ആത്മരാഗം💖 : ഭാഗം 7

athmaragam thanseeh

രചന: തൻസീഹ് വയനാട്

രണ്ടു ദിവസത്തെ പ്രയത്നങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ഇന്നാണ് അമിതിന്റെ ടൂർണമെന്റ്.. മെയ്യും മനസ്സും ഒരുപോൽ ശ്രദ്ധ കൊടുക്കേണ്ട മത്സരം... ജയം മാത്രം മുന്നിൽ കാണുന്ന, കാൽ പന്ത് കളിയിൽ തന്നെ തോൽപ്പിക്കാൻ ആരുമില്ലാത്ത അമിതിന് കളിക്കളം നിസ്സാരം മാത്രമാണെങ്കിലും ഇപ്രാവശ്യം വാശിയും വീറും പോരും പകയും എതിർ ടീമിൽ നിറഞ്ഞു നിൽക്കുന്നതിനാൽ അതി ജാഗ്രതയോട് കൂടി മാത്രമാണ് അമിത് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്..... അതിരാവിലെ എഴുന്നേറ്റ് എന്നത്തേയും പോലെ അമിത് ജോഗിങ് ന് പോയി.. ഇന്ന് കോളേജ് ലീവ് ആയതിനാൽ ടൂർണമെന്റ്ന് വേണ്ടി മെയ്യും മനസ്സും ഒന്നൂടെ പാകപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് അമിത്.. ടീം അംഗങ്ങൾക്ക് ധൈര്യം പകർന്നു നൽകേണ്ടത് അവനായതിനാൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പുതു പുലരിയെ വരവേറ്റത്...

ജോഗിങ് പെട്ടന്ന് അവസാനിപ്പിച്ചു കൊണ്ട് അവൻ വീട്ടിലേക്ക് തിരിച്ചു.... അമനും അക്ഷരയും ഒന്നും എണീറ്റിട്ടില്ല.. ഇന്നവരെ ശല്യം ചെയ്യേണ്ടെന്ന് തീരുമാനിച്ചു കൊണ്ട് അവൻ റൂമിലേക്ക് നടന്നു.... വാതിൽ തുറന്ന ഉടനെ അവൻ കണ്ടത് ചെരിഞ്ഞു കിടന്നുറങ്ങുന്ന അക്ഷിതിനെയാണ്.. സാധാരണ അവൻ ജോഗിങ്ന് പോകാൻ എണീക്കുമ്പോൾ ആദ്യം കണി കണ്ടുണരുന്നത് കുളിച്ച് ചന്ദനം തൊട്ടിരുന്ന് ബുക്ക്‌ വായിക്കുകയോ അല്ലേൽ എഴുതുകയോ ചെയ്യുന്ന ഏട്ടനെയാണ്... ഇന്നും എണീറ്റപ്പോൾ അവൻ കണ്ടത് മൂടി പുതച്ചുറങ്ങുന്ന ഏട്ടനെ.. ഇന്നലെ തന്റെ പ്രൊജക്റ്റ്‌ വർക്കും കൂടെ എഴുതി ലേറ്റ് ആയി കിടന്നത് കൊണ്ടാവാം രാവിലെ എഴുന്നേൽക്കാത്തത് എന്ന് കരുതി അമിത് ജോഗിങ് ന് പോയി... എന്നാൽ വന്നപ്പോഴും എണീക്കാത്ത അക്ഷിതിനെ കണ്ടതും അവൻ ചിരിച്ചു കൊണ്ട് അക്ഷിതിന്റെ അടുത്തേക്ക് ചെന്നിരുന്ന് അവന്റെ ചെവിയിൽ ഇക്കിളിയാക്കി..

ഞെട്ടി എഴുന്നേറ്റ അക്ഷിത് അവനെ കണ്ടതും പെട്ടന്ന് മേശമേൽ ഉള്ള തന്റെ കണ്ണട വെച്ച് ക്ലോക്കിലേക്ക് നോക്കി.. "ആഹാ.. നോക്കേണ്ട.. സമയം കുറച്ചായി... ഇന്നെന്താ ഏട്ടന് പറ്റിയെ.. ഞാൻ പറഞ്ഞതല്ലേ പ്രൊജക്റ്റ്‌ വർക്ക് രാവിലെ എഴുതാമെന്ന്.. ഇന്ന് കോളേജ് ലീവല്ലേ.. എന്തിനാ റിസ്ക് എടുക്കുന്നെ. " "ഏയ്‌.. ഞാൻ.. ഉറങ്ങി പോയി " അതും പറഞ്ഞ് അക്ഷിത് ബാത് റൂമിലേക്ക് പോയി... അമിത് ചിരിച്ചു കൊണ്ട് ഫോണുമായി ബാൽക്കണിയിലേക്കും.... എല്ലാവരോടും ഗ്രൗണ്ടിൽ എത്താൻ പറഞ്ഞ് മെസ്സേജ് അയച്ചു കൊണ്ട് അമിത് ഇന്ന് വൈകുന്നേരത്തെ ടൂർണമെന്റ്ലെ ഒരോ കാര്യങ്ങളും മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി... ************ "അമ്മേ.... ഞങ്ങളിറങ്ങി ട്ടോ " സ്റ്റെപ് ഓടിയിറങ്ങി ഡൈനിങ് ടേബിളിൽ കഴിച്ചു കൊണ്ടിരിക്കുന്ന അക്ഷര കുട്ടിയുടെ മുടി വലിച്ചു കൊണ്ട് അവളുടെ പ്ലേറ്റിൽ നിന്നും ചിക്കൻ പീസ് കൈക്കലാക്കി വായിലിട്ട് അമിത് വിളിച്ചു പറഞ്ഞു.

"ആാാ... അമ്മേ.. ഈ ഏട്ടൻ." അമിതിന്റെ തുട നോക്കി ഇരുന്നിടത്ത് നിന്നും തന്നെ നല്ലൊരു ചവിട്ടി ചവിട്ടി കൊണ്ട് അവൾ മുടിയിൽ തൊട്ട് ചിണുങ്ങി... അവരുടെ ചെണ്ട ആവാൻ വയ്യാത്തത് കൊണ്ട് അമൻ തന്റെ പ്ലേറ്റ് എടുത്ത് മാറി പോയിരുന്നു.. "മ്മ്.. തുടങ്ങി അല്ലേ ഇന്ന് എല്ലാവർക്കും ലീവ് ആണല്ലോ ഈശ്വരാ ഇനി എന്റെ ചെവിക്ക് ഒരു സ്വസ്ഥതതയും ഈ മക്കൾ തരില്ലല്ലോ എന്ന് പ്രാർത്ഥിച്ചിരിക്കുമ്പോളാ നിന്റെ ടൂർണമെന്റ് വന്നത്.. ഹാവൂ പകുതി ആശ്വാസം എന്നിപ്പോ വിചാരിച്ചേ ഉള്ളൂ.. ആ നിമിഷം തുടങ്ങി, കമ്മേ... ഈ ഏട്ടൻ.... വയസ്സിത്ര ആയല്ലോ.. ഇപ്പോഴും ഇവളോട് തല്ല് പിടിക്കാതെ നിനക്ക് സുഖം കിട്ടില്ല അല്ലേ " അമിതിന്റെ ഷോൾഡറിൽ കൊട്ടി കൊണ്ട് അമ്മ പറഞ്ഞതും അക്ഷരക്കുട്ടി ഊറി ചിരിച്ചു.. അവളെ നോക്കി അമ്മ കണ്ണുരുട്ടിയതും അവൾ തല താഴ്ത്തി ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി... "ഇങ്ങനെ ചീത്ത പറഞ്ഞ് യാത്ര അയക്കാതെ...

ഇന്നെന്റെ ടൂർണമെന്റ് അല്ലേ.. ഒന്ന് അനുഗ്രഹിക്കെന്റെ രാഗിണി അമ്മേ... " അമ്മക്ക് മുന്നിൽ തല കുമ്പിട്ടു നിന്നതും അമ്മ അവന്റെ തലക്കൊരു കൊട്ട് കൊടുത്തു.. "നീ ജയിച്ചേ മടങ്ങി വരൂ എന്നറിയാം... പക്ഷേ.. അതിൽ കൂടുതൽ അവിടെ എന്തെങ്കിലും ഒപ്പിച്ചു എന്ന് ഞാനറിഞ്ഞാൽ... " "ഒന്നും സംഭവിക്കൂല പൊന്നമ്മേ... പൊടി പറത്തി വിജയം കൈവരിച്ചു ഞാൻ വരും " അമ്മയുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് അമിത് വേഗം പുറത്തേക്കോടി.. അക്ഷിത് അവനെയും കാത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. മക്കൾ പോകുന്നതും നോക്കി അമ്മ പടി വാതിലിൽ നിന്നു... ജയം തന്റെ മക്കൾക്ക് തന്നെ ആവണമേ എന്ന മനമുരുകിയുള്ള പ്രാർത്ഥനയോടെ കണ്ണിൽ നിന്നും അവർ മായുന്നത് വരെ അമ്മ അവിടെ തന്നെ നിന്നു.. ************* പതിവ് തെറ്റിക്കാതെ വല്യമ്മയുടെ വീട്ടിൽ കയറി അമിത് നേരെ കോളേജിലേക്ക് നടന്നു...

പ്രാക്റ്റിസ് ആയത് കൊണ്ടും ക്ലാസ്സ്‌ ലീവ് ആയതിനാലും അക്ഷിത് കോളേജിലേക്ക് വരുന്നില്ലെന്ന് പറഞ്ഞ് വല്യമ്മയുടെ വീട്ടിൽ നിന്നു.. അമിത് ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും എല്ലാവരും വന്നു കഴിഞ്ഞിരുന്നു... എല്ലാവരെയും അവൻ തനിക്ക് ചുറ്റും നിർത്തി... "ഇപ്രാവശ്യം ടൈറ്റ് കോമ്പറ്റിഷൻ ആണ്... ജയിക്കാനുള്ള പതിനെട്ടടവും അവർ പയറ്റും.. വിജയം നമുക്ക് മാത്രമാണെന്ന് മനസ്സിൽ ഉറപ്പിച്ച് ആത്മവിശ്വാസത്തോടെ മാത്രം കളിക്കളത്തിൽ നിൽക്കുക.. ഏതെങ്കിലും നിമിഷത്തിൽ മനസ്സ് പതറി പോയാൽ.. ഒരു നിമിഷം എന്നെ നോക്കുക.. തല ഉയർത്തി തന്നെ ഞാൻ നിൽപ്പുണ്ടാവും... ഒരിക്കലും നാം തോൽക്കില്ല.... ഓക്കേ.. മനസ്സിലാവുന്നുണ്ടോ..." കളിക്കളത്തിൽ പാലിക്കേണ്ട മര്യാദകളും നിയമമങ്ങളും അമിത് എല്ലാവർക്കും പറഞ്ഞു കൊടുത്തു.. മാനസികമായി അവർക്ക് മോട്ടിവേഷൻ നൽകാനും അവൻ മറന്നില്ല..

അവന്റെ കോൺഫിഡൻന്റ് കണ്ട് എല്ലാവരും നല്ല ഉത്സാഹത്തിലാണ്.... വൈകുന്നേരം ടൂർണമെന്റ് നടക്കുന്നത് വരെ സ്വയം പ്രാക്ടീസ് ചെയ്യാനും അധികം റിസ്ക് എടുത്ത് കളിക്കാതെ പന്ത് കാൽ വലയത്തിൽ അകപ്പെടുത്താനുള്ള ട്രിക്ക് ശ്രദ്ധിക്കാനും നിർദ്ദേശിച്ചു കൊണ്ട് അമിത് മാറി നിന്നു... ഓരോരുത്തരും നല്ല ആവേശത്തിലാണെന്ന് അവരുടെ പെർഫോമൻസിൽ നിന്നവന് മനസ്സിലായി.... സമയം ആയതും അവർ ടൂർണമെന്റ് നടക്കുന്ന സ്ഥലത്തേക്ക് പോകാൻ തയ്യാറായി നിന്നു....... "വിഷ്ണൂ... അവർ എത്തിയിട്ടുണ്ട്.. " നീല ജഴ്‌സി അണിഞ്ഞ് പുറം തിരിഞ്ഞിരുന്ന് സംസാരിക്കുന്ന അവനെ ഒരുത്തൻ വന്നു തട്ടി വിളിച്ചു.. തല ചെരിച്ചവൻ നോക്കിയതും കണ്ടത് അമിതിന്റെ ടീം നടന്ന് വരുന്നത്.. "ഓഹോ.. എത്തിയല്ലേ.. അവസാനം ഈ പുലിമടയിലേക്ക് തന്നെ അവൻ വന്നു അല്ലേ... യഥാർത്ഥ കളി അവനെ ഇനി ഞാൻ പഠിപ്പിക്കാം... "

നെഞ്ച് വിരിച്ചു കൊണ്ട് വിഷ്ണു അവരെ നോക്കി നിന്നു.. അവന്റെ കണ്ണുകളിൽ പക ആളിക്കത്തുന്നുണ്ടായിരുന്നു... കൃഷ്ണമണി ചലിപ്പിച്ചു കൊണ്ട് അവൻ തിരഞ്ഞത് അമിതിനെ ആയിരുന്നു... അവന്റെ ടീം മൊത്തം കൂടി നിൽക്കുന്നു എങ്കിലും അവനെ മാത്രം വിഷ്ണുവിന് കാണാൻ കഴിഞ്ഞില്ല.. വീണ്ടും അവനെ തിരയുന്നതിനിടയിൽ മത്സരം തുടങ്ങാൻ വേണ്ടിയുള്ള സൈറൺ മുഴങ്ങിയതും എല്ലവരും കളിക്കളത്തിലേക്ക് നീങ്ങി.. ഇരു ടീമുകളും കളിക്കളത്തിൽ നേർക്ക് നേർ നിന്നു... കളിയുടെ നിയമങ്ങളും മറ്റും അന്നൗൺസ് ചെയ്ത് കഴിഞ്ഞ് ഓരോരുത്തരും പരസ്പരം ഹസ്തദാനം ചെയ്യാൻ തുടങ്ങി.. വരിയുടെ ലാസ്റ്റ് നിൽക്കുന്ന ക്യാപ്റ്റൻ വിഷ്ണുവിന്റെ കണ്ണുകൾ അമിതിനെ തിരഞ്ഞു കൊണ്ടിരുന്നു.... അവസാനം കൈ കൊടുക്കാനായി നീട്ടിയ വിഷ്ണുവിന്റെ കയ്യിൽ പിടുത്തമിട്ട ആ കയ്യിലേക്കവൻ തല ഉയർത്തി നോക്കിയതും ചുവന്ന കണ്ണുകളോടെ നിഗൂഢമായ ചിരിയോടെ അവനെ നോക്കുന്ന അമിതിനെ അവൻ കണ്ടു.. കണ്ടമാത്രയിൽ അവനൊന്ന് പതറി എങ്കിലും പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവൻ കൈ കൊടുത്ത് ആലിംഗനം ചെയ്തു..

"അപ്പോൾ എങ്ങനെ... നമുക്ക് തുടങ്ങാം " "ഞാൻ എപ്പോഴേ തുടങ്ങി... ഇനി നീ നിർത്താൻ പറഞ്ഞു വന്നേക്കരുത് " ആലിംഗനം ചെയ്ത് അവന്റെ തോളിൽ കൊട്ടി കൊണ്ട് അമിത് തന്റെ ടീം അംഗങ്ങളുടെ അടുത്തേക്ക് നടന്നു ചെന്നു... അവനെ ഒന്ന് നോക്കി മീശയിൽ ചൂണ്ടു വിരൽ ഉരസി വിഷ്ണുവും അവന്റെ ടീം അംഗങ്ങളുടെ അടുത്തേക്ക് നടന്നു..... പതിനൊന്ന് പേരെ കളിക്കളത്തിൽ ഇറക്കി അമിത് പകരക്കാരന്റെ വേഷത്തിൽ പുറത്ത് നിന്നതും വിഷ്ണുവിൽ പുച്ഛ ഭാവം നിറഞ്ഞു... അമിത് കാര്യങ്ങൾ വളരെ സൂക്ഷിച്ചു മുന്നോട്ട് കൊണ്ട് പോകുന്നത് കൊണ്ട് തന്നെ അവരുടെ കളി രീതി മനസ്സിലാക്കാൻ താൻ പകരക്കാനാവുന്നത് തന്നെയാണ് നല്ലതെന്ന് അവന് തോന്നി.. കളി ആരംഭിച്ചതും വീറോടെ എല്ലാവരും മുന്നേറി.. അമിത് പറഞ്ഞു കൊടുത്ത പാഠങ്ങൾ കളിക്കളത്തിൽ ഉപയോഗപെടുത്താൻ അവർ ആരും മറന്നില്ല.. എതിരാളികൾക്ക് പന്ത് തട്ടാൻ അവസരം നൽകാതെ അതി വിദഗ്ധമായി അവർ മുന്നേറാൻ തുടങ്ങി..

അവരുടെ വലയത്തിനുള്ളിൽ നിന്നും പന്ത് തട്ടാൻ അവസരം കിട്ടാത്തതിന്റെ അമർഷം എതിർ ടീമിലെ കളിക്കാരുടെ മുഖത്ത് നിറഞ്ഞു നിന്നു.. അമിതിന്റെ ടീമിലെ ഓരോരുത്തരും ആവേശത്തോടെ കളിച്ചു... ഒടുവിൽ കൂടി നിൽക്കുന്ന എതിരാളികളെ കവച്ചു വെച്ച് ഇടത് ഭാഗത്തൂടെ കാൽ ചലിപ്പിച്ച് അവർ ഒരു ഗോൾ സ്വന്തമാക്കി...... ഗാലറിയിൽ എല്ലാവരും ആർപ്പ് വിളിച്ചു... അമിത് ടീം അംഗങ്ങൾക്ക് കൂടുതൽ കരുത്ത് നൽകി... ഒരു ഗോൾ അവർ നേടിയത് എതിർ ടീമിന്റെ ക്യാപ്റ്റൻ വാശിയോടെ അവരെ ഏവരെയും നോക്കി. കണ്ണുകൾ കൊണ്ട് പല നിർദ്ദേശങ്ങളും അവൻ കൈമാറി... ഇപ്രാവശ്യം അമിതിന്റെ ടീമിന് അവരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല...മനഃപൂർവം ദേഹത്ത് വന്നിടിക്കുകയും വീഴ്ത്തുകയും ചെയ്യുന്ന എതിർ ടീമിന്റെ പ്രവർത്തികൾ ഓരോന്ന് കണ്ട് അമിത് ദേഷ്യം കടിച്ചു പിടിച്ചു നിന്നു..

പന്ത് തട്ടാൻ ഒരുങ്ങുന്ന സമയം പന്ത് കൈക്കലാക്കാൻ ശ്രമിക്കാതെ രണ്ടും മൂന്നും ആളുകൾ മനഃപൂർവം എന്നാൽ കളിക്കിടെ സംഭവിക്കുന്നതെന്ന പോലെ തട്ടാനും മുട്ടാനും തുടങ്ങി... ശരീരം വേദനിപ്പിച്ചു കൊണ്ടുള്ള അവരുടെ ഈ നീക്കത്തിൽ അമിതിന്റെ ടീമിലെ ചില ആളുകളുടെ മനസ്സ് പതറാൻ തുടങ്ങി.. അവരുടെ ശ്രദ്ധ തിരിക്കാൻ എതിരാളികൾ കളിച്ച ഈ കളിയിൽ അവർ തന്നെ ജയിച്ചു..ഞൊടിയിടയിൽ അവർ ഒരു ഗോൾ സ്വന്തമാക്കി... ഒന്നേ ഒന്നിൽ ഗോൾ പോയിന്റ് നിന്നതും വിഷ്ണു അമിതിനെ വിജയ ഭാവത്തോടെ നോക്കി....അമിതിന്റെ കണ്ണുകൾ ചുവന്നു വരാൻ തുടങ്ങി.. പേശികൾ വലിഞ്ഞു മുറുകി... എങ്കിലും എല്ലാം അടക്കി നിന്നവൻ വീണ്ടും കളിയിൽ ശ്രദ്ധിച്ചു... അമിത് കരുത്തേകിയ ടീമിന്റെ തകർച്ചയായിരുന്നു പിന്നീടുള്ള നിമിഷങ്ങളിൽ... അവരുടെ കളി തിരിക്കാൻ പാകത്തിലുള്ള പ്രവർത്തികൾ എതിർ ടീമിൽ നിന്നും ഉണ്ടാവുമ്പോൾ അവർക്ക് പിടിച്ചു നിൽക്കാനായില്ല...

ആദ്യമൊക്കെ പന്ത് നൽകാതെ തങ്ങളുടെ വലയത്തിൽ ആക്കാൻ ശ്രമിച്ച അവർക്ക് പിന്നീട് പന്ത് കാൽ കൊണ്ട് തട്ടാൻ അവസരം അവർ കൊടുത്തില്ല.. ഇനി അഥവാ അവരുടെ കാൽ കീഴിൽ പന്ത് വന്നാൽ ദേഹത്ത് വന്ന് മുട്ടി അവരെ വീഴ്ത്തി പന്ത് കൈക്കലാക്കുന്നതിൽ അവർ വിജയിച്ചു... രണ്ടാം ഗോളും മൂന്നാം ഗോളും അനായാസം അവർക്ക് സ്വന്തമായപ്പോൾ സ്വാഭാവികമായും അമിതിന്റെ ടീം ഡൗൺ ആയി... അമിത് ഒന്നും മിണ്ടാതെ വാശിയും ദേഷ്യവും എല്ലാം മനസ്സിലേക്കാവാഹിച്ചു കൊണ്ട് നിൽക്കുകയാണ്... സെക്കന്റ് ഹാൾഫ് ആവാൻ നേരം രണ്ടാം ഗോളിലേക്ക് അമിതിന്റെ ടീം മുന്നേറിയതും വിഷ്ണു അതിന് സമ്മതിക്കാതെ പന്തുമായി ഗോൾ പോസ്റ്റിലേക്ക് ചലിച്ചവന്റെ കാലിൽ അമർത്തി ചവിട്ടി..

ഫൗൾ കാണിച്ചെന്ന് ഒട്ടും മനസ്സിലാവാത്ത രീതിയിൽ ആയിരുന്നു അവന്റെ പ്രവർത്തി... ഗോൾ തെന്നി പോയതും കാലിലെ വേദന സഹിക്കാൻ കഴിയാതെ അവൻ ഗ്രൗണ്ടിൽ ഇരുന്നു... സെക്കന്റ് ഹാൾഫ് ന് സൈറൺ മുഴങ്ങിയതും അമിതിന് ചുറ്റും ടീം അംഗങ്ങൾ നിരന്നു നിന്നു .. എന്നാൽ അവരോട് ഒന്നും മിണ്ടാതെ മുഷ്ടി ചുരുട്ടി ഇരിക്കുകയായിരുന്നു അമിത്... ദേഷ്യം വന്നാൽ പിന്നെ ശത്രുവിനെ മാത്രം മുന്നിൽ കാണുന്ന അമിതിന് അവരുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.. അവൻ മനസ്സിൽ ഒരോ കണക്ക് കൂട്ടലുകളും നടത്തുന്ന തിരക്കിൽ ആയിരുന്നു... ഹാൾഫ് ടൈം കഴിഞ്ഞതും വീണ്ടും കളി ആരംഭിച്ചു... പരിക്ക് പറ്റിയത് കാരണം അവനെ വെളിയിൽ നിർത്തി ഇപ്രാവശ്യം കളിക്കളത്തിൽ കാല് കുത്തിയത് അമിത് ആയിരുന്നു... മണ്ണിനെ തൊട്ട് വണങ്ങി അവൻ എതിരാളികളെ തന്റെ ചോര കണ്ണുകൾ കൊണ്ട് വീക്ഷിച്ചു...

അമിത് കൂടെ ഉണ്ടായത് കാരണം ടീം അംഗങ്ങൾക്ക് ധൈര്യം വന്നു.. മൂന്നേ ഒന്നിൽ നിൽക്കുന്ന പോയിന്റ് നില മാറി മറിയാനും കളിക്കളത്തിലെ സിംഹകുട്ടിയുടെ പോര് കാണാനും ഗാലറി മുഴുവൻ അമിതിന്റെ പേര് ആർത്തു വിളിച്ചു.... നാല് ഭാഗത്ത്‌ നിന്നും വരുന്ന ആർപ്പ് വിളികളോ പോയിന്റ് നിലയോ അവന്റെ കണ്ണിൽ നിറഞ്ഞു നിന്നില്ല... കളിക്കളത്തിൽ ഇറങ്ങിയാൽ പന്തും ഗോൾ പോസ്റ്റും മാത്രം കാണുന്ന അമിത് കണ്ണടച്ച് ഒരു നിമിഷം നിന്ന് തന്റെ ഇടത്തേ കാലിന്റെ മാജിക് ഏവർക്ക് മുന്നിലും കാഴ്ച വെച്ചു... അതിവിദഗ്ധമായി കളിക്കുന്ന അമിതിന്റെ ഒരോ ചുവട് വെപ്പിലും കാണികൾ ആർത്തു വിളിച്ചു... വിഷ്ണുവും കൂട്ടരും അവനിൽ നിന്ന് പന്ത് കൈക്കലാക്കാൻ നോക്കിയെങ്കിലും സിരകളിൽ പടർന്നു കയറി അവന്റെ വികാരം ഇടത്തേ കാൽ പാദത്തിൽ കാന്തം പോൽ ഒട്ടി പിടിച്ചു കഴിഞ്ഞിരുന്നു...

അവനിലെ കളിക്കാരനെ കാണികൾ മുഴുവൻ ആർപ്പ് വിളിയോടെ ഏറ്റെടുത്തു... എതിരാളികളിൽ നിന്നും പന്ത് ഞൊടിയിടയിൽ തട്ടി എടുത്ത് അവർ പ്രതീക്ഷിക്കാത്ത ഭാഗത്തൂടെ തട്ടി മാറ്റി തന്റെ കാലുകൾക്കടിയിൽ വരുത്താൻ അവന് പ്രത്യേക കഴിവായിരുന്നു...... അമിതിന്റെ ഇടം കാൽ കൊണ്ടുള്ള ഗോൾ, ഗോൾ പോസ്റ്റിൽ എത്താതിരിക്കാൻ ഗോളി ആവോളം ശ്രമിച്ചു എങ്കിലും അമിതിന്റെ ബുദ്ധി വൈഭവം കൊണ്ട് ഗോൾ തടുക്കാൻ ഗോളിക്കായില്ല... രണ്ടാം ഗോൾ കരസ്ഥമാക്കിയ അമിതിന് വിജയം വരിക്കണമെങ്കിൽ രണ്ടു ഗോൾ കൂടെ നേടിയെടുക്കണം.. അത് മാത്രമായിരുന്നു അവന്റെ മനസ്സിൽ... കളി വീണ്ടും ആരംഭിച്ചതും അമിത് ആവേശത്തോടെ മുന്നേറി... പ്രതിരോധനിരക്കാരുടെ മുന്നിൽ നിന്നും അനായാസം കാലുകൾ ചലിപ്പിച്ച് വീണ്ടും അവൻ അത്ഭുതം സൃഷ്ടിച്ചു.. മൂന്നാം ഗോളും അമിതിന് സ്വന്തമായതും വിഷ്ണുവിന്റെ കണ്ണിൽ പക നിറഞ്ഞു...

കളി അവസാനിക്കാറായതും വിജയം ലക്ഷ്യം വെച്ച് കൊണ്ട് ഇരു ടീമുകളും വാശിയോടെ മുന്നേറി... അമിത് ആവേശത്തോടെ കളിക്കുന്നത് കണ്ട വിഷ്ണുവിന്റെ കണ്ണുകൾ അവന്റെ ഇടത്തേ കാലിലേക്കായിരുന്നു. അവന്റെ അഹങ്കാരം, അവന്റെ നിലനിൽപ്പ്.. അവന്റെ ഇടത്തേ കാലുകൾ.... അടുത്ത ഗോളിനുള്ള സാധ്യത കൂടിയതും വിഷ്ണു അവന്റെ കാലുകൾ കൊണ്ട് അമിതിനെ വീഴ്ത്താൻ ശ്രമിച്ചു.. എന്നാൽ ശത്രുവിന്റെ നീക്കം മനസ്സിലാക്കിയ അമിത് പന്ത് അവരിൽ അകപ്പെടാതെ കാത്തു സൂക്ഷിച്ചു കൊണ്ട് അതിൽ നിന്നെല്ലാം വഴുതി മാറി... ഒടുവിൽ നാലാമത്തെ ഗോൾ അമിതിന് സ്വന്തമായതും വിഷ്ണുവിന് അവന്റെ ദേഷ്യം അടക്കാനായില്ല.. കളിക്കളത്തിലെ നിയമം തെറ്റിച്ചു കൊണ്ട് അവൻ പല തവണ അമിതിന് നേരെ തിരിഞ്ഞു... കളിക്കളം ആയത് കൊണ്ട് തന്നെ അമിത് മറുത്തൊന്നും ചെയ്യാതെ ആ ദേഷ്യം മുഴുവൻ കാണിച്ചത് തന്റെ ഇടത്തേ കാൽ കൊണ്ട് ഒരു ഗോൾ കൂടി പോസ്റ്റിൽ അടിച്ചായിരുന്നു......

റഫറി വിസിൽ മുഴക്കി കളിയുടെ സമയം അവസാനിച്ചെന്ന് അറിയിച്ചതും ഗാലറി മുഴുവൻ എണീറ്റു നിന്ന് അമിതിന്റെ പേര് ഉച്ചത്തിൽ വിളിച്ചു.... വിജയം വീണ്ടും അവർക്കായതും വിഷ്ണു ദേഷ്യത്തിൽ കളിക്കളം വിട്ടു.... ആർപ്പു വിളികളും ആരവങ്ങളുമായി എല്ലാവരും അമിതിനെ പൊതിഞ്ഞു... "ഡിയർ സ്റ്റുഡന്റസ്... ഫുട്ബാളിനെ സ്നേഹിക്കുന്ന ഈ മണ്ണിൽ ആവേശത്തോടെ വാശിയോടെ വീറോടെ നടന്ന ഈ ടൂർണമെന്റ്ൽ കഴിഞ്ഞ അഞ്ചു വർഷമായുള്ള വിജയം ഇപ്രാവശ്യവും നിലനിർത്തിയിരിക്കുകയാണ് MSTM കോളേജ്.... അവരുടെ അപാരമായ ടീം വർക്ക് എടുത്തു പറയേണ്ടതാണ്.. മാത്രമല്ല.. ക്യാപ്റ്റൻ അമിത്. .നോ വേർഡ്‌സ്.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... " കപ്പുമായി ആർപ്പ് വിളിക്കുന്ന ടീം അംഗങ്ങളോട് സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് അമിത് വിട്ടു നിന്നു.. "അമിത്.. എല്ലാം കഴിഞ്ഞില്ലേ.. ജയവും നമുക്ക് തന്നെ.. ഇനി പോയാലോ.. " "പോകാനോ.. ശെരിക്കുമുള്ള കളി തുടങ്ങുന്നേ ഉള്ളൂ..." ചുണ്ടിലെ പുഞ്ചിരി മാഞ്ഞ് കണ്ണുകളിൽ കോപം നിറച്ച് വിയർപ്പ് തുള്ളികളെ തുടച്ചു മാറ്റി കയ്യിൽ കരുതിയ ഇരുമ്പ് ദണ്ഡ് മുറുകെ പിടിച്ചവൻ ചെകുത്താനെ പോലെ അലറി............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story