ആത്മരാഗം💖 : ഭാഗം 50

athmaragam thanseeh

രചന: തൻസീഹ് വയനാട്

ആര്യയുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും വയ്യാത്തത് കാരണം രണ്ടാഴ്ച റസ്റ്റ്‌ എടുക്കേണ്ടി വരുന്നതിനാൽ ആര്യ ഇല്ലാതെ താനും പോകുന്നില്ലെന്ന വാശിയിൽ അവൾ ബെഡിൽ നിന്നെഴുന്നേൽക്കാതെ മടി പിടിച്ചു കിടന്നു...അമ്മ രണ്ടു മൂന്ന് പ്രാവശ്യം വന്ന് വിളിച്ചെങ്കിലും ഉറക്കം നടിച്ചു കിടന്ന അനി പെട്ടന്ന് തലയിലൂടെ ഒഴുകി വന്ന വെള്ളത്തിന്റെ തണുപ്പ് കാരണം ഞെട്ടിപ്പിണഞ്ഞെണീറ്റു... "മര്യാദക്ക് കോളേജിൽ പോടീ ചേച്ചീ.." ഫ്രിഡ്ജിലെ തണുത്ത വെള്ളം നിറച്ച ബോട്ടിൽ കയ്യിൽ പിടിച്ചു നിന്ന് തന്നോട് കൽപ്പിക്കുന്ന ശിവയെ കണ്ടതും അവൾ പല്ലിറുമ്പി... നനഞ്ഞ കോഴിയെ പോലെ തണുത്തു വിറച്ചു കൊണ്ടവൾ അവൾക്ക് നേരെ പാഞ്ഞടുത്തു.. "നിന്നെ ഞാൻ ഇന്നിവിടെ നിന്നും കെട്ട് കെട്ടിക്കുമെടീ " കയ്യിൽ കിട്ടിയ എന്തോ ഒന്ന് അവൾക്ക് നേരെ എറിഞ്ഞു കൊണ്ട് അനി ആർത്തു.. ഇത് കണ്ട് വന്ന അമ്മ കടുപ്പത്തിൽ അവളെയൊന്ന് നോക്കി. "അമ്മേ.. ഇത് നോക്ക്.. തലയിലൂടെ വെള്ളം ഒഴിച്ചിരിക്കാ... അവളെ ഇന്ന് തന്നെ പറഞ്ഞയക്കണം "

"അത് എന്താണെന്ന് വെച്ചാൽ ഞങ്ങൾ ചെയ്തോണ്ട്.. തത്കാലം മോള് കോളേജിൽ പോകാൻ നോക്ക്.. ഇനി രണ്ടിന്റെയും ശബ്ദം ഇവിടെ നിന്നും കേട്ടാൽ... " ഭീഷണി സ്വരത്തിൽ അമ്മ പറഞ്ഞതും അവളെ കൊഞ്ഞനം കുത്തി കൊണ്ട് ശിവ തന്റെ റൂമിൽ കയറി വാതിൽ അടച്ചു.. നിലത്താഞ്ഞ് ചവിട്ടി കൊണ്ട് ഓരോന്ന് പിറു പിറുത്ത് വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് അവൾ കോളേജിൽ പോകാൻ റെഡിയായി...... "അമ്മേ.. ഞാൻ ഇറങ്ങുവാ... " വാതിൽ പടിയിൽ നിന്നും വിളിച്ചു പറഞ്ഞു കൊണ്ട് അനി മുറ്റത്തേക്കിറങ്ങി... "അല്ല നീയിതെങ്ങോട്ടാ " "വാവിയോട് പറഞ്ഞിട്ട് വരാം... " "വേണ്ട.. അവൾ ഉണർന്നിട്ടില്ല.. നല്ല ക്ഷീണം ഉണ്ട്.. ചെറുതായി പനിക്കുന്നും ഉണ്ട്.. നീയിപ്പോ അവിടെ ചെന്ന് നിന്റെ റേഡിയോ ശബ്ദം കേൾപ്പിച്ചാൽ അവളുടെ ക്ഷീണം കൂടും.. ആ പാവം ഉറങ്ങിക്കോട്ടേ... " ആര്യയെ കാണാൻ പോകാൻ നിന്നെങ്കിലും അമ്മ അതിൽ നിന്നും വിലക്കിയത് കൊണ്ട് മുഖം കോട്ടി കൊണ്ടവൾ തിരിഞ്ഞു.. പിന്നെ എന്തോ ഓർത്ത പോലെ അമ്മയെ തിരിഞ്ഞ് നോക്കി..

ആ സമയം അച്ഛനും അവിടേക്ക് വന്നു.. "അതേയ്.. രണ്ടു പേരോടും പറയാ.. ഞാൻ തിരിച്ചു വരുമ്പോൾ ഇങ്ങോട്ട് കെട്ടിയെടുത്തില്ലേ.. അതിനെ ഇവിടെ കണ്ടു പോകരുത്... " "ഹോ. രണ്ടും കൂടി ഞങ്ങളെ അങ്ങ് കൊല്ല്..നീ ആദ്യം കോളജിൽ പോ.. നേരം ഒരുപാടായി.. പിന്നെ ആര്യ ഇല്ലെന്ന ഓർമ വേണം.. വല്ല കുരുത്തക്കേടിലും ചെന്ന് ചാടിയാൽ... " അച്ഛൻ മുന്നറിയിപ്പ് നൽകിയതും ആര്യ ഇല്ലല്ലോ എന്ന ചിന്തയിൽ അവളുടെ മുഖം മങ്ങി.. അച്ഛന് ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചവൾ മുന്നോട്ട് നടന്നു.. കോളജിലേക്കുള്ള ദൂരം വളരെ അധികം കൂടിയത് പോലെ അവൾക്ക് തോന്നി.. വഴിയിൽ പോകുന്നവരെല്ലാം തന്നെ വീക്ഷിക്കുന്നുണ്ടോ എന്ന തോന്നൽ അവളെ വല്ലാണ്ടാക്കി.. ആര്യ ഉണ്ടാവുമ്പോൾ കോളേജ് എത്തുന്നത് വരെ നിർത്താതെ സംസാരിക്കാറുള്ളതിനാൽ ഇപ്പോൾ തനിച്ചായതിനാൽ വാ തുറക്കാൻ പറ്റാത്ത അവസ്ഥയായി.. വായ വേദനയെടുക്കുന്നെന്ന് വരെ അവൾക്ക് തോന്നി പോയി.. ബസ് ഇറങ്ങി നടക്കാൻ നേരം പരിചയമില്ലാത്ത കോളേജിലെ കുട്ടികളെ കണ്ടതും അവൾ അവർക്കൊപ്പം കൂടി..

അവരെ കണ്ടപ്പോഴാണ് അവൾക്കാശ്വാസം വന്നത്. ഇത്രയും നേരം മിണ്ടാതെ നിന്നതിന്റെ കണക്ക് പലിശ സഹിതം തീർത്തവൾ കോളേജിനകത്ത് കയറുന്നത് വരെ സംസാരിച്ചു കൊണ്ടിരുന്നു... അവരുടെ ക്ലാസ്സ്‌ വേറെ ആയതിനാൽ തന്നെ അവർ പോയതും അനി തന്റെ ക്ലാസ്സിലേക്ക് തിരിഞ്ഞു..വരാന്തയിലേക്ക് കയറാൻ നേരം വെറുതെ അവളുടെ കണ്ണുകൾ കോളേജ് അങ്കണത്തിലേക്ക് ചലിച്ചു.. ആ സമയം തന്നെ കണ്ണെടുക്കാതെ തുറിച്ചു നോക്കുന്ന അമിതിനെ കണ്ടതും അവളുടെ ചിരി മാഞ്ഞു.. പെട്ടന്ന് തന്നെ അവൾ മുഖം തിരിച്ച് അവിടേക്ക് നോക്കാതെ ക്ലാസ്സിൽ കയറി.. അമിതിന്റെ കണ്ണുകളിൽ ദേഷ്യം തന്നെയാണ് താനിപ്പോ കണ്ടതെന്ന് അവൾ ഊഹിച്ചു.. ഇപ്പോഴും തന്നോടുള്ള ദേഷ്യം അവനിൽ നിന്ന് മാഞ്ഞു പോയിട്ടില്ലെന്നും.. അതിനാൽ തന്നെ തന്നെ കുറിച്ചുള്ള സത്യങ്ങൾ അവൻ അറിഞ്ഞു കാണില്ലെന്നും അവൾ മനസ്സിൽ ചിന്തിച്ചു കൂട്ടി.. ആര്യ ഇല്ലാത്തത് കൊണ്ട് തന്നെ അനിയുടെ അടുത്ത് ലീന വന്നിരുന്നു.. പഴയ പോലെ അനി ആക്റ്റീവ് ആയി എല്ലാവരോടും സംസാരിച്ചു..

ആര്യക്ക് സസ്പെൻഷൻ കിട്ടിയത് മാത്രമേ എല്ലാവരും അറിഞ്ഞിട്ടുള്ളൂ.. അവൾക്ക് നേരെ ആക്രമം ഉണ്ടായതും പ്രിൻസി സസ്‌പെൻഷൻ പിൻവലിച്ചതും ആരും അറിഞ്ഞിട്ടില്ല.. അനി ആരോടും പറയാനും പോയില്ല... ഹാപ്പിയോടെ തനി വായാടിയായി ഡസ്കിൽ കയറി ഇരുന്ന് ആൺ പെൺ വ്യത്യാസമില്ലാതെ ഓരോരുത്തരോടും തമാശ പറഞ്ഞ് ചിരിക്കുന്നതിനിടയിലാണ് ക്ലാസ്സിലേക്ക് അനിൽ സാർ കടന്നു വന്നത്.. ഉടനെ തന്നെ അനി ഡസ്കിൽ നിന്നും ചാടി ഇറങ്ങി തന്റെ സീറ്റിൽ തല താഴ്ത്തി ഇരുന്നു.. അവളെ കണ്ടതും അനിൽ സാർ ഒരു നിമിഷം അവളെ നോക്കി നിന്നു.. തന്റെ നേരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇരിക്കുന്ന അനിയെ കണ്ട് സാറിന്റെ ഹൃദയം മുറിഞ്ഞു.. താൻ പറഞ്ഞത് കൂടി പോയോ എന്നോർത്ത് നെടുവീർപ്പിട്ടു കൊണ്ട് സാർ ക്ലാസ്സ്‌ ആരംഭിച്ചു... ക്ലാസ്സ്‌ ആരംഭിച്ച് അവസാനിക്കുന്നത് വരെ ഓരോ ഡൌട്ട് ചോദിച്ച് തന്നെ അരികിലേക്ക് വരുത്തിക്കുന്ന അനി തീർത്തും നിശബ്ദയായി കാണപ്പെട്ടത് കൊണ്ട് അയാൾ തളർന്നു.. വായാടിയായ കുസൃതിയായ അനിയെയാണ് ഉള്ളിനുള്ളിൽ താൻ കാണാൻ കൊതിക്കുന്നതെന്ന സത്യം സാർ മനസ്സിലാക്കി..

അവളെ കൊണ്ട് എങ്ങനെയെങ്കിലും സംസാരിപ്പിച്ച് പഴയ അനിയിലേക്ക് തിരിച്ചു കൊണ്ട് വരണമെന്ന് സാർ ഉറപ്പിച്ചു ... "അനിരുദ്ര... എന്താ തന്റെ ശ്രദ്ധ ഇവിടെ ഒന്നുമല്ലേ.. ഒരുപാട് ദിവസമായി താൻ ക്ലാസ്സിൽ കയറിയിട്ട്.. കുറെ പോർഷൻസ് നിനക്ക് റഫർ ചെയ്യാനുണ്ട്.. അടുത്ത ആഴ്ച ഞാൻ ടെസ്റ്റ്‌ വെക്കും. അപ്പോഴും ഇങ്ങനെ തണുത്തിരുന്നാൽ പണിഷ്മെന്റ് ഉറപ്പാണ്.. കേട്ടോ.. " എഴുന്നേറ്റ് തല താഴ്ത്തി നിന്ന അനി തലയാട്ടി കൊണ്ടിരുന്നു... താൻ അരികിൽ നിന്നിട്ടും അവൾ തല ഉയർത്താത്തതിൽ സാറിന് വിഷമമായി... സാർ വീണ്ടും ക്ലാസ്സ്‌ തുടർന്നു.. ഇടയ്ക്കിടെ അനിയോട് ചോദ്യം ചോദിക്കാനും അവളെ എണീപ്പിച്ചു നിർത്താനും സാർ മറന്നില്ല.. പക്ഷെ എന്തൊക്കെ ചെയ്തിട്ടും അവളുടെ കണ്ണുകളിൽ സാറിന്റെ നിഴൽ പോലും പതിഞ്ഞില്ല.. അവളെ ഒന്ന് തനിച്ചു കിട്ടാനും അത് വഴി അവളോട്‌ എന്തെങ്കിലും സംസാരിക്കാനും സാർ ആഗ്രഹിച്ചു.. ഇന്ന് സബ്മിറ്റ് ചെയ്യേണ്ട വർക്ക് അനി ചെയ്തു കാണില്ലെന്ന് അനിൽ സാറിന് ഉറപ്പായിരുന്നു.. അവൾ ലീവ് ആയ സമയത്തെടുത്ത പോഷനിലെ ക്രൂഷ്യലായ ഭാഗത്തു നിന്നുള്ള വർക്ക് ആണ് നൽകിയത്...

ആരോടൊക്കെ ചോദിച്ചാലും ഏത് ബുക്ക്‌ റഫർ ചെയ്താലും അനിക്ക് ഡൌട്ട് ക്ലിയർ ആവില്ലെന്നും തന്റെ അടുത്തേക്ക് വരുമെന്നും സാർ കണക്ക് കൂട്ടിയിരുന്നു.. അന്ന് അനിയോട് ഇനി പിറകെ നടക്കരുതെന്ന് വാണിംഗ് നൽകിയ സമയത്ത് അവൾ ചോദിക്കാൻ വന്നതും ഈ ഭാഗത്തെ പറ്റിയായിരുന്നു.. ആ സംഭവത്തിന് ശേഷം തന്നെ കാണാൻ പോലും വരാത്ത അനി ഉറപ്പായും വർക്ക് ചെയ്തു കാണില്ലെന്ന് അനിൽ സാറിന് അറിയാമായിരുന്നു... സാർ മനസ്സിൽ വിചാരിച്ച പോലെ എല്ലാവരും വർക്ക്‌ സബ്മിറ്റ് ചെയ്‌തെങ്കിലും അനി മാത്രം എഴന്നേറ്റു നിന്നു... ഉള്ളിൽ വന്ന സന്തോഷം അടക്കി കൊണ്ട് അനിൽ സാർ അവളുടെ അടുത്തേക്ക് ചെന്നു.. അപ്പോഴും അവൾ തല താഴ്ത്തി നിന്നു.. "എന്താ അനിരുദ്ര ഇത്.... ക്ലാസ്സിലെ ടോപ്പർ ആയ നീ തന്നെ ഇങ്ങനെ ചെയ്താലോ.." "സോറി സർ.. " " പഠനത്തിൽ തീരെ ശ്രദ്ധിക്കുന്നില്ല താൻ.. ഇന്ന് ഞാൻ എടുത്ത ഭാഗങ്ങൾ പോലും നേരാവണ്ണം മനസ്സിലാക്കിയിട്ടില്ലെന്ന് നിന്റെ ഇരുപ്പ് കണ്ടാൽ അറിയാം.. ഒരു കാര്യം ചെയ്യ്.. ലാസ്റ്റ് ഞാൻ പറഞ്ഞ ക്വസ്റ്റെനും ആൻസറും അമ്പത് പ്രാവശ്യം എഴുതിയിട്ട് ക്ലാസ്സിൽ കയറിയാൽ മതി... ഗോ.. "

പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു കൊണ്ട് സാർ പറഞ്ഞതും ബുക്കും പേനയും എടുത്തവൾ മറ്റൊന്നും പറയാതെ സാറിനെ നോക്കാതെ വെളിയിലേക്ക് പോയി.. അവളുടെ ഓരോ മൗനവും തന്നെ കുത്തി നോവിക്കുകയാണെന്ന് സാർ തിരിച്ചറിഞ്ഞു.... അവൾ പുറത്ത് നിൽക്കുന്നത് കൊണ്ട് തന്നെ പല പ്രാവശ്യം കണ്ണ് തെറ്റിക്കൊണ്ടവളെ സാർ നോക്കി കൊണ്ടിരുന്നു.. എഴുതി തീർന്നിട്ടും അതറിയിക്കാതെ പുറത്തു തന്നെ നിൽക്കുന്ന അനിയുടെ പെരുമാറ്റം അനിൽ സാറിൽ വളരെ അധികം വിഷമം ഉണ്ടാക്കി.. ക്ലാസ്സ്‌ കഴിഞ്ഞ് പുറത്തിറങ്ങിയ അനിൽ സാർ ഇമ്പോസിഷൻ എഴുതിയത് ചെക്ക് ചെയ്തു.. അതിനിടയിൽ അവളെ ഒളികണ്ണിട്ട് നോക്കി എങ്കിലും അവളുടെ നോട്ടം മറ്റെങ്ങോ ആയിരുന്നു... "മ്മ്മ്.. നാളെ രാവിലെ വർക്ക് സബ്മിറ്റ് ചെയ്തിരിക്കണം.. എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ സ്റ്റാഫ് റൂമിലേക്ക് വരാം " അനിൽ സാറിന് ഒന്ന് മൂളി കൊടുത്തു കൊണ്ട് അനി ക്ലാസ്സിലേക്ക് കയറി.. വല്ലാത്തൊരു ഹൃദയഭാരത്തോടെ അനിൽ സാർ അവളെ നോക്കി തിരിഞ്ഞു നടന്നു... ************

"അമിത്.. ഗ്രൗണ്ടിന്റെ ഉദ്‌ഘാടനം നടത്തണ്ടേ.. ദിവസങ്ങളായി അവിടുത്തെ പണിയൊക്കെ കഴിഞ്ഞ് ഗ്രൗണ്ട് റെഡി ആയിട്ട്.. പ്രതിപക്ഷം ഇതും പറഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നതിന് മുൻപ് അതൊന്ന് തീരുമാനം ആക്കണം.." "ആഹ്.. വേണം.. നമുക്ക് പെട്ടന്ന് തന്നെ മീറ്റിംഗ് കൂടണം.. അതിൽ തീരുമാനിക്കാം എപ്പോ വേണമെന്ന്.." പതിവില്ലാത്ത അമിതിന്റെ ആവേശം കണ്ടതും ഈശ്വർ അക്ഷിതിനെ നോക്കി.. അനിയന്റെ ഏത് ഭാവവും അറിയാൻ കഴിയുന്നത് കൊണ്ട് തന്നെ അമിതിൽ വരുന്ന ചില സമയത്തെ ചില ഭാവങ്ങളുടെ ദുരൂഹത നിറഞ്ഞ കെട്ട് ഈശ്വർ അഴിക്കുന്നത് ഏട്ടനെ നോക്കി കൊണ്ടാണ്...എന്നാൽ അക്ഷിത് ബുക്കിലേക്ക് കണ്ണും നട്ടിരുന്നതും ഈശ്വർ അമിതിൽ തന്നെ ശ്രദ്ധ കൊടുത്തു കൊണ്ട് അവന്റെ കൂടെ പുറത്തിറങ്ങി.. മീറ്റിംഗ് സമയം നിശ്ചയിച്ച് അമിത് തന്നെ അംഗങ്ങളെ മീറ്റിംഗ് ഉണ്ടെന്ന് അറിയിച്ചു... മീറ്റിംഗ് ൽ തന്റെ പ്രെസൻസ് നിർബന്ധം ആയതിനാൽ അനി മീറ്റിംഗ് ഹാളിലേക്ക് നടന്നു.. അമിതിനെ കണ്ടതും അവളുടെ തല താഴ്ന്നു.. ഉദ്ഘടനത്തിന്റ ഡേറ്റ് ഫിക്സ് ചെയ്യുന്നതിനിടയിൽ പല പ്രാവശ്യം അനിയോട് സംസാരിക്കാൻ അടുത്ത് ചെന്നെങ്കിലും അവൾ മനഃപൂർവം ഒഴിഞ്ഞു മാറി.. അവന്റെ നേരെ നോക്കാൻ പോലും അവൾ ധൈര്യപ്പെട്ടില്ല..

ഡേറ്റും കാര്യങ്ങളും തീരുമാനിച്ച് മീറ്റിംഗ് പിരിച്ചു വിട്ടതും അനി വേഗം ക്ലാസ്സിലേക്ക് നടന്നു....... കോളേജ് കഴിഞ്ഞ് വേഗം വീട്ടിൽ പോകാനായി ഇറങ്ങിയ അനി ഗേറ്റിന് അടുത്തെത്താറായതും അമിതും അക്ഷിതും ഈശ്വറും അവിടെ നിൽക്കുന്നത് കണ്ടു.. ലീന കൂടെ ഉണ്ടായിരുന്നതിനാൽ അവരെ മൈൻഡ് ചെയ്യാതെ ഓരോന്ന് സംസാരിച്ചു കൊണ്ടവൾ നടന്നു..... ആ സമയം അവരുടെ മുന്നിൽ ഉണ്ടായിരുന്ന രണ്ടു പേരുടെ സംഭാഷണം അനി കേൾക്കാൻ ഇടയായി.. ആര്യയുടെ പേര് കേട്ടത് കൊണ്ട് തന്നെ അവൾ കാത് കൂർപ്പിച്ചു..... "എന്നാലും അവളുടെ ഒരു ധൈര്യം.. അമിതിന്റെ ദേഹത്തിത് രണ്ടാം തവണ അല്ലേ കൈ വെക്കുന്നെ.. തിരിച്ച് അവനും രണ്ടു കൊടുത്തെന്നാ കേട്ടത്.. ഇത്രയും കാലം പെൺകുട്ടികളുടെ മുഖത്ത് പോലും നോക്കാത്ത, പെൺകുട്ടികളോട് ആരെങ്കിലും മോശമായി സംസാരിച്ചാൽ അവരെ പഞ്ഞിക്കിടുന്ന അമിത് ഒരു പെണ്ണിനെ തല്ലിയെങ്കിൽ അതിന് പിന്നിൽ വ്യക്തമായ കാരണം തന്നെ ഉണ്ടാവും.. " "മ്മ്മ്.. ഉണ്ടാവും.. എന്തായാലും ഈ ഒരു പ്രശ്നത്തോടെ അമിതും ആര്യയും ഈ കോളേജിലെ ശത്രുക്കളാണ്...

അവൾ തിരിച്ചു വന്നാൽ മിക്കവാറും അമിത് പ്രതികാരം ചെയ്യും.. ഉറപ്പാ.. " "അതേ അതെ.. ഇപ്പോൾ അവളുടെ പേര് കേൾക്കുന്നത് പോലും അവന് ദേഷ്യമായിരിക്കും.....അവനാകെ ചൂളി പോയില്ലേ പിള്ളേരുടെ മുന്നിൽ.. പെണ്ണല്ലേ അമ്മാതിരി അടി അല്ലേ അടിച്ചേ..നാണക്കേട് " മുന്നിൽ പോയവരുടെ വാക്കുകൾ കേട്ട് അനി തല ഉയർത്തിയതും ദേഷ്യത്തോടെ അവരെ നോക്കുന്ന അമിതിനെ അവൾ കണ്ടു.. അവനെ കണ്ട് അവർ സംസാരം പെട്ടന്ന് നിർത്തി വേഗത്തിൽ നടന്നു പോയതവൾ കണ്ടു.. അവർ പറഞ്ഞത് പോലെ തന്നെ ആര്യയോട് അമിതിനുള്ള ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ല എന്നും ഇനി അവൾ വന്നാൽ അവൻ പക വീട്ടുമെന്നുമുള്ള ചിന്ത അവളെ അലട്ടി........ അമിത് കാണാതെ.. അവനെ നോക്കാതെ അനി വേഗത്തിൽ നടന്നു പോയി.. ദേഷ്യം അടക്കി നിന്ന അമിതിന്റെ കൈകൾ അക്ഷിത് മുറുകെ പിടിച്ചു.. "ഡോണ്ട് വറി.. പലരും പലതും പറയും..

അതിന് നീ പ്രഷർ കൂട്ടേണ്ട.. എല്ലാം എല്ലാവരും പതിയെ മറന്നോളും.. നിന്റെ പിടിച്ചാൽ കിട്ടാത്ത ദേഷ്യം കൊണ്ട് ഈ കോളേജിലെ മുഴുവൻ പേരുടെയും വായ അടപ്പിക്കാൻ പറ്റില്ല.. സോ.. കൂൾ ഡൌൺ.. " അക്ഷിതിന്റെ വാക്കുകൾ അമിതിനെ തണുപ്പിച്ചു.. ഏട്ടന് പുഞ്ചിരി നൽകി കൊണ്ട് അവൻ വല്ല്യമ്മയുടെ വീട്ടിലേക്ക് നടന്നു.. ************ ആര്യയെ അനിയുടെ അമ്മയെ ഏല്പിച്ചാണ് അച്ഛൻ ജീവൻ രാവിലെ പോയത്.. അവൾക്ക് വയ്യാത്തത് കൊണ്ട് തന്നെ ട്യൂഷൻ രണ്ടാഴ്ചത്തേക്ക് അദ്ദേഹം നിർത്തി വെച്ചു... ക്ലാസ്സ്‌ കഴിഞ്ഞ ശേഷം നേരത്തെ തന്നെ ജീവൻ വീട്ടിൽ എത്തി.. ആ സമയം അനി ആര്യയുടെ അടുത്തിരുന്ന് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു... ജീവൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു കൊണ്ട് റൂമിൽ നിന്നിറങ്ങിയതും അടുക്കളയിൽ ശബ്ദം കേട്ട് അങ്ങോട്ട്‌ ചെന്നു.. അവിടെ അനിയുടെ അമ്മ ഉണ്ടായിരുന്നു.. "ആഹാ.. സാർ വന്നോ..." "എന്താ ഇതൊക്കെ.." "വാവിക്ക് വയ്യാതെ കിടക്കല്ലേ.. മാഷ് ഒറ്റക്ക് കുക്ക് ചെയ്ത് ബുദ്ധിമുട്ടേണ്ട.... ഇനി കുറച്ചു ദിവസം അവിടെ നിന്നാവട്ടെ ഭക്ഷണം.."

ഭക്ഷണം പാത്രങ്ങളിൽ ആക്കി അടച്ചു വെച്ച് അനിയുടെ അമ്മ പറഞ്ഞതും ജീവൻ അതിനെ എതിർത്തു... "ഏയ്‌.. അതൊക്കെ നിങ്ങൾക്ക് ബുദ്ധിമുട്ടല്ലേ.. ഞങ്ങൾ രണ്ടു പേരല്ലേ ഉള്ളൂ.. എനിക്ക് കുക്ക് ചെയ്യാവുന്നതെ ഉള്ളൂ.. അല്ലെങ്കിൽ തന്നെ ഇവിടുത്തെ ജോലിയും അവിടുത്തെ ജോലിയും ഒരുമിച്ച് ചെയ്ത് നീയാകെ ക്ഷീണിച്ചു കാണും.. " ജീവന്റെ വാക്കുകൾ കേട്ട് അനിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. "എന്താ മാഷ് ഇങ്ങനെ പറയുന്നേ.. നമ്മളൊക്കെ ഒരു കുടുംബം പോലെ കഴിയുന്നവരല്ലേ.. ഭദ്ര ഉണ്ടായിരുന്നപ്പോഴും എന്തെങ്കിലും ഒരു വയ്യായ്ക വന്നാൽ ഞങ്ങൾ പരസ്പരം ഇത് പോലെ സഹായിക്കുമായിരുന്നു.. സഹായം ഒന്നുമല്ല.. സ്വന്തം കുടുംബമായി കണ്ട് കൊണ്ടാണ് മനസ്സറിഞ്ഞ് എല്ലാം ചെയ്യുന്നത്.. ഇത്രേം കാലത്തിനിടെ ഒരു ബുദ്ധിമുട്ടും എനിക്ക് തോന്നിയിട്ടില്ല.. " "ഓ... തുടങ്ങി.. മതി കണ്ണീരൊലിപ്പിച്ചത്.. ഞാനൊന്നും പറഞ്ഞില്ലേയ്.. ഭക്ഷണം അവിടുന്ന് തന്നെ ആയിക്കോട്ടെ.. രുചിയോടെ കഴിക്കാലോ " അനിയുടെ അമ്മ ചിരിച്ചു കണ്ടതും ജീവൻ തിരിച്ചും പുഞ്ചിരി നൽകി ആര്യയുടെ അടുത്തേക്ക് ചെന്നു... അനിയെയും വിളിച്ചു കൊണ്ട് അനിയുടെ അമ്മ പോയതും ആര്യയുടെ അച്ഛൻ ബെഡിൽ അവളുടെ അരികിൽ ഇരുന്നു..

"കൈക്ക് വേദന ഉണ്ടോ മോളെ.." വാത്സല്യത്തോടെ മുടിയിൽ തലോടി അച്ഛൻ ചോദിച്ചു.. "ഇല്ല അച്ഛാ.. ഇപ്പൊ കുറവുണ്ട്." "മ്മ്മ്..വാവീ.. എനിക്കൊരു കാര്യം ചോദിക്കാനുണ്ട്..ഇന്നലെ നിനക്ക് നല്ല വേദനയും ക്ഷീണവും ഉള്ളത് കൊണ്ടാ ഒന്നും ചോദിക്കാതിരുന്നത്.." കാര്യം എന്താണെന്നറിയാതെ ആര്യ അച്ഛന്റെ മുഖത്തേക്ക് നോക്കി.. "മോള് എന്തിനാ രാത്രി പുറത്തേക്കിറങ്ങിയത്.. " ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം ചോദിച്ചതും ആര്യ ഒന്ന് നടുങ്ങി.. വാക്കുകൾ കിട്ടാതെ, എന്ത് പറയണം എന്നറിയാതെ അവൾ തല താഴ്ത്തി... ആ സമയം അച്ഛൻ ചിരിച്ചു കൊണ്ട് അവളുടെ തലക്കൊരു കൊട്ട് കൊടുത്തു.. "കള്ളം പറയാനും വയ്യ സത്യം മൂടി വെക്കാനും വയ്യ.. അല്ലേ... എന്റെ പൊട്ടീ.. എനിക്കറിയാം എല്ലാം.. നിന്റെ അമ്മയെ പോലെ നിനക്കും ധൈര്യം ആവോളം ഉണ്ട്.. അത് കൊണ്ട് തന്നെയാ എല്ലാം അറിയാമായിരുന്നിട്ടും ഞാൻ തടയുകയോ മറുത്തു പറയുകയോ ചെയ്യാതിരുന്നത്.. " അച്ഛന്റെ വാക്കുകൾ അത്ഭുതത്തോടെ ആര്യ കേട്ടിരുന്നു.. രാത്രി റൈഡിന് പോകുന്ന വിവരം അച്ഛനിൽ നിന്ന് മറച്ചു വെച്ചിട്ടും നേരത്തെ തന്നെ അച്ഛൻ മനസ്സിലാക്കിട്ടുണ്ടെന്നോർത്ത് അവൾ അല്പം നിരാശയിൽ തല താഴ്ത്തി..

"സൂക്ഷിക്കണം മോളേ... അപകടം പലയിടത്തും പതിയിരിപ്പുണ്ട്. നിനക്കവയെ നേരിടാൻ ഉള്ള കരുത്തുണ്ടെന്നറിയാം.. പക്ഷെ സൂക്ഷിക്കണം.. കഴിഞ്ഞ ദിവസം നടന്നത് എന്നും ഓർമയിൽ ഉണ്ടാവണം.. " അച്ഛന്റെ ഉപദേശം കേട്ട് ആര്യ മൗനത്തിലായി.. രാത്രിയിൽ ഉള്ള തന്റെ സഞ്ചാരത്തിന് അച്ഛൻ തടയിടുകയാണോ എന്ന തോന്നൽ അവളെ വിഷാദത്തിലാഴ്ത്തി.. "വിഷമിക്കേണ്ട.. ഞാൻ എതിര് പറയുന്നതല്ല.. സൂക്ഷിക്കാൻ പറഞ്ഞതാ... പിന്നെ കൈ ശെരിയാവുന്നത് വരെ എവിടേക്കും പോകേണ്ട.. അത് കഴിഞ്ഞ് എല്ലാം നിന്റെ ഇഷ്ടം. ഞാൻ തടസ്സം നിൽക്കില്ല... " തലയിൽ തലോടി പുഞ്ചിരിയോടെ അച്ഛൻ പറഞ്ഞതും അവൾ സന്തോഷത്തോടെ അച്ഛനെ വാരിപ്പുണർന്നു..... രാത്രി ഒന്നുറങ്ങിയെണീറ്റ ആര്യ ശൂന്യത നിറഞ്ഞ മുറിയിൽ കിടന്ന് വീർപ്പുമുട്ടി..... കുത്തി നോവുന്ന വേദന കൈകളിൽ തുളഞ്ഞതും അവൾ എഴുന്നേറ്റിരുന്നു.. അമ്മയിപ്പോൾ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്നവളുടെ മനം കൊതിച്ചു. ഒന്ന് തുമ്മിയാൽ പോലും അതീവ ശ്രദ്ധ തനിക്ക് നൽകി തന്റെ അരികിൽ നിന്ന് വിട്ട് മാറാത്ത അമ്മ ഈ അവസ്ഥയിൽ കൂടെ ഇല്ലല്ലോ എന്ന യാഥാർഥ്യം അവളെ തളർത്തി.. ചങ്കിൽ തറച്ച വേദന കണ്ണുകളിലൂടെ ഒഴുകി വന്നതും താൻ ബലഹീനയായി മാറുന്നെന്ന് അവൾ തിരിച്ചറിഞ്ഞു...

ഉടനെ തന്നെ അവൾ എഴുന്നേറ്റ് അനിയുടെ വീട്ടിലേക്ക് പോകാനായി പുറത്തേക്കിറങ്ങി... മകളുടെ ഉള്ളം മനസ്സിലാക്കിയത് കൊണ്ട് തന്നെ അവളെ അദ്ദേഹം തടഞ്ഞില്ല... രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടും അനിയുടെ വീട്ടിലെ വെളിച്ചം അണഞ്ഞിരുന്നില്ല... ശിവ തറവാട്ടിലേക്ക് തിരിച്ചു പോകാത്തത് കൊണ്ട് തന്നെ അനിയും ശിവയും ചെറിയ കുട്ടികളെ പോലെ വഴക്ക് ആരംഭിച്ചു കഴിഞ്ഞിരുന്നു.... അവർക്കിടയിലേക്ക് ആര്യ ചെന്നതും ആദ്യം അനിയുടെ അമ്മ വഴക്ക് പറഞ്ഞെങ്കിലും പിന്നെ സ്നേഹത്തോടെ അമ്മ അവളെ മുറിയിൽ ഇരുത്തി.. അവളെ ബുദ്ധിമുട്ടിക്കരുതെന്ന താക്കീതും ശിവക്കും അനിക്കും നൽകി കൊണ്ടവർ കിടക്കാൻ പോയി.. അനിയുടെയും ശിവയുടെയും കളി ചിരിയിൽ ആര്യ തന്റെ ദുഃഖം പാടെ മറന്നു......... പിറ്റേന്ന് കോളജിലേക്ക് പുറപ്പെട്ട അനി ഒട്ടും താല്പര്യമില്ലാതെയാണ് കോളേജിൽ കാലുകുത്തിയത്.. ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഫിക്സ് ചെയ്തത് എല്ലാവരെയും അറിയിച്ചത് കൊണ്ട് അനിയെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് മൂടി..

അനിയുടെ കാര്യക്ഷമമായ പ്രവർത്തി കൊണ്ടാണ് ഇത്രയും പെട്ടന്ന് ഗ്രൗണ്ട് ശെരിയായതെന്ന് എല്ലാവരും ഒരുമിച്ച് പറഞ്ഞു.... എല്ലാവരോടും ചിരിച്ചു കളിച്ച് സംസാരിച്ചു കൊണ്ട് അനി ക്ലാസ്സിലേക്ക് പോകാൻ നിന്നതും ബൈക്ക് പാർക്ക് ചെയ്ത് അനിൽ സാർ അവളുടെ നേരെ വന്നു.. മുഖം താഴ്ത്തി കൊണ്ടവൾ ബാഗിൽ നിന്നും ബുക്ക്‌ എടുത്തു... സാർ അടുത്തെത്തിയതും മുഖം ഉയർത്താതെ തന്നെ അവൾ പറഞ്ഞു.. "കംപ്ലീറ്റ് ആണ്.. ഞാൻ സ്റ്റാഫ് റൂമിൽ കൊണ്ട് വെച്ചേക്കാം.. " ""വേണ്ട.. ഇപ്പോൾ തന്നോളൂ.. " ബുക്കിന് വേണ്ടി സാർ കൈ നീട്ടിയതും അവളത് സാറിന് കൊടുത്ത് മുഖത്ത് നോക്കാതെ വേഗത്തിൽ നടന്നു... അവളുടെ ബുക്ക്‌ നെഞ്ചോട് ചേർത്ത് വെച്ച് കൊണ്ട് അനിൽ സാർ അവൾ പോകുന്നതും നോക്കി നിന്നു... ക്ലാസ്സിൽ കയറാൻ നേരം എങ്കിലും തിരിഞ്ഞൊരു നോട്ടം സാർ പ്രതീക്ഷിച്ചു.. പക്ഷെ.. നിരാശയായിരുന്നു ഫലം.. ഒരു വിദ്യാർത്ഥിനി എന്നതിന് അപ്പുറം അനി ഇപ്പോൾ തനിക്ക് ആരൊക്കെയോ ആണെന്ന സത്യം വിങ്ങുന്ന മിടിപ്പിൽ നിന്ന് സാർ മനസ്സിലാക്കി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story