ആത്മരാഗം💖 : ഭാഗം 51

athmaragam thanseeh

രചന: തൻസീഹ് വയനാട്

ക്ലാസ്സിൽ എത്തിയ ഉടനെ അനി ഡസ്കിൽ തല വെച്ച് കിടന്നു.. എന്തൊക്കെയോ വേദന അവളുടെ ഉള്ളിൽ നീറി പുകഞ്ഞു തുടങ്ങിയിരുന്നു.. എന്നാൽ അടുത്ത ക്ഷണം തന്നെ അവൾ മുഖത്ത് ചിരി വരുത്തി എഴുന്നേറ്റു.. ക്ലാസ്സിലെ കുട്ടികളോട് ചളിയടിക്കാനും ക്ലാസ്സിലാകെ പാറി പറന്ന് നടക്കാനും തുടങ്ങി... "ഏട്ടാ.... വേഗം.. ലേറ്റ് ആയിട്ടോ.. " കോളേജിൽ പോകാനായി അമിത് റെഡിയായി താഴെ വന്ന് അക്ഷിതിനെ വിളിച്ചു കൂവാൻ തുടങ്ങി.. ചെവി പൊത്തി പിടിച്ചു കൊണ്ട് അക്ഷരകുട്ടി കയ്യിലെ ബുക്ക്‌ സോഫയിൽ ഇട്ട് അവനെ നോക്കി കണ്ണുരുട്ടി.. "ഇന്നലെ രാത്രി കക്കാൻ പോയിരുന്നോ.... നേരത്തെ എണീക്കേം ഇല്ല.. എന്നിട്ട് ലേറ്റ് ആയെന്ന് പറഞ്ഞ് കൂവി വിളിക്കും.. " "ഇന്നലെ എങ്ങും പോയില്ല.. ഇന്ന് രാവിലെ നിന്റെ മൃദുല ശബ്ദത്തിലുള്ള ആ പാട്ട് ഉണ്ടായില്ലല്ലോ.. അത് കൊണ്ട് ആ സുഖത്തിൽ ഞാനും ഏട്ടനും ഉറങ്ങി പോയി..അതാ എണീക്കാൻ വൈകിയേ...." "അമ്മേ....... " "മ്മ്മ്.. തുടങ്ങി.. രാവിലെ തന്നെ.. എന്നും രാവിലെ കമ്മേ ന്ന് വിളിച്ചാർത്തില്ലേൽ നിനക്കൊരു സമാധാനോം ഉണ്ടാവില്ല അല്ലേ..

വേഗം പോയി ചായ കുടിച്ചേ.. ഇന്ന് പ്രാക്ടീസ് ചെയ്തില്ലല്ലോ... ഇങ്ങനെ പോയാൽ അമ്മേടെ മോള് നല്ല പാട്ടുകാരി തന്നെ ആവും.. " "അയ്യോ.. ഗാനമേള തുടങ്ങുന്നേ ഉള്ളൂ.. ഏട്ടാ... പെട്ടന്ന് വാ.. രക്ഷപ്പെടാം.. " അമിത് അവളെ ദേഷ്യം പിടിപ്പിക്കാനായി വീണ്ടും കളിയാക്കിയതും അവന്റെ കാലിൽ ചവിട്ടി കൊണ്ട് അക്ഷര അവിടെ നിന്നും ഓടി പോയി ചായ കുടിക്കാൻ ഇരുന്നു... പിറകെ അക്ഷിത് പ്രൊജക്റ്റ്‌ വർക്ക്‌ ഷീറ്റ് മറിച്ചു നോക്കി കൊണ്ട് ഇറങ്ങി വന്നു... "ലേറ്റ് ആയി ഏട്ടാ.. പോകാം.. " "ചായ കുടിച്ചിട്ട് പോയാൽ മതി രണ്ടും.. " "ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി അമ്മേ.. ഞങ്ങൾ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം.. .. പ്ലീസ്.. " അതും പറഞ്ഞ് അമിത് പോകാൻ നിന്നതും അമ്മ അവനെ പിടിച്ചു വെച്ച് ചായ കുടിക്കാൻ ഇരുത്തി.. അമ്മയുടെ നിർബന്ധം കാരണം അവർക്ക് കഴിക്കേണ്ടി വന്നു.. പെട്ടന്ന് കഴിച്ചെന്നു വരുത്തി എണീക്കാൻ നിന്നതും ഇരുവരെയും നോക്കി കൊണ്ടിരുന്ന അക്ഷര അമ്മയുടെ നേർക്ക് തിരിഞ്ഞു. "അമ്മേ.. ഇപ്പോൾ ഏട്ടന് കോളേജിൽ പോകാനൊക്കെ നല്ല ഉഷാറാണല്ലോ..

കഴിഞ്ഞ ദിവസം അവരൊക്കെ വീട്ടിൽ വന്നതിന് ശേഷം ഏട്ടൻ ആകെ മാറി.. എന്തിനാണാവോ ഇത്ര ഉത്സാഹം... " അമിതിനെ നോക്കാതെ അവൾ പറഞ്ഞതും അമിത് കൈ കഴുകി വെള്ളം അവളുടെ മേലേക്ക് തെറിപ്പിച്ചു കൊണ്ട് അവൾക്ക് ഇളിച്ചു കാണിച്ചു കൊടുത്തു.. അക്ഷരകുട്ടിയുടെ അലറൽ ഇനിയും കേൾക്കാൻ വയ്യാത്തത് കൊണ്ട് അവളുടെ വായ തുറക്കും മുന്നേ അമ്മ അവനെ പുറത്തേക്ക് ആട്ടി. ഇരുവരും ബൈക്കിൽ കയറി കോളേജിലേക്ക് യാത്ര തിരിച്ചു.. ഇടയ്ക്കിടെ മിററിലൂടെ അക്ഷിത് അമിതിനെ നോക്കിയതും അവന്റെ വിടർന്ന മുഖം കണ്ട് ചുണ്ടിൽ പുഞ്ചിരി വിരിയിരിച്ചു.. അക്ഷര പറഞ്ഞ പോലെ അനിയുടെയും ആര്യയുടെയും പേരന്റ്സ് വീട്ടിൽ വന്നതിന് ശേഷം അമിതിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് അവനും മനസ്സിലായി.. അനിയോടും ആര്യയോടുമുള്ള അനിയന്റെ ദേഷ്യം കുറഞ്ഞതോർത്ത് അക്ഷിത് മനസ്സിൽ ഒരുപാട് സന്തോഷിച്ചു........ ************ ഫസ്റ്റ് ഹവർ കഴിഞ്ഞതും അമിതിനെ തേടി പ്യുൺ ക്ലാസ്സിലേക്ക് വന്നു..

പ്രിൻസി വിളിക്കുന്ന അറിയിപ്പും ആയാണ് വന്നത്.. അവൻ പോയതും ഈശ്വർ അക്ഷിതിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.. "ഇനിയെന്ത് കുരിശാണാവോ..അവന്റെ സമയം ഇപ്പോൾ ഒട്ടും ശെരിയല്ല " പുറത്തേക്ക് നോക്കി ഈശ്വർ പറഞ്ഞതും അക്ഷിത് ചിരിച്ചു.. ഈശ്വർ പുറത്ത് നിന്നും കണ്ണെടുക്കാത്തത് കണ്ടതും മിസ്സ്‌ ഡസ്കിൽ ആഞ്ഞടിച്ചു... "ഈശ്വർ... എന്താ അവിടെ... " മിസ്സ്‌ ഒച്ചയെടുത്തതും അവൻ തല താഴ്ത്തി ഇരുന്നു.. "ഇപ്പോ എന്റെ സമയവും ഒട്ടും ശെരിയല്ല " പിറു പിറുത്തു കൊണ്ട് ഈശ്വർ ബുക്കിൽ എഴുതുന്നത് പോലെ അഭിനയിച്ചിരുന്നു..... പ്രിൻസി തന്നെ വിളിപ്പിച്ചത് എന്തിനാവും എന്ന ചിന്തയിൽ ആയിരുന്നു അമിത്.. ഓഫിസിൽ എത്തിയതും പ്രിൻസിക്കരികിൽ നിൽക്കുന്ന അനിയെ കണ്ടതും അവന്റെ ഉള്ളിൽ സംശയങ്ങൾ കൂടി.. "ആഹ് . അമിത്... വരൂ...ഒരു പ്രധാനപ്പെട്ട കാര്യം അറിയിക്കാനാണ് നിങ്ങളെ ഇപ്പോൾ വിളിപ്പിച്ചത് " അനിയും അമിതും പരസ്പരം നോക്കി നിൽക്കവേ പ്രിൻസി തുടർന്നു..

"നമ്മുടെ കുടി വെള്ള പ്രശ്നത്തിന് പരിഹാരമായി നിങ്ങൾ നിർദ്ദേശിച്ചില്ലേ പഞ്ചായത്ത് വെള്ളം നമുക്ക് നൽകാൻ ആവശ്യപ്പെട്ടു കൂടേ എന്ന്.. മാനേജ്മെന്റ്മായി ചർച്ച നടത്തി ഞങ്ങൾ പഞ്ചായത്തിനെ സമീപിച്ചിരുന്നു. പോസിറ്റീവ് ആയ മറുപടി തന്നെയാണ് അവിടെ നിന്ന് ലഭിച്ചത്.. പൈപ്പ് ലൈൻ റെഡിയാക്കുകയാണേൽ എപ്പോൾ വേണമെങ്കിലും വെള്ളം നൽകാൻ റെഡി ആണെന്നാണ് നമുക്ക് കിട്ടിയ വിവരം.. പിന്നെ മാസം മാസമുള്ള കറന്റ്‌ ബില്ലും നമ്മൾ അടക്കേണ്ടി വരും... " "ഓഹ്.. നല്ല വാർത്തയാണല്ലോ മേം..എല്ലാവർക്കും ഒരുപാട് സന്തോഷമാവും " "പക്ഷെ അനീ . ചെറിയ പ്രശ്നം ഉണ്ട്... " അതും പറഞ്ഞ് പ്രിൻസി തന്റെ കസേരയിൽ നിവർന്നിരുന്നു.. "നമ്മുടെ മാനേജ്മെന്റിൽ ഫണ്ട്‌ കുറവാണ്.. പൈപ്പ് വാങ്ങാനും അത് ജോയിന്റ് ചെയ്ത് വെള്ളം എത്തിക്കാനുമൊക്കെ ധാരാളം പൈസ ചിലവാകും...ഈ വർഷം തന്നെ ഒട്ടേറെ സംരഭങ്ങൾ നടത്തേണ്ടതുണ്ട്.. അതിനെല്ലാം ഉള്ള ഫണ്ട്‌ ഒന്നിനും തികയില്ല.. അതിനാൽ ഫണ്ട്‌ ഉപയോഗിക്കുന്ന കാര്യം ചിന്തിക്കാനേ ആവില്ല.."

"മേം... അങ്ങനെ പറഞ്ഞാൽ എങ്ങനെ.. കുടിവെള്ള പ്രശ്നം രൂക്ഷമാണ്.. ഇപ്പോൾ തന്നെ അടുത്തുള്ള വീട്ടിൽ നിന്നല്ലേ കോളേജിന് ആവശ്യമായ വെള്ളം എടുക്കുന്നത്..പിന്നെ പുറത്ത് നിന്ന് പൈസ കൊടുത്ത് വെള്ളം വാങ്ങുന്നത് വേറെയും.ഇതെല്ലാം റിസ്ക് അല്ലേ..അപ്പോൾ പിന്നെ ഈ പഞ്ചായത്ത് വെള്ളം തരാമെന്ന് പറഞ്ഞ സ്ഥിതിക്ക് അത് പൈസയുടെ കാരണം പറഞ്ഞ് ഒഴിവാക്കണോ" "ഏയ്‌.. നോ.. അങ്ങനെ അല്ല ഞാൻ പറഞ്ഞത് അമിത്.. ഫണ്ടിൽ നിന്നും പൈസ കിട്ടില്ലെന്നേ പറഞ്ഞിട്ടുള്ളൂ.. നമുക്ക് ഇതിനായി മറ്റെന്തെങ്കിലും വഴി കണ്ടെത്തേണ്ടി വരും.. അതിനാണ് നിങ്ങളെ വിളിപ്പിച്ചത് .. നിങ്ങൾക്ക് എന്തെങ്കിലും സജ്ജെക്ഷൻ വെക്കാൻ ഉണ്ടെങ്കിൽ ആവാം.. " പ്രിൻസി എല്ലാം അവർക്ക് വിട്ട് കൊടുത്തതും അമിതും അനിയും ചിന്തയിലാണ്ടു.. കുടി വെള്ള പ്രശ്നം പരിഹരിക്കാൻ പറ്റിയ അവസരം മുന്നിൽ വന്നിട്ടും അത് തട്ടിക്കളയാൻ അമിത് തയ്യാറായില്ല.. ഈ അവസരം പോയാൽ പ്രതിപക്ഷം പ്രശ്നം ഉണ്ടാക്കുമെന്ന് അവന് നല്ല ധാരണ ഉണ്ടായിരുന്നു..

അതിനാൽ തന്നെ ഇതിന് ഒരു ഉപായം കണ്ടു പിടിക്കണം എന്നവൻ തീരുമാനിച്ചു.. അനിയോട് ചർച്ച ചെയ്യാനായി അവൻ അവളുടെ അടുത്തേക്ക് നീങ്ങിയ സമയം അവൾ പ്രിൻസിയുടെ നേരെ തിരിഞ്ഞു.. "മേം.. ഒരു ഐഡിയ ഉണ്ട്.. കുടി വെള്ള പ്രശ്നം ഒന്നോ രണ്ടോ പേരുടേതല്ലല്ലോ.. ഈ കോളേജിലെ കുട്ടികളെയും ടീച്ചേഴ്സിനെയും മുഴുവൻ ആളുകളെയും ബാധിക്കുന്ന ഒന്നല്ലേ.. എന്നാൽ പിന്നെ നമുക്ക് പിരിവ് നടത്തിയാലോ.. ടീച്ചേഴ്സ് ഉൾപ്പെടെ ഉള്ളവരുടെ കയ്യിൽ നിന്നും ഒരു നിശ്ചിത തുക പിരിച്ചെടുക്കാം.. കിട്ടുന്ന സംഖ്യയിൽ നിന്ന് നമുക്ക് പൈപ്പും മറ്റ് ആവശ്യ സാധനങ്ങളും വാങ്ങാം.. മിച്ചം വരുന്ന പൈസ കറന്റ്‌ ബില്ലിനായി മാറ്റി വെക്കാം..." അനിയുടെ ഐഡിയ എന്ത് കൊണ്ടും മികച്ചത് തന്നെയാണെന്ന് പ്രിൻസിക്കും അമിതിനും തോന്നി.. അവളെ നോക്കി അമിത് പുഞ്ചിരിച്ചെങ്കിലും അവൾ അമിതിൽ നിന്നല്പം അകന്ന് നിന്ന് പ്രിൻസിയുടെ വാക്കുകൾക്കായി കാതോർത്തു.. "ഗുഡ് ഐഡിയ.. എന്നാൽ അങ്ങനെ തന്നെ ആവട്ടെ.. എത്രയും പെട്ടന്ന് പിരിവ് തുടങ്ങിക്കോളൂ..

ചെയർമാന് എന്തെങ്കിലും എതിര് അഭിപ്രായം ഉണ്ടോ.. " "നോ. മേം.. അനിരുദ്ര പറഞ്ഞത് പോലെ തന്നെയാണ് ബെറ്റർ.. പിന്നെ കറന്റ്‌ ബിൽ തുക മാസം അടക്കേണ്ടി വരില്ലേ..പിരിച്ചെടുത്ത തുക കഴിഞ്ഞാൽ അതിനും ഒരു പോംവഴി കാണേണ്ടി വരും.. മാനേജ്മെന്റിനോട് ഇതിനായി ഫണ്ട്‌ അനുവദിച്ചു തരാൻ പറയണം.. അങ്ങനെ ആണേൽ കറന്റ്‌ ബിൽ അടക്കാൻ വേറെ വഴി നോക്കേണ്ട.. അല്ലെങ്കിൽ പിന്നെ അതിനും മാസം മാസം പിരിവ് നടത്തേണ്ടി വരും.. " "മ്മ്മ്.. അതിന് നമുക്ക് വഴി കണ്ടെത്താം.. ആദ്യം പൈപ്പുകളും മറ്റും വാങ്ങാൻ ഉള്ള പണം റെഡി ആക്കണം.. നിങ്ങൾ പിരിവ് തുടങ്ങിക്കോളൂ... " "ഓക്കേ മേം.. " "പിന്നെ.. നാളെയല്ലേ ഗ്രൗണ്ട് ഉദ്ഘാടനം.." "അതെ മേം.... അടുത്ത ആഴ്ച ഒരു ടൂർണമെന്റോടെ ഉദ്ഘാടനം നടത്തണം എന്നായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തത്.. പക്ഷെ ഗ്രൗണ്ട് ന്റെ പണി കഴിഞ്ഞിട്ടും തുറന്നു തരാത്തതിൽ വിദ്യാർത്ഥികളിൽ ചിലർ നീരസം പ്രകടിപ്പിച്ചിരുന്നു.. അത് കൊണ്ട് പെട്ടന്ന് തന്നെ തുറന്നു കൊടുക്കാമെന്നു കരുതി.."

"ഓഹ്.. ഓക്കേ.. എല്ലാം ഭംഗിയായിട്ടില്ലേ അനീ.. നിന്റെ ഉത്തരവാദിത്തം ആണത് " "യെസ് മേം.. എല്ലാം ഓക്കേ ആണ്.. നാളെ ഉദ്ഘാടനം ആയത് കൊണ്ട് ചെറിയ ഒരുക്കങ്ങൾ നടത്താൻ ഉണ്ട് അവിടെ.. അത് വൈകീട്ട് കോളേജ് കഴിഞ്ഞതിനു ശേഷം ചെയ്യണം " "ഓക്കേ.. അതിനിടയിൽ പിരിവിന്റെ കാര്യം മറക്കേണ്ട " "ഇല്ല മേം.. ഞങ്ങൾ ഇപ്പോൾ തന്നെ ആ ജോലി ആരംഭിക്കാം.. " പ്രിൻസിയുടെ ഓഫിസിൽ നിന്നും അനി ആദ്യം പുറത്തിറങ്ങി.. തിരിഞ്ഞു നോക്കാതെ അവൾ പോകാൻ തുടങ്ങിയതും അമിത് അവളെ വിളിച്ചു.. ഉടനെ തന്നെ അവൾ സ്റ്റക്കായി നിന്നു.. തന്നെ തിരിഞ്ഞു നോക്കാതെ നിൽക്കുന്ന അനിയെ കണ്ട് അമിതിന് ചിരി വന്നു.. അടുത്തേക്ക് നടന്നടുക്കും തോറും അവൾ വിറക്കുന്നുണ്ടോ എന്ന് പോലും അവന് തോന്നി.. ചിരി കടിച്ചു പിടിച്ച് ഗൗരവത്തിൽ അവൻ പറയാൻ തുടങ്ങി.. "അനീ.. ഇന്ന് തന്നെ നമുക്ക് പിരിവ് തുടങ്ങാം.. ടീച്ചേഴ്‌സിന്റെ കയ്യിൽ നിന്നു തന്നെ ആദ്യം പിരിക്കാം.. വിദ്യാർത്ഥികളുടെ കയ്യിൽ പൈസ ഉണ്ടാവണം എന്നില്ല.. അതിനാൽ തന്നെ അത് നാളത്തെ ഉദ്ഘാടനം നടക്കുമ്പോൾ എല്ലാവരെയും ഇക്കാര്യം അറിയിക്കാം..

ഒരു തുക കൊണ്ട് വരാൻ നാളെ പറയാം.. തുക എത്രയെന്ന് നമുക്ക് ഇന്ന് മീറ്റിംഗ് കൂടി തീരുമാനിക്കണം.. " എല്ലാത്തിനും മൂളി തരുന്ന അനിയെ നോക്കി അമിത് തല ചെരിച്ച് ചിരിച്ചു.. വീണ്ടും ചിരി അടക്കി ഗൗരവം പൂണ്ടു.. "നിങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ ടീച്ചേഴ്സിൽ നിന്ന് നീ പിരിക്കണം. ഇന്ന് തന്നെ.. വേണമെങ്കിൽ സെക്രട്ടറിയെ ഒപ്പം കൂട്ടിക്കോ.. തുക എത്രയെന്നു നമുക്ക് തീരുമാനിക്കണം.. അടുത്ത ഹവർ മീറ്റിംഗ് ഉണ്ടെന്ന് എല്ലാവരെയും അറിയിച്ചേക്ക് " മൂളി കൊടുത്ത് തലയാട്ടി കൊണ്ട് അനി നടന്നു പോയതും അനിക്ക് തന്നോടുള്ള പേടി ഇപ്പോഴും മാറിയിട്ടില്ലെന്ന് അവന് മനസ്സിലായി.. ചിരിച്ചു കൊണ്ടവൻ അവൾ പോകുന്നതും നോക്കി നിന്നു.... ************ ലഞ്ച് ബ്രേക്ക് കഴിഞ്ഞതും മീറ്റിംഗ് കൂടി എല്ലാം തീരുമാനിച്ച് അവർ പിരിവ് തുടങ്ങി.. കിട്ടിയ തുക അമിത് തന്നെ കൈവശം വെച്ചു അതിന് ശേഷം അവർ ഗ്രൗണ്ടിലേക്ക് ചെന്നു. നാളെ നടക്കാൻ ഉള്ള പരിപാടിക്ക് ഒരുക്കങ്ങൾ നടത്താൻ ഉണ്ടായിരുന്നു.. അമിതും അനിയും പിരിവിന്റെ പിറകെ പോയപ്പോൾ ഈശ്വർ ഗ്രൗണ്ടിലെ ഒരുക്കങ്ങൾ നടത്തുകയായിരുന്നു..

അമിതിന്റെ മേൽനോട്ടത്തിൽ ഈശ്വർ എല്ലാത്തിനും ഓടി നടന്നു.. അവൻ ഉണ്ടായത് കൊണ്ട് തന്നെ അമിതിന് തന്റെ ജോലി ഭാരം കുറഞ്ഞു.. അമിതിൽ നിന്ന് അല്പം അകലം പാലിച്ചാണ് എല്ലായിടത്തും അനി നിന്നത്..കോളേജ് വിട്ടതിനാൽ തന്നെ ആരും ഉണ്ടായിരുന്നില്ല.. അവരുടെ പാർട്ടിയിലെ കുറച്ചു പേർ മാത്രം.. അമിതിനൊപ്പം ഒരുക്കങ്ങൾ നടത്തുന്നതിന് അനിക്ക് ചെറിയ പേടി ഉണ്ടെങ്കിലും അക്ഷിത് കുറച്ചു ദൂരം മാറി നിന്ന് എല്ലാം വീക്ഷിച്ചു നിൽക്കുന്നത് കൊണ്ട് തന്നെ ആ ധൈര്യത്തിൽ അവൾ ഓടി നടന്നു.. ഒരുക്കങ്ങൾ നടത്തുന്നതിനിടെ സമയം പോയതൊന്നും അവരാരും അറിഞ്ഞില്ല.... നേരം ഒരുപാട് ആയത് കൊണ്ട് തന്നെ അമിത് ഈശ്വറിനോട് അനിയെ വീട്ടിൽ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു.. നാളേക്കുള്ള എല്ലാം റെഡി ആക്കി കൊണ്ട് അവരെല്ലാവരും പിരിഞ്ഞു....... വീട്ടിൽ എത്തിയ ഉടനെ അനി ആര്യയുടെ അടുത്തേക്കോടി.. അന്നത്തെ വിശേഷങ്ങൾ വാതോരാതെ അനി പറയുമ്പോഴും ആര്യക്ക് അറിയേണ്ടത് അമിത് അവളോട്‌ മോശമായി പെരുമാറിയോ എന്നായിരുന്നു.. അതവൾ അനിയോട് എടുത്തു ചോദിച്ചു.. "ഏയ്‌.. ഒന്നും പറഞ്ഞിട്ടില്ല.. അമിത് ചേട്ടന്റെ മുഖത്തു പോലും ഞാൻ നോക്കിയിട്ടില്ല.. എന്നിട്ടല്ലേ.. "

അതവൾ പറഞ്ഞതും ആര്യക്ക് അല്പം ആശ്വാസമായി.. "മ്മ്മ്.. ഞാൻ കോളേജിൽ വരുന്നത് വരെ നീ അവന്റെ അടുത്തേക്ക് പോകുക തന്നെ വേണ്ട.. എന്നോടുള്ള ദേഷ്യം നിന്നോട് തീർക്കാൻ സാധ്യത കൂടുതലാണ്. എന്തായാലും നാളെയും കൂടി റസ്റ്റ്‌ എടുത്ത് മറ്റെന്നാൾ മുതൽ ഞാൻ കോളേജിൽ വരും.. ആരെതിർത്താലും.. " അവളോട് എതിര് പറഞ്ഞിട്ട് കാര്യം ഇല്ലെന്നും തീരുമാനിച്ചുറപ്പിച്ച കാര്യത്തിൽ നിന്നും പിന്മാറില്ലെന്നും അറിയാവുന്നത് കൊണ്ട് അനി മറുത്തൊന്നും പറഞ്ഞില്ല..ആര്യ എത്രയും വേഗം കോളജിൽ എത്തണം എന്ന് തന്നെ ആയിരുന്നു അവളുടെയും ആഗ്രഹം... ************ രാവിലെ തന്നെ ഉടുത്തൊരുങ്ങി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന അനിയെ പാളി നോക്കി കൊണ്ട് ശിവ വാതിൽക്കൽ വന്നു നിന്നു.. അവളിൽ നിന്ന് പുച്ഛത്തോടെ മുഖം തിരിച്ചു കൊണ്ട് അനി വീണ്ടും നന്നായോ എന്ന് തിരിഞ്ഞും മറിഞ്ഞും നിന്ന് കണ്ണാടിയിലേക്ക് നോക്കി കൊണ്ടിരുന്നു.. "എന്റെ ചേച്ചീ.. കോളേജിലെ ഒരു ഗ്രൗണ്ടിന്റെ അല്ലേ ഉദ്ഘാടനം.. അല്ലാതെ ഷോപ്പിംഗ് മാൾ ഒന്നും അല്ലല്ലോ...

അത് പോലെ കോളേജിലെ ചെയർപേഴ്‌സൺ അല്ലേ.. അല്ലാതെ മന്ത്രി ഒന്നും അല്ലല്ലോ ചേച്ചീ ഇത്ര ഗെറ്റപ്പ് കാണിക്കാൻ.... " അവളുടെ പരിഹാസ വാക്കുകൾ കേട്ടതും അനി മുന്നിൽ കിടന്ന മുടി പിന്നിലേക്കിട്ട് സ്റ്റൈലിൽ തിരിഞ്ഞു നിന്നു... "അസൂയക്ക് മരുന്നില്ല മോളേ... ഒന്ന് മാറി നിന്നേ.. നേരത്തെ എത്തണം.. ഞാനില്ലാതെ പരിപാടി നടക്കില്ലന്നേ.... " ബാഗ് തോളിൽ ഇട്ട് അവളെ ഒന്ന് തട്ടി മാറ്റി കൊണ്ട് അനി റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.. "പട്ടി ചന്തക്ക് പോയ പോലെ ആവാതിരുന്നാൽ മതിയായിരുന്നു.. " അവളുടെ വാക്കുകൾ കേട്ടതും അനി ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.. "നിന്റെ സ്കൂളിൽ കാണുന്ന പോലെ ഓഞ്ഞ പരിപാടി അല്ല ഇത്...കേട്ടോ.. രാവിലെ തന്നെ കെണിയെ കണി കണ്ടാണല്ലോ ഈശ്വരാ പോകുന്നെ.. എടീ... നീ വല്ലാതെ മേലെ കയറുകയൊന്നും വേണ്ട.. മാമന് എന്തോ അർജന്റ് ഉണ്ടായത് കൊണ്ടാ നിന്നെ കൊണ്ട് പോകാൻ വരാത്തത്.. എന്ന് കരുതി സന്തോഷിക്കേണ്ട. നാളെയോ മറ്റെന്നാളോ മോളിവിടെ നിന്ന് കെട്ടും കെട്ടി പോകും.. "

"അയ്യോ.. ഞാൻ പോവില്ലെങ്കിലോ.. മിനിമം ഒരു മാസത്തേക്ക് ലീവ് എടുത്താലോ എന്നാലോചിക്കുന്നുണ്ട് ഞാൻ... " "അത് അത്യാഗ്രഹം മാത്രമാണ്... നിനക്കുള്ള വിസ ഞാൻ റെഡി ആക്കുന്നുണ്ട്.. ഇപ്പോൾ ഞാൻ പോയി വരട്ടെ..... റ്റാറ്റാ " അവൾക്ക് റ്റാറ്റയും കൊടുത്ത് അമ്മയോട് യാത്ര പറഞ്ഞ് അനി കോളേജിലേക്ക് പുറപ്പെട്ടു.... നേരത്തെ തന്നെ എത്തണമെന്ന് അമിത് പറഞ്ഞതിനാൽ ആണ് അവൾ നേരത്തെ ഇറങ്ങിയെ.. കോളേജിൽ എത്തിയപ്പോൾ ഗേറ്റിന് മുന്നിൽ ആൾക്കൂട്ടം നിൽക്കുന്നത് അവൾ കണ്ടു.. എന്താ സംഭവം എന്നറിയാതെ അവൾ നടന്നു.. വേഗത്തിൽ കോളജിലേക്ക് കയറി.. അധികമാരും എത്തിയിരുന്നില്ല... എത്തിയവരൊക്കെ ഇടത്തെ ഭാഗത്തേക്ക് ഓടുന്നത് അവൾ കണ്ടു.... ഗ്രൗണ്ടിലേക്ക് എല്ലാവരും ഇപ്പോൾ തന്നെ പോകുവാണോ എന്ന് ആലോചിച്ചു കൊണ്ടവൾ അങ്ങോട്ട്‌ നടന്നു...വിദ്യാർത്ഥികൾ എല്ലാവരും കൂട്ടം കൂടി നിൽക്കുന്ന ഗ്രൗണ്ടിന് വെളിയിൽ നിന്ന് അവരെ തള്ളി മാറ്റി കൊണ്ട് അനി മുന്നോട്ട് നടന്നു... ആ സമയം മുന്നിൽ കണ്ട കാഴ്ച അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.......

കോളേജിൽ എത്തിയ അമിതും അക്ഷിതും വിദ്യാർത്ഥികളിൽ ആരോ വിവരം പറഞ്ഞതനുസരിച്ച് ഗ്രൗണ്ടിലേക്കോടി.. അവിടെ വെച്ച് അനിയെ കണ്ടതും എന്താ ഉണ്ടായേ എന്നർത്ഥത്തിൽ അവളെ നോക്കി.. ദേഷ്യവും സങ്കടവും കൊണ്ട് വല്ലാത്ത അവസ്ഥയിൽ ആണ് അനിയെന്ന് അവന് മനസ്സിലായി... അവളെ മറി കടന്ന് അവൻ ഗ്രൗണ്ടിലേക്ക് നോക്കി... ഗ്രൗണ്ടിന്റെ അവസ്ഥ കണ്ട് അവനും ആകെ വല്ലാതായി... തലേ ദിവസം തങ്ങൾ എല്ലാ ഒരുക്കങ്ങളും ചെയ്ത് മടങ്ങിയ സ്ഥലം ആകെ ഉഴുതു മറിച്ചിട്ട നിലയിൽ... അതിരിനായി പടുത്ത മതിൽ ഭാഗികമായി പൊളിച്ചിട്ടുണ്ട്.. ഹൈ ടെക് രീതിയിൽ തയ്യാറാക്കിയ പലതും നശിപ്പിച്ചിട്ടുണ്ട്.. എല്ലാം കണ്ട് അമിത് അടിമുടി ദേഷ്യം കൊണ്ട് വിറച്ചു... അവൻ മുന്നോട്ട് നടന്ന് എവിടെയൊക്കെ നാശ നഷ്ടങ്ങൾ ഉണ്ടായി എന്ന് വിലയിരുത്താൻ തുടങ്ങി.. അതിനിടയിൽ തലയും താഴ്ത്തി ഒരു ഭാഗത്ത് ഇരിക്കുന്ന ഈശ്വറിനെ കണ്ടതും അവൻ അങ്ങോട്ട്‌ ചെന്നു.. "അമിത്... എല്ലാം പോയില്ലേ.. എത്ര കഷ്ടപ്പെട്ട് ഒരുക്കിയ സ്ഥലമാ ഇത്.. എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ....

ഏത് ദ്രോഹികളാ ഇത് ചെയ്തത്... എത്ര ദിവസത്തേ കഷ്ടപ്പാടാ ഒരു രാത്രി കൊണ്ട് അവന്മാർ നശിപ്പിച്ചത്.." വിഷമത്തോടെ ഉഴുതു മറിച്ചിട്ട ഗ്രൗണ്ടിനെയും ഉയർന്നു നിൽക്കുന്ന മൺകൂനകളെയും നോക്കി അവൻ നെടുവീർപ്പിട്ടു... അമിത് അവനെ ആശ്വസിപ്പിച്ചു കൊണ്ട് അവിടെയാകെ നടന്നു... മൺകൂനകൾക്കരികിൽ പൊളിച്ച മതിലിനോട് ചേർന്ന് മദ്യ കുപ്പികൾ കണ്ടതും അവന്റെ ദേഷ്യം വർധിച്ചു.... തങ്ങളുടെ ഒരുപാട് നാളത്തെ ആഗ്രഹമായ മൺകൂനയായി മാറിയതിൽ എല്ലാ വിദ്യാർത്ഥികളും സങ്കടപ്പെട്ടു.. എല്ലാവരെയും ക്ലാസ്സിലേക്ക് പറഞ്ഞയച്ച് അമിത് പ്രിൻസിയുടെ ഓഫീസിലേക്ക് നടന്നു.. അനിയും ഈശ്വറും കൂടെ പോകാൻ നിന്നെങ്കിലും അവൻ തടഞ്ഞു.... അനിയോട് പിരിവിനുളള ഏർപ്പാട് ചെയ്യാൻ പറഞ്ഞു കൊണ്ട് അവൻ തനിയെ ഓഫീസിലേക്ക് നടന്നു.. "മേം .. ഇത് ഗൗരവമേറിയ കാര്യമാണ്.. ഇനിയും പോലീസിനെ അറിയിക്കാതിരിക്കാൻ കഴിയില്ല... കോളേജിൽ സ്ഥാപിച്ച സി സി ടി വി നശിപ്പിച്ചിട്ടാണ് അവർ ഇതെല്ലാം ചെയ്തു കൂട്ടിയത്.. പിറകിലെ മതിൽ പൊളിച് ജെസിബി കൊണ്ട് വന്നാണ് ഗ്രൗണ്ട് നാശമാക്കിയത്..

ഇത്രയൊക്കെ ചെയ്തിട്ടും ഒരു ആക്ഷനും എടുക്കാതിരുന്നാൽ വിദ്യാർത്ഥികൾക്കിടയിൽ അതൊരു ചർച്ചാ വിഷയമാവും.. " "എനിക്കറിയാം അമിത്.. വളരെ ഗൗരവം ചെലുത്തേണ്ട കാര്യം തന്നെയാണിത്.. പൊലീസിന് ഞാൻ ഇൻഫോർമേഷൻ കൊടുത്തു കഴിഞ്ഞു.. പോലിസ് എത്രയും പെട്ടന്ന് അന്വേഷിച്ചോളും... പിന്നെ... ഒരു കാരണവശാലും കോളേജിലെ കുട്ടികൾ ഡ്രഗ്സ് ഉപയോഗിക്കുന്നത് അവർ അറിയാൻ പാടില്ല... ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് നമ്മൾ തന്നെ കണ്ടു പിടിച്ച് ഇതവസാനിപ്പിക്കണം.. അത് നിനക്ക് വിട്ട് തരികയാണ്.. പുറം ലോകമറിയാതെ നീ ഇത് കൈകാര്യം ചെയ്യണം.. വിശ്വസിക്കാമെന്ന് ഉറപ്പുള്ള ഒന്നോ രണ്ടോ പേരെ മാത്രം കൂടെ നിർത്തിയാൽ മതി.." "ഓക്കേ മേം.. ഈ കോളേജിൽ അങ്ങനെ ഒരു ദുഃശീലം ഉണ്ടെങ്കിൽ അത് തുടച്ചു മാറ്റേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.. ഞാൻ നോക്കിക്കോളാം.. "

അമിത് വാക്ക് കൊടുത്തു കൊണ്ട് ഓഫിസിൽ നിന്നിറങ്ങി.. ഈ തെമ്മാടിത്തരം ചെയ്തത് ആരാണെന്നറിയാൻ അവന്റെ കൈകൾ തരിച്ചു... എത്രയും പെട്ടന്ന് അവരെ കണ്ടെത്തണം എന്ന വാശി അവനിൽ നിറഞ്ഞു..അമിത് ഓഫിസിൽ നിന്നും ഇറങ്ങാൻ കാത്തു നിന്ന ഈശ്വറും അനിയും കുറച്ചു വിദ്യാർത്ഥികളും അവനെ വളഞ്ഞു... "പോലിസ് വന്ന് അന്വേഷണം നടത്തി എന്തെങ്കിലും ഒന്ന് ആവാതെ ഇനി അവിടേക്ക് ആരും പോകേണ്ട എന്നാണ് പ്രിൻസിയുടെ ഓർഡർ.. ഇനി ഇത് ആരാ ചെയ്തതെന്ന് തെളിയും വരെ ഗ്രൗണ്ട് ശെരിയാക്കാൻ കഴിയില്ല.. സോ.. എല്ലാവരും സഹകരിക്കണം... " അമിതിന്റെ വാക്കുകൾ കേട്ട് എല്ലാവരും നിരാശയോടെ പിരിഞ്ഞു പോയി.. തങ്ങളുടെ സ്വപ്നം പൂവണിയാതെ പോയതിൽ വിദ്യാർത്ഥികളും തങ്ങളുടെ പ്രവർത്തനങ്ങളിൽ ആരംഭം തന്നെ പാളിയതിൽ പാർട്ടിയും ഒരു പോലെ ദുഖിച്ചു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story