ആത്മരാഗം💖 : ഭാഗം 62

athmaragam thanseeh

രചന: തൻസീഹ് വയനാട്

അത്രയേറെ സന്തോഷവതിയായിട്ടും ആ നെഞ്ചിൽ കിടന്നവൾ തേങ്ങിക്കൊണ്ടേയിരുന്നു.. അവളുടെ അരയിലൂടെ കയ്യിട്ട് അവളെ ചേർത്ത് നിർത്തുമ്പോൾ അനിലിന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.. അവളുടെ ചുടുനീർ തന്റെ ഷർട്ടിനപ്പുറം നെഞ്ചിൽ പതിച്ചതും ഞെട്ടലോടെ അനിൽ വലത്തേ കൈ കൊണ്ട് അവളുടെ ഷോൾഡറിൽ മെല്ലെ തട്ടി.... "ഏയ് . എന്തായിത്... എന്തിനാ കരയുന്നത്... സന്തോഷിക്കുകയല്ലേ വേണ്ടത്.. എനിക്കറിയാം ഞാൻ അന്ന് അങ്ങനെ പറഞ്ഞത് നിനക്ക് മറക്കാൻ കഴിയില്ലെന്നും നിന്നെയത് ഒരുപാട് നോവിപ്പിച്ചെന്നും... പക്ഷേ.. അതല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു.. നീ എന്റെ പിറകെ നടക്കുമ്പോൾ അത് നിനക്ക് തന്നെയാ ദോഷം വരിക.. എല്ലാവരും നിന്നെ മോശക്കാരിയാക്കും... അതൊഴിവാക്കാനാണ് ഞാൻ അങ്ങനെ പറഞ്ഞത്.. പക്ഷേ നീ പിന്നീട് എന്റെ മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്തില്ല അതെന്നെ എത്ര മാത്രം തളർത്തി എന്നറിയോ.... നിന്റെ ഓരോ മൗനവും എന്റെ ഹൃദയത്തെ കുത്തി നോവിക്കുകയായിരുന്നു .

അന്നെനിക്ക് മനസ്സിലായി എന്റെ മനസ്സ് നിനക്ക് വേണ്ടി എത്രത്തോളം തുടിക്കുന്നുണ്ടന്ന്.... " അനിലിന്റെ വാക്കുകൾ കേട്ടതും അനിയുടെ പുഞ്ചിരിക്ക് മാറ്റ് കൂടി... ചുണ്ടിൽ ചിരിയും ഒഴുകി ഒലിക്കുന്ന കണ്ണുനീരുമായി അവൾ ഒന്നൂടെ ആ നെഞ്ചിലേക്ക് തന്റെ മുഖം പൂഴ്ത്തി... " ഹലോ... പെണ്ണിന്റെയും ചെക്കന്റേയും സംസാരം കഴിഞ്ഞോ... എനിക്കങ്ങോട്ട് വരാവോ... " പുറത്ത് നിന്ന് ആര്യ വിളിച്ചു ചോദിച്ചതും പൊടുന്നനെ അനി ഞെട്ടികൊണ്ട് നെഞ്ചിൽ നിന്ന് തലയെടുത്തു.. തന്നെ നോക്കി കണ്ണിറുക്കിയ അനിലിന്റെ മടിയിൽ നിന്നും അവൾ ഞൊടിയിടയിൽ എഴുന്നേറ്റു... ഇത്രയും നേരം താൻ അനിൽ സാറിന്റെ മടിയിൽ ഇരുന്ന് സാറിന്റെ നെഞ്ചിൽ കിടക്കുവായിരുന്നെന്ന ബോധം അവൾക്കുണ്ടായതും നാണത്തോടെ മുഖം ചുവപ്പിച്ച് സാറിൽ നിന്നും മുഖം തിരിച്ച് ചമ്മിയ ഭാവത്തിൽ കണ്ണുകൾ ഇറുക്കി ചുണ്ടിൽ ഒരു ചെറു ചിരിയോടെ തിരിഞ്ഞു നിന്നു......... "മ്മ്മ്മ്.. മതി.. മതി... ഇനി ബാക്കി പിന്നെ പറയാം... " വാതിൽ തുറന്നു വന്ന് ആര്യ പറഞ്ഞതും അനി അവളുടെ മുഖത്തേക്ക് നോക്കാനാവാതെ തല താഴ്ത്തി...

ഇരുവരെയും നോക്കി കൊണ്ട് അനിൽ സാർ റൂമിൽ നിന്ന് വെളിയിലേക്ക് പോയി... സാർ പോയതും അനിയുടെ മിഴികൾ സാറിന്റെ പിറകെ പാഞ്ഞു.... അത് കണ്ട ആര്യ കളിയാക്കുന്ന രീതിയിൽ തലയാട്ടി ചിരിച്ചു കൊണ്ട് എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചു.... അതിനിടയിൽ അമ്മ വിളിച്ചതും ഇരുവരും ഹാളിലേക്ക് പോയി.... അവിടെ അവർ ഇറങ്ങാനുള്ള പുറപ്പാടിൽ ആയിരുന്നു... അനിലിന്റെ അമ്മ അനിയുടെ അടുത്തേക്ക് വന്ന് അവളുടെ കൈകൾ രണ്ടും പിടിച്ചു.. "മോളെ.. ഞങ്ങൾ ഇറങ്ങുവാ... എത്രയും വേഗം തന്നെ കാര്യങ്ങൾക്കൊക്കെ തീരുമാനം ഉണ്ടാക്കാം.. എന്റെ മോള് വേഗം തന്നെ വീട്ടിലേക്ക് വരണം.... " അമ്മയുടെ വാക്കുകൾക്ക് പുഞ്ചിരി സമ്മാനിച്ചു അവൾ ഒളി കണ്ണാലെ അനിലിനെ നോക്കി... അനിലും അവളെ നോക്കുവായിരുന്നു... "അപ്പോൾ ശെരി... ഒരു ദിവസം അങ്ങോട്ടൊക്കെ ഒന്നിറങ് എല്ലാവരും... " അനിലിന്റെ അച്ഛൻ അനിയുടെ അച്ഛന് കൈ കൊടുത്തു കൊണ്ട് യാത്ര പറഞ്ഞു... കാറിൽ കയറാൻ നേരം അനിൽ തിരിഞ്ഞു നോക്കിയതും അനി പുഞ്ചിരിയോടെ തല താഴ്ത്തി...

അവർ പോയതും ആര്യ അവളുടെ ചുമലിൽ തന്റെ താടി വെച്ച് അവളെ വലയം ചെയ്ത് തന്റെ തല അവളുടെ തലയുമായി ചെറുതായ് ഒന്ന് മുട്ടിച്ചു.. "ഇപ്പോൾ സന്തോഷമായോ.. " ആര്യയുടെ നേരെ മുഖം തിരിച്ച അനി ചിരിച്ചു കൊണ്ട് തല വീണ്ടും തല താഴ്ത്തി.. "അയ്യേ.. അച്ഛാ.. അമ്മേ.. നമ്മുടെ അനി തന്നെയാണോ ഇത്... കണ്ടില്ലേ പെണ്ണിന്റെ നാണം... " "എന്നാലും ഇത് എങ്ങനെ സംഭവിച്ചു എന്നാ ഞാനീ ചിന്തിക്കുന്നത്..... ആ സുന്ദരനും സൽസ്വഭാവിയും ആയ ചെറുപ്പക്കാരൻ ഇവളെ ഇഷ്ടപ്പെട്ടു എന്നോ.... സ്വപ്നമോ മറ്റോ ആണോ ദൈവമേ ... ആരെങ്കിലും ഒന്ന് നുള്ളിക്കെ.... " അനിയെ നോക്കി അച്ഛൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ച് അച്ഛന്റെ കൈയിൽ നല്ലൊരു നുള്ള് കൊടുത്ത് അകത്തേക്ക് ഓടി പോയി.. അവളുടെ പോക്ക് കണ്ട് മൂവരും മനസ്സറിഞ്ഞ് സന്തോഷത്തോടെ ചിരിച്ചു.... ************ റൂമിൽ എത്തിയ അനി കണ്ണുകൾ ഇറുക്കി അടച്ചു... അനിൽ സാറിന്റെ ഗന്ധം മുറിയിലാകെ തങ്ങി നിൽക്കുന്ന പോലെ അവൾക്ക് തോന്നി.. സാറിന്റെ നെഞ്ചോരം ചേർന്ന് നിന്നപ്പോഴുണ്ടായ ആ അനുഭൂതി കണ്ണടച്ചവൾ മനസ്സിലേക്കാവാഹിച്ചു... സാറിന്റെ വാക്കുകൾ ഓരോന്നും അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു ...

ബെഡിൽ തലയിണക്ക് ചുവട്ടിൽ വെച്ച ആ ഫോട്ടോ അവൾ വീണ്ടും കയ്യിൽ എടുത്തു... ചിരി തൂകി നിൽക്കുന്ന ഏട്ടനെ നോക്കി കൊണ്ട് അവൾ ആ ഫോട്ടോ തന്റെ നെഞ്ചോട് ചേർത്ത് വെച്ചു.... പെങ്ങന്മാർ എന്നാൽ ജീവനായിരുന്നു അനിയുടെ ഏട്ടന്... അവരുടെ എല്ലാ കുസൃതികൾക്കും കൂട്ട് നിൽക്കുന്ന ഏട്ടനെ അവൾ കണ്ണടച്ച് കൊണ്ട് ഓർത്തു .... അന്നൊരിക്കെ ഏട്ടൻ ചെറിയ കുട്ടിയായ ശിവയേയും തോളിൽ എടുത്ത് തന്റെയും ആര്യ യുടെയും ചേച്ചിയുടെയും കൂടെ നടക്കാൻ ഇറങ്ങിയ സന്ദർഭം അവളുടെ മനസ്സിലേക്ക് ഓടിയെത്തി.. വികൃതിയും കുസൃതിയും ആവോളം ഉണ്ടായിരുന്ന അനി മരത്തിൽ കയറി മാങ്ങ പറിക്കുന്നതും അനുസരണയില്ലാതെ പാറി പറന്നു നടക്കുന്നതും കണ്ട അവരുടെ നാട്ടുകാരിയായ ചൊറിയൻ തള്ളയെന്ന ഇരട്ടപ്പേരുള്ള ആ സ്ത്രീ അനിയെ പുച്ഛത്തോടെ നോക്കി.. "ഇങ്ങനെ തലതെറിച്ച പോലെ തുള്ളിച്ചാടി മരം കേറി നടക്കുന്ന പെണ്കുട്ടികളെയൊന്നും ആരും കെട്ടികൊണ്ടു പോവില്ല...

പെൺകുട്ടികൾ ആയാൽ കുറച്ചു അടക്കവും ഒതുക്കവും വേണം.. അല്ലേൽ വീട്ടിൽ ഇരുന്ന് തല നരച്ചു പോകത്തെ ഉള്ളൂ...." വെറ്റില മുറുക്കിയ ചുണ്ടിൽ കൈ വെച്ച് നീട്ടി തുപ്പി കൊണ്ട് പലതും പിറുപിറുത്തു കൊണ്ട് അവർ പോയതും അനിയുടെ മുഖം വാടി... ആ സമയം ഏട്ടൻ അവളെ ചേർത്ത് പിടിച് മുടിയിൽ തലോടി.. "നീ നിന്റെ ഇഷ്ടം പോലെ നടന്നോ അനീ.. മറ്റുള്ളവരുടെ വാക്ക് കേട്ട് ജീവിക്കാൻ നിന്നാൽ എവിടെയും എത്തില്ല... എന്നെങ്കിലും നിന്റെ സ്വഭാവം ശെരിക്ക് മനസ്സിലാക്കി ഒരാൾ നിന്നെ തേടി വരും... നിന്നെ പൂർണമായും അംഗീകരിക്കുന്ന ആ ആളെ മാത്രമേ നീ സ്വീകരിക്കാവൂ... ആ ഒരാൾക്ക് വേണ്ടി നീ കാത്തിരിക്കണം.. " ഏട്ടന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിയതും കൺ പോളകളെ ഭേദിച്ചു കൊണ്ട് കണ്ണുനീർ ഒഴുകി വന്നു..... ഫോട്ടോ തിരിച്ച് ഷെൽഫിൽ വെച്ച് അവൾ കണ്ണാടിയിലേക്ക് നോക്കി... അനിലിന്റെ അമ്മ അണിയിച്ച വളയെ തലോടി കൊണ്ടവൾ ദീർഘ നിശ്വാസമെടുത്തു... "ഏട്ടാ... ഏട്ടൻ പറഞ്ഞ പോലെ എന്നെ ഞാനായി അംഗീകരിക്കുന്ന ഒരാൾ തന്നെ എന്നെ തേടി എത്തിയിരിക്കുന്നു....

ഏട്ടനും ചേച്ചിയും എന്നെ തനിച്ചാക്കി പോയതിന് ശേഷം എന്റെ മനസ്സ് ആദ്യമായാണ് ഇത്രയധികം സന്തോഷിക്കുന്നത്... എന്നിട്ടും കണ്ണുനീർ നിയന്ത്രിക്കാൻ എനിക്കാവുന്നില്ലല്ലോ.... " തികട്ടി വന്ന സങ്കടം കണ്ണുനീരിലൂടെ പുറത്തേക്ക് വന്ന് കൊണ്ടിരുന്നു.. ആ സമയം ആര്യ വരുന്ന ശബ്ദം കേട്ടതും അവൾ വേഗം കണ്ണുകൾ തുടച്ചു.... ആര്യ മുറിയിലേക്ക് വന്നപ്പോൾ കണ്ടത് അവർ അണിയിച്ച വള തൊട്ടും തലോടിയും ഇരിക്കുന്ന അനിയെ ആണ്... അത് കണ്ടതും അവൾ തൊണ്ടയനക്കി ശബ്ദം ഉണ്ടാക്കി മൂളി കൊണ്ടിരുന്നു... അനിയുടെ അടുത്ത് ചെന്നിരുന്ന് അവളെ ഓരോന്ന് പറഞ്ഞ് കളിയാക്കി കൊണ്ടിരുന്നു... എന്നാൽ അധികം സംസാരിക്കാതെ മൗനം പൂണ്ടിരിക്കുന്ന അനിയുടെ മനസ്സ് വായിച്ച ആര്യ അവളുടെ കയ്യിൽ പിടിച്ചു... "വാ.. നമുക്കൊന്ന് നടക്കാൻ പോകാം... " മറുത്തൊന്നും പറയാതെ അനി ആര്യയോടൊപ്പം പുറത്തേക്ക് നടന്നു... അവർ ആദ്യം പോയത് പാട വരമ്പത്തേക്കാണ്.. വീടിന് പിറകിലെ വഴിയിലൂടെ നടന്ന് പാടത്തേക്ക് കടന്ന അവർ ഇരുവരും തീർത്തും മൗനികൾ ആയിരുന്നു....

നെൽ കതിരുകളിൽ കൈ തലോടി കൊണ്ട് തഴുകി വരുന്ന കാറ്റിൽ അവർ സ്വയം മറന്ന് മുന്നോട്ട് നടന്നു... ഏട്ടന്റെയും ചേച്ചിയുടെയും മരണ ശേഷം ആദ്യമായാണ് അവർ ഇവിടേക്ക് വരുന്നത്...പണ്ട് ഓടി കളിച്ച ഇടങ്ങൾ കണ്ണിൽ വന്ന് നിറഞ്ഞതും ഇരുവരും ആ കാലം മനസ്സിൽ ഓർത്തു കൊണ്ട് നടന്നു........ അരവിന്ദിന്റെയും സീമയുടെയും ജീവന്റെയും ഭദ്രയുടെയും കുടുംബം ഒരേ മനസ്സോടെ സന്തോഷത്തോടെ കളി ചിരികളോടെ ജീവിച്ച കാലം.. ഒരു ചെറിയ വേദനക്ക് പോലും ഒരു നിമിഷത്തെ ദൈർഘ്യം പോലും അവരിൽ ആർക്കും ഉണ്ടായിരുന്നില്ല... മക്കളുടെ കൊഞ്ചലിൽ കുസൃതിത്തരങ്ങളിൽ അവർ മതി മറന്നു... കൂടപ്പിറപ്പുകൾ ഇല്ലാത്ത ആര്യക്ക് അനിയും അനിയുടെ ഏട്ടൻ അനിരുദ്ധ് എന്ന അവരുടെ കുട്ടേട്ടനും ചേച്ചി ദുർഗയും കുഞ്ഞനിയത്തി ശിവയും പ്രാണൻ ആയിരുന്നു... തന്റെ മൂന്ന് പെങ്ങന്മാർക്കിടയിൽ അനിരുദ്ധ് ആര്യക്ക് പ്രത്യേക സ്ഥാനം നൽകിയിരുന്നു..... ശിവയും അനിയും ആര്യയും കുസൃതി കാണിക്കുമ്പോൾ അമ്മമാരുടെ അടിയിൽ നിന്ന് പലപ്പോഴും രക്ഷിക്കാറുള്ളത് തൊട്ടാവാടിയും മിതഭാഷിണിയും അടക്കവും ഒതുക്കവും ഉള്ള ചേച്ചി ദുർഗയായിരുന്നു...

ദുർഗയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞ് മറ്റുള്ളവർ അവരെ ഉപദേശിക്കുമ്പോൾ അവരെ ചേർത്ത് നിർത്തി അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിതം നയിച്ചാൽ മതിയെന്ന് ഏട്ടൻ പറയാറുണ്ടായിരുന്നു.... എന്തിനും ഏതിനും കൂടെ നിൽക്കുന്ന നല്ലൊരു സുഹൃത്തായിരുന്നു അവർക്ക് അവരുടെ കുട്ടേട്ടൻ.. ഓർമകൾ കണ്ണിനെ ഈറനണിയിച്ചതും ഒരദൃശ്യ സാനിധ്യത്തോടെ കാറ്റ് അവരെ തലോടി... അതവരുടെ ഏട്ടൻ തന്നെയെന്ന് അവർ ഉറച്ചു വിശ്വസിച്ചു.... പെണ്ണിന്റെ ജീവിതം കരഞ്ഞിരിക്കാൻ ഉള്ളതല്ലെന്ന് പഠിപ്പിച്ച ഏട്ടൻ തങ്ങളുടെ കണ്ണുനീരിനെ തുടച്ചു മാറ്റുന്ന പോലെ അവർക്ക് തോന്നി... സ്വന്തം ഇഷ്ടങ്ങൾ മുറുകെ പിടിച്ചു പാറി പറന്നു നടക്കാൻ പറയാറുള്ള ആ ഏട്ടനെ ഓർത്ത്‌ ആര്യ കണ്ണുകൾ തുടച്ചു.... വരമ്പിലൂടെ നടന്ന് അമ്പലത്തിൽ എത്തിയ ഇരുവരും ആൽ മരത്തറയിൽ പരസ്പരം മിണ്ടാതെ ഒരുപാട് നേരം ഇരുന്നു.....എന്നും രാവിലെ ഏട്ടനോടൊപ്പം തൊഴാൻ വരുന്നതും അമ്പലക്കടവിലെ ആമ്പൽ പൂക്കൾ ആരും കാണാതെ പറിച്ച് തരാറുള്ളതും അനിയുടെയും ആര്യയുടെയും ഓർമകളിൽ തങ്ങി നിന്നു.... പെങ്ങന്മാരുടെ ഏതാഗ്രഹവും സാധിച്ചു തരാറുള്ള ഏട്ടൻ തങ്ങളുടെ അരികിൽ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്നവർ ഒരു നിമിഷം ഓർത്തു.... ************

ഓർമകൾ അയവിറക്കി സങ്കടമെല്ലാം ദൂരെ കളഞ്ഞ് ഏട്ടൻ ആഗ്രഹിക്കുന്ന പുഞ്ചിരി നിറഞ്ഞ മുഖവുമായാണ് ഇരുവരും വീടണഞ്ഞത്.... രാത്രി ഹാളിൽ ഇരുന്ന് അനി അച്ഛനോടും അമ്മയോടും തമാശ പറയുന്നതിനിടയിൽ ആണ് ശിവയുടെ കാൾ വന്നത്.. രാവിലെ തന്നെ അനിയെ പെണ്ണ് കാണാൻ വന്ന വിവരം മാമനെ അറിയിച്ചിരുന്നെങ്കിലും ശിവ കുടുംബവീട്ടിൽ പോയിരുന്നതിനാൽ അവൾ അറിഞ്ഞിരുന്നില്ല... വൈകുന്നേരം തിരിച്ചെത്തി വാർത്ത കേട്ട പാടെ വീട്ടിലേക്ക് വിളിച്ചതാണവൾ. അമ്മ ഫോൺ എടുത്ത ഉടനെ അനി ഫോൺ തട്ടിപ്പറിച്ചു.. "എന്താ ഡീ.. എന്നുമില്ലാത്തൊരു വിളി.." "എന്നുമില്ലാത്ത പലതും അവിടെ നടന്നെന്ന് ഞാൻ അറിഞ്ഞു.. എന്നാലും എന്റെ ചേച്ചി കുട്ടീ.. ഞാൻ അന്ന് പോരാൻ നേരം പറഞ്ഞ ആഗ്രഹം ഇത്ര പെട്ടന്ന് സാധിച്ചു തരുമെന്ന് വിചാരിച്ചില്ല... മ്മ്മ്... സാറിനെ തന്നെ വളച്ചെടുത്തില്ലേ കള്ളീ.. " "പോടീ.. നിന്റെ സന്തോഷം എന്തിനാണെന്ന് എനിക്കറിയാം.. അത്ര പെട്ടന്നൊന്നും ഞാൻ ഇവിടെ നിന്ന് പടിയിറങ്ങുമെന്ന് നീ വിചാരിക്കേണ്ട..."

"അയ്യോടാ.. നിന്നെ ഇറക്കി വിടാൻ സമയം ആയല്ലോ ഡീ ചേച്ചീ.... എന്റെ ഭാവി അളിയനെ കണ്ട് എല്ലാം പെട്ടന്നാക്കാൻ പറയണം.. പിന്നെ ഒരു വിഷമം ഉള്ളത് ആ പാവത്തിന്റെ ഗതി എന്താവും എന്നോർത്താ...ആജീവനാന്തം നിന്നെ സഹിക്കേണ്ടേ " "പോടീ.....എന്നെ ഇറക്കി വിടാൻ ഇങ് വാ നീ.. " അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റം നടത്തി ഫോണിലൂടെ അടി കൂടുന്ന മക്കളെ നോക്കി അച്ഛനും അമ്മയും താടിക്കും കയ്യും കൊടുത്തിരുന്നു... ഇനിയും വഴക്ക് തുടർന്നാൽ ഫോൺ രണ്ടാവുമല്ലോ എന്നോർത്ത് അമ്മ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അനിയെ റൂമിലേക്ക് ആട്ടി.. ************ രണ്ടു ദിവസത്തെ ലീവിന് ശേഷം അനിയും ആര്യയും കോളേജിൽ എത്തി. അനിൽ സാറിനെ എങ്ങനെ ഫേസ് ചെയ്യുമെന്ന ടെൻഷനിൽ ആയിരുന്നു അനി.. ക്ലാസ്സ്‌ മുറിയിൽ ഇരിക്കുമ്പോൾ എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണല്ലോ എന്നോർത്ത് അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു... സെക്കന്റ് ഹവർ കഴിഞ്ഞതും പ്രിൻസിയുടെ അറിയിപ്പ് വന്നു... കോളേജ് ഗ്രൗണ്ട് താൽക്കാലികമായി പെൺകുട്ടികൾക്ക് വിട്ട് കൊടുത്തിരിക്കുന്നു എന്നായിരുന്നു അറിയിപ്പ്...

അത് കേട്ടതും അനിക്ക് ഒരുപാട് സന്തോഷമായി... ബ്രേക്ക് ടൈമിൽ അനിയും ആര്യയും ഗ്രൗണ്ടിൽ എത്തിയപ്പോൾ കുറച്ചു പെൺകുട്ടികൾ അവിടെ എത്തി കഴിഞ്ഞിരുന്നു.. എല്ലാവർക്കും ഈ തീരുമാനം ഒരുപാട് സന്തോഷം ഉണ്ടാക്കിയെന്ന് അവരുടെ മുഖത്തു നിന്നും അനി വായിച്ചെടുത്തു... "ഡിയർ സ്റ്റുഡന്റ്സ്,.. ഗ്രൗണ്ട് താൽക്കാലികമായി നിങ്ങൾക്ക് വിട്ട് നൽകിയത് കൊണ്ട് തന്നെ ഇനി വൈകുന്നേരം പ്രാക്റ്റിസ് ഉണ്ടായിരിക്കും.. താല്പര്യം ഉള്ള എല്ലാവരും സമയത്തിന് എത്തിച്ചേരേണ്ടതാണ്... " പുതിയതായി വന്ന സ്പോർട്സ് സർ അവർക്ക് എല്ലാവർക്കും കളിയുടെ നിയമങ്ങൾ വിവരിച്ചു കൊടുക്കുന്നത് കേട്ട് അനിയും ആര്യയും അവിടെ നിന്നു.... "വാവീ,,,ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ,,,,എവിടെയെന്ന് എനിക്ക് കറക്റ്റ് ആയി ഓർമ്മ കിട്ടുന്നില്ല..." അനിയുടെ സംശയം നിറഞ്ഞ സംസാരം കേട്ട് ആര്യ അയാളെ തന്നെ നോക്കി നിന്നു...ഇടയ്ക്കു അയാളുടെ കണ്ണുകൾ അവളിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു.... ************

ലഞ്ച് ബ്രേക്ക്‌ ന് ശേഷം ആർട്ട്‌സ് കാര്യങ്ങളുമായി അനി തിരക്കിലായി.. അനിൽ സാർ വന്നപ്പോൾ അനിയുടെ ഇടം ഒഴിഞ്ഞു കണ്ടതും ബുക്ക് കയ്യിൽ പിടിച്ച് സാർ ആര്യയുടെ അടുത്തേക്ക് വന്നു... " അനി എവിടെ. ഇന്ന് വന്നില്ലേ.. " മറ്റാരും കേൾക്കാതെ മെല്ലെ ചോദിച്ചതും ആര്യ ചിരിച്ചു.. " ലീവ് ഒന്നുമല്ല... സാറിന്റെ ഭാവി വധുവിന് അവളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ആവില്ലല്ലോ... ഇപ്പോൾ വരും... " ചിരിയോടെയുള്ള ആര്യയുടെ വാക്കുകൾക്ക് സാറും മറു പുഞ്ചിരി നൽകി ക്ലാസ്സ്‌ ആരംഭിച്ചു... ക്ലാസ്സ്‌ കഴിയാൻ ആയതും അനി ഓടി കിതച്ചെത്തി... അനിൽ സാർ ആണെന്ന് കണ്ടതും അവളിൽ അല്പം നാണം വിരിഞ്ഞു... അവളോട് അകത്തേക്ക് കയറാൻ പറയാതെ അനിൽ സാർ വാതിലിനടുത്തേക്ക് നടന്നു.. "എവിടെ ആയിരുന്നു... " അല്പം ഗൗരവത്തോടെ ചോദിച്ചതും അനി പെട്ടന്ന് മുഖം ഉയർത്തി...

"ക്ലാസ്സ്‌ കഴിയാൻ ഇനി അഞ്ചു മിനുട്ടെ ഉള്ളൂ.. ഇനി അവിടെ നിൽക്ക്...." അതും പറഞ്ഞ് സാർ തിരികെ നടന്ന് ക്ലാസ്സ്‌ ആരംഭിച്ചതും അനി വായും പൊളിച്ചു നിന്നു.... മുഖം വീർപ്പിച്ചു കൊണ്ടവൾ പുറത്തെ ചുമരിൽ ചാരി നിന്ന് കൈകൾ കെട്ടി.... ക്ലാസ്സ്‌ കഴിഞ്ഞ് സാർ പുറത്തേക്ക് വന്നിട്ടും അവൾ ആ നിൽപ്പ് തുടർന്നു... "ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോൾ ഓഫിസിൽ വന്ന് എന്നെ കണ്ടിട്ടേ പോകാവൂ... ഇന്നെടുത്ത ഭാഗങ്ങൾ അപ്പോൾ പറഞ്ഞു തരാം.. " അവളെ നോക്കി അതും പറഞ്ഞു കൊണ്ട് പോയ അനിൽ സാറിനെ നോക്കി അവൾ പല്ലുകൾ ഞെരിച്ചു... "എടോ.. തനിക്കുള്ള ചായയും പരിപ്പ് വടയും ഞാൻ തരുന്നുണ്ട് " പുച്ഛത്തോടെ മുഖം തിരിച്ച് അവൾ ക്ലാസ്സിലേക്ക് കയറി പോയി........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story