ആത്മരാഗം💖 : ഭാഗം 74

athmaragam thanseeh

രചന: തൻസീഹ് വയനാട്

"അത്... ഈശ്വർ,,,,,അവൻ വെന്റിലേറ്ററിൽ ആണെന്ന്.... " ഒരു ഞെട്ടൽ അമിതിൽ നിന്നും പ്രതീക്ഷിച്ച അക്ഷിതിന് കാണാൻ കഴിഞ്ഞത് പുച്ഛം വിരിഞ്ഞു നിൽക്കുന്ന മുഖം ആയിരുന്നു... ഈശ്വറിനെ കുറിച്ച് പറഞ്ഞത് ഗൗനിക്കാതെ അമിത് ടവൽ എടുത്ത് ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക് നടന്നു.... അവന്റെ പോക്ക് കണ്ട് അക്ഷിത് അവനെ തന്നെ നോക്കിയിരുന്നു... ഫ്രഷ് ആയി വന്ന അമിത് അക്ഷിതിന് മുഖം കൊടുക്കാതെ കോളേജിലേക്ക് പോകാൻ ഒരുങ്ങി.. ഈശ്വറിനെ കുറിച്ച് അവനൊന്നും ചോദിക്കാനോ അറിയാനോ പോയില്ല.. മനസ്സിൽ നിന്നും അവനെ പൂർണമായും തുടച്ചു മാറ്റിയിരുന്നു അമിത്... അമിതിന്റെ മനസ്സ് മനസ്സിലാക്കിയത് കൊണ്ട് തന്നെ അക്ഷിത് പിന്നീട് ഈശ്വറിന്റെ സ്ഥിതിയെ കുറിച്ചൊന്നും പറയാൻ നിന്നില്ല.... അവനും കോളജിലേക്ക് പോകാനായി റെഡിയായി.... താഴേക്കു ചെന്നപ്പോൾ അക്ഷരകുട്ടി അമ്മയോടൊപ്പം സോഫയിൽ ഇരിക്കുന്നതവർ കണ്ടു... അമ്മ എന്തോ കാര്യമായ വായനയിൽ ആണ്.. അമ്മയുടെ മുഖം മാറി വരുന്നതും അവർ ശ്രദ്ധിച്ചു...

"എന്താ അമ്മേ.. " കയ്യിലെ വാച്ച് ശെരിയാക്കി സ്റ്റെപ്പുകൾ ഇറങ്ങി കൊണ്ട് അമിത് അമ്മയുടെ അടുത്തേക്ക് ചെന്നു.. അവനെ കണ്ടതും സംശയത്തോടെ അമ്മ അവനെ തലയുയർത്തി നോക്കി.. "എന്താ ഡാ ഇത്... എന്നോടൊന്നും പറഞ്ഞില്ലല്ലോ " പത്രം അവന് നേരെ നീട്ടി കൊണ്ട് അമ്മ പറഞ്ഞതും എന്താണെന്ന് നോക്കാനായി അമിത് പത്രം വാങ്ങി.. ഇന്നലെ കോളേജിൽ ഉണ്ടായ അടിയുടെ വാർത്തയായിരുന്നു അതിൽ . അത്ര വലിയ പ്രധാന്യം നൽകാതെ ചെറിയ കോളത്തിൽ ആണ് വാർത്ത എന്നത് കണ്ട് അമിതിന് ആശ്വാസമായി... " ആർട്സിനിടയിൽ അടിപിടി... ജ്യാമത്തിൽ ഇറങ്ങിയ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ... " ഇതായിരുന്നു പത്രവാർത്ത.. ജാമ്യത്തിൽ ഇറങ്ങിയ വിദ്യാർത്ഥിക്ക് ആക്‌സിഡന്റ് ഉണ്ടായെന്നാണ് അതിൽ എഴുതി വെച്ചിരിക്കുന്നത്... കോളേജിന്റെ പേരും ഈശ്വറിന്റെ പേരും കണ്ടത് കൊണ്ടാണ് അമ്മ അമിതിനെ കണ്ണുരുട്ടി നോക്കിയത് .. അമ്മയോട് എന്ത് പറയണമെന്നറിയാതെ അമിത് വലഞ്ഞു .. സത്യം മുഴുവൻ പറയാം എന്ന് മനസ്സിൽ വിചാരിച്ചതും അമ്മക്ക് മറുപടിയുമായി അക്ഷിത് താഴേക്ക് ഇറങ്ങി വന്നു..

"അത് പാർട്ടികൾ തമ്മിലുള്ള അടിപിടിയായിരുന്നു അമ്മേ... പ്രിൻസി പോലീസിനെ വിളിച്ചു വരുത്തി അവരെയൊക്കെ പൊക്കി . അപ്പോൾ തന്നെ വിട്ടയച്ചു.. ഈശ്വർ വീട്ടിലേക്ക് തിരിക്കും വഴി ആക്‌സിഡന്റ് ഉണ്ടായതാണ്.. ഞങ്ങൾ ഇന്നലെ ഹോസ്പിറ്റലിൽ പോയിരുന്നു... ഇപ്പോൾ കുഴപ്പമില്ല..." കൃത്യ സമയത്ത് അക്ഷിത് വന്നത് കൊണ്ട് അമിത് ആശ്വാസത്തോടെ നെടുവീർപ്പിട്ടു... "ഒരു കുഴപ്പവും ഇല്ലാതിരുന്നാ മതി.. ആ പാവത്തിന് തന്നെ ഇങ്ങനെ വിപത്ത് പറ്റിയല്ലോ ഈശ്വരാ.. അവനെ റൂമിലേക്ക് മാറ്റുമ്പോൾ എനിക്കും ഒന്ന് കാണാൻ പോകണം.. ഇവിടെ വരുമ്പോൾ സ്വന്തം വീട് പോലെയും എന്നെ സ്വന്തം അമ്മയെ പോലെയും കാണുന്ന ചെറുക്കനാ.. അവന്റെ ആ മുഖം മനസ്സിൽ നിന്ന് മായുന്നില്ല... ഹാ വേഗം സുഖപ്പെടുത്തി കൊടുക്കട്ടെ " നെടുവീർപ്പിട്ട് കൊണ്ട് അമ്മ അവർക്ക് ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി.. അമ്മയുടെ ഓരോ വാക്കുകളും അമിതിന്റെ ഹൃദയത്തിൽ വല്ലാത്തൊരു ഭാരം തിങ്ങി വന്നു...

എന്നാൽ അടുത്ത നിമിഷം തന്നെ അവന്റെ മുഖഭാവം മാറി... ഈശ്വർ ചെയ്ത കാര്യങ്ങൾ മനസ്സിലേക്ക് ആവാഹിച്ചെടുത്തവൻ മനസ്സിനെ നിയന്ത്രിച്ചു.. കണ്ണടച്ച് തുറന്നു കൊണ്ടവൻ അക്ഷിതിനൊപ്പം ചായ കുടിക്കാൻ ഇരുന്നതും അവനെ മാത്രം വീക്ഷിച്ചിരുന്ന രണ്ടു കണ്ണുകൾ അവനെ അടിമുടി തഴുകി... പലതും മനസ്സിൽ കണക്ക് കൂട്ടുന്ന അക്ഷരകുട്ടിയെ കണ്ടതും എന്താ എന്ന് അമിത് പുരികം പൊക്കി കാണിച്ചു... ഒന്നുമില്ലെന്ന് അമർത്തി മൂളിയ ശേഷം അക്ഷര ചായ കുടിക്കാൻ തുടങ്ങി... അമിതും അക്ഷരയും ചായ കുടിക്കുന്നതിനിടയിൽ പരസ്പരം ഇടം കണ്ണിട്ട് നോക്കുകയും നെറ്റി ചുളിക്കുകയും ചെയ്തു കൊണ്ടേയിരുന്നു... അവളുടെ കുഞ്ഞു ബുദ്ധിയിൽ പലതും തെളിഞ്ഞു വന്നിട്ടുണ്ടെന്ന് അവളുടെ ഭാവം കണ്ടപ്പോഴേ അമിതിന് മനസ്സിലായി..... കൂടുതൽ നേരം അവളുടെ മുന്നിൽ ഇരുന്ന് കൊടുക്കാതെ അമിത് എഴുന്നേറ്റു.... ************ ആര്യയുടെ നെറ്റിയിലെ മുറിവ് കാരണം അവളുടെ അച്ഛനും അനിയുടെ അമ്മയും ഇന്ന് കോളേജിൽ പോകുന്നതിൽ നിന്നും അവളെ വിലക്കി..

ആർട്സ് ആയതിനാൽ തന്നെ പോകേണ്ട കാര്യമില്ലെന്നും അവൾക്ക് തോന്നി.... അനിക്ക് തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറി നിൽക്കാൻ ആവാത്തതിനാൽ അവൾ നേരത്തെ തന്നെ കോളജിലേക്ക് പുറപ്പെട്ടു....... കോളേജിൽ എത്തിയ അവൾ ഈശ്വറിനെ സസ്‌പെന്റ് ചെയ്ത വിവരം അറിഞ്ഞു.. അടിപിടി കേസിൽ പ്രിൻസി ഈശ്വറിനെ സസ്പെന്റ് ചെയ്ത വിവരം കോളേജ് മൊത്തം പരന്നിരുന്നു.. ഇന്നേവരെ ഒരു മോശം പെരുമാറ്റമോ അടിപിടി സ്വഭാവമോ ഇല്ലാതിരുന്ന ഈശ്വറിനെ സസ്‌പെന്റ് ചെയ്തത് വിദ്യാർത്ഥികൾക്കെല്ലാം അത്ഭുതം ആയിരുന്നു.. പിന്നെ പാർട്ടികൾ തമ്മിലുള്ള ഉന്തും തള്ളും ആയിരിക്കുമെന്നും അതിൽ പ്രിൻസി സ്ട്രിക്റ്റ് ആയതാവുമെന്നും എല്ലാവരും വിചാരിച്ചു വെച്ചു.. അതേ സമയം തന്നെ മഹി കോളേജിൽ ജോയിൻ ചെയ്തത് എല്ലാവരെയും ഞെട്ടിച്ചു.. പ്രത്യേകിച്ച് ലീനയെ.. തന്നോട് പ്രതികാരം ചെയ്യാനാണ് അവൻ തിരിച്ചു വന്നിരിക്കുന്നതെന്ന് ഓർത്ത് ലീന അടിമുടി വിറച്ചു... അവന്റെ മുന്നിൽ പെടാതെ ലീന മാറി നടന്നു.....

അമിതും അക്ഷിതും കോളേജിൽ എത്തിയതും ഗേറ്റിന് മുന്നിൽ നിൽക്കാറുള്ള ഈശ്വറിനെ അവൻ കണ്ണിൽ കണ്ടു . ഉടനെ അവൻ മുഷ്ടി ചുരുട്ടി പിടിച്ച് കണ്ണുകൾ അടച്ചു തുറന്നു.. അമിതിന്റെ കൈകൾ അക്ഷിത് മുറുകെ പിടിച്ചതും അവനൊന്ന് അയഞ്ഞു.. കണ്ണുകൾ തുറന്ന് മുന്നോട്ട് നടന്നതും തങ്ങളെ കാത്ത് നിൽക്കുന്ന മഹിയെ അവർ കണ്ടു.... "ഞാൻ വീണ്ടും തിരിച്ചെത്തി.. " ചിരിച്ചു കൊണ്ട് മഹി അമിതിനെ വാരി പുണർന്നു... അവരുടെ ആ പഴയ സൗഹൃദം വീണ്ടും ഉടലെടുക്കുകയായിരുന്നു.... മൂവരും കോളജിലേക്ക് കാലുകുത്തിയതും മഹിയെയും അമിതിനെയും ഒരുമിച്ച് കണ്ട് എല്ലാവരുടെയും കിളികൾ പാറി... കോളേജിനെ വിറപ്പിക്കുന്ന രണ്ട് ശൂരന്മാരുടെ കൂടി ചേരൽ കണ്ട് അത്ഭുതത്തോടെ എല്ലാവരും അന്തം വിട്ട് നിന്നു.. "നിങ്ങളിവിടെ ഇരുന്നോ.. എനിക്ക് ജോലികൾ ഉണ്ട്.. " ആർട്സ് ന്റെ കലാശ കൊട്ടായതിനാൽ ഒരുപാട് ജോലികൾ അമിതിനെ കാത്തിരിപ്പുണ്ടായിരുന്നു.. മഹിയെയും അക്ഷിതിനെയും മെയിൻ സ്റ്റേജിലാക്കി അമിത് തന്റെ ജോലികളിലേക്ക് തിരിഞ്ഞു....

പരിപാടി ആവേശത്തോടെ അരങ്ങേറുമ്പോൾ മഹിയുടെ കണ്ണുകൾ ആരെയോ തേടുകയായിരുന്നു..... ************ ഉച്ച കഴിഞ്ഞതും ആർട്സ് പരിപാടികൾ അവസാനത്തിലേക്ക് അടുത്തു.. എല്ലാവരിലും ആവേശം കൊഴുത്തു... തിരക്കിനിടയിൽ അമിത് അനിയെ കണ്ടിരുന്നു.. ആര്യ വന്നിട്ടില്ലെന്ന് അവളിലൂടെ അമിത് അറിഞ്ഞു... താൻ അവളെ കുറിച്ച് ചോദിച്ച വിവരം അവളോട്‌ പറയേണ്ട എന്നവൻ പ്രത്യേകം പറഞ്ഞു... തലയാട്ടി സമ്മതിച്ച അനി കാരണം ചോദിക്കാനൊന്നും നിന്നില്ല... സ്റ്റേജിൽ അരങ്ങേറുന്ന ഡാൻസ് വീക്ഷിക്കുന്നതിനിടയിൽ മഹിയുടെ കണ്ണുകൾ ആൾക്കൂട്ടത്തിൽ ഒരാളുടെ നേരെ ചെന്ന് പതിച്ചു... തന്നെ നോക്കുന്ന മഹിയുടെ കണ്ണുകൾ കണ്ടതും ആ രൂപം പേടിച്ചു വിറച്ചു... പതിയെ അവിടെ നിന്നും ഉൾവലിഞ്ഞു..... തന്നെ കണ്ടത് കൊണ്ട് മാറി പോയ അവളെ മഹി പിന്തുടർന്നു... നേരെ ക്ലാസ്സിലേക്ക് ഓടി പോയ ലീന കിതച്ചു കൊണ്ട് ബെഞ്ചിൽ ഇരുന്നു... അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.. മഹി ഇങ്ങോട്ട് വരുമോ എന്ന ഭയത്താൽ അവൾ മെല്ലെ ക്ലാസ്സിൽ നിന്നിറങ്ങിയതും പെട്ടന്ന് മഹി അവളുടെ മുന്നിൽ കയറി നിന്നു...

പേടിയോടെ ഒരടി പിന്നിലേക്ക് നിന്ന ലീനയെ നോക്കി മഹി ചുണ്ട് തടവി കൊണ്ട് ചിരിച്ചു... മഹിയെ കണ്ട് ഇപ്പോൾ കരയും എന്ന അവസ്ഥയിൽ ആയിരുന്നു ലീന... ആര്യ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു... ആര്യയുടെ ഉപദേശങ്ങൾ മനസ്സിൽ മായാതെ കിടപ്പുണ്ടെങ്കിലും മഹിയെ കണ്ടതും അവളുടെ നാവ് ചലിച്ചില്ല.... ലീന പിറകോട്ട് നടന്ന് ചുമരിൽ ചാരിയതും മഹി തന്റെ വലത്തേ കൈ ചുമരിൽ വെച്ചു.. തന്റെ അരികിൽ തടസ്സമായി നിൽക്കുന്ന അവന്റെ കൈ നോക്കി ലീന പേടിച്ച് ചൂളി നിന്നു.... "പ്ലീസ്... എന്നെ വിട്ടേക്ക്.. അന്ന്.. ചെയ്തതിന് സോറി... പ്ലീസ്.. " പേടിച്ചരണ്ട വാക്കുകളോടെ അവൾ പറഞ്ഞതും മഹി ഒന്ന് ചിരിച്ചു.. "ഒരു സോറി പറഞ്ഞാൽ എല്ലാം തീർന്നെന്നാണോ നീ വിചാരിച്ചു വെച്ചേക്കുന്നത്.. മഹിയുടെ നേർക്കാണ് നീ കളിച്ചത്.. ഇനി എന്റെ കളിയെന്താണെന്ന് നീയും കണ്ടോ... " മഹിയുടെ വാക്കുകൾ ലീനയുടെ വയറ്റിൽ കാളൽ സൃഷ്‌ടിച്ചു... ആ സമയം അടുത്ത ക്ലാസ്സ്‌ റൂമിൽ നിന്ന് ആരുടെയൊക്കെയോ ശബ്ദം കേട്ടതും മഹിയുടെ ശ്രദ്ധ അവിടേക്കായി...

അവന്റെ ശ്രദ്ധ മാറിയതും ലീന സംഭരിച്ചെടുത്ത ധൈര്യത്തിൽ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് വേഗത്തിൽ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഓടി പോയി.. "നിന്നെ എന്റെ കയ്യിൽ കിട്ടുമെടീ " ഓടുന്നതിനിടയിൽ പിറകെ നിന്ന് വന്ന മഹിയുടെ വാക്കുകൾ അവളുടെ കാതിൽ തുളഞ്ഞു കയറി.. അവൾ ഓട്ടത്തിന് വേഗത കൂട്ടി.. ************. വിചാരിച്ചതിലും ഭംഗിയായി ആർട്സ് അവസാനിച്ചു...സൂപ്പർ സീനിയർസ് ആയ അമിതിന്റെയും കൂട്ടരുടെയും കോളേജിലെ അവസാന ആർട്സ് ആയതിനാൽ തന്നെ എല്ലാവരും അത് ആഘോഷിച്ചു.. പ്രൊജക്റ്റ്‌, വർക്കുകളുടെയും എക്‌സാമിന്റെയും തിരക്കുകളുടെ നാളുകൾ അവരെ കാത്തിരിക്കുന്നെന്ന് അവർക്ക് അറിയാമായിരുന്നു... ഏറ്റവും ഒടുവിൽ തങ്ങളുടെ കലാലയ ജീവിതം അവസാനിച്ചെന്നും അവർക്ക് നല്ല ധാരണ ഉണ്ടായിരുന്നു... അവരുടെ അവസാനത്തെ ആഘോഷം ആയതിനാൽ തന്നെ പ്രിൻസി വിലക്കുകളുമായി വന്നില്ല...... പൊടിപറത്തിയ ആഘോഷം പൊളിച്ചടുക്കി വൈകിയാണ് അമിതും അക്ഷിതും വീട്ടിലേക്ക് തിരിച്ചത്..

ആര്യ ഇല്ലാത്തതിനാൽ സൂപ്പർ സീനിയേഴ്‌സിന്റെ ആഘോഷം കണ്ടു നിൽക്കാതെ അനി നേരത്തെ തന്നെ വീട്ടിലേക്ക് തിരിച്ചു... വീട്ടിൽ എത്തിയ അനി അന്നത്തെ ദിവസം നടന്നതെല്ലാം ആര്യയോട് വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു.. മഹി തിരിച്ചു വന്നതും ഈശ്വറിനെ സസ്‌പെന്റ് ചെയ്തതും പറഞ്ഞപ്പോൾ ആര്യ ഗൗരവത്തിൽ എല്ലാം കേട്ടിരുന്നു.. അവളുടെ വിശേഷങ്ങൾ കഴിഞ്ഞ് ഈശ്വർ സീരിയസ് ആയി ഹോസ്പിറ്റലിൽ ആണെന്ന് ജിനോ സാർ വിളിച്ചു പറഞ്ഞത് ആര്യ അവളോട് പറഞ്ഞു... ഞെട്ടലോടെയാണ് അനി അത് കേട്ടത്.... എത്ര മോശപ്പെട്ടവൻ ആണെങ്കിലും എന്തൊക്കെ നെറികേട് ചെയ്തിട്ടുണ്ടെങ്കിലും ഈശ്വറിന്റെ എപ്പോഴും ചിരിച്ച മുഖം മാത്രമായിരുന്നു അനിയുടെ മനസ്സിൽ വന്നിരുന്നത്..... കോളേജ് വിട്ട് വേഷം പോലും മാറാതെ ആര്യയുടെ വീട്ടിലേക്കെത്തിയ അനിയെ വടിയുമായി അമ്മ തിരഞ്ഞു വന്നതും നാളെ കാണാം എന്ന് പറഞ്ഞ് അനി അമ്മയുടെ കണ്ണ് വെട്ടിച്ച് ഓടി വീട്ടിൽ പോയി... അൽപ്പ സമയം ആര്യയുടെ ഒപ്പമിരുന്ന് അമ്മയും വീട്ടിലേക്ക് പോയി.... ************

ആര്യയുടെ മുറിവ് കാരണം രണ്ടാഴ്ചത്തേക്ക് ആര്യ കോളേജിൽ പോയില്ല..അനി തനിച്ചാണ് പോയിരുന്നത്.. ആ ദിവസങ്ങളിൽ എല്ലാം അമിത് ആര്യയുടെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു... എന്നാൽ ആര്യ ഒരിക്കൽ പോലും അമിതിനെ അന്വേഷിച്ചില്ല... കോളേജിലെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ അനിയും അമിതിന്റെ പേര് പറഞ്ഞില്ല... അങ്ങനെ ഈ രണ്ടാഴ്ച അമിതിനെ അവൾ മറന്നു തുടങ്ങിയിരുന്നു... അത് നല്ലതിനാണെന്ന് അനിക്കും തോന്നി.. അവളുടെ മനസ്സിൽ നിന്നും ദേഷ്യവും വാശിയും മാറിയാൽ ഇനിയൊരു കൂടി കാഴ്ച അവർ തമ്മിൽ ഉണ്ടാവുമ്പോൾ അവർ സൗഹൃദത്തിലാവുമെന്ന് അവൾ കണക്ക് കൂട്ടി....... ആര്യ ഇല്ലാത്തതിനാൽ അനി ലീനയുടെ കൂടെ തന്നെ ആയിരുന്നു... അത് ലീനക്കും ആശ്വാസമായി.. മഹിയുടെ കണ്ണുകളിൽ നിന്നും രക്ഷ നേടാൻ ഒരു തുണ അവൾക്ക് അത്യാവശ്യമായിരുന്നു... ************

രണ്ടാഴ്ചത്തെ ലീവിന് ശേഷം ആര്യ കോളജിലേക്ക് പോകാനായി റെഡിയായി... മുറിവെല്ലാം മാറി തുടങ്ങിയിരുന്നു.. എങ്കിലും സ്റ്റിച് വലുതായി തന്നെ കാണാമായിരുന്നു... രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് പോകാമെന്ന് അനിയുടെ അമ്മ പറഞ്ഞെങ്കിലും എക്സാം അടുത്ത് വരുന്നതിനാൽ പോയേ പറ്റൂ എന്ന് ആര്യ തീർത്തു പറഞ്ഞു...... ഇനി ആരുമായും അടി കൂടല്ലേ എന്ന് സ്നേഹത്തോടെ ഉപദേശിച്ചു കൊണ്ടാണ് ആര്യയെ അമ്മ കോളജിലേക്ക് വിട്ടത്.... ലീവ് കഴിഞ്ഞ് ആര്യ കോളേജിൽ എത്തിയ വിവരം അമിത് അറിഞ്ഞിരുന്നില്ല.. കോളേജിൽ എത്തിയ പാടെ അവൻ കണ്ടത് അനിയും ആര്യയും ലീനയും സംസാരിച്ചു നിൽക്കുന്നതാണ്... അവളെ കണ്ടതും അമിത് പെട്ടന്ന് മാറി നടന്നു... അവളുടെ ദേഷ്യം മാറുന്നത് വരെ താൻ മുന്നിൽ ചെല്ലില്ലെന്ന് അവൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു...... ക്ലാസ്സിൽ നിന്നും പുറത്തിറങ്ങാതെ അവൻ പ്രൊജക്റ്റ്‌ വർക്കുകളുമായി സമയം നീക്കി.. പുറത്തിറങ്ങിയാലും ആര്യയുടെ കണ്ണിൽ പെടാതിരിക്കാൻ അവൻ പ്രത്യേകം ശ്രമിച്ചു.... ആര്യ വന്നത് ലീനക്ക് ആശ്വാസം ആയെങ്കിലും മഹിയുടെ കാര്യം അവൾ മനഃപൂർവം മറച്ചു വെച്ചു.. ആര്യയുടെ പരിക്കുകൾ കണ്ട് ഇനിയും അവൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് അവൾ പറയേണ്ട എന്ന് തീരുമാനിച്ചത്...

ക്ലാസ്സിൽ നിന്നിറങ്ങാതെ അവളും സമയം തള്ളി നീക്കി... ക്യാന്റീനിലും സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴിയുമൊക്കെ മഹി അവളെയും നിരീക്ഷിച്ചു നിന്നെങ്കിലും അവനെ നോക്കുക പോലും ചെയ്യാതെ അവൾ മാറി നടന്നു... അവൻ മുന്നിൽ വരുമ്പോൾ എല്ലാം മൗനം പാലിച്ചവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി... മഹി ശല്യം ചെയ്യാൻ വരുന്നെന്ന് അറിഞ്ഞാൽ ആര്യ അടങ്ങി ഇരിക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു... മഹിയുമായി ആര്യ കൊമ്പ് കോർക്കേണ്ടെന്ന് വിചാരിച്ച് അവൾ പ്രശ്നം ഒതുക്കാൻ ശ്രമിച്ചു.... മഹിയെ തീർത്തും അവൾ അവഗണിച്ചു..... പിന്നീടുള്ള ദിവസങ്ങളിലും ലീന ഈ മനോഭാവം തന്നെ തുടർന്നു... അമിത് ആര്യയിൽ നിന്നും മറഞ്ഞിരിക്കുമ്പോൾ ഇവിടെ ലീന മഹിയിൽ നിന്നും മറഞ്ഞിരുന്നു... കണ്ടാലും മുഖത്തേക്ക് പോലും നോക്കാതെ പോകാനുള്ള ധൈര്യം അവൾക്കുണ്ടായി... താൻ പോകുമ്പോൾ മഹി പിറകെ നടക്കുന്നു എന്നല്ലാതെ തന്റെ നേരെ മോശമായി ഒന്നും ചെയ്യുകയോ പറയുകയോ ചെയ്യുന്നില്ലെന്നത് അവളെ അത്ഭുതപെടുത്തിയിരുന്നു...

മഹിക്ക് മറ്റെന്തോ ഗൂഢ ലക്ഷ്യം ഉണ്ടെന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു... അതിലവൾ ഒരുപാട് ഭയപ്പെടുകയും ചെയ്തു... അങ്ങനെ പിറകെ നടക്കലിന് അന്ത്യം കുറിക്കാൻ എന്നവണ്ണം ഒരു ദിവസം കോളേജ് വിട്ട് എല്ലാവരും പോയ സമയം മഹി ക്ലാസ്സിലേക്ക് കയറി... ലീന പോകാനായി നിൽക്കുവായിരുന്നു.. ആര്യയും അനിയുമെല്ലാം പോയിരുന്നു... മഹി വന്നിട്ടും അവളിൽ യാതൊരു പേടിയും ഉണ്ടായിരുന്നില്ല.. കാരണം ഈ ദിനങ്ങളിൽ മഹിയോടുള്ള പേടി എല്ലാം പ്രത്യക്ഷത്തിൽ മാഞ്ഞു പോയിരുന്നു... അവനെ കണ്ടതും അവൾ ബാഗ് എടുത്ത് അവനെ മൈൻഡ് ചെയ്യാതെ വെളിയിലേക്കിറങ്ങാൻ നിന്നു.. തന്നെ കടന്ന് പോയ ലീനയെ ഒന്ന് നോക്കി പെട്ടന്നവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ മുന്നിലേക്ക് നിർത്തി.. അപ്രതീക്ഷിതമായുള്ള അവന്റെ പ്രവർത്തിയിൽ ലീന ഞെട്ടി തരിച്ചു..... അവളുടെ ഉള്ളം പേടിച്ചു വിറച്ചു... അവൾ കുതറി മാറാൻ നിന്നെങ്കിലും മഹി അവളെ വിട്ടില്ല.... ഭീതിയോടെയുള്ള മിഴികളാൽ ലീന അവനെ നോക്കി നിൽക്കെ അവനിൽ നിന്നും ഉതിർന്ന വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ തള്ളി വന്നു.... തൊണ്ടയിലെ വെള്ളം വറ്റി... ഷോക്കടിച്ച പോലെയവൾ മഹിയെ നോക്കി തരിച്ചു നിന്നു.. ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story