ആത്മരാഗം💖 : ഭാഗം 60

athmaragam thanseeh

രചന: തൻസീഹ് വയനാട്

അനിയുടെ കണ്ണുകൾ കളിക്കളത്തിൽ കളിച്ചു കൊണ്ടിരിക്കുന്ന അമിതിൽ ഉറച്ചു നിന്നു.....പരിസരം പോലും മറന്നു ഷോക്കായി ഏതോ ലോകത്തെന്ന പോലെ നിന്ന അനിയെ ആര്യ പിടിച്ചിരുത്തിയപ്പോഴാണ് അവൾ പറന്നു പോയ കിളികളെ തിരിച്ചു വിളിച്ചത്....അടുത്തിരിക്കുന്നവർ എല്ലാം കയ്യടിച്ച് കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ചെവിയിൽ പതിഞ്ഞപ്പോൾ നേരത്തെ സംഭവിച്ചതിന്റെ ഞെട്ടൽ മാറ്റി വെച്ച് അവളും അവരോടൊപ്പം ചേർന്നു.... നീട്ടി വലിച്ചു വിട്ട വിസിലോടെ അവൾ ഉത്സാഹത്തോടെടെ തങ്ങളുടെ കോളേജിന്റെ ജയം നേരിൽ കാണാൻ കാത്തിരുന്നു.... അവളുടെ ഓരോ പ്രവർത്തിയും ആ രണ്ട് കണ്ണുകൾ വർധിച്ച ദേഷ്യത്തോടെ വീക്ഷിച്ചു കൊണ്ടിരുന്നു.. ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന അമിതിനെയും കൂക്കി വിളിച്ച് സന്തോഷത്തോടെ കയ്യടിക്കുന്ന അനിയേയും മാറി മാറി നോക്കി കൊണ്ട് അനിൽ സാർ തന്റെ കൈകൾ ചുരുട്ടി പിടിച്ച് ദേഷ്യത്തിൽ തല തിരിച്ച് അവിടെ നിന്നും നടന്ന് പോയി...

ഇതൊന്നും അറിയാതെ അനി തുള്ളി ചാടി കൊണ്ടേയിരുന്നു... തുടർന്നുള്ള നിമിഷങ്ങൾ അമിതിൽ പ്രത്യേക ആവേശം ശരീരത്തെയാകെ പൊതിഞ്ഞ പോലെ ആയിരുന്നു....യാതൊരു ടെൻഷനും ഇല്ലാതെ കൂളായി മിനുറ്റുകൾക്കകം അവൻ അടുത്ത ഗോളും തന്റെ കാൽ കൊണ്ട് സാധ്യമാക്കി... ഗാലറി ഇളകി മറിയാൻ താമസം ഉണ്ടായില്ല.... തന്നെ പ്രോത്സാഹിപ്പിക്കുന്ന ഓരോരുത്തരുടെയും കയ്യടികൾ കാതിൽ തുളഞ്ഞു കയറും തോറും അവന്റെ കാലിലെ വീര്യം കൂടി വന്നു... കണ്ണുകൾ ഗോൾ പോസ്റ്റിലും കാലുകൾ പന്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് അവൻ മുന്നേറി കൊണ്ടിരുന്നു....... MSTM ലെ കാല്പന്തിന്റെ രാജകുമാരനെ തോൽപ്പിക്കാൻ ആവില്ലെന്ന് വീണ്ടും തെളിയിച്ച ആ മാച്ച് പര്യവസാനിച്ചത് 2-4 ഗോൾ പോയിന്റിൽ ആയിരുന്നു...അതിൽ മൂന്നു ഗോളുകൾ തന്റെ കോളേജിന് സമ്മാനിച്ച അമിതിനെ ഉയർത്തി പിടിച്ച് വിജയം ആഘോഷിക്കാൻ ആർപ്പ് വിളികളോടെ കാണികൾ ഒന്നൊന്നായി കളിക്കളത്തിലേക്ക് ചാടി ഓടി......

കൂടെ ഓടാൻ നിന്ന അനിയെ ആര്യ ബലമായി പിടിച്ചു വെച്ച് അവളെ ഒരു നോട്ടം നോക്കി.. ചിണുങ്ങി കൊണ്ട് അനി ദൂരെ നിന്ന് അമിതിന്റെ വിജയ പ്രകടനങ്ങൾ ആസ്വദിച്ചു...... വിജയിച്ച കോളേജിനുള്ള ട്രോഫിയും സമ്മാന തുകയും ക്യാപ്റ്റൻ ആയ അമിതിന് സമ്മാനിച്ചു കൊണ്ട് ആ ഫുട്ബാൾ ടൂർണമെന്റ് അവസാനിച്ചു... നാളുകൾ ഏറെയായുള്ള പരിശ്രമം വിജയം കണ്ടതിന്റെ സന്തോഷം മുഖത്തെ മാഞ്ഞു പോകാത്ത നിറഞ്ഞ ചിരിയിൽ അവൻ പ്രകടമാക്കി..... ട്രോഫിയിൽ പിടിച്ചു നിൽക്കുന്ന അമിതിനെ നോക്കി കൈ പിണച്ചു വെച്ചു അക്ഷിത് പുഞ്ചിരിച്ചു.. ആരവങ്ങൾക്കിടിയിൽ ഏട്ടന്റെ ശാന്തമായ മുഖം കണ്ണിൽ ഉടക്കിയതും സ്റ്റേജിൽ നിന്നും ചാടി ഇറങ്ങിയ അമിത് ഓടി പോയി അക്ഷിതിനെ കെട്ടിപ്പിടിച്ച് അവന്റെ മേലിൽ കയറി.... അവന്റെ പ്രവർത്തിയിൽ കണ്ടു നിന്നവരെല്ലാം ചിരി തൂകി. ആര്യയും അനിയും ആ കാഴ്ച കണ്ട് നിൽക്കുവായിരുന്നു.. ഏട്ടന്റെയും അനിയന്റെയും സ്‌നേഹ പ്രകടനം കൺ കുളിർക്കെ കണ്ട് അനി ചിരിയോടെ അവരെ നോക്കി നിന്നു...

"അനീ... കഴിഞ്ഞില്ലേ.. വാ പോകാം.. നേരം ഇപ്പോൾ തന്നെ ഒരുപാട് വൈകി... " അമിതിനോടുള്ള നീരസം കാരണം ആര്യ അനിയുടെ കയ്യിൽ പിടിച്ച് പോകാൻ നിന്നു.. മാച്ച് പര്യവസാനിച്ചത് കൊണ്ട് തന്നെ കലാശക്കൊട്ടിനുള്ള തയ്യാറെടുപ്പായി ഗ്രൗണ്ടിൽ പാട്ടും ഡാൻസും അരങ്ങേറാൻ തുടങ്ങിയിരുന്നു... അതെല്ലാം കണ്ട് പോകാൻ മനസ്സനുവദിക്കാതെ നിന്ന അനിയെ ആര്യ വലിച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു... അനിയെയും ആര്യയെയും വീക്ഷിച്ചു കൊണ്ട് അയൽ കോളേജിലെ ചില ആൺപിള്ളേർ ഗാലറിയിൽ ഇരിക്കുന്നുണ്ടായിരുന്നു... അവർ മുന്നിലൂടെ പോയതും അനിയെ അതിലൊരുത്തൻ അടിമുടി നോക്കി.... "എന്നാ കളിയാ അല്ലേടാ അവൻ കളിച്ചേ... മണിമണി പോലെയല്ലേ ഗോൾ ചെന്ന് വീണേ..." "അതേന്ന്... എവിടുന്നാ അവനിത്ര ഊർജം കിട്ടിയേ... ഹോ ഭയങ്കരം തന്നെ.. " കൂട്ടുകാർ പറയുന്നത് കേട്ട് അനിയെ നോക്കി കൊണ്ടിരുന്നവൻ അവളിലേക്ക് തന്റെ ദൃഷ്‌ടി ആഴ്ത്തി കൊണ്ട് പൊട്ടിച്ചിരിച്ചു... "ഊർജമല്ലേ ദേ ആ പോകുന്നത്...

ഈ പീസിനെ ഒന്ന് കൺ കുളിർക്കെ നോക്കിയാൽ പോരെ മോനേ... ഊർജം കിട്ടാതിരിക്കോ.... അല്ലേടീ മോളേ.. നീയാണോ അവന് സ്ഥിരം ഊർജം നൽകുന്നത്..... ഭയങ്കരി... കുറച്ച് ഊർജം നമ്മക്കും വേണമായിരുന്നു... " അനിയെ നോക്കി മുഖം തിരിച്ച് കൂട്ടുകാരോട് കണ്ണിറുക്കി വീണ്ടും മുഖം അനിയിലേക്ക് തിരിച്ചതും പെട്ടന്ന് മുഖത്തേക്ക് കൊണ്ട ശക്തമായ അടിയിൽ അവൻ പിന്നോട്ടാഞ്ഞു വീണു... കൂടെ ഇരിക്കുന്നവർ അമ്പരന്നു മാറി നിന്നു... എന്താ സംഭവിച്ചതെന്നോർത്ത് മൂക്കിലെ നനവിൽ അവനൊന്ന് തൊട്ടു.. കയ്യിൽ പറ്റിയ ചുടു ചോര കണ്ടതും അവൻ ഭീതിയോടെ മുഖം ഉയർത്തി.... കണ്ണുകളിൽ ആളിക്കത്തുന്ന ദേഷ്യത്തോടെ ഒരു ചാൺ ദൂരെ നിൽക്കുന്ന ആര്യയെ കണ്ടതും അവന്റെ ഉള്ളം കിടുങ്ങി... നിലത്തിരുന്ന് പതിയെ പിന്നിലേക്കവൻ നിരങ്ങി നീങ്ങി കൊണ്ടിരുന്നു....MSTM കോളേജിലെ പെൺപുലിയെ പറ്റി കേട്ടറിവില്ലെങ്കിലും ഇപ്പോഴവർ കൊണ്ടറിഞ്ഞു.... "നിനക്കാണോ ഡാ ഊർജം വേണ്ടത്.....ചൂടോടെ നന്നായിട്ടൊന്നൂടെ അങ്ങ് തരട്ടേ....."

ഭയപ്പെടുത്തുന്ന ശബ്ദത്തോടെ ചുവപ്പ് കലർന്ന മുഖത്തോടെ മുഷ്ടി ചുരുട്ടി അവന് നേരെ ഓങ്ങി കൊണ്ട് ആര്യ പറഞ്ഞതും വേണ്ടെന്ന് തലയാട്ടി ശരീരം വിറച്ചു കൊണ്ട് അവൻ അവൾക്ക് മുന്നിൽ പതറി ഇരുന്നു... കൈ താഴ്ത്തി കൊണ്ട് പോകാനായി പിന്തിരിഞ്ഞ ആര്യയെ കണ്ട് ആശ്വാസത്തോടെ അവൻ മുഖം താഴ്ത്തിയതും പെട്ടന്ന് തല ചെരിച്ചു കൊണ്ട് ആര്യ അവന്റെ മുഖം നോക്കി ഒരിടി കൂടി വെച്ച് കൊടുത്തു... ശക്തമായ ആ ഇടിയിൽ തലയൊന്ന് കലങ്ങിയ അവൻ ബോധം മറഞ്ഞ് പിന്നോട്ടാഞ്ഞു കിടന്നു....... "ഇനി പെൺകുട്ടികളോട് അനാവശ്യം പറയാൻ തോന്നുമ്പോൾ ഇത് ഓർമ വരണം....." കലിപ്പ് മാറാത്ത ആര്യ എഴുന്നേറ്റ് അനിയെ നോക്കി.. തല താഴ്ത്തി നിൽക്കുന്ന അവളെ കണ്ട് ദേഷ്യം മാറി ഹൃദയത്തിൽ വല്ലാത്തൊരു ഭാവം അവളിൽ വന്ന് നിറഞ്ഞു.. അവന്റെ കമന്റടി അവളെ വല്ലാതെ വേദനിപ്പിച്ചെന്ന് അവളുടെ മുഖത്തു നിന്ന് ആര്യ വായിച്ചെടുത്തു..... അവളുടെ കൈ പിടിച്ച് നടന്ന് നീങ്ങവേ പലരും അനിയെ നോക്കി മുറുമുറുപ്പ് ഉയർത്തുന്നത് ആര്യയുടെ ശ്രദ്ധയിൽ പെട്ടു.. ആദ്യമൊന്നും കാര്യമാക്കാത്ത അനി, അമിത് ചെയ്ത പ്രവർത്തിയിൽ തന്നെ വിമർശിക്കുകയാണെന്ന് മനസ്സിലാക്കിയതും അവളുടെ തല കൂടുതൽ താഴ്ന്നു.... "

ചെയർമാനെ എത്ര പെട്ടന്നാ അവൾ വലയിലാക്കിയത്.. കണ്ടില്ലേ എല്ലാവരും.. അല്ലെങ്കിലും ആണുങ്ങളെ തൊട്ടുരുമ്മി നടക്കാൻ അവൾക്കൊരു മടിയുമില്ല.... അമിതും അതിനനുസരിച്ചു നിന്ന് കൊടുക്കുന്നുണ്ടല്ലോ.. അത്ഭുതം തന്നെ... " "അതൊക്കെ അവളുടെ മിടുക്കാ.. അവൾ മയക്കി എടുത്തതാവും.. ഇങ്ങനെയും ഉണ്ടാവുമോ പെണ്ണുങ്ങൾ " "ഉണ്ടാവും.. അതല്ലേ നമ്മൾ കണ്ടത്. അത്രയും ആളുകളുടെ മുന്നിൽ വെച് അവൻ വന്ന് കെട്ടിപിടിച്ചപ്പോൾ യാതൊരു ഉളുപ്പും ഇല്ലാതെ നിന്നത് കണ്ടില്ലേ... " "ഇത് പോലെ ചില അവളുമാരുണ്ട്,,,,കാശും തൊലി വെളുപ്പും കണ്ടു പയ്യന്മാരെ പിന്നാലെ ഒലിപ്പിച്ചു കൊണ്ട് നടക്കുന്നവർ,,,,,ആണുങ്ങളല്ലേ,,,അവർ ചിലപ്പോൾ അവസരം മുതലാക്കാനും നിൽക്കും,,,,അത് അറിഞ്ഞാലും മനപ്പൂർവ്വം അവരുടെ തലയ്ക്കു മുകളിൽ റോന്ത് ചുറ്റുന്നുണ്ടെങ്കിൽ അവരെ അക്ഷരംപ്രതി വേശ്യ എന്ന് തന്നെ വിളിക്കാം,,,അതിന്റെ ഉത്തമ ഉദാഹരണമാണ് ആ പെണ്ണും....." അവളുടെ അഭിപ്രായം ശരി വെച്ചെന്നോണം കൂടെയുള്ളവർ പൊട്ടിച്ചിരിച്ചു.....

ഗ്രൗണ്ടിൽ നിന്ന് നടന്ന് ഗേറ്റിനടുത്തെത്താൻ ആയതും മുന്നിൽ പോയ മൂന്നാല് പെൺകുട്ടികളുടെ സംസാരം ആര്യയും അനിയും ശ്രവിച്ചു കൊണ്ടിരുന്നു.. അവർ പിറകെ ഉള്ളത് ആ പെൺകുട്ടികൾ കണ്ടിട്ടുണ്ടായിരുന്നില്ല... ദേഷ്യം വന്ന ആര്യ മുന്നോട്ടാഞ്ഞ് അവർക്ക് നേരെ അങ്കം കുറിക്കാൻ നിന്നതും അനി അവളുടെ കയ്യിൽ പിടിച്ച് ദയനീയമായി അവളെ നോക്കി വേണ്ടെന്ന് തലയാട്ടി... അവളിൽ നിന്ന് ആര്യ കൈ വിടുവിക്കാൻ നോക്കി എങ്കിലും അനി പിടുത്തം മുറുക്കി... മനസ്സൊരുപാട് വേദനിച്ചത് കൊണ്ട് അനിയിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നില്ല.. പക്ഷെ തന്റെ മനസ്സ് വേദനിച്ചെന്നറിഞ്ഞാൽ ആര്യയുടെ ദേഷ്യം കൂടുമെന്ന് മനസ്സിലാക്കിയ അനി പെട്ടന്ന് ഭാവം മാറ്റി പൊട്ടിച്ചിരിച്ചു... "എന്റെ വാവീ നീയെന്താ ചെറിയ കുട്ടികളെ പോലെ വഴക്കുണ്ടാക്കാൻ പോകുന്നെ.. " "അനീ... അവർ പറഞ്ഞത് നീ കേട്ടില്ലേ.... കൈ വിട്.. അവരെ ഞാനിന്ന്.... " "കേട്ടു.. അതിലിപ്പോ എന്താ ഉള്ളത്.. അവളുമാർക്ക് അസൂയ ഉള്ളത് കൊണ്ടല്ലേ പറഞ്ഞത്.. അത് നിനക്ക് മനസ്സിലായില്ലേ പൊട്ടീ..

അമിത് ചേട്ടനെ വായിനോക്കി നടക്കുന്നവളുമാരാണവർ. ഇങ്ങനെ എങ്കിലും പറഞ്ഞില്ലെങ്കിലെ അത്ഭുതം ഉള്ളൂ... പാവങ്ങൾ.. അവർ പറയട്ടെ .... പറഞ്ഞ് മനസ്സിലെ വേദന കുറക്കട്ടെ...." അതും പറഞ്ഞ് അനി ചിരിച്ചു കൊണ്ടേയിരുന്നു.... അവളുടെ ചിരി കണ്ടതും ആര്യയുടെ മുഖം ഒന്നയഞ്ഞു... അത് മനസ്സിലാക്കിയ അനി അവളുടെ കയ്യും പിടിച്ച് ഓരോ പൊട്ടത്തരവും പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നു.....പക്ഷേ ഓരോ അവളുമാരെയും നോട്ട് ചെയ്തു വെച്ചിരുന്നു....അവർക്കുള്ള പടക്കം ഉടനെ പൊട്ടും.... ************ നിമിഷ നേരത്തെ ബോധം മറയലിന് ശേഷം കണ്ണുകൾ തുറന്ന അവൻ തലക്ക് ക്ഷതം വല്ലതും സംഭവിച്ചോ എന്ന സംശയത്തിൽ കൈ രണ്ടും വേദന കൊണ്ട് പുളയുന്ന തലക്ക് മേലെ വെച്ച് എഴുന്നേറ്റിരുന്നു.. ആ സമയം അരികിൽ ആരോ ഇരിക്കുന്നെന്ന തോന്നൽ അവനിൽ ഉളവായതും ആരാണെന്നറിയാൻ അവൻ കണ്ണുകൾ തുറന്നു പിടിച്ചു നോക്കി... ഈശ്വർ ആണെന്ന് കണ്ടതും അവനൊന്ന് ചിരിച്ചു... തിരിച്ച് ഈശ്വറും ഒന്നാക്കി ചിരിച്ചു...

പാർട്ടി പ്രവർത്തകൻ ആയതിനാൽ തന്നെ ഈശ്വറിനെ എല്ലാവർക്കും സുപരിചിതമായിരുന്നു... തന്റെ ഇടത് ഭാഗത്തും ആരോ ഇരിക്കുന്നെന്ന് മനസിലായതും അവൻ മെല്ലെ മുഖം തിരിച്ചു... മൂക്കിൽ നിന്നും രക്തം ഒലിച്ചു വരുന്നുണ്ടായിരുന്നു.. അതിനാൽ തന്നെ മറഞ്ഞു വന്ന കാഴ്ച്ചയിൽ അവൻ കണ്ണുകൾ കൂടുതൽ തുറന്ന് ആരാണെന്ന് നോക്കി... ഉടനെ തന്നെ അവന്റെ ബോധം ഡബിൾ ഇരട്ടിയായി തിരിച്ചു വന്നു.. അടുത്തിരിക്കുന്ന അമിതിനെ കണ്ട് അവന്റെ കണ്ണ് വെളിയിലേക്ക് ചാടി.... കഷ്ടകാലത്തിന് ഇപ്പോൾ ബോധം പോവുന്നുമില്ലല്ലോ,എന്നോർത്തവൻ പരിതപിച്ചു.....ഈ കാലമാടന്റെ മുന്നിൽ പെടാനായി എന്തിനാ ഇപ്പോൾ തന്നെ ബോധം വന്നത് കുറച്ചു കഴിഞ്ഞ് വന്നാൽ പോരായിരുന്നോ എന്നവൻ ആത്മഗതം പറഞ്ഞു കൊണ്ടേയിരുന്നു... ആ കോളേജിലെ വീര നായകന്റെ സാഹസിക കഥകളെല്ലാം വ്യക്തമായി അറിയാവുന്നത് കൊണ്ട് തന്നെ മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് അവൻ മൂക്ക് പൊത്തി പിടിച്ച് ക്ഷീണം അഭിനയിച്ച് ബോധം മറയുന്നത് പോലെ കാണിച്ച് മലർന്നു കിടന്നു....

ഇനി ഈ അടുത്ത കാലത്തൊന്നും കണ്ണുകൾ തുറക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആരോ തന്നെ കയ്യിൽ പിടിച്ചു വലിച്ചെഴുന്നേൽപ്പിക്കുന്ന പോലെ അവന് തോന്നിയത്.. കണ്ണുകൾ തുറന്നതും പെട്ടന്ന് തന്നെയെടുത്ത് കൈകൾ കൊണ്ട് ഉയർത്തി വായുവിൽ കറക്കുന്ന അമിതിനെ കണ്ട് അവൻ അലറി വിളിച്ചു..... അവന്റെ വാക്കുകൾ നേരിട്ട് കേട്ട അമിത് അത് ആലോചിക്കും തോറും അവനിലെ പ്രഹരം കൂട്ടി... കയ്യിൽ നിന്നവനെ വലിച്ചെറിഞ്ഞതും ഒരലർച്ചയോടെ അവൻ നിലത്തേക്ക് വീണു.. വേദന കൊണ്ട് പുളഞ്ഞ് ക്രമേണ അവന്റെ ബോധം മറഞ്ഞു.. അമിതിന്റെ കലിപ്പ് ഇനിയും അവനോട് തീർക്കുമെന്ന് ഭയന്ന അവന്റെ കൂട്ടുകാർ ഓടി വന്ന് അവനെയും തൂക്കി പിടിച്ച് വേഗത്തിൽ സ്ഥലം കാലിയാക്കി..... നിയന്ത്രണം വിട്ട് കൊണ്ടിരിക്കുന്ന അവന്റെ മനസ്സ് മനസ്സിലാക്കി കൊണ്ട് തന്നെ അക്ഷിത് അവന്റെ കൈയിൽ കൈ ചേർത്ത് വെച്ച് കണ്ണുകൾ അടച്ചു തുറന്ന് ആശ്വസിപ്പിച്ചു......... ഏട്ടന്റെ മുഖം കണ്ടതും അവനിലെ ദേഷ്യം അടങ്ങി.... ************

വീട്ടിൽ എത്തിയ പാടെ അനി അച്ഛനോടും അമ്മയോടും വാതോരാതെ ഇന്നത്തെ മാച്ചിനെ പറ്റി പറഞ്ഞു കൊണ്ടേയിരുന്നു..അവളുടെ വിവരണം കേട്ട് മാച്ച് നേരിട്ട് കണ്ട പ്രതീതി ആയിരുന്നു ഇരുവരിലും.. "ഡീ.. മതി പറഞ്ഞത്.. ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് അടക്കത്തിലും ഒതുക്കത്തിലും സംസാരിക്കണം എന്ന്.. ഇത് ബെല്ലുമില്ല ബ്രെക്കുമില്ല.. വയസ്സിത്രെ ആയില്ലേ.. ഇനി ബുദ്ധി എന്നാ ഒന്ന് വെക്കുക... " "ആഹാ.. ഇതിപ്പോ നല്ല കഥ.. ഞാൻ സംസാരിക്കുന്നതാണോ പ്രശ്നം.. രാവിലെ വീട്ടിൽ നിന്നിറങ്ങി വൈകുന്നേരം വന്ന് കയറുമ്പോൾ അച്ഛനെയും അമ്മയെയും കണ്ട സന്തോഷത്തിൽ മതി മറന്നു പോകുന്നതല്ലേ.. അപ്പൊ അതിനും കുറ്റം... നിർത്തി.. ഒക്കെ നിർത്തി.. ഹാ... അല്ലേലും എനിക്കൊന്ന് വായ തുറക്കാൻ ഈ വീട്ടിൽ സ്വാതന്ത്ര്യം ഇല്ലല്ലോ... " മൂക്ക് ചീറ്റി അമ്മയുടെ സാരി തലപ്പ് കൊണ്ട് തുടച്ചതും അമ്മ അവളുടെ തലക്കൊരു കൊട്ട് കൊടുത്തു.. "വന്നിട്ട് അരമണിക്കൂർ ആയി.. കൊച്ചു പിള്ളേരെ പോലെ വിശേഷം പറഞ്ഞിരിക്കാ.. മര്യാദക്ക് പോയി ഡ്രസ്സ്‌ മാറ്റിയിട്ട് കുളിക്കാൻ നോക്ക്.. "

"അതിപ്പോ.. കുളിക്കണോ അമ്മേ... " ഇളിച്ചു കൊണ്ട് അവൾ പറഞ്ഞതും അമ്മ ഒരു നോട്ടം നോക്കി.. ഉടനെ ബാഗ് മാറോട് ചേർത്തവൾ എണീറ്റ് തലയാട്ടി കൊണ്ട് കുളിക്കാലോ എന്ന് പറഞ്ഞു... അനിയെ കളിയാക്കി ഊറി ചിരിക്കുന്ന അച്ഛനെ കണ്ടതും മുഖം ചുളിച്ചു കൊണ്ട് ബാഗ് അച്ഛന്റെ മേലേക്കിട്ട് കൊണ്ട് മുഖവും ചുണ്ടും കോട്ടി കൊണ്ട് അവൾ റൂമിലേക്ക് കയറി വാതിൽ അടച്ചു..... ഒരു നിമിഷം വാതിലിൽ ചാരി നിന്ന അനി പതിയെ വാതിലിനോട് ചേർന്ന് നിലത്തേക്ക് ഊർന്നിറങ്ങി ഇരുന്നു... ഷാൾ കൊണ്ട് വായ പൊത്തി പിടിച്ച് കണ്ണുകൾ ഇറുക്കി അടച്ചവൾ ശബ്ദം ഇല്ലാതെ പൊട്ടിക്കരഞ്ഞു.. വായിനോക്കി നടക്കാറുണ്ടെങ്കിലും തന്നെ കുറിച്ച് ഇത്തരം കമന്റ് ആദ്യമായാണ് വരുന്നതാലോചിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു... വല്ലാത്തൊരു ഹൃദയഭാരം അവളെയാകെ തളർത്തി.....

റൂമിൽ ബെഡിൽ ഇരുന്ന് കൊണ്ട് ആര്യ ഇന്നത്തെ സംഭവങ്ങൾ മനസ്സിൽ ഓർത്തു കൊണ്ടേയിരുന്നു.. അമിത് കാരണം അനി നാണം കെടുന്നത് ഇത് എത്രാമത്തെ പ്രാവശ്യം ആണെന്നോർത്ത് അവളിലെ ദേഷ്യം വർധിച്ചു...തന്നെ കാണിക്കാൻ ചിരിച്ചഭിനയിക്കുന്നുവെങ്കിലും അനിയുടെ ഹൃദയം വല്ലാതെ നൊന്ത് കാണുമെന്ന് അവളുടെ ഉള്ളം പറഞ്ഞു കൊണ്ടേയിരുന്നു... അമിതിനോട് തീർത്താൽ തീരാത്ത ദേഷ്യം അവളിൽ ഉടലെടുത്തു... രാത്രി റൈഡിനു അനിയെ കൂട്ടാതെ ആര്യ തനിച്ചു പോയി.. മൈൻഡ് റിലാക്സ് ആക്കാൻ താൻ തനിച്ചു പോകുന്നതാണ് നല്ലതെന്ന് തോന്നിയതിനാൽ അനിയോട് കൂടെ വരേണ്ടെന്ന് അവൾ പറഞ്ഞു.. യാത്രയിൽ ഉടനീളം വിങ്ങുന്ന മനസ്സുമായി എന്നാൽ കണ്ണുകളിൽ ദേഷ്യം ആളിക്കത്തിച്ചു കൊണ്ടവൾ സ്പീഡ് വർധിപ്പിച്ചു.... ഒരു നിശ്ചിത അകലം പാലിച്ചു കൊണ്ട് ആ അപരിചിതൻ അവളെ പിന്തുടർന്ന് കൊണ്ടേയിരുന്നു... അതൊന്നും ആര്യ ശ്രദ്ധിച്ചില്ല... കുന്നിൻ ചെരുവിൽ എത്തിയ അവൾ ഒരുപാട് നേരം ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്നു..... നിലാ വെളിച്ചം പരന്നൊഴുകുന്നതിനാൽ അവളുടെ കണ്ണുകൾ ശോഭായാർന്നു നിൽക്കുന്ന ചന്ദ്രനിലേക്കും മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളിലേക്കും ചെന്ന് പതിച്ചു..

കൈ പിണച്ചു വെച്ച് ഏറെ നേരം അവൾ ദൃഷ്ടി എടുക്കാതെ നോക്കി.. പൂർണ ചന്ദ്രന്റെ ശോഭയിൽ ഇരുളിനെ ഭേദിച്ച് പരന്നൊഴുകിയ നിലാവിൽ ദൂരേക്ക് നോക്കി കൊണ്ട് പെട്ടെന്ന് ആര്യ തന്റെ കൈകൾ കൂട്ടി പിടിച്ച് ആർത്തു കരഞ്ഞു......ഒരാള് പോലും അവളുടെ ശബ്ദം കേൾക്കില്ലെന്നതിനാൽ വിജനമായ ആ കുന്നിൻ ചെരിവിൽ വെച്ചാണ് ആര്യ അവളുടെ മനസ്സിലെ ഭാരം ഇറക്കി വെക്കാറുള്ളത്...അവളിലെ ദേഷ്യം അവൾക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാത്തതിനാൽ ഭ്രാന്തമായ കണ്ണുനീർ തുള്ളികളുടെ രൂപത്തിൽ അവൾ അതിനെ പ്രകടിപ്പിച്ചു... മുട്ട് കുത്തി നിലത്തിരുന്ന അവൾ മുഖം കൈകളാൽ പൊത്തി പിടിച്ചു....പതിയെ അതൊരു തേങ്ങൽ മാത്രമായി അവശേഷിച്ചതും അവൾ കൈകൾ മുഖത്തു നിന്നും എടുത്തു..... ഒഴുകി ഒലിക്കുന്ന ആര്യയുടെ കണ്ണുനീർ നിലാ വെളിച്ചത്തിൽ മുത്തു പോൽ തിളങ്ങുന്നത് ദൂരെ നിൽക്കുന്ന ആ അപരിചിതന്റെ കണ്ണിൽ പതിഞ്ഞു.. അതിന്റെ തിളക്കം തന്റെ കണ്ണിലേക്ക് ആഴ്ന്ന് പോയതും അയാൾ കണ്ണുകൾ അടച്ചു... പെട്ടന്ന്....

എന്തോ കാതിൽ അലയടിക്കുന്ന പോലെ തോന്നിയതും അവളുടെ ഹൃദയം ഒന്ന് അതിശക്തമായി തുടിച്ചു... കണ്ണുകൾ തുറന്ന് കൃഷ്ണമണി വികസിപ്പിച്ച് വെപ്രാളത്തോടെ അവൾ ചുറ്റും നോക്കി...ഇല്ലാ... ആരുമില്ല... ഇരുണ്ട രാവിലെ നിലാവും താനും മാത്രം...പിന്നെ... താൻ കേട്ടത് എന്താണ്.....??? വർധിച്ചു വരുന്ന ഹൃദയമിടിപ്പോടെ അവൾ പാറയിൽ നിന്നെണീറ്റ് നിന്നു...വീണ്ടും കണ്ണുകൾ ഇറുക്കി അടച്ച് നിമിഷങ്ങൾക്ക് മുൻപ് താൻ കാതിൽ കേട്ടത് എന്താണെന്ന് ഓർത്തു.... അടുത്ത ക്ഷണം... !! അവളിലെ ഹൃദയമിടിപ്പ് കൂടി....ഇത്രയും നേരം ദേഷ്യം നിയന്ത്രിക്കാൻ ആവാതെ പൊട്ടിക്കരഞ്ഞ കണ്ണുകളിൽ ആകാംഷയും അത്ഭുതവും വിരിഞ്ഞു നിന്നു..... അന്ന് തന്നെ സ്വയം മറക്കാൻ പഠിപ്പിച്ച ആ ഈരടികൾ... !!! അവ കാതിൽ വന്ന് അലയടിക്കുന്ന പോലെ അവൾക്ക് തോന്നി......

മനസ്സ് തീർത്തും ശാന്തമായ അവൾ ആ സ്വരങ്ങൾ എത്രമാത്രം തന്നിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു..... വീണ്ടും വീണ്ടും അവയെ സായുക്തമാക്കാൻ അവൾ കൊതിച്ചു.. എന്നാൽ മൈൻഡ് തീർത്തും റിലാക്സ്ഡ് ആയ ആര്യക്ക് വീണ്ടുമാ ഈരടികൾ കേൾക്കാൻ കഴിഞ്ഞില്ല...എല്ലാം തന്റെ മനസ്സിലെ തോന്നൽ മാത്രമാണെന്ന സത്യം അവൾ തിരിച്ചറിഞ്ഞു... എങ്കിലും തന്റെ ഹൃദയത്തെ അടിമപ്പെടുത്തിയ ആ സ്വരങ്ങൾ ഒന്നൂടെ തന്റെ കാതിൽ അലിഞ്ഞുവെങ്കിലെന്നൊരു നിമിഷം അവൾ ആഗ്രഹിച്ചു....... പൊട്ടിക്കരഞ്ഞ് ഭ്രാന്തമായി മാറിയ ആര്യ പെട്ടന്ന് ശാന്തയായി കാണപ്പെട്ടതും മരത്തിന് മറവിൽ നിന്നവളെ നോക്കി നിൽക്കുകയായിരുന്ന ആ അപരിചിതന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു... ************ "ക്കൂൂൂ..... " അതിരാവിലെ തന്നെ അക്ഷര കുട്ടി കമിഴ്ന്നു കിടക്കുന്ന അമിതിന്റെ പുറത്ത് കയറി അവന്റെ ചെവിയിൽ കൂവി വിളിച്ചു... കണ്ണും തുറന്ന് ഏതോ ആലോചനയിലാണ്ട് കിടക്കുന്ന അമിത് താൻ വന്നതും പുറത്ത് കയറി ഇരുന്നതും ഒന്നും മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടാണ് ചെവിയിൽ കൂവിയത്..

ഉടനെ ഞെട്ടി പിടഞ്ഞെണീറ്റ അവൻ അക്ഷര കുട്ടിയെ കണ്ടതും അവളെ പിടിക്കാനായി ബെഡിൽ നിന്നെണീറ്റു. എന്നാൽ അവന്റെ നീക്കം മനസ്സിലാക്കിയ അവൾ അവന് കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് റൂമിൽ നിന്നും ഓടി അമന്റെ റൂമിൽ കയറി.. അവളുടെ പിറകെ ഓടി ചെന്ന് വാതിൽ തുറന്ന അമിത് കണ്ടത് മൂടി പുതച്ച് ഉറങ്ങുന്ന അമനെ.. അവന്റെ അടുത്ത് കൈ ഇടുപ്പിൽ വെച്ച് അവനെ നോക്കി പുരികം പൊക്കി കളിക്കുന്ന അക്ഷര കുട്ടിയും ഉണ്ട്.. ഇന്ന് ലീവ് ആയതിനാൽ മൂടി പുതച്ചുറങ്ങിയതാണ് അമൻ.. മിണ്ടരുതെന്ന് കാണിച്ച് അമിത് ബെഡിലേക്ക് കയറി ഇരുന്നു.. അവൻ ഇരുന്ന പോലെ അക്ഷരയും ഇരുന്നു... റെഡി വൺ ടു ത്രീ എന്ന് ശബ്ദം ഇല്ലാതെ പറഞ്ഞ് പെട്ടന്ന് അവർ ഇരുവരും അമന്റെ പുതപ്പ് വലിച്ചു മാറ്റി ഇരു ചെവിയിലും ഉറക്കെ കൂവി.... "അമ്മേ......... " ഞെട്ടി എണീറ്റ് കൊണ്ട് അമൻ തന്റെ ചെവിയുടെ ഡയഫ്രം അടിച്ചു തകർത്ത കൂടപ്പിറപ്പുകളെ നോക്കി കണ്ണുരുട്ടി.. അമിതിന്റെ തോളിൽ കയറി അവന്റെ മുടി വലിച്ചു കൊണ്ട് അമൻ പകരം വീട്ടി..

അവനെയും അക്ഷര കുട്ടിയേയും തൂക്കി എടുത്തു കൊണ്ട് അമിത് താഴേക്ക് നടന്നു... ഒഴിവ് ദിനം ആയിട്ടും അക്ഷരകുട്ടിയുമായി വഴക്ക് കൂടി അവളെ വട്ട് പിടിപ്പിച്ചിട്ടും അമിത് ഒട്ടും സന്തോഷവാൻ അല്ലെന്ന് അക്ഷിത് മനസ്സിലാക്കി.. ഒഴിഞ്ഞിരുന്ന് എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്ന അവന്റെ അടുത്തേക്ക് അക്ഷിത് ചെന്ന് അവന്റെ അരികിൽ ഇരുന്നു.. "എന്താ... എന്ത് പറ്റി... ഇന്ന് ഉഷാറില്ലല്ലോ.. " "അത്.. ഏട്ടാ... ഇന്നലത്തെ ആ സംഭവത്തിൽ ആര്യക്ക് എന്നോടുള്ള ദേഷ്യം പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്..അവളെ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരിയാക്കണം എന്നൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല... അവളെന്റെ കുഞ്ഞു പെങ്ങളെ പോലെയല്ലേ.. ആ സമയത്ത് അവളുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ ചെയ്തു പോയതാ.. അല്ലാതെ....., " അമിതിന്റെ മുഖം വാടിയതും അക്ഷിത് അവന്റെ തോളിൽ കൈവെച്ചു.. "സാരമില്ല അമീ.. ആര്യ ഒരു പ്രത്യേക ടൈപ്പ് ആണെന്ന് നിനക്ക് അറിഞ്ഞൂടെ.. നിന്നോടുള്ള ദേഷ്യം അത്ര പെട്ടന്നൊന്നും അവളിൽ നിന്ന് കുറയില്ല.. അവളുടെ ജീവനെ നീ നോവിച്ചതല്ലേ..

അത് അത്ര വേഗം അവൾ മറക്കില്ല.. നീ വിഷമിക്കേണ്ട.. അവളുടെ മനസ്സിലെ തെറ്റിദ്ധാരണ ഒരു നാൾ മാറുക തന്നെ ചെയ്യും... " ഏട്ടൻ സമാധാനിപ്പിച്ചു എങ്കിലും അമിതിന്റെ മനസ്സിൽ നിന്നത് മാഞ്ഞു പോയില്ല.. ആര്യക്ക് തന്നോടുള്ള വെറുപ്പ് കൂടി കാണുമെന്ന് അവന്റെ മനസ്സ് പറഞ്ഞു... ************ കോളേജ് ലീവ് ആയതിനാൽ അനി മടി പിടിച്ച് അവിടെയും ഇവിടെയും തൂങ്ങി ഇരുന്നു.. അമ്മ അടുക്കളയിലേക്ക് വിളിപ്പിച്ചതും പണികളിൽ നിന്ന് രക്ഷപ്പെടാൻ അവൾ ആര്യയുടെ വീട്ടിലേക്കോടി.. എന്നാൽ ആര്യ കുളിക്കാൻ കയറി എന്നറിഞ്ഞ അവൾ തിരികെ വീട്ടിൽ തന്നെ എത്തി.. റൂമിൽ കയറി ബെഡിൽ കിടന്നവൾ ഓരോ ചിന്തയിൽ മുഴുകി.. ഇതിനിടയിൽ അവളുടെ വീടിന്റെ മുറ്റത്ത് ഒരു കാർ വന്നു നിന്നു... അനി അതൊന്നും അറിഞ്ഞതേയില്ല... ഹാളിൽ നിന്ന് അച്ഛൻ അവളെ നീട്ടി വിളിച്ചതും ആദ്യമൊന്നും അവൾ അത് കാര്യമാക്കാതെ മിണ്ടാതെ നിന്നു.. അമ്മയും കൂടെ വിളിച്ചതും അടുക്കളയിൽ കയറ്റാൻ ആണെന്ന് കരുതി അവൾ വീണ്ടും മൗനം പാലിച്ചു...

അച്ഛൻ വീണ്ടും അവളെ വിളിച്ചതും ശബ്ദം അല്പം ഉയർത്തി അവൾ കാര്യം അന്വേഷിച്ചു... അത് കേട്ട അമ്മ റൂമിലേക്ക് വന്ന് അവളുടെ കയ്യിൽ പിടിച്ച് ഹാളിലേക്ക് കൊണ്ട് വന്നു.. ഒട്ടും താല്പര്യമില്ലാതെ ഏതോ ലോകത്തെന്ന പോലെ മുഖം ചുളിച്ചു അവൾ അച്ഛന്റെ അടുത്ത് നിന്നു... "ദേ.. സൂക്ഷിച്ചു നോക്കിക്കേ.. ഇവള് തന്നെയാണോ നിങ്ങള് ഉദ്ദേശിക്കുന്ന ആള്.. മാറിയിട്ടൊന്നും ഇല്ലല്ലോ.. " അവളുടെ മുഖം വന്നവർക്ക് നേരെ പെട്ടന്ന് തിരിച്ചതും കഴുത്ത് വേദനിച്ച അവൾ അച്ഛന്റെ കയ്യിൽ കടിച്ചു..കൈ കുടഞ്ഞു കൊണ്ട് അച്ഛൻ കൈ മാറ്റിയതും അച്ഛനെ കണ്ണുരുട്ടി നോക്കി കൊണ്ടവൾ അവൾ പോകാൻ തിരിഞ്ഞു.. "മോൾക്ക് ഞങ്ങളെ മനസ്സിലായോ " ആ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി.. ഹാളിൽ നിൽക്കുന്നവരെ കണ്ടതും അവളാകെ അന്തം വിട്ടു.. ഇതിപ്പോ എവിടെ നിന്ന് പൊട്ടിമുളച്ചെന്ന് ചിന്തിച്ചു കൊണ്ട് വന്നവരെ ഓരോരുത്തരെയും അവൾ മാറി മാറി നോക്കി... പെട്ടന്ന്.... അവരിൽ ഒരാളിൽ അവളുടെ കണ്ണുകൾ ഉടക്കിയതും കണ്ണുകൾ വെളിയിലേക്ക് ചാടും വിധം പുറത്തേക്ക് വന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story