ആത്മരാഗം💖 : ഭാഗം 79

athmaragam thanseeh

രചന: തൻസീഹ് വയനാട്

ഇൻസൈഡ് ചെയ്ത ഷർട്ടും കോട്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ച് പക്കാ ബിസിനസ് മാൻ ലുക്കിൽ തനിക്ക് മുന്നിൽ നിൽക്കുന്ന അമിതിനെ കണ്ടവൾ ചിരിയോടെയും ഏറെ അത്ഭുതത്തോടെയും നോക്കി നിന്നു.. അമിത് ഒരുപാട് മാറിയ പോലെ അവൾക്ക് തോന്നി.. കോളേജ് ഹീറോയിൽ നിന്നും പക്വത കൈവന്ന ബിസിനസ് മാനിലേക്ക് വന്ന മാറ്റം ശെരിക്കും അവനിൽ തെളിഞ്ഞു കാണുന്നുണ്ടെന്നവൾ മനസ്സിലാക്കി... അവന്റെ ഓരോ ചലനങ്ങളും അത് തെളിയിക്കുമ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരിക്ക് മാറ്റ് കൂടി... ഡ്രൈവറോട് എന്തൊക്കെയോ പറഞ്ഞ് വീട്ടിലേക്ക് കയറാൻ തിരിഞ്ഞപ്പോഴാണ് അനി തന്നെയും നോക്കി നിൽക്കുന്നതവൻ കണ്ടത്... ഉടനെ കൂളിംഗ് ഗ്ലാസ്‌ ഊരിമാറ്റിയവൻ അത്ഭുതത്തോടെ അവളെ നോക്കി..ഈയൊരു കൂടി കാഴ്ച ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവനിൽ സന്തോഷവും ചിരിയും അത്ഭുതവും മാറി മാറി വന്നു.. "അനീ... വാട്ട്‌ എ സർപ്രൈസ്... നീ... നീയെപ്പോൾ വന്നു... "

അത്ഭുതം മുഴുവൻ വാക്കുകളിൽ പ്രകടമാക്കി കൊണ്ട് അമിത് അവളുടെ അടുത്തേക്ക് വന്നു.. "ഞാൻ വന്നിട്ടൊക്കെ കുറച്ചു നേരമായി.. ഇതെവിടെ പോയിരിക്കുവായിരുന്നു... അമിത് ചേട്ടൻ ആകെ മാറി പോയി.... " പുഞ്ചിരിയോടെ അവൾ ചോദിച്ചതും അമിത് ഒന്ന് ചിരിച്ചു.. "കമ്പനിയിൽ ഒരു അർജെന്റ് മീറ്റിംഗ് ഉണ്ടായിരുന്നു.. അതാ ലേറ്റ് ആയത്.. നിന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല... ഒറ്റക്കാണോ വന്നത്....? " അമിതിന്റെ സംശയത്തോടെയുള്ള ചോദ്യവും അകത്തേക്കുള്ള പാളി നോട്ടവും കണ്ട് അനി ഉള്ളിൽ ചിരിച്ചു.. "ആര്യ വന്നിട്ടില്ല.. അവൾ അമ്മ വീട്ടിലാണ്... ഞാൻ വന്നത് എന്റെ കല്യാണം ക്ഷണിക്കാൻ ആണ്.. അച്ഛനും അമ്മയും അകത്തുണ്ട്.. " "ആഹാ.. എല്ലാവരും ഉണ്ടോ... എന്നാ കല്യാണപ്പെണ്ണ് വാ.. " അച്ഛനും അമ്മയും കൂടെ ഉണ്ടെന്ന് അറിഞ്ഞതും അമിത് അനിയുമായി വീട്ടിലേക്ക് നടന്നു... "അച്ഛാ... " അമിത് വന്നെന്ന് അറിയിക്കാൻ അനി വിളിച്ചതും അച്ഛൻ തല ഉയർത്തി നോക്കി.. അമിതിനെ കണ്ടതും അച്ഛൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് കൈ കൊടുത്തു..

"ഒരുപാട് നേരമായല്ലേ വന്നിട്ട്... എനിക്കൊരു മീറ്റിംഗ് ഉണ്ടായിരുന്നു.. കഴിയാൻ ലേറ്റ് ആയി.. " "ഏയ്.. ഇല്ലാ.. അധിക നേരമൊന്നും ആയിട്ടില്ല... നീ എന്ത് ചെയ്യുകയാ.... " "ഇവിടെ ടൗണിൽ വല്യച്ഛന്റെ കമ്പനി ഉണ്ട്.. വല്യച്ഛനോടൊപ്പം അത് നോക്കി നടത്തുന്നു... വല്യച്ഛൻ ബിസിനസ് ടൂർ എന്നും പറഞ്ഞ് എപ്പോഴും വിദേശത്തായിരിക്കും.. അപ്പോൾ നാട്ടിലെ കമ്പനി എന്നെ ഏല്പിച്ചു.. " " അക്ഷിത് ഏട്ടൻ എവിടെ... ??" അവർ സംസാരിക്കുന്നതിനിടയിൽ കയറി അനി ചോദിച്ചു.. "ഏട്ടൻ വരാൻ ആവുന്നേ ഉള്ളൂ.. " "ആഹാ.. അനിയൻ മീറ്റിംഗ് കാരണം ലേറ്റ് ആയി.. അപ്പോൾ ഏട്ടൻ അതിലും വലിയ മീറ്റിംഗ്ൽ ആണോ.." ചിരിയോടെ അനി ചോദിച്ചതും അമിത് മറുപടി ചിരിയിൽ ഒതുക്കി.. അൽപ്പ സമയം അമിതും അച്ഛനും അനിയും സംസാരിച്ചു കൊണ്ടിരുന്നു..അനിക്കൊരു മാറ്റവും ഇല്ലെന്നും ഇപ്പോഴും പഴയ ആ വായാടി തന്നെയാണ് അവളെന്നും സംസാരത്തിനിടയിൽ അമിത് മനസ്സിലാക്കി.. അമൻ ശിവയുടെ പിറകെ തന്നെയാണ്.. ശിവയും അക്ഷരകുട്ടിയും പുറത്തിരിക്കാണ്..

അമൻ ചുറ്റി പറ്റി അവിടെയാകെ നിറഞ്ഞു നിൽക്കുന്നുണ്ട്.. വീട്ടിൽ വന്നിട്ട് തല്ലി എന്ന പേര് വേണ്ട എന്നത് കൊണ്ട് മാത്രം ശിവ അടങ്ങി നിന്നു.... അടുക്കളയിൽ രണ്ട് അമ്മമാരും ഭയങ്കര സംസാരത്തിൽ ആയിരുന്നു.. അതിനിടയിൽ അവർക്ക് കുടിക്കാനുള്ള ചായ റെഡിയാക്കി കൊണ്ട് അവർ ഹാളിലേക്ക് വന്നു.. "അക്ഷിത് ചേട്ടൻ വന്നില്ലല്ലോ... " സമയം കുറെ ആയിട്ടും അക്ഷിതിനെ കാണാത്തതു കൊണ്ട് നിരാശയോടെ അനി പറഞ്ഞു... "അവനിപ്പോൾ വരും.. നിങ്ങൾ ചായ കുടിക്ക്... ഉച്ചക്ക് ഫുഡ് കഴിച്ചിട്ട് പോയാൽ മതി.. " "അയ്യോ.. ഫുഡ്‌ ഒന്നും വേണ്ട.. ഇനി ആര്യയുടെ അമ്മ വീട്ടിൽ പോകണം.. ഇവരെ അവിടെയാക്കി വേണം വീട്ടിലേക്ക് തിരിക്കാൻ... " ചായ കുടിക്കാൻ ഇരിക്കുന്നതിനിടയിൽ അനിയുടെ അമ്മ പറഞ്ഞു... എല്ലാവരും ചായ കുടിക്കുമ്പോഴും പോകുന്നതിന് മുൻപ് അക്ഷിതിനെ കാണില്ലേ എന്ന ചിന്ത ആയിരുന്നു അനിക്ക്... "ആഹാ.. ഏട്ടൻ വന്നല്ലോ. " പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടതും അമിത് അനിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...

ഉടനെ അവൾ എഴുന്നേറ്റ് ആകാംഷയോടെ പുറത്തേക്ക് നടന്നു... ഹാളിന്റെ വാതിൽക്കൽ നിന്ന് കണ്ണുകൾ പുറത്തേക്ക് പായിച്ചതും ബൈക്കിൽ നിന്നിറങ്ങുന്ന അക്ഷിതിനെ കണ്ടവൾ അന്തം വിട്ട് നിന്നു......ഇളം പച്ച കളർ കസവോടെയുള്ള വെളുത്ത മുണ്ടും അതിനൊത്ത കളർ സ്ലീവ്‌ലെസ് ഷർട്ടും കണ്ണടയും ധരിച്ച് നെറ്റിയിലും കഴുത്തിലും മാഞ്ഞു പോകാത്ത മഞ്ഞ ചന്ദനവു മുള്ള അക്ഷിതിനെ ഇമവെട്ടാതെയവൾ നോക്കി നിന്നു.. ഹെൽമെറ്റ്‌ ഊരിയതിനാൽ സ്ഥാനം തെറ്റിയ മുടിയിഴകൾ കൈകൊണ്ട് മടിയൊതുക്കുന്ന അക്ഷിതിനെ നോക്കി കിളികൾ പാറിക്കൊണ്ടവൾ വാതിൽ പടിയിൽ നിന്നും പുറത്തേക്ക് നീങ്ങി... "ഏട്ടൻ ഇവിടെ ഞങ്ങളുടെ സ്കൂളിൽ തന്നെ അധ്യാപകനാണ്... " അക്ഷിതിനെ കണ്ട് അനിയുടെ കിളി പാറിയെന്ന് മനസ്സിലാക്കിയ അമിത് അവളോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു... അക്ഷിതിനെ ആ കോലത്തിൽ കണ്ടതിന്റെ ഞെട്ടൽ മാറും മുന്നേ അമിത് പറഞ്ഞ വാക്കുകൾ കേട്ട് അവൾ കണ്ണും മിഴിച്ചു നിന്നു.. കോളേജിലെ ടോപ്പർ ആയ എല്ലാ ടീച്ചേഴ്സും പുകഴ്ത്തിയ അക്ഷിത് തന്നെയാണോ ഇതെന്ന് അവൾ മനസ്സിൽ ചോദിച്ചു കൊണ്ടേയിരുന്നു...

.ഒരുപാട് ഉയരങ്ങളിൽ എത്തുമെന്ന് എല്ലാവരും ഒരു പോലെ പറഞ്ഞ അക്ഷിതിനെ സാധാരണ ഒരു സ്കൂൾ അധ്യാപകനായി കാണേണ്ടി വരുമെന്ന് അവളൊരിക്കലും വിചാരിച്ചിരുന്നില്ല... അനിയെ കണ്ട് അക്ഷിതിലും ഞെട്ടൽ ഉളവായിട്ടുണ്ട്... അത് മറച്ചു വെച്ചവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നടുത്തു.. അക്ഷിതിന് ഒരു മാറ്റവും വന്നില്ലെന്നും ആ മിതത്വവും അടക്കവും ഒതുക്കവും അത് പോലെ തന്നെയുണ്ടെന്ന് കണ്ടറിഞ്ഞ അവൾ തിരിച്ചും പുഞ്ചിരിച്ചു... "അനീ... നീ... " "ഏട്ടാ.. ഇപ്പോൾ ആ പഴയ അനി അല്ല.. പുതു പെണ്ണാണ്.. " കളിയാക്കും വിധത്തിൽ അമിത് പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് തല താഴ്ത്തി... സ്വന്തം പെങ്ങളെ പോലെ അനിയെ ചേർത്ത് പിടിച്ച് അമിതും അക്ഷിതും അകത്തേക്ക് കയറി... അക്ഷിതിനെ കണ്ടതും അനിയുടെ അച്ഛൻ സന്തോഷത്തോടെ കൈ കൊടുത്തു... "എവിടെയാ പഠിപ്പിക്കുന്നെ....?? " സോഫയിൽ ഇരുന്ന് എല്ലാവരും സംസാരത്തിൽ ആയതും അനിയുടെ അച്ഛൻ അക്ഷിതിനോട് ചോദിച്ചു.. അവൻ മറുപടി പറഞ്ഞതും അവരുടെ അമ്മ അവന്റെ തോളിൽ കൈവെച്ചു..

"കമ്പനി നോക്കി നടത്താൻ ഇവരെ രണ്ടു പേരെയും ഏൽപ്പിച്ചതാണ്.. ഇവന് അതിലൊന്നും താല്പര്യമില്ല..കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് അതിലേക്ക് തിരിഞ്ഞു... " വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ ആവേണ്ട അക്ഷിത് അധ്യാപനം തിരഞ്ഞെടുത്തതോർത്ത് അവൾ കൗതുകത്തോടെ അക്ഷിതിനെ നോക്കി ഇരുന്നു.. അൽപ്പം സമയത്തെ കുശലന്വേഷണങ്ങൾക്ക് ശേഷം അവർ പോകാനായി എഴുന്നേറ്റു... കല്യാണത്തിന് നിർബന്ധമായും എല്ലാവരും വരണമെന്ന് പറഞ്ഞു കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി... തീർച്ചയായും വരാമെന്ന് വാക്ക് കൊടുത്തു കൊണ്ട് അമിതും കുടുംബവും അവരെ യാത്രയാക്കി...... ആര്യയുടെ അമ്മ വീട്ടിലേക്കുള്ള യാത്രയിലുട നീളം അമിതിനെയും അക്ഷിതിനെയും കുറിച്ച് മാത്രം ആയിരുന്നു അനിയുടെ ചിന്ത.. ഇരുവരുടേയും രൂപം കണ്ണിൽ നിറച്ചവൾ പുഞ്ചിരിയോടെ കാഴ്ചകൾ കണ്ടിരുന്നു.... ആര്യയുടെ അമ്മ വീട്ടിൽ കാർ എത്തിയതും അനി വേഗം കാറിൽ നിന്നും ഇറങ്ങി.. അവളെ പ്രതീക്ഷിച്ചു കൊണ്ട് ആര്യ ജിനോയുടെ കുഞ്ഞിനേയും എടുത്ത് പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു...

ഓരോ സെക്കന്റ്ലും ജിനോയെ അടിച്ചു പുറത്താക്കണം എന്ന് പറയുകയല്ലാതെ മുത്തച്ഛൻ അതിന് മുതിർന്നിട്ടുണ്ടായിരുന്നില്ല.... ആര്യയെ കണ്ടതും അനി അവളുടെ അടുത്തേക്ക് പാഞ്ഞു.... അവരെയെല്ലാം മുത്തച്ഛൻ അകത്തേക്ക് ക്ഷണിച്ചു... അനിയുടെ വിവാഹം ക്ഷണിച്ച് അനിയേയും ശിവയെയും അവിടെയാക്കി അച്ഛനും അമ്മയും വീട്ടിലേക്ക് തിരിച്ചു.. രാത്രി അനിയും ആര്യയും ശിവയും ഒരു റൂമിൽ ആണ് കിടന്നത്... യാത്ര ക്ഷീണം ഉണ്ടായതിനാൽ ശിവ നേരത്തെ ഉറങ്ങി... അമിതിന്റെ വീട്ടിൽ പോയ വിവരം ആര്യയെ അറിയിക്കണോ വേണ്ടയോ എന്ന ചിന്തയിൽ ആയിരുന്നു അനി.... "അനീ.. വിവാഹക്ഷണം എവിടെ വരെ എത്തി.. കഴിഞ്ഞോ " "കഴിഞ്ഞു വാവീ... ഇനി എങ്ങോട്ടും പോകേണ്ട.. സമാധാനമായി.. ഓരോ ഇടത്തും ചെന്ന് കല്യാണ പെണ്ണായി എല്ലാവരെയും ക്ഷണിക്കുന്നത് ബോറൻ പരിപാടിയാണ്.. എന്തായാലും കഴിഞ്ഞു കിട്ടി.. " "കല്യാണപെണ്ണായി എല്ലാവരുടെയും മുന്നിൽ അണിഞ്ഞൊരുങ്ങി നിൽക്കാനുള്ള സമയം ആവുന്നേ ഉള്ളൂ.. അപ്പോഴേക്ക് നിനക്ക് ബോർ അടിച്ചോ...ഇനി കുറച്ചു ദിവസം മാത്രമേ ഉള്ളൂ അനീ... " കല്യാണ ദിവസം അടുത്തെത്തിയെന്ന് ആര്യ ഓർമിപ്പിച്ചതും അനിയിൽ സന്തോഷവും സങ്കടവും ഒരു പോൽ വന്നു...

സങ്കടം തന്നെ കീഴ്പ്പെടുത്താതിരിക്കാൻ വേണ്ടി വാ തോരാതെ സംസാരിക്കാൻ തുടങ്ങി.. അതിനിടയിൽ അമിതിന്റെ വീട്ടിൽ പോയ കാര്യം പറയാൻ അവൾ തീരുമാനിച്ചു.. "വാവീ.... ഇന്ന് ഇങ്ങോട്ട് വരുന്നതിന് മുൻപ് ഞങ്ങൾ അമിത് ചേട്ടന്റെ വീട്ടിൽ പോയിരുന്നു.. കല്യാണം പറയാൻ... " പെട്ടന്ന് അമിതിന്റെ പേര് കേട്ടതും അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത് താൻ പ്രണയിക്കുന്ന ആ ശബ്ദഗീതത്തെയാണ്.. തന്റെ ഹൃദയത്തിൽ താളമിടുന്ന ആ രാഗങ്ങൾ കാതിൽ അലയടിച്ചു വന്നതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... ആര്യയുടെ ഭാവ മാറ്റം കണ്ട് അമിതിനോടുള്ള ദേഷ്യം അവളിൽ നിന്ന് മാഞ്ഞു പോയെന്ന് അനി മനസ്സിലാക്കി... ആശ്വാസത്തോടെ അനി അമിതിനെയും അക്ഷിതിനെയും കണ്ട വിവരം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊണ്ടിരുന്നു... അവളുടെ വാക്കുകൾ ശ്രദ്ധിക്കുമ്പോഴും ആര്യയുടെ ഹൃദയം പ്രത്യേക താളത്തിൽ മിടിക്കുകയായിരുന്നു....യാത്ര ക്ഷീണം കാരണം സംസാരത്തിനിടെ അനി ഉറക്കം പിടിച്ചതും ആര്യ അവളിൽ നിന്ന് തിരിഞ്ഞു കിടന്നു...

അരികിൽ ഇരിക്കുന്ന ഫോൺ ഓൺ ആക്കി തന്റെ നെഞ്ചോടു ചേർത്ത് വെച്ചു... അവൾക്ക് കേൾക്കാൻ പാകത്തിലാ സംഗീതം ഒഴുകി വന്നതും അവൾ കണ്ണുകൾ മൃദുവായടച്ചു.... ************ രണ്ടു ദിവസം ആര്യയുടെ അമ്മ വീട്ടിൽ നിന്ന് ആര്യയുമായി അനിയും ശിവയും വീട്ടിലേക്ക് മടങ്ങി.. വീട് പെയിന്റ് അടിച്ച് മോഡി കൂട്ടുന്നത് അവസാനത്തിൽ എത്തിയിരുന്നു...കല്യാണത്തിന് ഇനി പത്ത് നാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഈ ദിനങ്ങളിൽ എല്ലാം അനി ആര്യയുടെ കൂടെ തന്നെയായിരുന്നു.. സങ്കടം മറച്ച് പരമാവധി എല്ലാവരെയും ഹാപ്പി ആക്കാനും സ്വയം ഹാപ്പി ആവാനും അവൾ ശ്രമിച്ചു.. കല്യാണത്തിന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ ഡ്രസ്സും ആഭരണങ്ങൾ എടുക്കാനും അനി ആര്യയെയും കൂട്ടി . എല്ലാത്തിനും ആര്യയുടെ ഇഷ്ടം ആയിരുന്നു അനി നോക്കിയിരുന്നത്.. തനിക്ക് വേണ്ടി ഏറ്റവും നല്ലത് മാത്രമേ ആര്യ തിരഞ്ഞെടുക്കൂ എന്നവൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു....

മഞ്ഞൾ കല്യാണത്തിന് ഉടുക്കാൻ ഉള്ളതും മെഹന്ദി നൈറ്റിന് ഉടുക്കാൻ ഉള്ളതും കല്യാണത്തിന് അന്ന് ഉടുക്കാൻ ഉള്ളതും എല്ലാം ആര്യ തന്നെ സെലക്ട് ചെയ്തു..... ************ ഇന്നാണ് അനിയുടെ മഞ്ഞൾ കല്യാണം... കല്യാണം ആർഭാടമായി വേണ്ടെന്ന് അനി ഒരുപാട് പറഞ്ഞെങ്കിലും ശിവ അത് അംഗീകരിച്ചില്ല.. അവളുടെ നിർബന്ധം ആയിരുന്നു മഞ്ഞൾ കല്യാണം.. വീടാകെ കല്യാണത്തിനൊരുങ്ങിയിരുന്നു.. ആര്യയുടെ വീടും അനിയുടെ വീടും ചേർന്ന് നിൽക്കുന്നതിനാൽ ആര്യയുടെ വീട്ടിലും പന്തൽ ഇട്ടിരുന്നു.. ആര്യയുടെ വീടിന് മുറ്റത്ത് ഒരു ഭാഗത്തായി സ്റ്റേജും കെട്ടിയിരുന്നു... ശിവ പലതും പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു... അനിക്കൊരു സർപ്രൈസ് നൽകാൻ തന്നെ അവൾ ഉറപ്പിച്ചു. താലികെട്ട് അനിയുടെ വീട്ടിൽ വെച്ചായതിനാൽ മണ്ഡപത്തിനുള്ള മറ്റൊരു സ്റ്റേജ് അനിയുടെ വീടിന് മുന്നിൽ ഒരുക്കിയിട്ടുണ്ട്... എല്ലാവരും ഓരോ തിരക്കിൽ ഓടി നടന്നു... ആര്യയുടെ അച്ഛന്റെ കാൽ വയ്യാത്തത് ആണെങ്കിലും സ്വന്തം മകളുടെ കല്യാണം എന്ന പോലെ അദ്ദേഹവും പന്തലിൽ ഓടി നടക്കുന്നുണ്ടായിരുന്നു.. ജീവൻ കൂടെ ഉണ്ടായതിനാൽ തന്നെ അനിയുടെ അച്ഛൻ അനിരുദ്ധിന് അൽപ്പം ആശ്വാസമായിരുന്നു.... മഞ്ഞൾ കല്യാണത്തിനായി വീടും വീട്ടുകാരും ഒരുങ്ങി...

മഞ്ഞ പൂക്കൾ കൊണ്ട് വീടാകെ അലങ്കരിക്കുന്ന തിരക്കിൽ ആയിരുന്നു ആര്യയും ശിവയും... അനിയുടെ അമ്മ വീട്ടിലെ എല്ലാവരും ഉച്ചക്ക് മുന്നേ തന്നെ എത്തി.. അമ്മയും അമ്മച്ചനും മാമനും മാമിയും അമ്മായിമാരും അവരുടെ മക്കൾസും അങ്ങനെ എല്ലാം കൂടി ഒരു പട തന്നെ ഉണ്ടായിരുന്നു... വീട്ടിൽ ആകെ കളിയും ചിരിയും ബഹളവും നിറഞ്ഞു... അനിയുടെ അച്ഛന്റെ ബന്ധുക്കാർ കൂടി വന്നതോടെ ഉഷാറായി.. അനിയുടെ അച്ഛന്റെ അമ്മയും അച്ഛനും മരിച്ചു പോയിട്ടുണ്ട്.. വല്ല്യഛനും ഇളയച്ഛനും അവരുടെ കുടുംബവും ആണ് എത്തിയിട്ടുള്ളത്... അവരും കൂടെ ആയതും ബഹളം കൂടി.. കല്യാണത്തിനുള്ള ആളുകൾ ഇപ്പോൾ തന്നെ ആയി... സ്ത്രീകൾ വർത്തമാനവുമായി അടുക്കളയിൽ കൂടിയപ്പോൾ ചെറിയ കുട്ടികൾ പന്തലിൽ ഓടി കളിക്കാൻ തുടങ്ങി... ശിവ അവളുടെ പ്രായത്തിൽ ഉള്ളവരുമായി വിശേഷങ്ങൾ പങ്ക് വെച്ച് ഒരു മുറിയിൽ ഒതുങ്ങി കൂടിയിട്ടുണ്ട്...അവരൊക്കെ വന്ന സമയം എല്ലാവർക്കും മുഖം കാണിച്ചു കൊടുത്ത് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അനി പതിയെ ഉൾവലിഞ്ഞ് ആര്യയോടൊപ്പം തന്നെ കൂടി...

ആര്യ ഭയങ്കര തിരക്കിൽ ആയിരുന്നു.. തോളോട് തോൾ ചേർന്ന് നടന്നവളുടെ വിവാഹമല്ലേ.. ഒന്നിനും ഒരു കുറവും വരരുതെന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു.. അലങ്കരിച്ച പൂക്കൾ കുട്ടികൾ എടുത്ത് നാശമാക്കാതിരിക്കാൻ ശിവയെ ഏല്പിച്ചു കൊണ്ട് ആര്യ അനിയുമായി റൂമിലേക്ക് നടന്നു.. രാത്രി ധരിക്കാനുള്ള വേഷം റെഡിയാക്കി വെക്കാൻ നോക്കുകയായിരുന്നു അവൾ... "മഞ്ഞൾ കല്യാണത്തിന് അനിൽ സാർ കൂടി വേണമായിരുന്നു അല്ലേ അനീ... എന്നാ ഉഷാറായേനെ.. " വാടി നിൽക്കുന്ന അനിയുടെ മുഖത്തേക്ക് നോക്കി അവളെ ഒന്ന് ഉഷാറാക്കാൻ വേണ്ടി ആര്യ പറഞ്ഞു.. "വാവീ..വേണ്ടാ... ശിവയെ പോലെ നീയും കളിയാക്കാൻ തുടങ്ങി അല്ലേ.." അനി മുഖം വീർപ്പിച്ചിരുന്നു.. അനിക്ക് ധരിക്കാനുള്ള ഡ്രസ്സ്‌ ഷെൽഫിൽ വെച്ച് ആര്യ അവളുടെ അടുത്തിരുന്നു.. "ഓ.. അപ്പോഴേക്കും പെണ്ണിന് നാണം വന്നു... വാ.. ഇവിടെ നാണിച്ചിരിക്കാതെ പുറത്തേക്കിറങ്ങാം.. അല്ലേൽ പുതുപ്പെണ്ണിന് നാണം കൂടുതൽ ആണെന്ന് എല്ലാവരും പറഞ്ഞു നടക്കും. " ചിരിച്ചു കൊണ്ട് ആര്യ അനിയുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു.. നേരെ അടുക്കളയിലേക്ക് പോയ അവർ അവിടെ വർത്തമാനം പറയുന്നവരുടെ കൂട്ടത്തിൽ ചെന്നിരുന്നു..

എല്ലാവരും കൂടിയാൽ പറയാൻ ഉള്ളത് പഴയ കാര്യങ്ങൾ ആവുമല്ലോ.. അനിയുടെ കുഞ്ഞിലേ ഉള്ള കുസൃതികൾ പറഞ്ഞ് ചിരിക്കൽ ആയിരുന്നു അവർക്ക് പണി.. അതിനിടയിലേക്കാണ് അനിയും ആര്യയും ചെന്നത്.. അവർ കൂടെ ആയതും സംസാരം മുറുകി..... കളി ചിരികളും തമാശകളുമായി സമയം നീങ്ങിയതറിഞ്ഞില്ല.. വൈകുന്നേരം ആയതും ആര്യ അനിയെ ഒരുക്കാൻ തുടങ്ങി.. സഹായത്തിന് ശിവയും കസിന്സും ഉണ്ട്... വിടർന്ന മഞ്ഞ ഉടുപ്പായിരുന്നു അനിയുടെ വേഷം.. കൈകളിൽ കഴുത്തിലും തലയിലും മഞ്ഞ പൂമാലകൾ.... കഴുത്തിൽ തൂങ്ങിയാടുന്ന പൂ കമ്മൽ... അങ്ങനെ എല്ലാ വിധത്തിലും അവളെ അവർ സുന്ദരിയായി അണിയിച്ചൊരുക്കി സ്റ്റേജിൽ കൊണ്ടിരുത്തി... അനിൽ സാറിന്റെ വീട്ടിൽ നിന്നും കൊണ്ട് വന്ന പ്രത്യേക മഞ്ഞൾ കൂട്ട് അനിയുടെ മുന്നിൽ വലിയൊരു താലത്തിൽ ആര്യ കൊണ്ട് വെച്ചു.. സ്റ്റേജിൽ മ്യൂസിക് പ്ളേ ചെയ്തതും അനിയെ മഞ്ഞൾ തേക്കുന്നതോടൊപ്പം എല്ലാവരും ആടിപ്പാടി....

ആര്യയും ശിവയും ഒരേ പോലെയുള്ള മഞ്ഞ ദാവണി ആയിരുന്നു ഉടുത്തിരുന്നത്..കസിൻസും മഞ്ഞ ഡ്രസ്സ്‌ ആയിരുന്നു... എല്ലാവരും അനിയെ മഞ്ഞളിൽ കുളിപ്പിച്ചു...സെൽഫി എടുക്കലും മഞ്ഞൾ വാരി തേക്കലും അങ്ങനെ.... അങ്ങനെ.... കളി ചിരികളാൽ ഭംഗിയോടെ ആ ദിനവും അവസാനിച്ചു.... ക്ഷീണം കാരണം ഭക്ഷണം കഴിച്ച് ഒരുപാട് വൈകിയാണ് എല്ലാവരും കിടന്നത്.. ആളും ആരവവും ഒഴിഞ്ഞപ്പോൾ ആണ് അനിയുടെ ഉള്ളിലെ സങ്കടം തലപൊക്കിയത്.. എല്ലാവർക്ക് മുന്നിലും ചിരിച്ചു നിന്ന അനിയുടെ ഉള്ളം തേങ്ങുകയായിരുന്നു... നാളത്തെ ഒരേ ഒരു ദിനം മാത്രമേ താനിവിടെ ഉണ്ടാവുകയുള്ളൂ എന്നും പിന്നീട് അഥിതി ആയി മാത്രം വന്ന് കയറുന്ന ഇടമായി മാറുമെന്നോർത്തതും കണ്ണുനീർ അവളെ പൊതിഞ്ഞു... ആരും കേൾക്കാത്ത തേങ്ങലോടെ അവൾ കണ്ണുകൾ ഇറുക്കി അടച്ച് കിടന്നതും അവൾക്കരികിൽ ഉറക്കം നടിച്ചു കിടന്നിരുന്ന ആര്യയുടെ കണ്ണിൽ നിന്നും കണ്ണുനീർ മെല്ലെ ഒഴുകി വന്നു....... *************

പിറ്റേന്ന് മെഹന്ദി രാവ് ആയിരുന്നു... കല്ല്യാണ തലേന്ന് ആയതിനാൽ തന്നെ ഈ രാവ് ഉഷാറാക്കാൻ ശിവയും ആര്യയും കസിൻസും പ്ലാൻ ഇട്ടിരുന്നു.. അനിയെ ഞെട്ടിക്കണം എന്ന് തന്നെ ആയിരുന്നു അവരുടെ ലക്ഷ്യം... ഏഴ് മണി ആവാൻ ആയതും മെഹന്ദി ഡിസൈനർ എത്തി.. ഇരു കയ്യിലും കാലിലും ചേലോടെ അനിക്ക് മൈലാഞ്ചി ഇട്ട് കൊടുത്തു.. രണ്ടു പേർ ഉണ്ടായതിനാൽ മൈലാഞ്ചി ഇടൽ പെട്ടന്ന് കഴിഞ്ഞു.. സ്റ്റേജിൽ മൈലാഞ്ചി അണിഞ്ഞിരിക്കുന്ന അനിയെ കാണാൻ ഊട്ടുപുരയിൽ തിരക്കിൽ നിന്നും ജീവനും അനിരുദ്ധ് ഉം വന്നു.. ശിവയും ആര്യയും അപ്പുറവും ഇപ്പുറവും ഇരുന്ന് മൈലാഞ്ചിക്ക് നിറം കൂട്ടാൻ നാരങ്ങ പിഴിഞ്ഞിരിക്കുന്നുണ്ട്.. "ജീവാ.. ഇപ്പോൾ വേണേൽ ഇവളെ എന്തും ചെയ്യാം അല്ലേ... മൈലാഞ്ചി കയ്യിൽ ഉള്ളത് കൊണ്ട് തിരിച്ചൊന്നും ചെയ്യില്ല... " "അതേ അളിയാ... ഇത്രയും കാലം കുസൃതി കാണിച്ചതിനൊക്കെ ഇപ്പോൾ പലിശ സഹിതം കൊടുത്തേക്ക്.... " അനിയുടെ മാമനും അവിടേക്ക് വന്ന് പറഞ്ഞതും അനി മാമനെ നോക്കി പേടിപ്പിച്ചു.. "എന്നാ നമുക്ക് തുടങ്ങാം.. " മാമൻ അനിയെ ഇക്കിളി ആക്കാൻ എന്ന വണ്ണം കൈകൾ നീട്ടി ചെന്നു.. "ദേ.. വേണ്ട ട്ടോ.. ഞാൻ കടിക്കും.. " മാമന്റെ കയ്യിൽ കടിക്കുന്ന പോലെ അനി കാണിച്ചതും എന്നാ ഇക്കിളി ആക്കിയിട്ടേ അടങ്ങൂ എന്ന് പറഞ്ഞു കൊണ്ട് മാമൻ മുന്നോട്ട് വന്നു...

വേണ്ടാ എന്ന് പറഞ്ഞു കൊണ്ട് അനി എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി... അവരുടെ കുസൃതി കണ്ട് അമ്മയും കുടുംബക്കാരും അച്ഛനും ജീവനും എല്ലാം സന്തോഷത്തോടെ ചിരിച്ചു കൊണ്ട് നോക്കി നിന്നു....... ഓടി തളർന്ന അനി പന്തലിലെ കസേരയിൽ ഇരുന്നതും പെട്ടന്ന് സ്റ്റേജിലെ വെളിച്ചം അണഞ്ഞു... എന്താ സംഭവം എന്ന് ചിന്തിച്ചു കൊണ്ടവൾ സ്റ്റേജിലേക്ക് നോട്ടം പായിച്ചു.. "പ്രിയപ്പെട്ടവരേ.... സുന്ദരിയും സുമുഖി ആയ അടക്കവും ഒതുക്കവും എന്തെന്ന് പോലും അറിയാത്ത നമ്മുടെ സ്വന്തം അനിരുദ്ര എന്ന എന്റെ ചേച്ചികുട്ടിയുടെ കല്ല്യാണമാണ് നാളെ... സോ.. നമുക്ക് അടിച്ചു പൊളിക്കണ്ടേ " ശിവയുടെ ശബ്ദം മൈക്കിലൂടെ കേട്ടതും എല്ലാവരും കൂവി വിളിച്ചു കയ്യടിച്ചു... അനി ചിരിച്ചു കൊണ്ട് എന്താ ഇവൾ ഒപ്പിക്കുന്നെന്ന് ചുറ്റും നോക്കി... പെട്ടന്ന്..... " വന്നില്ലേ... മെല്ലെ മെല്ലെ വന്നില്ലേ.. തേന്മൊഴി മാരൻ അണഞ്ഞില്ലേ തന്മുന കൊണ്ട് കറക്കീലെ സ്നേഹം കൊണ്ട് മയക്കീലെ... കണ്ണിൽ ചന്ദ്ര നിലാവല്ലേ... ഞാനും കണ്ട് കൊതിച്ചില്ലേ... ആരും നോക്കി ഇരുന്നീടും ആളൊരു സുന്ദരനാണല്ലേ..... "

ഉയർന്ന ശബ്ദത്തിൽ ആ സോങ് മുഴങ്ങിയതും സ്റ്റേജിലെ വെളിച്ചം തെളിഞ്ഞു വന്നു... അനിയുടെ കണ്ണുകൾ സ്റ്റേജിലേക്ക് തിരിഞ്ഞു.. " വാഹ്..... " സ്റ്റേജിൽ ശിവയും കസിൻസും പാട്ടിനൊത്ത് ഡാൻസ് കളിക്കുന്നത് കണ്ട് അനി കസേരയിൽ ഇരുന്ന് കൂവി വിളിച്ചു... ഓരോരുത്തരും പെർഫെക്ട് ആയി കളിക്കുന്നത് കണ്ട് അവളുടെ മനസ്സ് നിറഞ്ഞു.. അവരുടെ ഡാൻസ് മുറുകുന്നതിന് അനുസരിച്ചു കൊണ്ട് അനിയും തുള്ളി കളിക്കാൻ തുടങ്ങി.. അതൊക്കെ കണ്ട് അവൾക്ക് വെറുതെ ഇരിക്കാൻ കഴിഞ്ഞില്ല..കസേരയിൽ നിന്നെണീറ്റ് അവൾ കൂവി വിളിച്ചു... പെട്ടന്ന് ആ സോങ് അവസാനിച്ചതും കസിൻസ് സ്റ്റേജിൽ നിന്നിറങ്ങി... ശിവ മാത്രം ബാക്കി നിൽക്കെ... സ്റ്റേജിലെ വെളിച്ചം അണഞ്ഞു.. " മൻവാ ലാഖേ.... ഓ... മൻവാ ലാഖേ... ലാഖേരെ സാൻവരെ... ലാഖേരെ സാൻവരെ..... ലെ തേരെ ഹുആ ജിയാ ക ജിയാ, ക ജിയാ ക യെ ഗാൻവ്‌ രെ....." മറ്റൊരു അടിപൊളി സോങ് ഉയരവെ സ്റ്റേജിലെ വെളിച്ചം തെളിഞ്ഞു... ആ സമയം സ്റ്റേജിൽ ശിവയോടൊപ്പം ചുവട് വെക്കുന്ന ആര്യയെ കണ്ടതും അനിയുടെ കണ്ണുകൾ തള്ളി പോയി.. സർപ്രൈസ് ഉണ്ടെന്ന് ശിവ പറഞ്ഞപ്പോൾ ശിവയുടെ ഡാൻസ് അവൾ പ്രതീക്ഷിച്ചിരുന്നു..

എന്നാൽ ആര്യ ഇങ്ങനെ എല്ലാവരുടെയും മുന്നിൽ ചുവട് വെക്കുമെന്നവൾ വിചാരിച്ചതേയില്ല.... സന്തോഷം കൊണ്ട് അനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അനിയെ നോക്കി ആര്യ ചിരിച്ചു കൊണ്ട് കണ്ണിറുക്കി..എല്ലാവരും താളം പിടിച്ച് അവർക്ക് ആവേശം പകർന്നു... കുടുംബക്കാർ മുഴുവൻ അന്തം വിട്ട് നിൽക്കുവായിരുന്നു.. ആര്യയുടെ അച്ഛൻ പോലും അവളുടെ ഡാൻസ് കണ്ട് നോക്കി നിന്നു പോയി... അങ്ങനെ അന്തരീക്ഷം മുഴുവൻ അവരുടെ പാട്ടിലും ചുവടിലും മുങ്ങി നിൽക്കെ അനിയുടെ വീട്ടിലേക്ക് ഒരു കാർ വന്നു നിർത്തി.... സ്റ്റേജിൽ തകർത്താടി കൊണ്ടിരിക്കുന്ന ആര്യയുടെ കണ്ണുകൾ കാറിൽ നിന്നും ഇറങ്ങിയവരിലേക്ക് തിരിഞ്ഞു..... ആര്യയുടെ ശ്രദ്ധ മാറിയെങ്കിലും ചുവടുകൾ തെറ്റാതെ അവൾ കളിച്ചു കൊണ്ടിരുന്നു... ആര്യയുടെ നോട്ടം കണ്ട് അനി പിറകിലേക്ക് തിരിഞ്ഞു നോക്കി.. ആ സമയം സ്റ്റേജിൽ കളിക്കുന്ന ആര്യയെ നോക്കി കിളി പോയി നിൽക്കുന്നവരെ കണ്ട് അനിയുടെ കണ്ണുകൾ വിടർന്നു.....ആര്യയുടെ ഡാൻസ് കണ്ട് അന്തം വിട്ട് നിൽക്കുന്ന അവർക്കരികിലേക്ക് അവൾ ഓടി... അനി വരുന്നത് കണ്ടതും ആര്യയിൽ നിന്നും നോട്ടം മാറ്റിയ അവർ അനിയെ നോക്കി പുഞ്ചിരി തൂകി...... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story