ക്യാമ്പസിലെ ചെഗുവേര: ഭാഗം 14

campasilechekuvera

രചന: മിഖായേൽ

സഖാവും ജിഷ്ണു ചേട്ടനും ഒഴികെ ബാക്കി എല്ലാവരും ക്ലാസിലേക്ക് ഒരു കൂട്ടത്തോടെ കയറി...വന്ന പാടെ 2nd year ലെ അഭിജിത്ത് ചേട്ടൻ ലെക്ച്വർ ബോർഡിന് അടുത്തേക്ക് നിന്ന് സംസാരിച്ചു തുടങ്ങി.... പ്രീയപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനി സുഹൃത്തുക്കളേ....!!! നമ്മുടെ ക്യാമ്പസ് ഈ വർഷത്തെ കോളേജ് ഇലക്ഷന് തയ്യാറെടുക്കുന്ന വിവരം നിങ്ങളെ അറിയിക്കാനാണ് ഞങ്ങൾ എത്തിയിരിക്കുന്നത്... നിങ്ങളെ ഈ campus ലേക്ക് welcome ചെയ്യാൻ വന്നപ്പോ ഞങ്ങൾ പറഞ്ഞിരുന്നു വർണ മനോഹരമായ ഒരു ക്യാമ്പസ് ഞങ്ങൾ നിങ്ങൾക്ക് നല്കാമെന്ന്....കലയും സൗഹൃദവും പ്രണയവും കടന്ന് ഇനിയുള്ള കുറച്ചു ദിവസങ്ങൾ നമുക്ക് ഈ ക്യാമ്പസിന്റെ രാഷ്ടീയ ചരിത്രത്തിനെയൊന്ന് അടുത്തറിയാം....അതറിയാതെ ഈ മൂന്ന് വർഷം കടന്നു പോകാൻ ഈ കോളേജും നിങ്ങളെ അനുവദിക്കില്ല..... നമ്മുടെ ക്യാമ്പസ് അതിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ അടിമുടി ഉൾക്കൊണ്ട് ചുവന്ന് ജ്വലിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ്... അതിന് വേണ്ടിയുള്ള കോളേജ് ഇലക്ഷൻ നോട്ടിഫിക്കേഷൻ ആണ് വന്നിരിക്കുന്നത്...ഇന്നു മുതൽ നമ്മളും നമ്മുടെ യൂണിയനും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്ക്വാണ്...

അത് നിങ്ങളെ ഓരോരുത്തരേയും അറിയിക്കാനും നിങ്ങളുടെ പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യാനുമാണ് ഞങ്ങളിവിടെ എത്തിയിരിക്കുന്നത്....!!! ആ ചേട്ടൻ കോളേജ് ഇലക്ഷനെപ്പറ്റി ഒരു മുഴു നീള പ്രസംഗം നടത്തിയപ്പോഴും സഖാവ് അതെല്ലാം കണ്ട് നെഞ്ചിന് മീതെ കൈ കെട്ടി വാതിൽക്കൽ തന്നെ നില്പുണ്ടായിരുന്നു.... എല്ലാം പറഞ്ഞ് കഴിഞ്ഞ് ക്യാമ്പെയ്ൻ അവസാനിപ്പിയ്ക്കുന്നതിന് തൊട്ടു മുമ്പ് തന്നെ സഖാവും ബാക്കി ടീംസും അടുത്ത ക്ലാസ് ലക്ഷ്യമാക്കി പോയി.... സഖാവിന്റെ ഒരടിപൊളി ക്യാമ്പെയ്ൻ കേൾക്കാൻ കാത്തിരുന്നതും നിരാശയായിരുന്നു ഫലം... അന്നത്തെ ദിവസം ബാക്കി പാർട്ടിക്കാരുടെ കൂടി ക്യാമ്പെയിൻ കൊണ്ട് മൂടി.... അങ്ങനെ ആകെമൊത്തം കോളേജിൽ ഒരു ഇലക്ഷൻ അന്തരീക്ഷം വന്നു നിറഞ്ഞു.... ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും മുമ്പ് കോളേജ് മുഴുവനും ഒന്ന് കണ്ണോടിച്ചു നടന്നു.... ചുറ്റും പല പാർട്ടികളുടെ ചുവരെഴുത്തിന് വേണ്ടിയുള്ള ബുക്കിംഗ് മാർക്കുകളും കൊടിതോരണങ്ങളുമായിരുന്നു...

ആ കുറഞ്ഞ സമയം കൊണ്ട് കോളേജ് ഒരു പടക്കളം ആയി തീർന്നൂന്ന് സാരം.... അന്ന് വൈകിട്ട് വീട്ടിലെത്തിയപ്പോ അച്ഛനോടും അമ്മയോടും പറയാൻ ഒരുപാട് ഇലക്ഷൻ വിശേഷങ്ങളുണ്ടായിരുന്നു.... അതെല്ലാം കേട്ട് അച്ഛൻ കോളേജിന്റെ കുറച്ചു രാഷ്ട്രീയ ചരിത്രം എനിക്ക് പറഞ്ഞു തന്നു... ശരിയ്ക്കും പറഞ്ഞാൽ ആ ക്യാമ്പസും അവിടുത്തെ രാഷ്ട്രീയവും എനിക്ക് അപ്പോഴാ കൃത്യമായി ബോധ്യമായത്.... അച്ഛൻ കുറച്ച് പുരോഗമന ചിന്താഗതിക്കാരനായതു കൊണ്ട് രാഷ്ട്രീയത്തിലൊക്കെ അല്പം താൽപര്യമുള്ള കൂട്ടത്തിലായിരുന്നു....അമ്മയും ഏതാണ്ട് അതുപോലൊക്കെ തന്നെ... അതുകൊണ്ട് എല്ലാം പറയുന്ന കൂട്ടത്തിൽ സഖാവ് പറഞ്ഞ കലാസ്കോഡിന്റെ കാര്യം കൂടി ഞാൻ രണ്ടാൾക്കും മുന്നിൽ അവതരിപ്പിച്ചു.... പ്രത്യക്ഷത്തിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലേലും "അധികം ഇടപെടണ്ടാന്നൊരു" ധ്വനി പരോക്ഷത്തിലുണ്ടായിരുന്നു.... ആദ്യം കിട്ടിയ സമ്മതം കേട്ട് ഞാൻ സന്തോഷത്തില് റൂമിലേക്ക് നടന്നു...

അത് ചൂടോടെ സംഗീതേ വിളിച്ചു പറഞ്ഞതും അവൾക്കും അത് വലിയ സന്തോഷമായി... അങ്ങനെ അന്നത്തെ രാത്രിയോടെ കലാസ്കോഡിന് ഏതാണ്ട് തീരുമാനമായി... പക്ഷേ മെയിൻ പ്രോബ്ലം അതൊന്നുമല്ല...ഈ കലാസ്കോഡ് എന്ന സംഭവം എന്താണെന്നറിയണേ ആ കലിപ്പൻ തന്നെ മനസ് വയ്ക്കണം...!!!!😌😌😌😌 പിന്നെ വെറുതെ ആലോചിച്ചു മുഷിയാതെ എഴുതാനുള്ള കുറച്ചു നോട്ടസ് കൂടി തീർത്ത് ലൈറ്റ് ഓഫാക്കി കിടന്നു.... പിറ്റേന്ന് രാവിലെ തന്നെ സരയൂ ബസ് പിടിച്ചു... കോളേജിൽ എത്തിയപ്പോ തന്നെ ആകെയൊരു മാറ്റം ഫീല് ചെയ്തിരുന്നു.... ചുറ്റും കൊടികളും ചുവരെഴുത്തുകളും തോരണങ്ങളും ആകെയൊരു പ്രത്യേക ഭംഗി തന്നെയായിരുന്നു.... ഞാനും സംഗീതയും അതെല്ലാം ശരിയ്ക്കും ആസ്വദിച്ചു കണ്ടു.... ഓഫീസിന് മുന്നിൽ എത്തിയതും ഒരുകൂട്ടം students അവിടെ നില്ക്കുന്ന കാഴ്ചയായിരുന്നു കണ്ടത്...സഖാവ് വളരെ തിടുക്കപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്ക്വേം ഓടുകേം ചെയ്യുന്നുണ്ടായിരുന്നു...

ഇടയ്ക്കൊക്കെ ആരെയോ ഫോണില് വിളിയ്ക്കുന്നതും കണ്ട് ഞങ്ങള് ഓഫീസിന് മുന്നിലേക്ക് നടന്നു... പെട്ടെന്നാ സഖാവ് എനിക്കടുത്തേക്ക് ഓടിയടുത്തത്...ഞാനും സംഗീതയും ആ വരവ് കണ്ട് നടത്തം ഒന്ന് slow ചെയ്തു... നിന്റെ ID card എവിടെ...?? ഞാനതു കേട്ട് കഴുത്തിലിട്ടിരുന്ന ID യിൽ കൈ ചേർത്തു... രണ്ടാളുടേയും ID പെട്ടെന്ന് ഊരിത്തന്നേ...!! ഞാനതു കേട്ട് കണ്ണും മിഴിച്ചു നോക്കി നിന്നു... പെട്ടെന്ന് തരാൻ...!!! അത് കേട്ടതും ഞാനും സംഗീതയും ഒരുപോലെ ID തിടുക്കപ്പെട്ട് കഴുത്തിൽ നിന്നും ഊരി സഖാവിന്റെ കൈയ്യിലേക്ക് കൊടുത്തു... ഒരെണ്ണം കൂടി വേണം...ക്ലാസിൽ ചെന്ന് നല്ല വിശ്വാസമുള്ള ഒരാൾടെ കൂടി ID വാങ്ങി പെട്ടെന്ന് ഓഫീസിനടുത്തേക്ക് വരണം..ഞാനവിടെ ഉണ്ടാവും... അത്രയും പറഞ്ഞ് സഖാവ് കാറ്റുപോലെ ഓഫീസിനടുത്തേക്ക് പാഞ്ഞു...അത് കണ്ട് ഞാനും സംഗീതയും ഒന്നും മനസിലാകാത്ത പോലെ മുഖത്തോട് മുഖം നോക്കി നിന്നു പോയി... പിന്നെ തിടുക്കപ്പെട്ട് ക്ലാസിലേക്ക് ഒരോട്ടമായിരുന്നു...

നേരെ ക്ലാസിൽ ചെന്ന് അൻസീടെയും ഗൗതത്തിന്റെയും ID വാങ്ങി ഓഫീസിനടുത്തേക്ക് നടന്നു... അല്പം പേടിയോടെയായിരുന്നു നടന്നത്... വന്നപ്പോ കണ്ടത് പോലെയുള്ള തിരക്കും ബഹളവുമൊന്നും അവിടെ ഉണ്ടായിരുന്നില്ല...ഞാനും സംഗീതയും അവിടമാകെ സഖാവിനെ തിരഞ്ഞതും അഭിജിത്ത് ചേട്ടൻ ഞങ്ങളേം കൂട്ടി 2nd Politics ലേക്ക് നടന്നു....ആ ചേട്ടന്റെ കൂടെ അവിടേക്ക് നടക്കുമ്പോഴും എന്തിനാണ് പോകുന്നതെന്ന ബോധ്യം ഞങ്ങൾക്കില്ലായിരുന്നു.... നേരെ ക്ലാസിലേക്ക് കയറിയതും പാർട്ടിക്കാർ മുഴുവനും ആ റൂമിൽ തന്നെയുണ്ടായിരുന്നു... പക്ഷേ എല്ലാവരും വലിയ തിരക്കിലായിരുന്നു...ഓരോരുത്തരുടേയും കൈയ്യിൽ എന്തൊക്കെയോ ഫോമുകളും പേപ്പറുകളും ഉണ്ടായിരുന്നു...അവരത് ഫില്ല് ചെയ്യുന്ന തിരക്കിലും...ഞങ്ങളെ രണ്ടാളെയും കണ്ടതും സഖാവ് കുറേ ഫോം എടുത്ത് എന്റെ കൈയ്യിലേക്ക് തന്നു....!!! ദേ ഈ ഫോം പെട്ടെന്ന് ഫില്ല് ചെയ്ത് തരണം... എങ്ങനെ വേണംന്ന് അഭി പറഞ്ഞു തരും....

സഖാവ് വീണ്ടും മറ്റുള്ളവരിലേക്ക് ശ്രദ്ധ തിരിച്ചു... ഇത്...ഇതെന്തിനുള്ള ഫോമാ... എനിക്ക് മനസിലായില്ല...!!! എന്റെ ചോദ്യം കേട്ട് സഖാവ് വീണ്ടും എനിക്കടുത്തേക്ക് വന്നു നിന്നു... ഇത് ഇലക്ഷൻ നോമിനേഷൻ ഫോം ആണ്...നിന്നെ 1st Dc rep ആയി നിർത്തിയാലോന്നൊരു ആലോചനയുണ്ട്....ഒരു ചാൻസ് മാത്രം... തീരുമാനം ആയിട്ടില്ല...പകരം ആളെ തീരുമാനിയ്ക്കും വരെ ഡമ്മി നോമിനേഷൻ നിന്റേതാണ്..... ചെല്ല് ചെന്നു ഫില്ല് ചെയ്തു വാ...ആ പിന്നെ...ID വാങ്ങിയോ...?? ഞാനതിന് തലയാട്ടി കൈയ്യിലിരുന്ന ID രണ്ടും സഖാവിന് നേർക്ക് നീട്ടി... സഖാവ് രണ്ട് കാർഡും സൂക്ഷ്മമായി ഒന്നു നോക്കി ഗൗതത്തിന്റേത് എന്റെ കൈയ്യിലേക്ക് തന്നെ തിരികെ തന്നു.... ഇത് ആവശ്യമില്ല...girls candidates നെ boys support ചെയ്യാനോ nominate ചെയ്യാനോ കഴിയില്ല... സംഗീതയാണ് നിന്നെ nominate ചെയ്യുന്നത്...അൻസിയ അതിനെ support ചെയ്യും..ഫോം complete ഫില്ല് ചെയ്ത് ഇവരുടെ രണ്ടാൾടെയും sign ഉം പിന്നെ ക്ലാസ് ട്യൂട്ടറിന്റെയും HOD ടെയും sign ഉം വാങ്ങി വരണം... ഞാനതു കേട്ട് അമ്പരന്ന് സഖാവിനെയൊന്ന് നോക്കി.... എനിക്ക്..... എനിക്ക് വോട്ടിന് നില്ക്കാനൊന്നും ഇഷ്ടമല്ല..

വീട്ടിൽ സമ്മതിക്കില്ല... ഞാൻ തലകുനിച്ച് നിന്ന് പറഞ്ഞതും സഖാവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... ഈ ക്യാമ്പസിലെ നൂറ് നൂറ്റമ്പത് പേര് ആഗ്രഹിക്കുന്ന ഒരു സൗഭാഗ്യമാ നിന്റെ കൈയ്യിലിരിക്കുന്നത്...ഇതിന്റെ വില അറിയ്വോ നിനക്ക്...!! students union ന്റെ ഒരു nomination paper ൽ നിന്റെ പേര് പതിയാനുള്ള യോഗ്യത ഇല്ലാന്ന് നന്നായിട്ടറിയാം...ഞാൻ പറഞ്ഞല്ലോ ഇത് ഡമ്മി നോമിനേഷൻ ആണ്... ചിലപ്പോ ഈ നോമിനേഷനിൽ നീ മത്സരിച്ചൂന്നും വരും... അതിന് നിന്റെ സമ്മതത്തിന്റെ ആവശ്യമൊന്നുമില്ല....!!! ഭീഷണിയായി പറയുന്നതൊന്നുമല്ല... ശരിയ്ക്കും ഇത് നിന്റെ ലൈഫിൽ കിട്ടുന്ന വിലമതിയ്ക്കാനാവാത്ത ഒരു സമ്മാനമായിരിക്കും... ഇതിനുമപ്പുറം ഈ ക്യാമ്പസിനെ അടുത്തറിയാൻ നിനക്ക് മറ്റൊരവസരവും കിട്ടില്ലാന്ന് സാരം... അതുകൊണ്ട് നീലാംബരി പോയി ഫോം ഫിൽ ചെയ്ത് വാ.... അത്രയും പറഞ്ഞ് സഖാവ് തിരിഞ്ഞു നടന്നതും ഞാനാ ഫോം ആകെത്തുക ഒന്ന് നോക്കി നിന്നു... പിന്നെ അധികം സമയം കളയാതെ ഞാനും സംഗീതയും ചേർന്ന് അഭിച്ചേട്ടന്റെ സഹായത്തോടെ ഫോം ഫിൽ ചെയ്തു...സമയം ഏതാണ്ട് ഉച്ചയോടടുത്തതും എല്ലാവരും ഒരുവിധം തിരക്കുകളൊഴിഞ്ഞ് പണികളെല്ലാം തീർത്തിരുന്നു....

എനിക്ക് വേണ്ടി കരുതിവെച്ച രണ്ട് ID കളും ഫില്ല് ചെയ്ത ഫോമും ഉൾപ്പെടെ സഖാവിനെ ഏൽപ്പിച്ചാണ് ഞങ്ങൾ ക്ലാസിലേക്ക് പോയത്.... അത്രേം ആയപ്പോഴേക്കും ഐശ്വര്യമായി ഞങ്ങൾടെ രണ്ടാൾടെയും ഹാഫ് ഡേ അറ്റന്റൻസ് പോയിക്കിട്ടി..... പിന്നെ ബാക്കിയുള്ള സമയം ക്യാമ്പെയിനും ഫ്രീ hours മായി കടന്നു പോയി.... അന്നത്തെ ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില് ചെന്നപ്പോ ആകെയൊരു പേടിയോടെയായിരുന്നു അച്ഛനോടും അമ്മയോടും എല്ലാം അവതരിപ്പിച്ചത്... പക്ഷേ അവർക്ക് അതൊരു problem മേ ആയിരുന്നില്ല...വലിയ രാഷ്ട്രീയ നേതാവാകാനൊന്നും പോകാതെ നിന്നാൽ മതിയെന്ന ഒരു ഉപദേശവും തന്നിരുന്നു... എങ്കിലും അവരുടെ ഭാഗത്ത് നിന്നും കിട്ടിയ പച്ചക്കൊടീടെ ബലത്തിലാണ് പിറ്റേന്ന് കോളേജിലേക്ക് പോയത്.... അന്നായിരുന്നു നോമിനേഷൻ സമർപ്പിക്കുന്നത്... സഖാവ് പറഞ്ഞതനുസരിച്ച് ക്ലാസിൽ കയറാൻ നില്ക്കാതെ ഞാനും എനിക്ക് കൂട്ടായി സംഗീതയും ഓഫീസിനടുത്ത് തന്നെ നിലയുറപ്പിച്ചു...ഒരുവിധം എല്ലാവരും എത്തിയതും എല്ലാ സീറ്റിലേക്കുമായുള്ള നോമിനേഷൻ പേപ്പർസ് ഞാൻ ഓഫീസിൽ സമർപ്പിച്ചു...

പിന്നെയുള്ള സമയം ക്ലാസിലേക്കൊന്ന് എത്തിനോക്കാൻ പോലും സഖാവും ഗ്യാങും അനുവദിച്ചില്ല എന്നുവേണം പറയാൻ...ഞാനും സംഗീതയും ആകെ ബിസിയായി.... ബാക്കി പാർട്ടിക്കാര് നോമിനേഷൻ സമർപ്പിച്ചു കഴിയും വരെ ഞങ്ങള് history ക്ലാസ് റൂമിൽ തന്നെ wait ചെയ്തു....അപ്പോഴാ ജിഷ്ണു ചേട്ടൻ തിടുക്കപ്പെട്ട് സഖാവിനടുത്തേക്ക് വന്നത്... ഘോഷേ... ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റില് കിരൺ നോമിനേഷൻ കൊടുക്കാൻ പോകുവാന്ന്...!!! അത് കേട്ടതും സഖാവ് ഇരുന്ന ഡസ്കീന്ന് ചാടിയിറങ്ങി...മുഖമൊക്കെ ആകെ വരിഞ്ഞു മുറുകിയിരിക്ക്യായിരുന്നു... ആര് പറഞ്ഞു നിന്നോട്...??? ആദർശ്...അവനും കിരണും അതിന്റെ പേരിൽ ചെറിയ വാക്ക് തർക്കം ഉണ്ടായി...ഞാനത് കണ്ട് അധികം സീനാക്കാൻ നിൽക്കാതെ അവനേം കൂട്ടി ക്ലാസിലാക്കീട്ടാ വന്നേ...!!!

അവനോട് ആര് പറഞ്ഞു അവിടെ ചെന്ന് ഇടപെടാൻ..അവൻ ചെയർമാൻ candidate ആവാനുള്ളവനാ...ഈ ഒരവസരത്തിൽ ഇവനെയൊക്കെ എന്ത് ചെയ്യണം....😠😠😠😠 സഖാവ് എസ്കലേറ്റ് കലിപ്പ് ഓൺ ചെയ്ത് മുണ്ട് മടക്കി കുത്തി ക്ലാസിന് പുറത്തേക്ക് നടന്നതും ഞങ്ങളും ആ പോക്ക് കണ്ട് അതിന് പിന്നാലെ വച്ച് പിടിച്ചു....!!! പെട്ടെന്നാ സഖാവ് ഒന്ന് തിരിഞ്ഞ് നിന്ന് ഒരുപദേശം തന്നത്... നോമിനേഷൻ ലെറ്റർ കൊടുത്ത ആരും ഈ ക്ലാസ് വിട്ട് പുറത്തിറങ്ങാൻ പാടില്ല... അതുപോലെ കൈയ്യിൽ കരുതിയിരിക്കുന്ന ID cards എന്റെ അനുവാദമില്ലാതെ ഒരു കാരണവശാലും തിരികെ കൊടുക്കരുത്.... അത്രയും പറഞ്ഞ് സഖാവ് പുറത്തേക്ക് ഒരോട്ടമായിരുന്നു....!!! സഖാവ് പറഞ്ഞത് കേൾക്കാനുള്ള ക്ഷമ കാണിക്കാതെ അവർക്ക് കുറച്ചു പിന്നിലായി ഞങ്ങളും തിടുക്കപ്പെട്ട് നടന്നു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story