പ്രിയം: ഭാഗം 11

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അൽപ്പം കഴിഞ്ഞതും ഡ്യൂട്ടി ഡോക്ടർ വന്നവളെ നോക്കി.. ശേഷം ഏതോ നേഴ്‌സ് ഒരു ഇഞ്ചക്ഷൻ കൂടി നൽകി.. മെല്ലെ മാളു ഉറക്കത്തിലേക്ക് വീണു പോകുന്നുണ്ടായിരുന്നു.. അപ്പോഴും അവളുടെ കാതിൽ നിറയെ അഞ്ജുവിന്റെ ശബ്ദമായിരുന്നു..ആ വാക്കുകളായിരുന്നു.. അനന്തനെന്ന ക്രൂരനായ കൊലയാളിയുടെ രൂപമായിരുന്നു.. ********* അച്ചുവിന്റെ ഉറക്കെയുള്ള ചിരി കേട്ടാണ് മാളു കണ്ണു തുറന്നത്.. അവൾ ചുറ്റും നോക്കി.. ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്.. തന്റെ അടുത്ത് ഒറ്റയ്ക്കിരുന്നു വെറുതെ ചിരിക്കുന്ന അച്ചുവിനെ കാണേ അവസ്ളുടെ കണ്ണുകൾ വിടർന്നു.. എന്താ അച്ചൂ.. ഹേയ്.. ഫസ്റ്റ് നൈറ്റ് പേടിച്ചു പനി പിടിച്ച ഏട്ടത്തിയെ ഓർത്ത് ചിരിച്ചുപോയതാണപ്പാ.. അവൾ കുറുമ്പോടെ പറഞ്ഞു.. മാളുവിന്റെ മുഖം മങ്ങി.. മറ്റൊന്നിനെയുമല്ല ഈ ലോകത്ത് മാളുവിന് ഏറ്റവും ഭയം നിന്റെ ചേട്ടനോടാണ് എന്നു പറയണമെന്നുണ്ടായിരുന്നു..

എന്തുകൊണ്ടോ അവളുടെ നാവ് ചലിച്ചില്ല.. അക്ഷരങ്ങൾ പുറത്തു വാക്കുകളായി വന്നില്ല.. ഏട്ടത്തി എന്താ ആലോചിക്കുന്നെ.. ഞാൻ പറഞ്ഞതിനെപ്പറ്റിയാണോ.. അച്ചു ചോദിച്ചു.. മാളു ചെറുതായി പുഞ്ചിരിച്ചു. ഏട്ടത്തിയെയും കൊണ്ട് ആശുപത്രിയിലാണെന്ന് പറഞ്ഞപ്പോ എന്റെ കൂട്ടുകാരി വൈഷു പറഞ്ഞതാ.. ആദ്യരാത്രി പേടിച്ചു ഏട്ടത്തിക്ക് പനി പിടിച്ചതാണോ എന്ന്.. മാളു പുഞ്ചിരിച്ചു.. കുറവുണ്ടല്ലോ... അവൾ മാളുവിന്റെ നെറ്റിയിലും കയ്യിലും തൊട്ടു നോക്കി പറഞ്ഞു.. ഇന്നലെ രാത്രി ശെരിക്കും മാളുവേച്ചിയുടെ ചൂട് കൊണ്ടിട്ട് എനിക്ക് പൊള്ളുന്നുണ്ടായിരുന്നു.. എന്തൊരു ചൂടായിരുന്നു.. അതിന്റെ കൂടെ അലറിവിളിച്ചു കുളമാക്കേം ചെയ്തു.. മാളുവിന് ചമ്മൽ തോന്നി..

അച്ചു ചിരിച്ചു.. ചുമ്മാ പറഞ്ഞതാട്ടോ..ന്റെ നാവിങ്ങനെയാ. ഒറ്റ സെക്കൻഡ് അടങ്ങിയിരിക്കില്ല..സദാ സമയോം എനിക്കിട്ട് പണി തരാൻ ചിലച്ചോണ്ടേയിരിക്കും.. മാളു ചിരിച്ചു.. അവൾ മുറിയിലാകെ നോക്കി.. ഏട്ടനെയാണോ.. മാളു അച്ചുവിനെ നോക്കി.. ഏട്ടൻ രാവിലെ വീട് വരെ പോയി.. ഇന്നലെ ഒരു പോള കണ്ണടിച്ചില്ല.. രാവിലെ ആയപ്പോ തലവേദന. ഒന്ന് വൊമിറ്റ് ചെയ്‌കേം ചെയ്തു.. അപ്പൊ ദർശേച്ചിയാ മെഡിസിൻ കൊടുത്തിട്ട് വീട്ടിൽ പോയി റെസ്റ്റ് എടുക്കാൻ പറഞ്ഞത്.. ഒട്ടും വയ്യായിരുന്നു..അതോണ്ട് ചേച്ചീടെ കൂടെ പോയി.. ദർശേച്ചി.. മാളു സംശയത്തോടെ അച്ചുവിനെ നോക്കി.. മ്മ്..ദർശന.. ഡോക്ടർ ദർശന മാനവേന്ദ്രൻ.. ഇവിടുത്തെ ഫിസിഷ്യനാ.. ഏട്ടന്റെ പഴയ ചങ്ക് ആയിരുന്നു..

അവരൊന്നിച്ചു പഠിച്ചതാ..പേടിക്കേണ്ടാട്ടോ ലവ് ഒന്നുമല്ല.. ഏട്ടന്റെ ഏറ്റവും നല്ല ഫ്രണ്ട്സിൽ ഒരാൾ.. അച്ചു കണ്ണിറുക്കി കാണിച്ചു പറഞ്ഞു.. മാളു ഒന്നും മിണ്ടിയില്ല.. എങ്കിലും അവളുടെ മനസ്സിൽ എന്തൊക്കെയോ മിന്നി മറയുന്നുണ്ടായിരുന്നു.. അഞ്ചു പറഞ്ഞ അനന്തൻ..താൻ കേട്ടറിഞ്ഞ അനന്തൻ.. അയാൾ തനിക്ക് മുൻപിൽ ഇല്ലെന്ന് തോന്നിപ്പോയി.. ആദ്യമായി അയാളെ കണ്ട നിമിഷം മുതൽ ഇങ്ങോട്ട് അയാളെ മോശമായി കാണാൻ തക്ക ഒന്നും തന്നിൽ സംഭവിച്ചിട്ടില്ല.. സ്ത്രീകളോട് അത്രയ്ക്ക് മോഷമായി പെരുമാറുന്ന ഒരാൾക്ക് മറ്റൊരു പെണ്ണിനെ സുഹൃത്തായി കാണാൻ സാധിക്കുമോ.. കൂടെപ്പിറപ്പിനെ ഇത്രയ്ക്ക് സ്നേഹിക്കാൻ കഴിയുമോ.. ഒന്നും മനസ്സിലാകുന്നില്ല.. തന്റെ മുൻപിൽ നടക്കുന്നതൊക്കെ ഒരു നാടകമാണോ.. ആകാം.. ചിലപ്പോൾ നല്ലവനായി നടിച്ച് തന്നെ വരുതിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതാകാം.. മാളു ഓരോന്ന് ചിന്തിച്ചിരുന്നു..

അവൾക്ക് വീണ്ടും തലവേദന കൂടും പോലെ തോന്നി.. അവൾ കണ്ണുകൾ വലിച്ചടച്ചു.. ഒന്നും മനസ്സിലാകുന്നില്ലല്ലോ എന്റെ കൃഷ്ണാ. ഒരു നേർവഴി കാട്ടിത്തരണെ കണ്ണാ.. അവൾ മനസ്സ് വിങ്ങി പ്രാർത്ഥിച്ചു.. അപ്പോഴും ആ മുറിയുടെ നാലുചുവരുകൾക്കുള്ളിൽ നീറിപ്പുകയുന്ന മനസ്സുമായി കിടക്കുകയായിരുന്നു അനന്തൻ.. ഗതികേട് കൊണ്ട് തന്റെ ജീവിതത്തിൽ വന്നവൾ.. അത്ര മോശമാണോ താൻ.. അത്ര ക്രൂരനാണോ.. അവന്റെ ഓർമകളിലേക്ക് വീണ്ടും ആ മഴയുള്ള രാത്രി കടന്നുവന്നു.. ആരുടെയോ നിലവിളികളും പൊട്ടിക്കരച്ചിലും ഓര്മവന്നു.. പിന്നെ ചോര ഒഴുകുന്ന ഒരു കത്തി.. അത് വലിച്ചൂരി ആർത്തലച്ചു നിലവിളിക്കുന്ന ഒരു പുരുഷൻ.. മെല്ലെ മെല്ലെ ആ പുരുഷന് തന്റെ രൂപമായി.. അനന്തന് ഭയം തോന്നി. സങ്കടം തോന്നി.. എന്തിനിത്ര പരീക്ഷണങ്ങൾ.. എന്തിനാണ് ഇങ്ങനെയൊരു ജന്മം.. ഇത്രയാധികം വേദനകൾ താൻ അർഹിക്കുന്നുണ്ടോ.. അനന്തൻ സ്വയം ചോദിച്ചു..

ഉത്തരമൊന്നും അവനു കിട്ടിയില്ലെങ്കിലും അവന്റെ മനസ്സിലെ മുറിവിൽ നിന്ന് വീണ്ടും ചോര ഒഴുകിയിറങ്ങി.. കണ്ണുകൾ വീണ്ടും പെയ്തു.. ചില ജന്മങ്ങളങ്ങനെയാണ്.. വിധി തോൽപ്പിക്കുന്ന ജീവിതങ്ങൾ.. *********** ആശുപത്രി വാസം കഴിഞ്ഞ് ഉച്ചയോടെ മാളു വീണ്ടും മേലേപ്പാട്ടെ തിണ്ണയിലേയ്ക്ക് കയറി.. വാ മോളെ.. സുധാമ്മ അവളെ കൈപിടിച്ചു കയറ്റി.. എവിടെപോവാ നീ. മാളുവിനെ കൊണ്ടുവിട്ട ശേഷം വീണ്ടും കാറിലേക്ക് കയറിയ അനന്തനോടായി സുധാമ്മ ചോദിച്ചു.. ഞാനൊന്ന് പുറത്തു പോവാ.. ഇപ്പോഴോ..ആ കൊച്ചിങ്ങോട്ട് ആശുപത്രിയിൽ നിന്ന് വന്നല്ലേയുള്ളൂ അനന്താ.. അവളെ റൂമിൽ ആക്കിയിട്ടു പൊയ്ക്കൂടെ.. അവൻ മറുപടി പറയാതെ മാളുവിനെ ഒന്ന് നോക്കി.. അയാൾക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞിട്ടില്ല.. അതും പറഞ്ഞവൻ കാറിലേക്ക് കയറി വേഗത്തിൽ തന്നെ കാറുമെടുത്തവൻ ഇറങ്ങി.. മാളുവാ പോക്ക് നോക്കി നിന്നു..

ഇവനെന്താ ഇങ്ങനെ.. സുധാമ്മ അച്ചുവിനെ നോക്കി.. ഏട്ടനിന്ന് തലവേദനയായിട്ട് ഇവിടെത്തന്നെ ആയിരുന്നില്ലേ അമ്മേ.. ഒന്ന് പുറത്തുപോയിട്ടു വരട്ടെ.. ഏട്ടത്തിയെ അകത്തു കിടത്തിയാൽ പോരെ.. ഇങ്ങു വാ ഏട്ടത്തി.. ഞാൻ കൊണ്ടാക്കാം.. അച്ചു മാളുവിന്റെ കൈപിടിച്ചു.. മോള് വിഷമിക്കേണ്ട... അവൻ കുറെയായി ഇങ്ങനെയാണ്.. അതൊക്കെ മാറും.. എന്റെ കുട്ടീടെ സ്നേഹം അനുഭവിക്കുമ്പോൾ അനന്തൻ തനിയെ മാറിക്കോളും.. മോള് ചെല്ലു.. പോയി റെസ്റ്റെടുക്ക്.. സുധാമ്മ അവളെ തഴുകി.. മാളു ചിരിച്ചു. സത്യത്തിൽ അവൻ പോയത് അവളെ സംബന്ധിച്ചു വല്ലാത്ത ഒരാശ്വാസമായിരുന്നു.. അച്ചുവിന്റെ കൈപിടിച്ചവന്റെ മുറിയിലേയ്ക്ക് നടക്കവേ തന്റെ ഭാവി എന്താകുമെന്ന ചിന്തയായിരുന്നു അവളുടെ മനസ്സ് നിറയെ.. ********* മോളെ.. പരിചിതമായ ആ ശബ്ദവും ഗന്ധവും അറിയവേ മാളു പെട്ടെന്ന് കണ്ണുതുറന്നു.. ചെറിയമ്മേ.. അവളുടെ കണ്ണുകൾ വിടർന്നു..

അവൾ എഴുന്നേറ്റിരുന്നു.. എങ്ങനുണ്ട് മോളെ ഇപ്പോൾ.. അവർ അവളുടെ അരികിൽ ഇരുന്നവളെ തഴുകി.. അവളാ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.. ചേച്ചീ.. അമ്മുവിന്റെ ശബ്ദം.. അവൾ അമ്മുവിനെ അരികിലേയ്ക്കിരുത്തി..അവളെ മാളു തന്റെ നെഞ്ചിലേക്ക് ചേർത്തു.. ഇതെന്താ ഇത്.. കെട്ടിപ്പിടിക്കാൻ എനിക്കിത്തിരി സ്ഥലം പോലും ബാക്കിയില്ലല്ലോ.. അച്ചുവിന്റെ ശബ്ദം.. മാളു ചെറിയമ്മയുടെ നെഞ്ചിൽ നിന്ന് എഴുന്നേറ്റു.. എന്താ ഉണ്ടായേ.. സൗദാമിനി ചോദിച്ചു.. ഇന്നലെ രാത്രി ദുസ്വപ്നം കണ്ടു.. മാളു മുഖം താഴ്ത്തി.. അയ്യേ.. ദേആ മ്മേ ചേച്ചി കരയുന്നു.. മാളുവിന്റെ നിറഞ്ഞ മിഴികൾ കണ്ടതും അമ്മു പറഞ്ഞു.. ഏട്ടത്തി കൊച്ചു കുട്ടികളെപോലെയാ.. അച്ചു ചിരിച്ചു.. അമ്മുവും.. അയ്യോ.. നിങ്ങളിരിക്കെ..

ഞാൻ ചായ എടുത്തോണ്ട് വരാം.. അതും പറഞ്ഞച്ചു താഴേയ്‌ക്കോടി.. ആ ചേച്ചി പാവമാ അല്ലെ ചേച്ചി.. മ്മ്.. മാളു മൂളി.. എന്താ മോളെ.. ഇവിടെന്തേലും പ്രശ്നമുണ്ടോ.. സൗദാമിനിയുടെ വാക്കുകളിൽ വല്ലാത്ത ആധി.. ഹേയ്.. ഇന്നലെ ഞാനെന്തോ ദുസ്വപ്നം കണ്ടു ചെറിയമ്മേ.. ആകെ കരഞ്ഞു വിളിച്ചു കുളമാക്കി.. അവസാനം പാതിരാത്രി പനിയും പിടിച്ചു.. അനന്തേട്ടൻ പിന്നെ രായ്ക്ക് രാമാനം എന്നേം കൊണ്ട് പോവായിരുന്നു.. അച്ചുവും കൂടെ വന്നു.. കുറെ മുന്പാ ഇങ്ങോട്ട് വന്നെ.. എന്നിട്ട് മോളെ ഇവിടെയാക്കി അവൻ പോയോ.. സൗദാമിനി ചോദിച്ചു.. മ്മ്.. ഇന്നലെ രാത്രി മുതൽ എന്റെ കൂടെതന്നെയായിരുന്നു..ഇന്നിപ്പോ എന്നെ ഇവിടെയാക്കി എങ്ങോട്ടോ പോയതാണ്.. മാളു പറഞ്ഞു.. ഇവിടെ ഉള്ളവരൊക്കെ എങ്ങനാ ചേച്ചി. ആയമ്മ പാവമാണെന്ന് തോന്നി.. ഇവിടുത്തെ അച്ഛൻ ഇത്തിരി ഗൗരവക്കാരനാണെന്നും.. ഹേയ്. അച്ഛൻ പാവമാണ്..

അമ്മയും. പിന്നെ ഒത്തിരിയൊന്നും സംസാരിക്കില്ല അച്ഛൻ. എന്നിട്ടും ഇന്നലെ എന്നോട് പഠിക്കുന്ന കാര്യം പറഞ്ഞു.. അവൾ പറഞ്ഞു.. സമാധാനമായി ചെറിയമ്മയ്ക്ക്.. ആകെയൊരു ആധിയായിരുന്നു.. സൗദാമിനി പറഞ്ഞു.. ഇന്നലെ അമ്മ ഓരോന്ന് പറഞ്ഞേന്തൊരു കാരച്ചിലായിരുന്നു.. ചേച്ചി ഇല്ലാത്തോണ്ട് ഇന്നലെ ആശ്വസിപ്പിക്കൽ ഫുൾ എന്റെ ജോലിയായിരുന്നു.. അമ്മു പറഞ്ഞു.. മാളു പുഞ്ചിരിച്ചു. തന്റേയുള്ളിലെ തീ അവരിലേക്ക് പകരാതിരിക്കാൻ മാളു ശ്രദ്ധിച്ചിരുന്നു.. അല്ല.. പനിയാണെന്ന് നിങ്ങളെങ്ങനെ അറിഞ്ഞു. ഞങ്ങൾ ഇവിടെ വന്നപ്പോഴാണ് സുധാമ്മ പറഞ്ഞത് മോൾക്ക് വയ്യെന്ന്..ഞങ്ങൾ നിങ്ങളെ അങ്ങോട്ട് ക്ഷണിക്കാൻ വന്നതാ.. മാളു സംശയത്തോടെ അവരെ നോക്കി.. വിരുന്നിന് ക്ഷണിക്കാൻ.. അമ്മു പറഞ്ഞു.. അവൾ സൗദാമിനിയെ നോക്കി. നിങ്ങളെ അങ്ങോട്ട് ക്ഷണിക്കാൻ അവിടുന്നിങ്ങോട്ട് വരാനിപ്പോ ഞങ്ങൾ രണ്ടാളുമല്ലേയുള്ളൂ...

അതാ ഇങ്ങോട്ട് വന്നത്.. അനന്തനെ കൂടെ കണ്ടിട്ട് വേഗം മടങ്ങണം.. അവിടെ അച്ഛന്റെയടുത്ത് ഗംഗാധരേട്ടൻ മാത്രമേയുള്ളു.. അച്ഛന്റെ ഓർമയിൽ മാളുവിന്റെ പുഞ്ചിരി മാഞ്ഞുപോയി.. ചായ ചായ ചായ.. മിണ്ടാതിരിക്ക് അച്ചു.. സുധാമ്മ അച്ചുവിന്റെ കാതിൽ തട്ടിക്കൊണ്ട് പറഞ്ഞു.. ചായ എടുക്ക് സൗദാമിനി.. മോളെ.. സുധാമ്മ അച്ചുവിന്റെ കയ്യിലിരുന്ന ട്രേ വാങ്ങിക്കൊണ്ട് പറഞ്ഞു.. അവർ ചായ എടുത്തു.. ഈ കാലിന്റെ വേദന കൊണ്ട് ഇപ്പോൾ ഇങ്ങോട്ടൊന്നും വരാറേയില്ല.. അനന്തനാണ് ആകെ മുകളിൽ കിടക്കുന്നത്. അച്ചു പഠിക്കാനുള്ളത് കൊണ്ട് താഴത്തെ മുറിയിലാണിപ്പോ.. ഞങ്ങളും.. അവനെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ താഴെ നിന്നൊരു വിളിയിൽ അവനങ്ങെത്തും.. പിന്നെ മിനി ഉള്ളതുകൊണ്ടു കൂടുതൽ എന്തെങ്കിലുമുണ്ടെങ്കിൽ അവൾ ഇങ്ങോട്ട് വന്നോളും.. സുധാമ്മ പറഞ്ഞു..

പറഞ്ഞു വന്നത് ഇവിടൊക്കെ ഇങ്ങനെ അലങ്കോലമായി കിടക്കുന്നോണ്ടാട്ടോ..മിനിയെ അനന്തൻ ഇങ്ങോട്ട് അടുപ്പിക്കില്ല.. കുറെ വായിക്കുന്ന സ്വഭാവമുണ്ടവന്.. വായിക്കുമ്പോൾ ആരെങ്കിലും ശല്യത്തിന് ചെന്നാൽ അവനത് ഇഷ്ടമാകുകയുമില്ല.. അതാ.. സൗദാമിനി പുഞ്ചിരിച്ചു.. അനന്തൻ മോൻ ഇപ്പോൾ വരുമോ.. ഞങ്ങൾക്ക് പോകണമായിരുന്നു. മാളുവിന്റെ അച്ഛൻ അവിടെ ഒറ്റയ്ക്കാണ്.. സൗദാമിനി പറഞ്ഞു.. അവൻ ചിലപ്പോൾ വൈകും സൗദാമിനി..സാരമില്ല.. അവനോട് ഞാൻ പറഞ്ഞോളാം.. മോൾക്ക് വയ്യല്ലോ... രണ്ടീസം കഴിയുമ്പോൾ അങ്ങോട്ട് പിള്ളേരെ വിടാം.. സൗദാമിനി പറഞ്ഞു.. മാളു അപ്പോഴേയ്ക്കും എഴുന്നേറ്റു.. മോള് താഴേയ്ക്ക് വരേണ്ട. കിടന്നോ.. സൗദാമിനി പറഞ്ഞു.. സാരമില്ല.. സന്ധ്യ ആയില്ലേ.. ചെറിയമ്മ വാ.. അമ്മൂസെ വാ.. മാളു അമ്മുവിനെ കൈപിടിച്ചു.. അതോടെ അച്ചു മറുകയ്യും പിടിച്ചു.. അങ്ങനെ എന്റെ ഏട്ടത്തിയെ ഇയാള് ഒറ്റയ്ക്ക് സ്നേഹിക്കേണ്ട..

അച്ചു അമ്മുവിനോട് മുഖം വീർപ്പിച്ചു.. അച്ചുചേച്ചിയെന്താ ഇങ്ങനെ.. അമ്മു സംശയത്തോടെ ചോദിച്ചു.. തല്ലുകൊള്ളാഞ്ഞിട്ട്.. അനന്തൻ കൊഞ്ചിച്ചു വഷളാക്കി വെച്ചേയ്ക്കുവാ.. അച്ഛനെയും അവൾ കയ്യിലെടുത്തു.. ആകെ അവൾക്ക് പേടി ആര്യനെയാണ്.. അവനും ഇങ്ങോട്ട് വരാറില്ലല്ലോ.. അതോടെ അവളുടെ സാമ്രാജ്യം ആയി ഇവിടം.. സുധാമ്മ പറഞ്ഞു.. അച്ചു അവരെ നോക്കി ഇളിച്ചു കാണിച്ചു.. അമ്മുവും മാളുവും അവളോടൊപ്പം ചിരിച്ചു.. ഇറങ്ങുകയായോ.. ചന്ദ്രശേഖർ ചോദിച്ചു.. ഹാ.. മോനോടും മോളോടും അങ്ങോട്ട് വരാൻ പറയണം.. അവിടെ നിൽക്കണമെന്ന് പറയില്ല.. അതൊക്കെ മോന് ബുദ്ധിമുട്ടാകും . എന്നാലും മാളുവിന്റെ അച്ഛന് അവരെയൊന്ന് കാണണം എന്നുണ്ട്.. നാളുകളായി ആ മുറിക്കുള്ളിൽ.. അവളുടെ ജീവിതത്തിൽ കൂടെ കൂടിയയാളെ അദ്ദേഹത്തിനൊന്ന് കാണണം..

സൗദാമിനി പറഞ്ഞു.. വിഷമിക്കേണ്ട.. അവർ വരും.. ഞാൻ പറയാം.. പിന്നെ അവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കരുത്.. നിങ്ങൾക്ക് ആരുമില്ല എന്നൊന്നും കരുതരുത്.. ചന്ദ്രശേഖറിന്റെ വാക്കുകളിൽ വല്ലാത്ത കരുതൽ ഉണ്ടായിരുന്നു.. സൗദാമിനി പുഞ്ചിരിച്ചു.. അങ്ങനെ അവിടെ അത്യാവിശമൊന്നും ഇല്ല.. ഞാൻ തൊഴിലുറപ്പിന് പോകുന്നുണ്ട്..തൽക്കാലം ഞങ്ങൾ മൂന്നുപേർക്ക് കഴിയാൻ അത് തന്നെ ധാരാളം.. സൗദമിനിയുടെ വാക്കുകളിൽ വല്ലാത്ത ആത്മവിശ്വാസമുണ്ടായിരുന്നു.. സ്വാഭിമാനം വേണ്ടുവോളമുള്ള പെണ്ണൊരുത്തിയുടെ ആത്മവിശ്വാസം സൗദാമിനി പോകാൻ ഇറങ്ങിയതും മാളു അവരെ ചേർന്നു നിന്നു.. ആ വാത്സല്യത്തിന്റെ ചൂടിൽ അലിഞ്ഞു നിന്നു.. സുധാമ്മയും അച്ചുവും ആ നിൽപ്പ് നോക്കി നിന്നു.. പോയിട്ട് വരാം മോളെ. പിന്നെ ചെറിയമ്മ പറഞ്ഞതൊന്നും മറക്കരുത്.. കേട്ടോ.. സൗദമിനിയുടെ ആ വാക്കുകളിലെ മൂർച്ച സുധാമ്മയ്ക്കോ അച്ചുവിനോ മനസ്സിലായില്ല.. പക്ഷെ അത് മാളുവിന് നന്നായി മനസ്സിലായിക്കഴിഞ്ഞിരുന്നു. അവളൊന്ന് പുഞ്ചിരിച്ചു..

അവർ രണ്ടുപേരും നടന്നു പോകുന്നതും നോക്കി നിൽക്കെ മാളുവിന്റെ നെഞ്ചിൽ വല്ലാത്തൊരു ഭാരം നിറഞ്ഞു.. അവരുടെ മുൻപിൽ സ്വയം അഭിനയിക്കുന്നതോർക്കവേ അവളുടെ ഉള്ളം വിങ്ങി... എങ്കിലും സമർത്ഥമായി അവൾ തന്റെ വേദനകൾ പുഞ്ചിരിയാൽ മറച്ചുകൊണ്ട് അച്ചുവിന്റെയും സുധാമ്മയുടെയും കൂടെ ചേർന്നു.. ********* അമ്മേ.. മാളു അടുക്കളയിലേക്ക് ചെന്നു.. മോളിങ്ങ് വന്നോ.. ഞാൻ അച്ചൂനെ അങ്ങോട്ട് വിടാൻ തുടങ്ങുവായിരുന്നു.. മോളെ വിളിക്കാൻ.. സോറി അമ്മേ.. മാളു പറഞ്ഞു.. എന്തിന്..സുധാമ്മ സംശയത്തോടെ അവളെ നോക്കി.. ഞാൻ..ഇന്നെന്തോ വല്ലാത്ത ക്ഷീണം തോന്നിപ്പോയി.. അതാ ഞാൻ..അമ്മയെ ഒന്ന് സഹായിച്ചു പോലുമില്ല.. സുധാമ്മ ചിരിച്ചു.. ഇവിടെ അങ്ങേണ്ട ജോലിയൊന്നുമില്ല കുട്ടി.. ആകെയുള്ള ജോലി കഴിക്കാൻ നേരം എല്ലാവരെയും ഒന്ന് വിളിച്ചോണ്ട് വരുന്നതാ.. രാവിലെ മിനി വരും മുൻപ് ഓരോ ഗ്ലാസ് ചായ ഇടും..

എല്ലാവർക്കും..പിന്നെ എന്തെങ്കിലും അരിയാനോ പിടിക്കാനോ മിനിയെ ഒന്ന് സഹായിക്കും. അത്ര തന്നെ. മിക്കവാറും പാചകവും പിന്നെ അടിച്ചുവാരലും ഒക്കെ അവളാണ്.. പിന്നെ അവരവരുടെ റൂം അവരവർ തന്നെ വൃത്തിയാക്കിക്കോളും.. ഇവിടെ അങ്ങനെ ജോലിയൊന്നും ഇല്ല.. ഉള്ളത് എല്ലാവരും അങ്ങു ചെയ്യുന്നു എന്ന് മാത്രം. പിന്നെ മോൾക്ക് വയ്യെങ്കിൽ മോള് റെസ്റ്റെടുക്കണം.അല്ലാതെ ജോലി ചെയ്യാനൊന്നും നിൽക്കേണ്ട കേട്ടോ.. എനിക്കും ഉണ്ടൊരു മോള്. നിന്നെയും ഞാൻ അങ്ങനെയേ കാണൂ.. അതോണ്ട് നിന്റെ സങ്കടങ്ങളും വേദനയുമൊക്കെ എനിക്കും മനസ്സിലാകും.. അതിനിങ്ങനെ സോറി ഒന്നും വേണ്ട കേട്ടോ.. സുധാമ്മ പറഞ്ഞു..മാളു പുഞ്ചിരിച്ചു.. ഞാൻ കൊണ്ടു വെയ്ക്കട്ടെ അമ്മേ.. സുധാമ്മ ഭക്ഷണം എടുക്കുന്നത് കണ്ടതും മാളു ചോദിച്ചു.. അവൾ അവരുടെ കയ്യിലിരുന്ന പാത്രങ്ങൾ വാങ്ങി മേശയിൽ കൊണ്ടുവെച്ചു..

മോൾക്ക് കഞ്ഞിയും പയറും മോരും ഉണ്ടാക്കി വെച്ചിട്ടുണ്ട്. തൊണ്ടയ്ക്ക് വേദനയുണ്ടെന്നല്ലേ പറഞ്ഞത്. ഇത് ചൂടോടെ കുടിക്ക്.. പുറകിൽ ഒരു ബൗളിൽ കഞ്ഞിയുമായി സുധാമ്മ വന്നു.. അച്ചൂ.. ടി.. ചന്ദ്രേട്ടാ.. അനന്താ.. കഴിക്കാൻ വാ.. സുധാമ്മ ഉച്ചത്തിൽ വിളിച്ചതും അച്ചു ഓടിവന്ന് ഇരുന്നു.. ഡി പോയി കൈ കഴുകി വാ.. അച്ഛൻ ഇവിടെ ഇരിക്കും.. അച്ചു ചിണുങ്ങി.. ആ കസേരയിൽ എന്താ.. മുത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ടോ.. എണീറ്റു പോയെ അച്ചൂ.. സുധാമ്മ കണ്ണുരുട്ടി.. അവൾ പിണക്കത്തോടെ എഴുന്നേറ്റു പോയതും കൈകഴുകി ചന്ദ്രശേഖർ ആ കസേരയിൽ വന്നിരുന്നു.. കണ്ടോ..അച്ഛാ ഞാനിരിക്കും അവിടെ.. ഞാനാ ആദ്യം ഇരുന്നത്.. നീ അവിടെയിരുന്നോ.. തന്റെ എതിർഭാഗത്തുള്ള കസേര ചൂണ്ടി ചന്ദ്രശേഖർ പറഞ്ഞു. ഇതെന്ത് കഷ്ടമാ. അച്ഛാ പ്ലീസ്.. ഡി അവിടെ ഇരിക്കുന്നുണ്ടോ.. സുധാമ്മ ചൂടായി.. അവൾ ചവിട്ടിത്തുള്ളി മറ്റൊരു കസേരയിൽ ഇരുന്നു..

അപ്പോഴേയ്ക്കും അവർക്കരികിൽ ചെന്ന് അനന്തനും ഇരുന്നു.. മോളിരിക്ക്... സുധാമ്മ പറഞ്ഞുകൊണ്ട് എല്ലാവർക്കും വിളമ്പി.. അപ്പോഴേയ്ക്കും സാമ്പാർ പാത്രം എടുത്ത് അനന്തനും വിളമ്പി. മുഖം വീർപ്പിച്ചിരിക്കാതെ കഴിക്ക് അച്ചൂ. അനന്തൻ.പറഞ്ഞതും അച്ചു അവനെ നോക്കി.. അവൻ ഒന്നുകൂടി നോക്കിയതും അച്ചു കഴിച്ചു തുടങ്ങി. അത് കണ്ടതും ചന്ദ്രശേഖർ ഒരു ചിരിയോടെ കഴിക്കാൻ തുടങ്ങി.. എല്ലാം കണ്ട് ചെറു പുഞ്ചിരിയോടെ മാളുവും.. അനന്താ.. ചന്ദ്രശേഖർ വിളിച്ചതും അവൻ അയാളെ നോക്കി.. മാളുവിന്റെ അമ്മ വന്നിരുന്നു.. അറിഞ്ഞോ നീ.. അനന്തൻ മാളുവിനെ നോക്കി.. അവൾ മുഖം താഴ്ത്തിക്കളഞ്ഞു.. ഇല്ലച്ഛാ.. അവൻ പറഞ്ഞു.. മ്മ്.. വിരുന്നിന് ക്ഷണിക്കാൻ വന്നതാണ്.. മോൾക്ക് വയ്യാത്തതുകൊണ്ട് രണ്ടു ദിവസം കഴിയട്ടെ എന്നു പറഞ്ഞു.. എങ്കിലും കഴിവതും വേഗം രണ്ടാളും കൂടെ അത്രേടം ചെല്ലണം.. മാളുവിന്റെ അച്ഛൻ നിന്നെയൊന്ന് കണ്ടിട്ടുപോലുമില്ലല്ലോ..

അദ്ദേഹത്തിനും കാണും മോളുടെ ഭർത്താവിനെ കാണാൻ ആഗ്രഹം.. മ്മ്.. അവൻ മൂളി.. പിന്നെ മോൾക്ക് കുറവായാൽ സുശീലയുടെ വീട് വരെ പോണം.. പിന്നെ ഇവിടെ രാജന്റെ വീട്ടിലും.. മ്മ്.. അതിനും അവൻ മൂളി. ആര്യൻ അടുത്ത ആഴ്ച വരുന്നു എന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ അത് കഴിഞ്ഞു തറവാട് വരെയൊന്ന് പോണം. എനിക്കവിടെ അമ്പലത്തിൽ കുറച്ചു നേർച്ചയുണ്ട്.. സുധാമ്മ പറഞ്ഞു.. മ്മ്.. അതിനും അവൻ മൂളിയതേയുള്ളൂ.. അപ്പോഴും മാളു അനന്തനെ ഒന്ന് നോക്കിയത് പോലുമില്ല.. അവനും അവളിൽ നിന്ന് നോട്ടം പിൻവലിച്ചു..മെല്ലെ ആഹാരത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചു.. എങ്കിലും എന്തിനോ വേണ്ടി അവന്റെ ഹൃദയം പിടയുന്നുണ്ടായിരുന്നു. തീവ്രമായ വേദനയിൽ. ******** മാളു ഷീറ്റ് തട്ടി വിരിക്കുമ്പോഴേയ്ക്കും അനന്തൻ കുളികഴിഞ്ഞിറങ്ങിയിരുന്നു. അവൻ അവളെ ഒന്ന് നോക്കി..അവനെ കണ്ടതും അവളുടെ മുഖം മാറുന്നത് അവൻ കണ്ടിരുന്നു..

താൻ മെഡിസിൻ കഴിച്ചോ.. അനന്തൻ ചോദിച്ചു. മ്മ്.. എന്നാൽ കിടന്നോളൂ.. ഞാൻ പുറത്തുണ്ടാകും.. കൂടുതൽ അവളെന്തെങ്കിലും പറയും മുന്പേ അവൻ ഫോണുമായി പുറത്തേയ്ക്ക് പോയികഴിഞ്ഞിരുന്നു.. അവനെപ്പറ്റി ഒന്നും മനസ്സിലാകാതെ മാളുവാ പോക്ക് നോക്കി നിന്നു.. എങ്കിലും അവന്റെ സാമീപ്യം തന്നിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിഞ്ഞുപോയതിൽ അവൾക്ക് തെല്ല് ആശ്വാസം തോന്നി.. എന്റെ കൃഷ്ണാ..കാത്തോണെ.. മാളു പ്രാർത്ഥനയോടെ കിടക്കയുടെ ഒരു കോണിലായി കിടന്നു.. മരുന്നിന്റെ ശക്തിയാലാകണം പെട്ടെന്ന് തന്നെ അവൾ മയക്കത്തിലേയ്ക്ക് വീണു പോയിരുന്നു.. ബാൽക്കണിയിൽ പുറത്തേയ്ക്ക് രാത്രിയുടെ കൂരിരുട്ടിലേയ്ക്ക് കണ്ണു നട്ട് ഇരിക്കുകയായിരുന്നു അനന്തൻ..

നീറിപ്പുകയുന്ന മനസ്സോടെ.. അപ്പോഴും അവന്റെ കണ്ണുകൾ പതിവില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ജീവിതം തന്നിൽ ചാർത്തി നൽകിയ വേഷങ്ങളെ നെഞ്ചോട് ചേർത്തവൻ ഏകനായി ഇരുന്നു.. വേദനയോടെ.. നിസ്സഹായതയോടെ.. അടുത്ത നിമിഷമവന്റെ ഫോണിലേക്ക് ഒരു കോൾ ഒഴുകിയെത്തി.. അനന്തൻ ആരെന്ന് പോലും നോക്കാതെ ഫോണെടുത്തു കാതോട് ചേർത്തു.. രാവിന്‍ നിലാക്കായല്‍.. ഓളം തുളുമ്പുന്നു.. നാണം മയങ്ങും പൊന്നാ- മ്പല്‍ പ്രേമാര്‍ദ്രമാകുന്നു... പള്ളിത്തേരില്‍ നിന്നെക്കാണാന്‍.. വന്നെത്തുന്നു വെള്ളിത്തിങ്കള്‍.. രജനീ ഗീതങ്ങള്‍ പോലെ.. വീണ്ടും കേള്‍പ്പൂ..... സ്നേഹ വീണാനാദം..... അഴകിന്‍ പൊൻതൂവലില്‍..നീയും.. കവിതയോ... പ്രണയമോ.. (രാവിന്‍ നിലാക്കായല്‍...) തീവ്രമായ ആ വേദനയിലും പരിചിതമായ ആ പെൺ സ്വരം അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിയിച്ചിരുന്നു.. അത്രമേൽ സുന്ദരമായി..............തുടരും………

പ്രിയം : ഭാഗം 10

Share this story