ആത്മരാഗം💖 : ഭാഗം 8

athmaragam thanseeh

രചന: തൻസീഹ് വയനാട്

"ഛെ... നമ്മുടെ എല്ലാ പ്ലാനും ഫ്ലോപ്പ് ആയി.. ഇത്തവണയും മറ്റവൻ നെഞ്ചും വിരിച്ച് നിന്നില്ലേ... " ഡ്രസിങ് റൂമിലെ ടേബിളിൽ തന്റെ രണ്ടു കയ്യും ആഞ്ഞു കുത്തി കൊണ്ട് വിഷ്ണുവിന്റെ ഫ്രണ്ടും അവരുടെ ടീമിലെ കളിക്കാരനുമായ ആനന്ദ് രോഷത്തോടെ പറഞ്ഞു.. കളി തോറ്റതിന്റെ നിരാശയും അമിതിന് മുന്നിൽ നാണം കെട്ടതിന്റെ ദേഷ്യവും അവരിലെല്ലാവരിലും നിറഞ്ഞു നിന്നിരുന്നു . നിരത്തിയിട്ട ഒഴിഞ്ഞ കസേരകൾക്ക് അരികിലായി നിലത്ത് തലയും താഴ്ത്തി ഇരിക്കുകയായിരുന്ന വിഷ്ണു തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു... "നമ്മുടെ തട്ടകത്ത് വന്നിട്ട് നെഞ്ചും വിരിച്ച് പോകാൻ ഞാൻ അവനെ സമ്മതിക്കില്ല... ആ നെഞ്ചിൻ കൂട് തകർത്തെറിയും ഞാൻ...... " ആാാാാ.... വർധിച്ച ദേഷ്യത്തോടെ തല ഉയർത്താതെ തന്നെ വിഷ്ണു പറഞ്ഞു വാക്കുകൾ മുഴുവനാക്കും മുന്നേ കസേരകളുടെ നിരക്കത്തോടെ ഒരുവൻ വിഷ്ണുവിന്റെ കാലിന് ചുവട്ടിൽ വന്ന് വീണു... ഞെട്ടി എഴുന്നേറ്റ് തന്റെ കാൽക്കൽ നിന്ന് അവനെ തട്ടി മാറ്റി വിഷ്ണു തന്റെ കഴുകൻ കണ്ണുകളോടെ ചുറ്റും നോക്കി...

"അണ്ണാ... അവൻ... അവൻ.. അവിടെ... " നെഞ്ചിൽ തടവി മറു കൈ കൊണ്ട് വാതിലിനടുത്തേക്ക് ചൂണ്ടി കാണിച് അവൻ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു .. എന്നാൽ ചുമച്ച് ചുമച്ച് രക്തം തുപ്പിയ അവൻ വായ പൊത്തി കൊണ്ട് വീണ്ടും അവിടെ തന്നെ ഇരുന്നു... " ഡാാാ.... " വിഷ്ണുവിന്റെ ശബ്ദം അവിടെയാകെ പ്രകമ്പനം കൊള്ളിച്ചു.. ആാാാാ !! അതിന് മറുപടിയായി ലഭിച്ചത് അവന്റെ ടീമിലെ വീണ്ടുമൊരുത്തന്റെ അലർച്ചയായിരുന്നു... തുറന്നിട്ട വാതിലിന് അടുത്ത് നിന്നും ചുമരിലേക്ക് പറന്നിടിച്ച് തെറിച്ചു വീണ അവൻ വിഷ്ണുവിന് മുന്നിൽ കിടന്ന് വേദന കൊണ്ട് പിടഞ്ഞു. അതും കൂടി ആയതും വിഷ്ണു തന്റെ മുന്നിലെ കസേര വലിച്ചെടുത്ത് ശക്തിയായി തറയിലിട്ടടിച്ചു... അവന് പിറകിൽ നിൽക്കുന്ന അവന്റെ കൂട്ടാളികൾ ഭയന്ന് വിറച്ച് മാറി നിന്നു .. ചോര ഒലിപ്പിച്ചു കിടക്കുന്ന, തറയിൽ വേദന കൊണ്ട് പുളയുന്ന തങ്ങളുടെ കൂട്ടുകാരെ നോക്കി ഭീതിയോടെ അവർ ചുറ്റും വീക്ഷിച്ചു.... "ഡാാാ..... ആണാണെങ്കിൽ നേർക്ക് നേർ വാ ഡാ... " ചുറ്റും നോക്കി കയ്യിലെ കസേര നീട്ടി എറിഞ്ഞ് വിഷ്ണു അലറി...

ആാാാാ... പ് ധോം... അവന്റെ വാക്കുകൾക്ക് മറുപടി ലഭിച്ചത് മുറിയിലെ വലത് ഭാഗത്തെ അടഞ്ഞു കിടന്ന ജനൽ തകർത്തു കൊണ്ട് തന്റെ കാൽ കീഴിൽ വന്ന് കിടക്കുന്ന ടീമംഗംത്തിന്റെ ഞെരക്കം ആയിരുന്നു ..കണ്ണടച്ച് തുറക്കും വേഗത്തിൽ തന്റെ കൂടെയുള്ളവരെ ഒന്നൊന്നായി നശിപ്പിക്കുന്ന അമിതിനെ കണ്മുന്നിൽ കാണാത്തതിന്റെ ദേഷ്യം വിഷ്ണുവിന്റെ കണ്ണുകളിൽ ആളിക്കത്തി... "അമിത്... !! അമിത് !!!!! അമിത് !!!!!! " ഭൂമി കിടുങ്ങി വിറക്കും ശബ്ദത്തിൽ തന്റെ മുന്നിലെ കസേരകൾ വലത്തേ കാൽ കൊണ്ട് ചവിട്ടി തെറിപ്പിച്ച് അവൻ ആ നാമം വിളിച്ചലറി.. "എവിടെ ഡാ നീ.... ധൈര്യമുണ്ടെങ്കിൽ മുന്നിൽ വാ ഡാ " ദേഷ്യം വാക്കുകളിൽ പ്രകടമാക്കി കൊണ്ടിരിക്കുന്ന വിഷ്ണുവിന് ഇത്തവണയും അമിതിൽ നിന്നുള്ള മറുപടി അവന്റെ കൂട്ടാളികളിൽ ഒരുത്തനിലൂടെ ആയിരുന്നു...പിറകിലെ ഇരുമ്പ് വാതിലോടെ വിഷ്ണുവിന്റെ ഇടത്തേ വശത്തൂടെ മുന്നിലേക്ക് വന്നു വീണവനെ നോക്കി വിഷ്ണു രണ്ടു കയ്യും ചുരുട്ടി പിടിച്ചു... പിറകിൽ നിന്നിരുന്ന തന്റെ കൂട്ടാളികൾ ഭയത്തോടെ മുന്നിലേക്ക് നീങ്ങുന്നത് അവൻ കണ്ടു...

തിരിഞ്ഞു നോക്കാതെ അവനാ നിൽപ്പ് തുടർന്നു... താൻ കാത്തിരുന്ന ശത്രു തന്റെ പിന്നിൽ ഉണ്ടെന്ന് മുന്നിൽ നിൽക്കുന്നവരുടെ കണ്ണുകളിലെ ഭയം വിഷ്ണുവിന് മനസ്സിലാക്കി കൊടുത്തു... അരികിൽ കിടന്ന കനമേറിയ ഇരുമ്പ് കസേര കയ്യിൽ എടുത്തു ചുഴറ്റി അവൻ തിരിഞ്ഞു നോക്കാതെ ഒരലർച്ചയോടെ പിന്നിലേക്ക് എറിഞ്ഞു... പൊടുന്നനെ വെള്ളമൊന്നാകെ അവന്റെ ദേഹത്തേക്ക് തെറിച്ചു.... കാര്യമറിയാൻ അവൻ തിരിഞ്ഞു നിന്നതും കണ്ടത് കോളേജ് ആവശ്യത്തിന് പമ്പ് ചെയ്ത് വെക്കുന്ന മുറിക്കപ്പുറം സ്ഥാപിച്ച വാട്ടർ ടാങ്കിൽ നിന്ന് വെള്ളം ഒന്നായി വരുന്നതാണ്... വിഷ്ണുവിന്റെ ഏറിനാൽ ഇരുമ്പ് കസേര നേരെ ചെന്നിടിച്ചത് പല ഭാഗങ്ങളിലേക്കായി പമ്പിങ് ഉള്ള പൈപ്പ് ലൈനുകളുടെ മേലേക്കാണ്.... മുഖത്തേക്ക് ചീറി തെറിക്കുന്ന വെള്ളത്തുള്ളികളാൽ കണ്ണ് ചിമ്മിയ വിഷ്ണുവിന് നേരെ ആ രൂപം വന്നു നിന്നു... ശത്രുവിന്റെ സാമിപ്യം മനസ്സിലാക്കിയ വിഷ്ണുവിന്റെ മുഖത്ത് ദേഷ്യം നുരഞ്ഞു പൊന്തി... കണ്ണുകൾ തുറന്ന് മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് അവൻ ആ രൂപത്തെ നോക്കി...

"അമിത്... !!!!! " ഒരലർച്ചയോടെ വിഷ്ണു അവന്റെ നാമം ഉച്ചരിച്ചു.... തെറിക്കുന്ന വെള്ളത്തുള്ളികൾക്കപ്പുറം കയ്യിൽ മുറുകെ പിടിച്ച ഇരുമ്പ് ദണ്ഡ്മായി ഒഴുകി ഒലിക്കുന്ന വിയർപ്പ് കണങ്ങൾ തുടച്ചു മാറ്റാതെ കണ്ണുകളിൽ അഗ്നി ആളിക്കത്തി അമിത് വിഷ്ണുവിന് നേരെ നോക്കി നിന്നു...ബൂട്ടിട്ട കാലുകൾക്ക് മീതെ വെള്ളത്തുള്ളികൾ വന്നു വീണതും അമിത് അവന് നേരെ നടന്നടുത്തു... വെള്ളത്തുള്ളികൾ അവനെയാകെ പൊതിഞ്ഞിട്ടും അവനിലെ അഗ്നിയെ കെടുത്താൻ ആ വെള്ളത്തുള്ളികൾക്കായില്ല... വാശിയോടെ അവന്റെ ഉരുക്ക് ദേഹത്തേക്ക് വന്ന് തെറിക്കുന്ന വെള്ള തുള്ളികൾക്ക് നേരെ കണ്ണുകൾ അടക്കാതെ ചോരക്കണ്ണുകളുമായി അമിത് തന്റെ ശത്രുവിനെ നോക്കി... കയ്യിൽ ഇരുമ്പ് ദണ്ഡുമായി എന്തിനും തയാറായി നിൽക്കുന്ന യോദ്ധാവിനെ പോലെ നെഞ്ച് വിരിച്ചവൻ നിന്നതും വിഷ്ണുവിന്റെ കൂട്ടത്തിലെ അവന്റെ വലം കൈ ആയ ആനന്ദ് ഒരു കസേരയുമെടുത്ത് അലറി വിളിച്ചു കൊണ്ട് അവന് നേരെ പാഞ്ഞടുത്തു... കസേര അമിതിന്റെ കയ്യിൽ ആഞ്ഞിടിച്ചതും കസേര പൊട്ടി ചിതറിയത് കണ്ട് ആനന്ദ് അവനെ ഒരു നിമിഷം നോക്കി നിന്നു..

അവന്റെ കണ്ണുകൾ അപ്പോഴും വിഷ്ണുവിൽ തന്നെ ആയിരുന്നു... ദേഷ്യത്തോടെ ആനന്ദ് അവന്റെ കോളറിൽ മുറുകെ പിടിച്ച് അവനെ പിന്നിലേക്ക് ഉന്താൻ നിന്നതും അമിതിന്റെ പേശികൾ വലിഞ്ഞു മുറുകി വരാൻ തുടങ്ങി... മുഖത്ത് പ്രത്യേക ഭാവം വന്ന് നിറഞ്ഞ് ഞെരമ്പുകൾ പൊന്തി വന്ന് ദേഷ്യത്താൽ മുഖം വിറക്കുന്നത് കണ്ടതും ആനന്ദിന്റെ കൈകൾ മെല്ലെ അയഞ്ഞു വന്നു... ഉടനെ സിംഹം സട കുടയുന്ന പോലെ അമിത് ഇരു ഭാഗത്തേക്ക് ശരീരം കുടഞ്ഞതും ആനന്ദ് ചുമരിലേക്ക് തെറിച്ചു........ " ഡാാാാ...... അമിത്.... !! ഇതെന്റെ മടയാണ്... ഇവിടെ വന്ന് എന്റെ ആളുകളുടെ ദേഹത്ത് കൈ വെച്ച് ജീവനോടെ നീ ഇവിടുന്ന് പോകുമെന്ന് വിചാരിക്കുന്നുണ്ടോ....." അവന്റെ നേരെ വീണ്ടും വിഷ്ണു അലറിയതും വാക്കുകൾ കൊണ്ട് ദേഷ്യം പറഞ്ഞു തീർക്കാൻ അറിയാത്ത അമിത് അരികിൽ കിടന്ന കസേര വലത്തേ കാൽ കൊണ്ട് പൊക്കി ഉയർത്തി ഇടത്തേ കാൽ കൊണ്ട് അടിച്ചു പറത്തി... വിഷ്ണുവിന്റെ വലത്തേ കവിളിനെയും ചെവിയേയും തൊട്ടുരുമ്മി പറന്ന ആ കസേര നേരെ ചെന്നിടിച്ചത് അവന്റെ കൂട്ടാളികളുടെ ദേഹത്തേക്ക്... ഡാാാാ.....

ഇത്തവണ ക്ഷമിച്ചു നിന്ന് വാക്കുകൾ ഉരിയാടാൻ വിഷ്ണുവിന് ആയില്ല...കാണ്ടാമൃഗത്തെ പോലെ അലറി വിളിച്ച് തന്റെ തടിച്ച മസിൽ വരുത്തിയ ശരീരം ഒന്നൂടെ വിരിച്ച് നിന്ന് അവൻ അമിതിന് നേരെ പാഞ്ഞടുത്തു. എന്നാൽ അവൻ തന്നരികിൽ ഓടി എത്തുന്നതിനു മുന്നേ അവന് നേരെ പാഞ്ഞടുത്തു കൊണ്ട് അമിത് കയ്യിലെ ഇരുമ്പ് ദണ്ഡ് കൊണ്ട് അവന്റെ മുഖം ഇരു ഭാഗവും ശക്തിയിൽ അടിച്ച് കാലു കൊണ്ട് അവന്റെ മുട്ടിന് ചവിട്ടി കൈ മുട്ട് കൊണ്ട്d അവന്റെ നെഞ്ചിൽ ആഞ്ഞടിച്ചു.. അവന്റെ സകല ദേഷ്യവും ആ പ്രവർത്തിയിൽ നിറഞ്ഞു നിന്നു... അവനോടെതിർക്കാൻ ധൈര്യം ഇല്ലാത്തത് കൊണ്ടും അവന്റെ കണ്ണിലെ കോപം കണ്ട് ഭയന്നത് കൊണ്ടും ആരും മുന്നിലേക്ക് വന്നില്ല... ചോര പാടുകൾ തെറിച്ച മുഖത്തോടെ വിഷ്ണു വീണ്ടും അവന് നേരെ ചീറി അടുത്തു.. കയ്യിലെ ഇരുമ്പ് ദണ്ഡിൽ പിടി അമർത്തി കൊണ്ട് അമിത് അവന്റെ ഇടത്തേ കയ്യിൽ ആഞ്ഞടിച്ചു...വശത്തേക്ക് തെന്നി മാറിയ അവനെ കുനിച് കയ്യുകൾ വളച്ച് നിർത്തി അമിത് തന്റെ വലത്തേ കൈമുട്ട് കൊണ്ട് അവന്റെ നട്ടെല്ലിൽ ആഞ്ഞു കുത്തി.

ആാാാ. . ക്ടക്.... എല്ലുകൾ നുറുങ്ങുന്ന ശബ്ദം അവനിൽ നിന്ന് വന്നതും അവന്റെ കൂട്ടാളികൾ ഭയന്ന് വിറച്ചു... വേദന സഹിക്ക വയ്യാതെ നിലത്ത് ഇരിക്കുന്ന വിഷ്ണുവിനെ തുറിച്ചു നോക്കി കൊണ്ട് അമിത് അവന്റെ കഴുത്തിൽ ഇരുമ്പ് ദണ്ഡ് അമർത്തി പിടിച്ച് അവന്റെ തല മുടിയിൽ പിടിച്ച് വലിച്ച് അവന്റെ തല പിന്നോട്ട് ചായ്ച്ച് വെച്ചു.. "ആദ്യം അടി.. പിന്നെ ഡയലോഗ്.. അതാണ് ഈ അമിതിന് പ്രിയം... ഈ സിരകളിൽ ഇന്നും ഇന്നലയെയും ഓടി തുടങ്ങിയതല്ല കാല്പന്തിനോടുള്ള പ്രണയം.. ഈ രക്തയോട്ടം നിലക്കുന്നത് വരെയും എന്നേ തോൽപ്പിക്കാൻ നിനക്കെന്നല്ല.. ആർക്കും ആവില്ല.. തെരുവ് പിള്ളേർ കാണിക്കുന്ന ലോ ക്ലാസ്സ്‌ മെത്തേഡ്മായി ഇനി നീ കളിക്കളത്തിൽ ഇറങ്ങരുത്. എന്റെ പിള്ളേരുടെ ദേഹം വേദനിപ്പിച്ചാൽ എന്നെ വേദനിപ്പിച്ചത് പോലെയാ... എന്നെ വേദനിപ്പിച്ചാൽ........ !!!! "

കാലു കൊണ്ട് അവന്റെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി അമിത് അവന് മുന്നിൽ നിന്നു..അവശനായ വിഷ്ണുവിന് തല ഉയർത്തി അവനെ നോക്കാൻ പോലും കഴിഞ്ഞില്ല.. കൈക്കരുത്തുള്ള അമിതിൽ നിന്നൊരു അടി കിട്ടിയപ്പോൾ തന്നെ വിഷ്ണു തിരിച്ച് പ്രതികരിക്കാൻ കഴിയാത്ത വിധം തളർന്നു... അവനെയും അവന്റെ കൂട്ടാളികളെയും നോക്കി കണ്ണിലെ കോപം കെടുത്താതെ അവൻ തിരിഞ്ഞു നടന്നു.......വിജയം വരിച്ച് നെഞ്ചും വിരിച്ച് വെള്ളത്തുള്ളികളെ മുഖത്ത് നിന്നും കുടഞ്ഞ് അമിത് പോകുന്നതും നോക്കി ചോര ഇറ്റ് വീഴുന്ന മുഖവുമായി വിഷ്ണു നോക്കി ഇരുന്നു....... ************ "ഹോ... ഇനി അവരും നേരെ ചെന്ന് ഐ സി യു വിൽ കിടക്കും.. നിന്റെ അച്ഛനോട് അവിടുത്തെ പണി മതിയാക്കി ഇവിടെ ഒരു ഹോസ്പിറ്റൽ പണിയാൻ പറ.. നല്ല വരുമാനം ആയിരിക്കും... എന്റെ ദൈവമേ.. ഇതും വെച്ചാണോ നീ അവരെ തല്ലി ചതച്ചെ" അമിതിന്റെ കയ്യിലെ ഇരുമ്പ് ദണ്ഡ് വാങ്ങി ഈശ്വർ അവന്റെ മുഖത്തേക്ക് നോക്കി.. അമിതിന്റെ കണ്ണുകളിലെ ദേഷ്യം അപ്പോഴും അടങ്ങിയിരുന്നില്ല ..

"അമി.. പോകാം.. " ഒന്നും പറയാതെ അവനെ ശാസിക്കാതെ ഉപദേശിക്കാതെ അക്ഷിത് അവനെ വിളിച്ച് മുന്നിൽ നടന്നു... വായും പൊളിച്ചു നിന്ന ഈശ്വറിന്റെ വായ അടച്ചു കൊണ്ട് അമിത് തന്റെ ഏട്ടന്റെ പിറകെ ഓടി ഏട്ടന്റെ കയ്യിൽ പിടിച്ചു.. അമിതിനെ ഒന്ന് തല ചെരിച്ച് നോക്കി അക്ഷിത് അവന്റെ കൈ പിടിച്ച് നിവർത്തി.. ഇരുമ്പ് ദണ്ഡിൽ കരങ്ങൾ അമർത്തിയതിനെ തുടർന്ന് തിണർപ്പ് വന്ന അവന്റെ ഉള്ളനടി നോക്കി അക്ഷിത് അവയിൽ തലോടി നിന്നു.... "ഏയ്യ്... ഇത് സില്ലി... " കൈ പെട്ടന്ന് വലിച്ച് അവൻ ഏട്ടനെ ചേർത്ത് പിടിച്ചു... "അമ്മ അറിയാതിരുന്നാൽ മതിയായിരുന്നു.. അറിഞ്ഞാൽ ഒരാഴ്ച എന്നെ വീട്ടിൽ കയറ്റില്ല.. " ബൈക്കിൽ കയറി നേരെ വല്യമ്മയുടെ വീട്ടിലേക്ക് തിരിക്കുന്നതിനിടയിൽ അമിത് പറഞ്ഞു... കൈ ആകെ ചുവന്ന് തിണർത്തു വന്നിട്ടുണ്ട്... ഷോൾഡറിന് താഴെ കയ്യിൽ കസേര ഉരഞ്ഞതിന്റെ പാടും ചോര കിനിഞ്ഞതും ഉണ്ട്.. എല്ലാം കണ്ട് അമ്മക്ക് കാര്യം മനസ്സിലാവുമെന്ന് അമിതിന് നല്ല ഉറപ്പ് ഉണ്ടായിരുന്നു.. വല്യമ്മയുടെ വീട്ടിലേക്കു കയറി ചെന്ന അവരെ കാത്തു വലിയൊരു സർപ്രൈസ് തന്നെ അവിടെ ഉണ്ടായിരുന്നു......

ഉമ്മറത്തെ ആട്ടുതൊട്ടിലിൽ കാലിന്മേൽ കാലു കയറ്റി വെച്ചൊരു രൂപം ഇരുന്നാടുന്നു......ഒരു നിമിഷം അന്തിച്ചു നിന്ന അമിതും അക്ഷിതും ഓടിച്ചെന്നു ആ രൂപത്തെ കെട്ടിപ്പിടിച്ചു....പ്രൗഢി വിളിച്ചോതുന്ന ദൃഢ ശരീരമുള്ള അവരുടെ വല്യച്ഛൻ....... "വാട്ട് എ സർപ്രൈസ് വല്യച്ഛാ...ഇതെപ്പോ ലാൻഡ് ചെയ്തു......" "എന്റെ കുഞ്ഞിന്റെ ദേഹം ആരെങ്കിലും നോവിക്കുമ്പോൾ അത് ഞാൻ അറിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ചു ബിസിനെസ്സിൽ മാത്രം ശ്രദ്ധ കൊടുക്കുമെന്ന് വിചാരിച്ചോ നീ......" ഘനഗംഭീരമായ ആ ശബ്ദത്തിൽ നിന്നും അമിത് എന്തൊക്കെയോ ഊഹിച്ചെടുക്കുന്ന തിരക്കിലായിരുന്നു....... "അങ്ങനെ എന്നെ നോവിക്കാൻ മാത്രം ആരേയും ഞാൻ വളരാൻ സമ്മതിച്ചിട്ടില്ലെന്നു അറിയാലോ എന്റെ വല്യച്ഛന്....... അതൊക്കെ വിട്ടിട്ടു എപ്പോഴാ എത്തിയെ എന്ന് പറ....എന്താ ഞങ്ങൾക്ക് കൊണ്ട് വന്നിട്ടുള്ളത്?????" "ഞാൻ എത്തിയിട്ട് കുറച്ചു ദിവസമായി....നമ്മുടെ ടൗണിൽ പണി നടന്നു കൊണ്ടിരിക്കുന്ന ഫ്ലാറ്റിൽ ആയിരുന്നു ഇത്രയും ദിവസം....

അവിടുന്ന് മാറി നിൽക്കാൻ പറ്റിയ സാഹചര്യം അല്ലാത്തതു കൊണ്ടായിരുന്നു ഇങ്ങോട്ടു വരാതിരുന്നത്....അത് കൊണ്ട് നിന്റെ ഗുണ്ടായിസമൊക്കെ അറിയാൻ പറ്റി.....അല്ല എന്താ നിന്റെ വിചാരം...???വലിയ ഹീറോ ആണെന്നോ...?? നീയിങ്ങനെ തല്ലും കൊടുത്തു നടന്നാലേയ് ഒരിക്കൽ അത് തിരിച്ചു കിട്ടില്ലെന്ന്‌ എന്തുറപ്പാണ് നിനക്ക് ഉള്ളത്.????" "ശോ.....കൊച്ചു ഗള്ളൻ എല്ലാം കണ്ടു പിടിച്ചു വന്നേക്കുവാ.......പിന്നെ ഗുണ്ടായിസം തീരെ ഇല്ലാത്ത ഒരു മുതലാ എന്നെ ഉപദേശിക്കാൻ വരുന്നേ....ഹ്മ് ഹ്മ്.....സത്യം പറ ആ മഹിയെ പൂട്ടിയത് വല്യച്ഛനല്ലേ......???" "എണീറ്റ് പോടാ അവിടുന്ന്.....പോയി വല്ലതും കഴിക്ക്........" വല്യച്ഛൻ അവനെ എണീപ്പിച്ചു മെല്ലെ അകത്തേക്ക് തള്ളി വിട്ടു.....വലിയമ്മയെ വിളിച്ചു കൊണ്ട് അടുക്കളയിലേക്കു പോവുന്ന അമിതിനെ അദ്ദേഹം കണ്ണുകൾ കൊണ്ട് നന്നായൊന്നു ഉഴിഞ്ഞു....ശേഷം അക്ഷിതിനു നേരെ തിരിഞ്ഞു......വല്യച്ഛന്റെ ഭാവത്തിൽ വന്ന മാറ്റം കണ്ടു അക്ഷിതും മെല്ലെ വലിയാൻ നോക്കിയെങ്കിലും അദ്ദേഹം അവനെ അവിടെ തന്നെ പിടിച്ചു നിർത്തി...

"ഇന്ന് നല്ലോണം പഞ്ചറൊട്ടിച്ചിട്ടാണല്ലോ മക്കളുടെ വരവ്......അവന്റെ ദേഹത്ത് ആരോ നന്നായി കയറി മേഞ്ഞ മട്ടുണ്ടല്ലോ....." "അത്....അത് പിന്നെ വല്യച്ഛാ.....ഇന്ന് അവന്റെ ടൂർണമെന്റ്,,,,കളിക്കിടയിൽ വീണപ്പോൾ......" അക്ഷിത്തിന്റെ വിക്കിയുള്ള സംസാരം കേട്ടപ്പോൾ തന്നെ അദ്ദേഹം കയ്യുയർത്തി അവനെ തടഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോവാൻ പറഞ്ഞു.......അക്ഷിത് തല കുനിച്ചു കൊണ്ട് അകത്തേക്ക് പോയി...... "നിന്റെ ദേഹത്തൊന്നും ഒരു പോറലു പോലും വീഴാൻ അനുവദിക്കില്ലെന്ന് ഞാനെന്റെ അനിയന് കൊടുത്ത വാക്കാണ്.....രാജ്യം കാക്കുന്നവന്റെ കുടുംബം ഞാൻ കാക്കുമെന്നുള്ള വാക്ക്......" നെഞ്ച് ഉഴിഞ്ഞു കൊണ്ട് വല്ലാത്തൊരു ഭാവത്തോടെ അയാൾ വീടിനു പുറത്തേക്കിറങ്ങി..... അക്ഷിതും കുളിച്ച് ഡ്രസ്സ്‌ മാറ്റി അമിതും വീട്ടിലേക്ക് പുറപ്പെട്ടു... ചെന്ന് കയറിയ ഉടനെ വളരെ നിശബ്ദത നിറഞ്ഞ ഹാൾ കണ്ട് അവൻ സംശയത്തോടെ ചുറ്റും നോക്കി..

പിറകെ വന്ന അക്ഷിതിനെ തല ചെരിച്ച് നോക്കി അമ്മ വല്ലതും അറിഞ്ഞു കാണുമോ എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചതും അക്ഷിതും ചുറ്റും നോക്കി... 'ദൈവമേ.. വരാൻ പോകുന്ന സുനാമിക്ക് മുമ്പുള്ള കടലിന്റെ നിശബ്ദ ഭാവം ആണോ ഇത് ' മെല്ലെ പിറു പിറുത്തും പ്രാർത്ഥിച്ചും കൊണ്ട് അമിത് മുകളിലേക്ക് കയറാൻ നിന്നതും അക്ഷരക്കുട്ടിയും അവൾക്ക് പിറകെ അമനും മേലേ നിന്ന് ഇറങ്ങി വരുന്നത് അവൻ കണ്ടു.. അവൾക്കൊരു ചിരി കൊടുത്തെങ്കിലും അവൾ തിരിച്ച് ചിരി നൽകാതെ തന്നെ അടിമുടി നോക്കുന്നത് കണ്ടതും അവൻ സ്വയം ആകെ നോക്കി..... "എന്താടീ കാന്താരീ.. നോക്കി പേടിപ്പിക്കുന്നേ . " സ്വയം തന്നെ വീക്ഷിച്ച് ഒരു കുഴപ്പവും ഇല്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് അമിത് അവളെ നോക്കി കണ്ണുരുട്ടി.. "ഓഹ് വന്നോ.. എവിടെയായിരുന്നു ഇത്രയും നേരം.. ഞാൻ നേരത്തെ വിളിച്ചപ്പോൾ ടൂർണമെന്റ് കഴിഞ്ഞ് ഇറങ്ങാൻ നിൽക്കാന്ന് നിന്റെ ഫ്രണ്ട് പറഞ്ഞല്ലോ... പിന്നെ ഇത്രയും നേരം എന്തെടുക്കുവായിരുന്നു അവിടെ " പിറകിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടതും അമിത് തിരിഞ്ഞു നോക്കാതെ കണ്ണുകൾ ഇറുക്കി അടച്ച് വളിച്ച ചിരിയുമായി ഒരു കണ്ണ് മാത്രം തുറന്ന് അക്ഷിതിനെ നോക്കി...

അവൻ അമിതിനെ നോക്കി മുകളിലേക്ക് കയറാൻ നിന്നതും പ്ലീസ് പോകല്ലേ എന്ന് കാണിച്ചു കൊണ്ട് അമിത് അക്ഷിതിന്റെ കൈകളിൽ പിടിച് അവിടെ നിർത്തിച്ചു.. "എന്താ ഡാ.. എന്ത് കള്ളം പറയണം എന്നാലോചിക്കുവാണോ... " ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും മൗനം കൂടുതൽ പ്രശ്നം ഉണ്ടാക്കുമെന്നും മനസ്സിലാക്കിയ അമിത് ചിരിച്ചു കൊണ്ട് അമ്മയുടെ നേരെ നിന്നു... "ഞാൻ കള്ളം ആലോചിക്കാനോ... എന്താ അമ്മേ... അമ്മയോട് എന്തിനാ ഞാൻ കള്ളം പറയുന്നേ.. ടൂർണമെന്റിൽ ഞങ്ങളുടെ എതിർ ടീമില്ലേ,,,,,അതിന്റെ ക്യാപ്റ്റൻ എന്റെ ക്ലോസ് ഫ്രണ്ട് ആയിരുന്നു.....കുറെ കാലം കഴിഞ്ഞു വീണ്ടും കണ്ടുമുട്ടിയതല്ലേ അപ്പൊ അവനെ ഒന്ന് കാര്യമായി കണ്ടു പരിചയം പുതുക്കി... അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല.. വല്യമ്മയുടെ വീട്ടിൽ കയറി കുളിയൊക്കെ കഴിഞ്ഞ് ഇവിടെ എത്തിയപ്പോൾ നേരം ഇത്രേം ആയി... അതിന് ഇങ്ങനൊക്കെ പറയാമോ അമ്മേ.. " അമ്മയുടെ സാരി തലപ്പ് വിരലിൽ ചുറ്റി കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി പറഞ്ഞതും അയ്യേ എന്ന അർത്ഥത്തിൽ അക്ഷരക്കുട്ടി മുഖം ചുളിച്ചു നിന്നു..

അവളെ ഇടം കണ്ണ് കൊണ്ട് നോക്കി കൊഞ്ഞനം കുത്തി കൊണ്ട് അമിത് വിഷാദ മുഖത്തോടെ അമ്മയെ നോക്കി... "മ്മ്മ്....ടൂർണമെന്റ് ൽ ജയിച്ചെന്ന് നിന്റെ ഫ്രണ്ട് പറഞ്ഞിരുന്നു..അത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല.. ദേ ഇവന്റെ ഫോണിലേക്കും നിന്റെ ഫോണിലേക്കും എത്ര തവണ വിളിച്ചു.. ഫോൺ ഒന്നെടുത്താൽ എന്താ.. " "അത് അമ്മേ.. കളിയുടെ ആവേശത്തിൽ അല്ലേ.. അപ്പൊ ഫോൺ റിങ് ചെയ്യുന്നേ കേൾക്കോ. " "മ്മ്..ഈശ്വർ കാൾ അറ്റൻഡ് ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ നേരിട്ട് അങ്ങോട്ട്‌ വരുമായിരുന്നു... നേരം ഇത്രയും ആയിട്ടും കാണാത്തപ്പോൾ ഞാൻ കരുതി അടിപിടി കേസിൽ പോലിസ് സ്റ്റേഷനിൽ പോയി തപ്പേണ്ടി വരുമോന്ന്.. ഹോ.. ഇത് പോലോത്ത ഒരു സന്താനം ഉണ്ടെങ്കിൽ മനഃസമാധാനം എന്നത് ആലോചിക്കെ വേണ്ട... മ്മ്മ്. വേഗം വാ ഫുഡ്‌ എടുത്തു വെക്കാ.. "

അമിതിനെയും അക്ഷിതിനെയും കോണിപ്പടിയിൽ നിൽക്കുന്ന അക്ഷര, അമനെയും നോക്കി കൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി.. "ഹാവൂ.. ഭാഗ്യം... " അതും പറഞ്ഞ് അമിത് മുകളിലേക്ക് പോകാനായി സ്റ്റെപ്പിൽ കാൽ വെച്ചതും അമനും അക്ഷരയും രണ്ട് കയ്യും കെട്ടി അവന്റെ മുന്നിൽ തടസ്സമായി നിന്നു... "സത്യം പറ ഏട്ടൻ കോന്താ.. അടി ഉണ്ടാക്കിയത് കൊണ്ടല്ലേ നേരം വൈകിയേ " അക്ഷരകുട്ടിയുടെ ചോദ്യം കേട്ടതും അമിത് ചിരിച്ചു കൊണ്ട് അവളുടെ നേരെ മുഖം കൊണ്ട് പോയി മെല്ലെ സ്വകാര്യം പറയുന്ന പോലെ ചെവികൾക്കരികിൽ ചുണ്ട് വെച്ചു..ഈ സമയം അത് കേൾക്കാനായി അമനും തല കുനിച്ചു. "അതേയ്.. അതില്ലേ.... അതിപ്പോൾ പറയാൻ എനിക്ക് സൗകര്യമില്ല... വഴിയിൽ നിന്ന് മാറഡീ ഉണ്ടക്കണ്ണീ..."

ഉറക്കെ പറഞ്ഞു കൊണ്ട് അമിത് അവളെ മാറ്റി അമന്റെ തലക്ക് കൊട്ട് കൊടുത്ത് പടികൾ കയറി പോയതും അക്ഷരക്കുട്ടി ചെവിയിൽ വിരലിട്ട് തിരിച്ച് അമ്മേ എന്ന് വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി... അവളുടെ പോക്ക് കണ്ട് ചിരിച്ചു കൊണ്ട് അക്ഷിത് മുകളിലേക്ക് കയറി... ഫുഡ്‌ കഴിക്കാനായി എല്ലാവരും ഒരുമിച്ചിരുന്നതും അമിത് തന്റെ കൈകൾ ആരും കാണാതെ നിവർത്തി... തിണർത്ത് ചുവന്നു വന്ന കയ്യിന്റെ ഉള്ളനടിയിലേക്കും മേശൻമേൽ ഉള്ള നല്ല എരിവുള്ള മീൻ കറിയിലേക്കും മാറി മാറി അവൻ നോക്കി... വിശപ്പില്ലെന്ന് പറഞ്ഞ് എഴുന്നേൽക്കാം എന്ന ഉദ്ദേശത്തിൽ അവൻ വായ തുറന്നതും ഒരു ചോറ്റുരുള അവന് നേരെ വന്നു... തല ചെരിച്ച് നോക്കിയതും നീട്ടി പിടിച്ച ചോറുരുളയുമായി ചിരിച്ചിരിക്കുന്ന അക്ഷിതിനെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു... ഉരുള വായിലാക്കി അവൻ അക്ഷിതിനെ നോക്കി ഇരുന്നതും പെട്ടന്നായിരുന്നു അവരെ രണ്ടു പേരെയും വീക്ഷിച്ചിരിക്കുന്ന അക്ഷരകുട്ടിയുടെ ചോദ്യം.... അത് കേട്ടതും അമിത് എരിവ് തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story