ആത്മരാഗം💖 : ഭാഗം 73

athmaragam thanseeh

രചന: തൻസീഹ് വയനാട്

ബെഡിൽ ആര്യയുടെ അടുത്തായി ഇരിക്കുന്ന ജിനോ സാറിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുകയാണ് ആര്യ.. ജിനോ സാർ അവളുടെ തലയിൽ തലോടുന്നുണ്ട്.. അതൊക്കെ കണ്ടതും ഒന്നും മനസ്സിലാവാതെ അനി പതിയെ മുന്നോട്ട് നടന്നു... അനിയുടെ വരവ് കണ്ടതും ജിനോ സാർ ആര്യയെ ചാരി ഇരുത്തി കൊണ്ട് എണീറ്റ് മാറി നിന്നു... ആര്യയുടെ അരികിൽ ഇരുന്ന അനി ഒരു നിമിഷം സംശയത്തോടെ ജിനോ സാറിനെയും ആര്യയെയും മാറി മാറി നോക്കി... അടുത്ത ക്ഷണം തന്നെ ആര്യയുടെ നെറ്റിയിലെ മുറിവ് കണ്ട് അവൾ ആര്യയെ കെട്ടിപ്പിടിച്ചു... "വാവീ... എന്താ നിനക്ക് പറ്റിയത്...നീ ഹോസ്പിറ്റലിൽ ആണെന്ന് അക്ഷിത് ചേട്ടൻ വന്നു പറഞ്ഞപ്പോൾ പാതി ജീവൻ പോയ പോലെ ആയിരുന്നു.... ഇപ്പോ നേരിൽ കണ്ടപ്പോൾ...... പറ വാവീ... എന്താ ഇതൊക്കെ... " ആര്യയുടെ മുറിവിൽ തലോടി കൈകൾ പിടിച്ചു കൊണ്ട് അനി കരയാൻ തുടങ്ങി.. "ഏയ്.. അനീ.. കൂൾ ഡൌൺ.. എനിക്കൊന്നും സംഭവിച്ചിട്ടില്ല..

നിന്റെ മുന്നിൽ തന്നെ ഞാൻ ഇരിക്കുവല്ലേ... പിന്നെ എന്തിനാ ഈ കരയുന്നെ.. കണ്ണ് തുടച്ചേ " ആര്യ അവളെ സമാധാനിപ്പിച്ചെങ്കിൽ ആര്യയുടെ നെറ്റിയിലെ കെട്ടും കൈകളിലെ മുറിവുമൊക്കെ കണ്ട് അനിക്ക് കരച്ചിൽ അടക്കാൻ ആയില്ല.. കരച്ചിലിനോട് കൂടെ എന്താ പറ്റിയെ എന്ന് ചോദിച്ചു കൊണ്ടിരുന്ന് അനി ബഹളം വെച്ചു... ഹോസ്പിറ്റലിൽ ആയതിനാൽ അനി അതിര് വിടുന്നത് കൊണ്ട് സ്റ്റാഫ്സ് ചീത്ത പറയുമെന്നതിനാൽ ജിനോ സാർ അവളോട് ദേശ്യപ്പെട്ടു.. "അനീ... സ്റ്റോപ്പ്‌ ഇറ്റ്.. ഇതെന്താ നിന്റെ വീടോ മറ്റോ ആണോ ഇങ്ങനെ ആർത്തു പൊളിച്ചിടാൻ... അവൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞില്ലേ.. പിന്നെയെന്തിനാ കരഞ്ഞ് ആളുകളെ കൂട്ടുന്നെ.. ഇതൊരു ഹോസ്പിറ്റൽ ആണ്.. അത് മറക്കരുത്.. " ഒച്ചയെടുത്തു കൊണ്ടുള്ള ജിനോ സാറിന്റെ വാക്കുകൾ കേട്ട് അനി നല്ല കുട്ടിയായി മിണ്ടാതെയിരുന്നു... എങ്കിലും കണ്ണുനീർ ഒലിച്ചു കൊണ്ടേയിരുന്നു.... "അനീ.. ഡോണ്ട് വെറി.. ഇതൊക്കെ നിസ്സാര പരിക്കുകളാണ്.. പെട്ടന്ന് മാറും... " അനിയുടെ കവിളിൽ കരം ചേർത്ത് വെച്ച് ആര്യ സൗമ്യമായി പറഞ്ഞു..

അത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് അനി തലയാട്ടി... അനിയുടെ കണ്ണുകൾ സംശയത്തോടെ ജിനോ സാറിന്റെ പിറകെ പായുന്നുണ്ടെന്ന് മനസ്സിലാക്കിയ ആര്യ എല്ലാം പറയാൻ തീരുമാനിച്ചു.. "അനീ.. നിനക്കിത് ആരാണെന്ന് മനസ്സിലായില്ലേ... " ഇല്ലെന്നവൾ തലയാട്ടി കൊണ്ട് ജിനോ സാറിനെ നോക്കി നെറ്റി ചുളിച്ചു.. "എന്റെ അങ്കിൾ... പഞ്ചാബിൽ ഉള്ള... ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്.. വീട്ടിലേക്ക് മൂന്നോ നാലോ തവണയേ വന്നിട്ടുള്ളു.... ഒരു മിന്നായം പോലെ നീ കണ്ടിട്ടുമുണ്ട്.. " ആര്യയുടെ വാക്കുകൾ കേട്ട് അനി സാറിന്റെ മുഖത്ത് നോക്കി ഓർമിച്ചെടുത്തു.. ജിനോ സാർ ആര്യയുടെ അങ്കിൾ ആണെന്ന് ഉൾകൊള്ളാൻ അനിക്കായില്ല... അങ്കിൾ പോലീസിൽ ആണെന്ന അറിവ് അനിക്കുണ്ടായിരുന്നു.. അങ്ങനെയാണേൽ സ്പോർട്സ് സാർ ആയി എന്തിന് കോളേജിൽ വന്നു എന്നായിരുന്നു അവളുടെ മനസ്സിൽ... ആര്യയും അനിയും സംസാരിക്കട്ടെ എന്ന് കരുതി ജിനോ സാർ പുറത്തേക്കിറങ്ങി... സാർ പോകുന്നതും നോക്കി അനി തിരിഞ്ഞിരുന്നു.. സാർ പോയതും അവൾ സംശയത്തോടെ മുഖം ആര്യയിലേക്ക് തന്നെ തിരിച്ചു...

"എന്താ വാവി ഇവിടെ നടക്കുന്നത്.. എനിക്കൊന്നും മനസ്സിലാവുന്നില്ല.. ജിനോ സാർ.... " അനിയുടെ ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന ചോദ്യങ്ങൾ ആര്യ അകകണ്ണാലെ കണ്ടു... അവൾക്ക് നേരേയവൾ ഒരു നേർത്ത പുഞ്ചിരി നൽകി.. പിന്നെ പതിയെ ആ പുഞ്ചിരി മാഞ്ഞ് ഗൗരവം നിറഞ്ഞു... "ആരും അറിയാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ടായിരുന്നു അനീ.. ഇന്നെല്ലാത്തിനും അന്ത്യം കുറിച്ചു... യഥാർത്ഥ ശത്രു മറ നീക്കി പുറത്ത് വന്നു... ആ രൂപം കാണേണ്ടവർ കാണുകയും ചെയ്തു.. " വിജയഭാവത്തിൽ ആര്യ അനിയെ നോക്കി... ആര്യ പറഞ്ഞതൊന്നും അനിക്ക് മനസ്സിലായില്ല... എല്ലാം അവളും അറിയേണ്ടത് അത്യാവശ്യം ആണെന്ന് മനസ്സിലാക്കിയ ആര്യ ജിനോ സാർ കോളേജിൽ വന്നത് മുതൽ താൻ ഹോസ്പിറ്റലിൽ എത്തിയതു വരെ ഉണ്ടായ സംഭവബഹുലമായ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ അനിയുടെ മുന്നിൽ അവതരിപ്പിച്ചു..... എല്ലാം കേട്ട് തരിച്ചിരിക്കാനേ അനിക്ക് ആയുള്ളൂ... ഈശ്വർ ആണ് എല്ലാത്തിനും പിന്നിലെന്ന് വിശ്വസിക്കാൻ അവൾക്ക് പ്രയാസമേറി..

എന്നാൽ സത്യത്തിനു നേരെ കണ്ണടക്കാൻ ആവില്ലല്ലോ... കയ്പ്പേറിയ ആ സത്യം അവൾക്ക് സ്വീകരിക്കേണ്ടി വന്നു.... എന്തോ ഒരു വീർപ്പുമുട്ടൽ അവളെയാകെ പൊതിഞ്ഞു... "നിനക്കിതൊക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണെന്ന് എനിക്കറിയാം അനീ.. പക്ഷേ സത്യം ഇതൊക്കെയാണ്... ആട്ടിൻ തോലിട്ട ചെന്നായ എന്ന് പറയാറില്ലേ... അത് തന്നെയാണവൻ.. " കോളേജിൽ ഈശ്വറിനെ പരിജയപ്പട്ടതും കളി ചിരികളും ചളികളുമായി ചിലവിട്ടതും എപ്പോഴും ചിരിച്ച മുഖമായല്ലാതെ പ്രത്യേക്ഷപ്പെടാത്ത ഈശ്വറിനെ ഓർമ വന്നതും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.... കൂടെ നിന്ന് വഞ്ചിക്കുന്നവൻ ആയിരുന്നെന്ന് അവനെ മുദ്ര കുത്തുമ്പോൾ അനിയുടെ മനസ്സിൽ മാത്രം നിസ്സംഗതയായിരുന്നു....... ഈശ്വറിനെ ഓർത്ത് കണ്ണിൽ വെള്ളം നിറച്ചിരിക്കുമ്പോൾ ആണ് റൂമിലേക്ക് അക്ഷിത് വന്നത്... ചെന്ന് കയറി പാടെ അവൻ ആര്യയെ നോക്കി.. നെറ്റിയിൽ മുറിവ് കെട്ടി ശാന്തയായി ഇരിക്കുന്ന ആര്യയെ കണ്ട് അവനൊന്ന് പുഞ്ചിരിച്ചു... "തനിക്ക് കുഴപ്പമൊന്നും പറ്റിയില്ലല്ലോ അല്ലേ.. "

ആര്യ സൗമ്യതയോടെ ചോദിച്ചതും പുഞ്ചിരി കൈവിടാതെ അക്ഷിത് ഇല്ലെന്ന് തലയാട്ടി... ആദ്യമായാണ് ആര്യ അക്ഷിതിനോട് ഡീസന്റ് ആയി സംസാരിക്കുന്നത്.. അതിൽ അക്ഷിതിന് അമ്പരപ്പുണ്ടായി..... "ആർ യു ഓക്കേ..??? " തിരിച്ച് അക്ഷിതും ചോദിച്ചതും ആര്യ അതേ എന്ന് പറഞ്ഞ് കണ്ണടച്ച് തുറന്നു... "എന്നാൽ ഞാൻ ഇറങ്ങട്ടെ..... പിന്നെ കാണാം.. " അക്ഷിത് അവരോട് യാത്ര പറഞ്ഞു കൊണ്ട് റൂമിൽ നിന്നും പുറത്തേക്കിറങ്ങി... അതേ സമയം തന്നെ ജിനോ സാർ അകത്തേക്കും വന്നു... "ആര്യാ.. ഡോക്ടർ വീട്ടിൽ പോകാമെന്ന് പറഞ്ഞിട്ടുണ്ട്..ഇപ്പോൾ നിനക്ക് ഒരു കുഴപ്പവുമില്ല.. ഞാൻ പോയി ബിൽ പേ ചെയ്തിട്ട് വരാം.. " ജിനോ സാർ പോയതും അനിയുടെ കണ്ണുകൾ സാറിന്റെ പിറകെ പോയി... അനിക്കിപ്പോഴും ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.. ഹോസ്പിറ്റലിൽ നിന്നും ജിനോ സാറിന്റെ കൂടെ ഇരുവരും വീടുകളിലേക്ക് തിരിച്ചു... ഇരു വീട്ടിലും ആദ്യമേ ജിനോ സാർ കാര്യങ്ങൾ അറിയിച്ചിരുന്നു... ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് എല്ലാം അറിയിച്ചത്..

അങ്ങനെ മതിയെന്ന് ആര്യ തന്നെയാണ് പറഞ്ഞത്.. അല്ലെങ്കിൽ അനി ഉണ്ടാക്കിയതിലും വലിയ ബഹളം അവളുടെ അമ്മ ഉണ്ടാക്കുമെന്ന് ആര്യക്കു നല്ല ധാരണ ഉണ്ടായിരുന്നു.. ************ ആര്യയുടെ അടുത്ത് നിന്നും പുറത്തേക്ക് വന്ന അക്ഷിത് ബൈക്കിൽ ചാരി എന്തോ ആലോചനയിൽ ആഴ്ന്ന് നിൽക്കുന്ന അമിതിനെ കണ്ടു.. അമിതിന്റെ തോളിൽ കൈ വെച്ചതും അവൻ തിരിഞ്ഞു നോക്കി... "ഹാ.. ഏട്ടാ.. പോകാം. " അമിതിന് എന്തോ നല്ല വിഷമം ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അക്ഷിത് മനസ്സിലാക്കി.. എങ്കിലും അത് എന്താണെന്ന് അവൻ ചോദിക്കാൻ നിന്നില്ല.. ബൈക്കിൽ കയറി ഇരുവരും വീട്ടിലേക്ക് തിരിക്കുമ്പോഴും അമിത് സൈലന്റ് ആയിരുന്നു.. അതെല്ലാം അക്ഷിത് വീക്ഷിച്ചു കൊണ്ടിരുന്നു.....മുന്നോട്ടുള്ള ഓരോ കാഴ്ചയിലും അവന്റെ മുഖം വലിഞ്ഞു മുറുകി കൊണ്ടിരുന്നു... അല്പം ലേറ്റ് ആയിട്ടാണ് അവർ വീട്ടിൽ ചെന്ന് കയറിയത്..വാതിൽ തുറന്നു കൊടുത്തത് അമൻ ആയിരുന്നു .. ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു അവൻ... ചെന്ന് കയറിയപാടെ അമിത് സോഫയിൽ നീണ്ടു നിവർന്നു കിടന്നു.. "ഏട്ടാ.. ഇന്ന് പൊളിച്ചു അല്ലേ...

അതല്ലേ ലേറ്റ് ആയത്.. കോളേജിലെ ആർട്സ് ഒക്കെ വേറെ ലെവൽ ആയിരിക്കും അല്ലേ.. " അമൻ അവന്റെ അടുത്ത് ഇരുന്ന് ചോദിച്ചതും അമിത് അതിന് മറുപടി കൊടുക്കുന്നതിനു മുന്നേ അങ്ങോട്ടേക്ക് വന്ന അക്ഷര കുട്ടി അമിതിനെ നോക്കി അർത്ഥം വെച്ചൊന്ന് മൂളി.. "മ്മ്മ്.... അടിമുടി ആരെയോ നന്നായി പൊളിച്ച ലക്ഷണമാണ്.. ആർട്സ് എല്ലാ കൊല്ലവും അവിടെ വേറെ ലെവൽ ആണെന്ന് ഏട്ടൻ വരുന്ന വരവ് കണ്ടാൽ അറിയാമല്ലോ " അമിതിന്റെ ഷർട്ടിൽ പറ്റിയിട്ടുള്ള മണ്ണും രക്തക്കറയും അവിടെയിവിടെയായി അല്പാല്പം പിന്നിയ ഷർട്ടും കൈകളിൽ കോറി ചോര പൊടിഞ്ഞ പാടും സൂക്ഷ്മതയോടെ വീക്ഷിച്ചു കൊണ്ട് അക്ഷരകുട്ടി പറഞ്ഞതും അമിത് പെട്ടന്ന് സോഫയിൽ എണീറ്റിരുന്നു... അമിതിൽ നിന്നും കണ്ണെടുത്തു കൊണ്ടവൾ അക്ഷിതിനെ തുറുപ്പിച്ചു നോക്കി.. പതിവിന് വിപരീതമായി അക്ഷിതിന്റെ ഷർട്ടിൽ പറ്റിപ്പിടിച്ച രക്തക്കറയും പാന്റിലെ മണ്ണും പൊടിയും അവൾ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു... ആര്യ അടി കൊണ്ട് വീണപ്പോൾ താങ്ങിയത് അക്ഷിത് ആയതിനാൽ ആര്യയുടെ നെറ്റി പൊട്ടി ഒഴുകിയ രക്തം അവന്റെ ഷർട്ടിൽ ചെറുതായ് പറ്റിയിരുന്നു...

ആ തിരക്കിനിടയിൽ അതൊന്നും അവൻ ശ്രദ്ധിച്ചിരുന്നില്ല.. അമിതും അക്ഷിതും മിണ്ടുന്നില്ല എന്ന് കണ്ടതും എന്താ ഇതിനൊക്കെ അർത്ഥം എന്ന് അടിമുടി നോക്കി പുരികം ഉയർത്തി അക്ഷര കുട്ടി ആക്ഷൻ കാണിച്ചു... അതേ സമയം തന്നെ അവർ വന്നോ എന്ന് അടുക്കളയിൽ നിന്നും വിളിച്ചു ചോദിക്കുന്ന അമ്മയുടെ ശബ്ദം ഹാളിലേക്ക് ഒഴുകി... ചതിക്കല്ലേ എന്ന് അക്ഷര കുട്ടിയോട് കെഞ്ചി പറഞ്ഞു കൊണ്ട് അമിത് സ്റ്റെപ്പുകൾ ഓടി കയറി പോയി... പിറകെ അക്ഷര കുട്ടിയുടെ തലയിൽ ഒന്ന് കൊട്ടി ചിരിച്ചു കൊണ്ട് അക്ഷിതും പോയി......എല്ലാം മനസ്സിലാവുന്നുണ്ട് എന്ന അർത്ഥത്തിൽ അക്ഷര കുട്ടി അവർ പോകുന്നതും നോക്കി നിന്നു.. അമൻ ആണേൽ അമിത് ആർട്സ് എങ്ങനെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു തരാത്തതിൽ പിറുപിറുത്തു കൊണ്ട് പുസ്തകവും എടുത്ത് റൂമിലേക്ക് പോയി... രാത്രി ഭക്ഷണം കഴിക്കുമ്പോഴും അക്ഷര കുട്ടി കണ്ണുരുട്ടി കാണിക്കുകയും അമ്മയോട് പറയുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. എന്നാൽ അതൊക്കെ അമിത് പുച്ഛിച്ചു തള്ളി... അവളെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് ചെയ്യാനും അവൻ മറന്നില്ല.... അമ്മയോട് ഈശ്വറിന്റെ കാര്യങ്ങൾ ഒന്നും തന്നെ പറയേണ്ടന്ന് അക്ഷിത് അമിതിനോട് പറഞ്ഞിരുന്നു..

അമ്മ അറിഞ്ഞാൽ ഒരുപാട് വിഷമിക്കുമെന്ന് അവർക്കറിയാം.. അതിനാൽ തന്നെ അമിത് ഒന്നും പറയാൻ പോയില്ല.. കിടക്കാൻ നേരം അമിത് ബാൽക്കണിയിൽ നിലത്ത് മാനവും നോക്കി ചിന്തയിലാണ്ടു കിടക്കുമ്പോൾ ആണ് അക്ഷിത് അങ്ങോട്ടേക്ക് വന്നത്.. അക്ഷര കുട്ടിയുമായി തല്ല് കൂടുമ്പോഴും അമിതിന്റെ മുഖം വാടി നിൽക്കുന്നത് അക്ഷിത് ശ്രദ്ധിച്ചിരുന്നു .. നിലത്ത് കിടക്കുന്ന അമിതിന്റെ അടുത്ത് അക്ഷിതും ചെന്ന് കിടന്നു.... ഏട്ടനെ ഒന്ന് നോക്കി കൊണ്ട് അമിത് പുഞ്ചിരിച്ചു കൊണ്ട് വീണ്ടും മാനത്തേക്ക് നോക്കി കിടന്നു.. "എന്ത് പറ്റി... " അമിതിന്റെ മുഖത്തേക്ക് നോക്കാതെ മാനത്തേക്ക് നോക്കി കൊണ്ട് അക്ഷിത് ചോദിച്ചു...ഏട്ടനോട് ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ആവില്ലെന്ന് അമിതിന് നന്നായി അറിയാമായിരുന്നു.. അതിനാൽ ഹോസ്പിറ്റലിൽ വെച്ച് ജിനോ സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം അമിത് അക്ഷിതിനോട് തുറന്നു പറഞ്ഞു... എല്ലാം കേട്ട് അക്ഷിത് മൂളി... "അമീ... സാർ അങ്ങനെ പറഞ്ഞുവെങ്കിൽ നീയിനി അവളുടെ മുന്നിൽ ചെല്ലാതിരിക്കുകയാണ് നല്ലത്...

അവളുടെ ദേഷ്യവും വാശിയും അങ്ങനെ കുറയുമെങ്കിലും കുറയട്ടെ.... " "അത് ഞാൻ ഉറപ്പിച്ചു .. ഇനി ഞാൻ അവളുടെ മുന്നിൽ പെടാതെ മാറി നടക്കും... എന്നെങ്കിലും ഒരുനാൾ എല്ലാം മാറി മറിയുമല്ലോ.. അതിത്തിരി നേരത്തെ തന്നെ ആയിക്കോട്ടേ... എന്നെ കണ്മുന്നിൽ കാണുന്നത് കൊണ്ടിനി അവളുടെ പ്രഷർ കൂടേണ്ട... " ചിരിച്ചു കൊണ്ടാണ് അമിത് പറഞ്ഞത് എങ്കിലും അവന്റെയുള്ളിൽ ഒരുപാട് വേദനിക്കുന്നെന്ന് അക്ഷിതിന് മനസ്സിലായി.. കൂടുതൽ ഒന്നും പറയാതെ അമിതിനെ അൽപ നേരം തനിച്ചു വിട്ട് അക്ഷിത് കിടക്കയിൽ ചെന്ന് കിടന്നു... കണ്ണടയും വരെ അവൻ അമിതിനെ നോക്കി കിടന്നു... ************ രാത്രി അനിയുടെ അമ്മയാണ് ആര്യക്ക് ഭക്ഷണം വാരി കൊടുത്തത്.. ഹോസ്പിറ്റലിൽ നിന്ന് ചെന്ന പാടെ അമ്മ കരഞ്ഞു കൊണ്ട് അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.. നെറ്റിയിൽ നല്ലൊരു മുറിവ് ഉണ്ടായിരുന്നതിനാൽ ആര്യയെ ബെഡിൽ നിന്നും എണീക്കാൻ തന്നെ അവർ സമ്മതിച്ചില്ല.. കൂടെ അനിയും ഉണ്ടായിരുന്നു...

തനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് ആര്യ ആവർത്തിച്ചെങ്കിലും അതൊന്നും കേൾക്കാൻ അവർ തയ്യാറായില്ല.. ആര്യയുടെ അവസ്ഥ കണ്ട് അമ്മക്ക് ഒരുപാട് സങ്കടം ആയിട്ടുണ്ടായിരുന്നു.. ഭക്ഷണം കഴിച്ചു കഴിഞ്ഞ് മരുന്നും കുടിപ്പിച്ചാണ് അനിയും അമ്മയും വീട്ടിലേക്ക് പോയത്... ഒരമ്മയുടെ എല്ലാ കെയറിങ്ങും ലഭിച്ചതും ആര്യയുടെ മനസ്സ് നിറഞ്ഞു..... ഉറങ്ങാൻ കണ്ണുകൾ അടക്കുന്നതിന് മുന്നേ ജിനോ സാറും അവളുടെ അച്ഛനും റൂമിലേക്ക് വന്നു... അച്ഛൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു .. "അങ്ങനെ എല്ലാം അവസാനിച്ചു അല്ലേ... " "മ്മ്മ്.. അതേ അച്ഛാ.. ഒട്ടും പ്രതീക്ഷിക്കാത്ത ശത്രു തന്നെ ആയിപ്പോയി... കൂടെ നിന്ന് ചതിച്ചവൻ.. " "അമിതിന് ഉൾകൊള്ളാൻ കഴിഞ്ഞോ...??" അമിതിന്റെ നാമം കേട്ടതും ആര്യ മൗനം പാലിച്ചു.. അതിനുത്തരം നൽകിയത് ജിനോ സാർ ആയിരുന്നു... "ഉൾകൊള്ളാതിരിക്കാൻ കഴിയില്ലല്ലോ.. സത്യങ്ങൾ അവന്റെ മുന്നിൽ തെളിയുമ്പോൾ അവൻ കണ്ണടക്കുമോ.. എന്തായാലും എന്റെ ജോലി കഴിഞ്ഞു. ഞാൻ നാളെ തിരിച്ചു പോകും... ഇനിയൊരു പ്രശ്നവും ഇല്ലാതിരിക്കട്ടെ... " അതും പറഞ്ഞ് ജിനോ സാർ റൂമിൽ നിന്നും പോയി.. ആര്യ ഉറങ്ങുന്നത് വരെ അച്ഛൻ അവളുടെ കൂടെ തന്നെ ഇരുന്നു...........

പിറ്റേന്ന് ആർട്സ് ന്റെ അവസാന ദിനം ആയിരുന്നു... തലേന്ന് സംഭവിച്ച കാര്യങ്ങൾ മനസ്സിൽ ഓർത്ത് കൊണ്ട് അമിത് എണീക്കാതെ ബെഡിൽ ചെരിഞ്ഞു കിടന്നു... ആ സമയം അക്ഷിത് കുളി കഴിഞ്ഞ് ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു... അമിതിനെ നോക്കി എണീക്കുന്നില്ലേ എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചതും അമിത് മടി പിടിച്ച് വീണ്ടും കിടന്നു... ചിരിച്ചു കൊണ്ട് അക്ഷിത് തല തുവർത്തുന്നതിനിടയിൽ അക്ഷിതിന്റെ ഫോൺ റിങ് ചെയ്തു... കണ്ണ് വെട്ടിച്ചു കൊണ്ടവൻ ഫോണിലേക്ക് നോക്കിയതും ഡിസ്പ്ലേയിൽ തെളിഞ്ഞ നാമം കണ്ട് സംശയത്തോടെ ഫോൺ കയ്യിലെടുത്തു.... ഫോൺ അറ്റൻഡ് ചെയ്യാതെ നോക്കി നിൽക്കുന്ന ഏട്ടനെ തല ഉയർത്തി കൊണ്ട് അമിതും നോക്കി... "ഹലോ... മഹീ... " മറുതലക്കൽ മഹിയാണെന്ന് അറിഞ്ഞതും അമിത് ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു.. ഇത്രയും രാവിലെ എന്തിനാണ് മഹി തന്നെ വിളിക്കുന്നതെന്ന് ആലോചിച്ചു കൊണ്ട് അക്ഷിത് കാര്യം അന്വേഷിച്ചു... ഏട്ടന്റെ മാറി വരുന്ന മുഖഭാവം നോക്കി ഇരിക്കുകയായിരുന്നു അമിത്... ഫോൺ കട്ട് ചെയ്തു കൊണ്ട് അക്ഷിത് അമിതിന്റെ അടുത്ത് വന്നിരുന്നു.. "എന്താ ഏട്ടാ... എന്താ മഹി പറഞ്ഞെ...???" "അത്..... " ....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story