ആത്മരാഗം💖 : ഭാഗം 57

athmaragam thanseeh

രചന: തൻസീഹ് വയനാട്

 ഡസ്കിൽ അമർന്ന് പൊങ്ങിയ ആര്യയുടെ കൈകൾ കണ്ട് ലീന ഞെട്ടലോടെ എഴുന്നേറ്റു നിന്നു... അവിടെ ഇരിക്കെന്ന അർത്ഥത്തിൽ ആര്യ ലീനയുടെ ചുമലിൽ പിടിച്ചിരുത്തി... കൈകൾ രണ്ടും ഡസ്കിൽ ഊന്നി തല അല്പം അവൾക്ക് നേരെ കുനിച്ച് ആര്യ അവളുടെ ഭയം തിങ്ങിയ കണ്ണുകളിലേക്ക് നോക്കി... ആര്യയുടെ സാന്നിധ്യം ലീനയിൽ ഭയം വർധിപ്പിച്ചു.... "എന്താ നിന്റെ പ്രശ്നം...ഇങ്ങനെ കരഞ്ഞൊലിപ്പിച്ച് നിൽക്കാതെ സീരിയസ് ആണെങ്കിൽ വാ തുറന്ന് പറ... " ആര്യയുടെ ഉയർന്ന ശബ്ദം കേട്ട് വാക്കുകൾ പുറത്തേക്ക് വരാതെ ലീന തലതാഴ്ത്തി.. അവളുടെ മാനസികാവസ്ഥ അറിയാവുന്നത് കൊണ്ട് തന്നെ അവളുടെ അടുത്തിരിക്കുന്ന കുട്ടി അവൾക്കായി സംസാരിച്ചു... "അത്... ഈ കോളേജിൽ മഹി എന്ന് പേരുള്ള സീനിയർ ഉണ്ടായിരുന്നു.. ശെരിക്കും ഗുണ്ട തന്നെ.. കോളേജിലെ ആദ്യ ദിവസം തന്നെ ഇവളെ റാഗിങ് ചെയ്തതിന്റെ പേരിൽ അമിത് ചേട്ടൻ അവനെ ശെരിക്ക് പെരുമാറിയിരുന്നു..പിന്നെ അവൻ ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു..

അതോടെ അവന്റെ ശല്യം തീർന്നെന്നാ ഞങ്ങൾ കരുതിയെ.. എന്നാൽ.... " അല്പം ഭീതിയോടെ അവൾ ലീനയെ നോക്കി... അവൾ അവസാനിപ്പിച്ചിടത്ത് നിന്നും ലീന തുടർന്നു.. " ഇന്നലെ അവൻ വന്നിരുന്നു.. ആരോഗ്യ പ്രശ്നങ്ങൾ കാരണം റസ്റ്റ് എടുക്കണമെന്നും തുടർ ചികിത്സക്കായി വിദേശത്തേക്ക് പോവുകയാണെന്നും പറഞ്ഞാണ് ടിസി വാങ്ങിയത്.. പക്ഷെ.. ഈ കോളേജിൽ നിന്നും മാറി നിൽക്കാനുള്ള അവന്റെ എന്തോ പ്ലാൻ മാത്രമാണ് ഈ ചികിത്സ.. അവനെന്തൊക്കെയോ മനസ്സിൽ കണ്ടിട്ടുണ്ട്.. ഈ കോളേജിൽ നിന്നാൽ അതൊന്നും നടക്കില്ല. പോകുന്ന പോക്കിൽ എന്നെ കാണാൻ വന്നിരുന്നു.. പ്രിൻസിയോട് പറഞ്ഞത് മാപ്പ് പറയാൻ ആണെന്നാ... പക്ഷെ.. എന്നോട് പറഞ്ഞത്... " ഒരു നിമിഷം നിർത്തി കൊണ്ടവൾ തല താഴ്ത്തി.. " ഈ കോളേജിലേക്കിനി താൻ ഇല്ലെന്നും അവന്റെ ഈ അവസ്ഥയ്ക്ക് കരണക്കാരിയായ എന്നെ വെറുതെ വിടില്ലെന്നുമാണ് പറഞ്ഞത്.... അവന്റെയാ കണ്ണുകളിലെ പക... അതിപ്പോഴും എന്റെ കണ്ണിൽ മായാതെ കിടക്കുന്നുണ്ട്..

എനിക്കെന്തോ പേടി ആവുന്നു.. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനൽ ആണവൻ.. എന്ത് ചെയ്താലും നിയമത്തിന് മുന്നിൽ നിന്ന് അവനെ രക്ഷിക്കാൻ ഒരുപാട് പേരുണ്ട്... ഞാൻ... ഞാനിനി എന്ത് ചെയ്യും... ഈ കോളേജിൽ നിന്നും ദൂരെ എങ്ങോട്ടെങ്കിലും പോയാലോ... എനിക്ക് വയ്യ ഇവിടെ... " കണ്ണുകൾ നിറഞ്ഞൊഴുകി ലീന പറഞ്ഞതും അനി വിഷമത്തോടെ അവളെ നോക്കി.. ആര്യയുടെ മുഖം കൂടുതൽ ഗൗരവം നിറഞ്ഞു നിന്നു... "ലീനാ.. നീയിങ്ങനെ പേടിച്ചാലോ... അവനൊന്നും ചെയ്യില്ല.. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.. " "അനീ.. നിനക്കവനെ അറിയാഞ്ഞിട്ടാ.. ആരൊക്കെ ഉണ്ടായാലും അവനെ നേരിടാൻ ഒരാൾക്കല്ലാതെ മറ്റാർക്കും കഴിയില്ല... അമിത് ചേട്ടന് മാത്രമേ അവനെ ഒതുക്കാൻ കഴിയൂ.. പക്ഷെ..ചേട്ടന്റെ പിറകെ നടന്ന് ഒരുപാട് വെറുപ്പിച്ചിട്ടുണ്ട് ഞാൻ.. അതിനാൽ തന്നെ എന്നോടുള്ള ദേഷ്യം കാരണം എന്നെ സഹായിക്കില്ലെന്നുറപ്പാണ്.. " മുന്നിൽ ഒരു വഴിയും കാണാതെ നിസ്സഹായയായി ഇരിക്കുന്ന ലീനയുടെ വാക്കുകൾ ആര്യയിൽ നീരസം ഉളവാക്കി..

"ഈ കാര്യത്തിന് നീയിങ്ങനെ കരഞ്ഞിരുന്നിട്ടോ പേടിച്ചിരുന്നിട്ടോ ഒരു കാര്യവുമില്ല.. നീയൊന്ന് സ്ട്രോങ്ങ് ആവണം ലീനാ.. എന്നാൽ പകുതി പ്രശ്നങ്ങൾ പരിഹരിക്കാം.. നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ തന്നെയാണ്.. നാമതിന് സ്വയം പര്യാപ്തമാവാതെ മറ്റുള്ളവരുടെ തണൽ തേടിയിട്ട് പ്രയോജനമില്ല.. എപ്പോഴും അവർ നമ്മുടെ കൂടെ കാണണം എന്നില്ല... സോ... എന്തും നേരിടാൻ നാം ആദ്യം നമ്മുടെ മനസ്സിനെ സജ്ജമാക്കണം.. പെണ്ണ് കരഞ്ഞിരിക്കാൻ നിന്നാൽ കരയിപ്പിക്കാനായി ഒരുപാട് പേരുണ്ടാവും..നീയാദ്യം കണ്ണുകൾ തുടച്ച് ധൈര്യത്തോടെ ഇരിക്ക് ...." ആര്യയുടെ നാവിൽ നിന്ന് ഉതിർന്ന വാക്കുകൾ കേട്ട് എല്ലാവരും അത്ഭുതത്തോടെ അവൾക്ക് ചുറ്റും കൂടി.. ആദ്യമായാണ് അനി അല്ലാതെ മറ്റൊരാളോട് ആര്യ ഇത്രയും സംസാരിക്കുന്നത് അവർ കാണുന്നത്.. എല്ലായിപ്പോഴും അവളെ കാണുമ്പോൾ ഒഴിഞ്ഞു മാറാറുള്ള ക്ലാസ്സിലെ കുട്ടികൾ എല്ലാം അവളുടെ വാക്കുകളിൽ ആകൃഷ്ടരായി അവളുടെ അടുത്തേക്ക് വന്നു...

എല്ലാവരും തന്നെ കേൾക്കുകയാണെന്നറിഞ്ഞ ആര്യ എല്ലാവരെയും നോക്കി കൊണ്ട് മുന്നിൽ ചെന്ന് നിന്നു..... "വിത്ത് യുവർ പെർമിഷൻ.... എനിക്ക് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്... " അവളുടെ വാക്കുകൾക്ക് കാതോർത്ത് കൊണ്ട് എല്ലാവരും ബെഞ്ചിൽ ഇരുന്നു.. എന്താ ആര്യ പറയാൻ പോകുന്നെ എന്ന ആകാംക്ഷയിൽ അനിയും കാതോർത്തിരുന്നു... "ലീനയോട് മാത്രമല്ല.. നിങ്ങൾ എല്ലാവരോടും എനിക്കിത് തന്നെയാണ് പറയാൻ ഉള്ളത്.. നമുക്ക് നേരെ വരുന്ന അതിക്രമങ്ങൾ തടയാൻ നാം സ്വയം തയ്യാറാവണം.. ഭയപ്പെട്ട് ഓടി ഒളിക്കുന്നവൾ ആവരുത് പെണ്ണ്.. സധൈര്യം മുന്നോട്ട് നീങ്ങണം.. അനി മുന്നോട്ട് വെച്ച ഒരു നിർദ്ദേശം ഉണ്ടായിരുന്നു.. പെൺകുട്ടികൾക്ക് മാർഷൽ ആർട്സ് ലഭ്യമാക്കണം എന്ന്.. ഏത് സാഹചര്യത്തെയും അതിജീവിക്കാൻ നാം പരിശീലിക്കണം... മാർഷൽ ആർട്സ് വന്നാൽ എന്റെ എല്ലാ വിധ സഹകരണവും ഉണ്ടാവും... പിന്നെ.. ബോയ്സിനോട്... നിങ്ങൾ ആരും സീനിയേഴ്സിനെ കണ്ട് പേടിച്ച് മാറി നിൽക്കേണ്ടവർ അല്ല.. ഈ കോളേജ് എല്ലാവർക്കും ഉള്ളതാണ്..

പ്രത്യേകം അധികാരം സീനിയേഴ്സ്സിന് ഇല്ല.. ഇനി അവരുടെ മുന്നിൽ തല താഴ്ത്തി ആണുങ്ങളുടെ വില കളയരുത്.... " ആര്യയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി ആയിരുന്നു എല്ലാവരുടെയും പ്രതികരണം... ആര്യയോടുള്ള എല്ലാവരുടെയും സമീപനത്തിൽ അതോടെ മാറ്റം വന്നു.. അവളെ പേടിയോടെ നോക്കി കണ്ട ഓരോ കണ്ണുകളിലും അവളോടുള്ള ബഹുമാനം വളർന്നു വന്നു.. ലീനയോട് ഒരു കാരണവശാലും പേടിക്കേണ്ടെന്നും കൂടെ ഉണ്ടെന്നും ഉറപ്പ് നൽകി കൊണ്ട് ആര്യ അനിയുടെ കൂടെ തന്റെ സീറ്റിലേക്ക് നടന്നു.... ************ പ്യൂണിന്റെ അറിയിപ്പ് കിട്ടിയതും ക്ലാസ്സിൽ നിന്നും അമിത് പ്രിൻസിയുടെ ഓഫീസിലേക്ക് നടന്നു.. അവിടെ എത്തിയപ്പോൾ അനിയും നടന്ന് വരുന്നതവൾ കണ്ടു.. ആര്യ കൂടെ ഉണ്ടെങ്കിൽ അവളെ വട്ട് പിടിപ്പിക്കാമായിരുന്നു എന്ന ചിന്തയിൽ അവനൊന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി...

പിറകെ കയറിയ അനിയുടെ മനസ്സ് നിറയെ അമിതിന്റെ ചിരി ആയിരുന്നു.. അമിതിന് കാര്യമായെന്തോ തകരാർ സംഭവിച്ചിട്ടുണ്ടെന്ന ചിന്തയിൽ അവൾ പ്രിൻസിയുടെ മുന്നിൽ ചെന്ന് നിന്നു... "അമിത്.. അനി രുദ്ര.. നിങ്ങളെ വിളിപ്പിച്ചത് നമ്മുടെ ഗ്രൗണ്ടിന്റെ കാര്യം പറയാനാണ്.. " "അന്വേഷണം എവിടേം വരെ എത്തി മേം.. എത്രയും പെട്ടന്ന് തന്നെ അത് തുറന്ന് തരുമോ... " ആകാംഷയോടെ അനി ചോദിച്ചതും പ്രിൻസി എന്തോ കടലാസ് തപ്പിയെടുത്തു... "നോ.. പോലീസിന്റെ നിർദ്ദേശം നമ്മൾ പാലിക്കണം.... അവരെ പിടി കൂടാതെ ഗ്രൗണ്ട് താൽക്കാലികമായി അടച്ചിടാൻ ആണ് ഉത്തരവ്.. അന്വേഷണം പുരോഗമിക്കുന്നുണ്ട്. എത്രയും പെട്ടന്ന് നമുക്കാ ഗ്രൗണ്ട് വിട്ട് തരുമെന്ന് പ്രതീക്ഷിക്കാം... " "അപ്പൊ മേം പെൺകുട്ടികളുടെ സ്വപ്നമായ ബാസ്കറ്റ് ബാൾ ഇനി ഈ കോളേജിൽ അടുത്ത കാലത്തൊന്നും നടക്കില്ലെന്നോണോ..... " "അങ്ങനെ അല്ലാ.. അത് പറയാനാണ് നിങ്ങളോട് വരാൻ പറഞ്ഞത്.. മാനേജ്‌മന്റ്മായി ചർച്ച ചെയ്തതിന്റെ ഫലമായി ഇപ്പോഴുള്ള ഗ്രൗണ്ടിൽ പെൺകുട്ടികൾക്കും സൗകര്യം ഒരുക്കണം എന്നാണ് തീരുമാനം.."

"അത് പറ്റില്ല മേം... അടുത്ത ആഴ്ച കഴിഞ്ഞാൽ ഇന്റർ കോളേജ് ഫുട്ബാൾ മാച്ച് വരികയല്ലേ.. സോ ഗ്രൗണ്ടിൽ ബാസ്കറ്റ് ബാളിനായി സൗകര്യം ചെയ്യാൻ കഴിയില്ല.. 16 കോളേജ് മാറ്റുരക്കുന്ന മാച്ച് ആണ്.. നമ്മുടെ പ്രൗഢി വിളിച്ചോതുന്ന ഗ്രൗണ്ട് കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.. അതിനുള്ള കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുകയാണ്.. അതിനിടയിൽ ഇവരും കൂടി ഗ്രൗണ്ടിൽ സ്ഥാനം പിടിച്ചാൽ... " അത് വരെ മിണ്ടാതിരുന്ന അമിത് പറഞ്ഞതും അനിയുടെ മുഖം നിരാശയിലായി . "ഓഹ്.. അങ്ങനെ ഒന്നുണ്ടല്ലോ അല്ലെ.. എങ്കിൽ പിന്നെ മാച്ച് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും.. അതിനിടയിൽ ആ ഗ്രൗണ്ട് തന്നെ റെഡിയാക്കാൻ പറ്റുമോ എന്ന് നമുക്ക് നോക്കാം.. " "ഓക്കേ. മേം.. അതല്ലാതെ വേറെ വഴിയില്ലല്ലോ.. കാത്തിരിക്കാം.. ഗേൾസിനെ ഞാൻ പറഞ്ഞ് മനസ്സിലാക്കി കൊടുത്തോളാം... " നിരാശയോടെ ഓഫീസിൽ നിന്നും ഇറങ്ങിയ അനിക്ക് പിറകെ അമിതും നടന്നു.. ബ്രേക്ക് ടൈം ആയതിനാൽ ഈശ്വർ അവരെ കാത്ത്‌ പുറത്ത് നിൽപ്പുണ്ടായിരുന്നു... "എന്തിനാടാ വിളിപ്പിച്ചേ... "

കാര്യം അറിയാനുള്ള ത്വരയോടെ ഈശ്വർ മുന്നോട്ട് വന്നു.. അനിയുടെ മുഖത്തെ നിരാശയും അവൻ ശ്രദ്ധിച്ചു.. "വേറെ എന്ത്.. ഗ്രൗണ്ടിന്റെ കാര്യം പറയാൻ തന്നെ... " "ഏഹ്.. അത് തുറന്ന് തരാൻ അനുമതി കിട്ടിയോ.. " ആകാംഷയോടെ തന്നെ ഈശ്വറും അമിത്തിനെ നോക്കി. "ഇല്ലാ.. താല്കാലികത്തിന് ഇപ്പോഴുള്ള ഗ്രൗണ്ടിൽ പെൺകുട്ടികൾക്ക് സൗകര്യം ഏർപ്പെടുത്താൻ പറഞ്ഞു.. പക്ഷെ മാച്ച് അടുത്തില്ലേ.. അതിനാൽ അതും പറ്റില്ല.. " കാര്യങ്ങൾ വ്യക്തമായി അമിത് പറഞ്ഞതും ഈശ്വർ തൂണും ചാരി നിന്ന് മേൽപ്പോട്ട് നോക്കി.. "ഇങ്ങനെ പോയാൽ നമ്മുടെ മുന്നണിയെ കല്ലെടുത്തെറിയുമല്ലോ എല്ലാവരും.. ഈ വർഷം ഒന്നുമൊന്നും അങ്ങോട്ട് നടക്കുന്നില്ല.. ഗ്രൗണ്ട് ന്റെ അവസ്ഥ അങ്ങനെ.. വെള്ളത്തിന്റെ കാര്യത്തിൽ നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു.. പിരിവൊക്കെ ജോറായി നടന്നിട്ടും പഞ്ചായത്തിന്റെ കടലാസ് ശെരിയായി വന്നില്ല.... പൈപ്പ് ലൈൻ റെഡി ആക്കിയാൽ വെള്ളം ഉറപ്പെന്ന് പറഞ്ഞവരൊക്കെ എവിടയാണാവോ... പ്രതിപക്ഷത്തിന് നമ്മളെ താഴ്ത്തി കെട്ടാൻ അവസരങ്ങൾ ഏറെയായി..

പ്രതിപക്ഷം നമ്മുടെ മേൽ തിരിഞ്ഞാൽ ഈ കോളേജിലെ ഒറ്റ എണ്ണം നമ്മുടെ കൂടെ നിൽക്കുമെന്ന് തോന്നുന്നില്ല... നമ്മുടെ അജണ്ട പ്രകാരം ഒന്നും നടത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല... " നെടുവീർപ്പോടെയുള്ള ഈശ്വറിന്റെ വാക്കുകൾ കേട്ട് അനിയും അമിതും മൗനം പാലിച്ചു.. "നമുക്ക് സ്റ്റുഡന്റസ് ന്റെ മീറ്റിങ് കൂടിയിട്ട് എല്ലാം പറഞ്ഞാലോ.. ഈ കാരണങ്ങൾ ഒക്കെ കൊണ്ടാണ് പ്രവർത്തനങ്ങൾ വിചാരിച്ച പോലെ മുന്നോട്ട് പോകാത്തതെന്ന് പറയാം.. " "എന്തിന്.. അനീ.. നീ കല്ലേറ് വാങ്ങാൻ ഉറപ്പിച്ചിരിക്കാണോ " "അനി പറയുന്നതിലും കാര്യമുണ്ട്.. നമുക്കീ വിഷയം എല്ലാവരോടും പറയാം... ഈശ്വർ ലഞ്ച് ബ്രേക്ക് കഴിഞ്ഞ് മീറ്റിങ് ഉണ്ടെന്ന് എല്ലാവരെയും അറിയിക്ക്.. ആഡിറ്റോറിയത്തിൽ എത്താൻ പറ.. ഞാൻ പ്രിൻസിയോട് സമ്മതം വാങ്ങാം.. " അമിത് തിരികെ ഓഫീസിലേക്ക് കയറിയതും അനിയും ഈശ്വറും മീറ്റിങ് ഉള്ളത് എല്ലാവരെയും അറിയിക്കാനായി ക്ലാസ്സിലേക്ക് നടന്നു... ഓരോ ചളിയും അടിച്ച് അവനോടൊപ്പം നടന്ന അനി ആര്യ തന്നെ അന്വേഷിച്ച് വരുന്നത് കണ്ടു.. അവളെ കണ്ടതും പോവുകയാണെന്ന് പറയാൻ ഈശ്വറിന്റെ ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ അവിടെ അവന്റെ പൊടി പോലും ഉണ്ടായിരുന്നില്ല..

എവിടെ പോയെന്ന് അന്തം വിട്ട് കൊണ്ട് അനി ചുറ്റും നോക്കാൻ തുടങ്ങിയപ്പോഴേക്ക് ആര്യ അവളുടെ അടുത്തെത്തിയിരുന്നു.. "നീയിതെന്താ ഇവിടെ നിന്ന് വട്ടം തിരിയുന്നെ.. " "ഏയ്.. ഞാൻ... " "വാ... " അനിയേയും വലിച്ചു കൊണ്ട് ആര്യ ക്ലാസ്സിലേക്ക് നടന്നു.. ആര്യയുടെ വെട്ടം കണ്ട പാടെ ഈശ്വർ ഓടി ഒളിച്ചതോർത്ത് അനി ഊറി ചിരിച്ചു.. ************ പ്രിൻസിയുടെ സമ്മതം കിട്ടിയതും ലഞ്ച് ബ്രേക്കിന് ശേഷം എല്ലാ സ്റ്റുഡന്റസും ഓഡിറ്റോറിയത്തിൽ ഒത്തു കൂടി... ഇങ്ങനെയൊരു മീറ്റിങിനു കാത്തിരിക്കുകയാണെന്ന ഭാവം ആയിരുന്നു എതിർ പാർട്ടിക്കാരുടെ മുഖത്ത്.. അരുണും കൂട്ടരും നേരത്തെ തന്നെ ഓഡിറ്റോറിയത്തിൽ സ്ഥാനം പിടിച്ചു.. അമിത് സംസാരിക്കാനായി എഴുന്നേറ്റതും അരുണിന്റെ മുഖത്തൊരു പുച്ഛഭാവം നിറഞ്ഞു... "ഡിയർ സ്റ്റുഡന്റസ്... വളരേ വിഷമത്തോടെ ഒരു കാര്യമറിയിക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു കൂടി കാഴ്ച.. ഇലക്ഷന് മുന്നേ ഒരുപാട് വാഗ്ദ്ധാനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ നിരത്തിയിരുന്നു..എന്നാൽ സ്ഥാനമേറ്റ് നാളുകൾ കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ ഒന്നും കാര്യക്ഷമമായി നടപ്പിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല... ഗ്രൗണ്ടിന്റെ അവസ്ഥ ഏവർക്കും അറിയുന്ന കാര്യം ആണല്ലോ...

രണ്ടാഴ്ച കഴിഞ്ഞും സ്ഥിതി ഇങ്ങനെ തുടരുവാണേൽ ഇപ്പോഴുള്ള ഗ്രൗണ്ടിൽ പെൺകുട്ടികൾക്കായി സൗകര്യം ഏർപ്പാടാക്കാൻ ആണ് തീരുമാനം.." "നിങ്ങളുടെ ഈ തീരുമാനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട്.. എല്ലാവരെയും കബളിപ്പിക്കുന്ന നിങ്ങളുടെയീ പ്രവർത്തനങ്ങൾ നിർത്തിക്കോ...കുടിവെള്ളത്തിന്റെ പേര് പറഞ്ഞ് പിരിച്ച തുക ചെയർമാൻ മുക്കി എന്നാ തോന്നുന്നേ... വെള്ളം ഇത് വരെ ലഭിച്ചില്ല..നിങ്ങളുടെ പാർട്ടിയിലുള്ള വിശ്വാസം എല്ലാവർക്കും എന്നേ നഷ്ടപ്പെട്ടു... " രോഷത്തോടെ അരുൺ എഴുന്നേറ്റ് നിന്നതും അമിത് സംയമനം പാലിച്ചു... "പ്ലീസ്.. പറയാനുള്ളത് മുഴുവൻ കേൾക്കണം....എന്നിട്ട് പഴി ചാരാം.. കുടിവെള്ളത്തിന് പിരിച്ചെടുത്ത പണം എവിടെയും പോയിട്ടില്ല. കുടിവെള്ളത്തിന്റെ കാര്യം പെട്ടന്ന് ശെരിയാവും.. പഞ്ചായത്തിൽ നിന്ന് എല്ലാം ശെരിയാക്കി എടുത്താൽ മതി.. മാനേജ്മെന്റിന്റെ നിർദ്ദേശ പ്രകാരം പിരിച്ച തുക ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ് . അതവിടെ സേഫ് ആണ്.. മറ്റൊരു കാര്യത്തിനും ആ തുക വിനിയോഗിക്കില്ല.. കടലാസ് ശെരിയായാൽ ഉടനെ അതെടുക്കാം..

നമ്മുടെ ജോയിന്റ് സെക്രട്ടറി വിപിൻ എല്ലാം മാനേജ് ചെയ്യുന്നുണ്ട്.. അതിനെ കുറിച്ചാർക്കും ഒരു പേടിയും വേണ്ടാ... ഞങ്ങൾ പരിശ്രമിക്കാത്തത് കൊണ്ടല്ല.. പക്ഷെ സാഹചര്യമാണ് എല്ലാത്തിനും തടസ്സം നിൽക്കുന്നത്... ഞങ്ങളിൽ നിന്നും അസൗകര്യം ഉണ്ടായതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നു... എത്രയും പെട്ടന്ന് തന്നെ എല്ലാം ശെരിയാക്കി ഊർജസ്വലരായി ഓരോ പ്രവർത്തനങ്ങൾക്കും ഞങ്ങൾ മുന്നിട്ടിറങ്ങും.... " മാപ്പ് പറഞ്ഞു കൊണ്ടുള്ള അമിതിന്റെ വാക്കുകൾ അവസാനിച്ചതും എല്ലാവരും പരസ്പരം പിറുപിറുക്കാൻ തുടങ്ങി... പ്രതിപക്ഷം ഇടയിൽ കയറി രംഗം വഷളാക്കാൻ തുടങ്ങും മുന്നേ സ്റ്റുഡന്റസ്ൽ നിന്നും മൂന്നാല് പേർ എഴുന്നേറ്റ് നിന്നു... "ചെയർമാൻ ക്ഷമാപണം നടത്തേണ്ട ആവശ്യം ഒന്നുമില്ല.. കാര്യങ്ങളുടെ കിടപ്പ് എങ്ങനെയെന്ന് ഞങ്ങൾക്ക് മനസ്സിലാവും... ഗ്രൗണ്ട് ന്റെ ഉദ്ഘാടനം വരെ എത്തിയിട്ടും അത് കൈ വിട്ട് പോയത് നിങ്ങളുടെ കുറ്റമല്ലല്ലോ... സാരമില്ല.. നിങ്ങളുടെ പാർട്ടിയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസം ഉണ്ട്.. " "അതേ... എത്രയും പെട്ടന്ന് എല്ലാം ശെരിയാവാൻ ഞങ്ങൾ കാത്തിരുന്നോളാം.. "

എല്ലാവരും പൂർണ പിന്തുണയോടെ വിശ്വാസത്തോടെ അവരുടെ കൂടെ നിന്നതും തങ്ങളുടെ പ്ലാൻ ചീറ്റി പോയതിൽ വിഷണ്ണരായി അരുണും കൂട്ടരും ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങി പോയി.... കോളേജ് മുഴുവൻ ഒറ്റക്കെട്ടായി തങ്ങൾക്കൊപ്പം ഉണ്ടെന്ന് അറിഞ്ഞതിൽ അമിതും അനിയും ഒരുപോലെ സന്തോഷിച്ചു..... വിദ്യാർത്ഥികളെല്ലാം പിരിഞ്ഞു പോയപ്പോൾ വിപിന്റെ ഒരു സുഹൃത്തു അമിതിന്റെ അരികിലേക്ക് വന്നു... "ചേട്ടായീ,,,,രണ്ടു ദിവസമായി വിപിൻ ലീവ് ആണല്ലോ...വിളിച്ചിട്ട് കിട്ടുന്നുമില്ല....." "ഞാനവനെ കാണാത്തത് കൊണ്ട് ചോദിക്കണമെന്നു വിചാരിച്ചു നിൽക്കുവായിരുന്നു,,,,അവന്റെ വീട്ടിലെ ആരുടെയെങ്കിലും നമ്പർ ഉണ്ടോ കയ്യിൽ.....??" ഇല്ലെന്നവൻ പറഞ്ഞതോടെ ഓഫീസിൽ കാണും ഞാൻ തിരക്കിക്കോളാം എന്ന് പറഞ്ഞു അമിത് ഓഫീസിലേക്ക് നടന്നു....അവന്റെ വീട്ടിലെ നമ്പർ തപ്പിപിടിച്ചു വിളിച്ചപ്പോൾ വിപിന്റെ അമ്മയാണ് ഫോൺ എടുത്തത്...

.അവനെവിടെ എന്ന് തിരക്കിയപ്പോൾ അവന്റെ കൂട്ടുകാരൻ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്നും വേറെ ആരുമില്ലാത്തതു കൊണ്ട് അവൻ കൂട്ടിരിക്കുവാണെന്നും പറഞ്ഞു വിളിച്ചിരുന്നു എന്നും പറഞ്ഞു....അവനെത്തിയാൽ അമിത് വിളിച്ചിരുന്നെന്നും പറ്റിയാൽ എനിക്കൊന്നു വിളിക്കാനും പറയണം എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു....... ************ മീറ്റിങ് അവസാനിച്ചതും ആശ്വാസത്തോടെ അനി ആര്യയോടൊപ്പം വീട്ടിലേക്ക് പോകാനായി പുറത്തേക്കിറങ്ങി.. മാച്ചിന്റെ പ്രാക്ടീസ് ഇന്ന് ആരംഭിക്കുന്നതിനാൽ ആര്യയെ കുറച്ചു നാളത്തേക്ക് ദേഷ്യം പിടിപ്പിക്കാതെ ഫ്രീ ആക്കി വിടാൻ തീരുമാനിച്ചു കൊണ്ട് അമിത് പിന്നീട് ഗ്രൗണ്ടിലേക്ക് നടന്നു.... ആര്യയോട് സംസാരിച്ചു നടക്കുന്നതിനിയിൽ ബൈക്കിൽ കയറുന്ന അനിൽ സാറിനെ കണ്ടതും അനിയുടെ ഉള്ള് പിടയാൻ തുടങ്ങി..

സാർ കാണാത്ത വിധം തല താഴ്ത്തി അവൾ ആര്യയുടെ മറവിൽ നടന്നു.. അനിയുടെ പ്രവർത്തി കണ്ട് ഉള്ളിൽ ചിരിച്ച് ഒന്നും ചോദിക്കാതെ അവൾ മുന്നോട്ട് നടന്നു.. വഴിയിൽ ലീനയെ കണ്ടതും ആര്യയും അനിയും അവളുടെ അടുത്തേക്ക് ചെന്നു... "ലീനാ.. ഇപ്പോൾ ഉഷാറായല്ലോ.. ഈ ലീനയെ ആണ് ഇവിടെ ആവശ്യം.. ഇനി കരഞ്ഞിരിക്കല്ലേ ട്ടോ..." "ഇല്ല അനീ... നിങ്ങളൊക്കെ കൂടെ ഇല്ലേ.. ആ വാക്ക് മതി.. പേടിയൊക്കെ ദൂരെ പോകാൻ.. " "ഒരു പേടിയും വേണ്ട.. ആരും നിന്നെ ഒന്നും ചെയ്യില്ല. സ്ട്രോങ്ങ് ആയിരിക്ക്.. " ആര്യയുടെ വാക്കുകൾ കേട്ട് ലീന പുഞ്ചിരിച്ചു.. അനിയും ആര്യയും നടന്ന് പോയതും ലീനയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു... എത്രയൊക്കെ ധൈര്യം സംഭരിച്ചാലും മഹിയുടെ പേര് കേൾക്കുമ്പോൾ താൻ തളർന്നു പോകുന്നുണ്ടെന്ന് അവൾക്ക് ബോധ്യമായി... തന്റെ മുന്നിൽ വരാതെ മഹി എന്തോ വലിയ പ്ലാനിങ് ൽ ആണെന്നവൾ ഭീതിയോടെ ഊഹിച്ചു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story