ആത്മരാഗം💖 : ഭാഗം 36

athmaragam thanseeh

രചന: തൻസീഹ് വയനാട്

അനി വരുന്നതും കാത്ത് കോളേജ് ഗേറ്റിന് അടുത്ത് നിന്നിരുന്ന ആര്യ അമിതും അനിയും ഈശ്വറും നടന്നു വരുന്നത് കണ്ടു.. അമിതിനെ കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ അവൾ മുഖം തിരിച്ചു.. അവൾ അവിടെ നിൽക്കുന്നത് കണ്ടതും അമിത് മുഖം തിരിച്ച് ഗ്രൗണ്ടിലേക്ക് പോയി.. ആര്യയെ കണ്ടതിനാൽ തന്നെ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് ഈശ്വറും മെല്ലെ അനിയുടെ അരികിൽ നിന്നും മാറി വേഗത്തിൽ നടന്നു പോയി.. "കഴിഞ്ഞോ നിന്റെ പാർട്ടി പ്രവർത്തനം " അരികിൽ എത്തിയ ഉടനെ അവളെ നോക്കി ഗൗരവം വിടാതെ ആര്യ ചോദിച്ചു.. "പാർട്ടി പ്രവർത്തനം ഒന്നുമല്ലെന്റെ വാവീ.. നമ്മുടെ കോളേജിന് വേണ്ടിയുള്ളതല്ലേ.." "മ്മ്മ്.. വാ... " "നിന്റെ ഇപ്പോഴത്തെ ദേഷ്യം എനിക്ക് മനസ്സിലായി.. അമിത് ചേട്ടനൊപ്പം എന്നെ കണ്ടത് കൊണ്ടല്ലേ.....വാവീ... ചേട്ടൻ എന്നെ ഒന്നും ചെയ്യില്ല.. ഒന്ന് വഴക്ക് പറയുക പോലുമില്ല..അപ്പോഴത്തെ ദേഷ്യത്തിൽ എനിക്കിട്ട് പൊട്ടിച്ചതാ.. അതൊക്കെ അപ്പോൾ തന്നെ മറന്ന് കാണും.. അല്ലെങ്കിൽ എന്നെ അടുത്ത് വരാൻ സമ്മതിക്കുമോ "

"നീ എന്ത് പറഞ്ഞാലും അവനോടുള്ള ദേഷ്യം മാറില്ല.. അവനെ കാണുമ്പോൾ ഒക്കെ നീ കരഞ്ഞു നിന്നതാ മനസ്സിൽ തെളിയുന്നത്.. " "ഓ.. എന്റെ വാവി കുട്ടീ...നിന്നോട് തർക്കിക്കാൻ ഞാനില്ല.. ".. ബസ്സിൽ നിന്നിറങ്ങി ഇരുവരും വീട്ടിലേക്ക് നടക്കുമ്പോഴൊക്കെ അനി അമിതിനെ പുകഴ്ത്തി ഓരോന്ന് പറഞ്ഞു.. ആര്യക്കതൊന്നും ഇഷ്ടമായില്ലെങ്കിലും അനിയെ തടയാനൊന്നും അവൾ പോയില്ല.. കോളേജിൽ നിന്നും വീട്ടിൽ എത്തിയ അമിതിന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.. താൻ തന്റെ ഉത്തരവാദിത്തത്തിൽ നിന്നും അല്പം ഉൾവലിഞ്ഞു നിന്നതിനാൽ തന്നെ ഈ കോളേജിൽ പലതും നടക്കുന്നുണ്ടെന്ന് അവന്റെ മനസ്സ് വീണ്ടും വീണ്ടും പറഞ്ഞു... മാനേജ്മെന്റ് ഗ്രൗണ്ടിനായ് സ്ഥലം അനുവദിച്ചു തന്നില്ലെങ്കിലും അവിടെ വൃത്തിയാക്കാനുള്ള പെർമിഷൻ വാങ്ങണം എന്നവൻ തീരുമാനിച്ചു... തന്നിൽ നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നവന് പരിശോധിക്കണമായിരിന്നു.. അതിനാൽ തന്നെ എത്രയും പെട്ടന്ന് തന്നെ കാട് മൂടി കിടക്കുന്ന ആ സ്ഥലം വെട്ടി തെളിക്കാനുള്ള സമ്മതം വാങ്ങണം എന്ന് അമിത് ഉറപ്പിച്ചു.... ബാൽക്കണിയിലെ ആ സുഖമുള്ള കാറ്റ് പോലും അവന്റെ മനസ്സിനെ തണുപ്പിച്ചില്ല..

കയ്യിൽ മുറുകെ പിടിച്ച ആ വസ്തുവിനെ കുറിച്ച് കൂടുതൽ ആലോചിക്കുകയായിരുന്നു അവൻ... ************ പതിവ് തെറ്റിക്കാതെ രാത്രി സഞ്ചാരത്തിന് കൃത്യ സമയം ആയതും ആര്യ എഴുന്നേറ്റു.. പുറത്ത്,, അവൾക്ക് മുന്നേ എഴുന്നേറ്റ് അനി റെഡിയായി നിൽപ്പുണ്ടായിരുന്നു... തന്നെ വീക്ഷിക്കുന്ന ആ യാത്രികനെ കുറിച്ച് ആര്യ ഇത് വരെ അനിയോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല.. ആരാണ് അയാളെന്ന് അറിഞ്ഞ ശേഷം പറയുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.... കുന്നിൻ ചെരിവിൽ അനിയോടൊപ്പം ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു... എന്നാൽ എവിടെയും അയാളുടെ ചെറു വെട്ടം പോലും കണ്ടില്ല... നേരം പുലരാൻ ആയതും അവർ വീട്ടിലേക്ക് തിരിച്ചു.. അനിയെ കൂട്ടാതെ പോയ രണ്ട് ദിവസവും അയാൾ വന്നിരുന്നെന്നും ഇന്ന് അനി ഉള്ളത് കൊണ്ടാവാം മുന്നിൽ വരാതെ മാറി നിന്നതെന്നും അവൾ ഊഹിച്ചു. അയാളെ കണ്ടത്തെണം എന്നത് ഇപ്പോഴവൾക്കൊരു വാശിയായി തീർന്നു.. തന്നെ മാത്രം ടാർഗറ്റ് ചെയ്യുന്ന ആ വ്യക്തി ആരാണെന്ന് തല പുകഞ്ഞാലോചിച്ചു...

പലരോടും പല വിധത്തിൽ വഴക്കിടുന്നതിനാൽ തന്നെ ആര്യയ്ക്ക് ശത്രുക്കൾ ഏറെയാണ്.. അവരിൽ ആരെങ്കിലും ആയിരിക്കുമോ എന്ന ചോദ്യം അവളിൽ നിറഞ്ഞു..കോളേജിൽ വെച്ച് താൻ തല്ലിയ സീനിയേഴ്സിൽ ആരെങ്കിലും ആണോ എന്നുമുള്ള സംശയം അവൾക്കുണ്ടായി.. ആരായാലും തന്റെ കയ്യിൽ കിട്ടിയാൽ ആര്യ ആരെന്ന് അറിയിച്ചു കൊടുക്കുമെന്ന് അവൾ ഉറപ്പിച്ചു... ബൈക്ക് ശബ്ദം ഉണ്ടാക്കാതെ നിർത്തി അനിയെ പറഞ്ഞയച്ച് ആര്യ ബൈക്ക് തന്റെ വീട്ടിലേക്ക് കയറ്റി.. അവൾ വീട്ടിലേക്ക് കയറി കതകടച്ചതും മതിലിനപ്പുറം ഒരു ബൈക്ക് വന്നു നിന്നു.. മതിലിനോട് ചേർന്ന് നിന്നയാൾ അവളുടെ വീട്ടിലേക്ക് തന്റെ കണ്ണുകൾ ചലിപ്പിച്ചു... പിറ്റേന്ന് അമിത് കോളേജിലേക്ക് പുറപ്പെട്ടത് പല ലക്ഷ്യങ്ങളുമായാണ്.. അനി എത്തിയിട്ടില്ലെന്ന് ഈശ്വറിന്റെ വാക്കുകളിൽ നിന്നവൻ മനസ്സിലാക്കി . അക്ഷിത് നേരെ ക്ലാസ്സിലേക്ക് പോയതും അമിത് ഈശ്വറിനെ കൂട്ടാതെ കാട് മൂടി കിടക്കുന്ന ആ സഥലത്തേക്ക് ചെന്നു...

സമയം കിട്ടുമ്പോൾ എല്ലാം ഗ്രൗണ്ടിൽ ചെന്നിരിക്കുന്ന അമിത് ഈ ഭാഗത്തേക്ക് അങ്ങനെ വരാറില്ലായിരുന്നു.. പല മുൾ ചെടികളും വളർന്നു നിൽക്കുന്നതിനാൽ വകഞ്ഞു മാറ്റി ഉള്ളിലേക്ക് പോകാനും കഴിയുമായിരുന്നില്ല... പ്രിൻസിയുടെ പെർമിഷൻ കിട്ടുന്നത് വരെ കാത്തിരിക്കണം എന്നവന് തോന്നി.. കുറച്ചു സമയം അവിടെ നിന്ന് അവൻ ക്ലാസ്സിലേക്ക് നടന്നു.... പോകും വഴിയിൽ അനിയും ആര്യയും വരുന്നത് അവൻ കണ്ടു.. തന്നെ കണ്ട് ചിരിക്കുന്ന അനിയെ ആര്യ ഉണ്ടായത് കൊണ്ട് മാത്രം മൈൻഡ് ചെയ്യാതെ ക്ലാസ്സിലേക്ക് പോയി.... ആര്യ കൂടെ ഉണ്ടായത് കൊണ്ടാണോ അതോ തന്നിലെ ഈഗോ ആണോ അവളെ അംഗീകരിക്കാത്തതെന്ന ചോദ്യം അവന്റെ മനസ്സിൽ ഉയർന്നു... കോളേജിലെ സർവ്വ കുട്ടികൾക്ക് മുന്നിൽ ആര്യ തന്നെ നാണം കെടുത്തിയത് അനി കാരണമാണ് എന്ന ചിന്ത അവനിൽ വളർന്നു.. പക്ഷെ അതേ സമയം തന്നെ മറു ഭാഗത്ത് അനി പാവമാണെന്നും നിഷ്കളങ്കമായ കുട്ടിത്തം വിടാത്ത എന്നാൽ മെച്യുർ ആയിട്ടുള്ള ക്യാരക്ടർ ആണ് അവളുടേതെന്നും അവൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു..

അമിത് ക്ലാസ്സിൽ കയറിയപ്പോൾ ഈശ്വർ അവിടെ ഉണ്ടായിരുന്നില്ല.. പാർട്ടി പ്രവർത്തനങ്ങൾ വന്നാൽ അവൻ ക്ലാസ്സ്‌ കണി കാണാറ് പോലുമില്ല.. പാർട്ടിയുടെ ഉയർന്ന നേതാവ് ആവാൻ ഉള്ള കഠിന പരിശ്രമത്തിൽ ആണവൻ.. അമിത് ആണ് ചെയർ പേഴ്‌സൺ എങ്കിലും പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് ഈശ്വർ ആണ് .. ബ്രേക്ക്‌ ടൈം ആയതും ഈശ്വർ ക്ലാസ്സിൽ എത്തി.. അമിതിനെയും കൂട്ടി അവൻ പുറത്തിറങ്ങി... "അമിത്.. മാനേജ്മെന്റ് മീറ്റിംഗ് നടക്കുന്നുണ്ട്.. പെർമിഷൻ ലഭിക്കുന്ന കാര്യത്തിൽ സംശയം തന്നെയാണ്.. " " ആ സ്ഥലം പെൺകുട്ടികൾക്ക് നേടി കൊടുക്കുന്നതാണ് നിന്റെ പാർട്ടിക്ക് നല്ലത്. അല്ലെങ്കിൽ നിന്റെ പാർട്ടിയോടുള്ള പലരുടെയും മെന്റാലിറ്റി മാറി മറിയും.. നമ്മുടെ മുന്നണി കൊണ്ട് ഇവിടെ ആർക്കും പ്രയോജനം ഇല്ലെന്ന് എല്ലാവരും കരുതും.. " "ആ.. തീരുമാനം എന്താണെന്ന് നോക്കട്ടെ.. നമ്മളെ വിളിപ്പിക്കാതിരിക്കില്ലല്ലോ.. നീയാണ് ചെയർമാൻ.. നിന്നെയാവും വിളിപ്പിക്കുക.. സോ എങ്ങനെ എങ്കിലും അവരെ പറഞ്ഞ് സമ്മതിപ്പിക്കണം..

ഹാ.. ആ കാര്യത്തിൽ അനി തന്നെയാണ് ഉഷാർ.. " ഈശ്വറിന്റെ വാക്കുകൾക്ക് അമിത് ഒന്ന് മൂളി കൊടുക്കുക മാത്രം ചെയ്തു.. ബെൽ അടിച്ചതും അമിത് ക്ലാസ്സിലേക്ക് കയറാൻ നിന്നു.. "ഇനി നീയിതെങ്ങോട്ടാ.. പാർട്ടി പേര് പറഞ്ഞ് ക്ലാസ്സ്‌ കട്ട് ചെയ്യാനാണ് അല്ലെ മോന്റെ ഉദ്ദേശം.. " "ഹിഹിഹി.. ഇലക്ഷൻ ജയിച്ചു കഴിഞ്ഞാൽ ക്ലാസ്സിൽ എന്നെ കാണില്ലെന്ന് നിനക്കറിയില്ലേ.." "മ്മ്മ്.. നിന്റെ വർക്ക് മുഴുവൻ എന്റെ ഏട്ടന്റെ തലയിൽ ഇടാനുള്ള പ്ലാൻ അല്ലെ... " "അത് സാരമില്ല. നിന്റെ ഏട്ടന് അതൊക്കെ നിസ്സാരമാണ്.. ഞാൻ പോട്ടെ.. ഞങ്ങളുടെ പാർട്ടി ഏറ്റെടുത്തു നടത്തുന്ന ഒരു വലിയ പദ്ധതി ഉണ്ട്.. അതിന്റെ നെട്ടോട്ടത്തിലാണ് ഞാനിപ്പോൾ.. അപ്പൊ ശെരി.. ലഞ്ചിന് കാണാം.. " ഈശ്വർ പോയതും അമിത് ക്ലാസ്സിലേക്ക് കയറി... ************ ബ്രേക്ക്‌ ടൈം കഴിഞ്ഞ് വൺ ഹവർ കഴിഞ്ഞതും മീറ്റിംഗ് ന്റെ പേര് പറഞ്ഞ് അനി ക്ലാസ്സിൽ നിന്നും ഇറങ്ങി.. ചെയർ പേഴ്‌സൺ അവളായത് കൊണ്ട് തന്നെ അവളെ കൂടാതെ മീറ്റിംഗ് കൾ ഒന്നും നടത്താറില്ല.. ഒരു ദിവസം രണ്ടു മീറ്റിംഗ് എങ്കിലും ഉണ്ടാവും..

ഒന്ന് പാർട്ടി മീറ്റിംഗ് ആണെങ്കിൽ മറ്റേത് കോളേജിലെ കമ്മിറ്റി അംഗങ്ങളുടെ മീറ്റിംഗ് ആയിരിക്കും.. രണ്ടിലും ഒഴിച്ചുകൂടാനാവാത്ത ആളാണ് അനി..മീറ്റിംഗ് ഉം തുടർന്നുള്ള ചർച്ചകളും കാരണം അനിക്ക് ക്ലാസ്സിൽ അധികം കയറാനേ കഴിഞ്ഞില്ല..അവൾ ഇല്ലാത്തത് കൊണ്ട് തന്നെ ക്ലാസ്സ്‌ മൊത്തം ഉറങ്ങി തൂങ്ങി ഇരിക്കുന്ന പോലെയാണ്.. ആർക്കും ഒരു ഉഷാറില്ലാത്ത പോലെ.. ആര്യയെ പേടിച്ചു കൊണ്ട് എല്ലാവരും മിണ്ടാതെ ഇരിക്കുന്നു എന്ന് മാത്രം.. അനിയുടെ വായടക്കാതെയുള്ള സംസാരം ഇല്ലാത്തതിനാൽ തന്നെ ആര്യക്കും ക്ലാസ്സ്‌ മടുത്തു.. അനിൽ സാർ ക്ലാസ്സിൽ വരുമ്പോൾ എല്ലാം സാറിന്റെ കണ്ണുകൾ ഇടയ്ക്കിടെ അനി ഇരിക്കുന്ന ഭാഗത്തേക്ക് ചലിച്ചു.. ശൂന്യമായ അവളുടെ ഇരിപ്പിടം സാറിന്റെ മുഖത്തുണ്ടാക്കുന്ന മാറ്റങ്ങൾ ആര്യയും നിരീക്ഷിച്ചു..... ലഞ്ച് ബ്രേക്ക് ന് മുന്നേ ഉള്ള ഫ്രീ പിരിയഡിൽ അനി ക്ലാസ്സിൽ എത്തി.. അത് വരെ ടീച്ചേഴ്സ് എടുത്ത പോഷൻസ് ആര്യ അവൾക്ക് കാണിച്ചു കൊടുത്തു... ഇടയ്ക്കിടെ ക്ലാസ്സ്‌ കട്ട് ചെയ്യുന്ന ആളാണെങ്കിലും നന്നായി പഠിക്കുന്ന അനി ആ ഭാഗമെല്ലാം മറിച്ചു നോക്കി..

മറ്റുള്ളവരോട് വാ തോരാതെ സംസാരിക്കുന്നതിനിടയിലും പോർഷൻസ് അവൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു... ഡൌട്ട്സ് ഉള്ള ഭാഗങ്ങൾ അപ്പോൾ തന്നെ ടീച്ചേഴ്‌സിന് അടുത്ത് ചെന്ന് ക്ലിയർ ചെയ്യാനും അവൾ മറന്നില്ല... ക്ലാസ്സിൽ നിന്ന് എങ്ങനെ എങ്കിലും ചാടാൻ തക്കം പാർത്തിരിക്കുന്ന കുട്ടികളിൽ നിന്നും,, പുറത്തു പോയിട്ടും എടുത്ത പോഷൻസ് ചെക്ക് ചെയ്യുകയും ഡൌട്ട്സ് വന്ന് ക്ലിയർ ചെയ്യുകയും ചെയ്യുന്ന അനി ടീച്ചേഴ്സിന് മുന്നിൽ സ്റ്റാർ ആയി... സ്റ്റാഫ് റൂമിൽ ചെല്ലുമ്പോഴൊക്കെ അവൾ സാറിനെ നോക്കാൻ മറന്നില്ല......... ലഞ്ച് ബ്രേക്ക്‌ സമയം പ്രിൻസി അമിതിനെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു....അവൻ ചെന്നപ്പോൾ അവിടെ അനിയും നിൽപ്പുണ്ടായിരുന്നു.. അവളെ ഒന്ന് നോക്കി കൊണ്ട് അമിത് പ്രിൻസിയോട് ഗ്രൗണ്ടിന് വേണ്ടിയുള്ള സ്ഥലത്തിന്റെ കാര്യം എന്തായെന്ന് ചോദിച്ചു... "അമിത്.. മാനേജ്മെന്റിൽ ഇതിന് വേണ്ടി വലിയൊരു ചർച്ച തന്നെ ഉണ്ടായി...എന്നത്തേയും പോലെ അനുകൂലിക്കാൻ ചിലരും എതിർക്കാൻ ചിലരും.. ഭൂരിപക്ഷം നോക്കി മൂന്ന് വർഷമായി ഒന്നും ചെയ്യാൻ കഴിയാത്ത ആ സ്ഥലം വിദ്യാർത്ഥികളുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കാൻ മാനേജ്മെന്റ് അന്തിമ തീരുമാനം എടുത്തു....സോ.. ആ സ്ഥലം നിങ്ങൾ ആഗ്രഹിക്കുന്ന പോലെ പെൺകുട്ടികൾക്ക് ഗ്രൗണ്ട് ആയി യൂസ് ചെയ്യാം.."

"താങ്ക്യൂ മേം.. അപ്പോൾ ഇന്ന് തന്നെ ഞങ്ങൾ അവിടെ പണി ആരംഭിച്ചോട്ടെ...വൃത്തിയാക്കാൻ ഒരുപാട് ഉണ്ട്.." "ഓക്കേ.. ആസ് യു ലൈക്.. പെർമിഷൻ ഞാൻ നൽകിയിരിക്കുന്നു..." ചെയർ പേഴ്‌സൺ ആയി അധികാരമേറ്റ് ലഭിച്ച ആദ്യ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ കഴിയുന്നതിൽ അനി ഒരുപാട് സന്തോഷിച്ചു.. ഓഫിസിൽ നിന്നും ഇറങ്ങിയ അനി അതിനെ കുറിച്ച് അമിതിനോട് പറഞ്ഞ് സന്തോഷം പങ്ക് വെച്ചു.. അവളുടെ സംസാരം കേട്ട് അവന്റെ മുഖത്ത് താനെ ഒരു പുഞ്ചിരി വിരിഞ്ഞു.. "ഫുഡ്‌ കഴിച്ചതിന് ശേഷം നമുക്ക് ജോലി ആരംഭിക്കാം.. ഈശ്വർ വരട്ടെ..മുന്നണിയിൽ നിന്നും കുറച്ചു പേരെ ഇറക്കണം.. അത് അവൻ വിചാരിച്ചാലേ നടക്കൂ.. നീയിപ്പോ പൊയ്ക്കോ.. " മയത്തിൽ തന്നെ നോക്കി പറയുന്ന അമിതിന് ചിരി സമ്മാനിച്ചവൾ ആര്യയുടെ അടുത്തേക്ക് നടന്നു.. ലഞ്ച്ന് ശേഷം ഈശ്വർ മുന്നണിയിൽ കാര്യം അവതരിപ്പിച്ച് അഞ്ചാറു പേരെ കൂട്ടി ആ സ്ഥലത്തേക്ക് ചെന്നു.. കൂടെ അനിയും അമിതും ഉണ്ടായിരുന്നു...

.കത്തിയും മടവാളും വടിയും കൈക്കോട്ടുമായി ഓരോരുത്തരും അവിടേക്കിറങ്ങി.. അനിയും വെറുതെ ഇരുന്നില്ല.. അവളെ കൊണ്ട് ആവുന്നത് അവളും ചെയ്തു.. ഇന്നൊരു ദിവസം കൊണ്ട് മുഴുവനായി തീർക്കാൻ പറ്റില്ലെന്ന് അവർക്കറിയാമായിരുന്നു.. കാടുകളും വള്ളികളും വെട്ടി തെളിക്കൽ ഇന്ന് തീർക്കാൻ അവർ ശ്രമിച്ചു... എല്ലാവരും അതിൽ ശ്രദ്ധ കൊടുക്കുമ്പോൾ അമിത്തിന്റെ ശ്രദ്ധ മണ്ണിലേക്കായിരുന്നു.. വടി കൊണ്ട് പ്ലാസ്റ്റിക് തോണ്ടി മറിച്ച് അവൻ ആകെ വീക്ഷിച്ചു.. ഒടുവിൽ ആരും ശ്രദ്ധിക്കാത്ത കടന്ന് വരാത്ത ഒരു മൂലയിൽ അവനത് കണ്ടു..അവിടെ മാത്രം കാടു പിടിച്ചിട്ടില്ലെന്നും എന്നും ആരൊക്കെയോ വന്നിരിക്കുന്ന സ്ഥലമാണെന്നും അവൻ മനസ്സിലാക്കി... തലേന്ന് ലഭിച്ച വസ്തു അവൻ പോക്കറ്റിൽ നിന്നും എടുത്തു.. ഉപയോഗ ശൂന്യമായ സിറിഞ്ചായിരുന്നു അത്... പല നിറത്തിൽ ഉള്ളവയും അവിടെ കിടക്കുന്നത് അവൻ കണ്ടു.. കൂടാതെ നിരവധി കാലി കുപ്പികളും.. ആരുടേയും ശ്രദ്ധ പതിയാത്ത ഇവിടം പല ഇല്ലീഗൽ കാര്യങ്ങൾക്കുമുള്ള മറ ആണെന്നും തന്റെ പിഴവാണ് ഇത്തരം കാര്യങ്ങൾ ഈ കോളേജിൽ നടക്കാൻ കാരണം എന്നും അവൻ മനസ്സിലാക്കി....ആരും കാണാതെ അവൻ അതെല്ലാം പ്ലാസ്റ്റിക് പെറുക്കിയിടുന്ന കൂട്ടത്തിൽ ചാക്കിലേക്ക് തള്ളി...

കോളേജിൽ അധികം ആരുടേയും കണ്ണ് എത്താത്ത മുഴുവൻ സ്ഥലത്തും പരിശോധിക്കണം എന്നും ഈ കാര്യത്തിന്റെ ഗൗരവം മാനേജ്മെന്റിൽ അറിയിക്കണം എന്നും അവൻ തീരുമാനിച്ചു... ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിൽ കാട് മൂടി കിടന്ന ആ ഇടം വെളിച്ചം കൊണ്ട് നിറഞ്ഞു... അതിർത്തി ആണെന്ന് തോന്നിക്കുന്ന പൊളിഞ്ഞു വീഴാറായ മതിൽ നന്നാക്കി എടുത്ത് ഈ സ്ഥലം ഗ്രൗണ്ട് ആക്കി മാറ്റാൻ ഉള്ള പ്ലാനിങ് അവർ നടത്തി.. "അനീ.. ഇനി നാളെ നോക്കാം.. കോളേജ് വിട്ടിട്ട് നേരം കുറച്ചായി... എല്ലാം കൂടെ ഇന്ന് നടക്കില്ല.. നാളെ ഈ മണ്ണൊക്കെ ഒന്ന് ഉഴുതു മറിക്കണം.. ഈ കാണുന്ന പുല്ലൊക്കെ കൈ കൊണ്ട് പറിക്കാൻ നിന്നാൽ ഈ വർഷം ഇവിടെ ഗ്രൗണ്ട് വരില്ല... പിന്നെ മതിൽ കെട്ടണം.. കല്ലൊക്കെ ഇറക്കിയിട്ട് വേണം.. അതിന് അമിത് പ്രിൻസിയോട് പെർമിഷൻ ചോദിച്ചോളും.. " "ഓക്കേ.. ഇന്ന് തത്കാലം ഇത് മതി.ബാക്കി വരും ദിനങ്ങളിൽ നോക്കാം.. അടുത്ത ആഴ്ച ആവുമ്പോഴേക്ക് കളിക്കളം റെഡി ആവണം.. " ബാക്കി ജോലികൾ നാളേക്ക് മാറ്റി വെച്ച് എല്ലാവരും അവിടെ നിന്ന് തിരിച്ചു.. അമിത് അക്ഷിതിനൊപ്പം ഗ്രൗണ്ടിലേക്കും അനി തന്നെ കാത്തു നിൽക്കുന്ന ആര്യയുടെ അടുത്തേക്കും ചെന്നു ************

"അമ്മേ..... അമ്മേ... " വീട്ടിൽ എത്തിയ അമിതിനെ അടിമുടി നോക്കി അക്ഷര കുട്ടി ഉറക്കെ വിളിച്ചു.. അവളുടെ ആർപ്പ് കേട്ട് അന്താളിപ്പോടെ അമ്മ ഹാളിലേക്ക് വന്നു.. "എന്താടി കിടന്ന് കാറുന്നെ.. ഞാൻ പറഞ്ഞിട്ടില്ലേ സന്ധ്യ നേരത്ത് നാമം ജപിക്കാ വേണ്ടതെന്ന്.. " "എന്റെ അമ്മേ... അമ്മ എന്നെ കുറ്റം പറയാതെ അരുമ മകനെ ഒന്ന് നോക്ക്.. ഏട്ടൻ കോളേജിലേക്കാണോ അതോ തൊഴിലുറപ്പിനാണോ പോകുന്നെ, " ഷർട്ടിലും പാന്റിലും മണ്ണും ആകെ വിയർപ്പും ആയി നിൽക്കുന്ന അമിതിനെ നോക്കി അവൾ പറഞ്ഞു.. കളി കഴിഞ്ഞു വരുമ്പോൾ ഉള്ള കോലത്തിൽ നിന്നും വ്യത്യസ്തമായിരുന്നു.. ശെരിക്കും അവൾ പറഞ്ഞ പോലെ പറമ്പിലെ പണി കഴിഞ്ഞു വന്ന പോലെ തന്നെ.. നേരം വൈകിയതിനാൽ വല്യമ്മയുടെ വീട്ടിൽ നിന്ന് കുളിക്കാൻ അവൻ നിന്നില്ല....പെട്ടന്ന് പോരുവായിരുന്നു.. അവനെ അടിമുടി നോക്കി അമ്മയും ഈ കാര്യം ചോദിച്ചു.. സംഭവം അവൻ വിശദീകരിച്ചെങ്കിലും അക്ഷരകുട്ടി അവനെ ഓരോന്ന് പറഞ്ഞ് കളിയാക്കി..

"ഏട്ടന് പറ്റിയ പണി ഇത് തന്നെയാണ്.. രാവിലെ ഓടാൻ പോയി മസിൽ ഉണ്ടാക്കേണ്ട ആവശ്യം ഇല്ല.. ഇങ്ങനെ പറമ്പിൽ കിളച്ചാൽ മസിലും ഉരുണ്ടു വന്നോളും.. പക്ഷെ ഏട്ടന്റെ സുന്ദരമായ മുഖം കരുവാളിച്ചു പോകും.." "ആണോ.. ഞാനതങ് സഹിച്ചു.. ഇനി ഞാൻ കിളക്കാൻ തന്നെ പോകും.. മോളെ പാട്ട് പഠിക്കലിനേക്കാൾ നല്ലത് പറമ്പിൽ പോയി കിളച്ച് വാഴ വെക്കുന്നതാ.." "പോടാ ഏട്ടൻ കോന്താ" അവനൊരു കുത്തും കൊടുത്തു കൊണ്ട് അവൾ മുഖം കോട്ടി ഓടി പോയി.. തന്റെ പാട്ടിനെ ആരെങ്കിലും കളിയാക്കിയാൽ വെട്ടും കുത്തും ചവിട്ടും തന്നെ അവളുടെ റിയാക്ഷൻ.. അവളെ ദേഷ്യം പിടിപ്പിക്കാനായി അവൻ കളിയാക്കി കൊണ്ടിരിക്കുകയും ചെയ്യും.. ************ "മ്മ്മ്.. ഇനി ഇത് പോലെ വേറെ വല്ല പണിയും ഉണ്ടോ " ആര്യ അനിയുടെ കയ്യിൽ മരുന്ന് വെക്കുന്നതിനിടയിൽ കണ്ണുരുട്ടി ചോദിച്ചു.. അവിടെ വൃത്തിയാക്കുന്നതിനിടയിൽ കൈകളിൽ പരിക്ക് പറ്റിയിരുന്നു...മുള്ള് കൊണ്ട് ഉള്ളൻ കൈ പലയിടത്തായി മുറിഞ്ഞതിനാൽ എഴുതാൻ ബുദ്ധിമുട്ട് തോന്നിയ അനി കൈ ഊതി ഇരുന്നു..

"കഴിഞ്ഞു വാവി.. ഇനി മതിൽ നന്നാക്കിയാൽ മതി.." ആര്യ ഒന്ന് മൂളി കൊടുത്തു കൊണ്ട് അനിയുടെ നോട്ട്സ് എഴുതി കൊടുത്തു.. ആര്യ എഴുതുമ്പോൾ അനി താൻ ക്ലാസ്സിൽ ഇല്ലാത്തപ്പോൾ എടുത്ത പോർഷൻസ് വായിച്ചു നോക്കി.. അനിൽ സാറിന്റെ വിഷയം ഒരു പുഞ്ചിരിയോടെ അവൾ മറിച്ചു..പല ഡൌട്ട്സും ഉള്ളതിനാൽ നാളെ തന്നെ അത് ക്ലിയർ ചെയ്യാൻ അവൾ തീരുമാനിച്ചു.. പല തിരക്കുകളും ഉള്ളതിനാൽ സാറിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നത് ഇനി മുതൽ കുറയുമെന്നും സാറിനെ കാണാതിരിക്കേണ്ടി വരുമെന്നും അവൾ ഓർത്തു.. അത് ഒഴിവാക്കാൻ ദിവസവും ഡൌട്ട്സ് ചോദിച്ചു ചെന്നാൽ മതിയെന്ന് അവൾ ഉറപ്പിച്ചു.. ഓരോ പോർഷൻസിലെയും ഡൌട്ട് അവൾ അടി വരയിട്ടു... സാറിനോട് ഇഷ്ടം പറഞ്ഞതിന് ശേഷം തനിച്ച് നേർക്ക് നേർ പിന്നെ കണ്ടിട്ടില്ലെന്നും അവൾ ഓർത്തു..നാളെ സാറിനെ ഒറ്റക്ക് കിട്ടാൻ വേണ്ടിയവൾ കണ്ണടച്ച് പ്രാർത്ഥിച്ചു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story