ആത്മരാഗം💖 : ഭാഗം 75

athmaragam thanseeh

രചന: തൻസീഹ് വയനാട്

"എന്ത്.... എന്താ പറഞ്ഞേ... " ശബ്ദം പുറത്തെടുക്കാൻ പ്രയാസപ്പെട്ടു കൊണ്ടവൾ മഹിയെ നോക്കി ചോദിച്ചു.. ഒരു കള്ളച്ചിരിയോടെ മഹി അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.. "ഇനിയും ഇങ്ങനെ മിണ്ടാതെ നടക്കാൻ ആണ് ഭാവമെങ്കിൽ അപ്പനോട് പറഞ്ഞ് വീട്ടിലേക്ക് പെണ്ണ് ചോദിക്കാൻ ഞാൻ വരുമെന്ന്... " മീശയിൽ ചൂണ്ട് വിരൽ ഉരസി വശത്തേക്കൊതുക്കി കണ്ണിറുക്കി കൊണ്ട് മഹി പറഞ്ഞതും ലീനയുടെ കിളികൾ പാറി പോയി.. കേട്ടത് വിശ്വസിക്കാൻ ആവാതെ അവൾ അന്തം വിട്ട് നിന്നു.... അവളിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് പറഞ്ഞ പോലെ എന്ന് കൈകൾ കൊണ്ടും കണ്ണ് കൊണ്ടും ആംഗ്യം കാണിച് മഹി ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.... അവൻ പോയി കഴിഞ്ഞേറെ ആയിട്ടും ലീന തരിച്ചു തന്നെ നിന്നു... മഹി പറഞ്ഞ വാക്കുകൾ ഒന്നൂടെ ഓർമിച്ചെടുത്തതും അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു....

എങ്കിലും എന്തോ ഒരു ഭയം അവളിൽ നിറഞ്ഞു നിന്നു.. മഹി മറ്റെന്തോ ഉദ്ദേശത്തിൽ ആണോ ഇക്കാര്യം പറഞ്ഞതെന്ന ചിന്ത അവളിൽ ഉടലെടുത്തു.. തന്നോട് പകയുള്ള മഹി ഒരിക്കലും ഒരു കാരണവും ഇല്ലാതെ ഇങ്ങനെ പറയില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.... അവനിൽ നിന്ന് മാറി നടക്കാൻ തന്നെ അവൾ തീരുമാനിച്ചു.......... ************ "എന്ത്.... സത്യമാണോ... എനിക്ക് തോന്നുന്നില്ല നീ അങ്ങനെ അവളോട്‌ പറഞ്ഞെന്ന്.. " "അയ്യോ.. സത്യമാ ഡാ.. ആദ്യമേ അവളോടെനിക്ക് ഇഷ്ടം ഉണ്ടായിരുന്നു... പിന്നെ എന്നെ കുറിച്ച് പ്രിൻസിയോട് പരാതി കൊടുത്തതും അത് കോളേജിൽ പാട്ടാവുകയും ചെയ്തപ്പോൾ അവളെ ഒന്ന് വിരട്ടണം എന്നേ ഉണ്ടായിരുന്നുള്ളൂ.. അതിനിടയിൽ നീ വന്ന് എന്നെ ഒതുക്കി..നിന്നോടെനിക്ക് വാശിയും ദേഷ്യവുമൊക്കെ ഉണ്ടായിരുന്നു.. പക്ഷേ അവളോടുള്ള ഇഷ്ടം മാഞ്ഞു പോയിരുന്നില്ല... " "ഓഹോ..ഇതിനിടയിൽ ഇങ്ങനെയും കളി ഉണ്ടായിരുന്നോ... വെറുതെയല്ല ഏട്ടാ ഇവൻ വീണ്ടും തിരിച്ച് ഇവിടേക്ക് വന്നത്..

ഉദ്ദേശം ഇതായിരുന്നു അല്ലേ.. " മഹി, ലീനയോട് താൻ പെണ്ണ് ചോദിക്കാൻ വരുമെന്ന് പറഞ്ഞ വിവരം അമിതിനോടും അക്ഷിതിനോടും പറയുന്ന തിരക്കിൽ ആയിരുന്നു... പഴയ ആ സൗഹൃദം വീണ്ടും പൂർണ്ണ ശക്തിയോടെ തന്നെ തുടർന്നു.. എന്തിനും ഏതിനും അമിതും മഹിയും ഒരുമിച്ചു.. കൂടെ അക്ഷിതും എല്ലായിപ്പോഴും ഉണ്ടായിരുന്നു.... "ഉദ്ദേശം ഇത് തന്നെയായിരുന്നു.. പക്ഷേ.. എന്റെ സ്വഭാവം അവൾക്ക് നല്ല പോലെ അറിയാമല്ലോ.. അത് കൊണ്ട് അവൾക്കെന്നെ ഉൾകൊള്ളാൻ കഴിയുമോ ആവോ.. " "ഏയ്.. അതൊക്കെ വിട്.. നീ ധൈര്യമായി അവളുടെ പിറകെ നടന്ന് അവളിൽ ഇഷ്ടം തോന്നിപ്പിക്ക്.. ഞങ്ങളില്ലേ കൂടെ.. അവളും ഇഷ്ടം പറയും.." അമിത് മഹിക്ക് ധൈര്യം കൊടുത്തതും ലീനയെയും കൊണ്ടേ താൻ പോകൂ എന്ന ഭാവം ആയിരുന്നു മഹിക്ക്..... പിന്നീടുള്ള ദിവസങ്ങൾ മഹിയുടേതായിരുന്നു.... ലീന പഴയ പോലെ അവനെ മൈൻഡ് ചെയ്യാതെ നടന്നു... മഹിക്കതിൽ നിരാശ തോന്നി എങ്കിലും അവളുടെ പിറകെയുള്ള നടത്തം അവൻ കുറച്ചില്ല...

നീണ്ട രണ്ടാഴ്ച അവൻ അവളെ ഫോളോ ചെയ്ത് കൊണ്ടേയിരുന്നു....ഈ ദിവസങ്ങളിൽ എല്ലാം മഹിയെ കുറിച്ചുള്ള ലീനയുടെ കാഴ്ചപ്പാട് ആകെ മാറി മറിഞ്ഞിരുന്നു.. അവളുടെ ഉള്ളിലും ചെറിയ ഇഷ്ടം വന്ന് തുടങ്ങി... എന്നാൽ അത് പുറത്ത് പറയാൻ എന്തോ പേടി ആയിരുന്നു അവൾക്ക്... കോളേജിൽ എല്ലാവർക്കും പുതിയ മഹിയെ ബോധിച്ചു.. അമിതിന്റെ കൂടെയുള്ള മഹിയുടെ കൂട്ട് കെട്ട് കണ്ട് മഹി മുഴുവനായും പുതിയ ഒരാൾ ആയെന്ന് ലീനക്കും മനസ്സിലായി... ഇത്രയൊക്കെ താൻ പിറകെ നടന്നിട്ടും ഒരു നോട്ടം പോലും ലീന നൽകാത്തത് കാരണം മഹി അവളുടെ വീട്ട് പടിക്കൽ വരെ എത്തി... കാര്യങ്ങൾ അത് വരെ എത്തിയതിനാൽ നാട്ടുകാരെ കൊണ്ട് ചീത്ത പേര് കേൾപ്പിക്കേണ്ടെന്ന് കരുതി ലീന അവന് അർദ്ധ സമ്മതം മൂളി... അത് മാത്രം മതിയായിരുന്നു മഹിക്ക്.. പിറ്റേ ദിവസം തന്നെ അവൻ വീട്ടുകാരുമായി ചെന്ന് കെട്ട് ഉറപ്പിച്ചു..... പിന്നീടങ്ങോട്ട് കോളേജിൽ മഹിയുടെയും ലീനയുടെയും പ്രണയ നാളുകൾ ആയിരുന്നു.... ഒരു ഭാഗത്ത് അനിയും അനിൽ സാറും ആരും അറിയാതെ പ്രണയം തുടരുമ്പോൾ മറു ഭാഗത്ത് മഹിയും ലീനയും കോളേജിൽ താരമായി...

മഹിയും ലീനയും തമ്മിലുള്ള പ്രണയം ഒട്ടും പ്രതീക്ഷിക്കാത്തത് ആയതിനാൽ എല്ലാവർക്കും അവർ ഒരു അത്ഭുതം തന്നെ ആയിരുന്നു....... ************ അങ്ങനെ ആ അദ്ധ്യയന വർഷം കടന്ന് പോയി.... ഈ മൂന്ന് മാസം അമിത് ഒരിക്കൽ പോലും ആര്യയുടെ മുന്നിലേക്ക് പോയില്ല.. കോളേജിൽ ഇടയ്ക്കിടെ മീറ്റിംഗ് ന്റെ ഭാഗമായി അനിയെ കാണാറുണ്ടെങ്കിലും തന്നെ കുറിച്ച് ആര്യയോട് പറയരുതെന്ന് അമിത് അവളോട്‌ തീർത്തു പറഞ്ഞു.. അതിനാൽ അനിയുടെ വായിൽ നിന്ന് അമിതിന്റെ നാമം അറിയാതെ പോലും വന്നില്ല... ആര്യ ആണേൽ അമിതിനെ കുറിച്ച് ഒന്നും അന്വേഷിച്ചതുമില്ല... ഒരേ കോളേജിൽ ആയിരുന്നിട്ട് കൂടി ഇരുവരും ഈ മൂന്ന് മാസം പരസ്പരം കാണാതെ അറിയാതെ നിന്നു.... തങ്ങളുടെ അവസാന വർഷം ആണെന്ന് ബോധ്യം ഉള്ളതിനാൽ തന്നെ ഒരു പ്രശ്നവും ഉണ്ടാക്കാതെ എല്ലാവരും ഒറ്റക്കെട്ടായി ദിനങ്ങൾ തള്ളി നീക്കി... എതിർ പാർട്ടി ആണെങ്കിലും അരുൺ എന്തിനും ഏതിനും അമിതിന്റെ കൂടെ ഉണ്ടായിരുന്നു..

അരുണിന്റെ സൗഹൃദ വലയം കണ്ട് അമിതിന് പലപ്പോഴും അവനോട് അസൂയ തോന്നിയിരുന്നു... എന്ത് കൊള്ളരുതായ്മ ചെയ്താലും അവനെ വിട്ട് പോവാത്ത കുറെ സൗഹൃദങ്ങളായിരുന്നു അരുണിന്റെ മുതൽ കൂട്ട്.... ഈശ്വറിനെ പിന്നീട് ആരും കണ്ടതേ ഇല്ല.. ഹോസ്പിറ്റലിൽ നിന്ന് അസുഖം ഭേദമായി അവൻ എങ്ങോട്ട് പോയെന്ന് ആർക്കും ഒരറിവും ഇല്ല.. ആരും അന്വേഷിക്കാനും പോയില്ല..ഈശ്വറിന്റെ സ്ഥാനത്ത് ഇന്ന് അമിതിന് മഹിയുണ്ട്..... അന്ന് മഹിയുടെ സ്ഥാനത്തേക്ക് ഈശ്വർ ഇടിച്ചു കയറി വന്നതായിരുന്നു... ഒടുവിൽ ഇപ്പോൾ യഥാർത്ഥ ബന്ധം എങ്ങനെയെന്ന് അമിത് അറിഞ്ഞു തുടങ്ങി... വഞ്ചനായില്ലാത്ത സൗഹൃദത്തിന്റെ മധുരം അവൻ നുകർന്നതു ഇക്കാലയാളവിലാവും.... ************ സെന്റ് ഓഫ് ഡേ കലാലയ ജീവിതം അവസാനിച്ചുവെന്നറിയിക്കാൻ കോളേജിലെ അവസാന നിമിഷങ്ങൾ സുന്ദരമാക്കാനുള്ള അവരുടെ ദിനം വന്നെത്തി.... അഞ്ചു കൊല്ലത്തെ അവരുടെ ജീവിതത്തിനാണ് ഇന്ന് സമാപ്‌തി കുറിക്കുന്നത്... തന്റെ കലാലയ ജീവിതം മനസ്സിൽ ഓർത്തെടുത്ത അമിത് രാവിലെ എണീക്കാൻ മടിച്ചു കൊണ്ട് ബെഡിൽ തന്നെ കിടന്നു..

ഇനിയിങ്ങനെയൊരു നിമിഷങ്ങൾ ഉണ്ടാവില്ലല്ലോ എന്നവൻ വേദനയോടെ ഓർത്തു.. രാവിലെ എണീക്കുന്നതും കോളേജിൽ പോകുന്നതും ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതും എല്ലാം അവൻ കണ്ണിൽ കണ്ടു..... കണ്ണുനീർ കണ്ണിനെ വലയം ചെയ്തതും അവൻ കണ്ണുകൾ ഇറുക്കി അടച്ചു.. ആ സമയം കണ്ണിൽ ഒരു രൂപം തെളിഞ്ഞു വന്നു . "ആര്യാ... " ചുണ്ടുകൾ ആ നാമം ഉച്ചരിച്ചതും അവൻ കണ്ണുകൾ തുറന്നു.. ഇനിയൊരു മടക്കം കോളജിലേക്ക് ഉണ്ടാവില്ലെന്നതിനാൽ ഇന്ന് എല്ലാം പറഞ്ഞ് തീർക്കണം എന്നവൻ ഉറപ്പിച്ചു.. ഇത്രയും നാൾ അവളുടെ കണ്മുന്നിൽ നിന്നും മാറി നടന്നെങ്കിൽ ഇന്നവളുടെ മുന്നിൽ ചെന്ന് നിന്ന് എല്ലാം പറഞ്ഞവസാനിപ്പിക്കണം എന്നവന് തോന്നി.. ബെഡിൽ നിന്നെണീറ്റ് അവൻ ഫ്രഷ് ആവാൻ പോയി... കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അക്ഷിത് മാറ്റി ഒരുങ്ങി നിൽക്കുന്നത് അവൻ കണ്ടു.. അഞ്ചു മിനുട്ട് എന്ന് പറഞ്ഞ് അമിത് പെട്ടന്ന് റെഡിയായി..... ഇരുവരും താഴേക്ക് ഇറങ്ങി ചെന്നപ്പോൾ അക്ഷര കുട്ടി മുന്നിൽ വന്ന് ചാടി.... "ഓ.. ഏട്ടന്മാരുടെ ഒരുക്കം കഴിഞ്ഞുവല്ലോ...

ഇനിയെന്നും രാവിലെയീ ആന ചന്തം കാണേണ്ടി വരില്ലല്ലോ.. കഴിഞ്ഞില്ലേ നിങ്ങളെ കോളേജ്...." " കഴിഞ്ഞു.. ഇനി വീട്ടിൽ ഇരുന്ന് നിന്നെ പഠിപ്പിക്കാനാ പ്ലാൻ.. അമ്മ റസ്റ്റ് എടുക്കട്ടെ... " "അയ്യോ.. എനിക്ക് പഠിക്കാൻ ആരുടേയും സഹായം വേണ്ട.. മക്കള് വല്ല പണിക്കും പോ... അച്ഛൻ വരുമ്പോൾ പെണ്ണും കെട്ടിച്ചു തരാം.. " ചായ കുടിക്കാൻ ഇരുന്ന അമിതിനെയും അക്ഷിതിനെയും നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ട് അക്ഷര പറഞ്ഞതും പിറകെ വന്ന അമ്മ അവളുടെ തലക്ക് കൊട്ടി "മിണ്ടാതെ ഇരുന്ന് കഴിക്കെടീ.. പെണ്ണ് കെട്ടിക്കാൻ നടക്കുന്നു അവൾ " അമ്മയുടെ ചീത്ത കിട്ടിയതും അമിത് അവളെ നോക്കി ഊറി ചിരിച്ചു.... അതിഷ്ടപ്പെടാത്ത അക്ഷര അമിതിന്റെ കാൽ ചവിട്ടി പരത്തി.. അമ്മ പോയെന്ന് ഉറപ്പിച്ചു കൊണ്ട് അക്ഷര ഇരുവരെയും സംശയത്തോടെ മാറി മാറി നോക്കി.. "അല്ല ഏട്ടന്മാരെ.. ഒരു കാര്യം ചോദിക്കട്ടെ. കോളേജ് കഴിഞ്ഞിട്ടും നിങ്ങൾക്കാരും സെറ്റ് ആയില്ലേ.. അമൻ ചേട്ടൻ വല്ലോം ആയിരുന്നേൽ എപ്പോഴേ സെറ്റ് ആക്കി വീട്ടിൽ കൊണ്ട് വന്നിരുന്നു... നിങ്ങളിത് എന്ത് ഭാവിച്ചാ.... "

അക്ഷരയുടെ സംസാരം കേട്ട് അക്ഷിതും അമിതും പരസ്പരം നോക്കി ചിരിച്ചു.. ചായ വലിച്ചു കുടിച്ചു കൊണ്ട് അമിത് എഴുന്നേറ്റു... കൈ കഴുകുന്നതിനിടയിൽ കണ്ണാടിയിലൂടെ അവൻ അക്ഷരയെ നോക്കി.. "മ്മ്മ്.... നിനക്കൊരു ഏട്ടത്തിയമ്മ വരുന്നുണ്ട്.. വൈകാതെ തന്നെ " അതും പറഞ്ഞ് ചിരിച്ചു കൊണ്ട് അമിത് ഫോണും എടുത്ത് പുറത്തേക്ക് നടന്നു... കിളി പോയി ഇരിക്കുന്ന അക്ഷരയെ നോക്കി ചിരിച്ചു കൊണ്ട് അക്ഷിതും എഴുന്നേറ്റു.. ഈ ന്യൂസ്‌ എത്രയും പെട്ടന്ന് അച്ഛനെ അറിയിക്കണം എന്ന ആലോചനയിൽ ആയിരുന്നു പിന്നീട് അക്ഷര കുട്ടി... ************ "എത്ര പെട്ടന്നാ അല്ലേ വാവി ഈ കൊല്ലം കഴിഞ്ഞേ... എന്തെല്ലാം നടന്നു.. പ്രതീക്ഷിക്കാത്ത പലരും ജീവിതത്തിലേക്ക് വന്നു... പലരും വിട്ട് പോയി.. " കോളജിലേക്ക് പോകും വഴി അനിയുടെ വാക്കുകൾ ആര്യയെ പഴയ ഓർമകളിലേക്ക് കൊണ്ട് പോയി... കോളേജിൽ വന്നത് മുതൽ ഉള്ള കാര്യങ്ങൾ അവളുടെ ഓർമയിൽ നിറഞ്ഞു നിന്നു.. "അവരെല്ലാം ഇന്ന് പോകുവാണെന്ന്.. അവസാന വർഷം അല്ലേ അവരുടേത്.. എന്തോ..

അവരിനി ഉണ്ടാവില്ല എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം.. " കോളേജ് ഗേറ്റ്ന് മുന്നിൽ തന്നെ സെന്റ് ഓഫ് ഡേയുടെ ബാനർ തൂക്കിയതിലേക്ക് നോക്കി കൊണ്ട് അനി വിഷണ്ണയായി പറഞ്ഞു... ആര്യ മൗനത്തിൽ ആയിരുന്നു.. തിരിച്ചൊന്നും അവൾ പറഞ്ഞില്ല..കോളേജ് അങ്കണത്തിൽ കാലുകുത്തിയതും അവിടെയിവിടെയായി ചിന്നി ചിതറി നടക്കുന്ന സീനിയേഴ്സിനെ അവർ കണ്ടു.. സെന്റ് ഓഫ് ഡേ ആയതിനാൽ ആർക്കും ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല..... എല്ലാവരുടെയും മുഖത്ത് ദുഃഖം തളം കെട്ടി നിൽക്കുന്നത് അനി കണ്ടു.. ഈ ഒരു കൊല്ലം കൊണ്ട് വായാടിയായ അനി ആൺ പെൺ വ്യത്യാസമില്ലാതെ അവരോടൊക്കെ സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.. അവരുടെ പിരിഞ്ഞു പോക്ക് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു... ക്ലാസ്സിൽ പോകാതെ അവൾ ആര്യയേയും കൊണ്ട് സീനിയേഴ്സ് നിൽക്കുന്നിടത്തേക്ക് ചെന്ന് അവരോടൊക്കെ സംസാരിച്ചു നിന്നു... കോളേജിൽ എത്തിയ അമിത് ഓർമ്മകൾ അയവിറക്കി കൊണ്ട് ഓരോ മൂലയിലും ചെന്നിരുന്നു...

അത്രയേറെ പ്രിയപ്പെട്ട ഒന്നിനെ നഷ്ടപ്പെടാൻ പോകുന്ന ഭാവമായിരുന്നു അവന്റെ മുഖത്ത്.. മീറ്റിംഗ് നടക്കുന്ന ക്ലാസ്സും ക്യാന്റീനും ഗ്രൗണ്ടും വാക മരങ്ങളുടെ ചുവട്ടിലെ തങ്ങളുടെ ഇരിപ്പിടങ്ങളും അവന്റെ മനസ്സിൽ ഓടിയെത്തി.. ഓരോ ഇടങ്ങളിലും അവന്റെ കാൽ സ്പർശമെത്തി... അടിപിടി കൂടിയതും ഇലക്ഷൻ ആഘോഷങ്ങളും പാട്ടും കൂത്തും എല്ലാം അവന്റെ കണ്ണുകളിൽ മിന്നി മറഞ്ഞു.... ഇനി ഒരിക്കലും ആ ദിനങ്ങൾ തിരിച്ചു വരില്ലെന്നോർത്തവന്റെ ഹൃദയം വിതുമ്പി..... ഓർമകളിൽ എവിടെയോ ഈശ്വറിന്റെ മുഖം തെളിഞ്ഞതും കണ്ണുകൾ അവൻ ഇറുക്കി അടച്ചു...കളി ചിരികളാൽ തങ്ങൾ മനോഹരമാക്കിയ കലാലയ ജീവിതം ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ തങ്ങൾക്ക് സ്വന്തമായുള്ളൂ എന്ന യാഥാർഥ്യം അവനെ തളർത്തി.... വാക മര ചുവട്ടിൽ ഇരുന്ന് കോളേജ് മുഴുവൻ കണ്ണോടിക്കുന്നതിനിടയിലാണ് ആര്യയെയും അനിയേയും അവന്റെ കണ്ണിൽ ഉടക്കിയത്... ഇരുവരും ക്ലാസ്സിലേക്ക് നടന്ന് പോകുന്നത് കണ്ടതും നെടുവീർപ്പിട്ടു കൊണ്ടവൻ അവരുടെ പിറകെ നടന്നു.....

ആര്യയും അനിയും ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിൽ പോയി ഇരുന്നതും അവൻ അങ്ങോട്ട്‌ ചെന്നു.... തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നത് ആരാണെന്ന് നോക്കാനായി ആര്യ മുഖം ഉയർത്തിയതും കണ്ടത് അമിതിനെ ആയിരുന്നു... അവനെ കണ്ട് അനി എഴുന്നേറ്റു നിന്നതും ആര്യയും എഴുന്നേറ്റ് അനിയുടെ കൈകളിൽ പിടിച്ച് അവളെ പിറകോട്ട് നിർത്തി.... ആര്യക്ക് തന്നോടുള്ള വെറുപ്പ് ഇത് വരെ മാഞ്ഞു പോയിട്ടില്ലെന്ന് അവളുടെ ആ പ്രവർത്തിയിൽ നിന്നും അമിത് മനസ്സിലാക്കി... ഇത്രയും നാൾ താൻ മാറി നിന്നിട്ടും അവളുടെ വെറുപ്പ് മാറിയില്ലല്ലോ എന്നോർത്ത് അവന്റെ ഹൃദയം നീറി... എങ്കിലും അവൻ മുന്നോട്ട് തന്നെ നടന്നു... ആര്യ അവനിൽ നിന്നും മുഖം തിരിച്ചു... "ആര്യാ... ഇനിയൊരു കണ്ട് മുട്ടൽ നമുക്കിടയിൽ ഉണ്ടാവുമ്പോൾ നാം തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും അവസാനിച്ചിരിക്കണം.. അനിയെ ഞാൻ എന്റെ സ്വന്തം പെങ്ങളെ പോലെയാണ് കാണുന്നത്... എന്നോടുള്ള നിന്റെയീ വെറുപ്പ് തെറ്റിദ്ധാരണയിൽ നിന്നും ഉണ്ടായതാണ്..

ഒരു നാൾ അത് മാറി മറിയുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്... എങ്കിലും.. പറയുകയാണ്...എന്തിനെങ്കിലും ഞാൻ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി.... ഈ കലാലയത്തിൽ ഇനി നമ്മൾ കാണില്ല.. എല്ലാ പ്രശ്നവും ഇതോടെ അവസാനിക്കട്ടെ... വീണ്ടും കണ്ടു മുട്ടാം " പുഞ്ചിരിയോടെ അമിത് പറഞ്ഞതും ആര്യ അവന്റെ മുഖത്തേക്ക് നോക്കി... മനസ്സിൽ ഉള്ളത് മുഴുവൻ പറഞ്ഞല്ലോ എന്നത് കൊണ്ട് അമിതിന്റെ മുഖം ആശ്വാസം കൊണ്ട് വിടർന്നിരുന്നു... അമിത് അത്രയൊക്കെ പറഞ്ഞെങ്കിലും ആര്യ മൗനം പാലിച്ചു തന്നെ നിന്നു.. ദേഷ്യമോ വാശിയോ വെറുപ്പോ അവളുടെ മുഖത്ത് പ്രകടമാകാത്തത് കണ്ട് അമിതിന് സന്തോഷമായി.. ആര്യ ഒന്നും മിണ്ടാതെ വീണ്ടും അവന്റെ മുഖത്തേക്ക് നോട്ടം ഉതിർത്തതും അമിതിന്റെ കണ്ണുകൾ അനിയുടെ നേർക്കാണെന്ന് അവൾ മനസ്സിലാക്കി.. അനിയോട് അവന് സംസാരിക്കാൻ ഉണ്ടെന്ന് തോന്നിയതും ഒന്നും പറയാതെ ആര്യ ബാഗ് എടുത്ത് പുറത്തേക്ക് നടന്നു. ക്ലാസ്സിന് വെളിയിൽ അനിയെ ആര്യ കാത്തു നിന്നു...അതിനിടയിൽ പല തവണ അവളുടെ കണ്ണുകൾ ക്ലാസ്സ് റൂമിനകത്തേക്ക് പാഞ്ഞു... അനിയും അമിതും സംസാരിക്കുന്നത് കേൾക്കുന്നില്ലെങ്കിലും അവൾ അവിടേക്ക് തന്നെ നോക്കി നിന്നു...

ചിരിച്ചു കൊണ്ട് അമിത് എന്തോ പറഞ്ഞതിന് അനി അന്തം വിട്ട് നിൽക്കുന്നത് ആര്യ പുറത്ത് നിന്നും കണ്ടു... അനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും അമിതിനെ കെട്ടിപിടിച്ചു കരയുന്നതും കണ്ടപ്പോൾ കാര്യം മനസ്സിലാവാതെ ആര്യ നെറ്റി ചുളിച്ചു.... അവൾ അവരെ നോക്കി നിൽക്കെ അക്ഷിത് ക്ലാസ്സിലേക്ക് കയറുന്നത് ആര്യ കണ്ടു... ************ അമിതിന്റെ വാക്കുകൾ അനിയെ ഏറെ സന്തോഷിപ്പിച്ചതും അവൾ തുള്ളി ചാടാൻ തുടങ്ങി.. അവളുടെ സന്തോഷം കണ്ട് അമിതും ചിരിയോടെ അവളെ നോക്കി.. ആ സമയം അക്ഷിത് അങ്ങോട്ടേക്ക് വന്നതും അനി അക്ഷിതിന്റെ നേരെ പാഞ്ഞു.. അക്ഷിതിന്റെ കൈകൾ രണ്ടും അവൾ തന്റെ കൈക്കുള്ളിൽ ആക്കി.. "അക്ഷിത് ചേട്ടാ... സത്യമാണോ അമിത് ചേട്ടൻ പറഞ്ഞതൊക്കെ.. എന്നെ പറ്റിക്കാൻ പറഞ്ഞതല്ലല്ലോ... ഉള്ളത് തന്നെയല്ലേ...." അതേ എന്ന് അക്ഷിത് അമിതിനെ നോക്കി പുഞ്ചിരിയോടെ തലയാട്ടി... അത് കേട്ടതും അനി തുള്ളി കളിക്കാൻ തുടങ്ങി..... അമിതിന്റെയും അക്ഷിതിന്റെയും കൈ പിടിച്ച് അനി പുറത്തേക്ക് വന്നതും ആര്യ അവളെ ഉറ്റു നോക്കി..

അനിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു നിൽക്കുന്നത് അവൾ കണ്ടു.. അക്ഷിതിനെയും അമിതിനെയും മാറി മാറി നോക്കിയ ആര്യ ഒന്നും മിണ്ടാതെ അനിയുമായി നടന്നു നീങ്ങി.. അൽപ സമയം കഴിഞ്ഞതും ഓഡിറ്റോറിയത്തിലേക്ക് ചെല്ലാനുള്ള പ്രിൻസിയുടെ അറിയിപ്പ് വന്നതും എല്ലാവരും അവിടേക്ക് നടന്നു...... പാട്ടും ഓർമ പുതുക്കലുമായി കലാലയത്തിലെ അവസാന ദിവസം മനോഹരമാക്കാനായിരുന്നു അവരുടെ ഉദ്ദേശം... ചെയർപേഴ്‌സൺ ആയതിനാൽ അനിയും സ്റ്റേജിൽ അമിതിന്റെ അടുത്ത് സ്ഥാനം പിടിച്ചു.. പ്രിൻസിയും മറ്റ് ടീച്ചേഴ്സും സംസാരിച്ചു കഴിഞ്ഞതും അമിത് എഴുന്നേറ്റു നിന്നു...... എന്താണ് പറയേണ്ടതെന്നറിയാതെ വാക്കുകൾ കിട്ടാതെ കണ്ണുനീർ മറച്ചു വെച്ചവൻ ഒരു നിമിഷം നിന്നു... അവന്റെ അതേ അവസ്ഥ തന്നെയായിരുന്നു അവിടെ കൂടിയ എല്ലാവർക്കും.. "ഡിയർ ഫ്രണ്ട്സ്... നമ്മുടെ നീണ്ട കലാലയ ജീവിതത്തിന് ഇന്നിവിടെ സമാപനമാവുകയാണ്..

ഇന്ന് ഈ ദിവസം ഇവിടെ നിന്ന് പടിയിറങ്ങുമ്പോൾ ഒരുപാട് നല്ല ഓർമ്മകളും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മകളും കൂട്ടിനുണ്ട്.. സന്തോഷത്തോടെ തന്നെ ഞങ്ങൾ പടിയിറങ്ങട്ടെ... നിങ്ങളുടെയെല്ലാം എല്ലാ തരം ആവശ്യങ്ങളും നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്ക് കഴിഞ്ഞു എന്നതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ട്.. പെൺകുട്ടികൾക്കായുള്ള ഗ്രൗണ്ടും കുടിവെള്ള പ്രശ്നവും പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.. എല്ലാവരുടെയും മനസ്സിൽ ഇടം നേടി കൊണ്ട് തന്നെ വിദ്യാർത്ഥി എന്ന നിലയിൽ ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത ഈ കലാലയത്തോട് ഞങ്ങൾ വിട പറയുകയാണ്.... " അമിതിന് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല..പുഞ്ചിരിയോടെ വാക്കുകൾ ഇടറിയതും എല്ലാവരിലും കണ്ണുനീർ പടർന്നു... അടുത്ത ഊഴം അനിയുടെ ആയിരുന്നു.. ജൂനിയേഴ്സ് ആരെങ്കിലും രണ്ട് വാക്ക് പറയാൻ വരണമെന്ന് പറഞ്ഞപ്പോൾ ചെയർ പേഴ്സൺ എന്ന നിലക്ക് അനി തന്നെ മുന്നോട്ട് വന്നു.... അവളുടെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു. " എല്ലാ പ്രാവശ്യവും എന്തെങ്കിലും പ്രോഗ്രാം ഉണ്ടാവുമ്പോഴാണ് ഇവിടെ ആട്ടവും പാട്ടും ബഹളവുമായി നമ്മൾ ഒത്തു കൂടാറുള്ളത്..

എന്നാൽ ഇന്ന് ഒരുപാട് വേദനയോടെയാണ് നാം ഓരോരുത്തരും ഇവിടെ ഇരിക്കുന്നത്.. ഇവരുടെയൊക്കെ കൂടെ ഇനിയിങ്ങനെ ഒരു നിമിഷം ഒരിക്കലും ഉണ്ടാവില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം... എന്ത് പറയണമെന്ന് അറിയില്ല... ഒരുപാട് വേദനയുണ്ട്.. ഇവരൊന്നും ഇല്ലാത്ത ഈ കലാലയം സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല..ഇന്നീ നിമിഷത്തിൽ ഇവരൊന്നും നമ്മുടെ ഇടയിൽ നിന്ന് വിടപറയാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്.. എന്നാൽ അതൊരിക്കലും യാഥാർഥ്യമാവില്ലെന്നറിയാം.. ഒരുപാട് നല്ല സൗഹൃദങ്ങൾ സമ്മാനിച്ച നല്ല ഓർമ്മകൾ സമ്മാനിച്ച സൂപ്പർ സീനിയേഴ്‌സിന് നല്ലൊരു യാത്രയയപ്പ് തന്നെയാവട്ടെ ഇത് .. കൂടെ ഇല്ലെങ്കിലും എല്ലാവരും ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാവും.. " അനിയുടെ വാക്കുകൾ എല്ലാവരിലും നോവ് പടർത്തി...

പോകാൻ ഇഷ്ടമില്ലാതിരുന്നിട്ടും പോകാതിരിക്കാൻ കഴിയില്ലല്ലോ എന്നത് കൊണ്ട് മാത്രം സൂപ്പർ സീനിയേഴ്സ് യാത്ര പറഞ്ഞ് പരസ്പരം കൈകോർത്ത് കോളേജിൽ നിന്നും ഇറങ്ങി... അവർക്ക് പിറകെ ആര്യയും അനിയും വീട്ടിലേക്ക് തിരിച്ചു... അനി ഒരുപാട് സന്തോഷവതിയാണെന്ന് അവളുടെ വാക്കുകളിൽ നിന്നും ആര്യയ്ക്ക് മനസ്സിലായി.. അമിത് എന്താണ് പറഞ്ഞതെന്ന് അറിയാനുള്ള ആകാംഷ അവളിൽ നിറഞ്ഞു.... അനിയുടെ വീടിന്റെ ഗേറ്റിന് അടുത്തെത്തിയതും ആര്യ അവളുടെ കയ്യിൽ പിടിച്ചു... എന്താണെന്ന അർത്ഥത്തിൽ അവൾ തിരിഞ്ഞു നോക്കി.... "അനീ.. അമിത് എന്താണ് നിന്നോട് പറഞ്ഞത്... " നോട്ടം അവളിലേക്ക് മാത്രം ഒതുക്കി കൊണ്ട് ആര്യ ചോദിച്ചതും അമിതിന്റെ വാക്കുകൾ ഓർത്ത്‌ അനി ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story