ആത്മരാഗം💖 : ഭാഗം 43

athmaragam thanseeh

രചന: തൻസീഹ് വയനാട്

തലയിലെ തൊപ്പി മാറ്റി പുഞ്ചിരി തൂകി തങ്ങളെ നോക്കി നിൽക്കുന്ന രൂപത്തെ കണ്ട് കണ്ണും മിഴിച്ചു നോക്കുന്ന അമ്മയുടെ കവിളിൽ ചെറുതായൊന്നു നുള്ളി തോളിലെ ബാഗ് ഊരി അച്ഛന്റെ നെഞ്ചത്തോട്ടു ഇട്ട് കൊണ്ട് വന്നയാൾ അകത്തേക്ക് കയറി പോയി... "ദൈവമേ... ഇനി രണ്ടും കൂടി എന്റെ നെഞ്ച് ശവപ്പറമ്പാക്കുമല്ലോ ഡീ....." തന്റെ ഭാര്യയെ നോക്കി അദ്ദേഹം പറഞ്ഞതും തലക്ക് കയ്യും കൊടുത്ത് അമ്മ വാതിൽ പടിയിൽ ചാരി... ഈ സമയം വന്ന അതിഥി നേരെ ചെന്നത് അനിയുടെ മുറിയിലേക്കായിരുന്നു... പുതച്ചു മൂടി കിടക്കുന്ന അനിയുടെ നെറ്റിയിൽ തൊട്ട് നോക്കി പനിയുടെ അളവ് നോക്കി.. തണുത്ത് നിൽക്കുന്ന നെറ്റി തടത്ത് നിന്നും കയ്യെടുത്ത് കൊണ്ട് കൈ രണ്ടും തന്റെ ഇടുപ്പിൽ വെച്ച് എവിടെ നിന്ന് തുടങ്ങണം എന്നാലോചിച്ച് ഒരു നിമിഷം നിന്നു... അടുത്ത ക്ഷണം തിരിഞ്ഞു കിടക്കുന്ന അനിയെ എണീപ്പിക്കാൻ ഉള്ള ശ്രമം എന്നോണം ബെഡിൽ കയറി ഇരുന്ന് അവളെ അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടാൻ തുടങ്ങി...

ഭൂമി കുലുങ്ങുന്നോ എന്ന് ഡൌട്ട് അടിച്ച് ഞെട്ടി ഉണർന്ന അനി കണ്ണുകൾ തുറന്ന ഉടനെ കണ്ടത് കറുത്ത വസ്ത്രം അണിഞ്ഞ രൂപത്തെ.. "അമ്മേ..... !!!!" ബെഡിൽ നിന്നും ചാടി എണീറ്റ് അനി ആർത്തു വിളിച്ചു... "എടീ മൂധേവി.. നീയെന്റെ കൊച്ചിനെ കൊന്നോടീ " വാതിൽ പടിയിൽ തല ചാരി വെച്ച് നെടുവീർപ്പിടുന്ന സമയത്താണ് അനിയുടെ നിലവിളി അമ്മയുടെ കാതിൽ പതിഞ്ഞത്.. ഉടനെ അമ്മ എന്തോ ഓർത്തെന്ന പോലെ റൂമിലേക്കോടി.. "എടീ... ശിവാ.... നിന്നെ ഞാൻ വെച്ചേക്കില്ലെടീ ഭൂതമേ " ഈ സമയം വന്നയാളെ തിരിച്ചറിഞ്ഞ അനി അവളെ കിടക്കയിലേക്ക് പിടിച്ചു വലിച്ചിട്ട് അവളെ പേടിപ്പിച്ചതിന് കണക്കിന് കൊടുക്കാൻ തുടങ്ങിയിരുന്നു.. മക്കളുടെ സ്നേഹപ്രകടനം കണ്ട് തടയാൻ ആവാതെ നിസ്സഹായരായി അമ്മയും അച്ഛനും നോക്കി നിന്നു.. "അയ്യോടീ ചേച്ചീ.. ഞാൻ നിന്ന് തരാ... ഇത്രയും നാൾ ഉള്ള കണക്കൊക്കെ തരാൻ വന്നതാടീ ചേച്ചി കുട്ടീ.... " അങ്ങോട്ടും ഇങ്ങോട്ടും അടി മുറുകി അവസാനം തലയിണ വെച്ച് കളി തുടങ്ങി പഞ്ഞി പുറത്ത് വരും വിധം തലയിണ അടിച്ചു പരത്തിയതും അമ്മ തലയിൽ കൈ വെച്ചു.. "എന്റെ കുഞ്ഞിന് ഇനിയും പനി കൂടും.. ആ താന്തോന്നിയെ ഒന്ന് പിടിച്ചു മാറ്റ് മനുഷ്യാ...."

അച്ഛനെ റൂമിലേക്ക് ഉന്തി വിട്ട് കൊണ്ട് അമ്മ പറഞ്ഞു... അടി കൂടുന്ന ഇളയതിനെ പൊക്കി പിടിച്ച് ഹാളിലേക്ക് അച്ഛൻ കൊണ്ടിട്ടു.. "കഴിഞ്ഞ ഏതു ജന്മത്തിലെ പാപമാണാവോ ഈശ്വരാ ഇതുങ്ങളുടെ രൂപത്തിൽ ഈ ജന്മത്തിൽ എന്റെ നേരെ വന്നേക്കുന്നത്.. " നെറ്റിയിൽ കൈ അമർത്തി പിടിച്ച് അമ്മ ഹാളിലേക്ക് പോകാനായി തിരിഞ്ഞു... എന്താ ഇവിടെ ഇപ്പൊ നടന്നെ എന്ന് ആലോചിച്ചു നോക്കി എഴുന്നേൽക്കാൻ നിന്ന അനിയെ തിരിഞ്ഞു നോക്കി അമ്മ അവൾക്ക് നേരെ അടുത്തു.. "അവിടെ കിടക്കെടീ... എണീറ്റ് വന്നാൽ വെളുപ്പിനെ നീയെന്റെ കയ്യീന്ന് മേടിക്കും " അമ്മ കടുപ്പിച്ച് പറഞ്ഞതും അനി തലവഴി പുതപ്പിട്ട് കിടന്നു.. അമ്മ പോയെന്ന് ഉറപ്പായതും അവൾ മെല്ലെ പുതപ്പ് മാറ്റി കണ്ണും കാതും കൂർപ്പിച്ച് ഹാളിലേക്ക് ശ്രദ്ധ കൊടുത്തു... "എന്റെ ഭഗവാനെ.. ഈ കുരിശിനെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്.. കണ്ടക ശനി മുഴുവൻ എന്റെ നെഞ്ചത്തോട്ടാണല്ലോ " ഹാളിൽ ഉറക്കെ സംസാരിക്കുന്ന തന്റെ ഒരേ ഒരു അനിയത്തി ആജന്മ ശത്രു ശിവരുദ്രയെ ഓർത്ത് എഴുന്നേറ്റിരുന്ന് അനി രണ്ടു കയ്യും തലയ്ക്കു വെച്ചു..

തല മാത്രം പൊന്തിച്ചു കൊണ്ടവൾ ഹാളിലേക്ക് പാളി നോക്കി.. അവിടെ കൈ രണ്ടും കെട്ടി നിൽക്കുവാണ് ശിവ.. അനിയെക്കാൾ ഒന്നോ രണ്ടോ വയസ്സിന് ഇളയതാണവൾ . എന്നാൽ അതിന്റെ ഒരു അഹങ്കാരവും അവളിൽ ഇല്ല.. അനിയെ മുറിച്ചു വെച്ച പോലെ തന്നെയാണ് ശിവരുദ്ര.. അനി അല്പം നാടൻ പെൺകുട്ടി ലുക്ക്‌ ആണെങ്കിൽ ശിവ പക്കാ മോഡേൺ ലുക്ക്‌ ആണ്.. കീരിയും പാമ്പും പോലെയാണു രണ്ടും ഏത് നേരവും,,,,അടി കൂടി മാതാപിതാക്കൾക്ക് തല വേദന ആയതിനാൽ ശിവയെ പത്ത് കഴിഞ്ഞതും തറവാട്ടിലേക്ക് നാട് കടത്തി....ഇപ്പോൾ പ്ലസ് വണ്ണിൽ പഠിക്കുകയാണവൾ ************ ഹാളിലേക്ക് കൊണ്ട് വന്നിട്ട തന്റെ ഇളയ മകളെ അടിമുടി നോക്കി കൊണ്ട് അച്ഛൻ ഫ്രിഡ്ജിന് മുകളിൽ വെച്ചിരുന്ന വടി കയ്യിൽ പിടിച്ച് അവളുടെ നേരെ നിന്നു . "ആഹാ.. ഇതൊക്കെ ഇപ്പോഴും ഉണ്ടല്ലേ.. ഞാൻ കരുതി എന്നെ നാട് കടത്തിയപ്പോൾ വടിയൊക്കെ കളഞ്ഞെന്ന് " "അതിന് ഒന്നിനെ അല്ലേ ഞങ്ങൾ നാട് കടത്തിയുള്ളൂ.. മറ്റേ ഒരെണ്ണം കൂടെ ഉണ്ടല്ലോ.. "

അമ്മ ഇടയിൽ കയറി പറഞ്ഞതും അവൾ അമ്മക്ക് ചിരിച്ചു കൊടുത്തു. "ഈ സമയം എങ്ങനെ ഇവിടെ എത്തിയെടീ " അച്ഛന് അത് മാത്രം ആയിരുന്നു അറിയേണ്ടിയിരുന്നത്.. അച്ഛൻ അത് ചോദിച്ചതും അവൾ എരിവ് വലിച്ചു കൊണ്ട് നാവ് കടിച്ച് തലക്ക് കൈ വെച്ചു.. "അയ്യോ മാമൻ " അതും പറഞ്ഞ് അവൾ പുറത്തേക്കോടി.. കൂടെ അമ്മയും അച്ഛനും... ഒറ്റ ചാട്ടത്തിന് മുറ്റത്തെത്തി അവൾ ഗേറ്റ് തുറന്നു കൊടുത്തു.. ഗേറ്റ് തുറക്കാൻ കാത്തു നിന്ന പോലെ ഒരു കാർ മുറ്റത്തേക്ക് കയറി.. അതിൽ നിന്നും ഒരാൾ ഇറങ്ങി വന്ന് ശിവയുടെ ചെവിയിൽ പിടിച്ചു.. " ഗേറ്റ് തുറന്ന് തരാമെന്ന് പറഞ്ഞ് മതിൽ ചാടി എന്നെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിയതാ ഇവൾ.. " "സോറി... ഞാനത് മറന്നു പോയി.. " "പോടീ.. " അവളുടെ ചെവിയിൽ നുള്ളി കൊണ്ട് മാമൻ അകത്തേക്ക് കയറി. "എന്താ ഡാ ഈ നേരത്ത് " "എന്റെ പൊന്നളിയാ.. അനിക്ക് പനി ആണെന്ന് കേട്ടത് മുതൽ എനിക്കൊരു സമാധാനവും പെണ്ണ് തന്നിട്ടില്ല.. നേരം വെളുത്തിട്ട് പോകാമെന്ന് പറഞ്ഞതാ ഞാൻ.. പെണ്ണ് സമ്മതിക്കേണ്ടേ..

പിന്നെ ഇവളുടെ സ്വഭാവം വെച്ച് എല്ലാവരും ഉറങ്ങി കഴിഞ്ഞ് ആരും അറിയാതെ വല്ല ലോറിയിലും വലിഞ്ഞു കയറി അവളിവിടെ എത്തും.. അപ്പൊ പിന്നെ റിസ്ക് എടുക്കാതെ ഞാൻ തന്നെ കൊണ്ട് വരുന്നതല്ലേ നല്ലതെന്ന് തോന്നി... എന്നിട്ടെന്താ ഇവിടെ വന്നപ്പോൾ നമ്മളെ മറന്നു.. " "ഹോ.. കൊണ്ട് വന്നത് എന്തായാലും നന്നായി.. അല്ലേൽ നീ പറഞ്ഞത് പോലെ ഒറ്റക്ക് പോരാനും ഈ താന്തോന്നിക്ക് പേടി ഉണ്ടാവില്ല ..." "മ്മ്മ്.. ചേച്ചീ.. ഇവളെ എന്നെ ഏൽപ്പിച്ച് നല്ലൊരു ചതിയാ എന്നോട് ചെയ്തേ.. ഇതിലും ഭേദം ഗൾഫിൽ പോയി അറബിയുടെ രണ്ട് ചീത്ത കേൾക്കുന്നേ ആയിരുന്നു... " "അപ്പൊ അളിയാ ഈ രണ്ടെണ്ണത്തിനെ സഹിക്കേണ്ടി വരുന്ന എന്റെ കാര്യമോ.... " അച്ഛൻ അവളെ നോക്കി പറഞ്ഞതും അവൾ മുഖം കോട്ടി.. മാമന് ഇളിച്ചു കൊടുത്തു കൊണ്ട് ശിവ മെല്ലെ അനിയുടെ റൂമിലേക്ക് പോകാനായി അടിവെച്ചു നടന്നു.. "നിന്റെ റൂമിലേക്ക് പോടീ..വന്ന ഉടനെ ഉണ്ടാക്കിയ യുദ്ധം ഒന്നും മതിയായില്ല അല്ലേ.. ഇനി രണ്ടെണ്ണത്തിന്റെയും ശബ്ദം കേട്ടാൽ... " അമ്മയുടെ അലർച്ച കേട്ടതും അവൾ തന്റെ റൂമിലേക്കോടി... വന്ന കാലിൽ നിൽക്കാതെ ആങ്ങളയോട് ഇരിക്കാൻ പറഞ്ഞ് അമ്മ തിരിഞ്ഞതും പോയ ആ സ്പീഡിൽ തന്നെ ശിവ പുറത്തേക്കോടി..

"ഡീ.. അവിടെ നിൽക്കെടീ.. ഇനിയിപ്പോ വാവിയെ കൂടി ശല്യപെടുത്തണം അല്ലേ.. ഇങ്ങനെ ഒരു സാധനം..." "ഡോണ്ട് വറി അമ്മേ... ഞാൻ ഇന്ന് ചേച്ചിയുടെ കൂടെയാ കിടക്കുന്നെ... " അപ്പുറത്തേക്ക് മതിൽ ചാടുന്നതിനിടയിൽ ശിവ വിളിച്ചു പറഞ്ഞു.. മൂവരും പുറത്തേക്ക് നോക്കിയതും നിർത്താതെയുള്ള കാളിങ് ബെല്ലിന് ശേഷം ആര്യയുടെ വീട്ടിൽ വെളിച്ചം തെളിയുന്നതും ശേഷം ആര്യയുടെ റൂമിൽ വെളിച്ചം അണയുന്നതും കണ്ടു.... "ഇനിയിപ്പോ നാളെ ഉണ്ടാവാൻ പോകുന്ന പൂരം കണ്ടറിയണം.. " ആര്യയുടെ വീട്ടിലെ വെളിച്ചം പൂർണമായും അണഞ്ഞതും അമ്മ നെടുവീർപ്പിട്ടു "ആ കുട്ടിയോട് ശിവ എങ്ങനെ.. അനിയോട് തല്ല് കൂടുന്ന പോലെ തന്നെയാണോ.. " "ഏയ്യ്.. അല്ലാ.. അവളെ ഇച്ചിരി പേടി ഉണ്ട്.. പിന്നെ അനിയെക്കാൾ വാവിയെ തന്നെയാണ് അവൾക്കിഷ്ടം..." "മ്മ്മ്.. അവളുടെ അടുത്ത് മാത്രമേ ശിവ കുറുമ്പ് കാണിക്കാത്തതുള്ളൂ " മൂവരും ശിവയുടെ വിശേഷങ്ങൾ പറഞ്ഞ് അകത്തേക്ക് കയറി.. മുറിയിൽ ചെന്ന് അനിയെ സന്ദർശിച്ച ശേഷം മാമൻ ഹാളിൽ വന്നിരുന്നു..

"പനിയൊക്കെ മാറി അല്ലേ.. ശിവക്ക് അവിടെ നിൽക്കപ്പൊറുതി ഉണ്ടായിരുന്നില്ല.. ഇപ്പൊ കണ്ടില്ലേ അനിയെ കണ്ട് അവളോട് തല്ല് കൂടി ശിവ പോയി.. ഈ കുട്ടിയുടെ ഒരു കാര്യം.." "ഇതൊക്കെ കൊണ്ട് തന്നെ അല്ലേ അവളെ അവിടെ നിർത്തുന്നെ.. " "അതറിയാം..ഇവിടെ അനിയോട് തല്ല് കൂടുന്ന പോലെ ഒന്നുമല്ല അവൾ അവിടെ.. തറവാട്ടിൽ എല്ലാവർക്കും അവളെ വലിയ കാര്യമാ . അത് കൊണ്ട് ഞാൻ പോകുമ്പോൾ അവളെയും കൊണ്ട് പോകും..." "ഓഹ്.. അതിന് പൂർണ സമ്മതമേ ഉള്ളൂ.. അനിയെ കെട്ടിച്ചിട്ടെ ഇനി ആ മുതലിനെ ഇങ്ങോട്ടു കൊണ്ട് വരുള്ളൂ. ഇല്ലെങ്കിൽ അവരുടെ വഴക്കു തീർത്ത് ഞങ്ങൾ വേഗം കാലപുരി പുൽകും... " "അതേ.. പോകുന്ന പോക്കിൽ ഈ കുറഞ്ഞ സമയം എന്തൊക്കെ പുകിലാ ഇനി രണ്ടു പേരും ഉണ്ടാക്കി എടുക്കുമെന്നാവോ.. അനിക്ക് പനി ആണേൽ സമാധാനം ആയിരുന്നു.. ഇതിപ്പോ അവളുടെ പനിയൊക്കെ മാറി.. പോരാത്തതിന് ശിവ വന്നെന്ന് അറിഞ്ഞതിന്റെ ഉന്മേഷം കൂടി ഉണ്ടാവും... രണ്ടു പേരും കൂടി ഈ വീട് ബാക്കി വെച്ചാൽ മതിയായിരുന്നു..."

ഒരു പ്രാർത്ഥനയോടെ അമ്മ പറഞ്ഞു നിർത്തി.... ************ പിറ്റേന്ന് രാവിലെ അക്ഷിത് കണ്ണുകൾ തുറന്നയുടനെ കണ്ടത് അരികിൽ കമിഴ്ന്നു കിടക്കുന്ന അമിതിനെയാണ്..ജാക്കറ്റ് ഇട്ട് ഷൂ പോലും അഴിക്കാതെ അങ്ങനെ കിടക്കുന്ന അവനെ കണ്ടതും അക്ഷിത് അമിതിന്റെ തലമുടിയിലൂടെ തന്റെ വിരലുകളെ ഓടിച്ചു.. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വിഷമം കാരണം അക്ഷിതിന്റെ ഉള്ളം നീറി പുകഞ്ഞു.. ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുമ്പോഴും അനിയന്റെ മനസ്സറിയുന്ന ഏട്ടന് അത് താങ്ങാനാവുന്നതിലും അപ്പുറമാണ്.. അല്പ നേരം അവന്റെ അടുത്ത് കിടന്ന് അക്ഷിത് ബാത്‌റൂമിലേക്ക് പോയി... ഫ്രഷ് ആയി വന്നിട്ടും അമിത് എണീറ്റിട്ടുണ്ടായിരുന്നില്ല.. അവനെ കുലുക്കി വിളിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് അക്ഷിത് താഴേക്ക് നടന്നു. ഉറങ്ങാൻ വൈകിയത് കൊണ്ട് തന്നെ അമിത് മടിപിടിച്ച് ബെഡിൽ തന്നെ ഇരുന്നു.. ഉറക്കം ശെരിയാവാത്തതിനാലും മനസ്സിലെ പിരിമുറുക്കം കാരണവും തലവേദന കൂടിയ അമിത് കൈകൾ തലയിൽ അമർത്തി പിടിച്ച് കണ്ണുകൾ അടച്ചിരുന്നു..

ഫ്രഷ് ആയി അമ്മയുടെ കയ്യിൽ നിന്ന് ചൂട് ചായ കുടിക്കാനായി അവൻ വേഗം കുളിക്കാൻ പോയി.... കുളിച്ച് ഫ്രഷ് ആയി അമിത് താഴേക്ക് ചെന്നു.. അവന്റെ വരവ് കണ്ടതും അമ്മ അവന്റെ അടുത്തേക്ക് ചെന്നു.. "എങ്ങനെ ഉണ്ട് അമീ തലവേദന.. " തലയിൽ തലോടി അമ്മ ചോദിച്ചതും മാറിയെന്ന് അമിത് പറഞ്ഞു.. അത് കേട്ടതും അക്ഷര കുട്ടി ഇല്ലാത്ത ചുമ വരുത്തി ഉണ്ടാക്കി ചുമക്കാൻ തുടങ്ങി.. "അമ്മേ.. ഒരു കണ്ണ് അരുമ മകന്റെ മേൽ വെക്കുന്നത് നല്ലതാ.. എന്തോ എവിടെയോ ഒരു തകരാർ സംഭവിച്ചിട്ടുണ്ട്...കോളേജിൽ എന്തെങ്കിലും അടി ഉണ്ടായോ എന്ന് അന്വേഷിക്കുന്നത് നല്ലതാ " "ആണോ കാന്താരീ ...." അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് അമിത് അവളുടെ അടുത്ത് അക്ഷിതിന് ഓപ്പോസിറ്റ് ആയി ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി.. തന്റെ മനസ്സിലെ അസ്വസ്ഥത മറച്ചു വെച്ച് കൊണ്ട് അമിത് പഴയ പോലെ ചിരിച്ച് കളിച്ച് സംസാരിച്ചു കൊണ്ടിരുന്നു... ************ രാവിലെ അനി കണ്ണ് തുറന്നതും എന്തോ ഓർത്തെന്ന പോലെ പെട്ടന്നവൾ ബെഡിൽ നിന്നും ചാടി എണീറ്റു...

ഇന്നലെ ഒരു ചരക്കിനെ ആരോ ഇവിടെ കൊണ്ടിട്ടിരുന്നല്ലോ എവിടെ പോയി എന്നർത്ഥത്തിൽ മുറിയിൽ നിന്നും തല മാത്രം വെളിയിലേക്കിട്ട് അവൾ ആകെ പരതി.. പിന്നെ ഊഹിച്ചെടുത്ത പോലെ അടുക്കളയിലൂടെ ഓടി പിന്നാമ്പുറത്തെത്തി ആര്യയുടെ വീട്ടിലേക്കുള്ള മതിൽ എടുത്തു ചാടി. ഈ സമയം പത്രം എടുത്ത് മുറ്റത്തു നിന്ന് തിരിഞ്ഞു നടക്കുന്ന അവളുടെ അച്ഛൻ ഈ കാഴ്ച കണ്ടതും തന്റെ ഭാര്യയെ നോക്കി ഒന്ന് ചുമച്ചു.. "ഗേറ്റ് മലർക്കെ തുറന്നിട്ടും നമ്മുടെ മോൾക്ക് താല്പര്യം മതിൽ ചാടാൻ ആണല്ലോ ഭാര്യേ... " "അതങ്ങനയേ വരൂ.. വിത്ത് ഗുണം പത്ത് എന്ന് കേട്ടിട്ടില്ലേ...." അതും പറഞ്ഞ് അമ്മ ജോലികളിൽ മുഴുകിയതും അച്ഛൻ ചിരിച്ചു കൊണ്ട് പത്രം നിവർത്തി പിടിച്ച് വായന തുടങ്ങി.... അകത്തേക്ക് കയറിയ അനി ആദ്യം തന്നെ കണ്ടത് അടുക്കളയിൽ നിന്നും ചായ ഇട്ട് തനിക്ക് കുടിക്കാനായി കയ്യിൽ പിടിച്ച് വരുന്ന ആര്യയുടെ അച്ഛനെയാണ്.. അനി അച്ഛനെ നോക്കി ചിരിച്ചു കൊണ്ട് കയ്യിൽ നിന്നും ചായ വാങ്ങി നേരെ ആര്യയുടെ റൂമിലേക്ക് പോയി....

ഇങ്ങനെയൊരു പെണ്ണ് എന്ന് മനസ്സിൽ വിചാരിച്ച് ചിരിച്ചു കൊണ്ട് അച്ഛൻ വീണ്ടും ചായ ഇടാനായി അടുക്കളയിലേക്ക് തന്നെ തിരിച്ചു.. ചായയുമായി റൂമിൽ എത്തിയ അനി ചായ ടേബിളിൽ വെച്ച് ബെഡിലേക്ക് നോക്കി.. ആര്യയെ കെട്ടിപിടിച്ചു കിടക്കുകയാണ് ശിവ.. അത് കണ്ട് അനി ഒറ്റ ചവിട്ടിന് ശിവയെ താഴെയിട്ട് ആ സ്ഥാനത്ത് കയറി കിടന്നു.. നൈറ്റ്‌ റൈഡ് കഴിഞ്ഞ് വൈകി വന്നതിനാൽ ആര്യ ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിൽ ആയിരുന്നു... താഴെ നിന്നും എഴുന്നേറ്റ ശിവ അനിയെ പിടിച്ചു വലിച്ച് താഴേക്കിട്ടു.. താഴെ കിടന്ന അനി ശിവയുടെ കാലിൽ പിടിച്ചു വലിച്ചു.. പിന്നെ അങ്ങോട്ട്‌ ഘോര യുദ്ധം തന്നെയായിരുന്നു.. ബഹളം കേട്ട് അനിയുടെ അമ്മ ചൂരലുമായി വന്നു . "നശൂലങ്ങൾ... ആ കൊച്ചിന്റെ ഉറക്കം കളയാനായിട്ട്... " ഒന്നും അറിയാതെ കിടക്കുന്ന ആര്യയെ കണ്ട് മറ്റ് രണ്ട് പേരെ റൂമിൽ നിന്ന് വെളിയിൽ ഇറക്കി രണ്ട് പൊട്ടിച്ചു... അമ്മയുടെ അടി രാവിലെ തന്നെ കിട്ടിയതും നല്ല കുട്ടികളായി രണ്ടു പേരും വീട്ടിലേക്കോടി..

ആര്യയുടെ മുറിയിലേക്ക് വീണ്ടും കയറിയ അമ്മ അവളുടെ നിഷ്കളങ്കമായ ഉറക്കം കുറച്ചു നേരം നോക്കി നിന്ന് അവൾക്ക് പുതച്ചു കൊടുത്തു.. ശേഷം കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് റൂമിൽ നിന്നും പോയി.. അനിക്ക് മുന്നേ മതിൽ ചാടി വീട്ടിൽ കയറിയ ശിവ അനിയുടെ റൂമിൽ കയറി വാതിൽ ലോക്കിട്ടു.. പൂച്ചയെയും ഓന്തിനെയും കല്ലെടുത്തെറിഞ്ഞ് ആടി പാടി വീട്ടിലേക്ക് കയറിയ അനിയെ കണ്ട് അച്ഛൻ പത്രം ഒന്നൂടെ നിവർത്തി പിടിച്ചു.. "സ്ഥിരമായി അയൽവീടിന്റെ മതിൽ ചാടുന്ന മകളുടെ കാലുകൾ അച്ഛൻ തല്ലിയൊടിച്ചു...." തനിക്കിട്ടു കൊള്ളിച്ചതാണെന്നു മനസ്സിലായ ആനി അത് കേൾക്കേണ്ട താമസം അവിടെ കണ്ട ഒരു മാഗസിൻ കയ്യിലെടുത്ത് അച്ഛന്റെ ഓപ്പോസിറ്റ് ആയി ഇരുന്നു ..... "മകളുടെ കാലുകൾ നിസ്സാര കാരണത്തിന്റെ പേരിൽ തല്ലിയൊടിച്ച ദുഷ്ട്ടനും കണ്ണിൽ ചോരയുമില്ലാത്ത പിതാവിനെ ഭ്രാന്താശുപത്രിയിൽ കൊണ്ട് പോയിട്ടു.... ഒന്ന് വീതം നാല് നേരം ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാൻ മകൾ നിർദ്ദേശിച്ചു..."

"എന്തെല്ലാം മനോഹരമായ ആചാരങ്ങളേ.." പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ ഉറക്കെ വായിച്ചു.. കണ്ണ് തള്ളിപോയ അച്ഛനെ ഗൗനിക്കാതെ അവൾ ഒരു ആരോഗ്യ മാസിക കയ്യിലെടുത്തു... "അച്ഛന്മാരുടെ ആരോഗ്യം സംരക്ഷിക്കേണ്ട വിധങ്ങൾ... ...മക്കളെ അവരുടെ കഴിവ് മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുക,,,ഇല്ലെങ്കിൽ ഭക്ഷണത്തിൽ ചത്ത പാറ്റ പെടാൻ സാധ്യതയുണ്ട്.. .....ചോദിക്കാതെ തന്നെ മക്കൾക്ക് കീശയിൽ നിന്ന് ക്യാഷ് എടുക്കാനുള്ള അവകാശം കൊടുക്കുക,,,ഇല്ലെങ്കിൽ കുടിക്കുന്ന ജ്യൂസിലോ പാലിലോ വിം കലരാൻ സാധ്യതയുണ്ട്..." അങ്ങനെ താൻ ചെയ്യാൻ പോവുന്ന കാര്യങ്ങൾ ഒന്നൊന്നായി അനി പറഞ്ഞു കൊണ്ടിരുന്നു..എല്ലാം കേട്ട് നെഞ്ച് തടവി കൊണ്ട് അച്ഛൻ അനിയെ നോക്കി..ശേഷം പത്രം നിവർത്തി വീണ്ടും വായന തുടങ്ങി... "സ്ഥിരമായി മതിൽ ചാടി കടന്നു പരിശീലിക്കുന്ന മകളെ അച്ഛൻ ഒളിംപിക്‌സ് ഹൈ ജമ്പ് യോഗ്യതാ മത്സരത്തിന് വിട്ടു...ശോ പാവം അച്ഛൻ...." സംഗതി ഏറ്റതും പൊട്ടിച്ചിരിച്ചു കൊണ്ട് അനി അച്ഛനൊരു ഉമ്മയും കൊടുത്തു അകത്തേക്ക് പോയി...

താൻ ഒന്ന് പറഞ്ഞപ്പോൾ പത്തെണ്ണം തിരിച്ചു പറഞ്ഞ തന്റെ മകളെ ഓർത്ത് അച്ഛൻ തലയാട്ടി ചിരിച്ചു.. അച്ഛന് ചായ ഇട്ടു വന്ന അമ്മയും ചിരിക്കുന്നുണ്ടായിരുന്നു.. "നിങ്ങൾ അവളോടാണോ കളിക്കുന്നത് " "പറ്റിപ്പോയി... നമ്മുടെ മോൾ ഇത്ര മിടുക്കി ആണെന്ന് അറിഞ്ഞില്ല.. സൂക്ഷിക്കുന്നത് നല്ലതാ.... " തമാശയോടെ അച്ഛൻ പറഞ്ഞതും അച്ഛനോടൊപ്പം അമ്മയും ചിരിച്ച് അകത്തേക്ക് തല ചെരിച്ചു നോക്കി.. അടുത്ത നിമിഷം തന്നെ ഇരുവരുടെയും മുഖത്ത് വിഷാദം തങ്ങി നിന്നു...... "പാവം.. ഒരുപാട് വിഷമിക്കുന്നുണ്ട് നമ്മുടെ മോള്. അത് നമ്മളെ അറിയിക്കാതിരിക്കാനുള്ള തന്ത്രമാണിതൊക്കെ..ഉള്ളിൽ കരഞ്ഞ് പുറമെ ഇങ്ങനെ പൊട്ടിച്ചിരിക്കുന്ന അവളെ കണ്ട് നിൽക്കാൻ എനിക്കാവില്ല.." കണ്ണിൽ വെള്ളം നിറച്ച് അമ്മ അകത്തേക്ക് കയറി പോയി.. സോഫയിൽ ചാരി ഇരുന്ന് അച്ഛൻ തന്റെ നനഞ്ഞ മിഴികൾ അടച്ചു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story