ആത്മരാഗം💖 : ഭാഗം 78

athmaragam thanseeh

രചന: തൻസീഹ് വയനാട്

 തന്നെ കൺ കുളിർക്കെ നോക്കി നിൽക്കുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അരികിലേക്കവൾ വേഗത്തിൽ നടന്നു... ആ സമയം മുത്തച്ഛന്റെ വലതു തോളിൽ താടി അമർത്തി കൊണ്ട് തന്നെ നോക്കി കണ്ണിറുക്കുന്ന ആളെ കണ്ടതും ആര്യ അന്തം വിട്ടു അയാളെ നോക്കി... മുത്തച്ഛന്റെ മുഖം വലിഞ്ഞു മുറുകുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു.. ഇതെന്താ കഥ എന്ന മട്ടിൽ അവൾ അച്ഛനെ തല ചെരിച്ചു നോക്കി.... ഇതാണ് അവസ്ഥ എന്ന മട്ടിൽ അച്ഛനും അവളെ നോക്കി.. അപ്പോൾ ഇതാണല്ലേ പ്രശ്നം ഉണ്ടെന്ന് പറഞ്ഞ് മുത്തച്ഛൻ തങ്ങളെ വിളിച്ചു വരുത്തിയതെന്നവൾ മനസ്സിൽ പറഞ്ഞു കൊണ്ട് മുഖം തിരിച്ചു കൊണ്ട് മുത്തച്ഛനിലേക്ക് നോട്ടം പായിച്ചു... "എന്താ ആര്യ മോളേ.. അവിടെ തന്നെ നിന്ന് കളഞ്ഞത്...ഇങ്ങു കയറി പോര്.. നമ്മുടെ വീടല്ലേ.. അനുവാദത്തിന് കാത്തു നിൽക്കണോ.... " മുത്തച്ഛന്റെ തോളിൽ നിന്നും തന്റെ താടി എടുത്ത് ജിനോ പറഞ്ഞതും മുത്തച്ഛൻ അവനെ തുറിച്ചൊരു നോട്ടം നോക്കി...

ആര്യ ചിരിയടക്കി പിടിച്ച് ജിനോ അങ്കിൾ എന്തിനുള്ള പുറപ്പാടാണെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു..... അപ്പോഴേക്കും ആര്യ അവരുടെ അടുത്തെത്തിയിരുന്നു . അവളെ അടുത്ത് കണ്ട പാടെ മുത്തശ്ശി കരഞ്ഞു കൊണ്ട് അവളെ വാരി പുണർന്നു "എന്റെ ഭദ്ര കുട്ടിയുടെ പോലെ തന്നെ.. ഒരു മാറ്റവുമില്ല.. " ആര്യയുടെ കവിളിൽ മുത്തം നൽകി കൊണ്ട് മുത്തശ്ശി കണ്ണുകൾ തുടച്ചു... മുത്തച്ഛനും അവളെ ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് കയറി. മുത്തച്ഛൻ അവളെ ചേർത്ത് പിടിച്ചതും ജിനോ മുത്തച്ഛന്റെ അപ്പുറത്ത് നിന്ന് തോളിൽ കയ്യിട്ടു... ജിനോയുടെ ആ പ്രവർത്തിയിൽ മുത്തച്ഛന്റെ പല്ലുകൾ കടിച്ചു പിടിക്കുന്ന ശബ്ദം ആര്യ കേട്ടു.. എന്നാൽ അങ്കിളിനെ തള്ളി മാറ്റി മുന്നോട്ട് പോകാൻ നിൽക്കാത്ത മുത്തച്ഛന്റെ മനോഭാവം അവളിൽ അത്ഭുതം നിറച്ചു..... "കാൽ എങ്ങനെയുണ്ട് അച്ഛാ... " ആര്യയുടെ അച്ഛൻ മുത്തച്ഛനോട് ചോദിച്ചതും കണ്ണും മിഴിച്ചവൾ മുത്തച്ഛനെ നോക്കി... "എന്താ പറ്റിയെ മുത്തച്ഛാ.... " "ഒന്നുമില്ല മോളേ... മുറ്റത്ത് ചെറുതായ് ഒന്ന് കാൽ തെന്നിയതാ. പരിഭ്രമിക്കാൻ മാത്രം ഒന്നുമില്ല.... "

ആര്യയുടെ മുഖത്തെ വെപ്രാളം കണ്ട് മുത്തച്ഛൻ അവളെ തലോടി.. മുത്തച്ഛൻ വീണത് കൊണ്ടാവും തങ്ങളെ വിളിച്ചു വരുത്തിയതെന്ന ചിന്തയുമായി ആര്യ മുത്തച്ഛനോട് ചേർന്നു നടന്നു... എന്നാൽ അകത്തേക്ക് കയറി ആര്യയും അച്ഛനും സോഫയിൽ ഇരുന്നതും ഹാളിന്റെ ഒരു അരികിൽ നിൽക്കുന്ന ആളിലേക്ക് ആര്യയുടെ കണ്ണുകൾ ചെന്ന് പതിച്ചു... ജിനോ സാറിന്റെ ഭാര്യ ആയിരുന്നു അത്. കൂടെ ഒരു വയസ്സ് തികയാത്ത മോനും ഉണ്ട്... അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മറ്റൊരു റൂട്ടിൽ ആണെന്ന് അവൾ മനസ്സിലാക്കിയത്.. അവൾ ജിനോ അങ്കിളിനെ നോക്കി തലയാട്ടി ചിരിച്ചു.... അവൾക്കൊരു ഇളി കൊടുത്തു കൊണ്ട് ജിനോ ആര്യയുടെ അച്ഛന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.... അച്ഛനും അവനെ ഒന്ന് തനിച്ച് കിട്ടാൻ കാത്തിരിക്കുന്ന പോലെ അവന്റെ നേരെ തിരിഞ്ഞിരുന്നു.. " അളിയാ... നോക്കിയേ,,,,മര്യാദക്കു എണീറ്റ് നിൽക്കാൻ പോലും വയ്യ,,,എന്നിട്ടും വാശി വിടാൻ തയ്യാറല്ല..മുറ്റത്തു വീണു എന്ന് കേട്ടപ്പോൾ എന്തോ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല..

നേരെ ഇങ്ങോട്ട് വെച്ചു പിടിച്ചു.. വീട്ടിലേക്ക് കയറാൻ നേരം കുറെ വായിൽ തോന്നിയതൊക്കെ പറഞ്ഞു.... ഞാനതൊന്നും കാര്യമാക്കിയില്ല.. വയ്യാത്ത കാൽ വെച്ച് ഒറ്റക്ക് നടക്കേണ്ട എന്ന് കരുതി ഞാൻ കൈ പിടിച്ചു ഇവിടെയൊക്കെ നടത്തിക്കും..അനുസരണയോടെ കൂടെ നടക്കുമെങ്കിലും തെറിയഭിഷേകമാണ് അളിയാ,,,,തന്തയായി പോയി...ഇല്ലെങ്കിൽ പല്ലിടിച്ചു കൊഴിച്ചേനെ...." ആര്യയുടെ അച്ഛൻ ജീവനോട് മുത്തച്ഛൻ കേൾക്കാതെ ശബ്ദം താഴ്ത്തി ജിനോ പറഞ്ഞു... ഒരു നെടുവീർപ്പോടെ ജീവൻ തിരിച്ചും നോക്കി.. അടുത്ത നിമിഷം ജിനോയുടെ വാക്കുകൾ കേട്ട് ആര്യ പൊട്ടിച്ചിരിച്ചു... അവളെ നോക്കി ജിനോ കണ്ണുരുട്ടി എങ്കിലും അവൾക് ചിരി അടക്കാൻ ആയില്ല.. "എന്താ കുട്ടീ നീയിങ്ങനെ ചിരിക്കുന്നേ..." ചിരിക്കുമ്പോൾ ഭദ്രയെ മുറിച്ചു വെച്ച പോലെ തോന്നിച്ചതും മുത്തശ്ശി അവളുടെ അരികിൽ വന്നിരുന്ന് വാത്സല്യത്തോടെ അവളെ തലോടി... "ഒന്നുമില്ല മുത്തശ്ശി,,. സട കൊഴിഞ്ഞ സിംഹത്തിന്റെ പല്ല് കൂടെ കൊഴിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചു ചിരിച്ചതാ മുത്തശ്ശി ....."

ആര്യ വീണ്ടും ചിരിച്ചതും മുത്തശ്ശി തന്റെ ഭർത്താവിനെ നോക്കി ചിരി കടിച്ചു പിടിച്ചു... ജിനോ തലക്കടിയേറ്റ പോലെ ഇരുന്നു.. ആര്യ അങ്ങനെ പറയുമെന്ന് ജിനോ വിചാരിച്ചിരുന്നില്ല... വീണ്ടും ജിനോയെയും മുത്തച്ഛനെയും നോക്കി ആര്യ ചിരിച്ചതും ജിനോ സാർ അവളെ തല്ലാനായി കയ്യോങ്ങി.. ജീവന്റെ അപ്പുറത്തായാണ് ആര്യ ഇരുന്നത് എന്നത് കൊണ്ട് തന്നെ ജിനോയുടെ കൈ തനിക്ക് നേരെ നീണ്ടു വന്നതും അവൾ പെട്ടെന്നെഴുന്നേറ്റ് ജിനോയുടെ ഭാര്യയുടെ മറവിൽ ചെന്നു നിന്ന് കൊഞ്ഞനം കാണിച്ചു.... ജിനോയും ആര്യയും തമ്മിലുള്ള കുസൃതി കണ്ട് മുത്തച്ഛന് ഉള്ളിൽ ചിരി വന്നെങ്കിലും ആത്മാഭിമാനം മുറുകെ പിടിക്കണം എന്നുള്ളത് കൊണ്ട് അദ്ദേഹം ഗൗരവം നടിച്ചിരുന്നു... ജിനോയും ഭാര്യയും മക്കളും തറവാട്ടിൽ വീണ്ടും കയറി വന്നതിൽ ക്ഷുഭിതനായ അദ്ദേഹം അവരുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ വിളിച്ചു വരുത്തിയതാണ് ആര്യയുടെ അച്ഛനെ... അവരെ ഇറക്കി വിടാൻ തന്നെയാണ് മുത്തച്ഛന്റെ തീരുമാനം..

രണ്ടും കൽപ്പിച്ചാണ് ജിനോ വന്നതെന്നും നസ്രാണിയായ ജിനോയെ വീട്ടിൽ താമസിപ്പിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചിരുന്നു.. എന്നാൽ പോകാൻ കൂട്ടാക്കാതെ അള്ളി പിടിച്ചിരിക്കുകയാണ് ജിനോ... അതിനാൽ ആണ് ജീവനെ വിളിച്ചു വരുത്തിയത്..... ************ രാത്രി പൂമുഖത്തെ തിണ്ണയിൽ ചാരി ഇരിക്കുകയായിരുന്ന മുത്തച്ഛന്റെ അടുത്തേക്ക് ജീവൻ വന്നു... മുത്തച്ഛന് അഭിമുഖമായി അദ്ദേഹം ഇരുന്നു.... "ഹാ.. നീ വന്നോ... " ഒന്ന് ചുമച്ചു കൊണ്ട് അദ്ദേഹം കാലും നീട്ടി ഇരുന്നു.. " ജീവാ.. എത്രയും പെട്ടന്ന് ഒരു തീരുമാനം എടുക്കണം.. ഇവിടെ കയറി കൂടിയില്ലേ ഒരുത്തൻ... അവനെ അടിച്ചു പുറത്താക്കി ശുദ്ധി കലശം നടത്തണം.. നാളെ നേരം പുലരും മുൻപ് അതിലൊരു തീരുമാനം ആവണം..... " "അച്ഛാ.. അത്... ഒന്നൂടെ ആലോചിച്ചിട്ട്... ഇത്രയും കാലം ആയില്ലേ... എല്ലാം മറന്നൂടെ .. " "എങ്ങനെ മറക്കണം എന്നാ ജീവാ നീ പറയുന്നേ.. എന്റെ മുഖത്ത് കരി വാരി തേച്ചല്ലേ അവൻ അവന്റെ ഇഷ്ടത്തിന് ജീവിക്കാൻ തീരുമാനിച്ചത്...

മറ്റൊരു മതം സ്വീകരിച്ച് ഈ നാട്ടുകാരുടെ മുന്നിൽഎന്നെ നാണം കെടുത്തിയില്ലേ... ആ അവനോട് ഞാൻ ക്ഷമിക്കണം അല്ലേ.. " ദേഷ്യത്തോടെ മുത്തച്ഛൻ പറഞ്ഞു നിർത്തിയതും അകത്തു നിന്നും ആര്യയുടെ കൂടെ പുറത്തേക്ക് വന്ന ജിനോ മുത്തച്ഛനെ തൊട്ടുരുമ്മി ഇരുന്നു... അവർക്ക് പിറകെ വന്ന മുത്തശ്ശി ആര്യയുടെ അടുത്തിരുന്നു.. " നോക്ക്... ഈ പടി ചവിട്ടരുതെന്നു പറഞ്ഞിട്ട് വലിഞ്ഞു കയറിയതും പോരാ നാണമില്ലാതെ എന്നെ കെട്ടിപ്പിടിച്ചു കിടക്കാ ഈ അസത്ത്....." അമർഷത്തോടെ മുത്തച്ഛൻ പറഞ്ഞതും ആര്യ കുലുങ്ങി ചിരിച്ചു.. "എത്രയും വേഗം ഇവനെ ഇവിടെ നിന്ന് പടിയിറക്കവാനുള്ള നടപടി എടുക്കണം,,,പോലീസിൽ കംപ്ലയിന്റ് ചെയ്താലും വേണ്ടിയില്ല....." മുത്തച്ഛൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപ്,,, തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന ആര്യക്ക് നേരെ പുച്ഛത്തോടെ ചിരി നൽകി കൊണ്ട് തന്റെ അച്ഛന്റെ ദേഷ്യം വകവെക്കാതെ കാലു നീട്ടിയിരിക്കുന്ന അച്ഛന്റെ മടിയിൽ ജിനോ തലവെച്ചു കിടന്നു.....ദേഷ്യം ഉള്ളിൽ ഉണ്ടെങ്കിലും അദ്ദേഹം തടഞ്ഞില്ല..

പക്ഷേ വാക്കുകൾ കൊണ്ട് അവനെ ചീത്ത വിളിച്ചു കൊണ്ടിരുന്നു.. "കണ്ടില്ലേ....അശ്രീകരം കയറി കിടക്കുന്നേ,,, ഇനിയേത് തീർത്ഥം തളിച്ചാലാണാവോ എനിക്ക് ദേഹ ശുദ്ധി വരുത്താൻ പറ്റുക..." അച്ഛൻ പറയുന്നതൊന്നും മൈൻഡ് ചെയ്യാതെ ജിനോ അദ്ദേഹത്തോട് കൂടുതൽ പറ്റി ചേർന്ന് കിടന്നു.. ജീവനും മുത്തശ്ശിയും ഒക്കെ അച്ഛന്റെയും മകന്റെയും കളി കണ്ട് ചിരിച്ചു നിൽക്കുന്നുണ്ട്.. അങ്കിൾ തന്റെ മുത്തച്ഛന്റെ മടിയിൽ കിടക്കുന്നതിൽ അസൂയ മൂത്ത ആര്യ തിക്കി തിരക്കി മുത്തച്ഛന്റെ മടിയിൽ സ്ഥാനം പിടിച്ചു.. തന്റെ സ്ഥലം പോയതും ജിനോ അവളെ ഉന്തി മാറ്റി വീണ്ടും സ്ഥാനം പിടിക്കാൻ നോക്കി... രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും വഴക്കായതും ആ വൃദ്ധൻ മനസ്സറിഞ്ഞ് അതെല്ലാം ആസ്വദിച്ചു.. പക്ഷേ പുറമെ കാണിച്ചില്ല... ഗൗരവം തന്നെ മുഖത്തു വരുത്തി.. അതിനിടയിൽ ജിനോയുടെ ഒരു വയസ്സ് പ്രായം ആകാത്ത മോൻ ഇരു കയ്യും നീട്ടി പിടിച്ച് അവരുടെ അടുത്തേക്ക് കുഞ്ഞികാലടി വെച്ച് പതിയെ നടന്നു വന്നു..... പെട്ടന്ന് കുഞ്ഞ് തട്ടി തടഞ്ഞു വീണു....

ജിനോ എഴുന്നേൽക്കും മുന്നേ മടിയിൽ ഉള്ളവരെ വക വെക്കാതെ അവരെ തട്ടി മാറ്റി കൊണ്ട് മുത്തച്ഛൻ എഴുന്നേറ്റ് കുഞ്ഞിനെ എടുത്തു.... "അച്ഛാ..... " വയ്യാത്ത കാൽ വെച്ച് കുഞ്ഞിനെ എടുത്തു നിൽക്കേണ്ട എന്ന് കരുതി ജിനോ അവനെ വാങ്ങാൻ അച്ഛന്റെ അടുത്തേക്ക് ചെന്നതും അദ്ദേഹം അവനെ നോക്കി കണ്ണുരുട്ടി.. "ആരുടെ അച്ഛൻ... മിണ്ടാതെ പൊയ്ക്കോ എന്റെ മുന്നിൽ നിന്ന്..എന്റെ മുന്നിൽ വരാൻ പോലും നിനക്ക് യോഗ്യതയില്ല.. അവന്റെ ഒരു അച്ഛൻ.... നാളെ നേരം പുലർന്നാൽ പൊയ്ക്കോണം ഇവിടുന്ന്..... " ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് കരയുന്ന കുട്ടിയെ തോളിൽ കിടത്തി വടി കുത്തി പിടിച്ചു കൊണ്ട് അദ്ദേഹം മുറ്റത്തേക്കിറങ്ങി... ആകാശത്തിലെ നക്ഷത്രങ്ങളേയും അമ്പിളിയെയും കാണിച്ചു കൊടുത്തതും കുഞ്ഞ് പെട്ടന്ന് കരച്ചിൽ നിർത്തി... ജിനോയോട് എത്ര ദേഷ്യം ഉണ്ടെങ്കിലും അവന്റെ ഭാര്യയോടും രണ്ടു മക്കളോടും അത് കാണിച്ചിട്ടില്ല അദ്ദേഹം.. മുഖം കറുപ്പിച്ച് അവരെ നേരെ നോക്കുക പോലും ചെയ്തിട്ടില്ല... കുഞ്ഞിനെ തോളിൽ കിടത്തി മുറ്റത്ത് ഉലാത്തുന്ന മുത്തച്ഛനെ നോക്കി അവരെല്ലാം പുഞ്ചിരിച്ചു.. ************

പതിവ് പോലെ ആര്യ വരുന്നതും പ്രതീക്ഷിച്ച് കുന്നിൻ ചെരുവിൽ വിജനമായ ഇരുട്ടിന്റെ ഉള്ളാഴങ്ങളിലേക്ക് കണ്ണും നട്ടിരുന്ന ആ അജ്ഞാതൻ സമയമൊരുപാടായിട്ടും അവളെ കാണാത്തതിനാൽ എഴുന്നേറ്റു... ആര്യക്കത്രയും പ്രിയപ്പെട്ടതാണ് ഈ രാത്രി ഇറക്കമെന്നും അതവളൊരിക്കലും ഒഴിവാക്കില്ലെന്നും ഈ കാലയളവ് കൊണ്ട് അപരിചിതൻ മനസ്സിലാക്കിയിരുന്നു.. ബൈക്കിൽ കയറി ആര്യയുടെ വീട് ലക്ഷ്യം വെച്ച് പോകുമ്പോൾ അവളിന്ന് വരാത്തതിന്റെ കാരണം എന്തായിരിക്കും എന്ന് മാത്രമായിരുന്നു അയാളുടെ മനസ്സിൽ... മതിലിനപ്പുറം നിന്ന് അവളുടെ വീട് വീക്ഷിച്ച അയാൾ വെളിച്ചം ഒന്നും കാണാത്തതിനാൽ മതിൽ ചാടി ജനാലയുടെ അടുത്തേക്ക് പോയി... അത് അടച്ചിരിക്കുവാണെന്ന് കണ്ടതും മുൻ വശത്തേക്ക് പോയി.. പൂട്ടിക്കിടക്കുന്ന വാതിൽ കൂടി കണ്ടതും അയാൾ പിന്തിരിഞ്ഞു നടന്നു.......... ************

തലേന്ന് വിവാഹക്ഷണം നൽകാൻ പോയതിന്റെ ക്ഷീണത്തിൽ രാവിലെ ലേറ്റ് ആയിട്ടാണ് അനി എഴുന്നേറ്റത്... ആര്യ ഇല്ലാത്തതിനാൽ തന്നെ എഴുന്നേറ്റ് പുറത്തിറങ്ങാൻ മടിച്ച് ചുരുണ്ടു മൂടിയവൾ കിടന്നു... അൽപ സമയം കഴിഞ്ഞതും അമ്മയുടെ ശകാരം കേട്ട് കൊണ്ടാണ് അവൾ കണ്ണ് തുറന്നത്.. ഇനിയും ഒരുപാട് പേരെ ക്ഷണിക്കാൻ ഉള്ളത് കൊണ്ടും അതിനെല്ലാം അനി യുടെ സാമിപ്യം നിർബന്ധം ഉള്ളത് കൊണ്ടും കല്യാണത്തിന് ഇനി പത്ത് നാൾ മാത്രമേ ഉള്ളൂ എന്നതിനാലും അനിയുടെ മടിപിടിച്ചുള്ള കിടപ്പ് കണ്ട് കലി തുള്ളി വന്നിരിക്കുകയാണ് അമ്മ.... ഇനിയും അമ്മയുടെ ചീത്ത കേൾക്കേണ്ട എന്നോർത്തവൾ എണീറ്റ് ഫ്രഷ് ആയി... "ഹാ.. മോളേ.. ഇന്ന് നമ്മുടെ ചിറ്റപ്പന്റെ മോളുടെ വീട്ടിലേക്ക് പോകാം... പിന്നെ.. അവിടെ തന്നെയല്ലേ അവന്റെ വീടും.. നിന്റെ കോളേജിലെ... എന്താ അവന്റെ പേര്.... ആ.. അമിത്... അവിടെയും വിവാഹം പറയണമെന്ന് നീ പറഞ്ഞിരുന്നില്ലേ " അൽപ്പം അലസതയോടെ ചായ കുടിക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ വിടർന്നു...

പെട്ടന്ന് ഉന്മേഷം അവളിൽ കടന്ന് കൂടി.. "ആാാ.. അച്ഛാ.. അമിത് ചേട്ടൻ.. ഇന്ന് അവിടെ പോകാം. ഞാൻ പെട്ടന്ന് റെഡിയാവാം.... " പിന്നീട് ഓടി ചാടി എല്ലാം ഒരുക്കുന്ന തിരക്കിൽ ആയിരുന്നു അവൾ... ലീനയുടെ കല്യാണത്തിന് ശേഷം പിന്നെ അമിതിനെയും അക്ഷിതിനെയും അവൾ കണ്ടിട്ടില്ല.. അവരെ കാണാൻ പോവികയാണെന്നോർത്ത് അവളുടെ ഉള്ളം തുള്ളിച്ചാടി.... വേഗം തന്നെ മാറ്റി ഒരുങ്ങി അവൾ ഹാളിൽ വന്നിരുന്നു... ശിവയും അമ്മയും കൂടി വരുന്നതിനാൽ അവൾക്ക് അവരെ കാത്തിരിക്കേണ്ടി വന്നു.... എല്ലാവരും റെഡിയായതും കാറിൽ അവർ അമിതിന്റെ വീട്ടിലേക്ക് തിരിച്ചു.... കാറിൽ ഇരുന്ന് അനിയുടെ ചിന്തകൾ അമിതിനെ കുറിച്ച് തന്നെയായിരുന്നു....പ്രതീക്ഷിക്കാതെ തന്നെയവിടെ കാണുമ്പോൾ ഇരുവർക്കും ഉണ്ടാവുന്ന അമ്പരപ്പ് മനസ്സിൽ കണ്ട് കൊണ്ടവൾ പുഞ്ചിരിച്ചു... ഒരുപാട് ആഗ്രഹിച്ചതിനാൽ ആവാം യാത്രക്കൊരുപാട് ദൈർഘ്യം ഉള്ളത് പോലെ തോന്നിയവൾക്ക്... ഒടുവിൽ വലിയൊരു വീടിന്റെ മുന്നിൽ കാർ നിർത്തി...

ഗ്ലാസ്സിനുള്ളിലൂടെ പുഞ്ചിരിയോടെ അവൾ വീട് മൊത്തം കണ്ണോടിച്ചു... ഇത്രയും വലിയ വീട് ആയിട്ടും സമ്പന്നർ ആയിട്ടും അതിന്റെ ഒരു ഭാവവും അക്ഷിതിന്റെയും അമിതിന്റെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നവൾ ഓർത്തു... കാറിന്റെ ശബ്ദം കേട്ടതിനാൽ ആവാം വാതിൽ തുറന്ന് അമിതിന്റെ അമ്മ പുറത്തേക്ക് വന്നു... അനിയുടെ അമ്മയെയും അച്ഛനെയും ശിവയേയും കണ്ട് പരിജയം ഉള്ളതിനാൽ അമ്മ വേഗം പുറത്തേക്ക് വന്നവരെ സ്വീകരിച്ചു... "നിങ്ങളുടെ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല... അവർ ആരും പറഞ്ഞതുമില്ല... എന്തായാലും ഇരിക്ക്.... " എല്ലാവരും സോഫയിൽ ഇരുന്നതും എവിടുന്നോ അറിയിപ്പ് കിട്ടിയ പോലെ അമൻ പാഞ്ഞ് ഹാളിലേക്ക് വന്നു.. ശിവയെ കണ്ടതും അവൻ ഇളിച്ചു.. അമന്റെ പിറകെ അക്ഷര കുട്ടിയും വന്നു... ശിവ ആണ് വന്നതെന്ന് മനസ്സിലാക്കിയ അവൾ ഓടി ചെന്ന് അവളുടെ അടുത്തിരുന്നു.. അമിതിന്റെ ഒരേ ഒരു പെങ്ങൾ ആണെന്ന് അറിഞ്ഞ അനി സന്തോഷത്തോടെ അവളോട് സംസാരിച്ചു....

"ഞങ്ങൾ ഇവളുടെ വിവാഹത്തിന് ക്ഷണിക്കാൻ വന്നതാണ്...വരുന്ന വിവരം അറിയിക്കേണ്ട എന്ന് ഇവളോട് ഞാൻ തന്നെയാണ് പറഞ്ഞത്.. പിന്നെ.. ഇവളെ മനസ്സിലായോ... എന്റെ മൂത്ത മകൾ.. അനിരുദ്ര... " അനിയുടെ അച്ഛൻ പറഞ്ഞപ്പോൾ ആണ് അമിതിന്റെ അമ്മ അവളെ ശ്രദ്ധിക്കുന്നത്.. അന്ന് പ്രശ്നം ഉണ്ടായപ്പോൾ ആര്യയെയും അനിയേയും വീട്ടിൽ പോയി കാണണം എന്ന് അമിതിനോട് അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.. വാത്സല്യത്തോടെ അമ്മ അവളുടെ അടുത്തിരുന്നു... "കല്യാണം ഉള്ള വിവരം അമി പറഞ്ഞിരുന്നു...എന്തായാലും മോളെ കാണാൻ കഴിഞ്ഞല്ലോ.. എന്റെ മോൻ വേദനിപ്പിച്ചതൊക്കെ ഞാൻ അറിഞ്ഞു.. " "ഏയ്.. അതൊക്കെ അന്നേ ഞാൻ മറന്നതാ .. അമ്മയെ കാണാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷമുണ്ട്... കല്യാണത്തിന് ഉറപ്പായും വരണം.. അല്ല.. എവിടെ എന്റെ ചേട്ടന്മാർ.... " ചുറ്റും കണ്ണോടിച്ചു കൊണ്ട് അനി ചോദിച്ചതും അമ്മ ചുമരിലെ ക്ലോക്കിലേക്ക് നോക്കി... " ദേ ഇപ്പോൾ വരും.. അമിത് പുറത്ത് പോയതാ... അക്ഷിത് വരാൻ ആവുന്നേ ഉള്ളൂ...

എന്തായാലും വന്നതല്ലേ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി... അവരിപ്പോൾ വരും" ചിരിയോടെ അമ്മ പറഞ്ഞതും അനി വീട് കാണാൻ എന്നോണം സോഫയിൽ നിന്നും എണീറ്റു... അനിയുടെ അമ്മയും അമിതിന്റെ അമ്മയും കുശലന്യോഷണം പറഞ്ഞു കൊണ്ടിരുന്നു... കല്യാണതിരക്കും മറ്റും പറഞ്ഞവർ അടുക്കളയിലേക്ക് നീക്കി.. അനിയുടെ അച്ഛൻ ന്യൂസ്‌ പേപ്പർ എടുത്ത് വായനയിൽ ഇരുന്നതും ശിവയും അക്ഷര കുട്ടിയും അനിയുടെ പിറകെ പോയി.... കുറഞ്ഞ നേരം കൊണ്ട് അനിയും അക്ഷരയും പെട്ടന്ന് കൂട്ടായി... അക്ഷിത് വരുന്നത് കാണാത്തത് കൊണ്ട് അനി പുറത്തേക്കിറങ്ങി..അവിടെ ഇരുന്ന് അക്ഷര കുട്ടിയുമായി കുസൃതി പറഞ്ഞിരിക്കുന്നതിനിടയിൽ ഗേറ്റ് കടന്നൊരു കാർ മുറ്റത്തേക്ക് വന്നു... "അമി ചേട്ടൻ വന്നല്ലോ... " അക്ഷര ഉറക്കെ പറഞ്ഞതും അനിയുടെ കണ്ണുകൾ വിടർന്നു.. അവൾ അവൻ ഇറങ്ങുന്നതും കാത്ത് അങ്ങോട്ട്‌ നോട്ടമെറിഞ്ഞു.... ഡ്രൈവറോട് എന്തോ പറഞ്ഞിറങ്ങുന്ന അമിതിനെ കണ്ടതും അനി കണ്ണുകൾ തള്ളി കൊണ്ട് അവനെ നോക്കി അത്ഭുതത്തോടെ ഇരുന്നിടത്ത് നിന്നും എണീറ്റു നിന്നു......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story