ആത്മരാഗം💖 : ഭാഗം 5

athmaragam thanseeh

രചന: തൻസീഹ് വയനാട്

കയ്യും കെട്ടി തങ്ങളെ നോക്കി നിൽക്കുന്ന അക്ഷരയെ കണ്ട് അമിതിന് ചിരി വന്നെങ്കിലും ചിരി കടിച്ചു പിടിച്ചു കൊണ്ട് അമിത് അകത്തേക്ക് കയറാൻ നിന്നു... എന്നാൽ അവനെ അകത്തേക്ക് കടക്കാൻ സമ്മതിക്കാതെ അക്ഷരക്കുട്ടി വാതിലിൽ രണ്ടു കയ്യും വെച്ച് അവനെ തടുത്തു നിർത്തി.. "ഹ്മ്മ്.. എവിടെ ആയിരുന്നു... ഇപ്പൊ സമയം എത്രയായി " ഗൗരവം നടിച്ച് നെറ്റി ചുളിച് കൊണ്ട് വലിയ ആളുകളെ പോലെയുള്ള അക്ഷരകുട്ടിയുടെ ചോദ്യം കേട്ടതും അമിത് പേടിച്ചു നിൽക്കുന്ന പോലെ അഭിനയിച്ചു.. അക്ഷിത് പുഞ്ചിരിയോടെ അവരെ രണ്ടു പേരെയും നോക്കി നിന്നു. "സോറി മേഡം.. കുറച്ചു ലേറ്റ് ആയി പോയി.. ഇനി ആവർത്തിക്കില്ല " ഏത്തമിടുന്ന പോലെ കൈകൾ ചെവിയിൽ പിടിച്ച് അവൾക് മുന്നിൽ നിന്നതും അവൾ കൈകൾ വാതിലിൽ നിന്നെടുത്തു മാറ്റി.. "മ്മ്.. തത്കാലം ക്ഷമിച്ചിരിക്കുന്നു.. " "ഓ.. വല്യ കാര്യം "

അവൾ കൈ എടുത്തു മാറ്റിയെന്ന് കണ്ടതും അവളെ ഇക്കിളി ആക്കി കൊണ്ട് അമിത് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പെട്ടന്ന് അകത്തേക്ക് ഓടി പോയി.. "അ..മ്മേ..... " "ആഹാ.. തുടങ്ങിയോ രണ്ടും .. വന്നു കയറാൻ ഒഴിവില്ല..ഇനിയിപ്പോ ചെവിയിൽ പഞ്ഞി തിരുകി നടക്കുന്നതാവും നല്ലത്.... അക്ഷരേ.. പോയിരുന്ന് പഠിച്ചേ " അക്ഷരയെ അമ്മ ആട്ടി വിട്ടതും അമിതിന് കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ടവൾ മുകളിലേക്ക് പോയി.. അവളുടെ പിറകെ അക്ഷിതും പടികൾ കയറി പോയി.. അമിത് നീണ്ടു നിവർന്ന് സോഫയിൽ കിടന്നതും അമ്മ അവന്റെ അടുത്തേക്ക് ചെന്നു... "എന്താ ഡാ ഇന്നും അടി കൂടിയിട്ടാണോ നേരം വൈകി വന്നേ.." "അയ്യോ.. എന്റെ അമ്മേ... ഞാൻ പറഞ്ഞിരുന്നില്ലേ പ്രാക്ടീസ് ഉണ്ടാവുമെന്ന്.. അത് കഴിഞ്ഞ് വല്യമ്മയുടെ അടുത്ത് കുറച്ചു നേരം നിന്നു.. അതാ വൈകിയേ... അല്ലാതെ അമ്മയുടെ മോൻ അങ്ങനെ ഒക്കെ ആണോ "

ചിണുങ്ങി കൊണ്ട് അമ്മയുടെ സാരി തലപ്പ് കയ്യിൽ പിടിച്ചു തിരിച്ചു കൊണ്ട് അമിത് പറഞ്ഞു.. "ഹാ.. അമ്മയുടെ മോനെ അമ്മക്ക് നല്ലവണ്ണം അറിയാം.. അത് കൊണ്ടാ കൂടെ കൂടെ അടിയുടെ കാര്യം പറയുന്നേ... കോളേജിലെ നിന്റെ അവസാന വർഷമാണ്.. ഇത്തവണ ഉഴപ്പിയാൽ അച്ഛൻ ഒരു വരവ് വരും.. " "അമ്മേ.... ഞാൻ നല്ല കുട്ടിയല്ലേ... അല്ല.. അച്ഛൻ വരുന്നില്ലേ.. " പെട്ടന്ന് അമിത് ചോദിച്ചതും അമ്മയുടെ മുഖം വാടുന്നത് അവൻ കണ്ടു.. അതിർത്തി കാക്കുന്ന അവന്റെ അച്ഛൻ ലീവിന് വന്നിട്ട് വർഷങ്ങളായി.. അക്ഷരക്കുട്ടി ജനിച്ച് മൂന്ന് പ്രാവശ്യം മാത്രമാണ് ലീവ് കിട്ടിയിട്ടുള്ളത്.. അതും അവൾക്ക് ഒരു വയസ്സാവുന്നതിന് മുൻപ്.. അച്ഛന്റെ പദവി അവിടെ ഉയരും തോറും ലീവ് ചുരുങ്ങുകയായിരുന്നു.. തന്റെ ജോലിയിൽ കൃത്യ നിഷ്ഠതയും ആത്മാർത്ഥതയും ഉള്ള അവന്റെ അച്ഛൻ ലീവ് ചോദിക്കാറുമില്ലെന്നതാണ് യാഥാർഥ്യം...

എന്നും വരുന്ന ഫോൺ കാളുകളിലൂടെയും വീഡിയോ കാളുകളിലൂടെയും മാത്രമാണ് അക്ഷരകുട്ടി തന്റെ അച്ഛനെ കാണുന്നത്.... അമ്മയുടെ മുഖം വാടിയ പൂ പോലെ ആയതും അമിത് സോഫയിൽ നിന്നും എഴുന്നേറ്റ് അമ്മയെ സോഫയിൽ പിടിച്ചിരുത്തി.. "അമ്മക്കുട്ടീ... എന്തിനാ ഈ സങ്കടം.. ഒരു രണ്ടു കൊല്ലം കൂടി അല്ലേ.. അത് കഴിഞ്ഞാൽ അമ്മയുടെ മാരൻ ഇങ് പറന്നു വരില്ലേ.. റിട്ടയർ ആയി വന്നാൽ പിന്നെ അച്ഛനെ അമ്മ എങ്ങും വിടേണ്ട.." അമ്മയുടെ കവിളിൽ പിച്ചി കൊണ്ട് അമിത് പറഞ്ഞതും അമ്മയുടെ മുഖം വിടർന്നു വന്നു... "പോയി ഡ്രസ്സ്‌ മാറ്റെടാ.. വന്നു കയറി കിടക്കാ... " അവനെ സോഫയിൽ നിന്നെണീപ്പിച്ച് ഉന്തി പറഞ്ഞയച്ചു കൊണ്ട് രാഗിണി അമ്മ അടുക്കളയിലേക്ക് തിരിയാൻ നിന്നതും എന്തോ ഓർമ വന്ന പോലെ തിരിഞ്ഞു നിന്നു. "ഇനി മേലേ പോയിട്ട് അവിടെ എങ്ങാനും ബഹളം ഉണ്ടാക്കിയാൽ ഞാൻ ഒരു വരവ് വരും... " അമ്മയുടെ ഭീഷണിയിക്ക് മുന്നിൽ ഇളിച്ചു കൊടുത്തു കൊണ്ട് അമിത് വേഗത്തിൽ പടികൾ കയറി പോയി... അക്ഷരയും അമനും മുകളിലെ ഹാളിൽ ഇരുന്ന് നല്ല വായനയിൽ ആണ്..

അമൻ പുസ്തകം തുറന്നു വെച്ചിട്ടുണ്ടെങ്കിലും അവന്റെ പുസ്തകം നോക്കാതെ അക്ഷരകുട്ടിക്ക് ഓരോന്ന് പറഞ്ഞു കൊടുക്കുകയാണ്.. നിലത്തിരുന്നാണ് അവർ പഠിക്കുന്നത്.. അവരെ നോക്കി അമിത് അവരുടെ അടുത്തേക്ക് ചെന്ന് അവൾ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം പെട്ടന്ന് അടച്ചു വെച്ച് കൊണ്ട് അമിത് വേഗം റൂമിലേക്ക് ഓടി കയറി.. പുറത്ത് അക്ഷരയുടെ അലറൽ കേട്ട് മനസ്സിൽ ചിരിച്ചു കൊണ്ട് അമിത് ബെഡിൽ നീണ്ടു കിടന്നു... " ആഹാ.. ഏട്ടന്റെ കുളിയും കഴിഞ്ഞോ.. ഇന്നെനിക്ക് വല്ലാത്ത ക്ഷീണം.. വേഗം കുളിച് ഒന്നുറങ്ങണം" കുളി കഴിഞ്ഞ് തല തുവർത്തി വരുന്ന അക്ഷിതിനെ കണ്ട് പെട്ടന്ന് ബെഡിൽ നിന്നെണീറ്റ് അക്ഷിതിന്റെ അടുത്ത് നിന്നും ടവൽ വാങ്ങി അമിത് ബാത്റൂമിൽ കയറി.... കുളി കഴിഞ്ഞു വന്ന അമിത് കണ്ടത് അക്ഷിത് തന്റെ ബുക്ക്‌ എടുത്തു വെച്ച് നോട്ട് എഴുതുന്നതാണ്. താൻ പറയാതെ തന്നെ തന്റെ കാര്യങ്ങളെല്ലാം ചെയ്യുന്ന ഏട്ടനെ അവൻ ഒരുനിമിഷം പുഞ്ചിരിയോടെ നോക്കി നിന്നു..

ക്ലാസ്സ്‌ തുടങ്ങിയതിൽ പിന്നെ ഈ നിമിഷം വരേക്കും അമിത് തന്റെ പുസ്തകം കൈകൊണ്ട് തൊട്ടിട്ടില്ല.. എക്സാം ടൈമിൽ അല്ലാതെ അവൻ അവന്റെ ബുക്സ് കാണുകയും ഇല്ല..എല്ലാം അക്ഷിത് ആണ് കൊണ്ട് നടക്കാറുള്ളത്.. അക്ഷിതിനെ ശല്യം ചെയ്യാതെ അവൻ ടീ ഷർട്ട്‌ എടുത്തിട്ട് ബെഡിൽ കിടക്കാൻ നിന്നു.. എന്നാൽ അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തതും അവൻ വേഗം ഫോൺ കയ്യിലെടുത്ത് പുറത്തേക്ക് നടന്നു... ഹാളിന് എതിർവശത്തുള്ള ബാൽക്കണിയിലേക്ക് പോകാനായി ഫോണിലെ ഡിസ്പ്ലേയിലേക്കും നോക്കി നടന്ന അമിതിനെ പിറകെ വന്ന അക്ഷരകുട്ടി ഇക്കിളി ആക്കിയതും അവൻ അവളെ കൈക്കുള്ളിൽ പിടിച്ചു വെച്ച് തിരിച്ചും ഇക്കിളി ആക്കാൻ നിന്നതും അവൾ കയ്യിൽ നല്ലൊരു കടിയും കൊടുത്ത് അവന്റെ ഫോണും തട്ടിപ്പറിച്ച് അക്ഷരകുട്ടി സോഫയുടെ അപ്പുറം ചെന്ന് നിന്ന് കൊഞ്ഞനം കുത്തി.

"ഡീ മാക്രിക്കുട്ടീ ... മര്യാദക്ക് എന്റെ ഫോൺ തന്നോ.." "ഇല്ലെടാ ഏട്ടൻ കോന്താ.. ഞാൻ തരൂല.. " ഹാൾ മൊത്തം അവനെ ഇട്ട് വട്ടം കറക്കുന്നതിനിടയിൽ ഡിസ്കണക്ടഡ് ആയ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി... അത് കേട്ടതും അമിത് അവളോട്‌ കെഞ്ചി.. "ഏട്ടന്റെ മുത്തല്ലേ ആ ഫോൺ താ.. " "ഇല്ല..തരൂല്ലല്ലോ.. ആ കൊരങ്ങൻ ഏട്ടൻ അല്ലേ വിളിക്കുന്നെ.. ഞാനിപ്പോ ഫോൺ കട്ടാക്കും " "ഹമ്മോ... ചതിക്കല്ലേ... ഈശ്വറിനെ ഒരു ജോലി ഏൽപ്പിച്ചിരുന്നു. ഇപ്പൊ ഞാൻ ഫോൺ എടുത്തില്ലേൽ ആ മടിയൻ അത് ചെയ്യൂല.. നാളെ ഐസ്ക്രീം വാങ്ങി തരാം.. ഏട്ടന്റെ ചക്കര വാവയല്ലേ... പ്ലീസ്.. " "അപ്പൊ മാക്രിക്കുട്ടി ആരാ " ഫോൺ കയ്യിൽ പിടിച്ച് നടുവിന് രണ്ട് കയ്യും കൊടുത്ത് പുരികം പൊക്കി അവൾ ചോദിച്ചതും അമിത് തല ചൊറിഞ്ഞു.. റിങ് ചെയ്തു കൊണ്ടിരിക്കുന്ന ഫോണിലേക്ക് നോക്കി അവൻ എഴുതിയിരിക്കുന്ന അമന്റെ തലയിൽ കൊട്ടി. "അത് ഞാനീ മരമാക്രിയെ പറഞ്ഞതാ..

കണ്ടാൽ അറിയില്ലേ ഇവനാ മാക്രി എന്ന്.. ഏട്ടന്റെ പൊന്നല്ലേ.. ഫോൺ താ " കെഞ്ചി കെഞ്ചി മെല്ലെ അവളുടെ അടുത്ത് ചെന്നതും അവൾ ഫോൺ എറിഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി പോയി.. നേരെ സോഫയിൽ ചെന്ന് വീണ ഫോൺ ഓടി പോയി എടുത്തു കൊണ്ട് അക്ഷര പോയ വഴിയേ നോക്കി അവൻ അവളെ ചീത്ത വിളിച്ചു "ഡീ... മാക്രി... നിനക്ക് ഞാൻ തരാ ട്ടോ.." ഫോൺ ഇപ്പൊ കട്ടാവുമെന്ന് മനസ്സിലായതും അവൻ വേഗം ആൻസർ ചെയ്തു കൊണ്ട് ഫോൺ ചെവിയിൽ വെച്ച് തന്നെ നോക്കി തല തടവി ഇരിക്കുന്ന അമനോട്‌ കണ്ണുരൂട്ടി കൊണ്ട് 'എഴുതെടാ ' എന്നും പറഞ്ഞ് ബാൽക്കണിയിലേക്ക് പോയി.. ഒരു വഴക്കിനും പോകാത്ത അമൻ, ഏട്ടന്റെയും പെങ്ങളുടെയും ചെണ്ടയാണ്.. ആര് വഴക്ക് തുടങ്ങി വെച്ചാലും അമന് ഏതെങ്കിലും വഴി കൊട്ട് വരും... അമിത് പോയെന്ന് ഉറപ്പായതും മറഞ്ഞിരുന്ന അക്ഷരക്കുട്ടി ഓടി വന്ന് അമന്റെ മടിയിൽ ഇരുന്നു...

എത്ര കുസൃതി ഒപ്പിച്ചാലും ഏട്ടന്മാർക്ക് അക്ഷര എന്നാൽ ജീവനാണ്.. അച്ഛന്റെ സ്നേഹം അനുഭവിക്കാൻ കഴിയാത്ത അക്ഷരകുട്ടിക്ക് ആ സ്നേഹം ആവോളം പകർന്നു കൊടുക്കാൻ മൂന്ന് ഏട്ടന്മാർ കൂടെയുണ്ട്... ആ സ്നേഹകൂടുതൽ കാരണം തന്നെ ഏട്ടന്മാരെ വട്ട് പിടിപ്പിക്കാനും അവരുടെ സാധനങ്ങൾ ഒളിപ്പിച്ചു വെച്ച് അവരെ വട്ടം കറക്കാനും ഒക്കെ അവൾക്ക് ഇഷ്ടമുള്ള കാര്യമാണ്. ഫോണിലൂടെ ഗൗരവത്തോടെ ഈശ്വറിന് നിർദ്ദേശങ്ങൾ കൊടുക്കുന്ന അമിതിനെ നോക്കി അവൻ കൈ കൊണ്ട് കാണിക്കുന്ന പോലെ കാണിച്ച് അവനെ പോലെ നടന്ന് അവനെ അഭിനയിച്ചു കാണിക്കുന്ന അക്ഷരയെ ബാൽക്കണിയിലൂടെ നോക്കി അമിത് കണ്ണുരുട്ടിയതും തെല്ലും കൂസലില്ലാതെ അമിതിനെ നോക്കി കൊഞ്ഞനം കുത്തി അവൾ അമന്റെ മടിയിൽ കയറി ഇരുന്നു . ************ രാവിലെ നേരത്തെ അലാറത്തിന്റെ ശബ്ദം കേട്ടാണ് അമിത് കണ്ണുകൾ തുറന്നത്... എന്നും നേരത്തെ എണീറ്റ് ജോഗിങ്ന് പോകുന്ന സ്വഭാവം അവനുണ്ട്..

അക്ഷിതിന് അതിന് താല്പര്യം ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവനെ ശല്യം ചെയ്യാതെ അമിത് എഴുന്നേറ്റു പോകും.. ചെരിഞ്ഞു കിടന്ന അമിത് നേരെ കിടന്ന് അക്ഷിതിനെ നോക്കി.. ഏട്ടന്റെ മുഖം കണ്ടു കൊണ്ടല്ലാതെ അവന്റെ ഒരു ദിനം പോലും ഉദിക്കാറില്ല.... എന്നാൽ അക്ഷിത് കിടന്നിടം ശൂന്യമായി കണ്ടതും അമിത് എഴുന്നേറ്റിരുന്നു... ബാത്റൂമിന്റെ വാതിൽ പാതി തുറന്നു കിടക്കുന്നുണ്ട്.. അവിടെയും അക്ഷിത് ഇല്ലെന്ന് മനസ്സിലായതും അവൻ മുറിയാകെ നോക്കി.. ബാൽക്കണിയിലും അക്ഷിത് ഇല്ലെന്ന് ഉറപ്പായതും അവൻ സമയം ഒന്നൂടെ നോക്കി.. അക്ഷിത് സാധാരണ എണീക്കുന്ന സമയം ആയിട്ടില്ല.. പിന്നെ എവിടെ പോയെന്ന് ചിന്തിച്ചു കൊണ്ട് അമിത് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി... താഴെ വെളിച്ചമുണ്ട്.. അമ്മ എഴുന്നേറ്റിട്ടുണ്ട്.. ഏട്ടൻ ഇതെവിടെ പോയെന്നു ഉരുവിട്ട് കൊണ്ട് അവൻ താഴേക്ക് ഇറങ്ങാൻ നിന്നപ്പോഴാണ് പാതി തുറന്ന അമന്റെ മുറിയിൽ കിടക്കുന്ന അക്ഷിതിനെ അവൻ കണ്ടത്..

അമന്റെ അരികിൽ മലർന്നു കിടക്കുകയാണ് അക്ഷിത്.. അവന്റെ നെഞ്ചിൽ അക്ഷരകുട്ടിയും കിടക്കുന്നുണ്ട്. തന്റെ രണ്ടു കൈകൾ കൊണ്ട് ചേർത്ത് പിടിച്ചിരിക്കുകയാണ് അക്ഷിത് അവളെ.. അമൻ ഇരുവരെയും ഒരു കൈ കൊണ്ട് പിടിച്ച് കമിഴ്ന്നു കിടക്കുന്നുണ്ട്... അവർ കിടക്കുന്നത് കണ്ടു വന്ന അമിത് വേഗം ബെഡിൽ കയറി അമന്റെ കൈ എടുത്തു മാറ്റി, അമന്റെയും അക്ഷിത്തിന്റെയും ഇടയിൽ കണ്ട ഇടുങ്ങിയ സ്ഥലത്ത് കമിഴ്ന്നു കിടന്ന് അക്ഷിതിനെയും അക്ഷരകുട്ടിയെയും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു.. "ആാാ.... " തന്റെ കയ്യിൽ കിടന്ന അമിതിനെ ചവിട്ടിയും ഉന്തിയും അമൻ അവിടെ നിന്ന് മാറ്റാൻ നോക്കിയെങ്കിലും അക്ഷിതിനെ ഒട്ടി കിടന്ന അമിത് മാറാൻ തയ്യാറായില്ലേ... കൈ ഒരു വിധം വലിച്ചെടുത്ത അമൻ തന്റെ ഉറക്കം കളഞ്ഞതിന് അമിതിന്റെ പുറത്ത് നല്ലൊരു ഇടിയും കൊടുത്ത് അവന്റെ പുറത്ത് കയറി കിടന്ന് അക്ഷരകുട്ടിയുടെ മേൽ വെച്ച അമിതിന്റെ കയ്യിന് മേലേ അവന്റെ കയ്യും വെച്ചു..

"എണീറ്റു പോടാ... " ശരീരം കുലുക്കി അവനെ പുറത്ത് നിന്ന് ചാടിക്കാൻ അമൻ പലതവണ നോക്കിയെങ്കിലും ഉടുമ്പിനെ പോൽ പറ്റി കിടക്കുന്ന അവനെ മാറ്റാൻ അവനായില്ല... അവരുടെ ഈ കളിയൊന്നും അറിയാതെ നല്ല സുഖത്തിൽ കിടക്കുന്ന അക്ഷിതിനെയും അക്ഷരയെയും കണ്ടതും അമിത് അവരെ ശല്യം ചെയ്യാതിരിക്കാൻ അടങ്ങി കിടന്നു.... "രാവിലെ തുടങ്ങിയോ എല്ലാം കൂടെ... ഭഗവാനെ.. ഈ മക്കൾക്കിനി എന്നാ ഒന്ന് ബുദ്ധി വെക്കാ " അമന്റെ അലർച്ച കേട്ട് കോണിപ്പടി കയറി വന്ന അമ്മ വാതിൽക്കൽ എത്തിയതും ബെഡിലേക്ക് നോക്കി വാക്കുകൾ പുറത്തേക്ക് വരാതെ കണ്ണുകൾ നിറച്ചു നിന്നു... ചുമരിൽ തൂക്കിയ അച്ഛന്റെ വലിയ ഫോട്ടോക്ക് താഴെ.. കട്ടിലിൽ മക്കൾ ചേർന്ന് കിടക്കുന്നത് കണ്ട് ഭർത്താവിന്റെ ഫോട്ടോയിലേക്കും മക്കളിലേക്കും മാറി മാറി നോക്കി അവർ സാരി തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു.. മക്കൾ എത്ര കുസൃതി നിറഞ്ഞവർ ആണെങ്കിലും അവരെ എത്ര വഴക്ക് പറയുമെങ്കിലും അവരിങ്ങനെ സ്നേഹത്തോടെ ചേർന്ന് കിടക്കുന്ന കാണാൻ ഏതൊരമ്മയും കൊതിക്കും...

ജീവിതത്തിലെ ഇത്തരം സന്തോഷ നിമിഷങ്ങൾ ആസ്വദിക്കാൻ വീട്ടിലെ നാഥൻ ഇല്ലല്ലോ എന്ന നോവ് ആ സന്തോഷത്തിലും ഒരു നോവായി കൺകളിൽ പടരും.... ചിരി തൂകി നിൽക്കുന്ന ഭർത്താവിന്റെ ഫോട്ടോ നോക്കി നിന്ന രാഗിണി അമ്മ ഒന്ന് നെടുവീർപ്പിട്ടു.... ആ സമയം അക്ഷര കുട്ടി ഒന്ന് തിരിഞ്ഞു കിടന്നതും അവളുടെ രണ്ടായി മെടഞ്ഞ മുടി അമിതിനെ മുഖത്തേക്ക് വന്ന് വീണു... മുഖത്ത് ഇക്കിളി ആയതും നെറ്റി ചുളിച്ചു കൊണ്ട് അമിത് അവളുടെ ദേഹത്തു നിന്നും കയ്യെടുത്തു കൊണ്ട് ആ മുടി മാറ്റി അതിൽ പിടിച്ചു വലിച്ചു.. "ആാാ... അമ്മേ.... " ചീവീട് പോലെ അവളുടെ ശബ്ദം ആ മുറിയിൽ മുഴങ്ങിയതും അക്ഷിത് ഞെട്ടി എണീറ്റു... അരികിൽ കിടക്കുന്ന അമിതിനെ കണ്ടതും അക്ഷിത് കണ്ണുകൾ തിരുമ്മി മേശൻമേൽ വെച്ച തന്റെ കണ്ണട എടുത്ത് വെച്ചു.. ഈ സമയം അക്ഷര ദേഷ്യത്തിൽ അമനെ തള്ളിയിട്ട് അമിതിന്റെ പുറത്ത് കയറി ഇരുന്ന് അവന് നല്ല ഇടി കൊടുക്കുന്നുണ്ടായിരുന്നു.. അവൾക്കേറ്റവും പ്രിയപ്പെട്ട മുടിയിൽ ആരെങ്കിലും കൈ വെക്കുന്നത് അവൾക്കൊട്ടും ഇഷ്ടമല്ല...

അവൾക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്യാനാണ് അമിതിന് ഇഷ്ടം... "ഹോ.. എന്റെ ദൈവമേ... ഒരു ഇച്ചിരി സമയം നന്നായി കണ്ടാൽ അടുത്ത നിമിഷം തുടങ്ങും അടി.. ഒരു മണിക്കൂർ നിന്നെയൊക്കെ പരസ്പരം സ്നേഹത്തോടെ കഴിയുന്നത് കാണാൻ ഈ ജന്മം എനിക്ക് ഭാഗ്യം ഉണ്ടാവില്ല.... എണീറ്റു പോടാ.. " കയ്യിൽ ആദ്യം കിട്ടിയ അമന്റെ പുറത്ത് അമ്മ തല്ലിയതും ഈർഷ്യത്തോടെ അവൻ മുറിയിൽ നിന്നും പോയി... "അമ്മേ... " ഉറക്കം ശെരിയാവാത്തതിന്റെ ദേഷ്യത്തിൽ അമിതിനെ ഒരു ചവിട്ട് ചവിട്ടി അക്ഷര അമ്മയെ പോയി കെട്ടിപ്പിടിച് നിന്ന് ഉറങ്ങാൻ തുടങ്ങി.. "നിനക്കൊക്കെ എന്താ ഡാ ഇവരുടെ മുറിയിൽ കാര്യം.. രാവിലെ തന്നെ അടി കൂടാൻ വന്നതാണോ... എണീറ്റു പൊയ്‌ക്കെ " അക്ഷരയെ ബെഡിൽ കിടത്തി അമിതിന്റെ കയ്യിൽ തല്ലി അവനെ എണീപ്പിച്ചു കൊണ്ട് അമ്മ മുറിക്കുള്ളിൽ നിന്ന് പുറത്തേക്ക് പോയി... അക്ഷിത് ബെഡിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.. "ഏട്ടാ... ഏട്ടനെപ്പോ അവിടെ പോയി കിടന്നു.. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ ഏട്ടനെ കണ്ടില്ല.. "

ജോഗിങ് പോകാൻ വേണ്ടി ജാക്കറ്റ് എടുത്തണിഞ്ഞ അമിത് ബെഡിൽ വീണ്ടും ഉറങ്ങാൻ കിടന്ന അക്ഷിതിനെ കണ്ണാടിയിൽ കൂടെ വീക്ഷിച്ചു കൊണ്ട് ചോദിച്ചു.. "അത് അക്ഷര ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നതും കരയുന്നതും കേട്ട് ചെന്ന് നോക്കിയതാ.. അവളെ ഉറക്കുന്നതിനിടയിൽ അവിടെ കിടന്നുറങ്ങി പോയി... " "ഏഹ്.. അവൾ ഉറക്കത്തിൽ സംസാരിച്ചെന്നോ... ഹഹഹ.. എന്നാ ഇനി മുതൽ അതും പറഞ്ഞവളെ കളിയാക്കണം... " അമിതിന്റെ വാക്കുകൾ കേട്ട് ചിരിച്ചു കൊണ്ട് അക്ഷിത് കണ്ണടച്ചു.. വേറെന്തോ പറയാനായി അമിത് അക്ഷിതിന് നേരെ തിരിഞ്ഞതും അക്ഷിത് ഉറങ്ങിയത് കണ്ട് ചിരിച്ചു കൊണ്ട് ബൂട്ടും എടുത്ത് അവൻ പുറത്തേക്ക് നടന്നു..... ************ ബൂട്ടും ഇട്ട് അമിത് ഗേറ്റ് തുറന്ന് ഇടത്തേ ഭാഗത്തുള്ള റോഡിലൂടെ ഓടി... കുറച്ചു ദൂരം ചെന്നാൽ വലിയ പ്ലേ ഗ്രൗണ്ട് ഉണ്ട്.. എന്നും രാവിലെ അവിടെ പോയി പന്ത് തട്ടാതെ അവന്റെ ദിവസം ആരംഭിക്കാറില്ല...

കളി കഴിഞ്ഞ് വിയർത്തൊലിച്ച് വന്ന അമിത് വീട്ടിലെ മുറ്റത്തെ പടികളിൽ ഇരുന്ന് ബൂട്ട് അഴിക്കാൻ തുടങ്ങി.. ഈ സമയം പിറകെ വന്ന അക്ഷരക്കുട്ടി അവന്റെ ചെവിക്കടുത്ത് നിന്ന് കൂക്കിയതും അവൻ അവളെ കടന്ന് പിടിച്ചു.. "ഡി കാന്താരി.. ഇന്നലെ ഫോൺ കൈക്കലാക്കി ഓടിയതിന് ഞാൻ നിന്നെ നോക്കി വെച്ചിരുന്നു.. ഇപ്പോഴാ കയ്യിൽ കിട്ടിയത്.. ഇനി നീയെന്റെ ഫോൺ എടുക്കുമോ ഡീ മാക്രി കുട്ടീ.." അവളെ തന്റെ മടിയിൽ കിടത്തി ഇക്കിളി ആക്കിയതും അവൾ അവന്റെ വയറ്റിൽ ഇടിക്കാൻ തുടങ്ങി.. "ഏട്ടന്റെ ഫോൺ അടിച്ചിരുന്നു. ഞാൻ പറഞ്ഞു ഏട്ടൻ എണീറ്റില്ലെന്ന് " അവളത് പറഞ്ഞതും അമിത് അവളെ വിട്ട് നിർത്തി സംശയത്തോടെ നോക്കി. "സത്യാ.. ഫോൺ അടിച്ചിരുന്നു... ഇന്ന് ഏട്ടന് വയറ് നിറച്ചും കിട്ടും " അമിതിന്റെ നെറ്റിയിൽ തന്റെ കൈ കൊണ്ട് ഉന്തി കൊണ്ട് അക്ഷര അകത്തേക്ക് ഓടി പോയി..

എന്തോ ഓർത്തെന്ന പോലെ അമിത് റൂമിലേക്ക് പാഞ്ഞു... ബെഡിൽ കിടക്കുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ അഞ്ചു മിസ്സ്ഡ് കാൾ കണ്ടു.. അതിൽ മൂന്നെണ്ണം ഈശ്വറിന്റെതാണ്.. ഇന്നലെ പ്രാക്ടീസ് കഴിഞ്ഞ് തിരിച്ചപ്പോഴാണ് ടൂർണമെന്റ് നടത്താൻ ഉദ്ദേശിച്ച സ്ഥലം അവർ മാറ്റി എന്നറിഞ്ഞത്.. എല്ലാ പ്രാവശ്യവും അവരുടെ കോളേജിൽ ആണ് നടത്താറുള്ളത്.. ഇപ്രാവശ്യം ഈ ലാസ്റ്റ് സമയം സ്ഥലം മാറ്റിയതിന് പിന്നിൽ എന്തോ ഉദ്ദേശമുണ്ടെന്ന് അമിതിന് തോന്നിയിരുന്നു.. ഈശ്വറിനോട് അത് കണ്ടു പിടിക്കാൻ പറയുകയും ചെയ്തിരുന്നു.. ഇന്നലെ തന്നെ അവൻ വിളിച്ച് എല്ലാം ക്ലിയർ ആക്കിയതുമാണ്.. പിന്നെ ഇനി ഇവനെന്തിനാ ഈ രാവിലെ വിളിച്ചേ എന്ന് ആലോചിച്ചു കൊണ്ട് അമിത് ഈശ്വറിന് കാൾ ചെയ്തു.. "അമിത്....... " "ഓക്കേ.. ഞാൻ പെട്ടന്ന് വരാം " കാൾ കട്ടാക്കി അമിത് കണ്ണാടിയിലൂടെ നോക്കി... കയ്യിലെ ഫോൺ ബെഡിലേക്കിട്ട് അമിത് തന്റെ കൈകൾ ചുരുട്ടി പിടിച്ചു... കണ്ണുകൾ ഇറുക്കി അടച്ചതും അവന്റെ മുഖം വലിഞ്ഞു മുറുകി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story