ചെകുത്താൻ-2❣️: ഭാഗം 5

chekuthan-2

എഴുത്തുകാരി: പ്രണയാഗ്നി

ഡോർ ബെൽ മുഴങ്ങിയത് കേട്ട് കൊണ്ടാണ് രുദ്രൻ കണ്ണുകൾ തുറന്നത്... സമയം രാവിലെ പന്ത്രണ്ട് മണി ആയിട്ടുണ്ട്... ദിവയെ കോളേജിലേക്ക് പറഞ്ഞു വിട്ട് അല്പം കിടന്നതാണ്.... അവൻ മെല്ലെ എഴുന്നേറ്റ് ഉമ്മറത്തെ കതക് തുറന്നു.... പുറത്ത് നിൽക്കുന്ന സ്ത്രീയെ കണ്ട് ആദ്യം ഒന്ന് സംശയിച്ചു... കുറച്ചു നേരം സൂക്ഷിച്ചു നോക്കിയതും ആളെ മനസ്സിലായെന്ന പോലെ തലതാഴ്ത്തി.... "നീ തല താഴ്ത്തണ്ട..." പിറകെ വന്നു നിന്ന സച്ചു അതും പറഞ്ഞു പടിയിലേക്ക് കയറി നിന്നു... രുദ്രൻ മുഖമുയർത്തി.... കണ്ണുകളിൽ എന്തോ വല്ലാത്തൊരു കുറ്റബോധം... "നിന്നെ കാണണം എന്ന് ഒരുപാടായി പറയുന്നു... മോനേം... പിന്നെ നിനക്ക് ഇഷ്ട്ടമായില്ലേലോ എന്ന് കരുതി കൊണ്ടു വന്നില്ല... ഇന്നലെ വാശി പിടിച്ചതും രാത്രി തന്നെ പുറപ്പെട്ടു... അത് കൊണ്ട് ഇപ്പൊ ഇവിടെ എത്തി... ജാനുവേട്ടത്തി കയറ്...." ജാനുവേട്ടത്തിയുടെ സാധനങ്ങൾ എല്ലാം സച്ചു അകത്തേക്ക് കൊണ്ടു വെച്ചു... ജാനുവേട്ടത്തി രുദ്രനെ കൂർപ്പിച്ചു നോക്കി... ആ നീര് വന്നു മങ്ങി കിടക്കുന്ന കണ്ണുകളിൽ പരിഭവം നിറഞ്ഞു നിന്നിരുന്നു...

. "കയറി വാ..." സ്വന്തം അമ്മയോടെന്ന പോലെ രുദ്രൻ പറഞ്ഞു... കൈകൾ അവർക്കായി നീട്ടി... ജാനുവേട്ടത്തിയുടെ ചുളിവ് വീണ വിറക്കുന്ന കൈകൾ അവന്റെ കൈകളിൽ അമർന്നു.... "നീ എന്നാലും എന്നെ മറന്നെല്ലോടാ..." ആ ശബ്‌ദം ഇടറി... പ്രായത്തിന്റെ അവശത കൊണ്ടോ...?? സങ്കടം കൊണ്ടോ എന്നറിയില്ല.... രുദ്രൻ അവരെ ചേർത്തു പിടിച്ചു... ആ നെറുകയിൽ ചുണ്ടുകൾ അമർത്തി.... അമ്മയെ തിരിച്ചു കിട്ടിയ ഫീലായിരുന്നു അവന്... സന്തോഷമോ സങ്കടമോ... എന്തെല്ലാമോ ആ നിമിഷം അവനിലൂടെ കടന്നു പോയി... "നിന്നോട് ഒരുപാട് കഥകൾ പറയാനും നിന്നിൽ നിന്നും കേൾക്കാനും ഒക്കെ ഉണ്ട്..." താൻ ഉണ്ടാക്കിയ ഉണ്ണിയപ്പം രുദ്രന്റെ വായിലേക്ക് അവർ വെച്ചു കൊടുത്തു... അവനായി ആഗ്രഹിച്ചു ഉണ്ടാക്കിയത് കൊണ്ടാകണം അതിന് വല്ലാത്ത രുചി തോന്നി അവന്.... "എവിടെ എന്റെ മോൻ...??" ജാനുവേട്ടത്തിയുടെ കണ്ണുകൾ ദിവക്കായി ചുറ്റും ഓടി... "അവൻ കോളേജിൽ പോയിരിക്കുവാണ്..." രുദ്രൻ അവരുടെ കയ്യിലെ ബാക്കി വന്ന ഉണ്ണിയപ്പം വാങ്ങി വായിലേക്കിട്ടു...

"നിങ്ങള് പോയതിൽ പിന്നെ ആ റാമിന്റെ ആളുകൾ അവിടെ വന്നിരുന്നു... അവനാണ് മോനെ ഇതിനു പിന്നിൽ... അവനും വന്നായിരുന്നു..." അത് കേട്ടതും രുദ്രന്റെ കണ്ണുകൾ ചുവന്നു.... എവിടെയോ അവനിൽ ഉറങ്ങി കിടന്ന ചെകുത്താൻ ഉണർന്നു... "ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല... നിങ്ങള് ഇവിടെ സുരക്ഷിതരല്ലേ... മോനെ കണ്ടാലേ എനിക്കിപ്പോ ഒരു സമാധാനം കിട്ടാത്തുള്ളൂ..." അതും പറഞ്ഞു ജാനുവേട്ടത്തി ഒന്ന് നീട്ടി ശ്വാസം എടുത്തു വിട്ടു... രുദ്രന്റെ ചോര തിളക്കുവായിരുന്നു... റാമിനെ കൊല്ലാനുള്ളത്ര ദേഷ്യം അവന്റെ ഉള്ളിൽ നിറഞ്ഞു... അവനോടുള്ള ദേഷ്യം അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു... എന്നാൽ ഇപ്പൊ താൻ സുരക്ഷിതമാണല്ലോ... തന്റെ കുഞ്ഞ് തന്റെ കൂടെ ഉണ്ടല്ലോ എന്നതാണ് അവനെ തണുപ്പിച്ചത്....  വഴിയോരത്തെ കല്ലുകൾ തട്ടി തെറുപ്പിച്ചു കൊണ്ടാണ് ദിവാൻഷ് നടന്നത്... മണ്ണിന്റെ മണമുള്ള കാറ്റിനൊപ്പം അവന്റെ മുടി പാറി.... വീട്ടിലേക്ക് ഉള്ള വേലി കടക്കും മുന്നേ അവൻ ദുർഗ്ഗയുള്ള വീടൊന്ന് നോക്കി...

കണ്ണുകൾ ആദ്യം തേടിയത് ജനാലക്കരികിൽ ഇരിക്കാറുള്ള സ്ത്രീയെ ആണ്... അവിടെ കണ്ടില്ല... അവൻ തിരിഞ്ഞു നടന്നു.... ഉമ്മറ പടിക്ക് താഴെ അപരിചതമായ ചെരുപ്പ്... അതും പ്രായം ചെന്നവർ ഉപയോഗിക്കുന്ന മോഡൽ... അവന്റെ നെറ്റി ചുളിഞ്ഞു... തിണ്ണയിൽ വെച്ച മൂളിയിൽ നിന്നും വെള്ളമെടുത്തു കാലു കഴുകി ദിവ അകത്തേക്ക് കയറി... "അച്ഛേ....!!"" എന്നത്തേയും പോലെ അവന്റെ വിളി അവിടെ ഉയർന്നു... മുണ്ടൊന്നൂടെ മുറുക്കി ഉടുത്തു വരുന്ന രുദ്രനെ നോക്കി അവൻ പുഞ്ചിരിച്ചു... "നീ വന്നോടാ..." അവനെ ചേർത്ത് പിടിച്ചു രുദ്രൻ സോഫയിലേക്കിരുന്നു... "ഞാൻ ഒന്ന് കുളിച്ചിട്ട് വരാം..." ബാഗിൽ നിന്നും രുദ്രന് വേണ്ടി വാങ്ങിയ ഒരു മോതിരം ആ വിരലിലേക്ക് ഇട്ട് കൊടുത്തു നെറ്റിയിൽ ഒരുമ്മ കൊടുത്തു ദിവ മുകളിലേക്ക് ചെന്നു... കതക് തുറന്നു റൂമിലേക്ക് ചെന്നു.... ആദ്യം ഓടിയത് ജനാലക്കരികിലേക്കാണ്... അതിലൂടെ നോക്കിയാൽ അപ്പുറത്തെ വീട് നന്നായി കാണാം... അവൻ അവിടേക്ക് നോക്കി... ഇന്ന് കാണാനില്ലല്ലോ...!!

അവൻ നിരാശയോടെ തിരികെ വന്നു ബെഡിലിരുന്നു... എന്നും മുറ്റത്തേക്ക് നോക്കി മുന്നിലേക്ക് തൂങ്ങുന്ന അലസമായ മുടി ഒന്ന് ഒതുക്കി പോലും വെക്കാതെ ആ സ്ത്രീ അവിടെ ഉണ്ടാകറുള്ളതാണ്... അവരെ എന്നും കാണുന്നതും ദിവക്ക് വലിയ സന്തോഷമായിരുന്നു.... ഇന്ന് കണ്ടില്ലെന്ന നിരാശയോടെ തന്നെ ദിവ ഡ്രെസ് എടുത്തു ബാത്റൂമിലേക്ക് കയറി.... ഫ്രഷ് ആയി വന്നു താഴേക്ക് ചെന്നു.... ടേബിളിൽ ഇന്ന് പതിവിലും കൂടുതൽ വിഭവം... അവന്റെ കണ്ണുകൾ വിടർന്നു... ഓടി ചെന്ന് ഉണ്ണിയപ്പം ഒന്നെടുത്തു... അതിന്റെ രുചി ആസ്വദിച്ചു.... വല്ലാത്ത ഇഷ്ട്ടം ആ രുചിയോട്... "ഇതെവിടുന്നു വാങ്ങി...??" അവന്റെ ചോദ്യം... സോഫയിൽ ഇരുന്ന രുദ്രൻ ചിരിച്ചു.... എഴുന്നേറ്റ് അവന്റെ അടുത്തേക്ക് വന്നു... ഒരു സ്റ്റൂൾ വലിച്ചിട്ടവിടെ ഇരുന്നു.... ഇത് എവിടെന്നും വാങ്ങിയതല്ല... ആ നിൽക്കുന്ന ആള് ഉണ്ടാക്കിയതാണ്... " രുദ്രൻ ചൂണ്ടിയാ ഭാഗത്തേക്ക് അവന്റെ കണ്ണുകളും നീങ്ങി... പുഞ്ചിരിയോടെ തന്നെ നോക്കുന്ന സ്ത്രീ... അവനും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.... "ഇതാരാ... പുറത്ത് പരിചിതമല്ലാത്ത ചെരുപ്പ് കണ്ടിരുന്നു..." അവൻ സംശയത്തോടെ രുദ്രന് നേരെ തിരിഞ്ഞു... അവൻ ഒന്ന് പുഞ്ചിരിച്ചു... കൈകൊണ്ട് ജാനുവേട്ടത്തിയോട് അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു..

. "ഇത്..." അവൻ പൂർത്തിയാക്കാതെ ജാനുവേട്ടത്തിയെ നോക്കി... പിന്നെ ദിവയെ നോക്കി മെല്ലെ പുഞ്ചിരിച്ചു... "ഇതെന്റെ അമ്മയാണ്... നിന്റെ മുത്തശ്ശി..." രുദ്രന്റെ വാക്കുകൾ കേൾക്കെ ജാനുവേട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞു... ദിവാൻഷ് അവരെ നോക്കി... "മുത്തശ്ശി..." ആ വിളി മതിയായിരുന്നു സ്വർഗം കീഴടക്കിയ സന്തോഷം അവർക്ക് ലഭിക്കാൻ... മനസ്സിന് വല്ലാത്ത സന്തോഷം പോലെ....  "എന്നെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്..." തന്റെ മുന്നിൽ നിൽക്കുന്ന റാമിനെ നോക്കി ദുർഗ്ഗ ചോദിച്ചു... ചിലമ്പിച്ചു പോയിരുന്നു അവളുടെ ശബ്‌ദം... റാം അവളെ നോക്കി ചുണ്ട് കോട്ടി പുച്ഛിച്ചു... "എന്തിനാണെന്നോ... എന്നെ നാട്ടുകാരുടെ മുന്നിൽ ഇട്ട് നീയും നിന്റെ മാറ്റവനും കൂടിയാണ് നാണം കെടുത്തിയത്... അതുമല്ല... ഞാൻ ആഗ്രഹിച്ചത് ആദ്യമായാണ് നഷ്ട്ടമാകുന്നത്... അങ്ങനെയുള്ള നിന്നെ ഞാൻ പിന്നെ എന്താടി ചെയ്യേണ്ടത്..." റാം അവളുടെ മുടിയിൽ കുത്തി പിടിച്ചു... അവൾ വേദന കൊണ്ട് പുളഞ്ഞു... അവളുടെ ഒരോ വേദനയും റാം ആസ്വദിക്കുകയായിരുന്നു...

ഒരു ഭ്രാന്തനെ പോലെ... "എന്നെ അങ്ങു കൊന്നൂടെ..." അവൾ ഉള്ളിൽ തട്ടി ചോദിച്ചതാണ്... അത്രയും അനുഭവിച്ചു കഴിഞ്ഞിരുന്നു ആ പാവം... അവളുടെ കണ്ണുകളിൽ നനവ് പടർന്നു.... "നിന്നെ അങ്ങനെ ഒന്നും ഞാൻ കൊല്ലില്ല... ഇത് പോലെ ഇനിയും ഉണ്ട് നീ അനുഭവിക്കാൻ... നിന്റെ മോനെ കൊല്ലണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു... എന്നാൽ നിന്റെ മറ്റവൻ അവനേം കൊണ്ടു എങ്ങോട്ടോ പോയി... സാരമില്ല... എനിക്ക് നിന്നെ മതി..." അതും പറഞ്ഞു റാം പൊട്ടി ചിരിച്ചു... അവന്റെ ചിരിയിലേക്ക് ദുർഗ്ഗ അറപ്പോടെ നോക്കി.... "നാളെ മുതൽ നീ ഒറ്റക്കാണ് ഇവിടെ ഉണ്ടാവുക... കാലിൽ ഇത്രയും കാലം ചങ്ങല ഇട്ടത് കൊണ്ട് നിനക്ക് എവിടേക്കും ഓടി രക്ഷപ്പെടാൻ ആകില്ലെന്ന് അറിയാം..." റാം പുച്ഛിച്ചു... അവന്റെ പരിഹാസം നിറഞ്ഞ ചിരി കാങ്കേ അവളുടെ ഉള്ളിൽ അവനോടുള്ള വെറുപ്പ് കൂടി വന്നു... മുഖത്തേക്ക് വലിച്ചെറിഞ്ഞ കുറച്ചു സാരികളുടെ പുതിയ മണം അവളുടെ നാസികയിലേക്ക് കയറി... "നാളെ മുതൽ നീ അണിഞ്ഞൊരുങ്ങിക്കോ... കുറെ ആയില്ലേ മുഷിഞ്ഞ ഈ സാരി... ഇനി ഓരോ ദിവസം ഓരോന്നിട്ടോ..." അവൻ പരിഹസിച്ചു... ദുർഗ്ഗയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു....

കോളേജില്ലാത്ത സന്തോഷത്തോടെ ആണ് അന്ന് ദിവ ഉണർന്നത്... ഫ്രഷ് ആയി വന്നവൻ ആദ്യം പോയത് മുറ്റത്തേക്കാണ്.... കണ്ണുകൾ ദുർഗ്ഗയുള്ള വീട്ടിലേക്ക് എത്തി നോക്കി... പുറത്ത് കാവൽ നിന്ന ഗുണ്ടകളെ കാണാനില്ല... എവിടെ പോയി... അവൻ ചുറ്റും തിരഞ്ഞു... "നീ എന്താടാ നോക്കുന്നെ...??" പിറകിൽ നിന്നും രുദ്രന്റെ ചോദ്യം കേട്ടതും അവൻ കണ്ണുകൾ ഇറുക്കി അടച്ചു നാക്ക് കടിച്ചു.... പിന്നെ കണ്ണുകൾ തുറന്ന് ഒന്നും ഇല്ലാത്ത മട്ടിൽ തിരിഞ്ഞു നോക്കി... "അത് ഒന്നുല്ല അച്ഛാ... ഞാനാ ചെമ്പരത്തിയെ നോക്കുവായിരുന്നു..." അവൻ ദുർഗ്ഗയുള്ള വീടിനു മുന്നിലെ വലിയ ചെമ്പരത്തി കൊമ്പിൽ വിടർന്നു നിൽക്കുന്ന ചെമ്പരത്തി ചൂണ്ടി കാണിച്ചു... അവൻ ചൂണ്ടിയ ഭാഗത്ത് മറ്റൊരു ചെമ്പരത്തി കൂടി ഉണ്ടായിരുന്നു... അതിനപ്പുറം റൂമിൽ ജനാലയിൽ ചാരി നിസ്സഹായയായി ഇരിക്കുന്ന ചെമ്പരത്തി.... "മ്മ്മ്... നീ അതും ഇതും നോക്കാതെ പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ നോക്ക്..." മിറ്റത്തെ അയയിൽ നിന്നും തോർത്തെടുത്തു അതും പറഞ്ഞു രുദ്രൻ അകത്തേക്ക് കയറി പോയി... അവൻ വീണ്ടും അവിടേക്ക് നോക്കി... പ്രതീക്ഷിച്ച പോലെ അവൻ ദുർഗ്ഗയെ കണ്ടു... ഇന്ന് എന്നത്തേയും പോലെ അല്ലായിരുന്നു...

അലസമായി മുടിഴിയകൾ അവളുടെ മുഖത്തെ മറച്ചില്ലായിരുന്നു.... അവൻ കൈ ഉയർത്തി ഒന്ന് വീശി... ദുർഗ്ഗ കാണുന്നില്ലായിരുന്നു... അവളുടെ മനസ്സ് പല ചിന്തകളിലും കുരുങ്ങിയങ്ങനെ കിടക്കുകയായിരുന്നു... "നോക്കുന്നില്ലല്ലോ..." അവൻ ചുണ്ടുകൾ പിളർത്തി... "ആര് നോക്കുന്നില്ലെന്ന്...??" പുറകിൽ നിന്നും ജാനുവേട്ടത്തിയുടെ ശബ്‌ദം... അവൻ തിരിഞ്ഞു നോക്കി... "ഏയ്‌..." ഒന്നും അറിയാത്ത മട്ടിൽ അവൻ അതും പറഞ്ഞു അകത്തേക്ക് കയറി... തുറന്നിട്ട ജനാലയിലൂടെ ദുർഗ്ഗ പുറത്തേക്ക് നോക്കി... ഇന്ന് താൻ ഒറ്റക്കാണ്... പഴകിയ വസ്ത്രങ്ങൾക്ക് പകരം നല്ലതാണ് തന്നെ അണിയിച്ചിരിക്കുന്നത്... ഇന്ന് മുതൽ താൻ മാത്രമാണ്... എങ്കിൽ കൂടി അവൾക്ക് രക്ഷപ്പെടാൻ ആകുമായിരുന്നില്ല.... ചങ്ങല കൊണ്ട് ബന്ധിച്ച തന്റെ കാലുകളിന്ന് സ്വാതന്ത്രമാണ്... എന്നാൽ തനിക്ക് നടക്കാൻ ബുദ്ധിമുട്ടാണ്... കാലു ചങ്ങല ഉരസി പൊട്ടി ചോര കിനിഞ്ഞിട്ടുണ്ട്.... അങ്ങനെ ഓരോന്നോർത്ത് ജനൽ കമ്പിയിൽ ചാരി ഇരിക്കുമ്പോയാണ് മുറ്റത്തേക്ക് ദിവ വന്നത് അവൾ കാണുന്നത്.... "ഹേയ്..." തന്നെ നോക്കി പുഞ്ചിരിയോടെ കൈ വീശുന്ന ദിവാൻഷിനെ കണ്ട് അവൾ സംശയത്തോടെ നോക്കി... ആരായിരിക്കും അവൻ...??

അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്നത് കണ്ടിട്ടാവണം അവൻ ഉറക്കെ പറയുന്നുണ്ടായിരുന്നു... "ഞാൻ അപ്പുറത്തെയാ..." അവൻ വീട്ടിലേക്ക് ചൂണ്ടി... അവൾ അവിടേക്ക് നോക്കി... അങ്ങനെ ഒരു വീട് ഉള്ളത് പോലും ഇന്നാണ് കാണുന്നത്... സാന്ദ്രയുടെ വരവോടെ നിലച്ചതാണ് പുറത്തിറങ്ങാൻ ഉള്ള അനുവാദം... പുഞ്ചിരിയോടെ തന്നെ നോക്കുന്ന ദിവയെ നോക്കി അവളും മെല്ലെ പുഞ്ചിരിച്ചു.... "എന്താ പുറത്തേക്കൊന്നും ഇറങ്ങാത്തെ...??" അവൻ ഉറക്കെ വിളിച്ചു ചോദിച്ചു... ദുർഗ്ഗയുടെ മുഖം മങ്ങി... അത് ശ്രെദ്ധിച്ച ദിവ അവളോട്‌ താഴേക്ക് വരാൻ കൈകൊണ്ട് കാണിച്ചു.... അവൾ. കാലുകളിലേക്ക് നോക്കി.... പതിയെ അവിടെ നിന്നും എഴുന്നേറ്റു... വേദന നിറഞ്ഞ കാലുകൾ മെല്ലെ നീട്ടി വലിച്ചവൾ താഴേക്ക് ചെന്നു.... കതക് തുറന്നു.... ഉമ്മറ പടിയിലേക്ക് ചിരിയോടെ കയറി നിൽപ്പുണ്ട് ദിവ.... ദുർഗ്ഗ അവിടേക്ക് നടന്നു... നീട്ടി വലിച്ചു ഇഴയുന്ന പോലെ വരുന്ന ദുർഗ്ഗയുടെ കാലുകളിലേക്ക് അവൻ നോക്കി... സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച...

ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉണ്ട്... അവന് വല്ലാണ്ടായി... "ആരാ നീ..." നേർത്തു പോയിരുന്നു ആ ശബ്‌ദം... തൂൺ പിടിച്ചു തിണ്ണയിലേക്കിരുന്നു... വീഴാൻ പോയതും ദിവ താങ്ങി പിടിച്ചു... ആ അമ്മ മനസ്സിൽ സ്വന്തം മകനോടെന്ന പോലെ സ്നേഹം കടന്നു വന്നു.... "ഞാൻ അപ്പുറത്തുള്ളതാണ്... കുറെ ആയി ഇങ്ങനെ ഒരാളെ കുറിച്ച് കേൾക്കുന്നു... വീടിന്റെ ഓണറുടെ മകൻ പറഞ്ഞു ഒരു ഭ്രാന്തി ആണ് ഇവിടെ എന്ന്..." ദിവാൻഷ് ദുർഗ്ഗക്കടുത്തായി ഇരുന്നു... അവൾ മെല്ലെ പുച്ഛത്തോടെ ഭ്രാന്തിയെന്നത് ഓർത്തു ചിരിച്ചു.... "ശെരിയാണ്... ഭ്രാന്തി തന്നെ..." അവളുടെ കണ്ണുകൾ നിറഞ്ഞു... ഉള്ള് വല്ലാതെ പിടയുന്നുണ്ട്... "അമ്മ പേടിക്കേണ്ട...." ആ വിളി കേട്ടതും ദുർഗ്ഗ ഞെട്ടി തിരിഞ്ഞു ദിവയെ നോക്കി... അമ്മ...!!!! അവളുടെ കണ്ണുകൾ എന്തിനെന്നില്ലാതെ ഒന്ന് തിളങ്ങി... "ദിവാ..." വീട് മുഴുവൻ നോക്കി തിരയുന്ന രുദ്രന്റെ വിളി അവിടെ വരെ കേട്ടു... ആധി നിറഞ്ഞ ആ വിളി കേട്ടതും അവൻ തിണ്ണയിൽ നിന്നും ചാടി ഇറങ്ങി...

"ഞാൻ പോയിട്ട് പിന്നെ വരാം... അച്ഛൻ തിരക്കുന്നുണ്ട്... കണ്ടില്ലേൽ പേടിക്കും..." ദുർഗ്ഗയെ നോക്കി അവൻ പറഞ്ഞു മുറ്റത്തേക്കിറങ്ങി... "എനിക്ക് വിശക്കുന്നു..." അത്രമാത്രം പറഞ്ഞുള്ളു അവൾ.. "ഇതെവിടെക്കാ ചെക്കാ ചോറും കൊണ്ട്..??" ഒരു പ്ലൈറ്റ് നിറയെ ചോറുമായി അടുക്കളയിൽ നിന്നും പോകുന്നത് കണ്ടതും ജാനുവേട്ടത്തി ചോദിച്ചു... ഏട്ടത്തിയുടെ ചോദ്യം കേട്ടിട്ടാണ് പപ്പടം കാച്ചി കൊണ്ടിരുന്ന രുദ്രനും അത് ശ്രെദ്ധിച്ചത്.... "ഞാൻ ഉമ്മറത്തേക്ക്... എനിക്ക് ഇന്നവിടെ ഇരുന്ന് കഴിക്കാൻ ഒരു മോഹം..." അങ്ങനെ ഒരു കള്ളം പറഞ്ഞു ദിവ വേഗം അവിടെ നിന്നും പുറത്തേക്ക് നടന്നു... അവന്റെ സംസാരത്തിൽ എന്തൊക്കയോ സംശയം തോന്നിയെങ്കിലും രുദ്രൻ വെറുതെ പുഞ്ചിരിച്ചു കൊണ്ട് ചെയ്യുന്ന ജോലി തുടർന്നു.... ദിവാൻഷ് വേഗം മുറ്റത്തേക്കിറങ്ങി ദുർഗ്ഗയെ ഒന്ന് നോക്കി... വാടി തളർന്നു തൂണും ചാരി ഇരിപ്പുണ്ട്... അവൻ ഒന്നൂടെ അകത്തേക്ക് എത്തി നോക്കി ചെരുപ്പിട്ട് ദുർഗ്ഗയുടെ വീട്ടിലേക്ക് നടന്നു.... "ദാ..." തനിക്ക് നേരെ നീണ്ട പ്ലെയ്റ്റിലേക്കും ചൊറിലേക്കും ദുർഗ്ഗ നോക്കി...

പുഞ്ചിരിയോടെ തനിക്ക് നേരെ നീട്ടിയ ദിവയിൽ നിന്നും അത് ഏറ്റു വാങ്ങി... ദിവയും കയറി അവൾക്കരികിൽ ഇരുന്നു.... വിശപ്പ് കാരണം അവൾ ആർത്തിയോടെ കഴിക്കാൻ തുടങ്ങി... പെട്ടെന്ന് അവൾ എന്തോ ഓർത്തു... അതേ ജാനിവേട്ടത്തിയെ... അവർ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ സ്വാദ്... അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.... വർഷങ്ങൾക്ക് ശേഷം നല്ല ഭക്ഷണം കഴിക്കുന്ന എല്ലാ വിധ സംപ്തൃപ്തിയും അവളിൽ ഉണ്ടായിരുന്നു.... "ദൈവം അനുഗ്രഹിക്കും..." ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ എല്ലാം ദിവ തന്നെ വെള്ളം എടുത്തു കൊണ്ട് വന്നു കഴുകി കൊടുത്തു... അവന്റെ തലയിൽ തലോടി ദുർഗ്ഗ പറഞ്ഞു... അപ്പോഴും കണ്ണിൽ നീർ മുത്തുകൾ തങ്ങി നിന്നിരുന്നു.... "എന്നാലേ ഞാൻ വൈകീട്ട് വരാം... അച്ഛ ഊണ് കഴിക്കാൻ തിരക്കും..." അത് പറഞ്ഞു പുഞ്ചിരിക്കുന്ന ദിവയെ നോക്കി ദുർഗ്ഗയും മനോഹരമായി പുഞ്ചിരിച്ചു കൊടുത്തു... എന്തോ അവനോട് അവൾക്ക് വല്ലാത്ത വാത്സല്യം തോന്നി................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story