ആത്മരാഗം💖 : ഭാഗം 47

athmaragam thanseeh

രചന: തൻസീഹ് വയനാട്

അനിയും ശിവയും തമ്മിലുള്ള അടിപിടി പാതിരാ വരെ നീണ്ടതും രണ്ടിനെയും വടിയെടുത്ത് പേടിപ്പിച്ച് രണ്ടിടത്താക്കി അച്ഛനും അമ്മയും റൂമിൽ കയറി സ്വസ്ഥമായി ഉറങ്ങാൻ കിടന്നു... അവർ വാതിൽ അടച്ചെന്നും ഉറങ്ങി എന്നും ഉറപ്പിച്ചു കൊണ്ട് അനി തന്റെ റൂം തുറന്നു.. സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു.. ആര്യ തന്നെ വിളിക്കാൻ ഇപ്പോൾ വരുമെന്ന് അറിയാവുന്നത് കൊണ്ട് എല്ലാവരും ഉറക്കം പിടിച്ചെന്ന് അവൾ ഉറപ്പ് വരുത്തി ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... അധികവും ആര്യ വന്ന് വിളിക്കാറാണ് പതിവ്.. ഇടക്ക് അനി ആര്യ ഇറങ്ങുന്നതിനു മുൻപ് ഇറങ്ങി അവളുടെ അടുത്തേക്ക് ചെല്ലും.. ആര്യയുടെ റൂമിലെ ലൈറ്റ് അണയുന്നത് കണ്ടതും അനി തൊപ്പി തലയിൽ വെച്ച് വാതിൽ മെല്ലെ തുറന്നു.. പുറത്തേക്ക് വരാനായി മുൻ വാതിൽ അടക്കുന്ന ആര്യയെ നോക്കി അനി മതിൽ ചാടാനായി റെഡിയായി..... അതിനിടയിൽ വാതിൽ അടച്ച് മുറ്റത്തേക്ക് ഇറങ്ങാനായി കാലടി വെച്ച ആര്യ പെട്ടന്ന് നിന്നു... കാത് കൂർപ്പിച്ചു കൊണ്ടവൾ ചുറ്റും കണ്ണോടിച്ചു ..

ഉണങ്ങിയ ഇലകളിൽ അമരുന്ന കാൽ പാദങ്ങളുടെയും ഇടതടവില്ലാതെ വിടുന്ന ശ്വാസ ഗതിയുടെയും ചുണ്ടുകൾ മുഴുവൻ പിളർത്താതെയുള്ള അടക്കം പറച്ചിലിന്റെ ശബ്ദവും അവളുടെ കാതുകൾ വലിച്ചെടുത്തു.. ക്ഷണ നേരം കൊണ്ട് അവളുടെ മുഖഭാവം മാറി... എന്തും നേരിടാൻ സജ്‌ജമായ പോരാളിയെ പോലെ അവളുടെ ശരീരം തയ്യാറായി നിന്നു... മുറ്റത്തേക്ക് കാൽ വെച്ച് കൊണ്ടവൾ വീണ്ടും കാത് കൂർപ്പിച്ചു.. അപ്പോഴേക്കും മതിൽ ചാടി കൊണ്ട് അനി ഇപ്പുറത്തെത്തിയിരുന്നു.. അവളിലേക്ക് ആര്യയുടെ ശ്രദ്ധ മാറി... ആര്യയുടെ നിൽപ്പ് കണ്ട് കാര്യം അറിയാതെ അനി അന്താളിച്ചു... "അനീ... വീട്ടിൽ പോ... " "എന്താ വാവീ... എന്ത് പറ്റി.. " "നീ പോ... പോയി വാതിലും ജനലുമൊക്കെ ഭദ്രമായി അടച്ചിരിക്ക്.. ചെല്ല്... " ആര്യയുടെ വാക്കുകൾ കേട്ട് അനി അല്പം ഭീതിയോടെ അവളെ നോക്കി.. തന്നെ നോക്കാതെ കണ്ണുകൾ ചുറ്റും ചലിപ്പിച്ചു കൊണ്ട് ആര്യ അത്രയും പറഞ്ഞതിനാൽ തന്നെ എന്തോ പന്തികേട് അനിക്ക് മണത്തു.. തന്റെ ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന പേടിയോടെ ഇരുട്ടിലേക്കവൾ നോക്കി... ഈ സമയം അവൾ പോകാതെ നിൽക്കുന്നത് കണ്ട ആര്യക്ക് ദേഷ്യം വന്നു... "നിന്നോട് കയറി പോകാനല്ലേ അനീ ഞാൻ പറഞ്ഞത്.... പോ... "

ഉച്ചത്തിൽ പറഞ്ഞ തന്റെ വാക്കുകൾ അവസാനിപ്പിച്ച് ആര്യ പെട്ടന്ന് തല കുനിച്ച് മുന്നോട്ടാഞ്ഞു.. തന്നെ തൊട്ടുരുമ്മി കൊണ്ട് പോയ വടി വീണ്ടും തന്നിലേക്ക് വരാതിരിക്കാൻ ഞൊടിയിടയിൽ പിറകിലേക്ക് തിരിഞ്ഞ് വടി ഓങ്ങിയവന്റെ വയറ്റിൽ ഇടിച്ച് ഇടത്തെ കൈ കൊണ്ട് അവന്റെ ഇടത്തെ കൈ ഒടിച്ച് വലത്തേ കൈ കൊണ്ട് അവന്റെ കയ്യിലെ വടി തന്റെ കയ്യിലാക്കിയവൾ അവന്റെ തല നോക്കി ഒരെണ്ണം കൊടുത്ത് മുട്ടുകാലിൽ ചവിട്ടി അവനെ താഴെ വീഴ്ത്തി..കയ്യിലെ വടി അവന്റെ തല നോക്കി എറിഞ്ഞു.... ഒരു ഞെരക്കത്തോടെ അവനിൽ നിന്നും ശബ്ദം വന്നതും ഭയന്ന് പോയ അനി ആര്യയുടെ അടുത്തേക്ക് പോകാനായി മുന്നോട്ട് കാൽ വെച്ചതും ആര്യ മുഷ്ടി ചുരുട്ടി കൊണ്ട് അനിയുടെ നേരെ കൈ വീശി.. ഞെട്ടി പോയ അനി കണ്ണുകൾ അടച്ചു തുറന്നു... ആര്യ അടുത്ത അങ്കത്തിന് തയ്യാറായി നിൽക്കുന്ന പോലെ കൈകൾ രണ്ടും ചുരുട്ടി പിടിച്ച് ഇരുട്ടിലേക്ക് നോക്കി കൊണ്ടിരുന്നപ്പോൾ അനി പിന്നിലേക്ക് നോക്കി.. ആ സമയം തന്റെ പിറകിൽ വീണു കിടക്കുന്ന ഒരുത്തനെ കണ്ടതും അവൾ അവിടെ നിന്നും ഒറ്റ ചാട്ടത്തിന് ആര്യയുടെ പിറകിൽ ചെന്ന് നിന്ന് ഭീതിയോടെ ചുറ്റും നോക്കി...

ആര്യ അടിച്ചു വീഴ്ത്തിയ രണ്ടിൽ ഒരാൾ എണീറ്റ് ഇരുട്ടിന്റെ മറവിലേക്ക് പോയി.. അരണ്ട വെളിച്ചത്തിൽ കണ്ണുകൾ തുറന്ന് കൊണ്ട് ആര്യ അപകടം മണത്തു... വട്ടം കറങ്ങി കാൽ ഉയർത്തി കൊണ്ടവൾ മുന്നോട്ടാഞ്ഞതും രണ്ടു മൂന്ന് പേർ അവളുടെ ചവിട്ടേറ്റ് ഒപ്പം നിലത്തേക്ക് വീണു....അതിനിടയിൽ ആര്യയുടെ കുറച്ച് പിറകിൽ ആയി നിൽക്കുന്ന അനിയെ ലക്ഷ്യം വെച്ച് ഒരു വടി വായുവിൽ പറന്നു...തനിക്ക് നേരെ വരുന്ന വടിയെ എതിർക്കാൻ കഴിയാതെ അനി ഉച്ചത്തിൽ നിലവിളിച്ചു... "ആാാാ..... അമ്മേ.... " കണ്ണുകൾ ഇറുക്കി അടച്ചുള്ള അവളുടെ നിലവിളി ഉയർന്നു.. എന്നാൽ വടിയവളുടെ ദേഹത്ത് സ്പർശിക്കുന്നതിന് മുൻപ് ആര്യ തന്റെ ശരീരം കൊണ്ടതിനെ തടുത്ത് താഴെ വീഴ്ത്തി.... ഈ സമയം ഇരു വീടുകളിലും അയൽപക്ക വീടുകളിലും വെളിച്ചം തെളിഞ്ഞു വന്നു... പേടിച്ചിറുകി നിൽക്കുന്ന അനിയെ സമാധാനിപ്പിച്ചു കൊണ്ട് ആര്യ ദേഷ്യത്തോടെ മുന്നോട്ടു നോക്കി... "ആരാടാ നിങ്ങളൊക്കെ... പരാജിതരെ പോലെ മറഞ്ഞു നിൽക്കുന്നത് എന്തിനാ..

പോരാടുവാനാണേൽ നേർക്ക് നേർ വാ....ആര്യക്കതാണിഷ്ടം...." വീറോടെ ആര്യ തൊടുത്തു വിട്ട വാക്കുകൾ കേട്ട് നാല് പേർ ആയുധങ്ങളുമായി ആര്യക്ക് ചുറ്റും നിന്നു.. അനി പേടിച്ച് മാറി നിന്നു.. വീട്ടിലെ വെളിച്ചം കണ്ട് ആരെങ്കിലും വന്നെങ്കിൽ എന്നവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു..... അവരുടെ നടുവിൽ നിന്ന് ആര്യ തന്റെ എതിരാളികളെ നോക്കി.......കണ്ണുകൾ മാത്രം കാണുന്ന വിധത്തിൽ മുഖം മറച്ച അവരെ അവൾ സസൂക്ഷ്മം ശ്രദ്ധിച്ചു.... നാല് പേരും തനിക്ക് നേരെ പിടിച്ച വടിയിലേക്ക് നോക്കി കൊണ്ടവൾ പിറകോട്ട് നീങ്ങി,, വീണു കിടക്കുന്നവന്റെ അരികിലെ വടിയിൽ ആഞ്ഞു ചവിട്ടി..ഉയർന്നു വന്ന വടി കയ്യിൽ പിടിച്ചവൾ മറുത്തൊന്നും ആലോചിക്കാൻ നിൽക്കാതെ തന്റെ നേരെ അടുത്ത ഒരാൾക്ക് നേരെ ആഞ്ഞു വീശി.... ആ സമയം വേറൊരുത്തൻ അവൾക്ക് നേരെ വന്നതും കാലുകൾ കൊണ്ട് അവന്റെ മുട്ടുകാലിൽ ചവിട്ടി വീഴ്ത്തിയ ശേഷം അവന്റെ കൈ ചവിട്ടി നിന്നു.... മൂന്ന് പേർ വടിയുമായി അവളുടെ മുന്നിൽ വന്ന് നിന്നു.. പെട്ടന്ന് അവരിലൊരാൾ അവൾക്ക് നേരെ വീശിയതും അവൾ അത് കൊള്ളാതിരിക്കാൻ വേണ്ടി കുനിഞ്ഞു നിന്ന് തടുത്തു...

ആ അടിയിൽ നിന്നും അവൾ രക്ഷപ്പെട്ടെങ്കിലും തൊട്ട് പിറകിൽ വന്നവന്റെ അടി അവൾക്ക് തടുക്കാനായില്ല.. വലത്തേ കയ്യിൽ ഇരുമ്പ് വടി കൊണ്ടടി വീണതും വേദനയോടെ അവൾ ശബ്ദം ഉണ്ടാക്കി.. കയ്യിൽ നിന്നും അവളുടെ വടി ഊർന്നു പോയി.. ഈ സമയം വീട്ടിൽ ലൈറ്റ് ഇട്ട് വാതിൽ തുറന്ന അച്ഛൻ കണ്ടത് തന്റെ മകളെ മൂന്നാല് പേർ വളഞ്ഞു നിൽക്കുന്നതും അടിക്കുന്നതുമാണ്. ഉടനെ തന്നെ അലറി കൊണ്ട് അദ്ദേഹം മുറ്റത്തേക്കിറങ്ങി.. "ഡാാാാ...." തന്റെ സ്റ്റിക്ക് കൊണ്ട് അദ്ദേഹം ആര്യയ്ക്ക് തൊട്ടടുത്ത് നിന്നവന് നേരെ ഓങ്ങി. എന്നാൽ ദേഹത്ത് തട്ടാതെ അവൻ ഒഴിഞ്ഞു മാറി.. ആര്യയെയും അനിയേയും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച് കോപം നിറഞ്ഞ കണ്ണുകളാൽ സ്റ്റിക്ക് വീശി കൊണ്ട് അദ്ദേഹം ശത്രുക്കളെ നോക്കി.. അതിനിടയിൽ ഒരുത്തൻ വടി വീശി കൊണ്ട് വന്നതും അച്ഛൻ അതിനെ തടഞ്ഞു. ആ സമയം തന്നെ മറ്റ് രണ്ടു പേർ വളഞ്ഞ് ആക്രമിക്കാൻ മുന്നോട്ട് വന്നതും ആര്യ കാൽ കൊണ്ടവരെ നേരിട്ടു.. മൂന്നാല് പേരും അവരെ ഉന്നം വെച്ച് അടുത്തതും പിടിച്ചു നിൽക്കാൻ അവർക്കായില്ല.

അതിനിടയിൽ അച്ഛന് നേരെ ഒരുവൻ ഇരുമ്പ് ദണ്ഡ് വീശി കൊണ്ട് പാഞ്ഞടുത്തതും ആര്യ ഞെട്ടി തരിച്ചു കൊണ്ട് അച്ഛനെ തള്ളി മാറ്റി... അച്ഛന്റെ മേൽ പതിക്കേണ്ട ആ അടി കൊണ്ടത് അവളുടെ വലത്തേ കയ്യിന് ആയിരുന്നു... വേദന കൊണ്ടവൾ താഴെ ഇരുന്നു.. "വാവീ... " ആര്യക്ക് അടി വീണതും അനി ഉറക്കെ അലറി വിളിച്ചു.. അച്ഛനും ഒരു നിമിഷം പതറി പോയി.. അവരുടെ ശ്രദ്ധ മാറിയെന്ന് കണ്ടതും വന്നവർ അവർക്ക് നേരെ വടി ഓങ്ങി.. എന്നാൽ ആളുകളുടെ ശബ്ദം കേൾക്കാൻ തുടങ്ങിയതും തലയിൽ നിന്നും രക്തം ഒലിച്ച് കിടക്കുന്നവനേയും എടുത്തു കൊണ്ട് വന്നവർ ഓടി രക്ഷപെട്ടു.... "വാവീ.... കുഴപ്പമൊന്നും ഇല്ലല്ലോ... " ആര്യയുടെ അടുത്തേക്ക് ഓടി വന്ന് കൊണ്ട് അനി അവളുടെ കയ്യിൽ തടവി... ആര്യയുടെ അച്ഛൻ ആര്യയെ വാരി പുണർന്നു.. "എന്തായിത് അച്ഛാ.. എനിക്കൊന്നുമില്ല.. ചെറിയ അടി അല്ലേ... ഇതൊക്കെ നാളെ മാറും.. അച്ഛൻ പേടിക്കാതെ... " അച്ഛനെ ആശ്വസിപ്പിച്ച് ആര്യ അകത്തെക്ക് കയറി കസേരയിൽ ഇരുന്നു..

അരികിൽ അനിയും അച്ഛനും കൈ തടവി കൊടുത്തു കൊണ്ട് ഇരുന്നു.. ഈ സമയം അനിയുടെ അച്ഛനും അമ്മയും ശിവയും അയൽപക്കക്കാരും എത്തി... നടന്ന സംഭവത്തിന്റെ ഗൗരവം എല്ലാവരും ചർച്ച ചെയ്തു.... "കൈ നല്ല വേദന ഉണ്ടെന്ന് തോന്നുന്നു... വീക്കം വന്നിട്ടുണ്ട്..നിങ്ങള് വേഗം അവളെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയ്ക്കെ.. " ആവലാതിയോടെ അമ്മ പറഞ്ഞതും ആര്യ എതിർത്തു.. എന്നാൽ അച്ഛനും അനിയുടെ അച്ഛനും നിർബന്ധിച്ചതും അവരെല്ലാം ആര്യയുമായി ഹോസ്പിറ്റലിലേക്ക് പോയി.. കൈയിന്റെ എക്സ്റേ എടുത്ത് ചതവ് കണ്ടതും കയ്യിൽ പ്ലാസ്റ്ററിട്ടു.. ഡോക്ടർ റെസ്റ്റും നിർദ്ദേശിച്ചു..... തിരികെ വീട്ടിൽ എത്തി ആര്യയുടെ വീട്ടിലെ ഹാളിൽ എല്ലാവരും ചിന്തയിലാണ്ടു നിന്നു... "നമുക്ക് പോലീസിൽ വിവരം അറിയിച്ചാലോ... ഇങ്ങനെ പോയാൽ നാളെയും അവർ കൂടുതൽ ആളുകളെ കൂട്ടി വരില്ലെന്നാരു കണ്ടു... അത് കൊണ്ട് നമുക്ക് പോലീസിൽ അറിയിക്കാം.. " അനിയുടെ അമ്മ അഭിപ്രായപ്പെട്ടു.. ആര്യയെ ചേർത്ത് പിടിച്ച് നിൽക്കുവായിരുന്നു അവർ..

"വേണ്ട.. ഒരു പോലീസും പട്ടാളവും വേണ്ട.. ഇവളെന്തെങ്കിലും കോളേജിൽ ഒപ്പിച്ചു കാണും.. അതിന് മറുപടി തരാൻ വന്നവരാവും... അല്ലെങ്കിലും കുരുത്തക്കേട് കാണിക്കുന്നത് മൊത്തം ഇവളും അതിന്റെ ഭവിഷ്യത്ത് മുഴുവൻ വാവിക്കും ആണല്ലോ പണ്ട് മുതലേ..." "ആഹാ.. ഇനിയിപ്പോ അച്ഛൻ എന്നെ കുറ്റം പറഞ്ഞോ.. മനസ്സാ വാചാ എനിക്കീ അടിയുമായി ഒരു ബന്ധവും ഇല്ല..ഇത് മറ്റാരോ ആണ്.. വല്ല കള്ളന്മാരും ആവും... " "മ്മ്മ്.. അതൊക്കെ വിട്ടേക്ക്.. നിങ്ങൾ ചെന്ന് കിടക്കാൻ നോക്ക്.. ബാക്കി ഒക്കെ നാളെ സംസാരിക്കാം.. എന്തായാലും ആരാണ് എന്റെ മോളെ ഉപദ്രവിക്കാൻ വന്നതെന്ന് ഞാൻ കണ്ടെത്തും... " ആര്യ തന്റെ അച്ഛന്റെ വാക്കുകൾ കേട്ട് കണ്ണുകൾ നിറച്ചു... അവളിലും അതേ വാശി ഉണ്ടായിരുന്നു... ആര്യക്ക് കവിളിൽ മുത്തം നൽകി കൊണ്ട് അനി വീട്ടിലേക്ക് പോകാനായി തിരിഞ്ഞതും ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം അനിയുടെ അച്ഛൻ ചോദിച്ചു... "എന്താടീ.. കേട്ടില്ലേ ചോദിച്ചത്.. നിങ്ങൾ രണ്ടു പേരും എങ്ങനെ പുറത്തെത്തി.. മാത്രമല്ല നീ എങ്ങനെ ഇവിടെ എത്തി.. "

"അത്.. അച്ഛാ.. ഞാൻ പുറത്തെ ബാത്റൂമിലേക്ക് പോകാൻ ഇറങ്ങിയതാ.. അപ്പോഴാ എന്തോ ശബ്ദം കേട്ടതും നിലവിളിച്ചതും ആ സമയം ആര്യ പെട്ടന്ന് വെളിയിലേക്ക് വന്നു... " "മ്മ്മ്മ്.. അങ്ങനെ.. പക്ഷെ.. എന്ന് മുതലാ നീ തൊപ്പി ഒക്കെ വെച്ച് ബാത്‌റൂമിൽ പോകൽ തുടങ്ങിയത്.. അതുമല്ല ആര്യയുടെ വേഷം എന്താ ഇങ്ങനെ " ആര്യയെ അടിമുടി നോക്കി കൊണ്ട് അച്ഛൻ പറഞ്ഞതും അനി പണി പാളി എന്ന അർത്ഥത്തിൽ അവളെ നോക്കി.. പിന്നെ പെട്ടന്ന് മനസ്സിൽ തോന്നിയ ആശയം പുറത്തെടുത്തു.. "അത് എന്റെ നിലവിളി കേട്ടപ്പോൾ അവന്മാരെ തുരത്താൻ വേണ്ടി അവൾ വേഗം ഡ്രസ്സ്‌ ഇട്ടതാവും.. അതൊക്കെ അവിടെ നിൽക്കട്ടെ..ആദ്യം ഇതിന് പിറകെ ആരെന്ന് അറിയണം.. ഉള്ള സമയം എന്നെ കുറ്റപ്പെടുത്താതെ അത് മനസ്സിൽ വിജാരിക്ക് അച്ഛാ.. " "വീട്ടിൽ ചെന്നിട്ട് ബാക്കി ആലോചിക്കാം.. ഇപ്പോൾ ആര്യ ഉറങ്ങട്ടെ....നേരം ഒരുപാടായി... നമുക്ക് പോകാം.. " അമ്മ പോകാൻ വേണ്ടി എഴുന്നേറ്റു.. ആര്യയെ അച്ഛൻ റൂമിലേക്ക് കിടത്തിയതും അനി അവളുടെ കൂടെയാ ഇന്ന് കിടക്കുന്നെ എന്ന് പറഞ്ഞ് വാതിൽ അടച്ചു...

ശിവയും അമ്മയും അച്ഛനും ആര്യയുടെ അച്ഛനും ഹാളിൽ ഇരുന്ന് വീണ്ടും ഇതിന് പിന്നിൽ ആരെന്നുള്ള ചർച്ചയിൽ ഇരുന്നു... "അച്ഛാ.. ഇനിയിപ്പോ ആര്യ ചേച്ചി തല്ലിയില്ലേ.. നമ്മുടെ അനി ചേച്ചിയെ തല്ലിയ ആളെ..ഇനി ആ ചേട്ടൻ പ്രതികാരം ചെയ്യാൻ വന്നതാവുമോ..." തന്റെ ഉള്ളിലെ സംശയം തുറന്നു പറഞ്ഞ ശിവയുടെ വാക്കുകൾ കേട്ട് ആര്യയുടെ അച്ഛൻ ചിന്താ വിഷ്ടനായി.. "ഉറപ്പിക്കാൻ പറ്റില്ല.. എങ്കിലും തള്ളിക്കളയാനും ആവില്ല.. " അനിയുടെ അച്ഛൻ പറഞ്ഞു.. "എന്തായാലും അവനെ എനിക്കൊന്ന് കാണണം.. സംസാരിക്കണം... " എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ ആര്യയുടെ അച്ഛൻ എഴുന്നേറ്റ് ഹാളിലൂടെ നടന്നു... അല്പ സമയത്തിന് ശേഷം അനിയുടെ വീട്ടുകാർ പോയതും ആര്യയുടെ അച്ഛൻ തനിച്ചിരുന്ന് പലതും കണക്ക് കൂട്ടി.... ************ പിറ്റേന്ന് പുത്തൻ ഉണർവോടെ ആയിരുന്നു അമിത് . അനി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യമായത് കൊണ്ട് തന്നെ താൻ ചെയ്തതിന് അവളോട് സോറി പറയണമെന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു..അതേ സമയം മിഥുന്റെ മേൽ തനിക്കുണ്ടായ സംശയം ക്ലിയർ ചെയ്യണമെന്നും അവൻ ഉറപ്പിച്ചു.

അക്ഷിതിനൊപ്പം കോളേജിൽ എത്തിയ അമിത് അനിയെ തേടി.. ആര്യക്ക് സസ്പെൻഷൻ കിട്ടിയതിനാൽ അനിയുടെ കൂടെ അവൾ ഉണ്ടാവുകയില്ലെന്നും സോറി പറയാൻ പറ്റിയ അവസരം ആണെന്നും അവൻ വിചാരിച്ചു... ഫസ്റ്റ് ബെൽ അടിക്കുന്നത് വരെ അനി വരുന്നത് അവൻ കണ്ടില്ല.. അതിനാൽ തന്നെ അവന്റെ കണ്ണുകൾ മിഥുനെ തേടി..തനിക്ക് കുറച്ച് ജോലി ഉണ്ടെന്ന് പറഞ്ഞ് അക്ഷിതിനെയും ഈശ്വറിനെയും അവൻ ക്ലാസ്സിലേക്ക് പറഞ്ഞയച്ചു. ഗ്രൗണ്ടിൽ ചിന്നി ചിതറി നിൽക്കുന്നവരിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു.. എവിടെയെങ്കിലും മിഥുന്റെ നിഴൽ ഉണ്ടോ എന്നവൻ പരതി.... മതിലിനോട് ചേർന്ന് നിന്ന് സംസാരത്തിൽ ഏർപ്പെട്ടിരിക്കുന്ന അരുണിനെയും ഗ്യാങ്ങിനെയും അവന്റെ ശ്രദ്ധയിൽ പെട്ടു.... കൂട്ടത്തിൽ മിഥുൻ ഇല്ലെന്ന് മനസ്സിലാക്കിയ അമിത് അവരുടെ അടുത്തേക്ക് നടന്നു.... അവന്റെ വരവ് കണ്ട് ഒരു നിമിഷം അവരെല്ലാവരും പതറി.. എങ്കിലും ധൈര്യത്തോടെ അമിതിന് മുന്നിൽ നിന്നു.. "ഡാ.. എവിടെ മിഥുൻ... അവൻ വന്നില്ലേ... "

അല്പം ഗൗരവത്തോടെ അമിത് ചോദിച്ചു... അത് കേട്ട് അരുൺ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി അമിതിനെ കളിയാക്കും വിധത്തിൽ ചിരിച്ചു.. "അവനല്ലേ ഇപ്പോൾ നിന്റെ മുന്നിലൂടെ പോയത്... രണ്ടടി ചെകിട് നോക്കി ഒരു പെണ്ണിന്റെ കയ്യിൽ നിന്ന് കിട്ടിയപ്പോൾ നിന്റെ ബുദ്ധിയുടെ കൂടെ കാഴ്ച ശക്തിയും പോയോ അമിത്... " അവന്റെ ഗ്യാങ്‌ മുഴുവൻ ചിരിയിൽ അമർന്നതും അമിതിന്റെ കണ്ണുകൾ ചുവന്നു.. മുന്നോട്ട് നീങ്ങിയവൻ ബലം പിടിച്ച് അരുണിന്റെ പാന്റ്സിന്റെ ബെൽറ്റിൽ പിടിച്ച് തന്നോട് ചേർത്ത് നിർത്തി.... അമിതിന്റെ കണ്ണുകൾ കണ്ടതും അരുൺ ഉമിനീർ വിഴുങ്ങി കൊണ്ട് അമിതിനെ നോക്കി... "എവിടെ മിഥുൻ.... " "അവ.. അവൻ.. എന്തോ മീറ്റിങ് ന്റെ ആവശ്യത്തിന് പുറത്തു പോയതാണ്.. രണ്ട് ദിവസം കഴിഞ്ഞേ വരൂ.. " തനിക്കാവശ്യമായ മറുപടി കിട്ടിയതും ഒന്നമർത്തി മൂളി കൊണ്ട് അമിത് പിടി വിട്ടു.. "അവന്റെ നമ്പർ താ.. " ചോദിച്ച് നാവ് ഉള്ളിലേക്കിടും മുന്നേ അവരിലൊരാൾ ഫോണിൽ നോക്കി നമ്പർ പറഞ്ഞു കൊടുത്തു.. അവരെ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് ഫോൺ കയ്യിലിട്ട് കറക്കി അമിത് അവിടെ നിന്നും നടന്നു.... മിഥുനെ വിളിച്ച് യാതൊരു ഭാവ ഭേദവും ഇല്ലാതെ അമിത് അവൻ എവിടെയാണെന്ന് ഉറപ്പ് വരുത്തി... കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അവൻ ഫോൺ വെച്ചു...

അവനോട് നേരിട്ട് തീർക്കാൻ ഉള്ള വിഷയം ആയതിനാൽ അവൻ വരുന്നത് വരെ കാത്തിരിക്കാൻ അമിത് തീരുമാനിച്ചു... ക്ലാസ്സിൽ എത്തിയ അമിത് സമയം നീങ്ങാൻ പാട് പെട്ടു.. ബ്രേക്ക്‌ ടൈം ആവാൻ അമിത് കാത്തിരുന്നു.. അവന്റെ മുഖത്തെ സന്തോഷവും ഇടക്കുള്ള ടെൻഷനും നിരീക്ഷിക്കുകയായിരുന്നു ഈശ്വർ.. ഇടക്ക് അക്ഷിതിന് അമിതിനെ കാണിച്ചു കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു.. അക്ഷിതും ഇടയ്ക്കിടെ അമിതിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.. അവന്റെ മുഖം കണ്ട് മനസ്സ് വായിച്ച അക്ഷിത് ചെറു പുഞ്ചിരിയോടെ അവനിലേക്കുള്ള നോട്ടം തുടർന്നു.. ബ്രേക്ക് ടൈം ആയതും അമിത് ക്ലാസ്സിൽ നിന്നും ചാടി.. കൂടെ ഈശ്വറും.. "അല്ല.. നീയിത് എങ്ങോട്ടാ അമിത്.. സ്പോർട്സ് റൂം ശെരിയാക്കുന്നതെ ഉള്ളൂ.. അവിടേക്ക് പോയിട്ടെന്തിനാ.. " അമിത് അങ്ങോട്ടേക്കാണെന്ന് കരുതി ഈശ്വർ പറഞ്ഞതും അമിത് ഒന്നും മിണ്ടാതെ നടന്നു.. അവൻ നേരെ ഡിഗ്രി ഡിപ്പാർട്ട്മെന്റിലേക്കാണ് പോകുന്നതെന്ന് മനസ്സിലായ ഈശ്വർ അന്തം വിട്ട് കൊണ്ട് അവനെ തടഞ്ഞു.. "നീയിതെന്തിനാ അങ്ങോട്ട്‌ പോകുന്നെ.. അവളെ തിരഞ്ഞു പോകുവാണോ.. മറ്റവൾക്ക് സസ്പെൻഷൻ കിട്ടിയത് കൊണ്ട് ആ ധൈര്യത്തിൽ അനിയെ കാണാൻ പോകുവാണോ... "

ഈശ്വർ പറഞ്ഞതും അമിത് അവനെ ഒരു നോട്ടം നോക്കി.. പറഞ്ഞതിൽ ചെറിയ അമളി പറ്റിയല്ലോ എന്നോർത്ത് അവൻ വേഗം പ്ലേറ്റ് മാറ്റി.. "ഏയ്‌. ഞാൻ ഉദ്ദേശിച്ചത് അതല്ല.. അവൾ ഇല്ലാത്തത് നന്നായി.. ഉണ്ടായിരുന്നെകിൽ നിന്റെ തനി രൂപം അവൾ കണ്ടിരുന്നു.. മൂർഖൻ പാമ്പിനെയാണ് നോവിച്ചു വിട്ടതെന്ന് അവൾക്കറിയില്ലല്ലോ.. " ആ പറഞ്ഞതിൽ അമിതിന്റെ മുഖത്ത് അല്പം തെളിച്ചം വന്നെന്ന് ബോധ്യമായതും ഈശ്വർ ഇളിച്ചു.. അമിത് വീണ്ടും അനിയുടെ ക്ലാസ്സിനെ ലക്ഷ്യം വെച്ച് നടന്നു. "അമിത്.. എന്നാലും നീയിപ്പോ എന്തിനാ പോകുന്നത്.. വെറുതെ ഇനിയും പ്രശ്നം ഉണ്ടാക്കേണ്ട.. പ്രിൻസി അറിഞ്ഞാൽ ആര്യയെ പോലെ വീട്ടിൽ ഇരിക്കേണ്ടി വരും " "ആണോ. എന്നാൽ നോക്കാം ആരാണ് വീട്ടിൽ ഇരിക്കാൻ പോകുന്നതെന്ന്. " അമിത് രണ്ടും കല്പിച്ചാണെന്ന് ഈശ്വർ മനസ്സിൽ വിചാരിച്ചു.. അവൻ അമിതിന്റെ കൂടെ നടന്നു അനിയുടെ ക്ലാസ്സിൽ എത്തി അന്വേഷിച്ചപ്പോൾ അനി ലീവ് ആണെന്നു അറിഞ്ഞതും അവന്റെ മുഖത്ത് നിരാശ പടർന്നു...

എന്നാൽ അത് പുറമെ കാണിക്കാതെ അമിത് തിരിഞ്ഞു നടന്നു. "അവളുടെ ഉറ്റ സുഹൃത്തിനെ അല്ലേ സസ്‌പെന്റ് ചെയ്തത്.. അതാവും അവളും ലീവ് എടുത്തേ..സാരമില്ല.. ഇനിയും അവസരം ഉണ്ടാവും.. നീ ആരാണെന്ന് ശെരിക്ക് അവരെ അറിയിച്ചു കൊടുക്കണം.. " ഈശ്വർ പറഞ്ഞത് കേട്ട് അമിത് ചുമ്മാ അവനെ കാണിക്കാൻ ഗൗരവം നടിച്ച് തലയാട്ടി.. "നീ പൊയ്ക്കോ. ഞാൻ പ്രിൻസിയെ കണ്ടു വരാം.. " "ഇനിയിപ്പോ പ്രിൻസിയെയും കാണണോ " "ആഹ്.. അത്യാവശ്യം ഉണ്ട്. ഇപ്പോൾ വരാം " ഈശ്വറിനെ പറഞ്ഞയച്ചു കൊണ്ട് അമിത് പ്രിൻസിയുടെ ഓഫീസിലേക്ക് പോയി.. പല തീരുമാനങ്ങളും എടുത്തു കൊണ്ടായിരുന്നു അവന്റെ പോക്ക്.. പ്രിൻസിയുടെ അനുവാദം കിട്ടിയതും അവൻ അകത്തു കയറി... "മേം.. ഞാനിപ്പോൾ വന്നത് ഒരു റിക്വസ്റ്റ്മായാണ്..," "എന്താ അമിത്.. പറയൂ... " "അത്.. മേം.. ആര്യ ഭദ്രയുടെ സസ്പെൻഷൻ പിൻവലിക്കണം " വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിച്ചതും പ്രിൻസി അവിശ്വാസത്തോടെ അവനെ നോക്കി.. "വാട്ട്‌... ". "യെസ് മേം.. ആര്യ ഭദ്രക്ക് നാളെ തന്നെ ക്ലാസ്സിൽ കയറാനുള്ള അനുമതി കൊടുക്കണം ". "നോ.. സാധ്യമല്ല. അവൾ ചെയ്ത തെറ്റിനുള്ള പണിഷ്മെന്റ് ആണത്.. പല നാശ നഷ്ടങ്ങളും അവൾ ഉണ്ടാക്കിയിട്ടുണ്ട്.. സോ അവളെ സസ്പെൻഷൻ കാലാവധി കഴിയാതെ തിരിച്ചെടുക്കില്ല.. "

"സ്പോർട്സ് റൂമിലെ സാധനങ്ങൾ നാശമാക്കിയതല്ലേ അവൾ ചെയ്ത തെറ്റ്.. അവയുടെ പണം ഞാൻ അടച്ചോളാം മേം.. പ്ലീസ്.. അവളുടെ സസ്‍പെൻഷൻ പിൻവലിക്കണം... അവളുടെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ല.. എന്റെ തെറ്റിദ്ധാരണ ആയിരുന്നു എല്ലാത്തിനും കാരണം.. പ്ലീസ് മേം.." "സോറി അമിത്... സാധിക്കില്ല.. " "പ്ലീസ് മേം... ഇനി ഇങ്ങനെ പ്രശ്നം വരാതെ ഞാൻ നോക്കിക്കോളാം.. ഇപ്രാവശ്യത്തേക്ക് മേം ക്ഷമിക്ക്.. " അമിതിന്റെ നിർബന്ധം മൂലം ഒടുവിൽ പ്രിൻസി വഴങ്ങി... അവൻ പറഞ്ഞതനുസരിച്ച് പ്രിൻസി ഈ കാര്യം വിളിച്ചു പറയാനായി ആര്യയുടെ വീട്ടിലേക്ക് കാൾ ചെയ്തു... സന്തോഷത്തോടെ അമിത് മുഖം വിടർത്തി... എന്നാൽ പ്രിൻസിയുടെ മുഖത്ത് ഗൗരവം വരുന്നത് കണ്ടതും അവൻ മുഖം ചുളിച്ചു.. കാൾ കട്ടാക്കിയതും പ്രിൻസി മൗനം പാലിച്ചു... "എന്താ മേം.. എന്ത് പറ്റി..," അമിത്.. സസ്‌പെൻഷൻ ഞാൻ പിൻവലിച്ചിട്ടുണ്ട്. പക്ഷെ എന്നാലും ആ കുട്ടിക്ക് നാളെ എന്നല്ല ഇനി രണ്ടാഴ്ചത്തേക്ക് കോളജിൽ വരാൻ പറ്റില്ല.. " "വാട്ട്‌... ബട്ട്‌ വൈ...? " "ആ കുട്ടിക്ക് ഇന്നലെ രാത്രി ഒരു ആക്‌സിഡന്റ്.. സോ..

റസ്റ്റ്‌ വേണം എന്ന് ഡോക്ടർ പറഞ്ഞെന്ന്.." പ്രിൻസിയുടെ വാക്കുകൾ കേട്ട് അമിത് ഒന്ന് അമ്പരന്നു.. ഓഫിസിൽ നിന്നും പുറത്തിറങ്ങിയ അമിത് മനസ്സിൽ പലതും ആലോചിച്ചു കൊണ്ട് ക്ലാസ്സിലേക്ക് പോയി.. അവന്റെ വരവ് കണ്ട് അക്ഷിത് അവനെ നോക്കി.. ഒന്നും മിണ്ടാതെ തന്റെ അടുത്തിരുന്നു പുറത്തേക്ക് നോക്കുന്ന അമിതിന്റെ അടുത്തേക്ക് അക്ഷിത് നീങ്ങി ഇരുന്നു.. ."എന്താ... എന്ത് പറ്റി.. അനിയെ കാണാൻ അല്ലേ പോയത്.. കണ്ടില്ലേ " അനിയെ കാണാൻ ആണ് പോകുന്നതെന്ന് അക്ഷിതിനോട് അവൻ പറഞ്ഞിരുന്നില്ല..എന്നിട്ടും അത് കണ്ടു പിടിച്ച അക്ഷിതിനെ അവൻ അതിശയത്തോടെ നോക്കി വാക്കുകൾക്കായി തപ്പി തടഞ്ഞു.. "നീ ചെയ്ത തെറ്റോർത്ത് കുറ്റബോധം വന്നു അല്ലേ.. അവളോട്‌ സോറി പറയാൻ വിചാരിച്ച നിന്റെ തീരുമാനം എന്ത് കൊണ്ടും നല്ലതാണ് അമീ.. സോറി കൊണ്ടാരും മറ്റവരേക്കാൾ താഴ്ന്നു പോകില്ല.. " "തെറ്റ് എന്റെ ഭാഗത്ത്‌ തന്നെയാണെന്ന് മനസ്സിലായത് മുതൽ അവളെ കാണണം സോറി പറയണം എന്ന് ആത്മാർത്ഥമായി തന്നെയാണ് ആഗഹിച്ചത്.. നേർക്ക് നേർ പോരാടുന്ന എനിക്ക് തെറ്റ് സംഭവിച്ചാൽ മുഖത്ത് നോക്കി മാപ്പ് പറയുവാനും ഒരു മടിയുമില്ല.." "എന്നിട്ട് അവളെ കണ്ടില്ലേ.. " "ഇല്ല ഏട്ടാ.. അവൾ ഇന്ന് ലീവാ " "ഇട്സ് ഓക്കേ അമിത്..

നീ നാളെ അവരുടെ വീട്ടിൽ പോയി സോറി പറയ്... നീ ഇനി ആലോചിച് ടെൻഷൻ ആവേണ്ട.." അമിതിന്റെ തോളിൽ തട്ടി കൊണ്ട് അക്ഷിത് പറഞ്ഞു. ഈ സമയം ഈശ്വർ ക്ലാസ്സിലേക്ക് കയറി വന്നു. "ആഹാ നീ ഇവിടെ എത്തിയോ.. ഞാൻ നിന്നെയും തേടി പ്രിൻസിയുടെ ഓഫീസിന് മുന്നിൽ പോയി നോക്കി...അപ്പോഴേക്കും നീ ഇങ്ങോട്ട് വന്നോ... " അവരുടെ നേരെ മുന്നിൽ വന്നിരുന്ന് ഈശ്വർ പറഞ്ഞതും അക്ഷിത് അമിതിന്റെ മുഖത്തേക്ക് നോക്കി...എന്തിനാണ് അങ്ങോട്ട് പോയതെന്നുള്ള നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും അമിത് കാര്യം പറഞ്ഞു.. "പ്രിൻസി എന്നോട് ഒരു കാര്യം പറഞ്ഞു.. ആ പെണ്ണില്ലേ. ആര്യ.. അവൾക്ക് എന്തോ പറ്റിയെന്ന്.. രണ്ടാഴ്ച കഴിഞ്ഞേ കോളേജിൽ വരൂ..... " "എന്ത്.. എന്താ പറ്റിയെ.. എടാ ഇനി നിന്റെ അടി കൊണ്ട് അവൾ ഹോസ്പിറ്റലിൽ ആയോ .. ഏയ്യ്.. അങ്ങനെ വരാൻ വഴിയില്ലല്ലോ." "അതൊന്നും അല്ല.. ഇന്നലെ രാത്രി ആക്സിഡന്റ് ആയെന്നാ പറഞ്ഞെ..ഇനി രണ്ടാഴ്ച റസ്റ്റ് വേണമെന്ന് " "ആഹാ.. സസ്‍പെൻഷൻ ആയി വീട്ടിൽ ഇരിക്കുമ്പോൾ തന്നെ ആക്സിഡന്റ് ഉണ്ടായത് നന്നായി.. അല്ലെങ്കിൽ കോളേജിൽ നിന്ന് സസ്പെൻഷൻ കിട്ടി വീട്ടിൽ ഇരിക്കുന്നെന്ന് നാട്ടുകാർ പാടി നടന്നേനെ.. "

ഈശ്വർ പറഞ്ഞു തീരും മുന്നേ ക്ലാസ്സിൽ മിസ്സ്‌ വന്നതും അവൻ എഴുന്നേറ്റു മാറി ഇരുന്നു.. കോളേജ് വിട്ട് ഗ്രൗണ്ടിൽ ഇറങ്ങി കുറെ നേരം അമിത് കളിച്ചു.. മൈൻഡ് റിലാക്സ് ആയതു കൊണ്ട് തന്നെ കളിക്കാൻ നല്ല ആവേശത്തിൽ ആയിരുന്നു അമിത്.. ഒരുപാട് നേരത്തെ കളി കഴിഞ്ഞവൻ കളിക്കളത്തിൽ നിന്നും കയറി... അക്ഷിതിനൊപ്പം വീട്ടിലേക്ക് തിരിച്ചു... വീട്ടിൽ എത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കടന്ന അവർ കണ്ടത് മുറ്റത്തു നിർത്തിയിട്ട കാർ ആയിരുന്നു.. പരിജയം ഇല്ലാത്ത കാർ കണ്ടതും പരസ്പരം നോക്കി കൊണ്ടവർ ഇരുവരും ബൈക്കിൽ നിന്നിറങ്ങി....അകത്തേക്ക് കയറാനായി കാൽ വെച്ചതും ഹാളിൽ സോഫയിൽ ഇരിക്കുന്നവരെ കണ്ട് അമിതും അക്ഷിതും മുഖത്തോട് മുഖം നോക്കി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story