ആത്മരാഗം💖 : ഭാഗം 61

athmaragam thanseeh

രചന: തൻസീഹ് വയനാട്

വാതിൽ പടിയിൽ ചാരി നിന്ന് തല ചെരിച്ച് തന്നെ നോക്കുന്ന ആളെ കണ്ടതും അനിയുടെ കിളികൾ കൂടും കുടുക്കയും എടുത്ത് പറന്നു പോയി.. താൻ കാണുന്നത് സ്വപ്നമാണോ അതോ യാഥാർഥ്യമാണോ എന്ന സംശയത്താൽ അവൾ കണ്ണുകൾ തിരുമ്മി തുറന്ന് പിടിച്ചു നോക്കി.... അതേ... അനിൽ സാർ തന്നെ.... സാർ എന്തിന് ഇവിടെ വന്നു... കൂടെ ഉള്ളത് ആരാണ്... അമ്മയും അച്ഛനും ആണോ.. അവരെയൊക്കെ കൂട്ടി തന്നെ വഴക്ക് പറയാൻ വന്നതാണോ.. പക്ഷേ സാർ പിറകെ നടക്കേണ്ട എന്ന് പറഞ്ഞതിന് ശേഷം നോട്ടം കൊണ്ട് പോലും സാറിനെ ശല്യം ചെയ്തിട്ടില്ലല്ലോ.. പിന്നെ വീട്ടിൽ വന്നൊരു കൂടിക്കാഴ്ച എന്തിനാവും... ചോദ്യ കൂമ്പാരങ്ങൾ മനസ്സിൽ വന്നടിഞ്ഞ് ചിന്താവിഷ്ടയായി അവൾ സാറിൽ നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു.. "ദേ ഇവളാണ് ഞങ്ങളുടെ മകൾ അനിരുദ്ര... നിങ്ങൾ പറഞ്ഞ അനിരുദ്ര ഇവൾ തന്നെയാണോ എന്ന് സൂക്ഷിച്ചു നോക്കിയേക്ക്.. " അനിയുടെ അച്ഛൻ പറഞ്ഞതും അനിൽ സാർ അതേ എന്ന് ചിരിച്ചു കൊണ്ട് തലയാട്ടി...

അനി ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ച് നിന്നു... ഈ സമയം സാറിന്റെ അമ്മ എന്ന് തോന്നിക്കുന്ന കൂടെ വന്ന സ്ത്രീ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കൈകളിൽ പിടിച്ചു.... ഞെട്ടി പോയ അനി അവരെ നോക്കി... "അനിരുദ്ര..... അനിൽ പറഞ്ഞിട്ടുണ്ട് മോളെ പറ്റി.. മോള് വാ.. " കയ്യിൽ പിടിച്ച് അവളെയും കൊണ്ട് സോഫയിലേക്ക് ഇരിക്കാൻ വേണ്ടി കൊണ്ട് പോയതും അനി അച്ഛനെ നോക്കി എന്താ സംഭവം എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു .... അവളെ ആക്കി കൊണ്ട് അച്ഛൻ ചിരിച്ചു കൊടുത്തതും ഭീഷണി പോലെ അവൾ പുരികം ഉയർത്തി എന്താ ഇവിടെ നടക്കുന്നെ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു... നീ പെട്ടു മോളേ എന്ന അർത്ഥത്തിൽ അച്ഛൻ ഇളിച്ചു കൊണ്ട് ഉത്തരത്തിലേക്ക് നോക്കി.... അൽപ സമയം മുൻപ് നടന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നു വന്നു.....

അല്പ സമയത്തിന് മുൻപ് "ദേ... അവളോടിങ്ങോട്ട് വന്നൊന്ന് സഹായിക്കാൻ പറഞ്ഞെ... കോളേജ് ഉണ്ടാവുമ്പോൾ എന്തായാലും ഒരു പണി എടുക്കില്ല.. എന്നാൽ പിന്നെ ലീവ് ഉള്ള സമയത്തെങ്കിലും അടുക്കളയിൽ കയറിക്കൂടെ... അതുമില്ല.... ഇങ്ങനെ പോയാൽ ഞാനീ ജോലി രാജി വെക്കും.. " ഭാര്യയുടെ പരാതി കേട്ട് അച്ഛൻ അനിയെ മെല്ലെ നീട്ടി വിളിച്ചു കൊണ്ടിരുന്നു.. എന്നാൽ യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല.. "അയ്യോ.. എന്തിനാ ഇങ്ങനെ വിളിക്കുന്നെ.. അല്പം കൂടെ മയത്തിൽ സ്നേഹത്തോടെ വിളിക്ക്.. അവളിപ്പോ വന്ന് ഈ ജോലി മുഴുവൻ തീർത്തു തരും.... ഹോ.. ഒരച്ഛനും മോളും... " ഇനിയും അവിടെ നിന്നാൽ ചെവിയിൽ പഞ്ഞി തിരുകി നടക്കേണ്ടി വരുമെന്ന് തോന്നിയതിനാൽ അച്ഛൻ പത്രവും എടുത്ത് മെല്ലെ ഉമ്മറത്തേക്ക് നടന്നു... ആര്യയുടെ വീട്ടിൽ നിന്ന് മതിൽ ചാടി റൂമിലേക്കോടിയ മകളെ കണ്ട് അച്ഛൻ തലയാട്ടി ചിരിച്ചു...

ഉമ്മറത്തെ കസേരയിൽ ഇരുന്ന് പാത്രം വായിക്കുന്നതിനിടയിലാണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത് അദ്ദേഹം ശ്രദ്ധിച്ചത്.. പത്രം മാറ്റി വെച്ച് കണ്ണട ഊരി മാറ്റി അദ്ദേഹം ആരാണെന്നറിയാൻ മുറ്റത്തേക്ക് നോക്കി..ശിവ വല്ലതും ആണോ ദൈവമേ എന്ന ചിന്തയിൽ നെഞ്ചിൽ ഉഴിഞ്ഞു കൊണ്ട് അദ്ദേഹം കാറിൽ നിന്നും ഇറങ്ങുന്നവർ ആരെന്നറിയാൻ ഉമ്മറ പടിയിൽ നിന്നു... പരിചയമില്ലാത്ത മൂന്ന് പേരെ കണ്ടതും അദ്ദേഹം തന്റെ ഭാര്യയെ വിളിച്ചു... "ഒരു പണിയും ചെയ്യാൻ സമ്മതിക്കരുത് കേട്ടോ... " സാരി തലപ്പിൽ കൈ തുടച്ച് ഓരോന്ന് പിറു പിറുത്തു കൊണ്ട് അമ്മ പുറത്തേക്ക് വന്നു... പെട്ടന്ന് മുറ്റത്തു നിൽക്കുന്നവരെ കണ്ടതും പറച്ചിൽ നിർത്തി ആരാണെന്ന് സൂക്ഷിച്ചു നോക്കി... ആരാ എന്ന അർത്ഥത്തിൽ ഭർത്താവിനെ നോക്കിയപ്പോൾ അതേ സംശയത്തിൽ അദ്ദേഹം ഭാര്യയെയും നോക്കി.. "അനിരുദ്രയുടെ വീട്...... " തെല്ല് സംശയത്തോടെ വന്നവരിൽ ഒരാൾ ചോദിച്ചതും ഞെട്ടലോടെ അച്ഛനും അമ്മയും പരസ്പരം നോക്കി...

ഇപ്രാവശ്യം എന്ത് പരാതിയാണ് മകളുടെ പേരിൽ എന്നറിയാതെ ആ അച്ഛൻ നെടുവീർപ്പിട്ടു.. "അതേ.. അനിരുദ്രയുടെ വീട് തന്നെയാണ്... നിങ്ങൾ......?. മനസ്സിലായില്ല... " വിനയത്തോടെ അച്ഛൻ ചോദിച്ചതും വന്നവരിൽ സന്തോഷം നിറഞ്ഞു നിൽക്കുന്നത് അച്ഛൻ ശ്രദ്ധിച്ചു.. "ഞാൻ അനിൽ.. അനിരുദ്രയുടെ കോളേജിലെ ലക്ച്ചറർ ആണ്.. ഇതെന്റെ അച്ഛൻ, അമ്മ... " അനിയുടെ സാർ ആണ് വന്നതെന്ന് അറിഞ്ഞതും അച്ഛന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു.. "നോക്ക്.. നിന്റെ മോള് എന്ത് പണിയാണാവോ കോളേജിൽ ഒപ്പിച്ചു വെച്ചിരിക്കുന്നത്.. സാറും കുടുംബവും വീട്ടിൽ വന്നിരിക്കുന്നു... എനിക്ക് വയ്യ സമാധാനം പറയാൻ.. കോളേജിൽ എത്തിയാൽ എങ്കിലും ഈ പരാതി പറച്ചിൽ തീരുമെന്ന് കരുതി.. ഇതിപ്പോ എല്ലാത്തിനേക്കാൾ വലുതാണല്ലോ ദൈവമേ.... ആ കുരുത്തം കെട്ടവളെ ഞാനിന്ന്.... " അതിഥികൾ കേൾക്കാതെ അയാൾ ഭാര്യയുടെ അടുത്തേക്ക് നീങ്ങി നിന്ന് മെല്ലെ പറഞ്ഞു.. മിണ്ടാതിരിക്കെന്ന് കണ്ണുരുട്ടി അമ്മ ആംഗ്യം കാണിച്ച് വന്നവരെ നോക്കി..

"വരൂ... കയറി ഇരിക്ക്... ആരാണെന്ന് മനസ്സിലായില്ല.. അതാ ചോദിച്ചത്... നിങ്ങള് വരൂ... " വന്നവരെ അകത്തേക്ക് ആനയിച്ചു കൊണ്ട് അനിയുടെ അച്ഛനും അമ്മയും ഹാളിലേക്ക് നടന്നു... അനിൽ സാറും കുടുംബവും സോഫയിൽ ഇരുന്നതും അമ്മ അച്ഛന്റെ മുഖത്തേക്ക് നോക്കി പറയെന്ന് ആംഗ്യം കാണിച്ചു... നീ പറയെന്ന് തിരിച്ചു കാണിച്ചതും അമ്മ കണ്ണുകൾ ഉരുട്ടി... അത് കണ്ടതും അച്ഛൻ അനിൽ സാറിന്റെ മുഖത്തേക്ക് നോക്കി.. "സാർ... ക്ഷമിക്കണം... ഇവിടേം വരെ സാറിനെ എത്തിച്ചതിൽ.. ഞങ്ങളുടെ മകൾ അല്പം കുസൃതിക്കാരിയാണ്.. ആരോട് എന്ത് പെരുമാറണം എന്ന് ഇത്രയും പ്രായമായിട്ടും അറിയില്ല... ഞങ്ങളുടെ കുറ്റം തന്നെ ആയിരിക്കാം... അവളുടെ ഭാഗത്ത് നിന്ന് സാറിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.. ഇനി അവൾ ആവർത്തിക്കില്ല.. തീർച്ച... " താഴ്മയോടെ അച്ഛൻ പറഞ്ഞതും അനിൽ അങ്ങനെ അല്ലെന്ന് തലയാട്ടി. അനിൽ സാറിന്റെ അച്ഛനും അമ്മയും എന്താ ഈ പറയുന്നേ എന്നോർത്ത് പരസ്പരം നോക്കി അനിൽ സാറിന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്...

അനിൽ സാർ എണീറ്റ് നിന്ന് കൊണ്ട് അനിയുടെ അച്ഛന്റെ കൈകളിൽ പിടിച്ചു... "അവളൊരു ബുദ്ധിമുട്ടും എനിക്കുണ്ടാക്കിയിട്ടില്ല.. കുസൃതിക്കാരിയാണ്.. എന്ന് കരുതി പ്രശ്നക്കാരിയല്ലാ... ഇനിയിപ്പോ സ്വല്പം കുസൃതി കൂടിയാലും ഞാനത്‌ സഹിച്ചു... " ചെറു ചിരിയോടെ അനിൽ സാർ പറഞ്ഞതും അന്തം വിട്ട് കൊണ്ട് അച്ഛൻ അവരുടെ മുഖത്തേക്ക് നോക്കി നിന്നു.... "എനിക്കൊന്നും മനസ്സിലായില്ല... " അച്ഛൻ പറഞ്ഞതും അനിൽ സാറിന്റെ അച്ഛനും അമ്മയും ചിരിച്ചു കൊണ്ട് എഴുന്നേറ്റു... "പേടിക്കുകയൊന്നും വേണ്ട.. ഇവനൊരു ആഗ്രഹം വന്ന് പറഞ്ഞു.. മക്കളുടെ ആഗ്രഹം നിറവേറ്റി കൊടുക്കുന്നതല്ലേ നമ്മൾ അച്ഛനമ്മമാരുടെ സന്തോഷം.... ഇന്നേവരെ ഇവന്റെ ആഗ്രഹങ്ങൾക്കൊന്നും ഞങ്ങൾ എതിര് നിന്നിട്ടില്ല.. ഇതും അങനെ ആവട്ടെ എന്ന് കരുതി.. " "ഇവിടുത്തെ മോളെ ഇവനിഷ്ടമാണെന്നും കല്യാണത്തിന് താല്പര്യം ഉണ്ടെന്നും പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞങ്ങളൊന്ന് ഞെട്ടി..

ജോലി ആയിട്ട് കല്യാണം മതിയെന്ന് പറഞ്ഞ് ഇത്രയും കാലം ആയിട്ടും ആ വഴിക്ക് തിരിഞ്ഞു നോക്കാത്തവനാ.. ആ അവൻ മനസ്സിൽ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ അത് ഞങ്ങൾക്കൊരുപാട് സന്തോഷം നൽകുന്നുണ്ട്.. " അനിൽ സാറിന്റെ അച്ഛന്റെയും അമ്മയുടെയും വാക്കുകൾ കേട്ട് അനിയുടെ അച്ഛന് തന്റെ ബോധം ഇപ്പോൾ പോകുമെന്ന അവസ്ഥയിലായി.. ഭാര്യയെ നോക്കിയപ്പോൾ ഭാര്യയും ഏതാണ്ട് ആ അവസ്ഥയിൽ തന്നെ... "അനിരുദ്രയെ ഞങ്ങൾ കൂടി കണ്ട്, നിങ്ങൾക്കും താല്പര്യം ഉണ്ടെങ്കിൽ മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാമല്ലോ എന്ന് കരുതിയാ ഞങ്ങളിപ്പോ വന്നത്... " "അത്.. ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്... സത്യത്തിൽ ഏത് അനിരുദ്രയുടെ കാര്യമാണ് നിങ്ങൾ പറയുന്നത്.. നിങ്ങൾക്ക് ആള് മാറിയിട്ടൊന്നും ഇല്ലല്ലോ... MSTM കോളേജിൽ പഠിക്കുന്ന അനിരുദ്ര തന്നെയാണോ... " സംശയത്തോടെ അച്ഛൻ ചോദിച്ചതും അനിൽ സാർ അതേ എന്ന് പറഞ്ഞു... അത് കേട്ടതും അനിയുടെ അച്ഛൻ വീണ്ടും ആശയകുഴപ്പത്തിലായി... ഇത് ഇങ്ങനെ വരാൻ വഴിയില്ലല്ലോ എന്നോർത്ത് അദ്ദേഹം അനിയെ നീട്ടി വിളിച്ചു.... "അവളിപ്പോൾ വരും...

എനിക്ക് തോന്നുന്നത് നിങ്ങൾക്ക് ആള് മാറിയെന്നാണ്.. " അതും പറഞ്ഞ് അച്ഛൻ വീണ്ടും അവളെ ഉറക്കെ വിളിച്ചു..................... "സ്വപ്നം കണ്ട് നിൽക്കാതെ അവരോട് സംസാരിക്ക് മനുഷ്യാ. " നടന്ന കാര്യങ്ങൾ ഒന്നൂടെ ഓർത്തു നോക്കുന്നതിനിടയിൽ അനിയുടെ അമ്മ വന്ന് അവർ കാണാതെ അച്ഛന്റെ കയ്യിൽ പിച്ചി കൊണ്ട് പറഞ്ഞു... അപ്പോഴാണ് അച്ഛൻ സ്വബോധത്തിലേക്ക് വന്നത്.. അനിൽ സാറിന്റെ അച്ഛന്റെയും അമ്മയുടെയും നടുവിൽ ഇരുന്ന് തന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്ന മകളെ കണ്ടതും അദ്ദേഹം വേഗം നോട്ടം മാറ്റി.. "ഞാൻ അനിലിന്റെ അമ്മയാണ്.. ഇത് അച്ഛൻ....മോള് സുന്ദരിയാണ് ട്ടോ.. ഇവൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.. എന്തായാലും ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.. ഇനി എത്രയും പെട്ടന്ന് മോന്റെ കയ്യും പിടിച്ച് മോള് ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നാൽ മതി... " തന്റെ തലയിൽ തലോടി അനിൽ സാറിന്റെ അമ്മ പറഞ്ഞതും അവളുടെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചു.... കേട്ടത് വിശ്വസിക്കാൻ ആവാതെ അവളുടെ മാൻ മിഴികൾ അനിൽ സാറിനെ തേടി..

തന്നെ നോക്കി ചിരിക്കുന്ന അനിൽ സാറിനെ കണ്ടതും അവളുടെ മിടിപ്പ് നിമിഷം തോറും വർധിച്ചു കൊണ്ടിരുന്നു... കൂടുതൽ നേരം സാറിനെ നോക്കാൻ ആവാതെ അവൾ തല താഴ്ത്തി... അനിയുടെ അമ്മ വന്ന് അവളെയും കൊണ്ട് റൂമിലേക്കു നടന്നു.. ഒരു സ്വപ്നലോകത്തെന്ന പോലെ പാവ കണക്കെ അവൾ അമ്മയോട് ചേർന്ന് നിന്നു.. അതിനിടയിൽ മുറ്റത്ത് കാർ കണ്ടത് കൊണ്ട് ആര്യ വീട്ടിലേക്ക് കയറി വന്നു... അവളെ കണ്ടതും അനി ഒരു നിമിഷം നിന്നു.. അനിൽ സാർ ആര്യയെ കണ്ടതും പുഞ്ചിരിച്ചു... സാറിനെ കണ്ട ആര്യ അത്ഭുതത്തോടെ സാറിനെയും അനിയേയും മാറി മാറി നോക്കി.... ആര്യയെ കണ്ട് ആരാണെന്ന് ചോദിച്ചപ്പോൾ ഉത്തരം നൽകിയത് അനിൽ സാർ ആയിരുന്നു..... അവരുടെ സംസാരം തുടർന്നതും അനിയും ആര്യയും അമ്മയും അകത്തേക്ക് ഉൾവലിഞ്ഞു.. "അമ്മേ.. ഞാൻ ചായയും പലഹാരവും എടുക്കാം.. അമ്മ പോയി അവളെ ഒരുക്ക് " അമ്മയെയും അനിയേയും റൂമിലേക്ക് ഉന്തി വിട്ട് ആര്യ അടുക്കളയിലേക്ക് പോയി.. എന്തെന്നില്ലാത്ത സന്തോഷം അവളെയാകെ പൊതിഞ്ഞു...

റൂമിൽ എത്തി നല്ല ഡ്രസ്സ്‌ ഇടാനും മുഖത്ത് പൌഡർ ഇടാനുമൊക്കെ അനി മടി കാണിച്ചു.. ഇപ്പോഴും കേട്ടതും കണ്ടതും വിശ്വസിക്കാനോ ഉൾക്കൊള്ളാനോ അവളുടെ മനസ്സ് തയ്യാറായിരുന്നില്ല.. ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവൾ.. "കോളേജിൽ പോകുമ്പോൾ രണ്ട് ടിൻ പുട്ടി വാരി തേക്കുന്ന നീയാണോ ഒരാവശ്യം വന്നപ്പോൾ വേണ്ടെന്ന് പറയുന്നത്.. നല്ല വീക്ക് വെച്ച് തരും.. മര്യാദക്ക് കണ്ണെഴുതിക്കോ.. ആ കൊച്ച് ഇത് എന്ത് കണ്ടിട്ടാണാവോ നിന്നെ കെട്ടാൻ വന്നിരിക്കുന്നത്.. എന്തായാലും പാവം... " അമ്മയുടെ വാക്കുകൾ കേട്ടതും അനി മുഖം വീർപ്പിച്ച് കണ്ണാടിയുടെ മുന്നിൽ ഇരുന്നു.. ഈ സമയം വീട് കാണാൻ എഴുന്നേറ്റ അനിലിന്റെ അമ്മ അവരുടെ മുറിയിൽ എത്തി.. അനിയെ കണ്ട് ചിരി തൂകി അവർ നടന്നു വന്നു... "എന്താ.. മടിയാണോ ഒരുങ്ങാൻ... " "ഏയ്.. അവൾ വെറുതെ... " അനിയുടെ അമ്മ ചിരിച്ചു കൊണ്ട് മെല്ലെ അവളെ നോക്കി കണ്ണുരുട്ടി.. അനിലിന്റെ അമ്മയെ കണ്ട് എഴുന്നേൽക്കാൻ നിന്ന അനിയെ അവർ പിടിച്ചിരുത്തി..

സ്വന്തം കൈ കൊണ്ട് അവൾക്ക് കണ്ണെഴുതി കൊടുത്തതും അനി അവരെ കണ്ണാടിയിലൂടെ നോക്കി... "ഇപ്പോൾ കൂടുതൽ സുന്ദരിയായി... അനിലിന്റെ നിർബന്ധത്തിന് ഇറങ്ങി തിരിച്ചതാ ഞങ്ങൾ.. അത് വെറുതെ ആയില്ല..അവൻ തിരഞ്ഞെടുത്തത് ഏറ്റവും നല്ലതിനെ തന്നെയാണ്... " അനിയുടെ അമ്മ തലയിൽ തലോടി പറഞ്ഞതും അനിയുടെ മുഖം നാണത്താൽ ചുവന്നു.. അവൾ പതിയെ തലതാഴ്ത്തി.. "അവന്റെ മൂത്തത് രണ്ട് ചേട്ടന്മാരും രണ്ടു ചേച്ചിമാരും ആണ്.. എല്ലാവരും കല്യാണം കഴിഞ്ഞ് സെറ്റിലായി.. ഇപ്പോൾ തറവാട്ടിൽ ഞങ്ങൾ മാത്രമേ ഉള്ളൂ.. അനിൽ ഉള്ളതും ഇല്ലാത്തതുമൊക്കെ കണക്കാ.. ജോലി ഒഴിഞ്ഞ നേരമില്ലവന്.. അവിടെ ഇവിടെയായി ട്യൂഷനും എടുക്കുന്നുണ്ട്.. വീട്ടിൽ ഒന്ന് മിണ്ടി പറയാൻ അവന് ഒഴിവില്ല.. അത് കൊണ്ട് തന്നെ ഉറങ്ങി കിടക്കാ വീടിപ്പോൾ... " ഒന്ന് നിർത്തി കൊണ്ടവർ കണ്ണാടിയിലൂടെ അനിയെ നോക്കി.. "ഇവിടെ വന്ന് മോളെ കണ്ടപ്പോൾ മനസ്സിലായി ഉറങ്ങി കിടക്കുന്ന വീടിനെ ഉണർത്താൻ ഈ വായാടിക്ക് കഴിയുമെന്ന്.ഈ അമ്മക്ക് മോളെ ഒത്തിരി ഇഷ്ടമായി "

കവിളിൽ മുത്തം നൽകി കൊണ്ട് അമ്മ പറഞ്ഞതും അനിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. അരികിൽ നിൽക്കുന്ന അനിയുടെ അമ്മയുടെയും കണ്ണുകൾ ഈറനണിഞ്ഞു... കയ്യിൽ കിടന്ന വള അവളെ അണിയിപ്പിച്ചു കൊണ്ട് അനിൽ സാറിന്റെ അമ്മ അവളെയും കൊണ്ട് ഹാളിലേക്ക് നടന്നു.... ************ അനിയുടെ അച്ഛനും തന്റെ അച്ഛനും സംസാരത്തിൽ മുഴുകിയതും അനിൽ സാറിന്റെ കണ്ണുകൾ പല വട്ടം അകത്തേക്ക് പോയി കൊണ്ടിരുന്നു... എന്തോ ഒരു ടെൻഷൻ ആ മുഖത്ത് കാണാമായിരുന്നു... ഹാളിൽ ഷെൽഫിൽ വെച്ച അനിയുടെ ഓരോ ഫോട്ടോസും പുഞ്ചിരിയോടെ സാർ നോക്കിയിരുന്നു... കുട്ടിക്കാലത്തെ ഓരോ ഫോട്ടോസ് കണ്ട് അന്നും ഇന്നും അവളൊരു കുസൃതിക്കാരി തന്നെ എന്ന് മനസ്സിൽ വിചാരിച്ചു.... ആ സമയം അകത്തു നിന്ന് അമ്മയോട് ചേർന്ന് നിന്ന് ഹാളിലേക്ക് വന്ന അനിയിലേക്ക് അനിൽ സാറിന്റെ ശ്രദ്ധ തിരിഞ്ഞു.. മെജന്ത കളർ ധാവണിയിൽ അതീവ സുന്ദരിയായിരിക്കുന്നു അനിയെന്ന് അനിലിന് തോന്നി പോയി..

അവളിൽ നിന്നും കണ്ണെടുക്കാതെയവൻ നോക്കി ഇരുന്നു..കണ്മഷി എഴുതിയ കണ്ണുകൾ തന്നെയൊന്ന് നോക്കിയെങ്കിൽ എന്നൊരു നിമിഷം അനിൽ കൊതിച്ചു.... എന്നാൽ അനി തല താഴ്ത്തി പിടിച്ചു... അവളുടെ ഹൃദയം പൊട്ടുമെന്ന അവസ്ഥയിൽ ആയിരുന്നു... ഉമിനീർ ഇടയ്ക്കിടെ ഇറക്കി വരണ്ട തൊണ്ട നനച്ചവൾ മിണ്ടാതെ നിന്നു.... ചായയും പലഹാരവുമായി ആര്യ വന്നതും അനി പിറകിലേക്ക് നോക്കി... മുതിർന്നവർ സംസാരിക്കാൻ തുടങ്ങിയതും ആര്യയും അനിയും മാറി നിന്നു... അനി നേരെ റൂമിലേക്കോടി ബെഡിൽ തല താഴ്ത്തി ഇരുന്നു... ആര്യയോട് പോലും ഒന്നും മിണ്ടാൻ വയ്യാത്ത സ്ഥിതിയിൽ ആയിരുന്നു അവൾ.. എല്ലാം യാഥാർഥ്യം തന്നെയാണെന്ന് തിരിച്ചറിഞ്ഞ അവൾ സന്തോഷത്താൽ കണ്ണുനീർ ഒഴുക്കി.. ഷെൽഫിൽ നിന്ന് തന്റെ ഏട്ടന്റെയും ചേച്ചിയുടെയും ഫോട്ടോ എടുത്തു കൊണ്ടവൾ അതിലേക്കേറെ നേരം നോക്കി ഇരുന്ന് തേങ്ങി.. "ഏട്ടാ... എനിക്ക്... എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല.. കൈവിട്ടു പോയെന്ന് കരുതിയതാണ് ഇപ്പോൾ പ്രതീക്ഷിക്കാതെ കയ്യിലേക്ക് വന്നണഞ്ഞത്... ഏട്ടൻ പറഞ്ഞത് പോലെ എന്റെ തല തെറിച്ച സ്വഭാവം മനസ്സിലാക്കി കൊണ്ട് തന്നെ ഒരാളെന്നെ തേടി വന്നിരിക്കുന്നു....

ഞാൻ.. ഞാൻ.. ഭാഗ്യം ചെയ്തവൾ തന്നെയാണല്ലേ ഏട്ടാ.....ഇന്ന് ഏട്ടനും ചേച്ചിയും കൂടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ.... " ചങ്ക് ഇടറി കൊണ്ട് തേങ്ങലോടെ അവളാ ഫോട്ടോയിൽ തന്റെ കൈകൾ കൊണ്ട് തലോടി.. കണ്ണുനീർ ഇറ്റ് വീണ ഫ്രെയിമിൽ അവൾ തന്റെ ഷാൾ കൊണ്ട് അവ തുടച്ചു നീക്കി.. കണ്ണുകൾ എത്ര തുടച്ചിട്ടും അവരെ നോക്കുംതോറും അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി കൊണ്ടിരുന്നു...... അകത്തേക്ക് ഉൾവലിഞ്ഞു നിന്ന ആര്യ അനിൽ സാറിന്റെ ശ്രദ്ധ തന്നിലേക്കാവാൻ മെല്ലെ ശബ്ദം ഉണ്ടാക്കി വിളിച്ചു.. അനിൽ സാർ മുഖം ഉയർത്തിയതും അവൾ ഇവിടെ വരൂ എന്ന് കൈകൾ കൊണ്ട് കാണിച്ചു.... അനിലിന്റെ കണ്ണുകൾ അകത്തേക്കാണെന്ന് കണ്ടതും അനിയുടെ അച്ഛൻ ചിരിച്ചു.. "മോൻ ചെന്നോ.. രണ്ടു പേർക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.. സാറും സ്റ്റുഡന്റ്ഉം ആണെങ്കിലും ചടങ്ങ് അത് പോലെ നടക്കട്ടെ... " എല്ലാവരും അതിനെ പിന്താങ്ങിയതും അനിയുടെ അമ്മ ആര്യയോട് അനിയുടെ മുറി കാണിച്ചു കൊടുക്കാൻ പറഞ്ഞു...

ആര്യ അവരുടെ ഇടയിൽ നിന്ന് മാറി പോയതും അനിലും അവളുടെ പിറകെ നടന്നു.. "സാർ.. എന്നോട് ക്ഷമിക്കണം... മനസ്സിൽ ഒന്നും വെക്കരുത്.. അന്ന് അനി വേദനിച്ചപ്പോൾ എന്റെ നിയന്ത്രണം വിട്ട് പോയതാ..ഞാൻ മോശക്കാരിയാണെന്ന് കരുതരുതേ.." "ഏയ്.. അങ്ങനെ ഒന്നും ഞാൻ വിചാരിച്ചിട്ടില്ല.. എനിക്കവളെ ആദ്യമേ ഇഷ്ടമായിരുന്നു.. സത്യം പറഞ്ഞാൽ നിന്നെ പേടിച്ചിട്ടാ പറയാതിരുന്നേ..അമിതിനെ നല്ല പൂശു പൂശുന്നത് ഞാൻ നേരിട്ട് കണ്ടതാണല്ലോ.. അപ്പോൾ ഉള്ള ധൈര്യം പോയി.. എങ്ങാനും എനിക്കിട്ട് നീ ഓങ്ങിയാലോ... പക്ഷേ കാര്യങ്ങൾ ഇങ്ങനെ ഒക്കെയായി.. " "ഞാനത്ര ഭീകരി ഒന്നുമല്ല ട്ടോ.. അനിയെ പോലെ പാവം തന്നെയാ" ഇരുവരും പരസ്പരം നോക്കി ചിരിച്ചു.. ആര്യയുടെ പെരുമാറ്റം അനിൽ സാറിൽ ഒരുപാട് സന്തോഷമുണ്ടാക്കി... "ഇനിയിപ്പോ സാറും സ്റ്റുഡന്റ്ഉം ഒക്കെ അങ് കോളേജിൽ മതി.. ഇവിടെ നമ്മൾ ഫ്രണ്ട്സ് ആണ്.. എന്റെ അനിയെ കെട്ടാൻ പോകല്ലേ... ഇനി ഇവിടെയും സാർ കളി വേണ്ട.... ഫ്രണ്ട്സ്.. " കൈ നീട്ടി ആര്യ പറഞ്ഞതും അനിൽ സാർ ചിരിച്ചു കൊണ്ട് അല്ലെന്ന് തലയാട്ടി..

"ബ്രദർ...." പെട്ടന്ന് കൈ നീട്ടി അനിൽ സാർ അങ്ങനെ പറഞ്ഞതും ആര്യ ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി.. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തോടെ അവളുടെ കണ്ണുകൾ നിറഞ്ഞു..... "ഓക്കേ.. ബ്രദർ എങ്കിൽ ബ്രദർ... എനിക്ക് സന്തോഷമേ ഉള്ളൂ.. ഇപ്പോ തത്കാലം എന്റെ ബ്രദർ എന്റെ ഭാവി നാത്തൂനേ ചെന്ന് കണ്ടാട്ടെ.... അവളുടെ കയ്യിൽ നിന്ന് കിട്ടുന്നതൊക്കെ വാങ്ങിക്കോ ട്ടോ " അതും പറഞ്ഞവൾ സാറിനെ റൂമിലേക്ക് ഉന്തി വാതിൽ ലോക്ക് ചെയ്തു....... മുറിയിലേക്ക് ആരോ വന്നുവെന്ന് മനസ്സിലാക്കിയ അനി പെട്ടന്ന് കണ്ണുകൾ തുടച്ച് ഫോട്ടോ തലയിണയുടെ അടിയിൽ ഒളിപ്പിച്ച് വെച്ച് തിരിഞ്ഞു നോക്കി...ആ സമയം കൈകൾ പിണച്ചു വെച്ച് വാതിൽ ചാരി കള്ളച്ചിരിയോടെ നിൽക്കുന്ന അനിലിനെ കണ്ടതും അവളുടെ ഉള്ളം പിടക്കാൻ തുടങ്ങി.. പെട്ടന്ന് നോട്ടം മാറ്റിയവൾ പരിഭവത്തോടെ തല താഴ്ത്തി. മെല്ലെ നടന്ന് മുന്നോട്ട് തന്റെ അടുത്തേക്ക് വന്ന അനിൽ സാറിനെ മറി കടന്നവൾ വാതിൽ തുറക്കാൻ പോയി.. എന്നാൽ അത് ലോക്ക് ആണെന്ന് മനസ്സിലായതും പ്രത്യേക ഭാവത്തോടെ അവൾ സാറിനെ നോക്കി ബെഡിൽ തല താഴ്ത്തി ഇരുന്നു.. അവളുടെ ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടേയിരുന്നു.. ഫാൻ ഉണ്ടായിട്ടും വിയർപ്പ് തുള്ളികൾ നെറ്റിയിൽ പൊടിഞ്ഞു...

കുറച്ചു നേരം അവളുടെ ചലനങ്ങൾ പുഞ്ചിരിയോടെ വീക്ഷിച്ച അനിൽ മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് ബെഡിൽ അവൾക്ക് മുന്നിലായി ഇരുന്നു.. ഞൊടിയിടയിൽ ഞെട്ടി പിടഞ്ഞെണീക്കാൻ നിന്നതും അനിൽ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ അടുത്തേക്കിരുത്തി. "അനീ..... " ഒരു ശ്വാസത്തിനിപ്പുറം താൻ പ്രണയിച്ചവൻ ഉണ്ടായിട്ടും അവന്റെ ചുടു നിശ്വാസത്താൽ തന്റെ നാമം ഉയർന്നിട്ടും ആ മുഖത്തേക്കോ ആ കണ്ണുകളിലേക്കോ നോക്കാനാവാതെ അവൾ കണ്ണുകൾ അടച്ചു.. തന്റെ കൺ പീലിയിൽ തട്ടി തടവുന്ന അനിൽ സാറിന്റെ നിശ്വാസം അവളുടെ ഹൃദയത്തെ കുളിരണിയിപ്പിച്ചു.... ആശ്വാസത്തിന്റെ നേർത്ത മന്ദഹാസം അവളുടെ ചുണ്ടിൽ വിരിഞ്ഞത് കണ്ടതും അനിൽ സാറിന്റെ മുഖത്ത് വെട്ടം തെളിഞ്ഞു... ഇമ വെട്ടാതെ അനിൽ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു....

"അനീ.. സോറി... " മെല്ലെ തലയാട്ടി കൊഞ്ചലോടെ അനിൽ പറഞ്ഞതും അവൾ അനിലിൽ നിന്ന് മുഖം തിരിച്ച് മുഖം വീർപ്പിച്ചിരുന്നു.. "അനീ.... " വീണ്ടും വിളിച്ചതും മിണ്ടരുതെന്ന് കണ്ണുരുട്ടി ആംഗ്യം കാണിച്ചതും മുഖം ചുളിച്ചു കൊണ്ട് അനിൽ ഞാൻ മിണ്ടും എന്ന് പറഞ്ഞതും തലയിണ എടുത്ത് എണീറ്റ് നിന്നവൾ അനിലിനെ തലങ്ങും വിലങ്ങും അടിച്ചു.. അവളുടെ എല്ലാ സങ്കടവും ആ അടിയിൽ അവൾ തീർത്തു കൊണ്ടിരുന്നു.. ചിരിയോടെ അവളുടെ തല്ല് ഏറ്റ് വാങ്ങിയ അനിൽ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ച് വലിച്ചു... അപ്രതീക്ഷിതമായതിനാൽ അവൾ അനിൽ സാറിന്റെ മടിയിൽ ചെന്നിരുന്നു.... പെട്ടന്ന് ഞെട്ടി പോയ അവൾ എഴുന്നേൽക്കാൻ നിന്നെങ്കിലും അവളെ ഇറുകെ പിടിച്ച ആ കൈകളിൽ നിന്ന് മോചിതയാവാൻ അവൾക്ക് കഴിഞ്ഞില്ല......

മുഖം ഉയർത്തിയ അവൾ കണ്ടത് തന്നെ പ്രണയാദ്രമായി നോക്കുന്ന കണ്ണുകളെയാണ്..... ഒരു നിമിഷം ആ കണ്ണുകളിൽ അവളും ആഴ്ന്നിറങ്ങി പോയി... തന്നോടുള്ള പ്രണയം മുഴുവൻ ഒളിപ്പിച്ചു വെച്ച ആ കണ്ണുകൾ കൊതിയോടെ അവൾ നോക്കി....... അനിയുടെ നീണ്ട മുടി തന്റെ മേനിയെ തൊട്ട് തലോടിയതും അനിൽ സാർ അവളുടെ കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കി.. ഉയർന്ന ശബ്ദത്തോടെ മിടിക്കുന്ന അവളിലെ ഹൃദയമിടിപ്പ് തന്റെ മിടിപ്പിനോട് ചേർന്ന് നിൽക്കുന്നത് അവനറിഞ്ഞു..തന്റെ ചുടു നിശ്വാസം അവളുടെ മുടിയിഴകളെ സ്ഥാനം തെറ്റിക്കുന്നത് നോക്കി പുഞ്ചിരിയോടെ അനിൽ അവളിലേക്ക് മുഖം കൊണ്ട് പോയി... "അനീ.. ഐ ലവ് യു..." കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച ആ വാക്കുകൾ ഒരു നിശ്വാസത്തിനപ്പുറം അവളുടെ മുഖത്തേക്ക് തട്ടിയതും ഹൃദയം നിറഞ്ഞ് കണ്ണുകൾ ഈറനണിഞ്ഞവൾ കണ്ണിമ ചിമ്മാതെ സാറിന്റെ കണ്ണുകളിലേക്ക് നോക്കി ചെറിയ തേങ്ങലോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story