ആത്മരാഗം💖 : ഭാഗം 80

athmaragam thanseeh

രചന: തൻസീഹ് വയനാട്

തങ്ങളുടെ അടുത്തേക്ക് ഓടി വരുന്ന അനിയെ നോക്കി അമിതും അക്ഷിതും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു.. അവർക്കിരുവർക്കും പിറകിലായി അമ്മയും അവളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.. അക്ഷര കുട്ടിയാണേൽ പന്തലും അലങ്കാര ബൾബുകളും എല്ലാം നോക്കി കണ്ണും മിഴിച്ചു നിൽക്കുവാണ്.. ഇവരിൽ നിന്നൊക്കെ കുറച്ചു അകന്ന് മാറി നിന്ന അമന്റെ ശ്രദ്ധ സ്റ്റേജിൽ തകർത്താടി കൊണ്ടിരിക്കുന്ന ശിവയുടെ നേർക്ക് ആയിരുന്നു... അവളുടെ ഉഗ്രൻ ഡാൻസ് കണ്ട് അവന്റെ കിളി പാറി പോയെന്ന് പറയാം...വായും പൊളിച്ചവൻ സ്റ്റേജിൽ നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു.... "നിങ്ങൾ വന്നോ... ഹോ.. ഒട്ടും പ്രതീക്ഷിച്ചില്ലാ ട്ടോ തലേന്ന് വരുമെന്ന്.. " സന്തോഷം കൊണ്ട് അനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല... അമിതും അക്ഷിതും അവളുടെ ഇടം വലം നിന്നവളെ ചേർത്ത് പിടിച്ചു..

"ഞങ്ങളുടെ അനിയത്തി കുട്ടിയുടെ കല്യാണത്തിന് ഏട്ടന്മാർ തലേന്ന് വന്നില്ലേൽ മോശമല്ലേ... " അവരുടെ ആ വാക്കുകൾ മതിയായിരുന്നു അനിയുടെ കണ്ണും മനസ്സും നിറയാൻ.. അരികിൽ നിന്ന അമ്മയും അവളുടെ തലയിൽ തലോടി.. "സുന്ദരി ആയിട്ടുണ്ടല്ലോ... ദൈവം അനുഗ്രഹിക്കട്ടെ.. " അവർ സംസാരിക്കുന്നതിനിടയിൽ അനിയുടെ അച്ഛനും അമ്മയും അവരുടെ അടുത്തേക്ക് വന്നു.. കൂടെ ആര്യയുടെ അച്ഛനും... ആ സമയം അമിതിന്റെ കണ്ണുകൾ ആര്യയിലേക്ക് നീണ്ടു... ആര്യ ഡാൻസ് കഴിഞ്ഞ് സ്റ്റേജിൽ നിന്നും ഇറങ്ങി വരായിരുന്നു... അവൾ വരുന്നത് കണ്ട അനി അവളുടെ അടുത്തേക്കോടി.. "എന്റെ വാവീ... പൊളിച്ചു... ബിഗ് സർപ്രൈസ് ആയിപ്പോയി... ഒത്തിരി സന്തോഷമായി.. " തന്നെ കെട്ടിപിടിച്ചു കൊണ്ട് അനി പറയുമ്പോഴും ആര്യയുടെ ശ്രദ്ധ അമിതിലേക്കായിരുന്നു... അമിതും അക്ഷിതും തന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടതും തിരിച്ചു ചിരിക്കണോ വേണ്ടയോ എന്ന സംശയത്തിൽ അവളൊരു നിമിഷം നിന്നു...

അവരെ അവളിവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ആ അമ്പരപ്പ് അവളുടെ കണ്ണുകളിൽ കാണാമായിരുന്നു... അമിതിന്റെ കുടുംബവും കൂടെ ഉണ്ടെന്ന് മനസ്സിലാക്കിയ അവൾ നേർത്ത പുഞ്ചിരി അവർക്ക് സമ്മാനിച്ചു.. ആര്യയുടെ ആ പുഞ്ചിരി അമിതിന് ആശ്വാസം നൽകുന്നതായിരുന്നു... തന്നോടുള്ള വെറുപ്പ് പോയിക്കാണുമെന്ന ചിന്തയിൽ തന്നെയാണ് അവൻ വന്നത്.. "അമ്മേ... ദാ.. ഇതാണ് ആര്യ.. അന്ന് വീട്ടിൽ വന്നപ്പോൾ അമ്മ കാണണം എന്ന് പറഞ്ഞില്ലേ.. " ആര്യയെ കൈ പിടിച്ച് അവരുടെ മുന്നിലേക്ക് കൊണ്ട് വന്ന അനി അമിതിന്റെ അമ്മയോട് പറഞ്ഞതും അമ്മ ആര്യയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.....അവരുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു....ആ സമയം ശിവയുടെ പിറകെ പാഞ്ഞ അമന്റെ കണ്ണുകൾ ആര്യയിലേക്ക് തിരിഞ്ഞു.. "ഓഹോ.. അപ്പൊ ഈ ചേച്ചി ആണല്ലേ ഏട്ടനെ ഇട്ട് ചാമ്പിയത്.. ഒന്ന് കാണണം എന്നുണ്ടായിരുന്നു.. " ചിരിച്ചു കൊണ്ട് അമൻ പറഞ്ഞതും ആര്യ വല്ലാണ്ടായി.. അമ്മയുടെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് പ്രയാസം തോന്നി..

അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ അമ്മ അവളെ ചേർത്ത് പിടിച്ചു.. "അന്നവന് മോള് കൊടുത്തത് നന്നായി.. ഒന്ന് കിട്ടേണ്ട കുറവ് അവന് നല്ലോണം ഉണ്ടായിരുന്നു.. മോളെയും അവൻ തല്ലിയില്ലേ.. സാരമില്ല.. എല്ലാം കഴിഞ്ഞതല്ലേ.. " തന്നെ അമിതിന്റെ അമ്മ ചേർത്ത് നിർത്തിയതും അവളുടെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു.. ഒന്ന് ചിരിച്ചു എന്നല്ലാതെ അവൾ മറുപടി പറഞ്ഞില്ല... അനിയുടെ അമ്മ അമിതിന്റെ അമ്മയെയും അക്ഷര കുട്ടിയേയും വിളിച്ചു അകത്തേക്ക് കൊണ്ട് പോയി.. അമിതും അക്ഷിതും അനിയുടെ അച്ഛനോടും ആര്യയുടെ അച്ഛനോടും സംസാരിച്ച് മാറി നിന്നു.. എല്ലാവരിൽ നിന്നും ഫ്രീ ആയ അമൻ ശിവയോട് ഒന്ന് മിണ്ടാൻ വഴി ഉണ്ടോ എന്ന ആലോചനയിൽ പന്തലിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. ശിവ അവർ വന്നതൊന്നും അറിയാതെ കസിൻസുമായി നല്ല വാചക കസർത്തിലാണ്.. അവളുടെ കൂടെ മറ്റ് പെൺകുട്ടികൾ ഉണ്ടായതിനാൽ അടുത്തേക്ക് പോകാൻ അവന് മടി തോന്നി.. ഒരവസരത്തിനായ് അവൻ കാത്തിരുന്നു...

കുടുംബക്കാർ മുഴുവൻ ആര്യയുടെ ചുറ്റും കൂടിയിരിക്കുകയാണ്.. അവരൊക്കെ ആര്യയുടെ ഡാൻസ് കണ്ട് അമ്പരന്നു പോയവർ ആയിരുന്നു.. അവൾ ഇത്രയും നന്നായി കളിക്കുമെന്ന് അവർക്കറിയുമായിരുന്നില്ല... അവരോടു സംസാരിക്കുമ്പോഴും ആര്യയുടെ കണ്ണുകൾ ഇടയ്ക്കിടെ തങ്ങളുടെ അച്ഛന്മാരോട് സംസാരിച്ചു കൊണ്ടിരിക്കുന്ന അമിതിന്റെയും അക്ഷിത്തിന്റെയും നേർക്ക് ചലിച്ചു കൊണ്ടിരുന്നു.. താൻ നോക്കുമ്പോൾ ഒക്കെ അമിത് കണ്ണ് വെട്ടിക്കുന്നതായി അവൾക്ക് തോന്നി.. തന്റെ അച്ഛൻ വളരെ അടുപ്പത്തിൽ സന്തോഷത്തോടെ അവരോട് രണ്ടു പേരോടും സംസാരിക്കുന്ന പോലെ അവൾക്ക് ഫീൽ ചെയ്തു.. അച്ഛന്റെയും അനിയുടെ അച്ഛന്റെയും മുഖത്ത് വിരിയുന്ന സന്തോഷം അവളെ അത്ഭുതപ്പെടുത്തി... അതിനിടയിൽ അനി അമിതിന്റെയും അക്ഷിതിന്റെയും കൈ പിടിച്ച് എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കുന്നത് അവൾ കണ്ടു.. എല്ലാവരോടും തന്റെ ഏട്ടന്മാർ ആണെന്ന് പറയുന്നതിലൂടെ അനിക്കുണ്ടാവുന്ന സന്തോഷവും തെളിച്ചവും ആര്യ വീക്ഷിച്ചു കൊണ്ടിരുന്നു.....

അകത്ത് അനിയുടെ അമ്മയും അമിതിന്റെ അമ്മയും മറ്റ് ബന്ധുക്കാരും കല്യാണ ചർച്ചയിൽ ആയിരുന്നു... അമിതിന്റെ അമ്മക്ക് കല്യാണത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും കാണിച്ചു കൊടുത്ത് അതിനെ കുറിച്ചായി പിന്നീടുള്ള ചർച്ച.. അക്ഷര കുട്ടിക്ക് അവളുടെ പ്രായത്തിൽ ഉള്ള കുട്ടികളെ കിട്ടിയതും പന്തലിൽ അവൾ ഓടി ചാടി നടന്നു.... അതിനിടക്ക് ശിവയെ അമന് ഒറ്റക്ക് കിട്ടി... അടുക്കള ഭാഗത്തേക്ക് എന്തിനോ പോയ ശിവയെ അവൻ പിന്തുടർന്നു... താൻ വന്നത് അവൾ അറിഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കിയ അവൻ പിറകെ പോയി അവളെ വിളിച്ചു. "ഹേയ്.. ശിവാ... " തന്നെ ആരാണിപ്പോ വിളിക്കുന്നെ എന്ന് കരുതിയ ശിവ തിരിഞ്ഞു നോക്കിയതും ഇളിച്ചു നിൽക്കുന്ന അമനെ കണ്ടു.. "ആഹാ.. ഇതെപ്പോ ലാൻഡ് ചെയ്തു.. എല്ലാവരും ഉണ്ടോ.. " " മ്മ്മ്... ഞങ്ങൾ വന്നിട്ടൊക്കെ ഒരുപാട് നേരമായി.. നല്ല തകർപ്പൻ ഡാൻസ് ആയിരുന്നല്ലോ.. പൊളിച്ചടുക്കി.. " "ഓ.. താങ്ക്യു... " അമൻ വീണ്ടും അവളോട്‌ സംസാരിക്കാൻ തുനിഞ്ഞതും ആരോ അവളെ വിളിച്ചു... "എന്നാ മോൻ പോയി അവിടെ ഇരിക്ക്..

എനിക്കിത്തിരി തിരക്കുണ്ട്.. നമുക്ക് പിന്നെ കാണാം.. " അത് പറഞ്ഞ് ശിവ ഓടിപോയി.. എന്തോ പോയ അണ്ണാനെ പോലെ അമൻ പന്തലിൽ പോയി കസേരയിൽ ഇരുന്നു... സ്റ്റേജിൽ അപ്പോഴും പാട്ടും ഡാൻസും അരങ്ങേറുകയായിരുന്നു.. ശിവ വീണ്ടും അവിടെ വന്നിരുന്നതും അമന്റെ കുരുട്ട് ബുദ്ധിയിൽ പലതും തെളിഞ്ഞു. അവൻ നേരെ അമിതിന്റെ അടുത്തേക്ക് ചെന്ന് അവനെ തോണ്ടി.. കാര്യം എന്തെന്ന് അറിഞ്ഞതും അമിത് അവനെ കണ്ണുരുട്ടി നോക്കി.. "എന്താ ഏട്ടനും അനിയനും കൂടി ഒരു സ്വകാര്യം.. " അനി അടുത്തേക്ക് വന്ന് ചോദിച്ചതും അമിത് ഒന്നുമില്ലെന്ന് പറഞ്ഞു... എന്നാൽ അമൻ വിടാൻ തയ്യാറായില്ല.. അവൻ വീണ്ടും അവനെ തോണ്ടി പ്ലീസ് എന്ന് കാണിച്ചു.. "എന്താ.. എന്ത് പറ്റി.. " അമന്റെ ശല്യം സഹിക്ക വയ്യാതെ ആയതും അമിത് കാര്യം പറഞ്ഞു.. "ആഹാ.. ഇത്രേ ഉള്ളൂ.. അവന് ഡാൻസ് കളിക്കണം എന്നാണേൽ കളിക്കട്ടെ അതിനെന്താ... ഇങ് വാ നീ... " അനി അമന്റെ കയ്യും പിടിച്ച് സ്റ്റേജിലേക്ക് പോയി.. അവന്റെ മുഖം പാൽനിലാവ് ഉദിച്ച പോലെ ആയിരുന്നു..

ശിവയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ അവൻ കണ്ട വഴി ആയിരുന്നു അവൾക്ക് മുന്നിൽ ഡാൻസ് ചെയ്യുക എന്നത്.... അനി അവനോട് സ്റ്റേജിൽ കയറാൻ പറഞ്ഞു.. ശിവയെ നോക്കി ചിരിച്ചു കൊണ്ട് അവൻ സ്റ്റേജിലേക്ക് കയറി..അവനായി ഒരു സോങ് പ്ളേ ചെയ്തു.. " 🎼Suthamana paatu pulla Suthamana seithi pulla Suthamana kekkumulla kandupudichom🎶 Kaathu mela maatu ippo Satham konjam yethu ippo Idha pola yedhum illa kandupudichom Hone laga sunset Hai bhai tera full set Hai motion bhi dekho mera ban’ne laga ................................ O naacho! O naacho! O naacho! Everybody let’s naacho! 🎶🎼" തകർപ്പൻ തട്ട് പൊളിപ്പൻ സോങ്ങിന് അനുസരിച്ചു കൊണ്ട് അമൻ ഡാൻസ് ചെയ്യാൻ തുടങ്ങി... കാര്യം വായിനോക്കി ആണേലും അടിപൊളി ആയി ഡാൻസ് ചെയ്യും അവൻ.. എല്ലാവരും കയ്യടിച്ചു കൊണ്ട് അവനെ പ്രോത്സാഹിപ്പിച്ചു.. ശിവയും എൻജോയ് ചെയ്യുന്നെന്ന് മനസ്സിലാക്കിയതും അമന്റെ ഷൈൻ ചെയ്യൽ കൂടി..... അമന്റെ ഡാൻസ് കണ്ട് അമ്മയും അക്ഷരയും പുറത്തേക്ക് വന്നു.. കുശുമ്പി പാറു ആയ അക്ഷര അവൾക്കും സ്റ്റേജിൽ പോയി കളിക്കണം എന്ന് വാശി പിടിച്ചു..

അക്ഷര നന്നായി പാടും എന്നതിനാൽ അമ്മ അവളോട്‌ പാട്ട് പാടിയാൽ മതിയെന്ന് പറഞ്ഞു... "അക്ഷര കുട്ടി പാട്ട് പാടുമോ " അമ്മയുടെയും അക്ഷര കുട്ടിയുടെയും സംസാരം കേട്ട് അനി ചോദിച്ചു.. "പിന്നേ... അവൾ അസ്സൽ ഗായിക അല്ലേ.. ചിത്ര ചേച്ചിയുടെ ഏകദേശം അടുത്തെത്തും... " അമിത് അവളെ കളിയാക്കിയതും അക്ഷര കുട്ടി മുഖം വീർപ്പിച്ചു.. "നോക്കട്ടെ പാടുമോ എന്ന്.. ഏട്ടനെ പോയി ഞെട്ടിച്ചു വാ മോളെ... " അനി അവളെ തലോടി കൊണ്ട് പറഞ്ഞതും അക്ഷര കുട്ടി അമിതിനെ നോക്കി കൊഞ്ഞനം കാണിച്ചു.. അമന്റെ ഡാൻസ് കഴിഞ്ഞതും അവൻ നേരെ ശിവയുടെ അടുത്തേക്ക് ചെന്നു.. "നീയും മോശമല്ലല്ലോ.. അടിപൊളി ആയിരുന്നു... " ശിവ പറഞ്ഞത് കേട്ട് അമന്റെ മുഖം വിടർന്നു.. അപ്പോഴേക്കും അക്ഷര കുട്ടി സ്റ്റേജിൽ കയറിയിരുന്നു..... മൈക്ക് കയ്യിൽ പിടിച്ച് അവൾ എല്ലാവരെയും നോക്കി പാട്ട് പാടാൻ തുടങ്ങി.. "🎼ഹൃദയസഖീ സ്നേഹമയീ.. ആത്മസഖീ.... അനുരാഗമയീ.. 🎶 എന്തിനു നിൻ നൊമ്പരം ഇനിയും എന്തിനു നിൻ നോവുകൾ ഇനിയും എന്നും നിൻ തുണയായി നിഴലായി നിൻ അരികിൽ ഞാൻ ഉണ്ടല്ലോ... 🎶

ഹൃദയസഖീ...🎶......സ്നേഹമയീ..🎶 ഹൃദയസഖീ......ആ.... ആ.. ആ.. 🎼" അക്ഷര കുട്ടി പാടുന്നത് കേട്ട ആര്യ ഒരു നിമിഷം കണ്ണുകൾ ഇറുക്കി അടച്ചു നിന്നു... തനിക്കേറെ പ്രിയപ്പെട്ട ആ ശബ്ദത്തിലൂടെ ഈ പാട്ടിലെ വരികൾ പലപ്പോഴും തന്നെ സ്വയം മറന്നു നിൽക്കാൻ പ്രേരിപ്പിച്ചിരുന്നത് അവൾ ഓർത്തു..അതേ വരികൾ വീണ്ടും അക്ഷര കുട്ടിയിലൂടെ കേട്ടതും അവളുടെ ഹൃദയം തന്നിൽ കൂട് കൂട്ടിയ ആ ശബ്ദത്തെ തിരഞ്ഞു.. കാതുകളിൽ വീണ്ടുമാ സ്വര മാധുര്യത്തിന്റെ ഓർമ്മകൾ വന്നടിഞ്ഞതും അവൾ കണ്ണുകൾ തുറന്നു.... എല്ലാവരും അക്ഷര കുട്ടിയുടെ പാട്ടിൽ ലയിച്ചു പോയിരുന്നു... പാട്ട് കഴിഞ്ഞതും അനി അവളെ ചേർത്ത് പിടിച്ച് ഉമ്മ വെച്ചു.. "മോള് നന്നായി പാടിയല്ലോ.. ഏട്ടന് കുശുമ്പ് ആണല്ലേ.. " അനിയുടെ വാക്കുകൾ കേട്ട് ഇപ്പോൾ എങ്ങനെ ഉണ്ടെന്ന് അക്ഷര അമിതിനെ നോക്കി പുരികം ഉയർത്തി കാണിച്ചു..... എല്ലാവരും അക്ഷര കുട്ടിയെ പൊതിഞ്ഞ് അവിടെ നല്ല വാർത്താനത്തിൽ ആണെന്ന് കണ്ടതും ഇരിക്കപ്പൊറുതി ഇല്ലാതെ അമൻ എണീറ്റു.. ശിവ അതിലെയും ഇതിലേയും ഓടി നടക്കുന്നുണ്ട്..

സ്വന്തം ചേച്ചിയുടെ കല്യാണം അല്ലേ. അപ്പോൾ പറന്നു നടന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ..അവൾ പോകുന്നിടത്തെല്ലാം അമനും പോയി അവളെ ചുറ്റി പറ്റി നിന്നു.. അവളുടെ ശ്രദ്ധ അവനിലേക്കാവുന്ന സമയം അവൻ മുഖം തിരിച്ചു.. ഒരുപാട് തവണ ഇത് ആവർത്തിച്ചതും ശിവ എന്തോ അർത്ഥം വെച്ച് തല കുലുക്കി.. കസിൻസിനോട് ഇപ്പോൾ വരാമെന്ന് പറഞ്ഞവൾ ആരും ഇല്ലാത്ത ഒഴിഞ്ഞ ഭാഗത്തേക്ക് നടന്നു.. അമൻ പിറകെ വരുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.. വീടിന്റെ സൈഡിലേക്ക് അവൾ നടന്നു.. അവിടെ വെളിച്ചം ഉണ്ടായിരുന്നില്ല.. പെട്ടന്ന് അവൾ അപ്രത്യക്ഷമായതും അമൻ അവളെയാകെ തിരഞ്ഞു.. അവളെവിടെ പോയെന്ന ചിന്ത മുറുകുമ്പോൾ ആണ് ആരോ അവന്റെ കൈ പിടിച്ച് തിരിച്ച് മുഖം ചുമരിലേക്ക് ചേർത്ത് വെച്ചത്.. പേടിച്ചു പോയ അമൻ ആർത്തതും മിണ്ടാതിരിക്കെന്ന് പറഞ്ഞവനെ ശിവ അവളുടെ നേരെ തിരിച്ചു.... പന്തലിൽ നിന്നുള്ള വെളിച്ചം അവളുടെ മുഖത്തേക്ക് വന്നപ്പോൾ ആണ് അത് ശിവ ആണെന്ന് അവന് മനസ്സിലായത്..

നേരത്തെ പേടിയുടെ തീവ്രതയിൽ അവളുടെ ശബ്ദം അവൻ തിരിച്ചറിഞ്ഞിരുന്നില്ല... തന്നെ നോക്കുന്ന ശിവയെ അവൻ ഉമിനീർ ഇറക്കി പേടിയോടെ നോക്കി.. ചുമരിനോട് ചാരി നിന്ന അവന്റെ ഇരു ഭാഗത്തും അവൾ കൈവെച്ചു.... അവന്റെ പേടി കൂടി എന്നറിഞ്ഞതും അവൾ ചിരിച്ചു.. "എന്താ മോനേ.. പേടിച്ചു പോയോ.. " ഇല്ലെന്നും ഉണ്ടെന്നും അവൻ തലയാട്ടിയതും അവൾ കൈകൾ എടുത്തു മാറ്റി.. "ആദ്യമേ ഞാൻ പറഞ്ഞിരുന്നു എല്ലാ പെൺകുട്ടികളുടെയും അടുത്തെടുക്കുന്ന അടവുമായി എന്റെ പിറകെ വന്നേക്കരുതെന്ന്... ചേച്ചിയെ മോന് ശെരിക്ക് അറിയില്ല..... മ്മ്മ്.. പൊയ്ക്കോ " കൈ പിണച്ചു വെച്ച് കൊണ്ട് അമർത്തി മൂളി ശിവ പറഞ്ഞു. കേൾക്കേണ്ട താമസം അമൻ അവിടെ നിന്നും ഓടിപോയി.. പോകുന്ന പോക്കിൽ ആരെങ്കിലും കണ്ടോ എന്ന് നോക്കാനും അവൻ മറന്നില്ല.......... "എന്താ ഡാ... " ഓടി കിതച്ചു കൊണ്ട് തങ്ങളുടെ അടുത്തേക്ക് വന്ന അമനെ നോക്കി കൊണ്ട് അമിത് ചോദിച്ചു... "ഏയ്.. ഒന്നുമില്ല.. ഞാൻ വെറുതെ എല്ലാം ഒന്ന് ചുറ്റി കാണാൻ പോയതാ..

അറേഞ്ച്മെന്റ്സ് അടിപൊളി ആയിട്ടുണ്ട് അല്ലേ.. " അമൻ കിതപ്പ് മാറ്റി കൊണ്ട് പറഞ്ഞതും അമിത് അവനെ അടിമുടി നോക്കി കൊണ്ട് മൂളി... അൽപ്പ നേരം കഴിഞ്ഞ് അവരെയെല്ലാം അനിയുടെ അച്ഛൻ ഭക്ഷണം കഴിക്കാൻ വിളിച്ചു.....ഭക്ഷണം കഴിക്കുമ്പോഴും അനി അവരുടെ കൂടെ തമാശ പറഞ്ഞു കൊണ്ടും ചിരിച്ചു കൊണ്ടും ഉണ്ടായിരുന്നു... ആര്യയും ഒപ്പം ഉണ്ടായിരുന്നെങ്കിലും അവൾ ഒന്നും മിണ്ടാതെ നിൽക്കുവായിരുന്നു.. ഭക്ഷണം കഴിഞ്ഞ് അവർ പോകാൻ തയ്യാറായി നിന്നു.. കുറെ നേരമായി പോകാൻ തയ്യാറായ അവരെ അനി പിടിച്ചു വെച്ചിരിക്കായിരുന്നു.. അക്ഷര കുട്ടി ഉറക്കം പിടിച്ചതും അവർ പോകാൻ തീരുമാനിച്ചു.. യാത്ര പറയാനായി അമിത് ആര്യയുടെ അടുത്തേക്ക് ചെന്നു..വന്നിട്ട് അത്രയും നേരം ആയിട്ടും അവൻ അവളോട് ഒന്നും മിണ്ടിയിരുന്നില്ല.. "ഞങ്ങൾ ഇറങ്ങാണ്.. അവൾ ഉറങ്ങാൻ തുടങ്ങി.. നാളെ കാണാം " ആര്യ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടിയതും അമിതും ചിരിച്ചു.. അവർക്കിടയിലേക്ക് അനി മുഖം വീർപ്പിച്ചു വന്നു.. "നാളെ പോയാൽ പോരേ "

ചിണുങ്ങി കൊണ്ട് അനി പറഞ്ഞു.. "നാളെ ഞങ്ങൾ നേരത്തെ വരും.. ഉറപ്പ് " "വന്നില്ലേൽ ഞാൻ വീട്ടിലേക്ക് വരും... " "വന്നോളാമേ.... " അമിത് ചിരിച്ചു കൊണ്ട് പറഞ്ഞു.. അക്ഷിത് അവരുടെ അടുത്തേക്ക് വന്ന് പോകാമെന്ന് പറഞ്ഞു.. ഇരുവരും എല്ലാവരോടും യാത്ര പറഞ്ഞു.. ശിവ അവരുടെ അടുത്തേക്ക് വന്നതും അമൻ അവളെ മൈൻഡ് ചെയ്യാതെ അമ്മയുടെ മറവിലേക്ക് നിന്നു.. അവന് കൊടുത്ത ഡോസ് ഏറ്റു എന്ന് മനസ്സിലായ അവൾ അവനെ നോക്കി ചിരിച്ചു "അമൻ.. നാളെ വരില്ലേ .. " അർത്ഥം വെച്ച് കൊണ്ട് അവൾ ചിരിച്ചതും കാര്യം അറിയാത്ത അമ്മ നാളെ രാവിലെ തന്നെ ഞങ്ങൾ വരുമെന്ന് ഉറപ്പ് നൽകി... എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അവർ കാറിൽ കയറി യാത്ര തിരിച്ചു... അവർ പോയപ്പോൾ ഉറ്റവർ വിട്ട് പോയ ഫീൽ ആയിരുന്നു അനിക്ക്...എന്നാലും അവർ വന്നല്ലോ എന്ന സന്തോഷം അവളെയാകെ പൊതിഞ്ഞു... നേരം ഒരുപാട് ആയതിനാൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.. അങ്ങോട്ടും ഇങ്ങോട്ടും തമാശ പറഞ്ഞും ചിരിച്ചും ഒരുപാട് നേരം അവരെല്ലാവരും പന്തലിൽ ഇരുന്നു..

ഒടുവിൽ അനിയോട് പോയി കിടന്നുറങ്ങാൻ പറഞ്ഞ് അമ്മ അവളെ അകത്തേക്ക് ആട്ടി വിട്ടു.... ആര്യയുടെ കൂടെ അവൾ റൂമിൽ ചെന്ന് കിടന്നു.. ശിവയും അവരുടെ കൂടെ കിടക്കാൻ വന്നു.. ക്ഷീണം കൊണ്ട് അവർ പെട്ടന്ന് ഉറങ്ങി... എന്നാൽ അനിക്ക് ഉറക്കം വന്നില്ല.. പന്തലിലെ തട്ടും മുട്ടും ബഹളവും കേട്ട് അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി... നാളത്തെ ദിനത്തിനായി ഒരുപാട് നാളായി കാത്തിരിക്കുന്നു എങ്കിലും തൊട്ടടുത്തെത്തിയപ്പോൾ ഈ രാവ് പുലരാതിരുന്നെങ്കിൽ എന്നൊരു നിമിഷം അവൾ ആഗ്രഹിച്ചു.. പ്രിയപ്പെട്ടവർ പന്തലിൽ ഓടി നടക്കുന്നത് ജനലിലൂടെ നോക്കിയവൾ ഹൃദയവേദനയോടെ കണ്ണുകൾ അടച്ചു.....പുറത്ത് കല്യാണതിരക്കിന്റെ ശബ്ദം ഉയർന്നു പൊങ്ങുമ്പോൾ അനിയുടെ ഹൃദയമിടിപ്പും വർധിച്ചു കൊണ്ടിരുന്നു... ആര്യയേയും ശിവയേയും കെട്ടിപിടിച്ചു കൊണ്ട് അനി ഉറക്കമൊട്ടും വരാത്ത കണ്ണിമകൾ ഇറുക്കി അടച്ചു.......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story