ആത്മരാഗം💖 : ഭാഗം 58

athmaragam thanseeh

രചന: തൻസീഹ് വയനാട്

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫുട്ബാൾ മാച്ചിന് വേണ്ടി അംഗങ്ങളെ സെലക്ട് ചെയ്യുന്ന തിരക്കിൽ ആയിരുന്നു അമിത്.. ക്യാപ്റ്റൻ എന്ന അധികാരത്തോടെ തന്നെ തന്റെ ടീമിലേക്ക് മികച്ച പ്ലയേഴ്‌സിനെ അവൻ തിരഞ്ഞെടുത്തു... എല്ലാ ഇൻസ്ട്രക്ഷനും നൽകി പ്രാക്റ്റിസിന് എല്ലാവരെയും അവൻ തയ്യാറെടുപ്പിച്ചു.. അമിതിന്റെ കളി നോക്കി പുഞ്ചിരിച്ചു കൊണ്ട് ദൂരെ അക്ഷിത് ഇരിക്കുന്നുണ്ടായിരുന്നു... ഈശ്വർ പാർട്ടി മീറ്റിങ് എന്നും പറഞ്ഞ് കോളേജ് വിട്ട ഉടനെ സ്‌ഥലം വിട്ടു.. ഇനി രണ്ടാഴ്ചത്തേക്ക് അമിതിന്റെ തലയിൽ ഫുട്ബാൾ എന്ന ചിന്ത മാത്രമേ ഉണ്ടാവൂ എന്നതിനാൽ തന്നെ അമിത് ചെയ്യേണ്ട സകല ഉത്തരവാദിത്തങ്ങളും ഈശ്വറിന്റെ തലയിലാണ്.. പാർട്ടി പ്രവർത്തനങ്ങളെക്കാൾ അമിത് കൂടുതൽ ഊർജസ്വലത കാണിക്കുന്നത് തന്റെ ജീവനായ കാൽപന്ത് കളിയിൽ തന്നെയാണ്... നേരം ഒരുപാട് വൈകിയിട്ടാണ് അമിത് പ്രാക്ടീസ് അവസാനിപ്പിച്ചത്.. വീട്ടിൽ എത്തിയ ഉടനെ സോഫയിൽ ഇരിക്കുവായിരുന്ന അമ്മയുടെ മടിയിൽ തലവെച്ച് അമിത് നീണ്ടു നിവർന്നു കിടന്നു..

"മ്മ്മ്.. ഇനി അമ്മേടെ മോന് ഊണും ഉറക്കവും ഒന്നും ഉണ്ടാവില്ല അല്ലെ.. ഈ മാച്ച് കഴിഞ്ഞാലേ അമ്മയ്ക്കിനി ഒരു സമാധാനം കിട്ടൂ.. " കണ്ണുകൾ അടച്ചു കിടക്കുന്ന അമിതിന്റെ മുടിയിൽ പതിയെ തലോടി കൊണ്ട് അമ്മ പറഞ്ഞതും പുഞ്ചിരിച്ചു കൊണ്ടവൻ ഇരു കൈ കൊണ്ടും അമ്മയുടെ കൈ പിടിച്ച് ആ ഉള്ളം കയ്യിൽ തന്റെ മുഖം വെച്ച് കണ്ണുകൾ ഒന്നൂടെ ഇറുക്കി അടച്ച് സുഖമായി കിടന്നു.. അമിത് നന്നേ ക്ഷീണിതനായിട്ടുണ്ടെന്ന് മനസ്സിലാക്കിയ അമ്മ മറ്റേ കൈ കൊണ്ട് അവന്റെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു...... എത്ര നേരമങ്ങനെ അവൻ അവിടെ കിടന്നെന്നറിയില്ല.. ഞെട്ടി ഉണർന്നപ്പോൾ ഏട്ടന്റെ മടിയിലാണ്.. എന്തോ ബുക്ക് വായിച്ചു കൊണ്ടിരിക്കുന്ന ഏട്ടനെ ഒന്ന് നോക്കി അവൻ എണീറ്റു... സമയം ഒരുപാടായല്ലോ എന്ന് ക്ലോക്കിൽ നോക്കി കൊണ്ടവൻ സ്വയം പറഞ്ഞു..

അക്ഷര കുട്ടി ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.. നല്ല തലവേദന ഉണ്ടായത് കൊണ്ട് തന്നെ അവളെ ദേഷ്യം പിടിപ്പിക്കാൻ അവൻ പോയില്ല... ഉറക്കക്ഷീണം നല്ലത് പോലെ ഉണ്ടായിട്ടും കിടക്കാൻ നേരം ഫോണുമായി അമിത് ബാൽക്കണിയിലേക്ക് നടന്നു.. "അമീ... ഇനി ഫോണിൽ കളിച്ച് തലവേദന കൂട്ടേണ്ട...വന്ന് കിടക്ക്.. " "ഇപ്പൊ വരാം ഏട്ടാ.. ഏട്ടൻ കിടന്നോ" അമിത് അതും പറഞ്ഞ് ബാൽക്കണിയിലേക്ക് പോയി... അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അക്ഷിത് ബെഡിൽ ചെരിഞ്ഞു കിടന്നു..... ************ പിറ്റേന്ന് കോളേജിൽ എത്തിയ അവരെ സ്വാഗതം ചെയ്തത് ആർട്സിന്റെ അറിയിപ്പ് നോട്ടീസ്‌ ബോർഡിൽ പതിച്ചിരിക്കുന്നതാണ്.. സൂപ്പർ സീനിയേഴ്സ് ആയ അമിതിനും മറ്റുള്ളവർക്കും ഇനിയുള്ള ശ്രദ്ധ കൂടുതൽ പഠനത്തിൽ കൊടുക്കേണ്ടതിനാൽ ആർട്സ് പെട്ടന്ന് നടത്താൻ ആയിരുന്നു പ്രിൻസിയുടെ ഓർഡർ.. അമിത് മാച്ചിന്റെ കാരണം കൊണ്ട് തിരക്കിൽ പെട്ടതിനാൽ അനിക്ക് എല്ലാ ഉത്തരവാദിത്തവും ഏൽക്കേണ്ടി വന്നു... അവൾ അതിന്റെ തിരക്കിൽ മുഴുകിയതിനാൽ അനിൽ സാറിന് അവളെയൊന്ന് കാണാൻ പോലും കിട്ടിയില്ല....

ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ഫുട്ബാൾ ടീമിന്റെ മീറ്റിങ് ഉണ്ടായതിനാൽ അമിത് ക്ലാസ്സിൽ നിന്നിറങ്ങി... ടീമിലെ എല്ലാ അംഗങ്ങളും എത്തി കഴിഞ്ഞിരുന്നു.....പുതിയ കോച്ച് ജോയിൻ ചെയ്തിട്ടുണ്ടെന്ന് പ്രിൻസി നേരത്തെ തന്നെ അമിതിനെ അറിയിച്ചിരുന്നു.. എന്നാൽ എന്തോ പേഴ്സണൽ പ്രോബ്ലം കാരണം കോളേജിൽ എത്തിയിരുന്നില്ല... ഫുട്ബാൾ മാച്ച് വരാനിരിക്കുന്നത് കൊണ്ട് തന്നെ മികച്ച പ്ലയേഴ്‌സിനെ വാർത്തെടുക്കാനായി ഫുട്ബാൾ കോച്ചിങ് നടത്താൻ സാർ ഇന്ന് വന്നിട്ടുണ്ടെന്ന് രാവിലെ തന്നെ അമിത് എല്ലാവരെയും അറിയിച്ചു. പുതിയ കോച്ചിനുള്ള കാത്തിരിപ്പ് തുടർന്നതും അമിത് എല്ലാവർക്ക് മുന്നിലും നിന്ന് മാച്ചിനെ പറ്റിയുള്ള ഡീറ്റയിൽസും ടീമിന് ആത്മവിശ്വാസം നൽകി കൊണ്ട് കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.. മെയ് വഴക്കത്തോടെ പന്തിനെ എങ്ങനെ എതിരാളികൾക്ക് നൽകാതെ തന്റെ കാലിൻ ചുവട്ടിൽ നിർത്തി മുന്നേറാം എന്നവൻ നേരിട്ട് കാണിച്ചു കൊടുത്തു... എല്ലാവരുടെയും ശ്രദ്ധ അമിതിൽ ആയതും വാതിൽക്കൽ ഒരു നിഴൽ വന്ന് നിന്നു.....

കഴുത്തിൽ വിസിലും തലയിൽ തൊപ്പിയും മേൽ ജാക്കറ്റും സ്പോർട്ട്സ് ഷൂവും ധരിച്ച യുവ കോച്ചിങ് സർ അവരുടെ മുന്നിലേക്ക് നടന്ന് ചെന്നു.. സാറിനെ കണ്ടതും അമിത് മാറി നിന്നു.. എല്ലാവരോടും ഇരിക്കാൻ പറഞ്ഞ് സാർ ആകെ വീക്ഷിച്ചു.... "ഡിയേഴ്‌സ്... ഞാൻ ജിനോ മാത്യു... നിങ്ങളുടെ പുതിയ കോച്ചിങ് സാർ ആണ്... മനസ്സിലായി കാണും അല്ലെ.. ഓക്കേ.. വെൽ.. ടീമിന്റെ ക്യാപ്റ്റൻ...?? " അമിത് എഴുന്നേറ്റ് നിന്നതും സാർ ഒന്ന് മൂളി.. "അമിത് അല്ലെ... കുറച്ചു മുൻപ് ഇവർക്ക് കൊടുത്ത ഇൻസ്‌ട്രക്‌ഷൻസ് നന്നായിരുന്നു... ഈ കോളേജിലെ ബെസ്റ്റ് പ്ലെയർ ആണല്ലേ... കീപ് ഇറ്റ് അപ്പ്.. " അമിതിനോട് ഇരിക്കാൻ പറഞ്ഞു കൊണ്ട് സാർ തുടർന്നു.. "അമിത് ഉണ്ടാവുമ്പോൾ ഇങ്ങനെയൊരു കോച്ചിന്റെ ആവശ്യം ഇല്ലെന്ന ഒരു സംസാരം സ്റ്റുഡന്റ്സിന്റെ ഇടയിൽ ഉണ്ടെന്ന് പ്രിൻസി മേം പറഞ്ഞിരുന്നു.. അപ്പോൾ തന്നെ അമിതിന്റെ റേഞ്ച് ഞാൻ ഊഹിച്ചു.. ഇപ്പോൾ കുറച്ച് മുൻപ് അമിത് നിങ്ങളെ മുന്നിൽ കാണിച്ച ചില ടിപ്‌സ്, അതൊക്കെ ഒരു ടീമിന്റെ ഉയർച്ചക്ക് അത്യാവശ്യമാണ്.. വാശിയേറിയെ മത്സരമല്ലേ ഇപ്രാവശ്യം..

സോ.. നമ്മൾ കൂടുതൽ കെയർ ഫുൾ ആയിരിക്കണം.. പ്രാക്റ്റിസ് തുടർന്നു കൊണ്ടേ ഇരിക്കണം.. ഇനി ഇന്ന് മുതൽ നിങ്ങളിൽ ഒരംഗമായി ഞാനും ഇവിടെ ഉണ്ടാവും.." സംസാര പ്രിയൻ ആണ് സാർ എന്ന് അമിതിന് പെട്ടന്ന് മനസ്സിലായി...അതികം പ്രായമില്ല..ചെറുപ്പക്കാരൻ.. കേരള ടീമിൽ അംഗമാണ്.. ഫുട്ബാളിൽ എതിരാളികളെ തോൽപ്പിക്കാൻ ബുദ്ധി കൊണ്ടും മികവ് കൊണ്ടും മുന്നിൽ നിൽക്കുന്നവൻ.. ഈ കോളേജിന്റെ കോച്ച് ആയി ജിനോ സാറിനെ കിട്ടിയത് എന്ത് കൊണ്ടും നല്ലതാണെന്ന് അമിതിന് തോന്നി.. മീറ്റിങ് കഴിഞ്ഞ് എല്ലാവരെയും പരിചയപ്പെടുന്ന തിരക്കിൽ ആയിരുന്നു ജിനോ സാർ.. ലാസ്റ്റ്‌ ഹവറും കഴിഞ്ഞ് പ്രാക്ടീസിനായി ഗ്രൗണ്ടിൽ കാണാം എന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു... അമിത് പുറത്തേക്കിറങ്ങിയതും ജിനോ സാറും അവനോടൊപ്പം കൂടി.. "അമിത്.. പ്രിൻസി നിന്നെ കുറിച്ച് കുറെ പറഞ്ഞു.. ചെയർമാനും കാൽപന്ത് ലഹരി തലയിൽ പിടിച്ചവനും... അല്ലെ.. നല്ലൊരു ടീമിനെ വാർത്തെടുക്കാനും പരിശീലന സമയത്തും നിന്റെ ഹെൽപ് എനിക്കാവശ്യമായി വരും..

ഈ മാച്ചിൽ നമുക്ക് പൂർണ ജയം ഉറപ്പാക്കണം.. " ജിനോ സാറിന്റെ വാക്കുകൾക്ക് പുഞ്ചിരിയോടെ അമിത് ഉറപ്പ് നൽകി.. സാറിന്റെ കീഴിൽ രാവിലെയും വൈകിട്ടും വിശ്രമം ഇല്ലാതെ അമിതും ടീമും പ്രാക്ടീസിന് പിറകെ പാഞ്ഞു... ഒരാഴ്ച അവരിൽ നിന്ന് പെട്ടന്ന് കടന്ന് പോയി... ഈ ദിവസങ്ങളിൽ ഒന്നും അനിയേയും ആര്യയെയും ശെരിക്ക് കാണാൻ പോലും അവൻ ശ്രമിച്ചില്ല.. അവന്റെ ഉള്ളം നിറയെ കാല്പന്തിന്റെ ലഹരി ആയിരുന്നു...... അങ്ങനെ 16 കോളേജുകൾ മാറ്റുരക്കുന്ന ഇന്റർ കോളേജ് ഫുട്ബാൾ മാച്ച് പടി വാതിൽക്കൽ എത്തി... മാച്ചിനായി തയ്യാറാക്കിയ ഗ്രൗണ്ടിൽ അവസാന വട്ട പരിശീലനത്തിൽ ആയിരുന്നു അമിതും ടീമും... അതിനിടയിൽ എവിടെ നിന്നോ ഓടി കിതച്ചു കൊണ്ട് ഈശ്വർ അങ്ങോട്ടേക്ക് വന്നു.. അവന്റെ വരവ് കണ്ടതും എല്ലാവരോടും അല്പം ബ്രേക്ക് എടുക്കാൻ പറഞ്ഞു കൊണ്ട് അമിത് ഗ്രൗണ്ടിൽ നിന്നും കയറി.... "എന്താടാ നിന്ന് കിതക്കുന്നെ... കാര്യം പറ... " "അത് അമിത്.. അവിടെ... " കിതപ്പിൽ വാക്കുകൾ കിട്ടാതെ ഈശ്വർ കൈ ചൂണ്ടിയതും നെറ്റിത്തടം ചുളിച്ചു കൊണ്ടവൻ ഈശ്വർ കൈ ചൂണ്ടിയ ഭാഗത്തേക്ക് നടന്നു....

പുതിയ ഗ്രൗണ്ടിനായി പണികഴിപ്പിച്ച സ്ഥലത്തേക്കാണ് ഈശ്വർ അമിത്തിനെ കൊണ്ട് പോയത്.. "എന്താ അവിടെ... " പോകുന്ന പോക്കിൽ അവനെ നോക്കി കൊണ്ട് അമിത് ചോദിച്ചു.. "എടാ.. ഞാൻ.. ഞാൻ കണ്ടു.. മഹിയെ... അവിടെ നിൽക്കുന്നുണ്ട്.. ഒപ്പം രണ്ട് മൂന്ന് പേരും... എന്തോ കുഴപ്പമുണ്ട്.. " മഹിയുടെ പേര് കേട്ടതും അമിത് നടത്തം വേഗത്തിലാക്കി.. ടിസി വാങ്ങി പോയ അവൻ വീണ്ടും വന്നതെന്തിനെന്ന ചിന്ത അവനെ മൂടി... ഗേറ്റ് കടന്ന് ചെന്നതും ഈശ്വർ പറഞ്ഞ പോലെ മഹിയും കൂടെ രണ്ട് പേരും ഗ്രൗണ്ടിന്റെ മൂലയിൽ നിൽക്കുന്നുണ്ടായിരുന്നു... അവനെന്താ ഇവിടെ കാര്യം എന്ന സംശയത്തിൽ അമിത് അവരുടെ നേരെ നടന്നു... അവനെ കണ്ടതും അവർ എഴുന്നേറ്റ് തങ്ങളുടെ വണ്ടിയിൽ കയറി പോയി.... എന്തായിരുന്നു അവന്റെ ലക്ഷ്യം എന്ന് സ്വയം ചോദിച്ചു കൊണ്ട് അമിത് അവർ പോയതും നോക്കി നിന്നു... അവന്റെ പിറകിൽ നിന്ന ഈശ്വർ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചു..... പെട്ടന്ന് ഇരുവരുടെയും തോളിൽ ആരുടെയോ കര സ്പർശം കൊണ്ടതും ഞെട്ടലോടെ ഇരുവരും തിരിഞു നോക്കി...

"എന്താ അമീ ഇവിടെ നിൽക്കുന്നത്..." അമിതിനെ നോക്കി അക്ഷിത് ചോദിച്ചതും അമിത് തല ചെരിച്ച് മഹി നിന്ന സ്ഥലത്തേക്ക് നോക്കി.. "ആ മഹി ഉണ്ടായിരുന്നു അവിടെ.. എന്തോ ദുരുദ്ദേശം ഉണ്ടെന്ന് തോന്നുന്നു... എന്നെ കണ്ട പാടെ വണ്ടിയിൽ കയറി രക്ഷപ്പെട്ടു.. " "ഓഹ്.. അതൊക്കെ നമുക്ക് അന്വേഷിക്കാം.. നീ വാ.. " അവരെയും കൂട്ടി അക്ഷിത് തിരിഞ്ഞു നടന്നു... ഈശ്വർ വരുന്നില്ലെന്ന് കണ്ട അമിത് അവനെ തിരിഞ്ഞു നോക്കി. അവന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നത് അവൻ കണ്ടു.. "എന്താ ഡാ... വരുന്നില്ലേ... " "അമിത്.. ഇനി ഗ്രൗണ്ട് നാശമാക്കിയതിന്റെ പിന്നിൽ അവനായിരിക്കുമോ....??" ഈശ്വർ സംശയം പ്രകടിപ്പിച്ചതും അമിത് ചിന്തയിലാണ്ട് കൊണ്ട് പതിയെ തലയാട്ടി... "അന്വേഷിക്കാം... " അത് മാത്രം പറഞ്ഞു കൊണ്ട് അമിത് തിരിച്ച് പ്രാക്ടീസ് നടത്തുന്ന ഗ്രൗണ്ടിലേക്ക് നടന്നു... കൂടെ ഈശ്വറും. .. കളിക്കളത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കും മുൻപ് അമിതിന്റെ കണ്ണുകൾ അത് വഴി നടന്ന് പോയ ആര്യയിലും അനിയിലും തറച്ചു....

ഗ്രൗണ്ടിൽ ഇറങ്ങാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന അമിതിനെ കണ്ട് ഈശ്വർ എന്താ സംഭവം എന്ന അർത്ഥത്തിൽ അവനെ അടിമുടി നോക്കി... "നിനക്കെന്താണടാ ഭ്രാന്തായോ.. ആവശ്യം ഇല്ലാതെ ഒറ്റക്ക് ചിരിക്കുന്നു.. " "എനിക്ക് ഭ്രാന്ത് ആയിട്ടൊന്നുമില്ല.. എന്നാൽ ചിലരെ ഒന്ന് ഭ്രാന്ത് പിടിപ്പിക്കണം.. ഈ തിരക്കിനിടയിൽ അവരെ ഞാനങ്ങു മറന്നു.. ദിപ്പോ ശെരിയാക്കി തരാം.... " ഈശ്വറിനെ മുന്നിൽ നിന്നും മാറ്റി കൊണ്ട് അക്ഷിതിനെ നോക്കി കണ്ണിറുക്കി കൊണ്ട് അമിത് അവർക്ക് പിറകെ പോയി.. ആര്യക്ക് പിറകെ ആണ് പോയതെന്ന് മനസ്സിലാക്കിയ ഈശ്വർ അക്ഷിതിന് നേരെ തിരിഞ്ഞു.. "നിന്റെ അനിയൻ ആ പെണ്ണിന്റെ കയ്യിൽ നിന്നും തല്ല് ഇരന്നു വാങ്ങണം എന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ.... അവന്റെ സ്വഭാവം ആകെ മാറി പോയി.. അത് കൊണ്ടെന്താ ഇപ്പോൾ കോളേജിലെ ഒറ്റ എണ്ണത്തിന് അവനെ പേടിയില്ലാതെ ആയി.. " ഈശ്വറിന്റെ വാക്കുകൾ കേട്ട് അക്ഷിത് കണ്ണട ശെരിയാക്കി വെച്ച് കൈ രണ്ടും പിണച്ചു കൊണ്ട് അവനെ നോക്കി...

"ഈ കോളേജിലെ കുട്ടികളെ ഭയപ്പെടുത്തി നിർത്തിയിട്ട് അവനെന്ത് കിട്ടാനാ...ഇനി അതിൽ നിനക്ക് വല്ല പ്രയോജനവും കിട്ടുന്നുണ്ടോ.......??" അക്ഷിതിന്റെ വാക്കുകൾ കേട്ട് ഈശ്വർ തന്റെ കണ്ണുകൾ അവനിലേക്ക് തിരിച്ചു... "ഹ... നീയെന്താ ഒന്നും അറിയാത്ത പോലെ....അവനുള്ളത്‌ കൊണ്ടല്ലേ പാർട്ടി ഇങ്ങനെ എങ്കിലും നില നിന്ന് പോകുന്നത്... അവന്റെ സ്വഭാവം കുട്ടിക്കളിയിലേക്ക് പോയാൽ അവനെ ആർക്കും വില ഇല്ലാതാവും..അതോടെ പാർട്ടിയുടെ കാര്യം ഗോവിന്ദ.. കോളേജിന്റെ കാര്യം പിന്നെ പറയേ വേണ്ട.. " വരാനിരിക്കുന്ന നാളുകളെ മുന്നിൽ കണ്ടെന്നോണം ചാടി തുള്ളി പോകുന്ന അമിതിനെ നോക്കി നെടുവീർപ്പിട്ടു കൊണ്ട് ഈശ്വർ പറഞ്ഞു തീർത്തു....അവൻ പറഞ്ഞതിനോട് ശരി വെച് കൊണ്ടോ അതോ അങ്ങനെ ഒന്നുമില്ലെന്ന അർഥം കൊണ്ടോ എന്തോ അക്ഷിത് ചിരിച്ചു കൊണ്ട് മൂളി കൊടുത്തു..... ഗ്രൗണ്ടിൽ നിന്നും ഓടി ചാടി നടന്നു കൊണ്ട് അമിത് ആര്യക്കും അനിക്കും പിറകിൽ എത്തി....വാതോരാതെ സംസാരിക്കുന്നതിനിടയിൽ അനിയോ അവളെ കേട്ട് കൊണ്ടിരിക്കുന്ന ആര്യയോ അമിത് പിറകിൽ എത്തിയത് അറിഞ്ഞില്ല...

അമിതിന്റെ കാലടി ആര്യയുടെ കാതുകൾ വലിച്ചെടുത്തതും കാത് കൂർപ്പിച്ചവൾ തിരിഞ്ഞു നോക്കാൻ ഭാവിച്ചു.. അവളുടെ മുഖം പിന്നിലേക്ക് തിരിയാൻ നിന്നതും പെട്ടന്ന് അമിത് അനിയുടെ തോളിൽ കയ്യിട്ട് അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. ആര്യയാണ് തന്റെ തോളിൽ കൈയിട്ടതെന്ന ചിന്തയിൽ സംസാരം തുടരുന്നതിനിടയിൽ അമിതിനെ കണ്ടതും തുറന്ന വായ അടക്കാതെ അനി സ്റ്റക്കായി നിന്നു... അവളെ നോക്കി ചിരിക്കുന്നതിനിടയിൽ തല മുന്നിലേക്ക് കൊണ്ട് വന്ന് ആര്യയെ പാളി നോക്കി ചിരിക്കാനും അവൻ മറന്നില്ല.... അവന്റെ പ്രവർത്തിയിൽ പെരുവിരലിൽ നിന്നും ദേഷ്യം അരിച്ചു കയറിയ ആര്യ അമിതിന്റെ കൈകൾ അനിയുടെ ചുമലിൽ നിന്നും തട്ടി മാറ്റി... കണ്ണുരുട്ടി പേടിപ്പിക്കുന്ന അവളെ നോക്കി ഇപ്പൊ കാണിച്ചു തരാമെന്ന ഭാവത്തിൽ തലയാട്ടി കൊണ്ട്, പറന്ന് പോയ കിളികൾ ഇനിയും തിരിച്ചു വന്നിട്ടില്ലാത്ത അനിയെ തന്റെ ഇടത്തെ ഭാഗത്തേക്ക് നിർത്തി തോളിലൂടെ കയ്യിട്ടു... ഇരുവർക്കും നടുവിൽ നിന്ന അമിതിനെ നോക്കി എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന അനി ഇടം കണ്ണാലെ ആര്യയെ നോക്കി..

മെല്ലെ അമിതിന്റെ പിടിയിൽ നിന്നും ഊർന്നു പോകാൻ നോക്കിയ അനിയെ അവൻ ശക്തിയിൽ തോളിൽ അമർത്തി പിടിച്ചു... അവന്റെ കൈ കരുത്തിൽ നിന്ന് ഒരടി നീങ്ങാൻ അവൾക്കായില്ല.. "എന്തൊക്കെയാ മോളെ വിശേഷങ്ങൾ.. കുറെ ആയല്ലോ കണ്ടിട്ട്.. ചേട്ടൻ ചിന്ന ബിസിയിൽ പെട്ട് പോയി.. ഇനി ചേട്ടൻ എപ്പോഴും കൂടെ ഉണ്ടാവും... കേട്ടോ.. " അനിയെ നോക്കി അതും പറഞ്ഞ് ആര്യയിലേക്ക് തിരിഞ്ഞ് ദേഷ്യത്താൽ ചുവന്നിരിക്കുന്ന അവളുടെ മൂക്കിൻ തുമ്പ് ചൂണ്ട് വിരൽ കൊണ്ടൊന്ന് തട്ടി അനിയെ നോക്കിയവൻ ചുമ്മാ എന്ന് ചുണ്ടനക്കി കണ്ണിറുക്കി... അവന്റെ കുസൃതി നിറഞ്ഞ പെരുമാറ്റത്തിൽ മനസ്സറിഞ്ഞ് ചിരി പടർത്തിയ അനി അമിത്തിനെ തന്നെ നോക്കി നിന്നു.... കോളേജിൽ എല്ലാവരും ഭയക്കുന്ന ഹീറോ ഇങ്ങനെയൊരു ഭാവമാറ്റത്തിൽ തനിക്ക് മുന്നിൽ വന്ന് നിന്നതിൽ അവളുടെ ഉള്ളം സന്തോഷിച്ചു... അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി നിന്ന അനി ക്ഷണ നേരം കൊണ്ട് അമിതിന്റെ മുഖഭാവം മാറി വരുന്നത് ശ്രദ്ധിച്ചു..

കുസൃതി നിറഞ്ഞ ഭാവത്തിൽ നിന്നും വേദനയെടുക്കുന്ന ഭാവത്തിലേക്ക് അവന്റെ മുഖം മാറിയതും കാര്യം മനസ്സിലാവാതെ അവൾ ആര്യയെ പാളി നോക്കി.. അവളുടെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവവും തോന്നാത്തത് കൊണ്ട് അവൾ അമിത്തിലെക്ക് തന്നെ മുഖം തിരിച്ചു... എരിവ് വലിക്കുന്ന പോലെ അവന്റെ ചുണ്ടുകൾ പിളർന്ന് കണ്ണുകൾ സൈഡിലേക്ക് തിരിച്ചതും അനിയും അങ്ങോട്ട് നോക്കി... അപ്പോഴാണ് ആര്യയുടെ കയ്യിൽ ഞെരിഞ്ഞമരുന്ന അമിതിന്റെ കൈ അവൾ കണ്ടത്. തന്റെ സർവ്വ ശക്തിയും അമിതിന്റെ ചൂണ്ടുവിരലിൽ പ്രയോഗിക്കുന്ന ആര്യയെയും വേദന കൊണ്ട് പുളയുന്ന അമിതിനെയും മാറി മാറി നോക്കിയവൾ കണ്ണുകൾ തുറുപ്പിച്ചു.. ചൂണ്ടു വിരലിന്റെ ഞെരിഞ്ഞമരലിൽ അമിതിന്റെ കൈ അനിയുടെ തോളിൽ നിന്ന് താനേ ഊർന്നിറങ്ങി... ഉടനെ അനി ആര്യയുടെ കയ്യിൽ പിടിച്ച് അമിതിന്റെ ചൂണ്ട് വിരൽ വേർപ്പെടുത്താൻ ശ്രമിച്ചു.. "വാവീ.. വിട്.. മതി..." എത്ര ശ്രമിച്ചിട്ടും ആര്യയുടെ കൈകളിൽ നിന്ന് അമിതിന്റെ വിരൽ അവൾക്ക് മോചിപ്പിക്കാൻ ആയില്ല.ഒന്നൂടെ ഞെരിച്ചു കൊണ്ട് ആര്യ പിടി വിട്ടു...

വിടലിന്റെ ഊക്കിൽ കൈ ഉയർന്ന് പൊങ്ങിയതും ഒന്ന് മെല്ലെ കുടഞ്ഞു കൊണ്ട് മറ്റേ കയ്യിനാൽ ഈ കയ്യിനെ താങ്ങി പിടിച്ച് കണ്ണുരുട്ടി കൊണ്ടവളെ അമിത് നോക്കി... തിരിച്ച് അതിനേക്കാൾ മൂർച്ചയിൽ ആര്യ നോക്കിയതും ഇനി പ്രശ്നം മുറുകാതിരിക്കാൻ അനി ആര്യയെ വലിച്ചു കൊണ്ട് പോയി... "രക്തരക്ഷസ്സ്... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ ...." മനസ്സിൽ അവളെ നോക്കി പറഞ്ഞു കൊണ്ട് വേദന കൂടി വരുന്ന വിരൽ പൊക്കി പിടിച്ചു കൊണ്ട് അമിത് അക്ഷിതിന്റെ അടുത്തേക്ക് തിരിച്ചു നടന്നു..... കൈ പൊക്കി പിടിച്ച് വിരലിൽ ഊതി ഊതി വരുന്ന അമിതിനെ കണ്ടതും ഈശ്വറിന് ചിരി പൊട്ടി.. "എങ്ങനെ തുള്ളി ചാടി പോയവനാ.. ഇപ്പോൾ വരുന്ന വരവ് കണ്ടോ... "

പൊട്ടിച്ചിരിയോടെ അക്ഷിതിന്റെ തോളിൽ കൈ വെച്ച് ഈശ്വർ അമിതിനെ നോക്കി.. അമിത് അടുത്തെത്തിയതും ആര്യ പിടിച്ച് ഞെരിച്ച അവന്റെ കൈ പിടിച്ച് ഈശ്വർ മൂന്നാല് തവണ കുലുക്കി.. "എടാ.. അന്തസ്സായി ഇങ്ങനെ കൊള്ളാനും വേണം ഒരു തൊലിക്കട്ടി... " "ആ..... " അമിതിന്റെ വേദന കൂടിയതും ഈശ്വർ പെട്ടന്ന് ആ കൈവിട്ടു.. അടുത്ത നിമിഷം മറ്റേ കൈ കൊണ്ട് അമിത് ഈശ്വറിന്റെ കഴുത്തിൽ പിടിച്ച് അടുത്തുള്ള ചുമരിനോട് ചാരി നിർത്തി... " അ... ആ..... ഊ... " "ആഹ്.. ഇങ്ങനെ കൊള്ളാനും നിനക്ക് നല്ല തൊലിക്കട്ടി ഉണ്ടല്ലോ.. " മലയാള അക്ഷരമാല ചൊല്ലി പഠിക്കുന്ന ഈശ്വറിനെ നോക്കി കണ്ണുരുട്ടി കൊണ്ട് അമിത് അവനിൽ നിന്ന് പിടി വിട്ടു.. നടു തല്ലി വീണ ഈശ്വർ കഴുത്ത് ഒടിഞ്ഞോ എന്ന് ടെസ്റ്റ് ചെയ്യാൻ പതിയെ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു... ഭാഗ്യം ഒന്നും പറ്റിയിട്ടില്ലെന്ന് മെല്ലെ പറഞ്ഞ് കഴുത്തൊന്ന് ഉഴിഞ്ഞു കൊണ്ട് അവൻ പരാതി പറയാൻ എന്നോണം അക്ഷിതിനെ ദയനീയമായി നോക്കി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story