസ്സിൽ കയറി കൂടി.. അത്രേ ഉള്ളൂ..

അല്ലാതെ അമിത് ചേട്ടനോട്‌ എനിക്ക് മുടിഞ്ഞ പ്രേമം ഒന്നുമില്ല..... അല്ലേൽ നീ തന്നെ നോക്ക്.. ഞങ്ങൾ തമ്മിൽ ചേരുവോ.. ഞാൻ വായ തുറക്കുമ്പോഴേക്ക് എന്റെ മുഖം ഇടിച്ചു പരത്തും അമിത് ചേട്ടൻ.. എനിക്കാണേൽ ഈ സൈലന്റ് ആയി ഇരിക്കാനും അറിയില്ല.. അങ്ങേരെ കെട്ടിയാൽ ജീവിതം മുഴുവൻ തല്ലും വാങ്ങി കഴിയേണ്ടി വരും.. അതിനുള്ള ത്രാണി ഈ ബോഡിക്കില്ല.. ഇപ്പോൾ തന്നെ ഒരു തല്ല് കിട്ടിയപ്പോ മുഖത്തിന്റെ ഷേപ്പ് മാറി...പിന്നെയിവളുടെ പക്കൽ നിന്ന് ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല,,,,വെരി സോറി..." താടിയും കവിളും തലോടി അനി ചിരിച്ച് തമാശ രൂപേണ പറഞ്ഞതും അത്രയും നേരം മിണ്ടാതെ പേടിച്ചു നിന്ന ലീന ചിരിച്ചു.... ലീനയുടെ ചിരി കണ്ട് അനിയുടെ മുഖം വിടർന്നു... "ഇനി നിന്റെ വഴിയിൽ നിന്നും ഞാൻ മാറി തരുവാണ്.. ബെറ്റ് ജയിക്കാനുള്ള വാശിക്കാ അങ്ങേരോട് പോയി അങ്ങനൊക്കെ പറഞ്ഞെ.. അല്ലാതെ മനസ്സിൽ ഒന്നും വെച്ചല്ല..നിന്റെ മനസ്സിൽ അമിത് ചേട്ടനോട് ഇഷ്ടം ഉണ്ടെന്നറിയാം..

ഇനി നീ ധൈര്യമായി പ്രേമിച്ചോ.. വേണേൽ ഞാനും കൂടെ നിൽക്കാം.. നമുക്ക് ചേട്ടനെ വീഴ്ത്താൻ നോക്കാം " അനി പറയുന്നത് കേട്ട് ലീന വാ പൊത്തി ചിരിക്കാൻ തുടങ്ങി... "അയ്യോ.. എന്റെ അനീ.. നീ പറഞ്ഞില്ലേ അങ്ങേരെ കെട്ടിയാൽ ജീവിതം മുഴുവൻ തല്ല് വാങ്ങേണ്ടി വരുമെന്ന്.. അപ്പൊ എന്റെ അവസ്ഥയോ.. അമിത് ചേട്ടന്റെ ഏഴയലത്ത്‌ നിൽക്കാനുള്ള യോഗ്യത പോലും എനിക്കില്ല.. അന്ന് കണ്ട ആ നിമിഷം എനിക്ക് ഉള്ളിൽ ഒരു സ്പാർക്ക് ഒക്കെ തോന്നിയിരുന്നു.. പക്ഷെ മൂപ്പർ വളയില്ല എന്നെനിക്ക് മനസ്സിലായി.. പിന്നെ നിനക്ക് അടി കൂടി കിട്ടിയപ്പോൾ പൂർണ ബോധ്യമായി.. എന്തിനാ വെറുതെ തടി കേടാക്കുന്നെ.. ഞാനും അതൊക്കെ വിട്ടു.. " ലീന പറഞ്ഞത് കേട്ട് അനിയും ചിരിച്ചു.. സങ്കടത്തോടെയല്ല പൂർണ മനസ്സോടെ തന്നെയാണ് ലീന പറഞ്ഞതെന്ന് അവളുടെ മുഖത്ത് നിന്നും അനി വായിച്ചെടുത്തു.. ലീനയോട് കുറച്ചു നേരം സംസാരിച്ച അനി തനിക്ക് പറ്റിയ കൂട്ട് തന്നെയാണെന്ന് മനസ്സിലാക്കി... "ഫ്രണ്ട്സ്.... "

നീട്ടിയ കൈ അനി ലീനക്ക് നേരെ പിടിച്ചതും യാതൊരു സങ്കോചവും ഇല്ലാതെ ലീന കൈകൊടുത്തു.. അടുത്ത നിമിഷം തന്നെ ആര്യ വന്ന് അനിയുടെ കൈ പിടിച്ചു വലിച്ചു.. "അനീ.. വന്നേ പോകാം.. " "ആര്യാ... സോ... സോറി...ഞാൻ.. അന്ന്... തമാശക്ക്...സോറി.. " അനിയെ വലിച്ച് പുറത്തേക്കിറങ്ങിയ ലീന അവരുടെ പിറകെ പോയി ആര്യയോട് സോറി പറഞ്ഞു.. അവളെ നോക്കി ഒന്ന് മൂളി കൊണ്ട് ആര്യ മുന്നിൽ നടന്നു... ആര്യയുടെ പെരുമാറ്റം ലീനയെ സങ്കടപ്പെടുത്തി. തന്നോട് ഇപ്പോഴും ദേഷ്യം തന്നെയാണ് ആര്യക്കെന്ന തോന്നൽ അവളിൽ വളർന്നു.. നിരാശയോടെ നടന്നു പോകുന്ന അവരെ തല ഉയർത്തി നോക്കിയതും അനി തിരിഞ്ഞു നിന്ന് കൊണ്ട് ലീനയെ നോക്കി... "വിട്ടേക്ക് ലീനാ.. ഇത് ഐറ്റം വേറെയാ.. അങ്ങനെ ഒന്നും മെരുങ്ങില്ല.. ആരെ കൊണ്ടും മെരുക്കാൻ സാധിക്കുകയുമില്ല.. " ചിരിച്ചു കൊണ്ട് കണ്ണിറുക്കി ഉറക്കെ വിളിച്ചു പറഞ്ഞതും ലീനയുടെ മുഖത്തെ നിരാശ മാഞ്ഞു പോയി....

ഇതേ സമയം ക്ലാസ്സ്‌ കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് പോകാൻ തയ്യാറായി നിന്ന അമിത് അനിയുടെ ഡയലോഗ് കേട്ട് കണ്ണുകൾ അവിടേക്ക് ചലിപ്പിച്ചു.. ഗൗരവം വിട്ട് മാറാത്ത ആര്യയുടെ മുഖം കണ്ടതും അവൻ വേഗം തന്റെ മുഖം തിരിച്ചു.. "ഹ്മ്മ്.. മെരുക്കാൻ അറിയാഞ്ഞിട്ടല്ല.. വേണ്ടെന്ന് വെച്ചിട്ടാ.. ഒരിക്കെ എന്റെ കയ്യിന്റെ ചൂടറിഞ്ഞാൽ താനേ മെരുങ്ങും" മനസ്സാലെ പറഞ്ഞു കൊണ്ട് അമിത് നേരെ ഗ്രൗണ്ടിലേക്ക് നടന്നു.... ************ കോളേജിൽ നിന്ന് വീട്ടിൽ എത്തിയ പാടെ അമിത് തന്റെ ഫോണുമായി ബാൽക്കണിയിലേക്ക് പോയി.. അവന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു.. കുറച്ചു നേരം തനിയെ ഇരിക്കാൻ ആഗ്രഹിച്ചു കൊണ്ടവൻ അവിടെ തന്നെ ഇരുന്നു.. രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും അമിത് അവിടെ നിന്നും എണീറ്റില്ല...സഹോദരന്റെ മനസ്സ് അവനെക്കാൾ നന്നായി അറിയുന്ന ഏട്ടൻ അമിതിന്റെ മൈൻഡ് ആകെ ഡിസ്റ്റർബ് ആണെന്ന് മനസ്സിലാക്കി... അമിതിനെയും കൂട്ടി ഇപ്പോൾ വരാമെന്ന് പറഞ്ഞ് അക്ഷിത് തീൻ മേശയിൽ നിന്നെണീറ്റ് റൂമിലേക്ക് നടന്നു..

അപ്പോഴും അമിത് ഫോണിൽ കളിച്ചു കൊണ്ടിരിക്കുവായിരുന്നു.. "അമീ.. വന്നേ ഫുഡ്‌ കഴിക്കാം.. എല്ലാവരും നിന്നെയും കാത്തിരിക്കാ.. വാ " ഏട്ടനെ കണ്ടതും അമിത് ഫോൺ പോക്കറ്റിൽ ഇട്ട് എഴുന്നേറ്റു നിന്നു.. "വേണ്ട ഏട്ടാ.. വിശപ്പില്ല.. ഏട്ടൻ കഴിച്ചോളൂ.. " "നീ വാ... " അവനെ മറ്റൊന്നും പറയാൻ സമ്മതിക്കാതെ അക്ഷിത് അവന്റെ കയ്യിൽ പിടിച്ച് താഴേക്ക് കൊണ്ട് പോയി.. ഏട്ടനെ ധിക്കരിക്കാത്ത അമിത് അനുസരണയോടെ ഏട്ടനൊപ്പം ചെന്നു.. "ഹോ.. വന്നോ.. ഇപ്പോൾ ആളെ വിട്ട് വിളിപ്പിച്ചാലേ കഴിക്കാൻ ഒക്കെ വരത്തുള്ളൂ... കാലം പോയ ഒരു പോക്ക്.... " അമിത് വന്നിരുന്നതും ഭക്ഷണം കഴിക്കുന്നതിനിടയിൽ അക്ഷര കുട്ടി ആരോടെന്നില്ലാതെ പറഞ്ഞു.. അവളുടെ തലക്ക് കൊട്ടി ഭക്ഷണം കഴിക്കാൻ അമ്മ പറഞ്ഞതും അവൾ തല ഉഴിഞ്ഞു കൊണ്ട് അമിതിനെ നോക്കി... അമിത് സൈലന്റ് ആണെന്ന് മനസ്സിലാക്കിയ അവൾ അമിതിന്റെ ഓരോ ചലനവും നിരീക്ഷിച്ചു. "എന്താ ഏട്ടാ.. ഏട്ടന്റെ ലൈൻ തെറ്റി പോയോ.. മുഖത്തൊരു മ്ലാനത...

അതോ ഇന്ന് വായിനോക്കാൻ ആരെയും കിട്ടിയില്ലേ..." "ഹോ.. എന്റെ ഭഗവാനെ.. എവിടുന്നാണോ ഇതിന്റെ വായിൽ നിന്ന് ഇങ്ങനൊക്കെ വരുന്നേ.. ഇനി നീ മിണ്ടിയാൽ ഇന്ന് ഉറങ്ങാൻ സമ്മതിക്കാതെ ഇരുത്തി പഠിപ്പിക്കും ഞാൻ." അത് കേട്ടതോടെ അക്ഷരക്കുട്ടി വാ അടച്ചു.. അത് കണ്ട് അമിത് ഊറി ചിരിച്ചു...ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ പിന്നെ അക്ഷരക്കുട്ടി മിണ്ടിയതേ ഇല്ല.. എങ്കിലും ഇടക്കിടക്കവൾ അമിതിനെ നോക്കി കൊണ്ടിരുന്നു..തന്നെ നോക്കുന്നത് കണ്ട് എന്താടീ എന്ന അർത്ഥത്തിൽ അമിത് ഒരു പുരികം മേലോട്ട് ഉയർത്തിയതും എന്താടാ എന്ന അർത്ഥത്തിൽ അവൾ രണ്ട് പുരികവും മാറി മാറി ഉയർത്തി...... ഭക്ഷണം കഴിച്ച് അക്ഷിതിന് മുന്നേ റൂമിൽ എത്തിയ അമിത് വീണ്ടും ബാൽക്കണിയിലേക്ക് പോയി.. അക്ഷിത് വന്നപ്പോഴും ഫോണുമായി ബാൽക്കണിയിൽ നിൽക്കുന്ന അമിതിനെ കണ്ടു..അവന്റെ അടുത്തേക്ക് ചെന്ന അക്ഷിത് ഫോണിലേക്കും അമിതിന്റെ മുഖത്തേക്കും മാറി മാറി നോക്കി..

"വന്നത് മുതൽ നീ ഫോണിൽ ആണല്ലോ അമിത്.. എന്താ നിനക്ക് പറ്റിയത്.. " "ഏയ്യ്.. ഒന്നുമില്ല ഏട്ടാ.. ഞാനൊരു ഫിലിം കാണുവായിരുന്നു.. ഏട്ടൻ കിടന്നോ.. ഞാൻ വന്നോളാം " അമിതിന്റെ ചുമലിൽ കൈ കൊണ്ട് തട്ടി കൊണ്ട് അക്ഷിത് ഉറങ്ങാൻ പോയി...ബെഡിൽ ചെരിഞ്ഞു കിടന്ന് കൊണ്ട് അക്ഷിത് ബാൽക്കണിയിൽ ഇരിക്കുന്ന അമിതിനെ നോക്കി.. അവന്റെ മുഖത്ത് എന്തോ ഒരു നിരാശ മറഞ്ഞിരിപ്പുണ്ടെന്ന് അവൻ അറിഞ്ഞു.. അത് അനിയെ സംബന്ധിച്ചതാണെന്നും അക്ഷിത് ഊഹിച്ചു... അവളെ മനസ്സിലാകാതെ പോയതിൽ ഉള്ള വിഷമം ആണ് അവനെന്നും പക്ഷെ അതവൻ അംഗീകരിക്കുന്നില്ലെന്നും അക്ഷിത് എളുപ്പത്തിൽ മനസ്സിലാക്കി.... അമിതിന്റെ മുഖത്തെ ഭാവങ്ങൾ നോക്കി കിടന്ന് അക്ഷിത് കണ്ണുകൾ അടച്ചു..... ************ രാത്രി അനിയുടെ വീട്ടിൽ എത്തിയ ആര്യയുടെ മുഖവും വിഷാദത്തിലായിരുന്നു.. പലതും അവളെ അലട്ടുന്നുണ്ടെന്ന് അവളുടെ ഓരോ ചലനവും വിളിച്ചോതി... വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന അനിക്ക് എല്ലാത്തിനും മൂളി കൊടുത്തു കൊണ്ട് ആര്യ സമയം നീക്കി..

അച്ഛൻ വന്നതും അവൾ അനിയുടെ വീട്ടിൽ നിന്നിറങ്ങി.. പോകാൻ നേരം അനി അടുക്കള വഴി അവളെ മെല്ലെ വിളിച്ചു... "ശ്ശ്.. വാവീ.. റ്റാറ്റാ.. അപ്പൊ അർദ്ധ രാത്രി കാണാം.. അപ്പോഴേക്ക് ഞാനൊന്ന് ഉറങ്ങി എണീക്കട്ടെ.. " അനിയുടെ വാക്കുകൾ കേട്ടതും എന്തോ ഓർത്തെന്ന പോലെ അവൾ അനിയുടെ അടുത്തേക്ക് നടന്നു.. "നീ കിടന്നോ അനീ.. ഇന്ന് ഞാൻ തനിയെ പൊയ്ക്കോളാം.. എനിക്ക് കുറച്ചു നേരം ഒറ്റക്കിരിക്കണം.. " ഇടക്ക് ഇത് പോലെ മൈൻഡ് ശെരിയാക്കാൻ ഒറ്റക്ക് പോകൽ പതിവുള്ളതിനാൽ അനി മറുത്തൊന്നും പറഞ്ഞില്ല. രാത്രി കൃത്യ സമയത്ത് തന്നെ ആര്യ ബൈക്കുമായി കുതിച്ചു.... ഇന്നലത്തെ പോലെ തന്നെ ആരോ പിന്തുടരുന്ന പോലെ അവൾക്ക് തോന്നി... കുന്നിൻ ചെരുവിൽ കുറച്ചു സമയം ഇരുന്ന് മനസ്സ് ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഈ തോന്നൽ കാരണം അവൾക്കവിടെ ഇരുപ്പുറച്ചില്ല... ആരാണ് തന്നെ പിന്തുടരുന്നതെന്ന് അറിയണമെന്ന് അവൾ ഉറപ്പിച്ചു... ബൈക്കിൽ കയറി തിരിച്ചു പോരാൻ നേരം അവൾ മറ്റൊരു കുറുക്ക് വഴിയിലൂടെ സഞ്ചരിച്ച് മെയിൻ റോഡിന് അരികിൽ ബൈക്ക് നിർത്തിയിട്ട് അയാൾ വരുന്നതും കാത്തിരുന്നു......

എന്നാൽ.. ഇതേ സമയം ആര്യയുടെ ചലനങ്ങൾ എല്ലാം ശ്രദ്ധയോടെ വീക്ഷിച്ച ആ ബൈക്ക് യാത്രികൻ അവളുടെ മുന്നിൽ പെടാതെ മറ്റൊരു വഴി തിരഞ്ഞെടുത്തു.. നേരം പുലരാൻ നാഴിക ബാക്കി നിൽക്കെ അയാൾക്കായി കാത്തിരുന്നിട്ടും കാണാത്തതിന്നാൽ തിരിച്ചു പോകാൻ അവൾ തീരുമാനിച്ചു.. വീട്ടിലേക്ക് തിരിച്ച ആര്യയുടെ മനസ്സ് മുഴുവൻ ആ അപരിചിതന്റെ പിറകെ ആയിരുന്നു.. തന്നെ ടാർഗറ്റ് ചെയ്തു തന്നെയാണ് അയാൾ ദിവസവും വരുന്നതെന്നും എന്തോ ലക്ഷ്യം അയാൾക്കുണ്ടെന്നും അവൾ മനസ്സിലാക്കി... ആരാണ് ആ യാത്രികൻ എന്ന് താൻ കണ്ടു പിടിക്കുമെന്ന് അവൾ മനസ്സിൽ ശപദം ചെയ്തു... ബൈക്ക് മെല്ലെ വീട്ടിലേക്ക് കയറ്റി താക്കോൽ കൊണ്ട് വാതിൽ തുറന്ന് ആര്യ ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് കയറി... അവളുടെ വീടിന്റെ വാതിൽ അടഞ്ഞതും പുറത്ത് മതിലിനപ്പുറമൊരു ബൈക്ക് വന്ന് നിന്നു.........

നേരം പുലർന്നതും അക്ഷിത് കണ്ണുകൾ തുറന്ന് ആദ്യം തിരഞ്ഞത് അമിതിനെയാണ്.. തന്റെ അരികിൽ അവനെ കാണാത്തത് കൊണ്ട് തന്നെ അവൻ ബാൽക്കണിയിലേക്ക് ചെന്ന് നോക്കി.. അവിടെയും അവൻ ഉണ്ടായിരുന്നില്ല.. ഉടനെ തന്നെ അക്ഷിത് വാതിൽ തുറന്ന് പുറത്തേക്ക് പോയി... മുകളിലെ നിലയിലെ ഹാളിലെ സോഫയിൽ നീണ്ടു നിവർന്നു കിടക്കുന്ന അമിതിനെ കണ്ടതും അക്ഷിത് ആശ്വാസത്തോടെ പുഞ്ചിരിച്ചു... അവൻ അമിതിനെ അടിമുടി നോക്കി.. എവിടെയോ പോയി വന്ന പോലെ ആയിരുന്നു അവന്റെ വേഷം.. അക്ഷിത് അവനെ തട്ടിയുണർത്തി എണീപ്പിച്ചു.. ഉറക്കം തികയാത്ത കണ്ണുകൾ മെല്ലെ തുറന്നു കൊണ്ടവൻ മോർണിംഗ് പറഞ്ഞ് വീണ്ടും കിടക്കാൻ നിന്നു.. "അമീ.. ഇനിയും കിടക്കാണോ.. എണീക്ക്.. അല്ലാ.. നീയിതെങ്ങോട്ടാ പോയെ.." ജാക്കറ്റിൽ തൊട്ട് നോക്കി കൊണ്ട് അക്ഷിത് പറഞ്ഞതും അമിത് ഏട്ടനെ നോക്കി കണ്ണിറുക്കി.. മറ്റൊന്നും പറയാതെ അവൻ ഫ്രഷ് ആവാൻ മുറിയിലേക്ക് പോയി.. അനിയന്റെ മനസ്സ് വായിക്കാൻ അറിയുന്ന ഏട്ടൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story