ആത്മരാഗം💖 : ഭാഗം 40

athmaragam thanseeh

രചന: തൻസീഹ് വയനാട്

അമിത് ഏവരുടെയും മുന്നിൽ നാണം കെട്ടു നിന്ന കാര്യം ചിരിച്ചു കൊണ്ട് മിഥുൻ പറയുന്നതാണ് അനി കേട്ടത്.. അവന്റെ ഫ്രണ്ട് അരുണിനെയാണ് വിളിച്ചതെന്ന് അവൾക്ക് വ്യക്തമായി മനസ്സിലായി..... "ഈ കാലത്തിനിടക്ക് ഒരിക്കൽ പോലും അമിത് ഇത്രത്തോളം നാണം കെട്ട് ആരുടേയും മുന്നിൽ നിന്നിട്ടുണ്ടാവില്ല.. അന്നാ പെണ്ണ് അവനിട്ട് പൊട്ടിച്ചില്ലേ.. അതൊന്നും ഒന്നുമല്ല.. നാണം കെട്ട് അവന്റെ തൊലിയുരിഞ്ഞു പോയി... ഇതൊന്നും കാണാൻ നീ ഇവിടെ ഇല്ലാതായി പോയി..എന്തായാലും നമ്മൾ കുറെ കാലമായില്ലേ അവനൊരു തിരിച്ചടി കിട്ടാൻ നോക്കി നിൽക്കുന്നു.. കൺ കുളിർക്കെ കണ്ടു അരുൺ..... അവന്റെ ഒരു പാർട്ടി പ്രവർത്തനം... എല്ലാം ഇന്നത്തോടെ നിർത്തി കാണും അവൻ... " സന്തോഷത്തോടെ ചിരിച്ചു കൊണ്ട് മിഥുന്റെ സംസാരം നീണ്ടു... എല്ലാം കണ്ടും കേട്ടും അവൾ മെല്ലെ അവിടെ നിന്നും തിരിച്ചു നടന്നു.. അറിയാതെ പോലും തന്റെ ഭാഗത്ത്‌ നിന്നും ഈയൊരു തെറ്റ് വരില്ലെന്ന് അവൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു.. കൂടെ നിൽക്കുന്ന ആരോ ആണെന്നും അവളുടെ മനസ്സ് പറഞ്ഞിരുന്നു.. മിഥുന്റെ ഫോൺ കാൾ കൂടെ നേരിൽ കണ്ടതിനാലും കേട്ടതിനാലും പലതും അവൾ ഊഹിച്ചെടുത്തു..

എന്നാൽ ഇനിയൊരു പ്രശ്നം ഉണ്ടാവേണ്ട എന്ന് കരുതി അവൾ ആരോടും ഒന്നും പറയാൻ പോയില്ല... ഓഡിറ്റോറിയത്തിൽ നിന്നും കോളേജിലേക്ക് പോകാതെ അനി നേരെ വീട്ടിലേക്ക് പോയി.. ഗേറ്റ് കടന്ന് തല താഴ്ത്തി വരുന്ന അനിയെ കണ്ട് അവളുടെ അച്ഛനും അമ്മയും പരസ്പരം നോക്കി.. സാധാരണ ഓടി ചാടി വരാറുള്ള അനി തീർത്തും നിശബ്ദയായിരുന്നു.. അവരെ കണ്ടതും അവൾ ചിരിക്കാൻ ശ്രമിച്ചു.. മുഖം കൊടുക്കാതെ വേഗം മുറിയിലേക്ക് പോയി കട്ടിലിൽ ഇരുന്നു ... "അനീ..." അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മയും അച്ഛനും മുറിയിലേക്ക് ചെന്നു.. അവരുടെ ശബ്ദം കേട്ടതും അവൾ പെട്ടന്ന് കട്ടിലിൽ നിന്നെണീറ്റ് സാരിയിലെ പിൻ അഴിക്കുന്ന പോലെ അഭിനയിച്ച് തിരിഞ്ഞു നിന്നു.. "എന്റെ അമ്മേ.. ഉഗ്രൻ പരിപാടി ആയിരുന്നു.. എത്ര ആളുകളാ വന്നത്.. ആ ഇരുപത് വധൂ വരന്മാർ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് അമ്മയൊന്ന് കാണണം.. ഹോ.. " സന്തോഷത്തോടെ ചിരി വരുത്തിയവൾ വാ തോരാതെ പരിപാടിയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു... എല്ലാം കേട്ട് നിൽക്കുന്ന അച്ഛനും അമ്മയുടെയും മുന്നിലേക്കവൾ മുഖം തിരിച്ചതേ ഇല്ല..

അവൾ വീണ്ടും പറഞ്ഞു കൊണ്ടിരുന്നതും അമ്മ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ മുഖം കൈകൾ കൊണ്ട് തന്റെ നേരെ തിരിച്ചു.... അമ്മയുടെ മുഖം കണ്ടതും അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പോയി. എങ്കിലും കണ്ണുകൾ നിറയാതെ പിടിച്ചു നിന്ന് പുഞ്ചിരി വരുത്താൻ അവൾ ശ്രമിച്ചു.. അമ്മയുടെ കണ്ണുകൾ ആദ്യം ചെന്ന് പതിച്ചത് ചുവന്ന് വീങ്ങി ഇരിക്കുന്ന അവളുടെ കവിളുകളിൽ ആയിരുന്നു .അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ തെളിയുന്ന പോലെ തോന്നിയതും അവൾ വേഗം മുഖം തിരിച്ചു.. "ഞാൻ കുളിച്ചു വരാം അമ്മേ.. " അവിടെ നിന്ന് പോകാൻ നിന്നതും അമ്മ അവളുടെ കയ്യിൽ പിടിച്ചു.. "അനീ.. മോളെ.. എന്താ ഈ പറ്റിയെ.. നീ വന്ന് കയറിയപ്പോൾ തന്നെ എനിക്കെന്തോ തോന്നിയിരുന്നു.. മക്കളുടെ മാറ്റം അമ്മക്കെ അറിയൂ..ഉള്ളിൽ നീ കരയുകയാണെന്ന് എനിക്കറിയാം മോളെ.. എന്താ പറ്റിയത്.." കൈ കുമ്പിളിൽ തന്റെ മുഖമെടുത്ത് അമ്മ പറഞ്ഞതും അത് വരെ അടക്കി വെച്ച കണ്ണുനീർ ഒരു പൊട്ടിക്കരച്ചിലോടെ പുറത്ത് വന്നു.. അമ്മയെ കെട്ടിപിടിച്ചു കൊണ്ടവൾ തേങ്ങി കരഞ്ഞു..

ഇന്ന് ഉണ്ടായതെല്ലാം അച്ഛനും അമ്മയോടും പറഞ്ഞതും മോളെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ അവർ അവളെ ചേർത്ത് പിടിച്ചു.. "സാരമില്ല മോളെ.. നീ ഒന്നും ചെയ്തിട്ടില്ലെന്ന് നിനക്കും അറിയാം ഞങ്ങൾക്കും അറിയാം ദൈവത്തിനും അറിയാം.. ഇതിന്റെ പേരിൽ ഇനി അച്ഛന്റെ മോള് കരയരുത്.. ഞങ്ങൾക്കത് കാണാൻ ആവില്ല.." നെഞ്ചോട് ചേർത്തവളെ തലോടി കൊണ്ട് അച്ഛൻ പറഞ്ഞതും അച്ഛന്റെ മാറിൽ കിടന്നവൾ തന്റെ എല്ലാ വേദനയും പുറത്തെടുത്ത് കരഞ്ഞു തീർത്തു.. അരികിൽ നിൽക്കുന്ന അമ്മയുടെ തലോടലിലും അച്ഛന്റെ നെഞ്ചിലെ ചൂടിലും അവളുടെ വേദന മാഞ്ഞു പോയി.. കുളി കഴിഞ്ഞ് കട്ടിലിൽ കിടന്ന അനിയുടെ അടുത്ത് വന്നിരുന്ന അമ്മ അവളുടെ കവിളിൽ ചില മരുന്ന് പുരട്ടി കൊടുത്തു... അമ്മയും അച്ഛനും ഇനിയും വിഷമിക്കരുതെന്ന് വിചാരിച്ച് അവൾ തന്റെ മുഖത്തെ സങ്കടം മായ്ച്ചു കളഞ്ഞു.. "അമ്മേ.. വാവി വന്നോ . " "വന്നിട്ടുണ്ട്.... നീ തലവേദന കാരണം കിടക്കുകയാണെന്നാ പറഞ്ഞെ.. ഇപ്പോൾ വരും..."

ആര്യ വരുന്നെന്നു കേട്ടതും അവളുടെ ശ്വാസം ഉയർന്നു പൊങ്ങി.. തന്നെ ഈ അവസ്ഥയിൽ അവൾ കാണരുതെന്ന് അവൾ തീരുമാനിച്ചു... വാവി ഒന്നും അറിയരുതെന്ന് അനി അമ്മയോട് പറഞ്ഞു... അതിനിടയിൽ ആര്യയുടെ ശബ്ദം കേട്ടതും അവൾ പുതപ്പ് പുതച് തിരിഞ്ഞു കിടന്നു.. "ഹാ.. അമ്മ ഇവിടെ ആയിരുന്നോ.. അല്ലാ.. ഇവളെന്താ ഇങ്ങനെ പുതച്ചു കിടക്കുന്നെ.. പനിക്കുന്നുണ്ടോ...??" അനിയുടെ കിടത്തം കണ്ട് ആര്യ അവളുടെ അടുത്തിരുന്നു.. നെറ്റിയിൽ കൈ വെച്ച് നോക്കി.. ഈ സമയം ഒക്കെ കണ്ണടച്ച് കിടക്കുവായിരുന്ന അനിയുടെ ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു.. "ഇല്ല മോളെ.. തല വേദന ഉണ്ടെന്ന് പറഞ്ഞിരുന്നു. പിന്നെ വലിയൊരു പരിപാടി കഴിഞ്ഞു വരികയല്ലേ.. ഓടി ചാടി നടന്ന് എല്ലാം നോക്കി നടത്തി പരിപാടി അവൾ ഉഷാറാക്കി കാണും.. അതിന്റെ ക്ഷീണം കാണില്ലേ.. കാലൊക്കെ നല്ല വേദന ഉണ്ടെന്ന് പറഞ്ഞിരുന്നു.. " "ഓഹ്.. ഞാൻ അപ്പോഴേ ഇവളോട് പറഞ്ഞതാ ഇമ്മാതിരി പണിക്കൊന്നും പോകേണ്ട എന്ന്. ഇപ്പോൾ കണ്ടില്ലേ കിടക്കുന്നത്..

ഇനി നാളെ പനിക്കാൻ ഈ കാരണം മതി...." അനിയുടെ തലയിൽ തലോടി ആര്യ പറഞ്ഞതും എന്തിനോ വേണ്ടി അനിയുടെ കണ്ണുകൾ നിറഞ്ഞു.. എന്നാൽ ആര്യ കാണാതിരിക്കാൻ അവൾ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു.. "അവൾ കിടന്നോട്ടെ.. നല്ല ക്ഷീണം ഉണ്ടെന്ന് തോന്നുന്നു..ഞാൻ പോട്ടെ.." "അവൾ കുറച്ചു കഴിഞ്ഞാൽ എണീറ്റോളും മോളെ.. നീ വാ. അച്ഛൻ വന്നിട്ട് വീട്ടിൽ പോയാൽ മതി.. അല്ലെങ്കിൽ നീ അവിടെ ഒറ്റക്കിരിക്കുമ്പോൾ എനിക്കിവിടെ സമാധാനത്തോടെയിരിക്കാൻ ആവില്ല..." ആര്യയെ ചേർത്ത് പിടിച്ചു കൊണ്ട് അമ്മ മുറിയിൽ നിന്നും പോയി.. അവർ പോയതും അനി പുതപ്പ് മാറ്റി.. ആര്യ അരികിൽ നിൽക്കുമ്പോൾ ഒരിക്കലും അവൾക്ക് നേരെ അനി ഇങ്ങനെ മുഖം തിരിച്ചിരുന്നിട്ടില്ല.. എന്നാൽ ഇപ്പോൾ അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് അവൾ ഉറക്കം അഭിനയിച്ചത്.. ഇന്നുണ്ടായത് ഒരിക്കലും ആര്യ അറിയരുതെന്നും അറിഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്തും അവൾ ഓർത്തു.... ************ വീട്ടിൽ എത്തിയ പാടെ അമിത് അക്ഷിതിന് മുഖം കൊടുക്കാതെ അക്ഷര കുട്ടിയുമായി അടി കൂടി സമയം നീക്കി.. കോളേജിൽ അവനെ കണ്ട് പരിപാടിയിൽ പോയില്ലേ എന്ന് അക്ഷിത് ചോദിച്ചപ്പോൾ അവൻ മനഃപൂർവം മറ്റ് വിഷയം എടുത്തിട്ട് ഒഴിഞ്ഞു മാറി..

പെൺകുട്ടികൾക്ക് നേരെ ഒരു വഴക്കിന് പോകില്ലെന്ന ഏട്ടന് കൊടുത്ത വാക്ക് തെറ്റിച്ചതിൽ അമിതിന് ഉള്ളിൽ നല്ല കുറ്റബോധം ഉണ്ടായിരുന്നു... എന്നാൽ നടന്നതൊന്നും അക്ഷിത് അറിയാതിരിക്കാൻ അവൻ ശ്രമിച്ചു.. മുഖത്ത് സന്തോഷം വരുത്തി ചിരിച്ചു കൊണ്ടവൻ പതിവിലും വിപരീതമായി ഏറെ നേരം അക്ഷരകുട്ടിയുടെ അടുത്ത് ചിലവഴിച്ചു.. മുകളിലെ നിലയിലെ ഹാളിൽ സോഫയിൽ ഇരുന്ന് അക്ഷരകുട്ടിയെ ഇക്കിളി ആക്കി കൊണ്ടിരിക്കുന്ന അമിതിന്റെ അടുത്തേക്ക് അക്ഷിത് വന്നിരുന്നു... ഏട്ടൻ അടുത്ത് വന്നത് എന്തോ ചോദിക്കാൻ ആണെന്ന് അവന് നല്ല ഉറപ്പുണ്ടായിരുന്നു.. മനസ്സിൽ വിചാരിച്ച പോലെ തന്നെ അക്ഷിത് ഓരോന്ന് ചോദിച്ചു.. "അമിത്.. നീ പറഞ്ഞില്ലല്ലോ പരിപാടിയെ കുറിച്ച്.. എപ്പോഴാ നീ കോളേജിൽ എത്തിയെ.. പരിപാടിക്ക് പോയതേ ഇല്ലേ.." "ആ.. ഏട്ടാ.. ഞാൻ പോയിരുന്നു.. അവിടെ എല്ലാ ഒരുക്കങ്ങളും ഞങ്ങൾ സെറ്റ് ചെയ്ത് ഓക്കേ ആക്കിയിരുന്നു.. പിന്നെ അവിടെ നിന്നിട്ട് കാര്യം ഒന്നുമില്ലെന്ന് തോന്നി. ഒരുപാട് പാർട്ടി നേതാക്കന്മാർ പങ്കെടുക്കുന്ന ചടങ്ങല്ലേ...

അതിനിടയിൽ നിൽക്കേണ്ടെന്ന് തോന്നി.. വെറുതെ ഒരു ക്ലാസ്സ്‌ മിസ്സാക്കേണ്ടല്ലോ.. അത് കൊണ്ട് കോളേജിലേക്ക് പോന്നു.." "അല്ല അമിത്.. നീ..... " വീണ്ടും ചോദ്യങ്ങൾ ഉയരാൻ നിന്നതും അമിത് അതിൽ നിന്നും രക്ഷപ്പെടാൻ, ഏട്ടന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി അക്ഷരകുട്ടിയുടെ മുടിയിൽ പതിയെ വലിച്ചു... വൃത്തിയായി മെടഞ്ഞ മുടി വലിച്ചതും അവളുടെ ഭാവം മാറി... അവളെ മടിയിൽ നിന്നും സോഫയിലേക്കിട്ട് അമിത് ഓടി.. പിറകെ അക്ഷരകുട്ടിയും.. എല്ലാം കണ്ട് ചിരി തൂകി അക്ഷിതും...... രാത്രി കിടക്കാൻ നേരം അക്ഷിത് അമിതിനെ സസൂക്ഷ്മം നോക്കി.. എന്തോ പന്തികേട് അവനിൽ ഉള്ളത് പോലെ അക്ഷിതിന് തോന്നി.. "അമിത്... ആർ യു ഓക്കേ..എന്തെങ്കിലും പറയാൻ ഉണ്ടോ.." "ഏയ്യ്. എനിക്കോ.. എന്ത് . ഒന്നുമില്ല ഏട്ടാ.. ഏട്ടൻ കിടന്നോ.. " ഫോൺ കയ്യിലിട്ട് കറക്കി കൊണ്ട് അമിത് ബാൽക്കണിയിലേക്ക് തിരിഞ്ഞു.... " ബാൽക്കണിയിൽ ഈയിടെയായുള്ള രാത്രി ഇരുത്തം അത്ര നല്ലതിനല്ല " പുതപ്പ് പുതച്ച് ചെരിഞ്ഞു കിടന്ന് അക്ഷിത് പറഞ്ഞതും അമിത് തിരിഞ്ഞു ഏട്ടനെ നോക്കി കണ്ണിറുക്കി കൊണ്ട് പോയി... ************* നേരം വെളുത്ത ഉടനെ ആര്യ തന്റെ ജോലികൾ തീർത്ത് കോളേജിലേക്ക് പോകാൻ റെഡിയായി..

അനിയെ വിളിക്കാനായി അവൾ അനിയുടെ വീട്ടിലേക്ക് കയറി ചെന്നു.. അപ്പോഴും മൂടി പുതച്ചിരിക്കുന്ന അനിയെയാണ് അവൾ കണ്ടത്.. വേഗം ചെന്ന് നെറ്റിയിൽ തൊട്ട് നോക്കിയതും നല്ല ചൂട് അവളുടെ കയ്യിൽ അനുഭപ്പെട്ടു.. "ഇവൾക്ക് നന്നായി പനിക്കുന്നുണ്ടല്ലോ അമ്മേ.....ഹോസ്പിറ്റലിൽ കൊണ്ട് പോവണ്ടേ..... " "വേണം മോളെ.. അല്ലെങ്കിൽ പനി കൂടാൻ സാധ്യത ഉണ്ട്.. ഇവൾ വേണ്ടെന്നാ പറയുന്നേ . " "ഇവളതൊക്കെ പറയും. നമുക്ക് കൊണ്ട് പോകാം അമ്മേ.. " "മോള് കോളേജിൽ പൊയ്ക്കോ.. വെറുതെ ഈ കാരണം കൊണ്ട് ലീവ് ആക്കണോ.. " "ഏയ്‌.. ഇവൾ ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെ... " "എന്റെ വാവീ.. എനിക്കൊരു കുഴപ്പവും ഇല്ല.. ചെറിയ പനി അല്ലെ.. അത് മാറിക്കോളും.. നീ പൊയ്ക്കോ.." ചുണ്ടുകൾ മെല്ലെ ചലിപ്പിച്ചു കൊണ്ട് അനി പറഞ്ഞതും ആര്യ അവളെ സൂക്ഷിച്ചു നോക്കി.. മുഖമാകെ നീര് വന്നത് പോലെ വീർത്തു നിൽക്കുന്നത് കണ്ടതും അന്ധാളിപ്പോടെ അവൾ മെല്ലെ കവിളിൽ കൈ വെച്ചു...

"ആാാ.. " വേദന കൊണ്ട് മെല്ലെ അനി ശബ്ദം ഉണ്ടാക്കിയതും ആര്യയുടെ കണ്ണുകൾ നിറഞ്ഞു.. "എന്താ അമ്മേ ഇത്.. മുഖമാകെ വീങ്ങിയ പോലെ ഉണ്ടല്ലോ.. " "ഇന്നലെ രാത്രി പനിച്ചു വിറക്കുവായിരുന്നു വാവീ.. അതാവും മുഖം നീര് വന്നത്.. പിന്നെ ഇന്നലെ വൈകുന്നേരം കിടന്ന് ഇപ്പോഴല്ലേ എണീക്കുന്നെ.. അതൊക്കെ ആവും.. അല്ലാതെ വേറെ കുഴപ്പമൊന്നും ഇല്ല.. മോള് കോളേജിൽ പൊയ്ക്കോ.. നേരം വൈകിക്കേണ്ടാ.. " അമ്മയുടെയും അനിയുടെയും നിർബന്ധം കാരണം ആര്യ പോകാൻ തീരുമാനിച്ചു.. അനിയുടെ മുടിയിൽ തലോടി പോയി വരാമെന്ന് പറഞ്ഞ് അവൾ പുറത്തേക്കിറങ്ങി.. ആര്യ പോയതും കണ്ണുനീർ മാത്രം അനിയുടെ കവിളിലൂടെ ഒലിച്ചിറങ്ങി. ബസ് ഇറങ്ങി ആരെയും നോക്കാതെ ആരോടും മിണ്ടാതെ ആര്യ കോളേജിലേക്ക് നടന്നു.. ഗേറ്റ് കടക്കാൻ നിന്നതും മതിലിനരികിൽ കൂട്ടം കൂടി നിൽക്കുന്ന കുറച്ചു പേരെ അവൾ കണ്ടു....തന്നെ കണ്ട ഒരാൾ മറ്റുള്ളവരെ തോണ്ടി തന്നെ കാണിച്ചു കൊടുക്കുന്നതും ആര്യയുടെ കണ്ണിൽ പതിഞ്ഞു..

"അല്ലാ.. ഇന്ന് തനിച്ചാണല്ലോ.. കൂട്ടുകാരി എവിടെ പോയി.. ഇന്നില്ലേ....." അവരുടെ നേരെ നോക്കാതെ ഒന്നും ശ്രദ്ധിക്കാതെ അവരുടെ മുന്നിലൂടെ അവൾ നടന്നതും അതിലെ ഒരുത്തൻ അവളെ നോക്കി വിളിച്ചു ചോദിച്ചു.. അവന്റെ കമന്റടി കേട്ട് ആര്യ ഒരു നിമിഷം നിന്ന് തല ചെരിച്ച് അവനെ നോക്കി അവന്റെ അടുത്തേക്ക് നടന്നു... "അവളെ കണ്ടിട്ട് നിനക്കെന്ത് ഉണ്ടാക്കാനാണെഡാ... " അവന്റെ കോളറിൽ പിടിച്ച് മുന്നിൽ നിർത്തി കൊണ്ട് ദേഷ്യത്തോടെ ആര്യ ചോദിച്ചു.. അമിത് അനിയെ തല്ലിയ വിവരം ഇതിനോടകം അവർ അറിഞ്ഞിരുന്നു.. അരുണിന്റെ ഗ്യാങ് ലെ കുറച്ചു പേർ ആയതിനാൽ തന്നെ അറിയാൻ താമസം ഉണ്ടായില്ല.. ആര്യ ഇതറിഞ്ഞ് അമിതുമായി ഒരു യുദ്ധം ഉണ്ടാവുമെന്ന് മനക്കോട്ട കെട്ടിയ അവരൊക്കെ അവളുടെ ഒറ്റ നോട്ടത്തിൽ അലിഞ്ഞു പോയി... അവരെ ഒരുഗ്രൻ നോട്ടം നോക്കിയവൾ തിരിഞ്ഞതും അമിതും അക്ഷിതും പോകുന്നത് കണ്ടു.. അവരെ മൈൻഡ് ചെയ്യാതെ അവളും കോളജിലേക്ക് കയറി പോയി. . ആര്യ അവരെ മൈൻഡ് ചെയ്യാത്തത് കണ്ടപ്പോൾ തന്നെ അവൾ ഒന്നും അറിഞ്ഞിട്ടില്ലെന്ന് അവർക്ക് മനസ്സിലായി. പക്ഷെ നേരിട്ട് ഇത് പറയാൻ അവരിലെ ആർക്കും ധൈര്യം വന്നതുമില്ല..

അമിതിന് കിട്ടിയ അടി ലൈവ് ആയി കണ്ടത് കൊണ്ട് തന്നെ അവളുമായൊരു അങ്കത്തിനുള്ള ചങ്കുറപ്പ് ആർക്കും ഉണ്ടായിരുന്നില്ല.... ക്ലാസ്സിൽ കയറിയ ആര്യ തന്റെ സീറ്റിൽ ചെന്നിരുന്നു.. അവളെ മാത്രം കണ്ട് എല്ലാവരും പരസ്പരം നോക്കി അടക്കം പറഞ്ഞു.. അനിയെവിടെ എന്ന് ചോദിക്കാൻ പലർക്കും ആഗ്രഹം ഉണ്ടെങ്കിലും ആര്യയുടെ മുന്നിൽ പോകാൻ പോലും ആരും ധൈര്യപ്പെട്ടില്ലാ.... എല്ലാവരും കൂടെ ലീനയെ അവളുടെ അടുത്തേക്ക് ഉന്തി വിട്ടു . അല്പം പേടിയോടെ എന്നാൽ കൂളായി അവൾ ആര്യയ്ക്ക് മുന്നിൽ ചെന്ന് നിന്നു.. "ആര്യാ.. അനി ഇല്ലേ ഇന്ന്.. " "ഇല്ല.. ലീവ് ആണ് " മുഖത്തു നോക്കാതെ അവളത് പറഞ്ഞതും പിന്നെ ഒന്നും ചോദിക്കാതെ ലീന തന്റെ സീറ്റിൽ പോയി ഇരുന്നു... ഫസ്റ്റ് ഹവർ തന്നെ അനിൽ സാർ ക്ലാസ്സിലേക്ക് വന്നു.. സാർ ക്ലാസ്സിൽ കയറിയതും കണ്ണുകൾ നേരെ പോയത് അനിയുടെ സീറ്റിലേക്ക് ആയിരുന്നു... ശൂന്യമായ അനിയുടെ ഇരിപ്പിടം കണ്ട് അനിൽ സാർ അവിടേക്ക് നടന്നു.. "ആര്യാ.. ഒരാഴ്ചയായി അനിരുദ്ര എന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തിട്ട്.. നാളെ മുതൽ അവളെന്റെ ക്ലാസ്സിൽ കയറിയില്ലെങ്കിൽ അവളുടെ മുഴുവൻ അറ്റെൻന്റൻസും ഞാൻ കട്ട്‌ ചെയ്യും.. അവളോട്‌ പറഞ്ഞേക്ക്.. " അനിക്ക് പനിയായത് കൊണ്ടാണ് ഇന്ന് ലീവ് എടുത്തതെന്ന് പറയും മുൻപ് സാർ വാണിംഗ് പോലെ പറഞ്ഞതും ഒന്നും മിണ്ടാതെ ആര്യ തലയാട്ടി സമ്മതിച്ചു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story