ആത്മരാഗം💖 : ഭാഗം 67

athmaragam thanseeh

രചന: തൻസീഹ് വയനാട്

ആര്യയുടെ കണ്ണുകൾ അവരുടെ തലവനിൽ തന്നെ തറഞ്ഞു നിന്നു...അവളുടെ ചുണ്ടിൽ ഒരു പുച്ഛം തത്തി കളിച്ചു.... വന്നവരെയെല്ലാം മാറി മാറി നോക്കി ഉമിനീർ ഇറക്കാൻ പാട് പെട്ട് കൊണ്ട് അവിടെയുള്ളവർ പകച്ചു നിന്നു..അമിതിന്റെ ഫുട്ബാൾ ടീമിലെ ഏറ്റവും മികച്ചതും കരുത്തരുമായ നാല് പേരെ അവർ തിരിച്ചറിഞ്ഞു..... ആര്യയുടെ കണ്ണുകളിലെ തീക്ഷ്ണതയാൽ തങ്ങളെ തേടിയെത്തിയ വൻ വിപത്തിൽ പരിതപിച്ച് പരസ്പരം നോക്കാൻ പോലുമവർ മറന്നു... കയ്യിൽ മദ്യമൊഴിച്ച ഗ്ലാസ്സ് കയ്യിന്റെ വിറയൽ കൊണ്ട് തൂവി പോവാൻ തുടങ്ങിയ ചിലരും ഉണ്ടായിരുന്നു.. ആര്യയെ മറികടന്നു കൊണ്ട് അവളുടെ കൂട്ടാളികൾ ആ സംഘത്തിന് മുന്നിൽ അണി നിരന്നു നിന്നു... പേടിയോടെ അവരെ നോക്കി ഇരിക്കുന്നവർക്കിടയിൽ കണ്ണിൽ പകയുമായൊരുത്തൻ ഉണ്ടായിരുന്നു ... കസേരയിൽ അമർന്നിരിക്കുന്ന തലവന് നേരെ കോപത്താൽ ആര്യ ഉറ്റു നോക്കുമ്പോൾ ആര്യയെ നോക്കി തന്റെ നെറ്റിയിലെ സ്റ്റിച്ചിൽ അവനൊന്ന് തൊട്ടു... അന്നത്തെ ഇരുട്ടടിയിൽ സാരമായി തന്നെ പരിക്കേൽപ്പിച്ച ആര്യയോടവന് തീർത്താൽ തീരാത്ത പക ഉണ്ടായിരുന്നു.....

പല്ലുകൾ കടിച്ചമർത്തി മുഖം വിറപ്പിച്ച് ആ സ്റ്റിച്ചിൽ അവൻ അമർത്തി തൊട്ടു .. വേദന ശരീരത്തിൽ അനുഭവപെട്ടതും അവന്റെ കയ്യിന്റെ ചലനം മെല്ലെ അടുത്ത് കിടന്ന കാലിയായ മദ്യ കുപ്പിയിലേക്ക് നീങ്ങി.... അവളുടെ മുഖം ഇരു കണ്ണിലും തെളിയും തോറും ആ കുപ്പിയിലവൻ പിടി മുറുക്കി.. കണ്ണുകൾ ഇറുക്കി അടച്ച് ചുറ്റും തങ്ങി നിൽക്കുന്ന മയക്ക് മരുന്നിന്റെയും സിഗരറ്റിന്റെയും മദ്യത്തിന്റെയും ഗന്ധം നാസികയിലേക്കവൻ വലിച്ചു കയറ്റി.... തലച്ചോറിലവ പിടി മുറിക്കിയതും കണ്ണുകൾ തുറന്ന് കയ്യിലെ മദ്യ കുപ്പിയവൻ ആര്യക്ക് നേരെ വീശി എറിഞ്ഞു....... തന്റെ തല ലക്ഷ്യമാക്കി ചീറി വരുന്ന മദ്യ കുപ്പി കണ്ടതും ഒരാക്രമണം അക കണ്ണാലെ പ്രതീക്ഷിച്ചിരുന്നവൾ കൈയിലെ ദണ്ഡ് വായുവിൽ ചുഴറ്റി.. ച്‍ലും..... ബോട്ടിൽ പൊട്ടി ചിതറിയതും അതിൽ ശേഷിച്ച മദ്യം വായുവിൽ ചിതറി തെറിച്ചു.... വായുവിൽ കറങ്ങിയ ഇരുമ്പ് ദണ്ഡവൾ താഴ്ത്തി പിടിച്ചതും ചിന്നി ചിതറിയ കുപ്പിയുടെ അവശിഷ്ടങ്ങൾ അവരുടെ മുന്നിലേക്കായി തെറിച്ചു വീണു.. ഞെട്ടി പിടഞ്ഞെണീറ്റ ഗുണ്ടകൾ അർദ്ധ ബോധത്തോടെ ,

തങ്ങളുടെ താവളത്തിലേക്ക് അനുവാദമില്ലാതെ കയറി വന്നവർക്ക് നേരെ ഭയം മറന്നു അലറി വിളിച്ചു കൊണ്ട് പാഞ്ഞടുത്തു..... "എടാ... വേഗം ആളുകളെ കൂട്ടി നമ്മുടെ പുതിയ താവളത്തിലേക്ക് വാ... പെട്ടന്ന് " ഫോൺ തപ്പി പിടിച്ച് ഒരുത്തൻ ആർക്കോ കാൾ ചെയ്തതും തന്റെ നേരെ സ്പോർട്സ് സർ പാഞ്ഞടുക്കുന്നത്‌ കണ്ടയവൻ മദ്യ കുപ്പി നിലത്തിട്ട് പൊട്ടിച്ചു കൊണ്ട് സാറിന് നേരെ തിരിഞ്ഞതും അവന്റെ നെഞ്ചിൽ ചവിട്ടേറ്റു ....ചവിട്ടേറ്റ് പിന്നിലേക്കു വീണ അവന്റെ കൈയിൽ നിന്നും തെറിച്ച കുപ്പി പിന്നിലെ ചുമരിൽ തട്ടി ഛിന്നഭിന്നമായി.... ഇതേ സമയം ആര്യയോട് പകയുള്ളവൻ അവളുടെ നേരെ ചീറി അടുത്തതും കയ്യിലെ ഇരുമ്പ് ദണ്ടവൾ കുത്തുന്നത് പോലെ മുന്നോട് നീട്ടി .. വയറിൽ ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള പ്രഹരമേറ്റതും വേദന കൊണ്ടവൻ താഴേക്കു കുനിഞ്ഞതും തന്റെ കൈയിലെ ഇരുമ്പ് ദണ്ഡ് ഒന്ന് കറക്കി കൊണ്ടവൾ അവന്റെ പുറം ലക്ഷ്യമാക്കി ആഞ്ഞു വീശി ..... ആാാാാ..... ഒരലർച്ചയോടൊപ്പം മുഖ മടിച്ചു കൊണ്ടവൻ നിലത്തേക് വീണു....

അതെ സമയം മറ്റൊരുത്തൻ ആര്യയെ ലക്ഷ്യമാക്കി ഓടി അടുത്തു...ഞൊടിയിടയിൽ അവനെ ലക്ഷ്യമാക്കി അവളുടെ കൈയിലിരുന്ന ഇരുമ്പ് ദണ്ഡൊന്ന് കറക്കി... പക്ഷെ തന്ത്ര പൂർവം തന്റെ നേരെ വന്ന ഇരുമ്പ് ദണ്ഡിൽ നിന്നും ഒഴിഞ്ഞു മാറി കൊണ്ടവൻ വീണ്ടും ആര്യയുടെ നേരെ അടുത്തതും ഇരുമ്പ് ദണ്ഡ് നിലത്തു കുത്തിയവൾ അതിന്റെ മേൽ ഭാഗത്തു ഇരു കൈ കൊണ്ടും പിടിച്ച ശേഷം വായുവിൽ ഉയർന്നു അവന്റെ മുഖം ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി.... "ഹൗ........." ചവിട്ടേറ്റതും പിന്നിലേക്ക് നിരങ്ങി പോയ ഗുണ്ട തന്റെ മൂക്കിൽ നിന്നും ഒഴുകി വരുന്ന രക്തം തുടച്ച് മാറ്റി ക്രോധത്തോടെ അവൾക്ക് നേരെ വീണ്ടും പാഞ്ഞടുത്തതും ഒന്ന് കറങ്ങി അവന്റെ പിന്നിലേക്കു നിന്നവൾ അവന്റെ പുറം ലക്ഷ്യമാക്കി ഇരുമ്പ് ദണ്ഡ് ആഞ്ഞു വീശി ധും .. അആഹ് .. പുളഞ്ഞു കൊണ്ടവൻ പുറത്തു തന്റെ കൈ അമർത്തിയതും ഷൂo.. ഒന്ന് മൂളി കൊണ്ട് ചീറി വന്ന ഇരുമ്പ് ദണ്ഡ് അവന്റെ രണ്ടു കാലിന്റെയും പിന്നിൽ പതിച്ചു .

മുട്ട് കുത്തിയിരുന്ന് വേദന കൊണ്ട് പിടയുന്ന അവനെ തന്റെ കാൽ കൊണ്ടവൾ നിസ്സാരമായി ഒരു വശത്തേക്കു ചവിട്ടിയിട്ടതും വായുവിലൂടെ ചീറി വന്ന ഒരു മദ്യ കുപ്പി അവളുടെ പിന്നിൽ പതിഞ്ഞു .. കോപത്തോടെ പിന്നിലേക്കവൾ തിരിഞ്ഞതും ചീറി വന്നൊരു മറ്റൊരു കുപ്പി അവളുടെ നെറ്റിയിൽ വന്നു പതിച്ചു .. "ഓഹ് ..." ഒരു നിമിഷം തലക്കനുഭവപ്പെട്ട അസഹ്യമായ വേദനയിൽ അവൾ തലക്ക് പിന്നിൽ കൈകൾ അമർത്തി പിറകോട്ട് വേച്ചു നിന്നു.. അവളുടെ അടിപതറിയ നിൽപ്പ് കണ്ടതും ചിരിച്ചു കൊണ്ടൊരുത്തൻ കയ്യിൽ വീണ്ടുമൊരു കാലി കുപ്പിയുമായി അവൾക്ക് നേരെ നടന്നടുത്തു... തലക്കേറ്റ ക്ഷതത്താൽ കാഴ്ച അല്പം മങ്ങിയ ആര്യ തനിക്ക് നേരെ നടന്നടുക്കുന്ന ശത്രുവിനെ കണ്ടു... ചിരിച്ചു കൊണ്ട് മുന്നോട്ട് വന്നവൻ മദ്യ കുപ്പി ചുമരിൽ ആഞ്ഞടിച്ചു.. കൂർത്ത ചില്ലുകൾ ഉന്തി നിൽക്കുന്ന ഭാഗം അവൾക്ക് നേരെ ഓങ്ങി കൊണ്ടവൻ മുന്നോട് കുതിച്ചു വന്നതും ചൂണ്ടു വിരൽ നടു വിരലിലെക് പിണച്ചു പിടിച്ചു കൊണ്ടവൾ അവന്റെ കഴുത്തിലേക് ആഞ്ഞു കുത്തിയൊന്ന് തിരിച്ചു. ഗള്ക്ക് ഗള്ക്ക് ...

ശ്വാസം കിട്ടാതെ പിന്നിലേക്കു വീണവൻ നിലത്തു വീണു പിടഞ്ഞു -----------------/----------------- ഇതേ സമയം അടിയേറ്റു വീഴുന്ന തന്റെ ആളുകളെ കണ്ണിൽ നോക്കി കണ്ട് ഇരിക്കുകയായിരുന്ന അവരുടെ തലവൻ കടപ്പല്ല് ഞെരിച്ചു കൊണ്ട് താൻ ഇരിക്കുന്ന കസേര ശക്തിയായി പിന്നോട്ട് നീക്കി എഴുന്നേറ്റു നിന്നു... മയക്ക് മരുന്നിന്റെ ഉപയോഗം മൂലം അവന്റെ കണ്ണുകൾക്ക് രക്തചുവപ്പായിരുന്നു... മൂക്ക് വലിച്ചു പിടിച്ചു കൊണ്ടവൻ ആര്യയെ നോക്കി മുഷ്ടി ചുരുട്ടി പിടിച്ചു..... അപ്പോയെക്കും തന്റെ യഥാർത്ഥ ശത്രുവിനെ ആര്യയും കണ്ടു കഴിഞ്ഞിരുന്നു.... "നിന്റെ അന്ത്യം,,അതെന്റെ കൈ കൊണ്ടാവാനാണ് ഈശ്വര നിശ്ചയം....." !! ആര്യയെ നോക്കി പല്ലുകൾ കടിച്ചു പറഞ്ഞു കൊണ്ടവൻ ക്രുദ്ധനായി അവളുടെ നേരെ ഓടി അടുത്തു... തന്റെ നേരെ പാഞ്ഞടുക്കുന്ന അയാളെ കണ്ടതും ഇടത്തെ കൈ മടക്കി ചെവിയിലേക് വെച്ച് കൊണ്ടവൾ വലത്തേ കൈയിന്റെ തള്ള വിരൽ ചൂണ്ടു വിരലിനു നേരെ മടക്കി പിടിച്ചു കൊണ്ട് അയാളുടെ കഴുത്തു ലക്ഷ്യമാക്കി ചെരിച്ചു വെട്ടി . പക്ഷെ ഞൊടിയിടയിൽ അവളുടെ നീക്കത്തിൽ നിന്നും ഒഴിഞ്ഞു മാറിയ അയാൾ അവൾ കൈ വലിക്കുന്നതിനു മുന്നേ അവളുടെ മുടി കുത്തിൽ പിടിച്ച് ആഞ്ഞു വലിച്ച് ചുമരിലേക്കടിച്ചു .

പെട്ടന്നുള്ള അയാളുടെ നീക്കമായതിനാൽ ആര്യയ്ക്ക് ഒന്നും ചെയ്യാനായില്ല.. മുഖം ചുമരിൽ അടിച്ച ആര്യ നേരെ നിൽക്കാൻ ശ്രമിച്ചതും അവളുടെ മുടിയിൽ വീണ്ടും കുത്തി പിടിച്ചു കൊണ്ടയാൾ അവളെ കറക്കി മുന്നോട്ടെറിഞ്ഞു . ബാലൻസ് തെന്നിപ്പോയ ആര്യ അപ്പുറത്തെ ചുമരിൽ അടിച്ചു നിന്നു,,,അയാൾ തന്റെ നേർക്ക് നേരെ വന്നതും നെറ്റിയിൽ നിന്നും ഒലിക്കുന്ന രക്തതുള്ളികൾ തുടച്ചു മാറ്റിയവൾ പോരാളിയെ പോലെ തിരിഞ്ഞു നിന്നതും അവളുടെ കഴുത്തിലേക്കൊരു കത്തി വന്നു നിന്നു... ആര്യയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ അവളുടെ മുടിയിൽ കുത്തി പിടിച്ചു കൊണ്ടയാൾ കത്തി ഒന്ന് കൂടെ അവളുടെ അവളുടെ കഴുത്തിലേക് ചേർത്ത് വെച്ചു കൊണ്ട് അട്ടഹസിച്ചു ..... "ഡാാാാ.... " അയാളുടെ ശബ്ദമുയർന്നതും അവിടെയാകെ നിശബ്ദ പരന്നു.. ആര്യയുടെ കഴുത്തിൽ കത്തി വെച്ചവനേ കണ്ടതും അവളുടെ കൂടെ വന്നവർ പകച്ചു കൊണ്ട് പരസ്പരം നോക്കി... "ഒരൊറ്റ ഒരുത്തനെങ്കിലും അനങ്ങിയാൽ ഇവളുടെ കഴുത്തിൽ ഞാൻ കത്തി കയറ്റും!!!!"

എല്ലാവരുടെ ശ്രദ്ധയും തന്നിലേക്കു നീണ്ടുവെന്നു മനസ്സിലായതും തിളയ്ക്കുന്ന ചുവന്ന കണ്ണുകളാൽ ഒരു വാർണിങ് ഓടെ മുന്നിൽ നിൽക്കുന്നവരോടായവൻ പറഞ്ഞു . ************ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ മഹിയുടെ നാവിൽ നിന്നും വീണതും കേട്ടതൊന്നും ഒരു തരി പോലും വിശ്വസിക്കാൻ ആവാതെ അമിത് കണ്ണുകൾ ഇറുക്കി അടച്ച് നിലത്തിരുന്നു... ജീവിതത്തിലെ സന്തോഷനിമിഷങ്ങൾ മനസ്സിലേക്ക് ഓടി എത്തിയതും കേട്ടതെല്ലാം അസത്യമാണെന്നവന്റെ മനസ്സ് പറയാൻ തുടങ്ങി. അവന്റെ ഉള്ളം തൊട്ടറിഞ്ഞ അക്ഷിത് അവന്റെ തോളിൽ കൈ വെച്ചു.. ഏട്ടന്റെ കര സ്പർശമേറ്റതും അവൻ കണ്ണുകൾ തുറന്ന് തല ചെരിച്ചു നോക്കി.. യാതൊരു ഞെട്ടലുമില്ലാത്ത ഏട്ടന്റെ മുഖത്തേക്കവൻ നിസ്സഹായതയോടെ നോക്കി... ആ സമയം അവന്റെ അപ്പുറത്ത് മഹി വന്ന് നിന്നത് അവൻ അറിഞ്ഞതും അവന്റെ മുഖം അവനിലേക്ക് തിരിഞ്ഞു.. "അമിത്... എനിക്കറിയാം നീയീ പറഞ്ഞതൊന്നും വിശ്വസിക്കാൻ പോകുന്നില്ലെന്ന്..

പെട്ടന്നൊരാൾ അതും എന്നെ പോലെ ഒരുത്തൻ ഇങ്ങനെയൊരു കാര്യം വന്ന് പറയുമ്പോൾ ആരും വിശ്വസിക്കാൻ മടിക്കും.. പക്ഷേ... അമിത്.. നീയിത് വിശ്വസിച്ചേ പറ്റൂ.. സത്യവും യാഥാർഥ്യവും നീ ഒന്ന് തിരിച്ചറിയ്... നിന്റെ ചുറ്റും എന്താണ് നടക്കുന്നതെന്ന് നീ അറിയണം.. നേരിട്ട് തന്നെ.. " മഹി വീണ്ടും വാക്കുകൾ കൊണ്ട് സത്യം ഊട്ടിയുറപ്പിക്കാൻ നിന്നതും അത് കേൾക്കാൻ താല്പര്യം ഇല്ലാതെ അവൻ മുഖം തിരിച്ചു... "അമീ... നീ വാ.. ചിലതെല്ലാം നീ കണ്ടറിയേണ്ടതുണ്ട് " ഇപ്പോഴും അവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുന്ന അമിതിനെ പിടിച്ചെഴുന്നേല്പിച്ച് ശാന്തനായി കൊണ്ട് അക്ഷിത് പറഞ്ഞു... അക്ഷിതിന്റെ കയ്യിൽ കൈ കോർത്തവൻ അക്ഷിത്തിന്റെ കൂടെ യാന്ത്രികമായി നടന്നു.. ഒരു വാക്ക് പോലും ഉരിയാടാൻ പറ്റാത്ത തരത്തിൽ അവനാകെ തരിച്ചു പോയിരുന്നു.. ************ ആര്യക്ക് നേരെ ഉയർത്തി പിടിച്ച കത്തി കണ്ടതും അവളുടെ കൂടെ വന്നവർ ആയുധങ്ങൾ താഴെ ഇട്ടു.. അവരുടെ തലവൻ കണ്ണുകൾ കൊണ്ട് അവരോട് മാറി നിൽക്കാൻ ആജ്ഞാപിച്ചതും കീഴടങ്ങി കൊണ്ട് അവർ മാറി നിന്നു..

"ഹഹഹഹ..... ഇപ്പോൾ എങ്ങനെ ഉണ്ടെടീ.... നീയെന്താ വിചാരിച്ചേ... ഈ മൂന്നാല് പേരെ കൂട്ടി വന്നാൽ എന്നെ അങ് ഒതുക്കി കളയാമെന്നോ.... ഇന്നേവരെ ആർക്കും പിടി കൊടുക്കാതെ നിന്ന എന്നെ നീ തകർത്തു കളഞ്ഞു,, ഇതിനുള്ള സമ്മാനം നിനക്ക് ഞാൻ നൽകേണ്ടേ വീര ശൂരയായ ആര്യഭദ്രേ....? " വർധിച്ച ദേഷ്യത്തോടെയുള്ള അവന്റെ വാക്കുകൾ ആ മുറിക്കുള്ളിൽ മുഴങ്ങി.... "ഡാ അവളെ വിട് !! " ഈ സമയം ജിനോ സാർ തന്റെ ഗൺ അവന് നേരെ നീട്ടി പിടിച്ചു കൊണ്ട് ആക്രോശിച്ചു .. അതിനു മറുപടി എന്നോണം അവന്റെ കൈയിലെ കത്തി ആര്യയുടെ കഴുത്തിൽ ചെറുതായ് അമർന്നു.. തന്റെ കഴുത്തിൽ നീറ്റലനുഭവപ്പെടാൻ തുടങ്ങിയതും ആര്യ ജിനോ സാറിന് നേരെ കണ്ണുകൾ ഇറുക്കി സൂചന നൽകിയതും സാർ ഗൺ താഴ്ത്തി പിടിച്ചു... ഹഹഹ ,ഹഹഹ ..... അത് കണ്ടതും സാറിനെയൊന്ന് നോക്കി കൊണ്ടവൻ പരിഹാസത്തോടെ അട്ടഹസിച്ചു . ചിരിയുടെ ഫലമെന്നോണം കത്തിയിലെ അവന്റെ ബലം അല്പം അയഞ്ഞത് ആര്യയ്ക്കു മനസ്സിലായി കഴിഞ്ഞിരുന്നു .

ആ ഒരു നിമിഷം മാത്രം മതിയായിരുന്നവൾക്.... കണ്ണ് ചിമ്മി തുറക്കുന്ന വേഗതയിൽ അവന്റെ കത്തി പിടിച്ച കൈയുടെ കെണിപ്പിലും തള്ള വിരലിലും പിടിച്ചമർത്തി കൊണ്ടവൾ പിന്നിലേക്കു തിരിച്ചു . "ആ........" വേദന കൊണ്ട് പുളഞ്ഞുകൊണ്ടയാളുടെ അര ഭാഗം മേലേക് ഉയരാൻ തുടങ്ങി... ശക്തിയോടെ ഒന്ന് കൂടെ പിടിച്ചു കൊണ്ടവൾ കൈ ചെരിച്ചതും അവന്റ കൈയിൽ നിന്നും കത്തി ഊർന്നു നിലത്തേക് വീണു... വേദന സഹിക്കാൻ കഴിയാതെയവൻ ആര്യയെ വിട്ട് പിന്നിലേക്കു നിന്ന് തന്റെ കൈ കുടഞ്ഞു.... അപ്പോയെക്കും നിലത്തു നിന്നും ആര്യ കത്തി കൈയിൽ ഒതുക്കി കഴിഞ്ഞിരുന്നു... "നിന്നെ ഞാൻ വെറുതെ വിടില്ലെടീ....!!" കൈ കുടഞ്ഞു ആര്യക് നേരെ പാഞ്ഞടുത്തു കൊണ്ടവൻ പറയലും കത്തി ചെരിച്ചു പിടിച്ചു കൊണ്ട് ആര്യ അവന്റെ വയറിനു നേരെ വീശിയതും ഒരുമിച്ചായിരുന്നു .. തന്റെ ഇറച്ചിയിൽ കൂടി തണുപ്പ് കടന്നു പോയതവൻ അറിഞ്ഞു...വിറയ്ക്കുന്ന കൈകളോടെയവൻ തന്റെ അരയിൽ അമർത്തി...പതിയെ അതിൽ ചുടു ചോര നിറയുന്നതവൻ അറിഞ്ഞു...

"ആാാാാ.." അതെ സമയം തന്നെ ഒരാർത്ഥനാഥം അവനിൽ നിന്നും ഉയർന്നു "ഇനി നിനക്ക് രക്ഷയില്ലെടാ... നിന്റെ മുഖം മൂടി എല്ലാവരുടെയും മുന്നിൽ അഴിഞ്ഞു വീഴാൻ സമയമായി...." അവനെ നോക്കി പറഞ്ഞു കൊണ്ടവൾ അടുത്ത പ്രഹരമേല്പിക്കാൻ കൈ ഉയർത്തിയതും പെട്ടെന്നുയർന്ന അവന്റെ കൈ അവളുടെ കാലിൽ പതിഞ്ഞു...ബാലൻസ് പോയതും പിന്നിലേക്കു മറിഞ്ഞു വീണ ആര്യ എഴുനേൽക്കാൻ ശ്രമിച്ചതും ജനൽ ഗ്ലാസ് തകർത്തു കൊണ്ടവൻ പുറത്തേക് ചാടി ....... ശരീരത്തിൽ ആകമാനം ഗ്ലാസ്‌ തുളഞ്ഞു കയറി ചോര ഒലിപ്പിച് കൊണ്ടവൻ ഓടി ...ഗ്ലാസ്‌ ജനൽ വഴി അവൻ ചാടിയത് ബിൽഡിങ്ങിന്റെ പിറകിലേക്കായിരുന്നു.. അവിടെ നിന്നും എണീറ്റവൻ ഓടി രക്ഷപെട്ടു... താൻ പിടിക്കപ്പെട്ടെന്ന് അവന് പൂർണ്ണ ബോധ്യമായിരുന്നു.. അതിനാൽ തന്നെ അവസാന വഴി അവൻ തിരഞ്ഞെടുത്തത് ഓടി രക്ഷപ്പെടൽ ആയിരുന്നു.... ശരീരമാസകലം മുറിവ് പറ്റി ചോര ഒലിക്കുന്നതിനാൽ ഓടുന്നതിനിടയിൽ പല തവണ അവന് അടി പതറി.. തകർന്ന ഗ്രൗണ്ടിലേക്കവൻ കടന്നപ്പോഴേക്കും അവനാകെ തളർന്നിരുന്നു.... എവിടെയും പിടുത്തം കിട്ടാതെ അവൻ നിലത്തേക്ക് തളർന്നു വീണു.. ആ സമയം അവന്റെ മുന്നിൽ രണ്ട് കാൽ പാദം വന്ന് നിന്നു...

ഭീതി കണ്ണുകളിൽ നിറച്ച് ആരെന്ന് നോക്കാൻ മുഖം ഉയർത്തും മുന്നേ അയാൾ അവനെ പിടിച്ചുയർത്തി... തന്നെ പിടിച്ചെഴുന്നേൽപ്പിച്ച ആളെ മുഖാമുഖം കണ്ടതും അടിമുടി ഞെട്ടലോടെ അവനൊരടി പിറകിലേക്ക് വെച്ചു.... "അ.... അമിത്... " വിറയാർന്ന ചുണ്ടുകളോടെ അവന്റെ നാമം ഉച്ചരിച്ചതും അവിശ്വസനീയമായ കണ്ണുകളോടെ അയാൾ അവനെ നോക്കി... "ഈശ്വർ..... !!!! " നേരിൽ കണ്ടത് വിശ്വസിക്കാൻ പ്രയാസമേറി കൊണ്ട് അമിതിന്റെ തൊണ്ടയിൽ നിന്നും ആ നാമം ഉയർന്നു വന്നു....... ഈശ്വറിന്റെ കണ്ണുകൾ അമിതിനൊപ്പം ഉള്ള മിഥുനിലേക്കും മഹിയിലേക്കും അക്ഷിതിലേക്കും ചലിച്ചു... മഹിയുടെയും ഈശ്വറിന്റെയും കണ്ണുകൾ പരസ്പരം കോർത്തതും തന്നിലെ ദേഷ്യമത്രയും മുഖത്തേക്കു ആവാഹിച്ചു കൊണ്ട് മഹി അവന്റെ നെഞ്ചിൻ കൂട് നോക്കി ശക്തിയായി ചവിട്ടി.... ദൂരെ തെറിച്ചു പോയ അവൻ ഒരു ഇരുമ്പ് പലകയിൽ ചെന്നിടിച്ച് ഞെരക്കത്തോടെ നിലത്തേക്ക് വീണു..... ഈ സമയം തകർന്ന ജനൽ വഴി ഓടി കിതച്ചെത്തിയ ഈശ്വറിന്റെ കൂട്ടാളികൾ അമിതിനെ കണ്ടതും നിശ്ചലരായി നിന്നു..... ഓടി പിറകെ വന്നവരെയും ഈശ്വറിനെയും അടിമുടി നോക്കി ഞെട്ടലോടെ നിൽക്കുന്ന അമിതിന്റെയും സംഘത്തിന്റെയും മുന്നിലേക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ആളുകൾ കടന്നു വന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story