ആത്മരാഗം💖 : ഭാഗം 89

athmaragam thanseeh

രചന: തൻസീഹ് വയനാട്

"എന്തോ ഒരു വശപിശകുണ്ടല്ലോ " ഇളിച്ചു നിൽക്കുന്ന അനിയെ നോക്കി കണ്ണ് ഇടുക്കി നെറ്റി ചുളിച്ചു കൊണ്ട് അമിത് പറഞ്ഞു.. "ഏയ്. അങ്ങനെയൊന്നൂല്ല... ഞാൻ ചുമ്മാ... " "എവിടെ നൈനിക.. റൂമിൽ കാണുന്നില്ലല്ലോ... " "നൈനികയോ.. അവളല്ലേ അമിത് ചേട്ടന്റെ പിറകിൽ " ചിരിച്ചു കൊണ്ട് അനി പറഞ്ഞതും അമിത് പെട്ടന്ന് തിരിഞ്ഞു നോക്കി.. ആ സമയം നൈനിക വേഗം റൂമിലേക്ക് കയറി വാതിൽ അടച്ചു.. "നൈനൂ.... തുറക്ക്.. ഞാൻ കയറിയില്ലാ.. " വാതിൽ മുട്ടി വിളിച്ചെങ്കിലും നൈനികയുടെ മറുപടി ഒന്നും ലഭിച്ചില്ല.. അതിനിടയിൽ അവിടെ നിന്നും മുങ്ങാൻ നോക്കിയ അനിയെ അവൻ കയ്യിൽ പിടിച്ചു വലിച്ച് അവിടെ നിർത്തിച്ചു... "സത്യം പറഞ്ഞോ. എന്താ ഇവിടെ ഇപ്പോൾ സംഭവിച്ചേ.. അവളെന്താ ഡോർ തുറക്കാത്തത്.. " "അതോ... അമിത് ചേട്ടാ.. അതില്ലേ.. ഞങ്ങൾ എല്ലാവരും കൂടെ ഒരു തീരുമാനമെടുത്തു. " "തീരുമാനമോ.. എന്ത് തീരുമാനം " "അക്ഷിത് ചേട്ടന്റെയും ആര്യയുടെയും കല്യാണം കഴിയാതെ നിങ്ങൾ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കില്ലെന്ന്.. " ഇടിത്തീ വീണ പോലെ അമിത് അന്തം വിട്ട് നിന്നതും അനി അവളുടെ പല്ല് മുഴുവൻ പുറത്ത് കാണും വിധം ചിരിച്ചു കാണിച്ചു.. "പൊളിച്ചില്ലേ " "വല്ലാത്തൊരു ചതിയായി പോയെന്റെ അനീ ...

ഇത്രയും കടും കൈ ഞങ്ങളോട് വേണമായിരുന്നോ" "ഞങ്ങൾ ചുമ്മാ പറഞ്ഞേ ഉള്ളൂ.. ചാടി കയറി ഓക്കേ പറഞ്ഞത് അമിത് ചേട്ടന്റെ നൈനു തന്നെയാണ്. " അതും കൂടി കേട്ടതും അമിത് എന്നോടിത് വേണമായിരുന്നോ നൈനൂ എന്ന ഭാവത്തിൽ അടഞ്ഞു കിടക്കുന്ന റൂമിലേക്ക് നോക്കി... "ഏയ് അമിത് ചേട്ടാ.. ഇതൊക്കെ സില്ലി അല്ലേ.. ഏറിയാൽ ഒരാഴ്ച .. അത് കഴിഞ്ഞാൽ അവരുടെ കല്യാണം ആയില്ലേ.. പിന്നെ നിങ്ങൾ എന്താന്ന് വെച്ചാ ആയിക്കോ " അനിയുടെ വാക്കുകൾ കേട്ട് അമിത് കണ്ണുരുട്ടി..... "നിങ്ങൾ എന്തെങ്കിലും ഒക്കെ ഒപ്പിക്കുമെന്ന് ഞാൻ ഊഹിച്ചിരുന്നു.... പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല... " "ഹഹഹഹ . അതാണ് ഞങ്ങൾ.. പ്രതീക്ഷിക്കാത്ത പ്ലാനുകൾ മാത്രമേ ഞങ്ങൾ എടുക്കാറുള്ളൂ.. എന്നാ പിന്നെ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ..പിന്നേ... റൂമിലേക്ക് പ്രവേശനം ഇല്ലാ ട്ടോ.. " നൈനികയുടെ റൂമിലേക്ക് നോക്കി അതും പറഞ്ഞ് ഇളിച്ചു കൊണ്ട് അനി പോയതും അവൾക്കൊരു ഇളി കൊടുത്ത് കൊണ്ട് അമിത് നിരാശയോടെ വാതിലിനോട് ചേർന്നു നിന്നു.. "നൈനൂ.... "

പ്രണയത്തോടെ മെല്ലെ അവൻ വിളിച്ചതും നൈനിക വാതിൽ തുറന്നു.. അകത്തേക്ക് വരട്ടെ എന്ന് അമിത് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതും പറ്റില്ലെന്നവൾ തലയാട്ടി.. അമിത് കൊഞ്ചി നിന്നതും അവൾ അനിയെ വിളിക്കുന്ന പോലെ കാണിച്ചു ... "നിനക്ക് തരാ ഡീ ഞാൻ " അതും പറഞ്ഞ് അമിത് പിന്തിരിഞ്ഞു പോയതും ചിരിയോടെ നൈനിക വാതിൽ അടച്ചു.... ************ "ചേച്ചീ... അളിയൻ വന്നിട്ടുണ്ട്... " ശിവ അതും പറഞ്ഞ് മേലേക്ക് ഓടി വന്നതും അവൾ ശിവയുടെ തലക്കൊരു കൊട്ട് കൊടുത്തു... അപ്പോൾ തന്നെ അവൾ സോറി പറഞ്ഞു.. "അയ്യോ.. സോറി.. ചേട്ടൻ വന്നു.. " "മ്മ്മ്.. നടക്ക്.. " "അല്ലാ.. അവിടെ എന്തായി കാര്യങ്ങൾ... " "അതൊക്കെ.. ഓക്കേ ആയി.. നൈനികക്ക് സഹതാപം തോന്നാതിരുന്നാൽ മതിയായിരുന്നു." "പാവങ്ങൾ.. സ്വപ്നം കണ്ട നിമിഷം കയ്യിൽ നിന്നും വഴുതി പോയല്ലോ.. ഹാ നല്ല കാര്യത്തിനല്ലേ... " "അതേ ന്ന്.. ഇതൊക്കെ ഒരു രസമല്ലേ.. " "മ്മ്മ് . ഇതിപ്പോ ചേച്ചിയുടെ കല്യാണത്തിന് ആണെങ്കിലോ.. " ശിവ അത് പറഞ്ഞതും അനി ഇളിച്ചു കൊണ്ട് താഴേക്ക് ഇറങ്ങി ചെന്നു..

അനിൽ സാർ അമിതിന്റെ അച്ഛനോടും അക്ഷിതിനോടും സംസാരിച്ചിരിക്കുകയായിരുന്നു... "ആഹാ.. വന്നല്ലോ.. " അനി വരുന്നത് കണ്ടതും സൂര്യ ദാസ് ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ അടുത്തെത്തിയതും സ്വന്തം മോളെ പോലെ അയാൾ അവളെ ചേർത്ത് നിർത്തി... "ഇനി നാളെ പോയാൽ പോരേ.. " അമിതിന്റെ അമ്മ പറഞ്ഞതും അനിൽ സാർ ചിരിച്ചു കൊണ്ട് എഴുന്നേറ്റു.. "ഏയ്.. ഇന്ന് പോട്ടെ.. നാളെയും കുറച്ചു വർക്ക് ഉണ്ട്... വൈകുന്നേരം അല്ലേ റിസപ്‌ഷൻ.. ഞങ്ങൾ അപ്പോഴേക്ക് എത്താൻ നോക്കാം.. " "എന്നാൽ ഭക്ഷണം കഴിച്ചിട്ട് പോകാം... " "അയ്യോ.. വേണ്ട അമ്മേ... മരുമകൻ വീട്ടിലേക്ക് വരുന്നത് പ്രമാണിച്ച് അമ്മ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടാവും.. ഇനി അത് കഴിച്ചില്ലേൽ പിന്നെ പിണക്കവും പരിഭവവും ആയിരിക്കും" അനിയുടെ വാക്കുകൾക്ക് എല്ലാവരും ചിരിച്ചു.. ആ സമയം നൈനിക താഴേക്ക് ഇറങ്ങി വന്നു.. അവളെ കണ്ടതും സൂര്യ ദാസ് അവളെയും ചേർത്ത് പിടിച്ചു.. "എനിക്കിപ്പോൾ പെണ്മക്കളുടെ എണ്ണം കൂടിയല്ലോ... " "ഹാ. നിങ്ങൾക്കായിരുന്നില്ലേ പെണ്മക്കൾ ഇല്ലാതിരുന്നിട്ട് ഏറെ സങ്കടം. ഇപ്പോൾ സന്തോഷം ആയില്ലേ " അമിതിന്റെ അമ്മയുടെ വാക്കുകൾക്ക് സൂര്യ ദാസ് ചിരിച്ചു.. അതിനിടയിൽ ശിവയും അക്ഷരയും മേലെ നിന്നും ഇറങ്ങി വന്നു...

അവരെ കണ്ടതും വീണ്ടും സൂര്യ ദാസ് ചിരിച്ചു.. "അച്ഛാ .. ശിവ ചേച്ചിയെ നമുക്കിന്ന് വിടേണ്ട ശിവ ചേച്ചി ഇന്നിവിടെ നിന്നോട്ടെ.. " അക്ഷര കുട്ടി പറഞ്ഞതും ശിവ അന്തം വിട്ട് അവളെ നോക്കി.. "അതിനെന്താ.. അവൾ നിന്നോട്ടെ.. " "ഏയ്.. ഞാനോ.. " ഇല്ലെന്നവൾ തലയാട്ടിയതും അക്ഷര കുട്ടി മുഖം വീർപ്പിച്ചു നിന്നു . ഉടനെ അക്ഷിത് ശിവയുടെ അടുത്തേക്ക് ചെന്നു.. "ഇന്നൊരു ദിവസം അല്ലേ... ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞോളാം... അച്ഛൻ ഒന്നും പറയില്ല " എന്ത് മറുപടി പറയും എന്നറിയാതെ ശിവ അനിയെ നോക്കിയതും നിന്നോ എന്ന് അനി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു... "നീ വിളിച്ചു പറഞ്ഞേക്ക്.. അവൾ നാളെയെ വരൂ എന്ന്.. " സൂര്യ ദാസ് പറഞ്ഞതും അക്ഷിത് ഫോണുമായി പുറത്തേക്ക് നടന്നു.... അതിനിടയിൽ വേഷം മാറി അമിതും താഴേക്ക് വന്നു... "സാർ.. ഒരുപാട് നേരം ആയോ വന്നിട്ട്... " സ്റ്റെയർ കയ്സ് ഇറങ്ങിയ ഉടനെ നൈനികയെയും അനിയേയും നോക്കി പേടിപ്പിച്ചു കൊണ്ട് അമിത് അനിൽ സാറിലേക്ക് തിരിഞ്ഞു... "ഏയ്. നോ. ഇപ്പോൾ വന്നേ ഉളളൂ..

കുറച്ചു തിരക്കിൽ ആയി പോയി... അതാ കല്യാണത്തിന് വരാൻ പറ്റാതിരുന്നേ. " "നോ പ്രോബ്ലം... അനി ഉണ്ടായിരുന്നല്ലോ.. അത് തന്നെ ധാരാളം " അവൾക്കിട്ട് താങ്ങിയതും അനിൽ സാർ അവളെ കടുപ്പിച്ചു നോക്കി.. അവളോട്‌ തുള്ളി കളിച്ചു നടക്കരുതെന്ന് സാർ പ്രത്യേകം പറഞ്ഞിരുന്നു..സാറിന്റെ നോട്ടം കണ്ട് അനി സീലിംഗ് ലേക്ക് നോട്ടം തെറ്റിച്ചു.. "എന്നാൽ ഓക്കേ .. നാളെ കാണാം...നാളെയും വർക്ക് ഉണ്ട്.. നേരത്തെ പോകണം... വൈകുന്നേരം ഞാൻ വരാം " അമിതിന് കൈ കൊടുത്തു കൊണ്ട് അനിൽ സാർ പറഞ്ഞതും അമിത് സാറിനെ വാരി പുണർന്നു.. എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അനിയും അനിൽ സാറും പുറത്തേക്കിറങ്ങി.. അക്ഷിത് അനിയുടെ അച്ഛനോട് വിളിച്ചു പറഞ്ഞ് സെറ്റ് ആക്കിയത് കൊണ്ട് ശിവ അവിടെ തന്നെ നിന്നു... അകത്തു റൂമിൽ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുകയായിരുന്ന അമൻ ഈ കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല.. അവൻ പുറത്തേക്ക് വന്നപ്പോൾ അനി കാറിൽ കയറുന്നതാണ് കണ്ടത്.. അച്ഛന്റെ അപ്പുറത്ത് അമ്മയുടെയും അക്ഷിത് ചേട്ടന്റെയും ഇടയിൽ നിൽക്കുന്ന ശിവയെ അവൻ കണ്ടിരുന്നില്ല..

ശിവയും കാറിൽ ഉണ്ടെന്ന് കരുതി കൊണ്ടവൻ തിരിഞ്ഞും മറിഞ്ഞും നോക്കി കൊണ്ടിരുന്നു..... യാത്ര പറഞ്ഞ് അനി കാറിൽ കയറിയതും അമിതും അക്ഷിതും കാറിനടുത്തേക്ക് ചെന്നു.... "അക്ഷിത് ചേട്ടാ.. ചേട്ടന്റെ മിടിപ്പവിടെ തുടിച്ച് നിൽക്കുന്ന കാര്യം മറക്കേണ്ട എത്രയും പെട്ടന്ന് അതിനുള്ള തീരുമാനം എടുക്കണേ " "തീരുമാനം എപ്പോഴേ എടുത്തു കഴിഞ്ഞു.. ഞാൻ വരുന്നുണ്ട് നാളെ.. പറഞ്ഞേക്ക് " പുഞ്ചിരിയോടെ അക്ഷിത് പറഞ്ഞതും അനി ഒരുപാട് സന്തോഷിച്ചു.. "അമിത് ചേട്ടാ... ആൾ ദ ബെസ്റ്റ് ട്ടോ " കണ്ണിറുക്കി കൊണ്ടവൾ പറഞ്ഞതും ആരും കേൾക്കാതെ അമിത് പോടീ എന്ന് പറഞ്ഞു.... സന്തോഷത്തോടെ അവർ യാത്ര തിരിച്ചതും അമിതും അക്ഷിതും വീട്ടിലേക്ക് കയറി... വീട്ടിൽ എത്തിയ ഉടനെ അക്ഷിത് നാളെ വരുമെന്ന വാർത്ത പറയാനായി ആര്യയുടെ അടുത്തേക്ക് പോകാൻ നിന്നെങ്കിലും അനിൽ അവളെ തടഞ്ഞു നിർത്തി... ഇന്നീ രാത്രി ഇനി എവിടേക്കും പോകേണ്ടെന്ന് പറഞ്ഞ് വിലക്കിയതും അനി നാളെ പറയാം എന്ന് തീരുമാനിച്ച് അനിലിന്റെ കൂടെ വീട്ടിലേക്ക് നടന്നു.. ************

അവർ പോയി കഴിഞ്ഞതും എല്ലാവരും അകത്തേക്ക് നടന്നു.. ശിവയെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്നോർത്ത് അമൻ എല്ലാവർക്കും മുന്നേ അകത്തേക്ക് കയറി.. ക്ഷീണം ഉള്ളത് കൊണ്ട് ഹാളിലെ സോഫയിൽ അവൻ നീണ്ടു നിവർന്ന് കണ്ണുകൾ അടച്ചു കിടന്നു.. അമ്മയും നൈനികയും അടുക്കളയിലേക്കും അമിതും അക്ഷിതും തങ്ങളുടെ റൂമിലേക്കും പോയി.. സൂര്യ ദാസും അക്ഷരയും ശിവയും ഹാളിലെ സോഫയിൽ ഇരുന്നു.. അമൻ നീണ്ടു കിടക്കുന്നത് കണ്ട് ശിവക്ക് ചിരി വന്നെങ്കിലും അവൾ പുറത്ത് കാണിച്ചില്ല.. അമ്മയുടെ ഫോണിൽ ഇന്നെടുത്ത ഫോട്ടോസ് കാണിക്കുന്ന തിരക്കിൽ ആയിരുന്നു അക്ഷര... അച്ഛനും ശിവക്കും നടുവിൽ ഇരുന്ന് ഓരോ ഫോട്ടോസും അവൾ അവർക്ക് കാണിച്ചു കൊടുത്തു... സൂര്യ ദാസ് അടുത്ത് ഉള്ളതിനാൽ തന്നെ അവിടെ ഇരിക്കാൻ ചെറിയ മടി തോന്നിയെങ്കിലും പെട്ടന്ന് കൂട്ടാവുന്ന അദ്ദേഹത്തിന്റെ സ്വഭാവം കാരണം ശിവയുടെ മടിയെല്ലാം മാറി.. കുറഞ്ഞ നിമിഷം കൊണ്ട് അവളും അവിടുത്തെ ഒരു അംഗമായി... "ചേച്ചീ... ചേച്ചീ.. ഇത് എങ്ങനെയുണ്ട് പൊളിച്ചില്ലേ... "

ഏതോ ഒരു ഫോട്ടോ കാണിച്ചു കൊണ്ട് അക്ഷര ഉറക്കേ പറഞ്ഞു.. കണ്ണടച്ച് കിടക്കുന്ന അമൻ ഈർഷ്യയോടെ തിരിഞ്ഞു കിടന്നു.. അവളുടെ ശബ്ദം കാരണം അവന് മയങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല... ചേച്ചി എന്നവൾ വിളിച്ചത് നൈനികയെ ആണെന്ന് കരുതി അവൻ കണ്ണുകൾ തുറക്കാനും പോയില്ല.... "എല്ലാവരും വന്നേ .. ഭക്ഷണം കഴിക്കാം... അക്ഷരേ.. ആ ഫോൺ അവിടെ വെച്ചേ.. " അമ്മയുടെ വിളി വന്നതും അമിതും അക്ഷിതും ഭക്ഷണം കഴിക്കാനായി വന്നു.. സൂര്യ ദാസും കസേരയിൽ ഇരുപ്പുറപ്പിച്ചു.. അപ്പോഴും ഫോൺ എടുത്തു വെക്കാത്ത അക്ഷര യെ വഴക്ക് പറയാനും അമനെ വിളിക്കാനും അമ്മ അവിടേക്ക് വന്നു.. അമനെ കുലുക്കി വിളിച്ചിട്ടും അവൻ ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് എഴുന്നേൽക്കാൻ തയ്യാറായില്ല.. വേണ്ടെങ്കിൽ വേണ്ട എന്ന് പറഞ്ഞ് അമ്മ അക്ഷരയുടെ അടുത്ത് ചെന്ന് ഫോൺ തട്ടിപ്പറിച്ചു... "നിന്നോട് ഫോൺ അവിടെ വെക്കാൻ പറഞ്ഞില്ലേ ഞാൻ..നീ ഇങ്ങനെ കളിച്ചിരുന്നാൽ ശിവ എങ്ങനെ വരും.. വന്നേ.... " അതും പറഞ്ഞ് അമ്മ പോയതും അക്ഷര എഴുന്നേറ്റ് ശിവയുടെ കയ്യിൽ പിടിച്ചു.. "ശിവ ചേച്ചീ.. വാ... " "മ്മ്മ്. നടക്ക് " അവരുടെ സംഭാഷണം കേട്ടതും പെട്ടന്ന് അമൻ കണ്ണുകൾ തുറന്ന് ഞെട്ടി എണീറ്റു..

അക്ഷര കുട്ടിയോടൊപ്പം നടന്നു പോകുന്ന ശിവയെ കണ്ടതും അവൻ കണ്ണുകൾ തിരുമ്മി ഒന്നൂടെ നോക്കി... കണ്ടത് അവളെ തന്നെയെന്ന് ബോധ്യം ആയതും അവൻ സോഫയിൽ നിന്നും ചാടി എണീറ്റ് ഭക്ഷണം കഴിക്കാനായി ചെന്നു... "നിനക്കല്ലേ വേണ്ടെന്ന് പറഞ്ഞേ.. " അവന് ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ അമ്മ പറഞ്ഞതും അമിത് അവനെ തുറുപ്പിച്ചു നോക്കി.. കൂടെ അക്ഷര കുട്ടിയും.. ശിവ അവനെ മൈൻഡ് ചെയ്യാതെ കഴിക്കാൻ തുടങ്ങി.. അമിതിനും അക്ഷരക്കും ചിരിച്ചു കൊടുത്ത് ഇടം കണ്ണ് കൊണ്ട് ശിവയെ ഇടയ്ക്കിടെ നോക്കി അവനും കഴിക്കാൻ ആരംഭിച്ചു...... ഭക്ഷണം കഴിക്കൽ കഴിഞ്ഞ് ശിവയും അക്ഷരയും താഴത്തെ മുറിയിൽ കിടക്കാൻ പോയി.. അമൻ ചുറ്റി പറ്റി നിന്നെങ്കിലും ശിവ അവനെ മൈൻഡ് ചെയ്തില്ല... അവർ ഉറങ്ങാൻ പോയത് കണ്ട് അമനും തന്റെ റൂമിലേക്ക് പോയി... സൂര്യ ദാസും ഭാര്യയും ഹാളിൽ സോഫയിൽ ഇരുന്ന് ചർച്ചയിൽ ആയിരുന്നു.. വിഷയം അക്ഷിതിന്റെ കല്യാണ കാര്യം ആയിരുന്നു.. മക്കൾ എല്ലാം ഉറങ്ങാൻ പോയതും അക്ഷിത്തിന്റെ സാനിധ്യത്തിൽ സൂര്യ ദാസ് ജീവന് വിളിച്ചു കൊണ്ട് നാളെ പെണ്ണ് കാണാൻ വരുന്ന വിവരം വിളിച്ചു പറഞ്ഞു....

"അപ്പോൾ ഇനി നാളെ നോക്കാം.. പെണ്ണ് കാണൽ കഴിഞ്ഞു വേണം ജാതകം നോക്കി പൊരുത്തം കുറിക്കാൻ.. ഏറ്റവും അടുത്ത ദിവസം തന്നെ കല്യാണം നിശ്ചയിക്കണം.. ഇനിയും വൈകിക്കൂടാ... " അച്ഛൻ അമ്മയോട് പറയുന്നത് കേട്ട് ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ അക്ഷിത് തന്റെ റൂമിലേക്ക് നടന്നു.. ഫോൺ കയ്യിൽ പിടിച്ച് ചിരിച്ചു കൊണ്ടവൻ റൂമിലേക്ക് കയറിയതും ബെഡിൽ കിടക്കുന്ന അമിതിനെ കണ്ട് അവൻ അന്തം വിട്ട് നിന്നു... "എന്താ അമീ ഇവിടെ... നീ റൂമിലേക്ക് ചെന്നേ... നൈനു അവിടെ കാത്തിരിക്കുന്നുണ്ടാവും " അവന്റെ അടുത്തേക്ക് ചെന്ന് അക്ഷിത് പറഞ്ഞതും അമിത് മുഖം ചുളിച്ചു... നടന്ന സംഭവം പറഞ്ഞതും അക്ഷിത് ചിരിച്ചു കൊണ്ട് നെറ്റിയിൽ കൈവച്ചു.. "അവരുടെ ഒരു കാര്യം.. അതിന്റെ ഒന്നും ഒരാവശ്യവും ഇല്ല.. നീണ്ട പ്രണയത്തിന്റെ കാത്തിരിപ്പല്ലേ ഇന്നത്തെ ദിവസം.. നീ അവളുടെ അടുത്തേക്ക് ചെല്ല്.. " "ഏയ്.. വേണ്ട ഏട്ടാ... ഇത് തന്നെയാണ് ശെരി.. എന്തായാലും അധിക നാൾ ഇല്ലല്ലോ നിങ്ങളുടെ കല്യാണത്തിന്.. ഉടനെ നിശ്ചയിക്കില്ലേ.. അത് വരെ ഞങ്ങൾ കാത്തിരുന്നോളാം.. ഇത്രയും നാൾ കാത്തിരിക്കാൻ കഴിഞ്ഞെങ്കിൽ പിന്നെ ഇനി ഒരാഴ്ച കാത്തിരിക്കാൻ ആണോ പ്രയാസം " ചിരിച്ചു കൊണ്ട് അമിത് പുതപ്പ് മൂടി കിടന്നു.

. "അമീ.... ഒന്നൂടെ ആലോചിച്ചിട്ട്... " "എന്റെ ഏട്ടാ.. ഏട്ടൻ കിടന്നേ... നാളെയല്ലേ പെണ്ണ് കാണാൻ പോകുന്നേ.. ഞാനും വരുന്നുണ്ട് . ആദ്യം എനിക്കെന്റെ ഏട്ടത്തിയമ്മയോട് കുറച്ചു സംസാരിക്കാനുണ്ട് " അമിത് പറഞ്ഞതും ആയിക്കോട്ടെ എന്നും പറഞ്ഞ് അക്ഷിത് ചിരിച്ചു.... ഇരുവരും എന്നത്തേയും പോലെ ചേർന്നു കിടന്നു.. ആര്യയെ മനസ്സിൽ കണ്ട് അക്ഷിതും നൈനികയെ മനസ്സിൽ കണ്ട് അമിതും കണ്ണുകൾ അടച്ചു.... ************ നേരം വെളുത്ത് അനിൽ കോളേജിലേക്ക് പോയതും അനി വേഗം ആര്യയുടെ വീട്ടിലേക്ക് ചെന്നു.. അവളെ കണ്ട പാടേ അനി ഓരോന്ന് പറഞ്ഞവളെ കളിയാക്കാൻ തുടങ്ങി... വൈകുന്നേരം അമിതിന്റെ റിസപ്‌ഷൻ ആയതിനാൽ അവർ രാവിലെ തന്നെ വരുമെന്ന് അറിയിച്ചിരുന്നു... സമയം ആവാറായതും അനിയുടെ അച്ഛനും അമ്മയും ആര്യയുടെ വീട്ടിലേക്കെത്തി... രാവിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് കൊണ്ടാണ് അമിത് കണ്ണുകൾ തുറന്നത്.. അക്ഷിത് എഴുന്നേറ്റു പോയിരുന്നു... കണ്ണ് തിരുമ്മി കൊണ്ടവൻ ഫോണിലേക്ക് നോക്കിയതും മഹി ആണെന്ന് അവന് മനസ്സിലായി....

അറ്റൻഡ് ചെയ്ത് ഫോൺ അവൻ ചെവിയോട് ചേർത്ത് വെച്ചു.... " അമിത്... എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ രാത്രി " കളിയാക്കി ചിരിച്ചു കൊണ്ട് മഹി ചോദിച്ചതും അമിത് പല്ലിറുമ്പി.. "പോടാ @@##$.. നീയിങ്ങോട്ട് വാ.. ഞാൻ ശെരിക്ക് പറഞ്ഞു തരാം " "അപ്പോൾ പ്ലാൻ വിജയിച്ചു അല്ലേ...ഹോ സന്തോഷമായി... " വീണ്ടും അമിത് തെറിയഭിഷേകം തുടങ്ങിയതും മഹി ഫോൺ കട്ടാക്കി... നെടുവീർപ്പിട്ട് കൊണ്ട് അമിത് ഫോൺ താഴെ വെച്ച് ഫ്രഷ് ആവാനായി ബാത്റൂമിലേക്ക് നടന്നു............. റിസപ്‌ഷന് റിലേറ്റിവ്സ് എത്തുന്നതിനു മുന്നേ തിരികെ എത്തണം എന്നതിനാൽ നേരത്തെ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു എല്ലാവരും... അക്ഷിതിന്റെ കൂടെ അച്ഛനും അമ്മയും അമിതും പോകാമെന്ന് തീരുമാനിച്ചു.. ശിവയും വരുന്നെന്ന് പറഞ്ഞ് റെഡിയാവാൻ തുടങ്ങി.. ഒരേ വീട്ടിൽ ഉണ്ടായിരുന്നിട്ടും സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം ആയിരുന്നു അമന്.. അവസരം കിട്ടാത്തത് കൊണ്ടായിരുന്നില്ല, അവൾക്ക് മുന്നിൽ ചെല്ലാനുള്ള പേടി ആയിരുന്നു... ആര്യയുടെ വീട്ടിലേക്ക് പോകാനായി എല്ലാവരും റെഡിയായി കാറിൽ കയറി.. ഡ്രൈവ് ചെയ്തത് അക്ഷിത് ആയിരുന്നു... ആര്യ തന്റേതാവുന്ന നിമിഷത്തിന് വേണ്ടിയുള്ള ഈ കാൽവെപ്പിൽ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അവൻ അവളുടെ അടുത്തേക്ക് കുതിച്ചു...... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story