ആത്മരാഗം💖 : ഭാഗം 4

athmaragam thanseeh

രചന: തൻസീഹ് വയനാട്

പ്രിൻസിയുടെ ഓഫിസ് മുറിയുടെ ജനാലയുടെ കമ്പിയിൽ പിടിച്ച് അമിത് കണ്ണും മിഴിച്ച് നോക്കി നിന്നു... 'ആ തെണ്ടി പറഞ്ഞ പോലെ ഇനി പ്രിൻസിക്കും.... ഏയ്‌.. മോശം.. അങ്ങനെയൊന്നും ഉണ്ടാവില്ല.. ആ പൊട്ടൻ ഓരോന്ന് വിളിച്ചു പറയുന്നതാവും.. ' മനസ്സിൽ പലതും ചിന്തിച്ചു കൂട്ടി അമിത് വീണ്ടും പ്രിൻസിയെ നോക്കി.. ഇത്തവണ അവന്റെ കണ്ണുകൾ ചെന്ന് തറച്ചത് പ്രിൻസിയുടെ അടുത്തിരുന്ന് ചിരിച്ച് സംസാരിക്കുന്ന മനോജ്‌ സാറിനെയാണ്... ഡിഗ്രി ഡിപ്പാർട്ട്മെന്റിലെ ഹെഡും ലക്ച്ചറും ആണ് മനോജ്‌ സാർ.. അവരെ നോക്കി ചിരിച്ച് തലയാട്ടി കൊണ്ട് അമിത് അവിടെ നിന്നും നടന്നകന്നു... "ഡാ... എവിടെ നിന്ന് തുടങ്ങും.. ആദ്യം ബി ബി എ തന്നെ ആയാലോ.. " "അതെന്താ ആദ്യം അവിടെക്ക് പോകണമെന്ന് " ലിസ്റ്റ് തയ്യാറാക്കാനുള്ള കടലാസുകളുമായി ഈശ്വറും അമിതും ഡിഗ്രി ഡിപ്പാർട്ട്മെന്റിന് മുന്നിൽ എത്തി നിൽക്കുകയാണ്... "അതോ... ലീനയുടെ ക്ലാസ്സ്‌ ആണത് "

"എന്നാ ലാസ്റ്റ് അവിടെ പോയാൽ മതി" ഇളിച്ചു കൊണ്ടുള്ള ഈശ്വറിന്റെ മറുപടി ഒട്ടും ഇഷ്ടപ്പെടാതെ അമിത് കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. ലീന എന്ന പേര് കേൾക്കുന്നത് തന്നെ അമിതിന് കലിയാണ്.. പെൺകുട്ടികളെ ബഹുമാനിക്കുകയും അവർക്ക് എന്ത് സഹായം വേണേലും ചെയ്ത് കൊടുക്കുന്ന ആളാണ് അമിത് എങ്കിലും ആരെങ്കിലും പ്രേമത്തിന്റെ പേര് പറഞ്ഞ് പിറകെ നടക്കുന്നതും നോക്കുന്നതും ചിരിക്കുന്നതുമൊക്കെ അവനൊട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്.. ആ വിഷയത്തിൽ അവന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് ഫ്രഷേഴ്‌സ് അല്ലാത്ത എല്ലാവർക്കും അറിയുന്ന കാര്യമാണ്.... അതൊക്കെ അറിയാമായിരുന്നിട്ടും അങ്ങനെയുള്ള കാര്യം പറഞ്ഞ് അവനെ ദേഷ്യം പിടിപ്പിക്കുന്നതും അവന്റെ കയ്യിൽ നിന്ന് രണ്ടു വാങ്ങുന്നതും ഈശ്വറിന്റെ സ്ഥിരം പരിപാടിയാണ്...... എല്ലാ ക്ലാസ്സിലും കയറി ഇറങ്ങി അമിത് താല്പര്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി...

ഇനി ബാക്കിയുള്ള ഒരേ ഒരു ക്ലാസ്സ്‌ ബി ബി എ ആണ്.. ഫുട്ബാളിന്റെ കാര്യം ആയത് കൊണ്ട് റിസ്ക് എടുക്കാൻ വയ്യാത്തത് കൊണ്ട് തന്നെ അമിത് അങ്ങോട്ട്‌ പോകാൻ തന്നെ തീരുമാനിച്ചു.... "സർ.... " പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സർ ന്റെ അനുവാദം വാങ്ങി കൊണ്ട് അമിത് ക്ലാസ്സിലേക്ക് കയറി... കയറിയ പാടെ ക്ലാസ്സിലെ സകല പെൺകുട്ടികളും തന്നെ നോക്കുന്നതും അടക്കം പറയുന്നതും ചിരിക്കുന്നതും അമിത് കണ്ടു.. അതിനിടയിൽ താടിക്ക് കയ്യും കൊടുത്ത് ലീന കണ്ണെടുക്കാതെ തന്നെ നോക്കുന്നത് കണ്ടതും അവൻ ദേഷ്യം കണ്ട്രോൾ ചെയ്ത് നിന്നു.. "ഹായ് എവെരി വൺ... ഞാൻ അമിത്.. ഈ കോളേജിന്റെ ചെയർമാനാണ്.. മാത്രമല്ല സ്പോർട്സ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ഞാൻ തന്നെയാണ്.. ഞാനിപ്പോൾ വന്നത് അടുത്ത ആഴ്ച ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്..കഴിഞ്ഞ നാലഞ്ചു വർഷമായി നമ്മുടെ കോളേജിന് തന്നെയാണ് ജയം... അത് ഇപ്രാവശ്യവും നിലനിർത്താൻ നിങ്ങളുടെ കൂടെ സഹകരണം ആവശ്യമാണ്.. ഫ്രഷേഴ്‌സിൽ നിന്ന് ഒരുപാട് ടാലന്റ് ഉള്ള കുട്ടികളെ ഉൾപ്പെടുത്തി ഒരു ടീം ഉണ്ടാക്കണം..

സോ.. ആർക്കെങ്കിലും താല്പര്യം ഉണ്ടെങ്കിൽ അവർ പേര് നൽകണം..എന്നും വൈകുന്നേരം നമ്മുടെ കോളേജ് ഗ്രൗണ്ടിൽ പ്രാക്ടീസ് ഉണ്ടായിരിക്കും, അതിന് എത്തുകയും വേണം... " അമിത് ഇത്രയും പറഞ്ഞപ്പോഴേക്കും ക്ലാസ്സ്‌ തികച്ചും നിശബ്ദമായിരുന്നു.. ആൺകുട്ടികൾ പരസ്പരം ചർച്ച ചെയ്ത് പേര് കൊടുക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.. എന്നാൽ പെൺകുട്ടികൾ മുഴുവൻ മറ്റേതോ ലോകത്തെന്ന പോലെ അമിതിനെയും അമിതിന്റെ സംസാര ശൈലിയെയും കണ്ണിമ ചിമ്മാതെ നോക്കി ഇരിക്കുകയായിരുന്നു.. ഈശ്വർ ഇതെല്ലാം കണ്ട് ചിരിക്കുന്നെങ്കിലും ഇത്തവണ അമിതിനെ പിരി കയറ്റാൻ അവൻ നിന്നില്ല.. പെൺകുട്ടികളുടെ കൊഞ്ചി ചിരി കണ്ട് അമിത് ആകെ ദേഷ്യം പിടിച്ചു നിൽക്കുവാണെന്ന് അവന് ഊഹിക്കാവുന്നതേ ഉള്ളൂ... ലിസ്റ്റ് തയ്യാറാക്കി പെട്ടന്ന് തന്നെ അമിത് തിരിഞ്ഞു നോക്കാതെ ക്ലാസ്സിൽ നിന്നിറങ്ങി.. "ഹോ.. എന്തൊരു ഹാൻഡ്സം ആണല്ലേ... സോ സ്വീറ്റ്.. "

"അതേ... ഈ കോളേജിലെ ഹീറോ തന്നെ.. ഒട്ടും സംശയമില്ല. ശെരിക്കും ഹിന്ദി നടന്മാരെ പോലെ.. " "പക്ഷേ.. ജാഡയാണെന്ന് തോന്നുന്നു.. ഇത്രേം പെൺപിള്ളേർ വെള്ളമിറക്കി നോക്കി നിന്നിട്ടും ഒന്ന് മൈൻഡ് പോലും ചെയ്തില്ല.. " "ശെരിയാ.. ഒന്ന് ചിരിച്ചത് കൂടി ഇല്ല.. എന്നാലും സാരമില്ല.. ദിവസവും കോളേജിൽ വന്ന് വായിനോക്കാല്ലോ.. ഒരു നോട്ടം കിട്ടിയാലോ... ഹഹഹ.. " "സൈലൻസ്.... " അമിത് വന്ന് പോയതും പിന്നെയുള്ള ക്ലാസ്സിലെ ചർച്ച അമിതിനെ പറ്റിയായിരുന്നു..... ക്ലാസ്സിലെ മാത്രമല്ല ആ കോളേജിലെ മൊത്തം പെൺപിള്ളേരുടെ ചർച്ച അവനെ കുറിച്ച് തന്നെയായിരുന്നു.. മഹിയെ ഒതുക്കിയ ആ ഒറ്റ ദിവസം തന്നെ പെൺകുട്ടികളുടെ മനസ്സിൽ അമിത് കയറിപ്പറ്റി... എന്നാൽ അമിതിന് ഇതൊന്നും ഒരു വിഷയം ആയിരുന്നില്ല.. അനാവശ്യമായി പെണ്ണിന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാത്തവനാണ് അമിത്..... "ഹോ.. നീണ്ട ലിസ്റ്റ് ആണല്ലോ.. ഇനി ഒരു ടീമിലേക്ക് വേണ്ട പിള്ളേരെ ഇതിൽ നിന്ന് സെലക്ട് ചെയ്യണം അല്ലേ.. കണ്ടിട്ട് എല്ലാവർക്കും നല്ല താല്പര്യം ഉണ്ടെന്ന് തോന്നുന്നു

"അത് പിന്നെ ഫുട്ബാൾ എല്ലാവരുടെയും ജീവനല്ലേ.. അങ്ങനെയെ വരൂ.. വൈകുന്നേരം നോക്കാം... ഇപ്പൊ നമുക്ക് ക്ലാസ്സിൽ കയറാം.. ഫുട്ബാൾ ഹൃദയത്തിൽ കൊണ്ട് നടന്ന് പഠനത്തിൽ ഉഴപ്പിയാൽ അമ്മ അച്ഛനെ വിളിച്ചു പറഞ്ഞ് അങ്ങോട്ടെന്നെ കയറ്റി അയക്കും. " "നിന്റെ സ്വഭാവത്തിന് അവിടം തന്നെയാണ് നല്ലത്.. അടിയും ഇടിയും വെടിയും... ശത്രുക്കളെ തുരത്തി ഓടിക്കാൻ നിനക്ക് നല്ല മിടുക്കല്ലേ.. അപ്പൊ അച്ഛൻ റിട്ടയേർഡ് ആയി വന്നാൽ നീ അച്ഛന്റെ പിൻഗാമി ആയി ചെന്നേക്ക് " "അവിടെ പോയാൽ എനിക്കെന്റെ കാലിൽ പന്ത് തട്ടാൻ പറ്റുമോ.. ഹോ.. രാവിലെയും വൈകുന്നേരം പന്ത് തട്ടിക്കളിച്ചില്ലേൽ എന്റെ ജീവൻ നിന്ന് പോകും.. " "ഹാ.. എന്നാ ജീവൻ പോകാൻ റെഡി ആയിക്കോ.. ദേ നോക്ക് ഇനിയുള്ള പിരിയഡ് ആ മത്തായി സാറിന്റെ ആണ്.. പോകുന്നത് കണ്ടോ.. ഇന്നെന്തോ കുന്ത്രാണ്ടം വെക്കാൻ പറഞ്ഞിട്ടില്ലേ.. ഞാനൊന്നും എഴുതീട്ടില്ല.. "

"ഹിഹിഹി.. അങ്ങനെ വേണം.. എന്റേത് എന്റെ ഏട്ടൻ എഴുതിയിട്ടുണ്ടാവും.. " കോളർ പൊക്കി കോളേജിന് മുന്നിൽ നിന്ന് അമിത് പറഞ്ഞതും ഈശ്വർ അവനെ അസൂയയോടെ നോക്കി.. "അങ്ങനെ ഒരു ഏട്ടൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ..... എടാ.. അമിതേ.. പ്ലീസ്.. നിന്റെ ഏട്ടനോട് ഒന്ന് പറ.. എന്റേത് കൂടി എഴുതാൻ.. ഇന്റർവെൽ ആവുമ്പോൾ വെക്കേണ്ടി വരും.. കുറഞ്ഞ സമയത്തിനുള്ളിൽ അത് എഴുതി മുഴുവനാക്കണമെങ്കിൽ ആ പുസ്തകപുഴു (അത് പറഞ്ഞതും അമിത് അവനെ ദേഷ്യത്തോടെ നോക്കി. പറഞ്ഞു വന്നത് വിഴുങ്ങി കൊണ്ട് ഈശ്വർ മാറ്റി പിടിച്ചു ) അല്ല... നിന്റെ ഏട്ടൻ തന്നെ വിചാരിക്കണം.. പ്ലീസ്.. " "ഹാ.. നോക്കട്ടെ.. നീ വാ.. ക്ലാസ്സിൽ കയറാം.. " അമിതും ഈശ്വറും തയ്യാറാക്കിയ ലിസ്റ്റ് പ്രവർത്തനങ്ങൾക്കായി അവർക്കനുവദിച്ച മുറിയിൽ കൊണ്ട് പോയി വെച്ച് ക്ലാസ്സിലേക്ക് നടന്നു.... ************ "ഓഹ്.. ഈ കപ്പ് മുഴുവൻ നമ്മുടെ കോളേജിന് കിട്ടിയതാണോ... " "പിന്നല്ലാതെ.. എല്ലാം ഈ കോളേജിന്റെ ഹീറോ.. ഞങ്ങളുടെ മെസ്സി നേടിയെടുത്തതാ.. "

വൈകുന്നേരം പ്രാക്ടീസിന് വന്ന കുട്ടികൾ അടുക്കി വെച്ച കപ്പുകൾ കണ്ട് അന്തം വിട്ട് നിൽപ്പാണ്.. ചുമരിൽ ഒട്ടിച്ച വലിയ ഫോട്ടോയിൽ കപ്പും പിടിച്ച് ചിരിച്ചു നിൽക്കുന്ന അമിതിനെ ചൂണ്ടി സീനിയർസിൽ ഒരുത്തൻ എല്ലാവർക്കും പറഞ്ഞു കൊടുത്തു.. "അപ്പൊ ഈ ഏട്ടൻ കളിക്കുകയും ചെയ്യുമോ.. ചെയർമാൻ ആണെന്ന് മാത്രമല്ലേ പറഞ്ഞേ " ഫ്രഷേഴ്‌സിൽ ഒരുത്തൻ പറഞ്ഞതും സീനിയർസ് പരസ്പരം നോക്കി ചിരിച്ചു.. "മെസ്സിയുടെ അപരനെന്ന പേര് ഒരു കളി കൊണ്ട് തന്നെ നേടിയെടുത്തവനാണവൻ...അവന്റെ നേട്ടങ്ങളിൽ ചിലതു മാത്രമാണിവ... അപ്പൊ ഊഹിച്ചൂടെ അവന്റെ റേഞ്ച്... നിങ്ങൾ അവനെ കുറിച്ച് അറിയാൻ കിടക്കുന്നെ ഉള്ളൂ... മക്കൾ വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഗ്രൗണ്ടിലേക്ക് നടക്കാൻ നോക്ക്.. വൈകി എത്തുന്നവരെ അവന് തീരെ ഇഷ്ടമില്ല.. മൈതാനത്ത് ഉഴപ്പി നിൽക്കുന്നവരെ അവൻ ആ നിമിഷം പുറത്താക്കും.. മൂക്കിന് തുമ്പത്താ അവന്റെ ദേഷ്യം.. നോക്കിയും കണ്ടും നിൽക്കുന്നതാ നിങ്ങൾക്ക് നല്ലത്.. " "അതേ... ഫുട്ബാളിൽ ഒരു ചെറിയ പാളിച്ച വരുത്തുന്നത് പോലും അവന് ഇഷ്ടമില്ല... വേഗം നടക്ക് "

അമിതിനെ കുറിച്ചുള്ള ഏകദേശ രൂപം സീനിയർസ് വ്യക്തമാക്കി കൊടുത്തതും അത് ഫ്രഷേഴ്‌സിൽ ചെറിയ പേടി വരുത്തി... ഓരോരുത്തരായി ഗ്രൗണ്ടിലേക്ക് ഇറങ്ങി... അവിടെ ജെയ്‌സി അണിഞ്ഞ് മഞ്ഞ ബൂട്ടിട്ട് കഴുത്തിൽ നീളത്തിൽ തൂക്കിയ വിസിൽ ചുണ്ടിൽ വെച്ച് ഇടത്തേ കാൽ പന്തിൽ കയറ്റി വെച്ച് മയമല്ലാത്ത മുഖഭാവത്തോടെ അമിത് നിൽക്കുന്നത് അവർ കണ്ടു.. അമിത് കൈ കാണിച്ചു വിളിച്ചതും അനുസരണയോടെ എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങി അമിതിന് മുന്നിൽ അണി നിരന്നു നിന്നു.. മൊത്തം ഇരുപത് ഫ്രഷേഴ്‌സ് ഉണ്ട്.. ഇപ്രാവശ്യം കൂടുതൽ ഫ്രഷേഴ്‌സിനെ പങ്കെടുപ്പിക്കാനാണ് അമിതിന്റെ ലക്ഷ്യം.. നിരന്നു നിൽക്കുന്ന അവർക്ക് ചുറ്റും കൈ പിറകിലേക്ക് കെട്ടി അമിത് നടന്നു.... "ഇവനെന്താ ഈ ചെയ്യുന്നേ.. അവരെന്താ കുറ്റവാളികളെ വല്ലോം ആണോ " മതിൽക്കെട്ടിൽ ഇരിക്കുകയായിരുന്ന ഈശ്വർ അമിതിനെ നോക്കി ചിരിച്ചു കൊണ്ട് അടുത്തിരിക്കുന്ന അക്ഷിതിനോട് പറഞ്ഞു.. മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് അവൻ ഒന്ന് തിരിഞ്ഞു നോക്കി..

ആ സമയം പുസ്തകം മലർക്കേ തുറന്ന് അതിൽ ആഴ്ന്നിറങ്ങിയ അക്ഷിതിനെ കണ്ട് ഇളിഭ്യനായി കൊണ്ട് ഈശ്വർ അമിതിനെ നോക്കി.. അവിടെ അമിത് കുട്ടികളോട് കാര്യങ്ങൾ വിശദീകരിക്കുന്നതിന്റെയും പ്രാക്ടീസ് ചെയ്യിക്കുന്നതിന്റെയും തിരക്കിലേക്ക് കടന്നിരുന്നു.. ഇവിടെ അക്ഷിത് അക്ഷരങ്ങളുടെ ലോകത്ത് തിരക്കിലായിരുന്നു.. രണ്ടു പേരെയും മാറി മാറി നോക്കി ഈശ്വർ താടിക്കും കൈ കൊടുത്തിരുന്നു... ആ സമയം പ്രാക്ടീസ് കാണാൻ എത്തിയ പെൺകുട്ടികളെ ഈശ്വർ കണ്ടതും അക്ഷിതിന്റെ അടുത്തിരുന്നാൽ ഊമയായി പോകുമെന്ന് മനസ്സിൽ പറഞ്ഞ് അവരുടെ അടുത്തേക്ക് ചെന്നു.. "ഹായ്.. ലീനാ... " ലീനയുടെ കണ്ണുകൾ ഗ്രൗണ്ടിൽ പന്ത് കൊണ്ട് മായാജാലം സൃഷ്ടിക്കുന്ന അമിതിലേക്കാണെന്ന് ഈശ്വറിന് മനസ്സിലായതും അവളുടെ കണ്ണുകൾക്ക് മീതെ കൈ വീശി കൊണ്ട് ഈശ്വർ അവളുടെ നോട്ടം തെറ്റിച്ചു.. "ഹായ്... ഞങ്ങൾ... ഞങ്ങൾ വെറുതെ കളി.... " തപ്പിത്തടഞ്ഞ് വാക്കുകൾക്കായി ലീന പരതിയതും ഈശ്വർ തലയാട്ടി ഗ്രൗണ്ടിലേക്ക് നോക്കി... അമിത് ആവേശത്തോടെ കളിക്കളത്തിൽ നിറഞ്ഞാടുകയാണ്..

അവന്റെ ആവേശം കണ്ട് ഫ്രഷേഴ്‌സ് മൊത്തം കണ്ണും തള്ളി നിൽപ്പാണ്.. ഓരോരുത്തർക്കും നിർദ്ദേശം നൽകി ഗൗരവം നിറഞ്ഞ വാക്കുകളാൽ കളിക്കളത്തിൽ നിൽക്കുന്ന അമിതിനെ ലീന നോക്കി നിന്നു.. എന്നാൽ കളിക്കളത്തിൽ ഇറങ്ങിയാൽ അവന്റെ കണ്ണിൽ പന്ത് മാത്രമേ കാണുകയുള്ളൂ എന്ന കാര്യം അവിടെ അവന്റെ ഒരു നോട്ടം പ്രതീക്ഷിച്ചു നിന്ന പെൺകുട്ടികൾ മുഴുവൻ തിരിച്ചറിഞ്ഞു...... "എങ്ങനെ ഉണ്ട് പിള്ളേർ.. " പ്രാക്ടീസ് കഴിഞ്ഞ് പടിക്കെട്ടിൽ ഇരുന്ന് ടവൽ കൊണ്ട് മുഖം തുടക്കുന്ന അമിതിന്റെ അടുത്ത് വന്നിരുന്ന് ഈശ്വർ ചോദിച്ചു.. "കുറച്ച് ശെരിയാക്കി എടുക്കണം. മൂന്നാല് ദിവസത്തെ സമയം ഉണ്ടല്ലോ.. നോക്കാം.. പതിനഞ്ചു പേരെ നോക്കി വെച്ചിട്ടുണ്ട്....അവരിൽ കളിക്കിറങ്ങുന്ന പതിനൊന്ന് പേർ ആരൊക്കെ എന്ന് കണ്ടെത്തണം.....ഏട്ടൻ എവിടെ... പോകാൻ നോക്കാം... താമസിച്ചു ചെന്നാൽ അമ്മ വീട്ടിൽ കയറ്റില്ല " "നിന്റെ ഏട്ടൻ എവിടെയെന്ന് ചോദിക്കാൻ ഉണ്ടോ " മരത്തിനു ചുവട്ടിൽ പുസ്തകത്തിൽ കണ്ണും നട്ടിരിക്കുന്ന അക്ഷിതിലേക്ക് ഈശ്വറിന്റെ കണ്ണുകൾ ചെന്നുടക്കി..

ആ സമയം തന്നെ അവന്റെ പിറകിലൂടെ അവരെ ലക്ഷ്യം വെച്ച് വരുന്ന ലീനയെ കണ്ടതും ഈശ്വർ അമിതിനെ തോണ്ടി കൊണ്ട് അവളെ കാണിച്ചു കൊടുത്തു... ചിരിച്ചു കൊണ്ടിരിക്കുകയായിരുന്ന അമിതിന്റെ മുഖം പെട്ടന്ന് വലിഞ്ഞു മുറുകി... ലീന ചിരിച്ചു കാണിച്ച് അവന്റെ അടുത്തേക്ക് നടന്നു വരികയാണ്.. സമയം ഒരുപാടായെന്ന് പറഞ്ഞ് മറ്റുള്ളവരൊക്കെ പോയെങ്കിലും അമിതിനെ കണ്ട് നന്നായി കളിക്കുന്നതിനെ കുറിച്ച് പറയണം എന്ന് മനസ്സിൽ ഉറപ്പിച്ച് ലീന അവിടെ തന്നെ നിൽക്കുകയായിരുന്നു.. "ഹായ്.. അമിത്... " ചിരിച്ചു കൊണ്ട് അവൾ അമിതിന് അടുത്ത് വന്ന് നിന്നു.. അവൾക്ക് മുഖം കൊടുക്കാതെ അമിത് എണീറ്റ് നിന്നു.. "എന്താ ഒരു കളി... കണ്ടു കൊണ്ടിരിക്കുമ്പോൾ സമയം പോകുന്നതറിയില്ല..... ടിവിയിൽ ഒക്കെ കളി കണ്ടിട്ടുണ്ടെങ്കിലും ഇത്ര അടുത്ത് നിന്ന് ഇങ്ങനെ ഉഗ്രൻ കളി ആദ്യമായിട്ടാ കാണുന്നെ.. ഉറപ്പായും ജയം നമുക്ക് തന്നെയാവും അല്ലേ... "

അവൾക്കൊരു കൃത്രിമ ചിരി മാത്രം നൽകി അമിത് ജേഴ്‌സി മാറ്റാനായി റൂമിലേക്ക് നടന്നു.. "അമിത്... " അവളോടൊന്നും മിണ്ടാതെ പോയത് കാരണം അവൾ പിറകെ ചെന്ന് അവന്റെ കയ്യിൽ പിടിച്ചതും അവൻ അവിടെ സ്റ്റക്കായി നിന്ന് രോക്ഷത്തോടെ അവളെ തിരിഞ്ഞു നോക്കി... അവന്റെ നോട്ടം കണ്ട് അവളറിയാതെ തന്നെ അവളുടെ കൈകൾ അവന്റെ കയ്യിൽ നിന്നും വേർപെട്ട് ഒരടി പിന്നിലേക്ക് കാലുകൾ ചലിച്ചു. "സമയം ഒരുപാടായില്ലേ.. വീട്ടിലേക്ക് പോകാൻ നോക്ക് " കനപ്പിച്ച ശബ്ദത്തിൽ പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ട് അമിത് അതും പറഞ്ഞ് അവളെ തിരിഞ്ഞു നോക്കാതെ അവിടെ നിന്നും നടന്നു പോയി.. അവന് പിറകെ അവളെ നോക്കി ഒന്നിളിച്ചു കൊണ്ട് ഈശ്വറും പോയി.. അവൻ തന്നെ നോക്കി പേടിപ്പിച്ചത് ആരെങ്കിലും കണ്ടോ എന്ന് ലീന ചുറ്റും നോക്കി ഉറപ്പ് വരുത്തി...പിന്നിലേക്ക് തിരിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ നിന്നതും അക്ഷിത് പുസ്തകം വായിച്ചിരിക്കുന്നത് അവൾ കണ്ടു. താൻ നാണം കെട്ടത് അക്ഷിത് കണ്ടോ എന്നൊരു നിമിഷം അവളുടെ മനസ്സിലേക്ക് വന്നെങ്കിലും തൊട്ടടുത്തെത്തിയിട്ടും അവളെ തല ഉയർത്തി പുസ്തകത്തിൽ നിന്നും കണ്ണെടുക്കാത്ത അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവൾ നടന്നു നീങ്ങി..... ************

"വല്ല്യമ്മേ ഞങ്ങളിറങ്ങി ട്ടോ " ചൂടുള്ള കാപ്പിയുടെ അവസാന തുള്ളിയും വലിച്ചു കുടിച്ചു കൊണ്ട് അമിത് കപ്പ് മേശൻമേൽ വെച്ച് വിളിച്ചു പറഞ്ഞു... പുസ്തകങ്ങൾ കയ്യിൽ ഒതുക്കി പിടിച്ച് അക്ഷിത് മുറിയിൽ നിന്നും പുറത്തേക്ക് വന്ന് വല്ല്യമ്മയോട് യാത്ര പറഞ്ഞ് മുറ്റത്തേക്കിറങ്ങി.. അമ്മയുടെ മിസ്സ്ഡ് കാളുകൾ അധികരിക്കാൻ തുടങ്ങിയതും ബൈക്കിന്റെ സ്പീഡ് വർധിപ്പിച്ചു കൊണ്ട് അവർ വീട്ടിലേക്ക് തിരിച്ചു.... വീട്ടിൽ എത്തി അകത്തേക്ക് കയറിയതും രണ്ടു കയ്യും കെട്ടി അവരെ കണ്ണുരുട്ടി നോക്കുന്ന അക്ഷരകുട്ടിയെ അവർ കണ്ടു.. ഇന്നെന്താ ഇവൾ ഒപ്പിക്കാൻ പോകുന്നതെന്ന ചിന്തയിൽ സംശയത്തോടെ ചിരിച്ചു കൊണ്ട് അമിത് അക്ഷിതിനെ മറികടന്നു കൊണ്ട് അവൾക്ക് നേരെ ചെന്നു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story